**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, December 25, 2012

അര്‍ദ്ധരാത്രിയില്‍ കിട്ടിയ അ...സ്വാതന്ത്ര്യം..?.


     
     “നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് അര്‍ധരാത്രിയിലാണെന്ന കാര്യം ശരി. പക്ഷേ അത് പാതിരാത്രി കറങ്ങിനടക്കാന്‍ കിട്ടിയ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. പാതിരാത്രിയില്‍ ആ പെണ്‍കുട്ടി അങ്ങനെ ബസ്സില്‍ കയറിയില്ലെങ്കില്‍ പ്രശ്‌നമുണ്ടാവുമായിരുന്നില്ല”:- “ഠിക്ക് ഹെ”.........ഒന്നാമത്തെ പ്രസ്താവന ആന്ധ്രാപ്രദേശ്‌ കോണ്‍ഗ്രസ്സ്‌ കമ്മറ്റിതലവനായ ബോട്സാ സത്യനാരായണയുടേതാണ്.ടിയാന്‍ ആന്ധ്ര ഗതാഗതമന്ത്രിയാണ്.താന്‍ ഒരു പിതാവാണ് എന്നും അദേഹം സൂചിപ്പിയ്ക്കുന്നുണ്ട്.രണ്ടാമത്തെ പ്രസ്താവന നമ്മുടെ പ്രധാന മന്ത്രിയുടെതാണ്.....അദേഹവും മൂന്ന് പെണ്‍മക്കളുടെ പിതാവാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്...

 ഇനിയും കാര്യങ്ങള്‍ മനസിലാക്കാതെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഉത്തരമാണിത്.ഡല്‍ഹിയിലെ തണുപ്പില്‍ വെറുതെകിടന്ന് ഞങ്ങള്‍ക്ക് നീതി വേണം എന്ന് പറഞ്ഞു ബഹളം വച്ചിട്ട് കാര്യമൊന്നുമില്ല.. ചുമ്മാ നേരം കളയാതെ വീടുപിടിച്ചോ മക്കളെ എന്നര്‍ത്ഥം....  'ഡാ തന്തയല്ലാത്തവന്മാരെ'....യെന്നു വിളിച്ചാരും സമയം കളയേണ്ടായെന്നും, അക്കാര്യത്തില്‍ മക്കളുടെ എണ്ണം വരെ വ്യക്തമായി പറഞ്ഞിരിയ്ക്കുന്നു.

 ആന്ധ്രാമന്ത്രി താനൊരു പിതാവാണെന്നുപറയുന്നു.പെണ്‍മക്കള്‍ ഉണ്ടെന്നു വ്യക്തമാണ്.പ്രധാനമന്ത്രി പറഞ്ഞിരിയ്ക്കുന്നത് താന്‍ മൂന്നുപെണ്‍മക്കളുടെ തന്ത ആണെന്നാണ്‌.ഒരു പിതാവിന്‍റെ വേദന തങ്ങള്‍ക്കു മനസിലാവുന്നുണ്ടെന്നും പറയുന്നു.സംഗതി വ്യക്തമാണ്..അവരുടെ കാര്യത്തിലും പുറത്തു പറയാന്‍ പറ്റാത്ത പലതും സംഭവിച്ചിരിക്കുന്നു.മാനം പോകുമെന്ന് ഭയന്നു പുറത്തു പറയാത്തതാണ്.ഒരാള്‍ പീഡനപര്‍വം അരങ്ങേറിയ ഡല്‍ഹിയിലാണ് താമസം.മറ്റൊരാള്‍ ഗതാഗതമന്ത്രിയും. രാജാവിന് രക്ഷയില്ലെങ്കില്‍പിന്നെ പ്രജകളുടെ കാര്യം പറയണോ..???.ദൈവമേ കാര്യങ്ങള്‍ ഈ വിധമാണല്ലോ നടക്കുന്നത്.വെറുതെ രണ്ടു മാന്യദേഹങ്ങളെ സംശയിച്ചു.അവരുടെ വിഷമങ്ങള്‍ ആരോട് പറയണം എന്നോര്‍ത്ത് വിഷമിച്ചിരുന്നപ്പോഴാണ് ഈ സംഭവം.

 ക്ഷമിക്കണം സാറുംമ്മാരെ ഈ ന്യൂജനറേഷനൊന്നും കാര്യങ്ങളെക്കുറിച്ച് വിവരമില്ല.  സ്വാതന്ത്രത്തില്‍; അര്‍ദ്ധരാത്രിയിലെ നടപ്പുംകൂടിപെടുമെന്നാ... അവരുടെ ധാരണ. വായന കുറഞ്ഞതിന്‍റെ കുഴപ്പമാണ്. “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍”എന്ന ലാറികോളിന്‍സ്,ഡൊമനിക്ലാംപിയര്‍..ടീമിന്‍റെ പുസ്തകം വായിച്ചിട്ടുള്ള ആര്‍ക്കുമറിയാം നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ പിന്നാമ്പുറക്കഥകള്‍..കാശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നമുക്ക് കിട്ടാന്‍ ഇത്തരത്തിലുള്ള 'പീഡനങ്ങള്‍' വഹിച്ച പങ്കിനെക്കുറിച്ചും,അര്‍ദ്ധരാത്രിയില്‍ തന്നെ മൌണ്ട്ബാറ്റണ്‍ തിരക്കുപിടിച്ചു സ്വാതന്ത്ര്യംതന്ന് സ്ഥലം വിട്ടതിനെക്കുറിച്ചും, അങ്ങനെ പലതിനെക്കുറിച്ചും പുസ്തകത്തില്‍ വിശദമായിതന്നെ പറഞ്ഞിട്ടുണ്ട്..പുസ്തകം വിലക്കിയും, അതിലുള്ളത് കള്ളമാണെന്നുപറഞ്ഞും നമ്മളതിനെയൊക്കെ നേരിട്ടു.സത്യമാണെന്ന് സമ്മതിച്ചാല്‍ വിഗ്രഹങ്ങള്‍ പലതും ഉടച്ചുവാര്‍ക്കേണ്ടി വരും.അങ്ങനെ  വന്നാല്‍ തലമുറകളായി രാഷ്ട്രത്തെഉടച്ചു വാര്‍ക്കുന്ന തിരക്കിലുള്ള പല ഉലയൂത്തുകാരും പീഡനക്കേസില്‍ അകത്താവും.കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് പുസ്തകത്തില്‍ പറഞ്ഞതിലും സത്യമില്ലേയെന്നൊരു തോന്നല്‍...?????

  അര്‍ദ്ധരാത്രികിട്ടിയ സ്വാതന്ത്ര്യത്തില്‍ രാത്രിസഞ്ചാരം പെടുമോ,അങ്ങനെ പെട്ടാല്‍തന്നെ അതില്‍ സ്ത്രീകള്‍പെടുമോ എന്ന കാര്യത്തില്‍.ഒരു വ്യക്തത വരുത്തിയാല്‍ നന്നായിരിക്കും.പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും, സ്ത്രീജനങ്ങള്‍ക്കും അത് ഉപകാരപ്രദമായിരിക്കും...

 നമ്മുടെ രാജ്യം പൈതൃകങ്ങള്‍ക്കൊണ്ട് സമ്പന്നമാണെന്നും,വളര്‍ച്ച പ്രാപിച്ച സംസ്ക്കാരങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചരിത്രം പറയുന്നു. ശക്തമായ; എന്നാല്‍ അഹിംസാമാര്‍ഗത്തിലൂടെയുള്ള സമരംനടത്തി വിദേശ അടിമത്വത്തില്‍ നിന്ന് ജനനായകമ്മാര്‍ നാടിനെ സ്വതന്ത്രമാക്കിയൊന്നും,അത് ലോകത്തിനുതന്നെ അഭിമാനകരമായ ഒരു രീതിയാണതെന്നും നാം വിളിച്ചുപറയുമ്പോള്‍, സ്ത്രീ സ്വാതന്ത്ര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ലായെന്നതാണ് വസ്തുത. നാട്ടുരാജ്യങ്ങളുടെ കാലത്ത് യുദ്ധവിജയങ്ങളുടെ ദുരിതം പേറാനും,യുദ്ധച്ചരക്കുകളായി കൈമാറ്റം ചെയ്യപ്പെടാനും,അന്തപുരങ്ങള്‍ നിറയ്ക്കാനും വിധിയ്ക്കപ്പെട്ടവരായിരുന്നു സ്ത്രീകള്‍.വിദേശ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയമങ്ങള്‍ക്കെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉണ്ടായതും നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ മുകള്‍ത്തട്ടില്‍ നിന്നുമാണ്.സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ല. മുലക്കരം കൊടുക്കുക തുടങ്ങിയ വിചിത്ര നിയമങ്ങള്‍ നടപ്പിലാക്കിയ സംസ്ക്കാരമ്മാരുടെ നാടാണ് നമ്മുടേത്. സ്വാതന്ത്രാനന്തരം നടപ്പിലാക്കിയ പദ്ധതികളിലൊക്കെ സ്ത്രീകളുടെ പങ്ക് നാമമാത്രമായിരുന്നു.നിയമം മൂലം തുല്യത ഉറപ്പ്‌ വരുത്തിയിട്ടുണ്ടെങ്കിലും അതു പ്രയോഗത്തില്‍ വരുത്താന്‍ ആര്‍ക്കും ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

   നൂറുകോടിയ്ക്ക് മുകളില്‍ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് അതില്‍ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തിന്‍റെ വളര്‍ച്ച വിലയിരുത്താന്‍ നമ്മള്‍ പറയുന്ന തെളിവുകള്‍ മുകല്‍തട്ടിലുള്ള ഒരു ചെറിയ ശതമാനം സ്ത്രികളുടെ കഥയാണ്‌.യഥാര്‍ത്ഥത്തില്‍ അറുപതുശതമാനത്തിന്‍റെ വിലാപങ്ങളെ വെറും രണ്ടോമൂന്നോ ശതമാനത്തിന്‍റെ വിജയകഥകളിലൂടെ കണ്ടില്ലായെന്നു നടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സ്ത്രീ വിമാനം പറത്തി,അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നു, മുഖ്യമന്ത്രിയായി ,ജഡ്ജിയായി, സ്പീക്കറായി, പ്രസിഡന്‍റായി തുടങ്ങിയചിത്രങ്ങള്‍; വ്യക്തിപരമായ ചില മിന്നലാട്ടങ്ങള്‍ മാത്രമാണ്. പുരുഷകേന്ദ്രികൃതമായ വ്യവസ്ഥിതിയ്ക്ക് അനുകൂലമായി നീങ്ങുന്നവര്‍ക്കും,അല്ലെങ്കില്‍ ശക്തമായ പിന്‍ബലം ഉള്ളവര്‍ക്കും മാത്രമായി അവ ചുരുങ്ങപ്പെട്ടിരിയ്ക്കുന്നു.മാത്രമല്ല ഇങ്ങനെ എത്തപ്പെടുന്ന സ്ത്രീകള്‍; മാനസികമായി പുരുഷാധിപത്യവുമായി തതാത്മ്യം പ്രാപിച്ചവരാണ്.സ്ത്രീകളുടെ ഉന്നതി എന്നതില്‍ കവിഞ്ഞ് തന്‍റെ കസേരയ്ക്ക് ഇളക്കം തട്ടാതെ നിലനിറുത്തുക എന്നതിലാണ് അവര്‍ക്ക് ശ്രദ്ധ.ഡല്‍ഹിയില്‍ ഒരു ക്രൂരമായ സ്ത്രീപീഡനം അരങ്ങേറിയിട്ടും; അതിലൂടെയുണ്ടായ ജനകീയ പ്രതിഷേധത്തെ കണ്ടില്ലായെന്നു നടിച്ചുകൊണ്ട് അവിടുത്തെ വനിതാമുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയ്ക്കായി പോകുകയാണുണ്ടായത്.രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നയിക്കുന്നതും വനിതയാണ്,അതുപോലെ ജനപ്രതിനിധികളായി എത്തിയിട്ടുള്ള വനിതകളും.... ഇവരാരും ക്രിയാത്മകമായി ഈ പ്രശ്നത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ലായെന്നതും കാണാവുന്നതാണ്.
  ഒരു വൈകാരിക പ്രശ്നത്തെ നിയമപരമായി മാത്രം നേരിടാമെന്നത്; ഇവരുടെയൊക്കെ അങ്ങേയറ്റത്തെ അഞ്ജതയാണ് സൂചിപ്പിക്കുന്നത്.വൈകാരികമായ ഒരു ജനകിയപ്രതിഷേധത്തെ സര്‍ക്കാര്‍  ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുമ്പോള്‍; അതു സര്‍ക്കാരും ജനവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു.ഭരണകൂടം പൊതുശത്രുവായി മാറുമ്പോള്‍ ജനങ്ങള്‍ എല്ലാ ഇസങ്ങളും മാറ്റിവച്ച് ഒന്നിക്കുകയും; പിന്നിടത് വലിയ ഏറ്റുമുട്ടലുകളിലെയ്ക്ക് മാറുകയും ചെയ്യും.ജനങ്ങളുമായി സംവാദിക്കാനുള്ള നമ്മുടെ ഭരണകൂടത്തിന്‍റെ പിടിപ്പുകേടാണ് ഡല്‍ഹി സംഭവം കാണിക്കുന്നത്. സംഭവത്തിലുള്ള തങ്ങളുടെ പ്രതിഷേധവും,ദുഖവും മീഡിയകളിലൂടെ നേതാക്കള്‍ക്ക് അപ്പോള്‍ത്തന്നെ ജനങ്ങളെ അറിയ്ക്കാമായിരുന്നു. അതുണ്ടായില്ല. വൈകാരികമായ ഒരു ആശ്വസിപ്പിക്കല്‍ ഉടനെ നടന്നിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം അക്രമത്തിലേക്ക് പോകുന്നത് തടയാമായിരുന്നു. നിയമത്തിന്‍റെ വഴിയിലൂടെയുള്ള നടപടികള്‍ പോലെ തന്നെ പ്രധാനമാണ് രാജ്യത്തെ ജനങ്ങളോടുള്ള ബഹുമാനവും,അവരോടുള്ള സംസാരവും.ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും; ജനത്തിന്‍റെ ആശങ്കകള്‍അകറ്റാന്‍ എന്താണ് ചെയ്തതെന്ന് വ്യകതമാക്കാന്‍ അവരെ അഭിസംബോധന ചെയ്യാതെ അംഗരക്ഷകരുടെ അകമ്പടിയില്‍നിന്നുകൊണ്ട് വിടുവായത്തം വിളിച്ചുപറയുമ്പോള്‍ സ്വാഭാവികമായും ജനം പ്രതിഷേധിക്കും.തങ്ങളുടെ മുന്നില്‍ കാണുന്ന സര്‍ക്കാര്‍ വസ്തുവകകളില്‍ നേതാക്കളുടെ മുഖം കാണുകയും അവരോടുള്ള പ്രതിഷേധം സര്‍ക്കാര്‍വസ്തുക്കളില്‍ തീര്‍ക്കുകയും ചെയ്യുന്നു.ഇത് ജനത്തിന്‍റെ ഒരു പൊതു മനശാസ്ത്രമാണ്.അതു മനസിലാക്കി പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തെ നയിക്കുന്നവരുടെ ചുമതലയാണ്..എല്ലാം  യാന്ത്രികമായി, ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ, കീകൊടുക്കുമ്പോള്‍ ചലിയ്ക്കുന്ന പാവപോലെയുള്ള മനോഭാവങ്ങളും,തത്തമ്മേ പൂച്ചപൂച്ച എന്നരീതിയില്‍ എഴുതി തയ്യാറാക്കിയ വായനകളും കൊണ്ട് രോഷാകുലരായ ഒരു ജനതയെ സമാധാനിപ്പിക്കാന്‍ കഴിയണമെന്നില്ല...കഥ പറയാന്‍ ആദ്യമായി സ്റ്റേജില്‍ കയറുന്ന നേഴ്സറി കുട്ടികള്‍ കഥപറച്ചിലിനിടയില്‍ കര്‍ട്ടനു പിന്നില്‍ മറഞ്ഞിരിക്കുന്ന അമ്മയെനോക്കി ഇതുമതിയോ എന്ന് ചോദിക്കുന്ന തരത്തില്‍ ടിവി ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് ജനത്തെ കരഞ്ഞു കാണിച്ചശേഷം.. “ഠിക്ക് ഹെ” (എങ്ങനെയുണ്ട് പ്രകടനം..ഇതു പോരേ..) എന്ന് പിന്നാമ്പുറത്തു നില്‍ക്കുന്ന ആരോടോ പറയുമ്പോള്‍; അപഹാസ്യരാകുന്നത്... അപമാനിതരായ ഇരകള്‍ തന്നെയാണ്.ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ശരിയ്ക്കും ഒരു സംശയം തോന്നുന്നു ശരിയ്ക്കും നിങ്ങള്‍ ആരുടെ കൂടെയാണ് ഇരകളുടെ കൂടെയോ...???? അതോ വേട്ടക്കാരന്‍റെ കൂടെയോ...???

 

  

6 comments:

  1. താങ്കള്‍ എഴുതിയ കാര്യങ്ങളുടെ കൂടെ അരുന്ധതി റോയി പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്ത് വായിക്കേണ്ടി ഇരിക്കുന്നു.സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമല്ല,വഴിയെ പോകുന്നവന്റെ കാറുകളും ബൈക്കുകളും സ്വകാര്യ സ്വത്തുക്കള്‍ വരെ സമരം എന്ന പേരില്‍ നടന്ന അക്രമ പെക്കൂത്തിനിടയില്‍ ഈ "സമരക്കാര്‍"" " നശിപ്പിക്കുക ഉണ്ടായി.ഈ സംഘടിത ആക്രമണത്തിനെ വെറും ഒരു പ്രതിഷേധ പ്രകടനമോ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമോ ആയി ചുരുക്കി കാണുന്നത് ശരിയല്ല.ഈ അക്രമ സംഭവത്തിനിടയില്‍ കൊല്ലപെട്ട പോലീസുകാരന്റെ കുടുംബത്തിനോടു ആര് സമാധാനം പറയും,അയാളുടെ അനാഥമാക്കപെട്ട കുട്ടികളോ വിധവയാക്കപെട്ട ഭാര്യയോ ബലാല്‍സംഘത്തിനു ഇരയാക്കപെട്ട പെണ്‍കുട്ടിയോട് എന്ത് തെറ്റ് ചെയ്തു?ബലാല്‍ സംഘത്തിനെ അനുകൂലിക്കുന്നില്ല,പക്ഷെ ഡല്‍ഹിയില്‍ നടന്ന അക്രമ പരമ്പരകള്‍ക്കും പ്രതിഷേധ പ്രകടനത്തിനും പിന്നില്‍ ചില അജണ്ടകള്‍ ഉണ്ടെന്നു വ്യക്തമാണ്.പാവപെട്ടവര്‍ക്കും താഴ ജാതിക്കാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഉന്നത കുല ജാതിക്കര്‍ക്കുള്ളത്?എല്ലാ കുറ്റവും ഒരേ കണ്ണില്‍ കാണുവാന്‍ ശ്രമിക്കുക,എന്നാല്‍ മാത്രമേ നമ്മുടെ നാടിനു കിട്ടി എന്ന് പറയപെടുന്ന "യഥാര്‍ത്ത" സ്വാതന്ത്ര്യം ,പാവപെട്ടവനും കൂടി അവകാശപെട്ടതാവുകയുള്ളൂ.

    ReplyDelete
  2. ആരാഷ്ട്രീയ ഒത്തുചേരൽ നല്ലതല്ല അതിൽ തൂവ്രവാദം വളരും എന്നത് ശെരിയാണ്, നാം സ്വതന്ത്രരാണെന്ന് കരുതി നമ്മുടെ അവകാശങ്ങളിൽ മറ്റുള്ളവന്റെ മൂല്ല്യങ്ങളിൽ ചെന്ന് കാർതിന്നുന്നതരം പ്രവർത്തിക്കൾ ജനാധിപത്യത്തിൽ ശെരിയല്ല, സമരം ജനജീവിതത്തെ സാരമായി ഏറ്റു എന്ന് തന്നെ പറയാം,

    പക്ഷെ ഞാൻ ഈ സമരത്തെ ഒരു മുക്കാൽ ഭാഗം പിന്താങ്ങുന്നു ഇതൊരു മുന്നറിയിപ്പാണ് വരും തലമുറക്ക് ഒരു കൊടിയും ഒരു ലോബലും വേണ്ട, അവർ പുറത്തിറങ്ങാൻ റെഡിയാണെന്ന് നമ്മുടെ ഏമാന വർഗത്തിന്ന് ഒരു വലിയ വാണിങ്ങ്

    ReplyDelete
  3. പ്രകാശ്‌നായര്‍ ഡല്‍ഹിDecember 25, 2012 at 7:32 PM

    ബ്ലോഗ് വായിച്ചു നന്നയിരിയ്ക്കുന്നു അഭിനന്ദനങ്ങള്‍ ....ഇവിടെ ശരിയ്ക്കും വീഴ്ച പറ്റിയത് സര്‍ക്കാരിനാണ് .പ്രതിഷേധകര്‍ പെണ്‍കുട്ടിയുടെ നാളും വീടും നോകിയാണ് പ്രതിഷേധിച്ചത് എന്ന് പറയുന്നത്ശരിയല്ല .അവളുടെ കുടുംബക്കാര്‍ ആഹ്വാനം ചെയ്താ ഒരു സമരവുമല്ല ഇത്.പ്രതിഷേധങ്ങള്‍ക്ക് ഇതൊരു നിമിത്തമായി എന്നു മാത്രം .ഡല്‍ഹി ആര്‍ക്കും സുരക്ഷ്തമല്ല ഇപ്പോള്‍ .എല്ലാ സമരവും തുടക്കം പോലെ ആവണമെന്നില്ല ഒടുക്കം അത് മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ആണ് .അവരത് തുടക്കത്തില്‍ ചെയ്തില്ല.പിന്നിട് ശക്തമായി ഇടപെടുകയും ചെയ്തു നല്ലത് .മുകളിലെ അഭിപ്രായത്തില്‍ പറഞ്ഞത് പോലെ അരുന്ധതി പറഞ്ഞതും ന്യായമാണ്.പക്ഷെ ഈ സംഭവത്തെ മറ്റു രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കൊടുക്കുന്നത് .മാധ്യമ ശ്രദ്ധ കിട്ടാനുള്ള അവരുടെ പതിവ്‌ നമ്പരുകള്‍ മാത്രമാണ്.ദളിത്‌ പ്രതികലായതാണ് പ്രതിഷേധം വളരാന്‍ കാരണമെന്നത് .അവരുടെ ഇടുങ്ങിയ ചിന്തകളുടെ ബഹിര്‍ഗമാനമാണ്.അതുകൊണ്ട് തന്നെയാണ് അരുന്ധതിയുടെ പ്രതിഷേധങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.പ്രതിഷേധ്ക്കര്‍ക്കിടയില്‍ പോയി ആളാകുക അല്ലാതെ അവര്‍ എന്ത് പ്രതിഷേധമാണ് സംഘടിപ്പിചിര്യ്ക്കുന്നത് .ന്യൂസ് വാല്യു കുറയുമ്പോള്‍ എന്തെങ്കിലും പോക്കിപ്പിടിയ്ക്കും.ഇപ്പോള്‍ നാലാളരിയാനുള്ള ഒരു നമ്പര്‍ .....പീഡനത്തിനെതിരെ ശക്തമായ ഒരു ചലനം സൃഷ്ടിക്കാന്‍ ഈ സമരത്തിന്‌ കഴിഞ്ഞു അതാണ്‌ ഈ സമരത്തിന്‍റെ പ്രസക്തി .....

    ReplyDelete
  4. ഇപ്പോള്‍ മനസിലായില്ലെ.. എല്ലാം “ഠിക്ക് ഹെയ്” അണെന്ന്.. ലജ്ജാവഹം..!!

    ReplyDelete
  5. ബിനുജോണ്‍December 26, 2012 at 9:24 PM

    ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ശരിയ്ക്കും ഒരു സംശയം തോന്നുന്നു ശരിയ്ക്കും നിങ്ങള്‍ ആരുടെ കൂടെയാണ് ഇരകളുടെ കൂടെയോ...???? അതോ വേട്ടക്കാരന്‍റെ കൂടെയോ...???സംശയം എന്ത് ഇരകളും വേണം വേട്ടക്കാരനും വേണം അതാണ്‌ രാഷ്ട്രിയം ...





    ReplyDelete
  6. എന്നെ വിലയിരുത്തി അഭിപ്രായങ്ങള്‍ അറിയിച്ച അജ്ഞാതന്‍ ,ഷാജു അത്താണിക്കല്‍ ,രാജീവ്‌ എലന്തൂര്‍ ,ബിനു ജോണ്‍ ,പ്രകാശ്‌ നായര്‍ ........എന്‍റെ സ്നേഹാന്വേഷണങ്ങളും നന്ദിയും അറിയ്ക്കുന്നു.

    ReplyDelete