**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, May 8, 2014

മുല്ലപ്പെരിയാറിലെ മാക്രികുഞ്ഞുങ്ങള്‍...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
     മാഷേ ദേ സാധനം തീരാറായി കേട്ടോ;; മുജിബേ ഞാനിപ്പോ എത്തും ഏറിയാല്‍ അരമണിക്കൂര്‍..
 അതുവരെ നിക്കത്തില്ല മാഷേ.. ആളുകളുടെ ക്യൂവാ,,,, വേണേ എടുത്തു വെയ്ക്കാം .
എന്നാ എടുത്തോ..   എത്ര വേണം.....    നാലുകിലോ എടുത്തോ രണ്ടെണ്ണത്തില്‍ നിക്കുവോ,,? ഇല്ല  മൂന്നു എടുക്കേണ്ടിവരും../  ആയിക്കോട്ടെ..  എങ്ങനാ പാകം കറിക്കാ.... പകുതി കറിക്കും പകുതി വറക്കാനും പരുവത്തില്‍ മുറിച്ചോ...
  ഓക്കേ ശരി മാഷേ,,,എന്നാ വയ്ക്കട്ടെ നല്ല തിരക്കാ.. അങ്ങനെ കോഴിക്കടയിലെ അപ്പോയിന്റ്മെന്റ് റെഡിയാക്കി..
  
 മാഷേ അരി ഏതാ വേണ്ടത് ജീരകശാലയോ ഗന്ധകശാലയോ...? ഗന്ധകശാല എടുത്തോ... എത്രവേണം..? ഒരു നാലുകിലോ എടുത്തോ.. നെയ്യ് ഏതാ എടുക്കേണ്ടത്..? മില്‍മ ആയിക്കോട്ടെ.... മുന്തിരി ഇരുനൂറു എടുത്തോ... അണ്ടിപരിപ്പ് പൊട്ടാത്തതുവേണം കേട്ടോ.... ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എല്ലാം നൂറുവീതം.. ഒരു ചെറിയ ടിന്‍ ഡാല്‍ഡയും എടുത്തോ..

ഇനിയിപ്പോ പച്ചക്കറിക്കടയിലെക്ക് നീങ്ങണം മല്ലിയില്ല, പുതിനയില കറിവേപ്പില, ഉള്ളി, സവോള അങ്ങനെ പോകുന്നു ലിസ്റ്റ്..

  അതിനിടയില്‍ ഫോണിത വീണ്ടും റിങ്ങുന്നു.. ഹലോ നിങ്ങള്‍ എവിടെയാ...  എടീ ഞാന്‍ ഇപ്പൊ എത്തും,എന്താ..?   ദേ പിന്നെ ബ്രിട്ടാനിയയുടെ രണ്ടു പേക്കറ്റ് മധുരമില്ലാത്ത ബിസ്ക്കറ്റും വാങ്ങിക്കോ ..അമ്മാവന് മധുരം കഴിക്കത്തില്ല,, പിന്നെ പാലും തൈരും രണ്ടുകൂട് എക്സ്ട്ര വാങ്ങിക്കോ, രാവിലെ മുട്ടക്കറി വേണമെങ്കില്‍ ഒരു പത്തുമുട്ടയുംകൂടി മേടിച്ചോ..എന്നാ ശരി...
  
  കടയിലെല്ലാം പെരുന്നാളിന്‍റെ തിരക്കാണ്.. എല്ലാ മുഖത്തും സന്തോഷം കളിയാടുന്നു. കാരണം മറ്റൊന്നുമല്ല കേരളം ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്..  പറ്റിയ ദിവസംനോക്കി അമ്മാവനും കുടുംബവും വിരുന്നിനു വന്നിട്ടുണ്ട്... മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി കേരളത്തിനു തിരിച്ചടിയായതിനാല്‍  കേരളം മുഴുവന്‍ ഹര്‍ത്താല്‍..അങ്ങനെ എല്ലാവര്ക്കും കൂടി വീട്ടിലിരുന്നു ആഘോഷിക്കാന്‍ ഒരു ദിവസം കൂടി കിട്ടിയിരിക്കുന്നു.. ഭരണപ്രതിപക്ഷ ഭേദമില്ലാതെ നമ്മള്‍ ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്.. നമ്മള്‍ കേസ് നടത്തി, നമ്മള്‍ തോറ്റൂ... പതിനെട്ടുവര്‍ഷമായി തോറ്റുകൊണ്ടിരിക്കുന്നു. അപ്പീല്‍, റിട്ട്, കമ്മിഷന്‍ ,വിദഗ്ധസമിതി എന്നിങ്ങനെ പല രൂപത്തില്‍ കോടികള്‍ വക്കീല്‍ഫീസും കൊടുത്ത് മുല്ലപ്പെരിയാര്‍ കേസ് നമ്മള്‍ വാദിക്കുന്നു .. വാദിച്ചു വാദിച്ചു തോല്‍ക്കുന്നു.. മുല്ലപ്പെരിയാര്‍ കേരളത്തിലൂടെ ഒഴുകുന്ന നദിയാണെന്നു തെളിയിക്കുന്നതില്‍വരെ കേരളം പരാജയപ്പെട്ടെന്നു കോടതി പറയുന്നു... നമ്മുടെ സര്‍ക്കാരും നമ്മുടെ വക്കീലും ബഹുമിടുക്കര്‍ത്തന്നെ... സര്‍ക്കാര്‍ കേസ് നടത്തി തോല്‍ക്കുമ്പോള്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തി ആഘോഷിക്കുന്നു.. മഹാഭൂരിപക്ഷത്തിനും വീട്ടില്‍ വിരുന്നൊരുക്കി ആഘോഷിക്കാന്‍ ഒരു അപ്രഖ്യാപിത അവധികൂടി.. തമിഴന്‍റെ കോഴിയും പച്ചക്കറികളും കാലേകൂട്ടി വാങ്ങിവെച്ചിരിക്കുന്നു.. ഏതുദിവസം ഹര്‍ത്താല്‍ വെയ്ക്കണമെന്നതും നമ്മുടെ തീരുമാനമാണെന്ന സ്ഥിതിക്ക് ഈ വ്യാഴാഴ്ച ഹര്‍ത്താലെന്നത് വെള്ളിയാഴ്ച്ചയാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ജനോപകാരപ്രദമായേനെ..  ഇതിപ്പോ വീര്യമുള്ളത് വല്ലതും സേവിച്ചാല്‍ ഹാങ്ങോവര്‍ മാറാനുള്ള സമയംപോലും കിട്ടുന്നില്ല,, ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ ഇനിയെങ്കിലും ചിന്തിക്കേണ്ട വിഷയമാണത്..
  
  ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു കേസ്. പതിനെട്ടുവര്‍ഷമായി ഇപ്പപ്പൊട്ടുമെന്നു പറയുന്ന അണക്കെട്ട് ഇതുവരെ പൊട്ടാതെ നില്‍ക്കുന്നു... അണക്കെട്ടിന്‍റെ അവസ്ഥയെപ്പറ്റി അണക്കെട്ടു കണ്ടിട്ടില്ലാത്ത ജഡ്ജിമാര്‍ വിധിപറയുന്നു... ബലക്ഷയം വന്ന അണക്കെട്ട് പൊട്ടില്ലായെന്നു  കോടതി തീരുമാനിക്കുന്ന ലോകത്തെ ഏക രാജ്യമായിരിക്കും നമ്മുടെത്... ഡാം ദുര്‍ബലമെന്ന; റുക്കി ഐ ഐ ടി യുടെ പഠനറിപ്പോര്‍ട്ടും തള്ളിയിരിക്കുന്നു... ഡാമിന്‍റെ ചോര്‍ച്ചതടയാന്‍ വിള്ളലുള്ള ഭാഗങ്ങളില്‍ അഞ്ഞൂറ്റൊന്നു ബാര്‍സോപ്പ്‌ തേച്ചുപിടിപ്പിച്ചാല്‍ മതിയെന്നു പറയാതിരുന്നത് ഭാഗ്യം.. കഴിഞ്ഞ മഴക്കാലത്ത്‌ തകര്‍ച്ചാഭീഷണി നിലനിന്ന ഡാമില്‍ ഇനിയും വെള്ളം നിറച്ചോളാനാണ് കോടതി പറഞ്ഞിരിക്കുന്നത്.... നമ്മുടെ സര്‍ക്കാരും, കേസ് വാദിക്കാന്‍ വിട്ട വക്കീലും കേസുംതോറ്റ്, പട്ടി ചന്തയ്ക്കു പോയപോലെ മടങ്ങിവന്നു ഹര്ത്താല് നടത്തുന്നു.. ഇടുക്കിയില്‍; സര്‍ക്കാര്‍പ്പാര്‍ട്ടിതന്നെ ഹര്‍ത്താലിനു നേതൃത്വം കൊടുക്കുന്നു.. അങ്ങാടിയില്‍ തോറ്റാല്‍ ഇങ്ങനെതന്നെ....
  
 അണക്കെട്ടിന്‍റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ ഒരു വിദഗ്ധപഠനം നടത്താനും, ദുര്‍ബലമാണെങ്കില്‍ ഡികമ്മീഷന്‍ ചെയ്യാനും, പകരം മറ്റൊന്ന് പണിയാനും ഇമ്മാതിരി പകിടകളിയുടെ ആവശ്യമൊന്നുമില്ല... മുല്ലപ്പെരിയാര്‍ കേസ് തുടങ്ങിയ പതിനെട്ടുവര്‍ഷങ്ങള്‍ക്ക് മുന്പ് പഴയ അണക്കെട്ടിനു പകരം മറ്റൊന്ന് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പുതിയ അണക്കെട്ടില്‍ വെള്ളം നിറഞ്ഞേനെ... ഇപ്പോള്‍ നടത്തുന്ന ഹര്‍ത്താലിനു പകരം; കേസും വെല്ലുവിളിയുമായി കാലംകഴിക്കുന്ന നമ്മുടെ നേതാക്കളുടെ വിവരക്കേടിനെയാണ് എതിര്‍ക്കേണ്ടത്.. ഇതു രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ല... ഒരു രാജ്യത്തിനകത്തെ രണ്ടു സംസ്ഥാനസര്‍ക്കാരുകള്‍  തമ്മിലുള്ള വെറും ഈഗോ മാത്രമാണ്... അതിനു വിലയായി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് അമ്മാനമാടുന്നത്.. ഇന്ന് നിലവിലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി അണക്കെട്ടിന്‍റെ അവസ്ഥ കണ്ടെത്താവുന്നതെയുള്ളൂ.. കൃത്യമായ തെളിവുകള്‍ നിരത്തി കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ഇതിനൊരു പരിഹാരം ഉണ്ടാവില്ലേ... ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍വോപരി പ്രകൃതിയ്ക്കും വന്‍നാശം ഉണ്ടാക്കിയേക്കാവുന്ന ഒരു വന്‍ദുരന്തത്തെ കേവലമൊരു കോടതി വ്യവഹാരം മാത്രമായി കാണുന്ന സര്‍ക്കാര്‍ നിലപാടുകളാണ് ആദ്യം മാറേണ്ടത്.. കേവലം വ്യവഹാരനടത്തിപ്പ് എന്നതില്‍ കവിഞ്ഞ് ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന ഒരു മഹാദുരന്തം ഉണ്ടാകാതിരിക്കാനാണ് ഭരണസംവിധാനങ്ങള്‍ ശ്രദ്ധിക്കേണ്ടത്.. ജനങ്ങള്‍ തമ്മില്‍ വിഭാഗിയത സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രിയ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാരാഷ്ട്രിയപാര്‍ട്ടികളും ഫലത്തില്‍ ശ്രമിക്കുന്നത്... തമിഴനും മലയാളിയും പരസ്പരം തല്ലിയാലോ, കല്ലെറിഞ്ഞാലോ, ബസ്‌ കത്തിച്ചാലോ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവില്ല..സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ അണക്കെട്ടിന്‍റെ ഉറപ്പുകൂടുമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് നെല്ലിക്കാത്തളം ആവശ്യമാണെന്നെ പറയാന്‍ കഴിയൂ... അണക്കെട്ട് തകരുമെന്നു കേരളവും, തകരില്ലായെന്നു തമിഴ്നാടും വാദിക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മാണ മേഖലയില്‍ വൈദഗ്ധ്യമുള്ള; രണ്ടുകൂട്ടര്‍ക്കും സ്വീകാര്യനായ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് പഠനങ്ങള്‍ നടത്തി യുക്തമായ തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനും കോടതികള്‍ക്കും കഴിയണം.  അണക്കെട്ടു വിഷയത്തില്‍ വര്‍ഷങ്ങളായി കേസുനടത്തി സര്‍ക്കാര്‍ ഖജനാവില്‍നിന്നും കോടികള്‍ മുടിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഒരു വെള്ളാനയായി നിലനിറുത്തി പോക്കറ്റ് വീര്‍പ്പിക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നു സംശയിക്കേണ്ടിയിരികുന്നു..


  മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സാമാന്യമായി വിലയിരുത്തിയാല്‍; കരിങ്കല്ലും ചുണ്ണാമ്പുസുര്‍ക്കിയും കൊണ്ട് നിര്‍മ്മിച്ച ഈ അണക്കെട്ടിനു 118 വര്‍ഷം പഴക്കമുണ്ട്.  അണകെട്ടിട്ടിനു വേണ്ടത്ര ഡ്രെയിനേജ് ഗാലറികളില്ലതുകൊണ്ട് വെള്ളത്തിന്‍റെ മര്‍ദം തടയാനുള്ള കഴിവും കുറവാണ്.. സുര്‍ക്കിയില്‍ പണിതതില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ടാണിത്.. അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഒറ്റ ബ്ലോക്കായിട്ടാണ് അതുകൊണ്ടുതന്നെ വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. അടിയന്തര സാഹചര്യങ്ങളില്‍ വെള്ളം ഒഴിക്കിക്കളയാന്‍ ഈ അണക്കെട്ടിനു ആവശ്യത്തിനു സ്പില്‍വെകളില്ല. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി അണക്കെട്ടില്‍നിന്നും ഒലിച്ചുപോയതായി പഠനങ്ങള്‍ പറയുന്നു. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍ ഇപ്പോള്‍ തന്നെയുണ്ട്‌. പലതവണ സിമന്റു ചാന്തുപയോഗിച്ച് ചോര്‍ച്ച അടച്ചു.. അടുത്തകാലത്ത് ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്. അണക്കെട്ടിനെ ബലപ്പെടുത്താന്‍ ഉപയോഗിച്ച കേബിളുകളും..കോണ്ക്രീറ്റ് ആവരണങ്ങളും കാലപ്പഴക്കത്തില്‍ നശിച്ചിരിക്കുന്നു.. മാത്രമല്ല കരിങ്കല്ലും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കിനില്‍ക്കുന്ന പഴക്കമേറിയ  അണക്കെട്ടാണ് മുല്ലപ്പെരിയാര്‍... ദുരന്തങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു... ഡാമിന്‍റെ സുരക്ഷയ്ക്കായി പണിത ബേബിഡാമിനാകട്ടെ  നിറയെ ചോര്‍ച്ചയാണ്... ഈ അവസ്ഥയിലാണ് ഡാമിലെ ജലനിരപ്പ് ഇനിയും കൂട്ടാമെന്ന് കോടതി പറഞ്ഞിരിക്കുന്നത്.. അണക്കെട്ടിലെ ജലം ഉപയോഗിക്കുന്നത് തമിഴ്നാട് ആകുമ്പോള്‍ അവരെക്കൊണ്ടുതന്നെ ഡാമിന്‍റെ സുരക്ഷ ഉറപ്പാക്കാനാണ് കേരളം ശ്രമിക്കേണ്ടത്... കാലഹരണപ്പെട്ട പഴയ കരാറിന്‍റെ വാറോലയും ചുരുട്ടി കോടതിവരാന്തവഴി നിരങ്ങാനാണ് ഇനിയും നമ്മുടെ ഭാവമെങ്കില്‍ വലിയൊരു ദുരന്തത്തെ ക്ഷണിച്ചുവരത്തുകയയിരിക്കും ചെയ്യുക.. ചെയ്യണ്ടത് ചെയ്യേണ്ട സമയത്തുചെയ്യാന്‍ ഇനിയും നമ്മള്‍ പഠിച്ചിട്ടില്ല എന്നുവേണം കരുതാന്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകിട്ടാതെ രോഗികള്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ബാറുകളുടെ നിലവാരം ഉയര്‍ത്തുന്ന കാര്യത്തിലാണ് നമ്മുടെ ശ്രദ്ധ.. മുല്ലപ്പെരിയാര്‍ ഒരു മഹാദുരന്തമാകുമോയെന്നു ഭയക്കുമ്പോള്‍ ഒരുദിവസം കേരളം സ്തംഭിപ്പിച്ചുകൊണ്ട് തിന്നുകുടിച്ച് ആഘോഷിക്കാന്‍ നമ്മള്‍ ഹര്‍ത്താലുകള്‍ നടത്തുന്നു..
  അണക്കെട്ട് ദുര്‍ബലമെങ്കില്‍ ഡീ കമ്മിഷന്‍ ചെയ്യുക..ദുര്‍ബലമല്ലെങ്കില്‍ പഴയപടി തുടരുക.. ഈ നിഗമനങ്ങളില്‍ എത്താന്‍ എന്തിനാണ് വര്‍ഷങ്ങളായി കേസ് നടത്തുന്നത്..ഇതിനിടയില്‍ ഒരു ദുരന്തം ഉണ്ടായാല്‍ ആരതിനു സമാധാനം പറയും.. കേസ് നടത്തുക, ജയിച്ചാല്‍ ആഘോഷിക്കുക, തോറ്റാല്‍ ഹര്‍ത്താല്‍ നടത്തുക  എന്നതില്‍കവിഞ്ഞ് നമ്മള്‍ ഭയക്കുന്ന ഒരു ദുരന്തം ഉണ്ടായാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചാണ് ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത്... മഹാദുരന്തങ്ങള്‍ക്ക് കാരണമാകുന്ന  ഇത്തരം വിഷയങ്ങളെ കേവലം കോടതിവ്യവഹാരം മാത്രമായി കാണാതെ ഇതിന്‍റെ മാനുഷികവശങ്ങളും സുരക്ഷാഭീഷണിയുംകൂടി പരിഗണിച്ച് എത്രയുംവേഗം ഒരുമേശയ്ക്കു ചുറ്റുമിരുന്നു ഈ പ്രശ്നത്തെ പരിഹരിക്കാനാണ് രണ്ടു സംസ്ഥാനത്തേയും നേതാക്കന്മാര്‍ ശ്രമിക്കേണ്ടത്.. മലയാളിയുടെ നാശം തന്നെ ബാധിക്കില്ലയെന്നു തമിഴനും, തമിഴന്‍റെ കൃഷി എന്‍റെ വിഷയമല്ലായെന്നു മലയാളിയും ചിന്തിക്കുമ്പോള്‍; എവിടെയാണ് നമ്മള്‍ പറയുന്ന നാനാത്വത്തിലെ ഏകത്വം.. തമിഴനും മലയാളിയും അല്ല നമ്മള്‍ ഇന്ത്യാക്കാരണെന്നുള്ള ഉത്തമബോധ്യത്തില്‍ ഈ പ്രശ്നത്തെ കാണണം വികലമായ രാഷ്ട്രീയനേതൃത്വങ്ങളുടെ തന്‍പോരിമയ്ക്കു വേണ്ടി ജനങ്ങളെ ബലിയാടാക്കുന്ന ഇത്തരം കേസുകളിലെ ജയവും തോല്‍വിയും ആത്യന്തികമായി ദുരന്തങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക.. ലക്ഷ കണക്കിന് ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു മഹാദുരന്തത്തെ കോടതിമുറിയിലെ വെറുമൊരു കേസുകെട്ടായി മാത്രം കാണുന്ന നമ്മുടെ നേതാക്കളുടെ വികലമായ മാനസികനിലയെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്... ഹര്‍ത്താല്‍ നടത്തി ആഘോഷിക്കാതെ ഉന്മാദം ബാധിച്ച നേതാക്കളുടെ മനംമാറ്റത്തിനായി ചാക്കുടുത്തും ചാരംപൂശിയും ഉപവസിക്കുകയാണ് വേണ്ടത്.. 

7 comments:

  1. ജിത്തുMay 8, 2014 at 9:06 AM

    ഈ ഹര്‍ത്താലോടെ ഡാമിന്റെ ഉറപ്പു കൂടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്

    ReplyDelete
  2. മുല്ലപ്പെരിയാര്‍ ..ആശങ്കകള്‍ പങ്കിടുന്ന വരികള്‍

    ReplyDelete
  3. ഇങ്ങനൊരു വിധി വന്നു, അവസ്സാന തീരുമാനവുമായി...എന്നിട്ടും ഈ നാറിയ രാഷ്ടീയക്കാർ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഒന്നും മിണ്ടാതെ അത് ആഘോഷിക്കുന്ന ഇടുക്കിയിലെയും ഡാമിന്റെ പ്രാന്തപ്രദേശങ്ങളിലേയും ജനങ്ങളേയാണ് പറയേണ്ടത്.....അവരുടെ നാശം അവർ ഇരന്നു വാങ്ങുമ്പോൾ...മറ്റെന്തു പറയാൻ...

    ReplyDelete
  4. രഞ്ജിത്May 8, 2014 at 10:20 PM

    വികലമായ രാഷ്ട്രീയനേതൃത്വങ്ങളുടെ തന്പോുരിമയ്ക്കു വേണ്ടി ജനങ്ങളെ ബലിയാടാക്കുന്ന ഇത്തരം കേസുകളിലെ ജയവും തോല്വിപയും ആത്യന്തികമായി ദുരന്തങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക.. ലക്ഷ കണക്കിന് ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു മഹാദുരന്തത്തെ കോടതിമുറിയിലെ വെറുമൊരു കേസുകെട്ടായി മാത്രം കാണുന്ന നമ്മുടെ നേതാക്കളുടെ വികലമായ മാനസികനിലയെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്... ഹര്ത്താറല്‍ നടത്തി ആഘോഷിക്കാതെ ഉന്മാദം ബാധിച്ച നേതാക്കളുടെ മനംമാറ്റത്തിനായി ചാക്കുടുത്തും ചാരംപൂശിയും ഉപവസിക്കുകയാണ് വേണ്ടത്.. സൂപ്പര്‍ മാഷേ

    ReplyDelete
  5. പെരിയാര് കേരളത്തിന്റെ നദി ആണെന്ന് തെളിയിക്കാന് പറ്റിയില്ല .....ഹ ഹ ... ആ പഴയ പറ്റും ഇനി മറ്റിപാടെണ്ടി വരുമോ ?? "പെരിയാറെ .. പെരിയാറെ ... കുളിരും കൊണ്ട് കുണുങ്ങി നടക്കും തമിഴത്തി പെണ്ണാണ്‌ നീ ...

    ReplyDelete
  6. പെരിയാര് കേരളത്തിന്റെ നദി ആണെന്ന് തെളിയിക്കാന് പറ്റിയില്ല .....ഹ ഹ ... ആ പഴയ പറ്റും ഇനി മറ്റിപാടെണ്ടി വരുമോ ?? "പെരിയാറെ .. പെരിയാറെ ... കുളിരും കൊണ്ട് കുണുങ്ങി നടക്കും തമിഴത്തി പെണ്ണാണ്‌ നീ ..

    ReplyDelete
  7. പെരിയാര് കേരളത്തിന്റെ നദി ആണെന്ന് തെളിയിക്കാന് പറ്റിയില്ല .....ഹ ഹ ... ആ പഴയ പാട്ടും ഇനി മറ്റിപാടെണ്ടി വരുമോ ?? "പെരിയാറെ .. പെരിയാറെ ... കുളിരും കൊണ്ട് കുണുങ്ങി നടക്കും തമിഴത്തി പെണ്ണാണ്‌ നീ ..."

    ReplyDelete