**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, December 13, 2013

ഇന്‍ഡ്യനില്‍ നിന്നും കേജരിവാളിലേക്ക്.................


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  അങ്ങനെ ആ ദിവസം വന്നെത്തി കുട്ടികളുടെ വിളവെടുപ്പുല്‍സവം.. മാസങ്ങള്‍ക്ക് മുന്പ് കാടുപിടിച്ചുകിടന്നിരുന്ന സ്കൂള്‍ പരിസരം നല്ല ഒന്നാംതരമൊരു പച്ചക്കറിത്തോട്ടമായി രൂപാന്തരപ്പെട്ടിരിക്കുന്നു. തക്കാളിയും, വെണ്ടയും, വഴുതനയും, ചീരയുമെല്ലാം തലയെടുപ്പോടെ നില്‍ക്കുന്നു.. ചേനയും, ചെമ്പും കരുത്തോടെ വളരുന്നു..മത്തനും, കുമ്പളവും, പാവലും, പടവലവുമെല്ലാം നാട്ടിക്കൊടുത്ത തൂണിന്മേല്‍ പടര്‍ന്നുകയറി നിറയെ ഫലങ്ങളുമായി തണല്‍ വിരിച്ചിരിക്കുന്നു.. ആദ്യ വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും സന്തോഷം... എല്ലാ വിഷയങ്ങളിലും സ്ഥിരം വട്ടപ്പൂജ്യം വാങ്ങി പരിഹാസ്യനാകുന്ന പിന്‍ബഞ്ചുകാരന്‍ കുട്ടപ്പന്‍ സ്വന്തം പരിലാളനയില്‍ വിളയിച്ചെടുത്ത അമ്പതുകിലോയോളം വരുന്ന മരച്ചീനിയുമായി തന്‍റെ പാത വെട്ടിത്തുറന്നതിന്‍റെ സന്തോഷത്താല്‍ അഭിമാനത്തോടെ നില്‍ക്കുന്നു.. സ്വന്തം മക്കളുടെ അധ്വാനത്തിന്‍റെ ഫലങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ മത്സരിക്കുന്നു..പാഴായിക്കിടന്ന സ്ഥലത്തുനിന്നും രുചികരമായ ഒരു ഭക്ഷ്യസംസ്ക്കാരത്തിനു തുടക്കം കുറിക്കാന്‍ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളുടെ അധ്വാനത്തിന് കഴിഞ്ഞിരിക്കുന്നു.. അവരുടെതായ ലോകത്ത് നിര്‍ദേശങ്ങള്‍ കൊടുക്കുകമാത്രമേ അധ്യാപകര്‍ക്ക് ചെയ്തിരുന്നുള്ളൂ ..കതിരില്‍ വളം വെയ്ക്കുന്ന വിദ്യാഭ്യാസമല്ല  വിത്തുവിതയ്ക്കാന്‍ നിലമൊരുക്കിക്കൊണ്ടുള്ള വിദ്യാഭ്യാസമാണ് നാടിനാവശ്യമെന്നു കാലം തെളിയിച്ചിരിക്കുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്ന വിദ്യാഭ്യാസമാണ് കൂടുതല്‍ നല്ലെതെന്ന്  തെളിഞ്ഞിരിക്കുന്നു.
     തങ്ങളുടെ കൃഷിസ്ഥലത്ത്‌ വളരുന്ന കളകളും പാഴ്ച്ചെടികളും  ശ്രദ്ധാപൂര്‍വ്വം പറിച്ചുകളഞ്ഞുകൊണ്ട്  വിത്തുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതോടൊപ്പം മനസ്സിലേയും സമൂഹത്തിലേയും കളകള്‍ക്കെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും കുട്ടിക്കള്‍ക്കിതൊരു പരിശീലനക്കളരിയായി. വിളവെടുത്ത എല്ലാ ഫലങ്ങളും ചൂടപ്പം പോലെ വിറ്റുപോയി..  കിട്ടിയ ലഭംകൊണ്ട് അവര്‍ ഒരു സഹപാഠിയുടെ ചിലക്സയ്ക്കാവശ്യമായ ധനസഹായവും നല്‍കി.. പഠനം എന്നാല്‍ കേവലം പുസ്തകങ്ങളെ വിഴുങ്ങല്‍ മാത്രമാല്ലന്നും പരിസ്ഥിതിയും സഹജീവികളുമായുള്ള നിരന്തരമായ സംവേദനം കൂടിയാണെന്നും, വളരുംതോറും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം അകലാതെ അടുക്കുകയാണ് വേണ്ടതെന്നും, ഒരുനാള്‍ നാമെല്ലാവരും ഈ മണ്ണിലേക്ക് മടങ്ങേണ്ടവരാണെന്നുമുള്ള ബോധം വളര്‍ത്താനുതകുന്ന നല്ലൊരു മാര്‍ഗ്ഗമായി ഈ കുട്ടികൃഷിയെ കാണാന്‍ സാധിച്ചു..
  ഉത്തമമായ ഫലം കിട്ടണമെങ്കില്‍ നമ്മുടെ കൃഷിയിടങ്ങളിലും പരിസരങ്ങളിലും വളരുന്ന കളകളെ നീക്കണമെന്ന് കുട്ടികള്‍ പഠിച്ചു.. കൃഷിയിടങ്ങളിലെ കളകളെ പിഴുതുമാറ്റുന്നതോടൊപ്പം അവര്‍ ജീവിക്കുന്ന സമൂഹത്തിലെ കളകളെക്കുറിച്ചും അവരോടു സംസാരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും  കഴിഞ്ഞു.............
  “നമ്മള്‍ ഇപ്പോള്‍ പറിച്ചുമാറ്റിയത് കൃഷിയിടത്തിലെ കളകളെയാണ്... നമ്മുടെ സമൂഹത്തിലും ഇതുപോലെ നമ്മുടെ വളര്‍ച്ച മുരുടിപ്പിക്കുന്ന കളകളില്ലേ..............?
           ഉണ്ട്..................
  നിങ്ങള്‍ അതിനെ എങ്ങനെ പിഴുതുകളയും..??
ഒരാള്‍ പറഞ്ഞു; ഞാനൊരു ഇന്‍ഡ്യനാകും..
   ഇന്‍ഡ്യനൊ അതാരാണ്...............?
  സാറിനു അറിയില്ലേ ഇന്‍ഡ്യനെ; കമലാഹാസന്‍റെ സേനാപതിയെന്ന ഇന്‍ഡ്യന്‍...
മറ്റൊരാള്‍ പറഞ്ഞു: എനിക്ക് അരവിന്ദ് കേജരിവാളിനെപ്പോലെ ആകണമെന്ന് .. ചൂലായിരിക്കും എന്‍റെ ആയുധമെന്ന്...

  നമ്മുടെ കുട്ടികള്‍ നല്ലവരാണ്. ചിന്താശേക്ഷി ഉള്ളവരാണ് ..എങ്ങനെ നാടിനെ രക്ഷിക്കാമെന്ന് അവര്‍ ചിന്തിക്കുന്നു. പൊതുസമൂഹത്തിലും മറ്റു മുഖ്യാധാര ഉപാധികളിലും അവര്‍ അതിനുപറ്റിയ രൂപങ്ങളെ തിരയുന്നു..കണ്ടെത്തുന്നു.. ഏതെങ്കിലും പ്രഖ്യാപിത രാഷ്ട്രിയനേതാവിന്‍റെയോ, മതനേതാവിന്‍റെയോ, താരരാജാക്കന്മാരുടെയോ ഒറ്റ പേരുകള്‍ പോലും ആരും പറഞ്ഞില്ല... ഇന്‍ഡ്യന്‍ എന്ന പ്രതികത്തെയും കേജരിവാള്‍ എന്ന അഴിമതി വിമുക്തസങ്കലപ്ത്തെയും നമ്മുടെ കുട്ടികള്‍ മനസാ വരിച്ചുകഴിഞ്ഞിരിക്കുന്നു.. ചെറുപ്രായത്തില്‍ തന്നെ അവര്‍ നെല്ലും പതിരും തിരിച്ചറിയുന്നു..
  വളരുമ്പോള്‍ നിങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്യുന്നത് ..?
    അരവിന്ദ് കേജരിവളിനു............. .
     എന്തുകൊണ്ട്..
      അദേഹം നല്ല മനുഷ്യനാണ് ..
       എന്താണ് അദേഹത്തിലെ നന്മ...
         അഴിമതിയും കൈക്കൂലിയും ഇല്ല...

അഴിമതിയും കൈക്കൂലിയും ഇല്ലാത്ത ഒരു കാലം നമ്മുടെ കുട്ടികളും സ്വപനം കാണാന്‍ തുടങ്ങിയിരിക്കുന്നു. അതിലേക്കായി അവര്‍ നേതൃത്വങ്ങളെ തിരയാന്‍ തുടങ്ങിയിരിക്കുന്നു..ഇതൊരു നല്ല ലക്ഷണം തന്നെയാണ്...
  ഇന്‍ഡ്യന്‍ എന്ന സിനിമയില്‍ തനിക്ക് അര്‍ഹതപ്പെട്ട സഹായധനം ലഭിക്കാന്‍ നിമിത്തമായ  ‘സേനാപതി’ എന്ന കഥാപാത്രത്തെക്കുറിച്ച് അഴിമതിയുടെയും കോഴയുടെയും ജീവിക്കുന്ന ഉദാഹരണമായ ഒരു സ്ത്രീ (മനോരമ)പറയുന്ന ചില വാക്കുകള്‍ ഉണ്ട്.... “....സാറേ ആ കാര്‍ന്നോരോട് (ഇന്‍ഡ്യന്‍)ഇലക്ഷനില്‍ മത്സരിക്കാന്‍ പറ എന്‍റെ വോട്ട് അങ്ങേര്‍ക്കാ....” സിനിമയില്‍ പറഞ്ഞ ആ ഡയലോഗിന്‍റെ മറ്റൊരു വശമാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കണ്ടത്.. അഴിമതി കണ്ടു മടുത്ത ജനം മറ്റൊന്നില്‍ പ്രത്യാശ അര്‍പ്പിക്കുന്ന കാഴ്ച.. ആത്യന്തികമായി അഴിമതിയും കുറ്റകൃത്യങ്ങളും കുറയണമെങ്കില്‍ ശിക്ഷയെക്കുറിച്ചുള്ള ഭയം ഉണ്ടാകണം. ഒന്നിനേയും പേടിക്കേണ്ട എന്ന അവസ്ഥ വരുമ്പോള്‍ എല്ലാ ദ്രോഹങ്ങളും തഴച്ചുവളരുന്നു. കുറ്റത്തിന് ശിക്ഷ ഉറപ്പാണെന്ന അവസ്ഥ വരുമ്പോള്‍ ശിക്ഷഭയന്ന് കുറ്റംചെയ്യാനുള്ള പ്രേരണയും കുറയുന്നു. സേനാപതി എന്ന കഥാപാത്രം കുറ്റത്തിന് ശിക്ഷ വിധിക്കുന്ന ഒരു വിധികര്‍ത്താവായി സിനിമയില്‍ നിറഞ്ഞപ്പോള്‍ ജനങ്ങള്‍ ആ സിനിമയെ ഏറ്റെടുത്തു.. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കഥാപാത്രത്തെ അവര്‍ വെള്ളിത്തിരയില്‍ കണ്ടെത്തി....പക്ഷെ കുറ്റങ്ങള്‍ക്ക് ശക്തമായ ശിക്ഷ നടപ്പാക്കുന്ന ഈ കഥാപാത്രത്തിന് സംഘടിത അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള പ്രത്യാക്രമണം ഭയന്ന്‍ തിരശ്ശിലയ്ക്ക് പിറകില്‍ നില്‍ക്കാനേ കഴിയൂ... ശിക്ഷ; നിയമത്തിനു വിട്ടുകൊടുത്തുകൊണ്ട്‌ ആയുധം എടുക്കാതെയുള്ള ഒരു സേനാപതിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാണോ കേജരിവാള്‍ എന്നാണിനി അറിയേണ്ടത്...   1996- ല്‍ പുറത്തിറങ്ങിയ സിനിമയിലെ സേനാപതി എന്ന കഥാപാത്രം; ജനകീയ വേഷത്തില്‍ ആയുധം എടുക്കാതെ ജനാധിപത്യരീതിയില്‍ അഴിമതിയ്ക്കും കുറ്റകൃത്യങ്ങല്‍ക്കുമെതിരെ ചൂല്‍ ആയുധമാക്കി കേജരിവാളിലൂടെ തെരുവില്‍ ഇറങ്ങിയപ്പോള്‍ സാധാരണജനത്തില്‍ വീണ്ടും പ്രതീക്ഷ സജീവമാകുന്നു.. അഴിമതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ ജനമദ്ധ്യത്തില്‍ നിന്നുകൊണ്ട് പ്രതികരിക്കുന്ന ഒരു നേതൃത്വം ഉണ്ടായപ്പോള്‍ ജനം അവരുടെ കൂടെ നില്‍ക്കുന്നു.. നടപ്പ് ജനാധിപത്യത്തില്‍ അടിഞ്ഞുകൂടിയ ചവറുകളെ അടിച്ചുവാരിക്കളഞ്ഞ് പുണ്യാഹം തളിക്കാനുള്ള ആദ്യ അംഗികാരം ജനങ്ങള്‍ കേജരിവാളിനെയും കൂട്ടരെയും ഏല്‍പ്പിച്ചുകഴിഞ്ഞു...പൊതുജനം എന്നയിനം കഴുതകളുടെ തലയിലെ കളിമണ്ണ്‍ കാലാന്തരത്തില്‍ പരിണാമംമൂലം ബുദ്ധിയുള്ള തലച്ചോറായി മാറുന്നു എന്നതിന്‍റെ തെളിവാണിത്...വളര്‍ന്നുവരുന്ന കൊച്ചുതലമുറയും ചൂല്‍ കൈയ്യിലെടുക്കും എന്നു മറയില്ലാതെ പ്രഖ്യാപിക്കുമ്പോള്‍.... ഇനിയും മാറ്റങ്ങള്‍ പ്രതിക്ഷിക്കാം... കുടുംബാധിപത്യവും, വര്‍ഗ്ഗാധിപത്യവും, മതാധിപത്യവും, തീവ്രദേശിയതയും,,,ജനങ്ങളുടെ വിശപ്പ് മാറ്റാനുള്ള രുചികരമായ ഭക്ഷണമാണെന്ന  വ്യാജേനെ നമ്മുടെ മുന്നിലേക്ക് വച്ചുനീട്ടിയിരുന്ന പാരമ്പര്യ രാഷ്ട്രിയപ്പാര്ട്ടികളെ അടിച്ചുപുറത്താക്കാനുള്ള ഒരു ബദല്‍ ഉണ്ടെന്നുള്ള ഭയം നമ്മുടെ രാഷ്ട്രിയലോകത്ത്‌ നല്ലൊരു മാറ്റം ഉണ്ടാക്കുമെന്ന് പ്രത്യാശിക്കാം... അഭ്രപാളികളിലെ ഇന്‍ഡ്യനെ മുഖ്യധാരയിലേക്ക് ഇറക്കിയ ആം ആദ്മി പാര്‍ട്ടിയും കേജരിവാളും പുതിയൊരു ലോകം തുറക്കട്ടെ..  

4 comments:

 1. യാഥാര്‍ത്ഥ്യങ്ങളിലേക്ക് അടുക്കുമ്പോള്‍ കര്‍ത്തവ്യങ്ങള്‍ മറക്കാതിരിക്കട്ടെ!
  ആശംസകള്‍

  ReplyDelete
 2. ആകാശത്തോളം പ്രതീക്ഷയുണ്ട് ........ഒരു നവഭാരതം ഉണരട്ടെ

  ReplyDelete
 3. പാര്‍ക്കലാം!!

  ReplyDelete