**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, December 31, 2013

ഈ വര്‍ഷം ഇനി സമരമില്ല .......


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍          
    അങ്ങനെ ഒടുവില്‍ അതും സംഭവിച്ചു...സോളാര്‍ സമരം അവസാനിപ്പിച്ചു.... കൊണ്ടുനടന്നതും നീയേ ചാപ്പാ,,, കൊണ്ടുപോയിക്കൊല്ലിച്ചതും നീയേ ചാപ്പാ,,, എന്നേ മൊത്തത്തില്‍ നോക്കിയാല്‍ പറയാന്‍ കഴിയൂ.. ആരോപണങ്ങള്‍ എല്ലാം തുടങ്ങിയെടുത്തു തന്നെ ഇപ്പോഴും നില്‍ക്കുന്നു... പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ജ്യൂഡിഷ്യല്‍ കമ്മിഷന്‍ ഇപ്പോഴും കട്ടപുറത്തുതന്നെ.. മുഖ്യമന്ത്രിയുടെ ആപ്പിസും ഉള്‍പ്പെടുമെന്നത് ഉണ്ടയില്ലാ വെടിയായി.. എന്നിട്ടും സമരം വിജയമായിരുന്നുവെന്നാണ് വിലയിരുത്തല്‍.... ശരിക്കുള്ള ഇരുത്തല്‍ പ്രകാരം; ഇനിയും ഈ സമരവുംകൊണ്ട് നടന്നാല്‍ ചൂലിനുള്ള അടിസാദ്ധ്യത കണ്ടതുകൊണ്ടാണ് ഈ പരമ്പര സമരം നിറുത്തിയതെന്നു ആം ആദ്മികള്‍ പറയുന്നു... ഒരു കണക്കിന് നന്നായി, അടുത്തവര്‍ഷം മുതല്‍ അനാവശ്യസമരങ്ങള്‍ ഉണ്ടാവില്ലെന്നും അത്യാവശ്യസമരങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും അതും ജനങ്ങളുടെ ഇടയില്‍ അഭിപ്രായസര്‍വ്വേ നടത്തി ഭൂരിപക്ഷതീരുമാനം ഉണ്ടെങ്കില്‍ മാത്രമേ സമരങ്ങള്‍ തുടങ്ങൂവെന്നും എല്ലാ രാഷ്ട്രിയപ്പാര്‍ട്ടികളും ഈ പുതുവര്‍ഷത്തില്‍ തീരുമാനം എടുക്കട്ടെ... എല്ലാ സമരങ്ങളും ജനത്തിനു വേണ്ടിയാണല്ലോ ആ ജനംതന്നെ തീരുമാനിക്കട്ടെ സമരങ്ങള്‍ വേണമോയെന്ന്... സദ്‌ഭരണം മൂലം ഈ തിരഞ്ഞെടുപ്പില്‍ അക്കൌണ്ടില്‍ സീറോ ആകാനാണ് സാദ്ധ്യതയെന്നു ഭരണവിഭാഗം ജ്യോതിഷികളും പ്രവചിച്ചിരിക്കുന്നു...സ്വയം വിലയിരുത്തലില്‍നിന്നും പാഠങ്ങള്‍ പഠിച്ചാല്‍ കൊള്ളാം....
  കുങ്കുമപ്പൂവ്,പാരിജാതം, സ്ത്രീ, മാനസപുത്രി തുടങ്ങിയ ഒരിക്കലും അവസാനിക്കാത്ത സീരിയലുകള്‍ കണ്ടു കണ്ണുതള്ളിയ പ്രേക്ഷകരുടെ മുന്നിലേക്കാണ്‌ മുഖ്യമന്ത്രിയുടെ രാജി അഥവ സോളാര്‍ സമരം എന്ന സീരിയല്‍സമരം ആരംഭിച്ചത്.. തുടക്കത്തില്‍ നല്ല റേറ്റിംഗ് ആയിരുന്നു... ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി രാജിയാവുമെന്നുവരെ കരുതിയതാണ്... ഓരിയിടല്‍,  വഴിതടയലുകള്‍, അര്‍ദ്ധരാത്രി സെക്രട്ടറിയേറ്റുവളയല്‍, കോലം കത്തിക്കല്‍, പന്തംകൊളുത്തി പ്രകടനം...തുടങ്ങിയ മുഖ്യധാര പ്രതിഷേധങ്ങളും.. സ്റ്റുഡിയോ റൂമുകളിലെ ചില ഭയങ്കര വെളിപ്പെടുത്തലുകള്‍, കാതില്‍ കിന്നരിക്കുന്ന ചില ക്യാമറ ദ്രെശ്യങ്ങള്‍. എന്നിങ്ങനെ കഥാ തിരക്കഥ മേഖലകളില്‍ തികഞ്ഞ വെറൈറ്റി പുലര്‍ത്തി  കേരളിയരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തിയ നിമിഷങ്ങള്‍ ഈ പരമ്പര സമരത്തില്‍ ധാരാളം ഉണ്ടായിരുന്നു.. സരിത, ശാലു, ബിജു ,പാവം പയ്യന്‍, കോപ്പന്‍, ചക്കുമോന്‍, സലിം രാജന്‍ തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും സാമാന്യം നല്ല രീതിയില്‍ അഭിനയിച്ചു... കേരളത്തില്‍ ആദ്യമായി നിരീക്ഷണ ക്യാമറകളും പ്രധാനവേഷത്തില്‍ എത്തിയ ഒരു പരമ്പരയായിരിന്നു ഇത്.. ഒരോ ദിവസത്തെയും വെളിപ്പെടുത്തലുകളുടെ ജയപരാജയങ്ങളെക്കുറിച്ചു വൈകുന്നേരം സകലമാന മലയാളം ചാനലുകളും ചര്‍ച്ചകള്‍ നടത്തി... പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന രീതിയില്‍ നായകകഥാപാത്രമായ മുഖ്യമന്ത്രി; കസേരയില്‍ ഒരേപിടുത്തം തുടര്‍ന്നപ്പോളാണ്... അനശ്ചിതകാല സെക്രട്ടറിയേറ്റ് വളയല്‍ എന്നൊരു പ്രത്യേക എപ്പിസോഡ് തന്നെ ഇറക്കിയത്... എതിരാളികള്‍ അതിനെ തൂറല്‍ സമരം എന്നാണ് വിശേഷിപ്പിച്ചത്‌.. അങ്ങനെ കേരളത്തില്‍ തൂറല്‍ സമരം എന്നൊരു സമരംതന്നെ ഉണ്ടായി...എന്നാല്‍ അനശ്ചിതകാലസമരം പലരെയും അനശ്ചിതത്വത്തിലാക്കി വെറും ഒന്നരദിവസംകൊണ്ട് നിറുത്തി... അതിനു പിന്നിലുള്ള ദുരൂഹത ബര്‍മ്മൂടാ ട്രയാംഗിള്‍ പോലെ ഇപ്പോഴും നിഗൂഢമായി തുടരുന്നു.. ഒരിക്കലും നടക്കാത്ത  ഒരുഗ്രന്‍ കമ്മീഷനെ വയ്ക്കാമെന്ന് സര്‍ക്കാര്‍ ഓഫാര്‍ കൊടുക്കുന്നു... സര്‍ക്കാരിനെ വിശ്വസിച്ച് പ്രതിപക്ഷം സമരംനിറുത്തുന്നു.. അന്ശ്ചിതകാലസെക്രട്ടറിയേറ്റ് സമരം സ്വപ്നംകണ്ട് ഭാണ്ടവും മുറുക്കി വന്ന അണികളെല്ലാം ഒന്നരദിവസം കൊണ്ട് മടങ്ങേണ്ടിവരുന്നു... സമരം വിജയിച്ചുവെന്ന് അന്നേ എല്ലാവര്‍ക്കും മനസ്സിലായതാണ്... പരിപാടി അന്നേ നിറുത്തിയിരുന്നുവെങ്കില്‍ പിന്നീട് നടന്ന സന്ധ്യാതാണ്ഡവവും കൊച്ചുമുതലാളിയുടെ അഞ്ചുലക്ഷവും ഇത്രകണ്ട് പ്രശസ്തമാവുകയില്ലായിരുന്നു... ഇതിനിടെ കരിങ്കൊടിസമരം നടത്തി ഒടുക്കം ഒരു സഖാവിന്‍റെ ജനനേന്ദ്രിയംവരെ തകരുന്ന അവസ്ഥവന്നു... എന്നിട്ടും നിറുത്തിയില്ല  തുടര്‍ന്ന്‍ ക്ലിഫ് ഹൌസ് ഉപരോധം എന്നൊരു ഊക്കാന്‍ സമരം തുടങ്ങി അവിടെയിതാ സന്ധ്യയെന്നൊരു പെണ്ണുമ്പിള്ള ബഹളം വയ്ക്കുന്നു.. തുടര്‍ന്ന്‍ വഴിതടയല്‍ സമരം എന്നത് ചെറുവാഹനങ്ങള്‍ കടന്നുപോകാനുള്ള വഴി കൊടുത്തുള്ള സമരമായി മാറി... ക്ലിഫ് ഹൌസിനു ഒരു കിലോമീറ്റര്‍ അകലെ കുറേ അണ്ണന്മാര്‍ രാവിലെ വരും, പത്തുമിനുട്ട് കുത്തിയിരിക്കും, പോലിസ് അറസ്റ്റ് നടത്തും, പിരിഞ്ഞു പോകും ഇതായിരുന്നു പരിപാടി..ഇതിനിടെ സമരത്തിന്‍റെ റേറ്റിംഗ് കുറഞ്ഞുകുറഞ്ഞ് നൂലുപോലെയായി... അന്തിപ്പത്രക്കാരന്‍ പോലും ഗൌനികാത്ത അവസ്ഥയായപ്പോള്‍,,, ടിം അതും പിന്‍വലിച്ചു,,ഇതിനെയാണ് വിജയം എന്നൊക്കെ പറയുന്നത്..
   ഇനിയിപ്പോ നിയമസഭയ്ക്കുള്ളിലാണ് സമരംപോലും..... വേണ്ടേ,,,, അതു വേണ്ടേ,,, അവിടെ സമരംചെയ്തും, ബഹളംവച്ചും, ഇറങ്ങിപ്പോക്ക് നടത്തിയും, അങ്ങോട്ടും ഇങ്ങോട്ടും പോര്‍വിളികള്‍ നടത്തിയും, രണ്ടുകൂട്ടരും സമയം കളയുമ്പോള്‍ ജനങ്ങളുടെ പൊതുഖജനാവിലെ പണമാണ്  ഉപകാരമില്ലാതെ കളയുന്നത്.. ജനകീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും, ജനോപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കാനും, വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമാണ് ജനപ്രതിനിധികളെന്ന പേരില്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്.. നിങ്ങളുടെ തറ രാഷ്ട്രിയം കളിക്കാനുള്ള വേദിയായി നിയമസഭയെ മാറ്റരുത്... ഭരണത്തിന്‍റെ മികവു കൊണ്ട് വരുന്ന ഇലക്ഷനില്‍ പച്ചതൊടുകയില്ലന്നു ഭരണപ്പാര്‍ട്ടിയുടെ കണക്കെടുപ്പുകള്‍ തന്നെ വ്യക്തമാക്കുന്നു... ഇനിയിപ്പോ പന്ത് നമ്മുടെ കോര്‍ട്ടിലേക്ക് തന്നെവരും അതുകൊണ്ട് ആരെയും പേടിക്കേണ്ടയെന്നു പ്രതിപക്ഷവും കരുതുന്നു... സത്യത്തില്‍ ജനംവീണ്ടും വിഡ്ഢികളാവുന്നു...
   നമ്മുടെ നിയമസഭ ഈ വര്‍ഷം ആകെ  കൂടിയത് വെറും 37 ദിവസമാണ്...എന്നാല്‍ അതിനു വന്ന ചിലവ് ഏതാണ്ട്  64 കോടി രൂപവരും.. എന്തൊക്കെ ചര്‍ച്ചകള്‍ സഭയില്‍ നടന്നു... എന്തൊക്കെ തീരുമാനങ്ങള്‍ എടുത്തു.. സഭ കൂടിയാലും ഇല്ലെങ്കിലും അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളം മുടക്കം കൂടാതെ കൊടുക്കണം... പൊലീസിന്‍റെ സുരക്ഷാക്രമീകരണത്തിനും, ചോദ്യോത്തരവും സബ്മിഷനുകളുടെ മറുപടിയും മറ്റു കുറിപ്പുകള്‍  തയ്യാറാക്കുന്നതിനും ഓരോ സമ്മേളനകാലത്തും വിവിധ സർക്കാർ വകുപ്പുകൾ ചെലവഴിക്കുന്ന കോടികൾ മുകളില്‍ പറഞ്ഞ കോടികളില്‍ പെടുന്നില്ല.... അതുവേറെകിടക്കുന്നു. ഇത്രമാത്രം പണം മുടക്കി സഭ കൂടുമ്പോള്‍  അതില്‍ ജനങ്ങള്‍ക്ക് ഉപകരപ്പെടുന്ന എന്തെങ്കിലും വേണ്ടേ.. ...
ഈ സഭ നിലവിൽ വന്ന ശേഷമുള്ള സമ്മേളനങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം എത്ര  തവണ ഇറങ്ങിപ്പോയി. എത്ര  പ്രാവശ്യം നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസപ്പെടുത്തി. ഒരു മിനിട്ട് സഭ സമ്മേളിക്കുന്നതിന് ഖജനാവിൽ നിന്ന് 1230 രൂപയാണ്  ചെലവഴിക്കപ്പെടുന്നത്...അപ്പോള്‍  നിസാരകാര്യങ്ങൾക്കു പോലുമുള്ള  ഇറങ്ങിപ്പോക്കിനെ എങ്ങനെ ന്യായികരിക്കാന്‍ കഴിയും...  
 ഇതില്‍ ഏറ്റവും രസകരം സഭാനടപടികൾ തടസപ്പെട്ടാലും ഇറങ്ങിപ്പോക്ക് നടത്തുന്ന അംഗങ്ങൾക്കടക്കം  ദിവസവും 750 രൂപ വീതം സിറ്റിംഗ് അലവൻസ് ലഭിക്കും. സഭയില്‍ കൃത്യമായി വരാതെതന്നെ അടുത്ത ദിവസമെത്തി തലേദിവസത്തെ ഹാജർകൂടി രേഖപ്പെടുത്തി സിറ്റിംഗ് ഫീസ് വാങ്ങുന്ന പ്രതിനിധികളും ധാരാളം. തലസ്ഥാനത്തോട് അടുത്തുകിടക്കുന്ന  ജില്ലകളിൽ നിന്നുള്ള എം.എൽ.എമാർക്ക് ഒരു മാസം 40, 500 രൂപ ശമ്പളമായി ലഭിക്കും. മറ്റ് ജില്ലകളിലെ എം.എൽ.എമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്ററിന് എട്ടു രൂപ കണക്കില്‍ യാത്രാബത്തയും കിട്ടുന്നു... ഇതിനു പുറമേ സഭയുടെ കമ്മിറ്റികൾ ചേരുകയാണെങ്കിൽ സിറ്റിംഗ് ഫീസായി 750 രൂപ വേറെ ലഭിക്കും.
ഏതെങ്കിലും കമ്മറ്റിയില്‍ ഇല്ലാത്ത ഒരു പ്രതിനിധിയും ഉണ്ടാവില്ലയെന്നത് വേറെ കാര്യം.. നമ്മുടെ ജനപ്രതിനിധികള്‍ വായിച്ചു വളരാന്‍ പുസ്തകങ്ങൾ വാങ്ങാനായി  ഒരു വർഷം 15,000 രൂപയുടെ അലവൻസുണ്ട്.എന്തുപുസ്തകമാണ് ഇവര്‍ വായിക്കുന്നത്..അതുംകൂടി വെളിപ്പെടുത്തിയാല്‍ കൊള്ളാമായിരുന്നു.. വീടു വയ്ക്കാൻ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. വാഹനം വാങ്ങാൻ നൽകുക അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയാണ്. ഇതിനുപുറമേ കറന്റ് ഫോണ്‍ തുടങ്ങി ഇങ്ങേയറ്റം ചായ വട എന്നുവേണ്ട എല്ലാ അലവന്‍സുകളും കിടക്കുന്നു...
 നാട്ടില്‍  പട്ടിണിപ്പാവങ്ങള്‍ വരെ ഇമ്മാതിരിയുള്ള ഒരിളവും ലഭിക്കാതെ ജീവിക്കാനുള്ള വക കണ്ടെത്താന്‍ തത്രപ്പെടുമ്പോഴാണ് ഇങ്ങനെ ഇറങ്ങിപ്പോക്ക് നടത്താനും, തറ രാഷ്ട്രിയം കളിക്കാനും, പെണ്ണുപിടിക്കാനും വിദേശയാത്ര നടത്താനും നമ്മള്‍ പ്രതിനിധികളെ അയക്കുന്നത്.. പൊതുജനം കഴുതയാണെന്നു പറയുന്നതിലെ ഗുട്ടന്‍സ് അതാണ്‌... എന്തൊക്കെ തറവേല കാണിച്ചാലും നമ്മള്‍ ഇവരെ വീണ്ടുംവീണ്ടും ചുമക്കുന്നു...എന്തിനാണ് സാധാരണക്കാരനില്ലാത്ത ഇളവുകള്‍ ഭീമമായ ശമ്പളം പറ്റുന്ന ജനപ്രതിനിധികള്‍ക്ക് അനുവദിക്കുന്നത്.??.. ജനനേതാക്കള്‍ ജനങ്ങളെപ്പോലെ കഴിയണമെന്ന ആം ആദ്മി വാദത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.. വിലകൂടിയ വാഹനങ്ങള്‍ വാങ്ങിയും വിദേശയാത്രകള്‍ സംഘടിപ്പിച്ചും എമെര്‍ജിംഗ് കേരള പോലുള്ള കടലാസ്സ്‌ പദ്ധതികള്‍ കൊണ്ടുവന്നും കോടികള്‍ ദൂര്‍ത്തടിക്കുകയും ചെയ്യുന്ന ഒരു അധികാരി വര്‍ഗ്ഗം നമുക്കെന്തിനാണ്..?/. കിംഗ്‌ ഫിഷര്‍ പോലുള്ള കുത്തക ഭീമന്മാരുടെ കോടികള്‍ വരുന്ന വായ്പ്പകള്‍ ഇളച്ചുനല്‍കുകയും പതിനായിരം രൂപ വീടുനിര്‍മ്മാണത്തിനു വയ്പ്പ എടുത്ത് അടവുമുടങ്ങിയാല്‍ സാധാരണക്കാരന്‍റെ മടിക്കുത്തിനു പിടിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി നമുക്കെന്തിനാണ്.??.. നമുക്കു വേണ്ടുന്ന പദ്ധതികള്‍ നമ്മള്‍ തന്നെ തയ്യാറാക്കണം.. നമ്മുടെ നികുതിപ്പണം നമുക്ക് വേണ്ടി വിനയോഗിക്കണം... നമ്മുടെ ചിലവില്‍ തിന്നുകൊഴുക്കുന്ന  ഒരു ഭരണവര്‍ഗ്ഗത്തെ നമുക്കാവശ്യമുണ്ടോ.??.. എന്തുകൊണ്ട് ആംആദ്മി മോഡല്‍ കേരളത്തിലും പരീക്ഷിച്ചുകൂടാ..??. ഒരു വിത്യസ്തത എന്തുകൊണ്ട് ആഗ്രഹിച്ചുകൂട..
 എല്ലാ മുഖ്യാധാര രാഷ്ട്രിയപ്പാര്‍ട്ടികളും എതിര്‍പക്ഷത്തെ ചൂണ്ടി തങ്ങളുടെ അഴിമതി മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്... അവരുചെയ്തു; അതുകൊണ്ട് ഞങ്ങളും ചെയ്യുന്നുവെന്ന വാദം നിരത്തിയാണ് ജനങ്ങളെ പറ്റിക്കുന്നത്... അവര്‍ അഴിമതിചെയ്തു എന്നാല്‍ ഞങ്ങള്‍ അഴിമതിചെയ്യില്ലായെന്ന് ഇവരാരും പറയുന്നില്ല.. മറ്റവര്‍ ചെയ്തതുകൊണ്ട് ഞങ്ങളും ചെയ്യുന്നു; അതാണ്‌ വാദം.. ചുരുക്കത്തില്‍ ഇവരെല്ലാം ഒരേ തരക്കാര്‍ത്തന്നെ... അതിനൊരു മാറ്റം വരണമെങ്കില്‍ നമ്മുടെ സ്ഥാനാര്‍ഥികളെ നമ്മള്‍ തീരുമാനിക്കണം.. ഇവിടെയിപ്പോള്‍ നമ്മുടെ പ്രതിനിധികളെ രാഷ്ട്രിയ പാര്‍ട്ടികള്‍ തീരുമാനിക്കും..പാര്‍ട്ടികള്‍ തീരുമാനിക്കുന്നവര്‍ക്ക്  വോട്ടു ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.. അതുമാറണം...നമ്മുടെ സ്ഥാനാര്‍ഥികളെ ജനകീയ അഭിപ്രായങ്ങളിലൂടെ നമ്മള്‍ തന്നെ കണ്ടെത്തണം.. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അത് വിജയകരമായി നടത്തികാണിച്ചു... പാര്‍ട്ടിനോക്കിയും കുടുബവാഴ്ച്ച അടിസ്ഥാനപ്പെടുത്തിയും വിജയിക്കുന്ന പ്രതിനിധികള്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നില്ല... നോക്കൂ,,,,പതിമ്മൂന്നാം നിയമസഭ 2011 ൽ തുടങ്ങിയപ്പോൾ 55 ദിവസം സമ്മേളിച്ചു. 2012 49 ദിവസമായി ചുരുങ്ങി. ഈ വർഷം വെറും 37 ദിവസം. ഒരു കാര്യത്തിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ധനാഭ്യർത്ഥനകളിൽ 45 എണ്ണത്തിൽ 36 എണ്ണവും ചർച്ച കൂടാതെയാണ് പാസാക്കിയത്. ചർച്ച കൂടാതെ പാസാക്കിയ ബില്ലുകളുടെ എണ്ണവും വളരെ കൂടി. ഫലപ്രദമായ ചർച്ചയോ സംവാദമോ നടത്തുന്നതിന് പകരം അംഗങ്ങൾക്ക് ഇറങ്ങിപ്പോക്ക് നടത്തുന്നതിലും നടുത്തളത്തിലിറങ്ങി സഭ തടസപ്പെടുത്തുന്നതിലുമാണ് താത്പര്യം. സഭയില്‍ ചര്‍ച്ച നടക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാനുള്ള ഒരു തയ്യാറെടുപ്പും കൂടാതെ ഉത്സവപറമ്പുകളില്‍ തമ്മിലടി നടത്തുന്ന ചന്തക്കൂട്ടങ്ങളെപ്പോലെ പരസ്പരം വാടാപോടാ വിളികള്‍ നടത്തി സഭ സ്തംഭിപ്പിക്കാനാണ് പലര്‍ക്കും തിടുക്കം... രാഷ്ട്രപതിയുടെ സഭാ സന്ദര്‍ശനവേളയില്‍ സീറ്റിലിരുന്നു കൂര്‍ക്കം വലിക്കുന്ന  മന്ത്രിമാരെ നമ്മള്‍ കണ്ടതാണ്.. ഇതിനാണോ ഇവരെ നാം തിരഞ്ഞെടുത്ത് അയയ്ക്കുന്നത്... പെരുമാറ്റ ചട്ടം അനുസരിച്ച് നടുത്തളത്തിലിറങ്ങുന്നതും മുദ്രാവാക്യം വിളിക്കുന്നതും ശിക്ഷാർഹമായ നടപടിയായിട്ടാണ് പറഞ്ഞിരിക്കുന്നത്..പക്ഷെ ഒരു നടപടിയും ഉണ്ടാവാറില്ലായെന്നു മാത്രം...

  തങ്ങളെ തിരഞ്ഞെടുത്ത ജനം വെറും വിഡ്ഢികളും വിവരദോഷികളുമാണെന്നുള്ള ധാരയാണ് ഇതിനൊക്കെ കാരണം,, എന്തു നാറിയ ഇടപാടുകള്‍ നടത്തിയാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പല്ലിളിച്ചുകാണിച്ചാല്‍ മതി ഈ പൊട്ടന്മാര്‍ ഒക്കെ മറുന്നുകൊള്ളുമെന്ന സ്ഥിരംപ്രതിനിധികളുടെ ധാരണ മാറ്റിക്കൊടുത്താല്‍ മാത്രമേ..ഒരു ജനകീയ ഭരണം സാദ്ധ്യമാവൂ.. വോട്ടു ചെയ്യുക, ജയിപ്പിക്കുക എന്നതില്‍ കവിഞ്ഞ് ജനാധിപത്യഭരണത്തില്‍ ജനങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന തരത്തിലുള്ള നടപ്പു രാഷ്ട്രിയപ്പര്‍ട്ടികളുടെ രീതികള്‍ ഇനിയെങ്കിലും  തച്ചുടയ്ക്കപ്പെടണം  ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാള്‍ കൊളുത്തിയത് അത്തരമൊരു പ്രതീക്ഷയാണ്... പുതുവര്‍ഷത്തില്‍ ഇത്തരം പ്രതീക്ഷകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...

6 comments:

 1. പുതുവത്സരാശംസകള്‍

  ReplyDelete
 2. അടുത്ത വര്‍ഷങ്ങള്‍ മാറ്റങ്ങള്‍ വരുത്തട്ടെ ,,പുതുവത്സരാശംസകള്‍

  ReplyDelete
 3. ജനാധിപത്യരാജാക്കന്മാര്‍

  ReplyDelete
 4. രഞ്ജിത്January 2, 2014 at 10:09 AM

  ഖജനാവ് കട്ടുമുടിക്കുന്ന ഈ പെരുച്ചാഴി കള്‍ക്ക് അല്പം എലിവിഷം വെയ്ക്കാന്‍ ഇവിടാരുമില്ലേ

  ReplyDelete
 5. ഒരു മാറ്റം പ്രതീക്ഷിച്ചാല്‍ പോര...

  ReplyDelete
 6. ഖജനാവ് കട്ടുമുടിക്കുന്ന ഈ പെരുച്ചാഴി കള്‍ക്ക് അല്പം എലിവിഷം വെയ്ക്കാന്‍ ഇവിടാരുമില്ലേ../.

  yes there are.. but they forget all these incidents when they go to election booth :)

  ReplyDelete