**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, April 14, 2014

എന്തിനീ ക്രൂരത നിങ്ങളെന്നോട് ചെയ്യുന്നു..?

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍     

    തലേവര വായിക്കാന്‍ അറിയാവുന്ന ഒരാള്‍ക്ക് കടല്‍ത്തീരത്തുകൂടെ നടക്കുമ്പോള്‍ ഒരിക്കല്‍ ഒരു തലയോട്ടികിട്ടുന്നു.. അയാള്‍ അതിന്‍റെ തലേവര വായിച്ചുനോക്കി. അതിങ്ങനെയായിരുന്നു. അനാഥനായി ജനനം;;; ജന്മനാ സ്ഥിതി ദാരിദ്രം , ദശവര്‍ഷബന്ധനം, സമുദ്രതീരെ മരണം ,ഇനിയും ചിലത് സംഭവിക്കും..--- ആരുമില്ലാത്തവനായി ജനിച്ചു, പട്ടിണിയിലായിരുന്നു ജീവിതം, പത്തുവര്‍ഷം ജയില്‍ ജീവിതം, കടല്‍ത്തീരത്തുകിടന്ന്‍ മരിച്ചു,, തീര്‍ന്നിട്ടില്ല ഇനിയും ചിലത് സംഭവിക്കാന്‍ ബാക്കിയുണ്ട്,,,,,, ഇതാണ് തലേവരയില്‍ പറയുന്നത്... ഇതില്‍ക്കൂടുതല്‍ ഇനിയെന്തു സംഭവിക്കാനാണ്.. അയാള്‍ക്ക് ആകാംക്ഷയായി.. അയാള്‍ ആ തലയോട്ടി ആരും കാണാതെ പൊതിഞ്ഞെടുത്തു.. എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ തലയോട്ടി വീട്ടിലെ അലമാരയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. ദിവസവും രാവിലെ ആരുംകാണാതെ പൊതിതുറന്നു നോക്കും; ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.. ഇങ്ങനെ ദിവസങ്ങള്‍ കടന്നുപോയി..  ഒരുദിവസം അയാളുടെ ഭാര്യ ഈ സംഭവം കാണുന്നു.. തന്‍റെ ഭര്‍ത്താവു എന്തോ ഒരുപൊതി വളരെ രഹസ്യമായി തുറന്നുനോക്കുന്നു..പിന്നിട് അടച്ചുവെയ്ക്കുന്നു. ദിവസവും ഇതുതന്നെ ചെയ്യുന്നു. ഭാര്യക്ക് സംശയമായി എന്തായിരിക്കും ആ അമൂല്യ വസ്തു.. ഒരുദിവസം ഭര്‍ത്താവ് പുറത്തുപോയ തക്കംനോക്കി അവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആ പൊതി തുറന്നുനോക്കി ..അതിലിതാ ഒരു തലയോട്ടി .. തന്‍റെ ഭര്‍ത്താവ് എന്തിനാ ഇങ്ങനെ ഒരു തലയോട്ടി സൂക്ഷിക്കുന്നത് ..എന്തിനാണ്  എല്ലാ ദിവസവും ഇതു തുറന്നുനോക്കുന്നത്.. ഇതു ആരുടെതായിരിക്കും.. അവരുടെ സംശയങ്ങള്‍ വര്‍ദ്ധിച്ചു.. ഒടുവില്‍  അവര്‍ ഒരു തീരുമാനത്തിലെത്തി ഇതു അങ്ങേരുടെ പൂര്‍വ്വകാല കാമുകിയുടെതായിരിക്കണം... അവളോടുള്ള സ്നേഹംമൂത്തു സൂക്ഷിച്ചു വെച്ചതായിരിക്കണം; അതുകൊണ്ടായിരിക്കും തന്നോടുപോലും ഈ കാര്യം പറയാത്തത്.. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല; ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ രണ്ടിലൊരാള്‍ മതി.. ഇതിന്‍റെ പൊടിപോലും ഇനിയിവിടെ കാണരുതെന്ന തീരുമാനത്തില്‍  ആ സ്ത്രീ; തലയോട്ടിയെടുത്തു മുറ്റത്ത്‌ ഉപയോഗശൂന്യമായിക്കിടന്നിരുന്ന ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിച്ചുപൊടിച്ച ശേഷം ഒരു കടലാസ്സില്‍ വാരിയെടുക്കുന്ന സമയത്താണ് അയാള്‍ മടങ്ങി വന്നത്.. ‘നീ എന്താണ് ചെയ്യുന്നത്.’. നിങ്ങള്‍ അലമാരയില്‍ സൂക്ഷിച്ച് പൂജിച്ചുകൊണ്ടിരുന്ന ആ തലയോട്ടിയില്ലേ;;;; നിങ്ങളുടെ പഴയ കാമുകിയുടെ തലയോട്ടി;;;; അത് ഞാനെടുത്തു. ദേ,, ഇടിച്ചുപോടിച്ചു പൊടിയാക്കി ഇനിയിത് ആ കാണുന്ന തെങ്ങിന് വളമാകും.. ഞാന്‍ ഉള്ളപ്പോള്‍ അവള്‍ വേണ്ട... ആ സ്ത്രീ പൊടിയായി മാറിയ തലയോട്ടി തെങ്ങിന്‍ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു.. അയാള്‍ ആത്മഗതം ചെയ്തു..ഇനിയും ചിലതു സംഭവിക്കാനുണ്ടെന്നുള്ള തലയിലെഴുത്ത് പൂര്‍ണ്ണമായിരിക്കുന്നു...
 കോഴിക്കോട് മെഡിക്കല്‍ക്കോളേജിന്‍റെ പിന്നാമ്പുറങ്ങളില്‍ അനാഥമായി, ചാക്കില്‍ക്കെട്ടി, പട്ടിയും കുറുക്കനും കടിച്ചുവലിക്കാന്‍ വിധിക്കപ്പെട്ട ദേഹങ്ങള്‍ക്കും അങ്ങനെയൊരു തലയിലെഴുത്ത് ഉള്ളതായി കരുതേണ്ടി വരുന്നു... കാരണം ഈ സംഭവത്തില്‍ തങ്ങളാരും കുറ്റക്കാരല്ലായെന്നാണ് ഓരോരുത്തരും പറയുന്നത്... മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പട്ടികള്‍ കടിച്ചുവലിക്കുന്നത് സ്ഥിരം സംഭവമാണെന്നു പരിസരവാസികള്‍ പറയുമ്പോള്‍ കോളേജ് സൂപ്രണ്ട് പറയുന്നു സംഭവം ഇതുവരെ ശ്രദ്ധയില്‍ പ്പെട്ടിരുന്നില്ല.... മന്ത്രി പറയുന്നു ഇതിനൊക്കെ അവിടെ വേറെ സംവിധാനങ്ങള്‍ ഉണ്ട്... മതില്‍ ഇടിഞ്ഞുപോയി, മരം വീണു, കാട് തെളിച്ചില്ല, ആവശ്യത്തിനു ജോലിക്കാരില്ല,  കരാറുകാരന്‍ പറയുന്നു അങ്ങനെ ചെയ്തിട്ടില്ല.. അപ്പോള്‍ ആരാണ് ഇതിനൊക്കെ ഉത്തരവാദി... തന്‍റെ ശരീരം വരുംതലമുറയ്ക്ക് പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്ത ആ നല്ല മനുഷ്യര്‍ത്തന്നെ ഉത്തരവാദിയെന്നു പറയേണ്ടിവരുന്നു... ഇനി വിട്ടുകൊടുക്കാന്‍ ഇരിക്കുന്നവര്‍ കണ്ടുപടിച്ചോളൂ. ഇതാണ് നിങ്ങള്‍ ചെയ്യുന്ന പുണ്യകര്‍മ്മത്തിനു ലോകം നിങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം... ഒക്കെ തലയിലെഴുത്താണെന്നു പറഞ്ഞു ആശ്വസിക്കാം..വേറെ വഴിയില്ല..
   കോഴിക്കോട് മെഡിക്കല്‍ക്കോളേജില്‍ പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കപ്പെട്ട മൃതദേഹങ്ങള്‍ ആവശ്യങ്ങള്‍ കഴിഞ്ഞു ചാക്കില്‍ക്കെട്ടി മാലിന്യങ്ങള്‍ക്കൊപ്പം ഉപേക്ഷിക്കുന്നു.. കൈയ്യും കാലും തലയുമെല്ലാം പട്ടികള്‍ കടിച്ചുവലിക്കുന്നു.. തലയോട്ടിയും മറ്റു ശരീരഭാഗങ്ങളും അനാഥമായി ചിതറികിടക്കുന്നു.. എത്ര ദാരുണമായ കാഴ്ച്ചയാണിത്.. പഠനം പൂര്‍ത്തിയാവുമ്പോള്‍ മൃതദേഹങ്ങളെ പട്ടികള്‍ക്ക് കടിച്ചുവലിക്കാന്‍ കൊടുക്കണമെന്നാണോ മെഡിക്കല്‍ എത്തിക്സില്‍ പറയുന്നത്.. കസേരയില്‍ ഇരിക്കുന്ന കുമ്പളങ്ങാ വിഴുങ്ങികള്‍ക്ക് എന്താണ് പറയാനുള്ളത്..? പട്ടുകുപ്പായത്തില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന സ്വന്തം ശരീരങ്ങള്‍ ഇങ്ങനെ പട്ടിയും കുറുക്കനും കടിച്ചുവലിക്കുന്നതിനെപ്പറ്റി ഇവര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?? ഇങ്ങനെ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അനാഥശവങ്ങള്‍ മാത്രമല്ല.. സ്വന്തം ദേഹം മനുഷ്യപുരോഗതിയെ മാത്രം ലക്ഷ്യമാക്കി വളര്‍ന്നുവരുന്ന തലമുറയ്ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കുന്ന നിരവധി നല്ല മനുഷ്യരും ഇതില്‍ ഉള്‍പ്പെടുന്നു.. രണ്ടുമൂന്നു ദിനങ്ങള്‍ക്കുള്ളില്‍ ചീഞ്ഞുനാറുന്ന  ശരീരങ്ങളെ ആചാരവെടികളും വിലാപഗാനങ്ങളും നടത്തി കുഴിച്ചുമൂടുമ്പോള്‍; അതിനെക്കാള്‍ എത്രയോ ത്യാഗം ചെയ്തവരാണ് സ്വന്തംദേഹം കീറിമുറിച്ചുള്ള പഠനത്തിനായി വിട്ടുകൊടുക്കുന്നത്.. അങ്ങനെ ത്യാഗം ചെയ്തവരുടെ ദേഹങ്ങള്‍ക്കും ഈ ഗതി വന്നില്ലായെന്നു ആരുകണ്ടു..? എല്ലാ മൃതദേഹങ്ങള്‍ക്കും അത് അര്‍ഹിക്കുന്ന ഒരു പരിഗണനയുണ്ട്. അതു നിഷേധിക്കുന്നത് തീര്‍ത്തും മൃഗതുല്യമായ അവസ്ഥയാണ്.. ചുറ്റുമതില്‍ ഇല്ല, മരം വീണു, കരാറുകാരന്‍ പറ്റിച്ചു തുടങ്ങിയ വഷളന്‍ ന്യായങ്ങള്‍ അതിനു പരിഹാരമാകില്ല.. സ്വന്തം ശരീരം പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ താല്പര്യപ്പെടുന്ന ഏതൊരാളേയും ഈ കാഴ്ചകള്‍ ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടടിപ്പിക്കുകയാണ് ചെയ്യുന്നത്.. നല്ലമനസ്സോടെ ഒരു പുണ്യകര്‍മ്മംചെയ്യാമെന്നു വെച്ചാല്‍ നാളെ എന്‍റെ ശരീരവും ഇതുപോലെ പട്ടികള്‍ കടിച്ചു വലിക്കില്ലായെന്നു എന്താണ് ഉറപ്പ്.. അതോ ഇതൊക്കെ അവരുടെ തലയിലെഴുത്തിന്‍റെ ഭാഗമാണെന്നു കരുതി ആശ്വസിച്ചാല്‍ മതിയോ..?? ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല ഇത്തരം സംഭവങ്ങള്‍.... മരണശേഷം തന്‍റെ ശരീരം പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്താല്‍ അതിന്‍റെ അവസാനം ഇങ്ങനെ ചാക്കില്‍ക്കെട്ടി ഉപേഷിക്കപ്പെട്ട്, പട്ടിയും കുറുക്കനും കടിച്ചു വലിക്കാനാണ് സാദ്ധ്യതയെങ്കില്‍ എന്തിനു ഇങ്ങനെയൊരു മാനവസേവയ്ക്ക് മുതിരണം.. ആറടിമണ്ണില്‍ ആരുമറിയാതെ പുഴുക്കള്‍ക്ക് ഭക്ഷണ മാകുന്നതല്ലേ ഇതിലും ഭേദം.. ആരെയും പറയിപ്പിക്കാതെ മണ്ണിലേക്കെങ്കിലും അലിഞ്ഞുചേരമല്ലോ..
  ആചാരവെടികളും അനുശോചനങ്ങളും ഏറ്റുവാങ്ങി വിലാപ ഗാനങ്ങളുടെ അകമ്പടിയോടെ സംസ്കരിക്കപ്പെടുന്ന ദേഹങ്ങളെക്കാള്‍ ഒട്ടും പിന്നിലല്ലായെന്നുമാത്രമല്ല  ഒരുവേള അല്പം മുന്‍പില്‍ത്തന്നെയാണ് ഇങ്ങനെ പഠനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കപ്പെടുന്ന ദേഹങ്ങളുടെ സ്ഥാനമെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു... ആ ദേഹങ്ങള്‍ പൂജിക്കപ്പെടെണ്ടത് തന്നെയാണ്... വരും തലമുറയുടെ ആയൂര്‍ സംരക്ഷണത്തിനായി സ്വയം വിട്ടുകൊടുക്കപ്പെട്ടവരുടെ ദേഹങ്ങളാണത്... അവരോട് എന്തിനീ അനാദരവ് ..?? അടിയന്തരമായി ശ്രദ്ധിക്കപ്പെടെണ്ട ഈ സംഭവം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിനനന്ദനം അര്‍ഹിക്കുന്നു..

 മരണശേഷം സ്മാരകങ്ങളും, കല്ലറകളും പണിതുയര്‍ത്തി തലയ്ക്കല്‍ പേരു കൊത്തിയ ഫലകങ്ങളുമായി വാവിനും, പ്രത്യേകദിവസങ്ങളിലും,  മരണദിനത്തിലുമൊക്കെ; ബലികളും,  മെഴുകുതിരികളും, ചന്ദനത്തിരികളും, പൂച്ചെണ്ടുകളും ഏറ്റുവാങ്ങി കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍ ഏറ്റുവാങ്ങുന്ന നമ്മുടെ പ്രിയപ്പെട്ടവരേക്കാള്‍ ഒട്ടും പിന്നിലല്ല; അനേകരുടെ അറിവിനായി സ്വന്തം ശരീരം വിട്ടുകൊടുക്കുന്നവരെന്ന ബോധം നമ്മുടെ മനസ്സില്‍ ഉണ്ടാകണം.. മരണശേഷം ഓര്‍മ്മകളോ, ബലികളോ ഒന്നുമില്ലാതെ, മെഴുകുതിരികളോ ചന്ദനത്തിരികളോ അര്‍പ്പിക്കപ്പെടാതെ, ആരും ഒരു പൂച്ചെണ്ടുംപോലും  സമര്‍പ്പിക്കാത്ത, അവരുടെ ദേഹമങ്ങനെ അനാഥമായി വലിച്ചെറിയപ്പെടാന്‍ പാടില്ല. അവരുടെ ദേഹങ്ങള്‍ പട്ടിയും കുറുക്കനും കടിച്ചുവലിക്കാന്‍ പാടില്ല... ആ ശരീരങ്ങള്‍ക്കുമുന്നില്‍ മെഴുകുതിരികളും ചന്ദനത്തിരികളും കത്തിക്കണമെന്ന് പറയുന്നില്ല.. ശേഷക്രിയകളും ഒപ്പീസും വേണമെന്ന്‍ നിര്‍ബന്ധം പിടിക്കുന്നില്ല.. പക്ഷെ മാന്യമായ ഒരു സംസ്കാരം അതവര്‍ അര്‍ഹിക്കുന്നില്ലേ..? മാനവരാശിയുടെ പുരോഗതിയ്ക്ക് വേണ്ടി സ്വന്തം ശരീരം വിട്ടുകൊടുക്കാന്‍ ആര്‍ജവം കാണിച്ചവരെ ഒടുവില്‍ ചാക്കില്‍ക്കെട്ടി പട്ടികള്‍ക്ക് കടിച്ചുവലിക്കാന്‍ ഇട്ടുകൊടുക്കുന്നത് ഏതു സംസ്ക്കാരത്തിന്‍റെ ഭാഗമാണ്???  ഇതില്‍ എവിടെയാണ് ജീവകാരുണ്യത്തിന്‍റെ എത്തിക്സ് ഉള്ളത് ???. പ്രതികരിക്കാന്‍ ഉറ്റ ബന്ധുക്കളോ, സംഘടനകളോ ഇല്ലാത്തതാണോ കുഴപ്പം.? വെട്ടിപ്പൊളിച്ച അഞ്ജാതശവങ്ങളെന്ന അവജ്ഞയോടെ ഈ ദേഹങ്ങളെ വലിച്ചെറിയപ്പെടാന്‍ അനുവദിക്കരുത്;;  എനിക്കും നിങ്ങള്‍ക്കും വെളിച്ചം പകര്‍ന്നുതരാന്‍ സ്വയം സമര്‍പ്പിച്ചവരുടെതാണ് ആ ദേഹങ്ങള്‍... സമൂഹത്തിന്‍റെ ആദരവിന് അവര്‍ അര്‍ഹരാണ്.. അവര്‍ക്കായി സ്മാരകശിലകളും സെമിത്തേരികളും നിര്‍മ്മിക്കപ്പെടണം.. അവരെ ഓര്‍മ്മിക്കാന്‍ ദിവസങ്ങള്‍ ഉണ്ടാകണം.. പഠനാവശ്യങ്ങള്‍ കഴിയുമ്പോള്‍ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടാതെ അര്‍ഹിക്കുന്ന ബഹുമതികളോടെ സംസ്ക്കരിക്കപ്പെടണം.. മൃതദേഹങ്ങളോടുള്ള അനാദരവ് സംസ്ക്കാരമില്ലായ്മ്മയുടെ ആദ്യ ലക്ഷണവും, ശിക്ഷിക്കപ്പെടെണ്ട കുറ്റവുമാണ്.. മനുഷ്യത്വം എന്നൊരു ഭാവം ഉള്ളില്‍ അല്പമെങ്കിലും ഉണ്ടെങ്കില്‍ ഈ കരള്‍ പിളരും കാഴ്ച്ചയ്ക്കെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു... 

7 comments:

  1. ജിതേഷ് കാരായിApril 14, 2014 at 10:43 AM

    സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ എന്‍റെ ചോര തിളയ്ക്കുന്നു .

    ReplyDelete
  2. തികച്ചും തെണ്ടിത്തരമാണ് അവിടെ ചെയ്തിരിക്കുന്നത്

    ReplyDelete
  3. അധികാരികൾ പരസ്പരം പഴിചാരി പിൻവലിയും, അടുത്ത വാർത്ത കിട്ടിയാൽ മാധ്യമങ്ങളും. അനാഥംർതദേഹങ്ങൾ ഇനിയും കുട്ടികളും പട്ടികളും കടിച്ചുകീറും . ചരിത്രം അവസാനിക്കുന്നില്ല.

    ReplyDelete
  4. ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല ഇത്തരം സംഭവങ്ങള്‍....

    ഏതാണ് പരിഷ്കൃതസമൂഹം?
    നാം വസിക്കുന്ന കേരളം ഉള്‍പ്പെടുന്ന ഭാരതം പരിഷ്കൃതസമൂഹം എന്ന് പറയുന്നുവെങ്കില്‍ പരിഷ്കൃതമെന്ന വാക്കിന്റെ നിര്‍വചനം മാറ്റിയെഴുതേണ്ടിവരും!

    ReplyDelete
  5. പ്രതികരണം വളരെ നന്നായി.

    ReplyDelete
  6. വിനോദ്April 15, 2014 at 6:57 AM

    ഉപേക്ഷിക്കപ്പെട്ട മൃതദേഹ അവശിഷ്ടങ്ങള്‍ ജെ സി ബി ക്ക് കുഴിയെടുത്തു അവിടെത്തന്നെ കുഴിച്ചുമൂടി ..പട്ടിയെ കുഴിച്ചിടുന്നതുപോലെ .... എന്തൊരു സംസ്കാരം .

    ReplyDelete
  7. പഠന ആവശ്യത്തിനു ആയി സോന്തം ശരീരം വിട്ടു കൊടുക്കാൻ തീരുമാനം എടുത്തു വച്ചവർക്ക് ആയി ...മരണാന്തരം എന്ത് സംഭവിക്കും എന്ന് അറിയില്ല എങ്കിലും ...തന്റെ ശീരത്തിന് എന്ത് സംഭവിക്കും എന്നതിന്റെ തലേവരെ കാണാൻ മെഡിക്കൽ കോളേജ് ഒരു അവസരം തരുന്നു

    ReplyDelete