**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, December 20, 2012

തുണിയൂരിയ പ്രതിഷേധം


           

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

     അന്തിച്ചെത്തിനെത്തിയ ചെത്തുകാരന്‍ ഗോപാലന്‍റെ കൈയ്യില്‍ നിന്നും ഉടമസ്ഥനുള്ള ക്വാട്ട വാങ്ങാന്‍ തെങ്ങുമ്മേല്‍ ചാരിയുള്ള നില്പ് തുടങ്ങിയിട്ട് സമയം കുറേയായി.മാട്ടം മാറലും, കള്ള് ഊറ്റലുമൊക്കെയായി വേലായുധന്‍ തെങ്ങുമ്മേല്‍ തന്നെയാണ്. ‘തേങ്ങാ’ എന്ന സാധനം സമയത്തിന് പറിച്ചു കളഞ്ഞില്ലെങ്കില്‍ തെങ്ങിന് ദോഷമാണ്.അരയ്ക്കാനും ആട്ടാനുമുള്ളത് കഴിഞ്ഞാല്‍ വാണിജ്യ വ്യവഹാര ഇടപാടുകള്‍ക്ക് തേങ്ങാ ഇപ്പോള്‍  കഷ്ടകാലത്തിന്‍റെ ലക്ഷണമായതിനാല്‍ കള്ള്‌ ചെത്താന്‍ കൊടുക്കലാണ് ആദായം.അതാകുമ്പോള്‍ ഒന്നുമറിയേണ്ട. കാശിനുകാശും ഓസിനുപൂസും എല്ലാം നടക്കും.സാധരണ ഗതിയില്‍ സ്വന്തം ക്വാട്ട മറിച്ചു വില്‍ക്കുകയാണ് പതിവ്‌.അതാകുമ്പോള്‍ ചില തല്പ്പരകക്ഷികളുടെ പിന്തുണയും അധിക വരുമാനവുമാണ്.പഴമക്കാരുടെ ചൊല്ല്പ്രകാരം ഒന്നും കളയാനില്ലാത്ത വൃക്ഷമാണ് തെങ്ങ്. തടി മുതല്‍ ഓല വരെ ഉപയോഗിക്കാം.ചൊല്ലുകള്‍ക്കും, ഉപയോഗത്തിനും മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും; തൊട്ടാല്‍ കൈപൊള്ളും അതാണ്‌ അവസ്ഥ. ഒരു അഭിമാനവിളയെ തത്വദീക്ഷയില്ലാത്ത ആസൂത്രണങ്ങള്‍ വഴി എങ്ങനെ പൊളിച്ചടുക്കാം എന്നതിന്‍റെ ഉത്തമഉദാഹരണമാണ് കേരകൃഷി.വൈവിധ്യമില്ലയ്മ്മയും, ആസൂത്രണത്തിലെ പാളിച്ചകളും നിമിത്തം കൊന്നത്തെങ്ങില്‍ തന്നെ ഏണി ചാരുന്ന കര്‍ഷകനും; ആസിയാന്‍, കൂസിയാന്‍ തുടങ്ങിയ മണ്ടന്‍ ഇറക്കുമതികരാറുകളും ഒപ്പിട്ട് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയുന്ന നമ്മുടെ ഭരണ നേതൃത്വങ്ങളും ഒരു പൈതൃക കൃഷിയെ നാശത്തിന്‍റെ വക്കില്‍ എത്തിച്ചിരിക്കുന്നു. ഇങ്ങോട്ട് ഇറക്കുമ്പോള്‍ അങ്ങോട്ട് കയറ്റാമെന്നുള്ള ആസിയാന്‍ വാദമെല്ലാം പച്ചനുണകള്‍ മാത്രമായി അവശേഷിക്കുന്നു.ഒരു വര്‍ഷം പരമാവധി 20000 ടണ്‍ വെളിച്ചെണ്ണ മാത്രം കയറ്റുമതി ചെയ്യുമ്പോള്‍ 13ലക്ഷം ടണ്‍ പാമോയില്‍ ആണ് ഇറക്കുമതി ചെയ്യുന്നത്.കൊപ്ര, വെളിച്ചെണ്ണ പരിപാടിയില്‍ മാത്രം ഒതുങ്ങാതെ തെങ്ങുമായി ബന്ധപ്പെട്ട അനുബന്ധവ്യവസായങ്ങള്‍ തുടങ്ങുമെന്ന സര്‍ക്കാര്‍ ഉറപ്പ്‌ കുറുപ്പിന്‍റെ ഉറപ്പായിത്തന്നെ തുടരുന്നു.പൊതുമേഖലരംഗത്ത് നാളികേരകൃഷിയുമായി ബന്ധപ്പെട്ട് പറയാവുന്ന ഒറ്റ വ്യവസയംപോലും തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.വാഗ്ദാനങ്ങള്‍ക്ക് പഞ്ഞമില്ല പക്ഷെ വാഗ്ദാനങ്ങള്‍ പുഴുങ്ങിയാല്‍ കഴിക്കാന്‍ പറ്റുമോ...? കരാറുകള്‍ ഒപ്പിട്ട് ജനത്തിന്‍റെ അരഞ്ഞാണചരടുവരെ പൊട്ടിക്കുന്ന കടലാസ് വികസനത്തിന്‍റെ ശേഷപത്രമായ തെങ്ങിനെ വരുംനാളുകളില്‍; ആട്ടുകല്ലും, അമ്മിക്കലും പുരാതനപൈതൃകം പേറുന്ന ബിനാലകളില്‍ പ്രതിഷ്ഠിക്കാം.

 ‘അല്ല വിദ്യാധരാ..... നമ്മുടെ നാട്ടില്‍ ആരോ തുണിയില്ലാതെ ഓടി...... എന്നു കേട്ടു ഒള്ളതാണോ .......,.

തളപ്പ് വഴി തെങ്ങില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ വേലായുധന്‍റെ സംശയം.

       ഒക്കെ ശരിയാ വേലു.............

   അതെന്താ.... പട്ടാപ്പകല്‍ വല്ല പീഡനവും നടന്നോ..?

ഏയ്‌ അതൊന്നുമല്ല നമ്മുടെ മനുഷ്യാവകാശകമ്മിഷന്‍ ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് പറഞ്ഞുകൊണ്ട് ഏറണാകുളം ലോ കോളേജില്‍ പഠിക്കുന്ന ഒരു പയ്യന്‍ നടത്തിയ തുണിയില്ലാ ഓട്ട പ്രതിഷേധമായിരുന്നു അത്.മരത്തിനു മറഞ്ഞു നിന്ന് തുണിയഴിച്ച ഇഷ്ടന്‍ നടുറോഡിലൂടെ നൂറുമീറ്റര്‍ ഓടിയ ശേഷം സുഹൃത്തിന്‍റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.നിയമവിരുദ്ധ പ്രകടനമായതിനാല്‍ കേസെടുക്കുമെന്ന് പോലീസും പറഞ്ഞിരിക്കുന്നു.

സാധാരണഗതിയില്‍ രംഗബോധമില്ലാതെ നഗ്ന്നരായി നടക്കുന്നത് രണ്ടുകൂട്ടരാണ്. തിരിച്ചറിവിന് പ്രായമാകാത്ത ശിശുക്കളും ,തിരിച്ചറിവുകളുടെ ലോകംതന്നെ നഷ്ടമായ മാനസികവൈകല്യമുള്ളവരും രണ്ടുകുട്ടരും ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്നു.ഇവിടെ ഈ പറഞ്ഞ രണ്ടു വിഭാഗത്തിലും പെടുന്ന ആളല്ല പ്രതിക്ഷേധക്കാരന്‍. കാരണം ഇവിടെ നടന്നത് മുഖംമറച്ചുള്ള നഗ്ന ഓട്ടമാണ്. തിരിച്ചറിയപ്പെടരുത് എന്ന ചിന്തയില്‍ നടത്തിയ ഓട്ടമാണിത്. കൈയ്യില്‍ ഒരു പ്ലാക്കാര്‍ഡ് പിടിച്ചിട്ടുണ്ട് എന്ന് മാത്രം. കക്ഷി നിയമവിദ്യാര്‍ഥിയായതിനാല്‍ ചെയ്യുന്ന കാര്യം നിയമ വിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് ചെയ്തത്.മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് വീഡിയോ ക്ലിപ്പിങ്ങുകളില്‍ നിന്ന് മനസിലാക്കാം.ഇത്തരം ആഭാസങ്ങള്‍ നടക്കുന്ന വിവരം കിട്ടിയാല്‍ അത് പോലീസില്‍ അറിയിക്കാനുള്ള ധാര്‍മിക ചുമതല മാധ്യമങ്ങള്‍ക്കുണ്ട്.അല്ലാതെ അത് ഷൂട്ട്‌ ചെയ്ത് വിളംബരം ചെയ്യുന്നത് മാധ്യമധര്‍മ്മമായി കാണാന്‍ കഴിയില്ല. നിയമവിരുദ്ധമായ ഇത്തരം മാര്‍ഗങ്ങളില്‍ കൂടിയുള്ള പ്രതിക്ഷേധം ആശാസ്യകരമായ ഒരു പ്രവണതയല്ല. കര്‍ശന നടപടി തന്നെ ഇതിനെതിരെ ആവശ്യമാണ്‌.

ഒരു ജാനാധിപത്യ രാജ്യത്ത് പ്രതിക്ഷേധിക്കാനുള്ള അവകാശം സ്വാഭാവികമാണ്.പക്ഷെ അതിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് മറ്റൊരു നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാകരുത്.വെറും ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി മറ്റുള്ളവര്‍ക്ക് ഉതപ്പ്‌ ഉണ്ടാക്കും വിധം കാട്ടികൂട്ടുന്ന ഇത്തരം പേക്കുത്തുകളെ എങ്ങനെയാണ് പ്രതിക്ഷേധം എന്ന് വിളിക്കുക.കെ ജി ബാലകൃഷ്ണനെതിരെ പ്രതിക്ഷേധിച്ചതുകൊണ്ടല്ല പ്രതിഷേധക്കാരന്‍ തുണിയില്ലാതെ ഓടിയതുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയത്.കാരണം ബാലകൃഷ്ണനെതിരെ മുന്‍പ്‌ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയോടിച്ചതും അത് സംബന്ധിച്ച വാര്‍ത്തകള്‍ താമസ്കരിച്ചതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്.ഇത് കൊച്ചിയിലെ രണ്ടാമത്തെ നഗ്ന ഒട്ടമാണെന്നും.മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടന്ന ആദ്യ ഓട്ടം ഇന്ത്യമുഴുവന്‍ പ്രസിദ്ധമാക്കിയത് തങ്ങളാണെന്നും മലയാളത്തിലെ നല്ലൊരു പാരമ്പര്യം അവകാശപ്പെടുന്ന പത്രം അഭിമാനത്തോടെ പറയുമ്പോള്‍ അതിലെ നിയമ വിരുദ്ധപ്രവര്‍ത്തനത്തെയാണ് തങ്ങള്‍ പുകഴ്ത്തുന്നത് ഓര്‍ത്താല്‍ കൊള്ളാം. ഒന്നും രണ്ടും കഴിഞ്ഞു ഇനി മൂന്നാം സ്ഥാനത്തേയ്ക്ക് കടന്നു വരു.... ഞങ്ങള്‍ ഇന്ത്യ മുഴുവന്‍ പ്രസിദ്ധമാക്കാം എന്നൊരു പരോക്ഷ പ്രേരണയും ഇവിടെ കാണാവുന്നതാണ്.പ്രതിഷേധക്കാരന്‍ തുണി അഴിച്ചപ്പോള്‍ നാണം കെട്ടത് കെ ജി ബാലകൃഷണന്‍ അല്ല. ആ വഴി സഞ്ചരിച്ച പൊതുജനമാണ്. മുഖം മറച്ചത് വഴി തന്‍റെ അസ്ഥിത്വം മറച്ചു വെച്ച് വെറും നഗ്നതപ്രദര്‍ശനമാണ് ഉദേശിച്ചതെന്നു വ്യക്തം.

പിണ്ഡം പൊക്കിയും, പിണ്ടമിട്ടും, പണംമുടക്കിപട്ടിണികിടന്നും ഷെയ്പ്‌ ആക്കുന്ന സ്വന്തം ശരിരത്തന്‍റെ നഗ്ന്തയെ സൗന്ദര്യമല്‍സരം, ഫാഷന്‍പരേഡ്‌, ന്യൂജനറേഷന്‍ സിനിമ തുടങ്ങിയ ഇടപാടുകള്‍ വഴി സാമൂഹ്യവത്കരിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത്; നഗ്നതയെന്നത് ആവശ്യക്കാര്‍ക്ക് വിളമ്പുന്ന മൃഷ്ടാന്നഭോജനം എന്നനിലയില്‍ നിന്നും വഴിയെ നടക്കുന്ന കൊച്ചുപിച്ചടക്കമുള്ള കുഞ്ഞുകുട്ടി പരാധീനങ്ങള്‍ക്ക് നടുവിലേക്ക് സ്ട്രീക്കിങ്ങ് എന്ന ഓമനപ്പേരിലുള്ള അസഭ്യപ്രകടനങ്ങളായി ഇറങ്ങി വരുമ്പോള്‍ ജാഗ്രതെ.... പൊതുസ്ഥലത്തുകൂടെയുള്ള നഗ്നതപ്രദര്‍ശനം എന്‍റെയും നിന്‍റെയും നിങ്ങളുടെയും കുടുംബങ്ങളിലെക്കും കുഞ്ഞുങ്ങളിലെയ്ക്കും കടന്നു വരികയും; പ്രതിഷേധിക്കാനും, ആ പ്രതിഷേധം ശ്രദ്ധിക്കപ്പെടാനുമുള്ള എളുപ്പമാര്‍ഗമായി ഇത്തരം തുണിയുരിയല്‍ മാറാന്‍ സാധ്യതയുണ്ട്.ഇന്ന് നഗ്നയോട്ടം കണ്ട് പകച്ചു നിന്ന ജനകൂട്ടം നാളെയത് കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ക്യാമറയില്‍ പകര്‍ത്തി നിര്‍വൃതിയടയുകയും ചെയ്യും.സാംസ്കാരിക തനിമ അവകാശപ്പെടുന്ന നമ്മുടെ മാധ്യമങ്ങള്‍ ഇത്തരം വികിടത്തരങ്ങളെ  ചരിത്രസംഭവമായി വ്യാഖ്യാനിക്കുകയും ചെയ്യും.അങ്ങനെവരുമ്പോള്‍ തനിയാവര്‍ത്തനത്തില്‍ നരന്‍ വീണ്ടും വാനരനായി മാറുന്നദിവസമാണ് പുരോഗതിയുടെ പൂര്‍ത്തികരണമെന്നു പറയുന്നതായിരിക്കും സത്യം.  ...................

3 comments:

  1. വിനുജോണ്‍December 20, 2012 at 8:28 AM

    എന്തെങ്കിലും കാണിച്ചുകൂട്ടി ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഇങ്ങനത്തെ പരിപാടികള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് ............

    ReplyDelete
  2. ഇന്ത്യന്‍December 20, 2012 at 8:29 AM

    ഇവനെയൊക്കെ ചട്ടവറിനു അടിക്കണം..എന്നാലെ പടിക്കു....

    ReplyDelete
  3. സമരങ്ങള്‍ വിജയിക്കെട്ടെ ! സദാചാരം തുലയട്ടെ !! പരിഷ്കാരികള്‍ നീണാള്‍വാഴട്ടെ !!!
    ധീരമായ എഴുത്ത് ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete