**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, December 4, 2013

കൊടിമുതല്‍ കിര്‍മ്മാണിവരെ;ലൈന്‍ ബിസിയാണ്.


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  നമുക്കുകാണാന്‍ ഒരുപാട് സ്വപ്‌നങ്ങളുള്ള നാടാണിത്... എപ്പോഴും വലിയവലിയ സ്വപ്നങ്ങള്‍ കാണണമെന്നാണ് കലാംസാറും പറഞ്ഞിട്ടുള്ളത്. അങ്ങനെ വലിയൊരു കിണാശ്ശേരി  സ്വപ്നംകണ്ടു സമയംനീക്കുന്നതിനിടയിലാണ് മംഗള്‍യാന്‍ ചൊവ്വയിലേക്ക് പുറപ്പെട്ടത്‌... അമേരിക്ക വലിയതുക ചിലവഴിച്ചു ഒരെണ്ണം ചൊവ്വയ്ക്ക്‌ വിട്ടപ്പോള്‍ ചെറിയ തുകയ്ക്കാണ് നമ്മുടെ പേടകം പോയിരിക്കുന്നത്.. അങ്ങനെ ചിലവ് ചുരുക്കലില്‍ അമേരിക്കയെ തോല്‍പ്പിച്ചുകൊണ്ട് നമ്മള്‍ ചൊവ്വായിലേക്ക്  തിരിച്ചിരിക്കുകയാണ്.. അമേരിക്കയുടെ ഡോളര്‍ കണക്കും നമ്മുടെ രൂപ കണക്കും വെച്ചുള്ള കളിയില്‍ പറഞ്ഞത് സത്യമാണെന്നു വിശ്വസിക്കാം... മംഗള്‍യാനിന്‍റെത് സുതാര്യമായ കണക്കാണെന്നാണ് അവകാശവാദം.. സ്ക്രൂ വാങ്ങാന്‍ ചിലവായ തുകവരെ ബാനര്‍ വലിച്ചുകെട്ടി കവലകള്‍ തോറും സ്ഥാപിച്ചിട്ടുണ്ട്... അതുകൊണ്ടുമാത്രം അമേരിക്ക നമ്മുടെ പിന്നിലായി.... ഇതേ അമേരിക്ക തന്നെ മറ്റൊരു പട്ടിക പുറത്തുവിട്ടിരുന്നു. നമ്മുടെ സോണിയാജി ലോകത്തെ പന്ത്രണ്ടാമത്തെ പണക്കാരിയാണെന്നാണ് ഒരു അമേരിക്കന്‍ വെബ്സൈറ്റ് പറയുന്നത്.. ബ്രിട്ടിഷ് രാജ്ഞിയെക്കാള്‍ സമ്പന്നയാണ്‌ പോലും... രാജ്ഞിയും കുമാരനും നാടുനീളെനടന്നു പണം ദൂര്‍ത്തടിച്ചതിനു നമ്മളെന്തു പിഴച്ചു... കിട്ടണ ഓരോ ചില്ലിയും സൂക്ഷിച്ചുവെച്ചാണ് വെറുതെ കൈയ്യുംവീശി വന്ന നമ്മളിങ്ങനെ പൈസക്കാരിയായത് ..കണ്ടുപഠിക്കാതെ കുറ്റംപറഞ്ഞിട്ടു കാര്യമുണ്ടോ.. വാര്‍ത്തകേട്ടപ്പോള്‍  ഇന്ത്യയിലെ ഞാനടക്കമുള്ള എല്ലാ  ദരിദ്രനാരായണന്‍മാരും അഭിമാനിച്ചതാണ്... കേവലം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്ര സമ്പന്നയാകുക; ആ കഠിനാധ്വാനവും സ്ഥിരോത്സാഹവും മാതൃകയാക്കണമെന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് വെബ്സൈറ്റുകാര്‍ പട്ടിക മാറ്റിയത് .. കണക്കില്‍ പിശകുണ്ട് എന്നാണിപ്പോള്‍ പറയുന്നത് .. സ്ഥാനം പന്ത്രണ്ടിന് മുകളില്‍പ്പോയോ അതോ താഴെപ്പോയോ എന്നൊന്നും വ്യക്തമാക്കുന്നില്ല..ഏതായാലും ഇന്ത്യയ്ക്കെതിരെ ഇക്കാര്യത്തില്‍ ഒരു ഗൂഡാലോചന നടന്നുവെന്നുവേണം കരുതാന്‍... നമ്മള്‍ ഇന്ത്യക്കാരേല്ലാം പരമ ദരിദ്രന്മാരാണെന്നാ അമേരിക്കക്കാരുടെ വിചാരം.. മുഴുത്ത അസൂയയാണ് അവന്മാര്‍ക്ക്... അതാണ്‌ ആദ്യംതന്ന സ്ഥാനം പിന്നിട് തെറ്റാണെന്ന് പറഞ്ഞത്... നമ്മള് പുരോഗമിച്ചത് ഇവരുണ്ടോ അറിയുന്നൂ..
   
  അമേരിക്കന്‍ജയിലുകളില്‍ മനുഷ്യാവകാശലംഘനങ്ങളും പീഡനങ്ങളും സ്ഥിരമായി നടക്കുന്നുവെന്ന വാര്‍ത്ത നിലനില്‍ക്കുമ്പോഴാണ് നമ്മുടെ ജയിലുകളെ കുറിച്ച് ചില അമേരിക്കന്‍ ചാരന്മാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്..  അമേരിക്കന്‍ ജയിലുകളില്‍ മൂന്നുനേരവും ഗോതമ്പുണ്ട മാത്രം വിതരണം ചെയ്യുമ്പോള്‍,, നമ്മുടെ ജയിലുകളില്‍ ബിരിയാണിയും സൂപ്പും വിതരണം ചെയ്യുന്നത് അവര്‍ക്ക് പിടിക്കുന്നില്ല... വര്‍ഷങ്ങളായി പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒരേസെല്ലില്‍ കഴിയേണ്ടിവരുന്ന നിരപരാധികളുടെ കഥകള്‍ പുറത്തുവരുമ്പോള്‍; നമ്മുടെ ജയിലുകളില്‍ ഇന്റര്‍നെറ്റും ടീവിയും ചീട്ടുകളിയും മറ്റ് വിനോദങ്ങളും നടക്കുന്നത് ഈ അമേരിക്കക്കാര്‍ക്ക് തീരെ പിടിക്കുന്നില്ല..ആ ഇറ്റാലിയന്‍ നാവികര്‍ പറഞ്ഞാണ് നമ്മുടെ ജയിലിലെ സുഖവിവരങ്ങള്‍ പുറത്തായത്.. അതുകേട്ടറിഞ്ഞാണ് ഒരമേരിക്കന്‍ കപ്പല്‍ ചില്ലറ വെടിക്കോപ്പുകളുമായി നമ്മുടെ തീരത്തു കറങ്ങിയത്..അന്നു മുക്കുവരൊന്നും കടലില്‍ പോകാഞ്ഞതുകൊണ്ട് ആര്‍ക്കും വെടികൊണ്ടില്ല...അതുകൊണ്ട് ആരും ചത്തുമില്ല... അതുകാരണം ജയില്‍ ബിരിയാണി കഴിക്കാനുള്ള അമേരിക്കക്കാരുടെ ആഗ്രഹം നടന്നില്ല..അവരാണ് ഇപ്പോള്‍ ഈ പാര പണിയുന്നത്... പ്രതികളുടെ മാനസികപരിവര്‍ത്തനം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയകള്‍വഴി  പുറം ലോകവുമായി സല്ലപിക്കാനുള്ള അവസരം, ഐഎ എസ് ,ഐപിഎസ്, എല്‍ എല്‍ ബി തുടങ്ങിയ പരിക്ഷകളെഴുതാന്‍ പരിശീലനം ഒരുക്കുക...എല്ലാറ്റിനും ഉപരിയായി ജയിലില്‍  റിസോട്ടിനു സമാനമായ അന്തരീക്ഷമൊരുക്കിക്കൊണ്ട് ഉല്ലാസപ്രദമായ ഒരു ജീവിതം തടവുപുള്ളികള്‍ക്ക് ഒരുക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ സ്വപ്നം.. നാളത്തെ ഭരണചക്രം തിരിക്കെണ്ടാവര്‍ ഉണ്ടാവേണ്ടത് ജയിലില്‍നിന്നുമാണല്ലോ.. അതിനെതിരെയാണ് ചില പഴഞ്ചന്‍ ചിന്താഗതിക്കാര്‍ രംഗത്തു വന്നിരിക്കുന്നത്.. ജയിലില്‍ ഫേസ് ബുക്ക് പാടില്ല, മൊബൈല്‍ പാടില്ല, ബര്‍മുഡയും കൂളിഗ് ഗ്ലാസ്സും നിരോധിക്കണം  പഴയ കോറത്തുണി തന്നെ ധരിക്കണം  ഇങ്ങനെ പോകുന്നു അവറ്റകളുടെ വാദം.. കാലം മാറിയത് ഇവരൊന്നും അറിയുന്നില്ലേ...  തടവുകാര്‍ക്ക് മനപരിവര്‍ത്തനം വരണമെങ്കില്‍ മാനസികയുല്ലാസം ആവശ്യമാണ്‌ അതിനാണ് ഇതൊക്കെ അനുവദിച്ചിരിക്കുന്നത് വേറെ ഒരു ഗൂഡലക്ഷ്യവുമില്ല...
  
  കുറ്റംചെയ്ത് ജയിലില്‍പ്പോയി പുറത്തുവരുന്ന ഒരാളും അവിടം മോശമാണെന്ന് പറയരുത്. ജയില്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുക.. ഓരോവര്‍ഷവും കൂടുതല്‍ ജനങ്ങളെ ജയിലിലേക്ക് ആകര്‍ഷിക്കുക,,അങ്ങനെ ജയില്‍പ്പുള്ളികളുടെ എണ്ണം വര്‍ധിപ്പിക്കുക.. ഒരു വീട്ടില്‍നിന്നും ഒരാള്‍ ജയിലില്‍  ഇതാണ് നമ്മുടെ സ്വപ്നം... ഇപ്പൊത്തന്നെ നാട്ടില്‍ സാധനങ്ങള്‍ക്കെല്ലാം മുടിഞ്ഞ വിലക്കയറ്റമാണ്.. കറണ്ട്, വെള്ളം എല്ലാത്തിനും വിലകൂടുന്നു... ഒരു വീടുവെയ്ക്കാന്‍ നൂറായിരം പ്രശ്നങ്ങള്‍. വാടകയാണെങ്കില്‍  വര്‍ഷാവര്‍ഷം കൂട്ടുന്നു... ഇനിയൊരു വീടുവെച്ചാലോ കള്ളന്മാരെ പേടിക്കണം...കരമടയ്ക്കണം, മഴവെള്ള സംഭരണി വേണം അങ്ങനെ പോകുന്നു... ഇതിപ്പോ ജയിലിലേക്ക് താമസം മാറുകയാണെങ്കില്‍ ഒന്നും പേടിക്കേണ്ട എല്ലാം ഫ്രീ.. ഇന്റര്‍നെറ്റ്, മൊബൈല്‍,  ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, ഇഡ്ഡലി, ദോശ, സാമ്പാര്‍ എല്ലാം തരാതരം പോലെ... സമയത്ത് ഭക്ഷണം വ്യായാമം വിനോദം ഉറക്കം,,, ഇതൊക്കെ അന്യമാകുന്ന നാട്ടില്‍ ജയില്‍ ഒരു പറുദീസയാക്കാനുള്ള അധികൃതരുടെ സ്വപ്നത്തിന്മേലാണ് ചാനലുകാര്‍ കരിയോയില്‍ ഒഴിച്ചത്..പൊറുക്കില്ല മക്കളെ...

  നാട്ടില്‍നിന്നാല്‍ നാട്ടുകാര്‍ തല്ലിക്കൊല്ലുമെന്ന അവസ്ഥയുള്ളവര്‍ക്കെല്ലാം ചെക്കേറാനുള്ള സ്ഥലമാണ് ഇപ്പോള്‍ ജയില്‍ ..പോലിസ് സംരക്ഷണയില്‍ സുഖമായി കഴിയാം, തിരിച്ചിറങ്ങുമ്പോള്‍ വഴിച്ചിലവിനുള്ള കാശും കിട്ടും.. കാശുതീരുമ്പോള്‍ ആരെയെങ്കിലും തട്ടുക; ഉടനെ ജയിലില്‍ തിരികെ എത്താം... കള്ള്, കഞ്ചാവ്, മൊബൈല്‍ എന്നുവേണ്ടയെല്ലാം അകത്തുകിട്ടും.. പരിശോധനനടക്കുന്ന ദിവസം പത്രങ്ങളിലും ടീവിയിലും അറിയിപ്പുണ്ടാകും. നിയമപ്രകാരമുള്ള മുന്നറിയിപ്പാണത്.. ഇന്ന് ജയിലില്‍ റെയിഡ് നടക്കും.. അറിയിപ്പ് കിട്ടിയശേഷം ഒക്കെ മാറ്റിയാല്‍ മതി..ഇതാണ് നടപ്പ് അവസ്ഥ.. ഇതിനെയാണ് ചാനലുകാര്‍ കണ്ടുപിടിച്ചേ,,,, കണ്ടുപിടിച്ചേ,,,,, എന്നൊക്കെപ്പറഞ്ഞ് ഫ്ലാഷ് അടിക്കുന്നത്.. ഇതൊക്കെ കാലങ്ങളായി നടക്കുന്ന കാര്യമാണെന്ന് അറിയാത്തത് ചാനലുകാര്‍ക്ക് മാത്രമാണ്.. ഏതായാലും ഇങ്ങനെകിടന്നു കൂവുന്ന സ്ഥിതിയ്ക്ക്, തിയതി ദിവസം സമയം  എല്ലാം പ്രസിദ്ധപ്പെടുത്തിയ ശുഭമുഹൂര്‍ത്തത്തില്‍  ഡിജിപിയും  വകുപ്പുമന്ത്രിയും സംയുക്തമായി നടത്തുന്ന ജയില്‍ സന്ദര്‍ശനം, റെയിഡ് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വല്ല താല്‍ക്കാലിക ജീവനക്കാരുമുണ്ടെങ്കില്‍ അവര്‍ക്ക് സസ്പെന്‍ഷനും സ്ഥലം മാറ്റമടക്കമുള്ള ശിക്ഷകളും  കൊടുക്കാനും തീരുമാനമായിട്ടുണ്ട്... പിന്നെ ഈ ജയിലില്‍ മൂട്ടകടി കൂടുതലാണെങ്കില്‍ ഈ ചാന്‍സില്‍ പ്രതികളെയെല്ലാം  അടുത്ത ജയിലേക്ക് മാറ്റും.. അവിടെ നല്ലവണ്ണം മൊബൈല്‍ കവറേജും വൈ ഫൈ യും കിട്ടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്..ഇതോടെ പരിപാടി കഴിഞ്ഞു..എല്ലാം ശുദ്ധിയായി ഇനി പേടിക്കേണ്ട ചാനലുകാരുടെ കടിയും തീരും; ജനത്തിനു സമാധാനവും കിട്ടും...

 കോടികള്‍മുടക്കി ജയിലുകളില്‍ സി സി ടീവിയും, മൊബൈല്‍ ജാമറുകളും, സെര്‍ച്ചുലൈറ്റുകളും പിടിപ്പിച്ചതായി വാര്‍ത്ത‍വരാറുണ്ട്. എന്നിട്ടെന്തായി ഒരാഴ്ചകൊണ്ട് എല്ലാം കേടാക്കുന്നു.. ഇതൊന്നും ഉദ്യോഗസ്ഥര്‍ അറിയുന്നില്ലേ..?.. ജയില്‍വകുപ്പ് കേടായ ഉപകരണങ്ങള്‍  നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ ശ്രമിക്കാറുണ്ടോ.??. സുരക്ഷാവീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരുടെവീഴ്ച തന്നെയാണ്... അതോ ഇങ്ങനെ വീണുകിടക്കാന്‍ ആരുടെയെങ്കിലും നിര്‍ദേശം ഉണ്ടെകില്‍ ഉദ്യോഗസ്ഥര്‍ അത് വ്യക്തമാക്കണം.. അതിനു വകുപ്പുമന്ത്രി ഇപ്പൊ രാജിവെയ്ക്കണമെന്നു കൂവിയിട്ടു കാര്യമില്ല.. മന്ത്രിമാരില്‍നിന്നും വലിയ പ്രതീക്ഷയൊന്നും വേണ്ട.. കാരണം ഒരു മന്ത്രിയ്ക്ക് വകുപ്പുകിട്ടുന്നത് ആ വകുപ്പില്‍ അയാള്‍ക്കുള്ള പരിചയമോ അറിവോ യോഗ്യതയോ നോക്കിയല്ല; കേവലം രാഷ്ട്രിയ വീതംവെപ്പിന്‍റെ ഭാഗമായാണ്.. ജാതി, മത, ഗ്രൂപ്പ് ചിന്തകളാണ് വകുപ്പ് തീരുമാനിക്കലിന്‍റെ യോഗ്യത ...കിട്ടിയ കസേരയില്‍ കുത്തിയിരുന്നു പരമാവധി കയ്യിട്ടുവാരുക, ഭരണസുഖങ്ങള്‍ ആസ്വദിക്കുക, തുടര്‍ച്ചയായ പ്രസ്താവനകള്‍ ഇറക്കുക, ഫയലില്‍ ഒപ്പിടുക, നാട്ടില്‍ മുഴുവന്‍ തറക്കല്ലുനാട്ടുക, നാട മുറിക്കുക,,,, ഇതൊക്കെയാണ് മന്ത്രിമാരുടെ പ്രധാനപരിപാടികള്‍  അതുകൊണ്ട് മന്ത്രി രാജിവെയ്ക്കണമെന്നു പറയുന്നതില്‍ കാര്യമില്ല.. എന്തുകേട്ടാലും ഉടനെ മന്ത്രി രാജിവെയ്ക്കണം എന്നുപറയുന്നവര്‍ ആ കസേരയില്‍ മാത്രം നോക്കിയിരിക്കുന്നവരാണ്... രാജി രാജി എന്നല്ലാതെ വേറൊന്നും അവര്‍ പറയില്ല...കൊടിസുനിയും, കിര്‍മാണി മനോജും, ശാഫിയുമൊക്കെ ഫേസ് ബുക്ക് ഉപയോഗിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്ന് കരുതാന്‍ വയ്യ... ഇതൊക്കെ അറിഞ്ഞിട്ടും കണ്ണടച്ച ഉദ്യോഗസ്ഥരെയാണ് പിടിക്കേണ്ടത്‌..അവരുടെ വിശദീകരണമാണ് ജനത്തിനു കേള്‍ക്കേണ്ടത്.. ഗാര്‍ഡ് തൊട്ടു ഡീജിപി വരെ എത്തുന്ന പരീശീലനം ലഭിച്ച സുശക്തമായ ഒരു സുരക്ഷാസംവിധാനമാണ് ജയില്‍ വകുപ്പിലുള്ളത്.. ബന്ധപ്പെട്ടവര്‍ കണ്ണടയ്ക്കാതെ ഒരു വീഴ്ചയും ജയിലില്‍ ഉണ്ടാകില്ല.. അതുകൊണ്ടുതന്നെ ഇതിനു മറുപടി പറയേണ്ടത് ജയില്‍ ഡിജിപിയാണ്... മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് പ്രശ്നം രാഷ്ട്രിയമാക്കുമ്പോള്‍ സുരക്ഷാവീഴ്ച്ചയും അതിനു കാരണക്കാരും രക്ഷപ്പെടുന്നു... പ്രതികളും, കാരണക്കാരും തങ്ങളുടെ താവളങ്ങള്‍ അടുത്ത ജയിലിലേക്ക് മാറ്റുന്നു; അവിടെയും ഇതൊല്ലാം ആവര്‍ത്തിക്കുന്നു...കൊലപാതകകേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ക്ക് രാജാക്കന്മാരെപ്പോലെ ജയില്‍ ജീവിതം നയിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഉണ്ടാക്കികൊടുക്കുകയും, ജയിലുകള്‍ റിസോട്ടുകളാക്കി മാറ്റുന്നവരെയുമാണ് വെളിച്ചത്തുകൊണ്ടുവരേണ്ടത്...ജയില്‍ അധികാരികള്‍ ഇതിനു കൃത്യമായ ഉത്തരം ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കണം... അതിനുവേണ്ട നടപടികളാണ് വകുപ്പ് മന്ത്രിയില്‍ നിന്നും ഉണ്ടാകേണ്ടത്.. നാട്ടിലിറങ്ങി കൊലപാതങ്ങള്‍ നടത്തുക പിന്നിട് ജയിലുകളില്‍ സുഖവാസം നടത്തുക, ജയിലില്‍ ഇരുന്നുകൊണ്ട് പൊതുജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തുക, സാക്ഷി പറയാനും പ്രതികളുടെ അപ്രിതിക്ക് പാത്രമാകാനും കഴിയാത്തവിധം ജനങ്ങളില്‍ ഭയമുണ്ടാക്കി; നിലവിലുള്ള കേസുകളില്‍നിന്നും രക്ഷപെട്ട് വീണ്ടും പൊതുസമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കാരണമാകുമ്പോള്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്..നിയമ വ്യവസ്ഥയോടുള്ള പുശ്ചമാണ് കാണിക്കുന്നത്.. പ്രതികള്‍ക്കൊരു ഗോഡ് ഫാദര്‍ ഉണ്ടെങ്കില്‍ ഏതുനിയമവും വഴിമാറുന്ന മാഫിയാ അവസ്ഥ നമ്മുടെ ജയിലുകളില്‍ സംജാതമായാല്‍... കുറ്റവാളികള്‍ സമൂഹത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കന്ന കാലം വിദൂരമല്ല ... സുരക്ഷാവീഴ്ചകളുണ്ടായാല്‍ കാരണക്കാര്‍ക്കെരെ ഉടനടി നടപടിയെടുക്കണം. നടപടി ബലിയാടുകളെ സൃഷ്ടിക്കാന്‍വേണ്ടിമാത്രമാവരുത്. ശുദ്ധികലാശം തുടങ്ങേണ്ടത് മുകളില്‍നിന്നുമാണ്  അടിത്തട്ടിലെ കേവലം താല്‍ക്കാലികജീവനക്കാരില്‍  നിന്നല്ല... 

6 comments:

 1. എല്ലാം ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റയും ഭാഗമായത്തോടെ നാട്ടിലുള്ള സകലത്തിനും ഒരു രാഷ്ട്രീയചായ വന്നു. ഒരു വൃത്തിക്കെട്ട ചായ.ഒരു തരത്തില്‍ നോക്കിയാല്‍ ചിലര്‍ക്ക് ഇതു ദൈവത്തിന്റെ സ്വന്തം നാട് തന്നെ.

  ReplyDelete
 2. ഇപ്പഴാണ് ദൈവത്തിന്റെ സ്വന്തം നാട് ആയത്. അഭിമാനിക്കൂ

  ReplyDelete
 3. വേറിട്ടു നില്‍ക്കുന്ന നിരീക്ഷണം.... നന്നായിട്ടുണ്ട്.
  ഇപ്പോള്‍ കുറച്ചു കാലമായി ചെകുത്താന്മാരുടെ മാത്രം നാടായി മാറിയിരിക്കുന്നൂ കേരളം... സഹനത്തിനും ഒരു പരിധിയുണ്ട്... അത്ര മാത്രം....

  ReplyDelete
 4. നമ്മുടെ നാടിന്‍റെ ഭരണത്തില്‍ മാഫിയകള്‍ പിടിമുറുക്കിയിരിക്കുന്നു വെന്നു വ്യക്തം ... അധികാരവും പണവും ശക്തിയും ഉണ്ടെങ്കില്‍ നിയമം ഭയന്ന് പിന്മാറുന്നു.. കുറ്റങ്ങള്‍ക്ക് ശിക്ഷ യാണ് ജയില്‍വാസം എന്നത് താല്‍ക്കാലിക വിശ്രമത്തിന് ഒരു പറുദീസാ എന്നു മാറ്റിപറയേണ്ടി വരുന്നു

  ReplyDelete
 5. തടവുകാരും മാനുഷികപരിഗണന അര്‍ഹിക്കുന്നില്ലേ -
  മനുഷ്യസ്നേഹി ആയ ജയരാജ് പറഞ്ഞതാണ് !

  ReplyDelete
 6. അന്നു മുക്കുവരൊന്നും കടലില്‍ പോകാഞ്ഞതുകൊണ്ട്...

  I was in ocean on that day... I disagree this :)

  poochakkaru mani kettum?

  ReplyDelete