**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, March 3, 2013

വീണ്ടും ഒരു മാമ്പഴക്കാലം


 

 
നാട്ടില്‍...... ഇതു മാമ്പഴക്കാലമാണ്. കിളിച്ചുണ്ടനും മുവാണ്ടാനുമൊക്കെ ഓര്‍മ്മകളില്‍ തെളിയുന്നമാമ്പഴക്കാലം. കോട്ടമാങ്ങയും, അട്ടനാറിയും, ഞെട്ടുകുഴിയനുമൊക്കെ, അറിയാതെ നമ്മളെ രുചിയുടെ പൂപാടത്തേക്ക് കൂട്ടികൊണ്ടുപോകുന്നു. മലയാളിയുടെ കുട്ടിക്കാലങ്ങളിലെ, നിറമുള്ള ഓര്‍മ്മകളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് മാവും, മാമ്പഴക്കലവും. ഉറക്കച്ചടവില്‍ നിന്ന്‌ ചാടിയെണീറ്റ് പുതുമഴയില്‍ കുതിര്‍ന്ന മണ്ണിലൂടെ മുല്ലപ്പുവിന്‍റെ മണവുമടിച്ച് മാഞ്ചോട്ടിലേക്കുള്ള ഓട്ടം; കുമ്പിള്കുത്തിയ വട്ടയിലയില്‍ നിറയെ മാമ്പഴവുമായ് തിരിച്ചുവരുന്നത്.......എന്തെല്ലാം ഓര്‍മ്മകള്‍. വൈകുന്നേരങ്ങളില്‍ അയല്‍പക്കത്തെ കുട്ടുകാരുടെകൂടെ മാഞ്ചോട്ടില്‍  പോയിരുന്ന്‍ ഒന്നാഞ്ഞുവീശാന്‍ കാറ്റിനോട് പ്രാര്‍ത്ഥിച്ചിരുന്ന ദിവസങ്ങള്‍; ഒരമ്മയുടെ സ്നേഹത്തോടെ തന്‍റെ ചുവട്ടില്‍ വരുന്ന എല്ലാവര്‍ക്കും മാമ്പഴം തന്നിരുന്ന ആ അമ്മച്ചിമാവിന്‍റെ ഓര്‍മ്മകള്‍ ഇന്നും അവസാനമില്ലാതെ തുടരുന്നു.

     
 ഓരോ മാമ്പഴവും ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. രാഗങ്ങളുടെ ഒരു വേലിയേറ്റം തന്നെ നമ്മില്‍ സൃഷ്ടിക്കുന്നു. എറിയുന്ന ഓരോ കല്ലിനൊപ്പവും താഴെവീഴുന്ന മാമ്പഴങ്ങള്‍; രുചിയോടൊപ്പം ഏതോ ആത്മനിര്‍വൃതിയും തന്നിരുന്നു. പള്ളികുടത്തിന്‍റെ മുറ്റത്തെ മാവിന്‍തണലിലി രുന്നുകൊണ്ട് അധ്യാപകന്‍  പറഞ്ഞുതന്ന ചെറിയകാര്യങ്ങളാണ്, വലിയ ജീവിതത്തിനടിസ്ഥാനമിട്ട ആദ്യത്തെ ആണിക്കല്ലുകള്‍. അതുപോലെതന്നെ ഉണ്ണിമാങ്ങയും, ഉപ്പുകല്ലും പങ്കുവെച്ചുതുടങ്ങിയ പല പരിശുദ്ധപ്രണയങ്ങള്‍ക്കും, മാവ് സാക്ഷിയായിരുന്നു. കലാലയജീവിതത്തിന്‍റെ പടിയിറങ്ങി തിരിഞ്ഞുനോക്കുമ്പോള്‍;ഇനിയെന്നുവരും എന്‍റെ തണലില്‍ എന്നുചോദിച്ചുകൊണ്ട്‌ ചില്ലകളിളക്കി വിടതരുന്ന മാവിനെയാണ് കണ്ടത്‌. വേനലിന്‍റെ കടുംചൂടില്‍ അകവുംപുറവും ചുട്ടുപൊള്ളുമ്പോള്‍ തണുപ്പിന്‍റെ നനുനനുത്ത നുറുങ്ങുകളായി അമ്മ മുറിച്ചുതന്നിരുന്ന മാമ്പഴകഷ്ണങ്ങള്‍ ഇന്നും മധുരിക്കുന്ന ഓര്‍മ്മകളായി നാവിന്‍തുമ്പില്‍ തന്നെയുണ്ട്. കാലം ഒത്തിരി മുന്നോട്ട്‌ പോയി; അമ്മച്ചിമാവുകള്‍ ഓര്‍മ്മയായി, തുടച്ചുമിനുക്കി കോലായില്‍ കിടക്കുന്ന ഉരുപ്പടികള്‍ കാണുമ്പൊള്‍ ഇതെന്‍റെ മാമ്പഴക്കാലത്തിന്‍റെ അസ്ഥികളല്ലേയെന്ന് തോന്നിപ്പോകുന്നു. സ്വാഭാവികമായ  മണവുംനിറവും നഷ്ടപ്പെട്ട, പുളിപ്പുമാത്രം തരുന്ന, വളര്‍ച്ചയുടെ പൂര്‍ണ്ണതയ്ക്കു മുന്‍പേ, പൊട്ടിച്ചെടുക്കാന്‍ വിധിക്കപ്പെട്ട, നിര്‍ബ്ബന്ധപൂര്‍വ്വം പഴുക്കാന്‍ വിധിക്കപ്പെട്ട പച്ചമാങ്ങയുടെ കണ്ണുനീര്‍; വന്ധികരിക്കപ്പെട്ട ഒരു സംസ്കാരത്തിന്‍റെ നേരറിവുകളാണ്‌ നമുക്ക് കാണിച്ചുതരുന്നത്?

               ആണ്ടില്‍ ഒരുവട്ടം നാട്ടില്‍ച്ചെന്ന്‍ ഉറ്റവരേയും ഉടയവരേയുമൊക്കെ കണ്ട്‌ മരുഭുമിയുടെമധുരമായ ഈത്തപ്പഴവും പങ്കുവച്ച്, മധുരദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍, അകത്ത് അടുക്കളയില്‍ മാങ്ങാ ചെറുകഷണങ്ങള്‍ ആകുന്നുണ്ടാകും; വേദനയോടെയുള്ള തിരിച്ചുവരവില്‍  കൂട്ടായി ചെറുകുപ്പികളിലായി അവനുണ്ടാകും; അച്ചാര്‍. വേര്‍പാടിന്‍റെ നീറ്റലും, നാടിന്‍റെ ഗന്ധവും, കുടുംബത്തിന്‍റെ സ്നേഹവും എല്ലാം മലയാളിക്ക് അവന്‍റ് പ്രിയപ്പെട്ട മാങ്ങാ അച്ചാറിലൂടെ കിട്ടുന്നു. തലമുറകളുടെ മാറ്റങ്ങളില്‍ മാവും മാറി. തലയെടുത്തുനിന്നിരുന്ന അപ്പുപ്പന്‍ മാവുകള്‍ക്കുപകരം;  തലകുനിച്ചു നില്‍ക്കുന്ന  ഒട്ടുമാവുകള്‍  വന്നു. കാലത്തിന്‍റെ അനിവാര്യത; ഊഞ്ഞാലിടാന്‍ കുട്ടികളില്ല; ഓടിനടക്കാന്‍ അണ്ണാറകണ്ണന്മ്മാരും ഇല്ല, പിന്നെയെന്തിന് തലയെടുപ്പ്?

   കൌമാരത്തിന്‍റെ പ്രസരിപ്പില്‍നിന്നും തിളച്ചുമറിയുന്ന യവ്വനത്തിലേക്ക്‌ കടന്നപ്പോള്‍ സിരകളിലെക്ക് ആദ്യമായി പടര്‍ന്നുകയറിയ മദ്യത്തിനു അകമ്പടിസേവിക്കാനും, അച്ചാര്‍ രൂപത്തില്‍ കണ്ണിമാങ്ങാക്കഷ്ണങ്ങള്‍ ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ വലിച്ചുതള്ളിയ ബീഡികുറ്റിയില്‍ നിന്ന് പുകയുടെആദ്യവളയങ്ങള്‍ ഊതിവിട്ടതും; ആ..... മാഞ്ചോട്ടില്‍ നിന്നുതന്നെ. ഉള്ളില്‍ ക്ഷുപിതയവ്വനം തിളച്ചുമറിയുമ്പോഴും,മൃഥുല വികാരങ്ങളെ തൊട്ടുണര്‍ത്തിയ അനുരാഗത്തിന്‍റെ ആദ്യഗന്ധം അനുഭവിച്ചറിഞ്ഞതും ഒരു മാമ്പഴക്കാലത്തായിരുന്നു. തേനിച്ചകള്‍ക്കന്ന്‍ പുമ്പോടിക്കുവേണ്ടി അലയേണ്ടിവന്നില്ല. വലിയപാവടയുടെയും,ദാവണിയുടെയും മിന്നലാട്ടങ്ങളും,പാദസരങ്ങളുടെ കിലുക്കങ്ങളുമെല്ലാം...  മാവിന്‍   ചില്ലകളില്‍ കിടന്നാടിയിരുന്ന മമ്പഴങ്ങളോടു കടപ്പെടിരുന്നു.

     കൌമാരപ്രണയങ്ങള്‍ യവ്വനത്തില്‍ അരക്കിട്ടുറപ്പിച്ച്, വെറ്റിലമുറുക്കി തിയതി കുറിക്കപ്പെട്ടപ്പോഴും, ജീവിതയാത്രയില്‍ അന്യദേശത്തെത്തിയ ശേഷം അവധിക്കാലത്തു പിറന്ന നാടിനെകാണാന്‍ തിരിച്ചുവരുമ്പോള്‍; മക്കളുടെ കൈപിടിച്ച്; ഇവിടെ, ഈ തണലില്‍ വച്ചാണ്, നിങ്ങളുടെ അമ്മയെ ആദ്യമായ് കണ്ടുമുട്ടിയതെന്നു പറയുമ്പോഴും; ആ മാവ് നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അതല്ല...... വിരഹത്തിന്‍റെ തീച്ചുളയില്‍; മോഹിച്ചവള്‍ മറ്റെങ്ങോ പോയിമറഞ്ഞപ്പോള്‍, ഉള്ളിലെ നീറ്റലിന് ഒരല്പ്പം തണുപ്പേകാനും, തണലായി ആ ചുവട്‌ ഉണ്ടായിരുന്നു. അവസാനം ഏകനായി പട്ടടയില്‍ എരിഞ്ഞു തീരാനായിയെത്തിയപ്പോള്‍ അവിടെയും മാവിന്‍റെ ഗന്ധം.  അതെ........ ചെറുപ്പത്തിന്‍റെ കയ്പും, യൌവനത്തിന്‍റെ പുളിപ്പും,  പക്വതയുടെ  മാധുര്യവും പകര്‍ന്നു തന്നൊരു വരമായിരുന്നു ആ മരം......

ഒരൊറ്റനിമിഷംകൊണ്ട്‌ അകകാമ്പിലെവിടെയോ ഒളിച്ചിരുന്ന ഓര്‍മ്മകളെ, മോഹങ്ങളെ........  എല്ലാം പുറത്തെത്തിക്കാന്‍    മാമ്പഴക്കാലത്തിനു കഴിഞ്ഞു...........................

 

6 comments:

 1. രാജീവന്‍ കിടങ്ങൂര്‍March 3, 2013 at 7:09 PM

  ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന എഴുത്ത് .....

  ReplyDelete
 2. സാജിദ്March 3, 2013 at 8:45 PM

  മറക്കാനാവാത്ത ഓര്‍മ്മകള്‍ ....

  ReplyDelete
 3. പാക്കരന്‍March 3, 2013 at 9:13 PM

  ഹാഹഹാ ആ അച്ചാറിന്‍റെ എരിവും പുളിയും ....നാവില്‍ വെള്ളമൂറുന്നു.

  ReplyDelete
 4. പാക്കരന്‍March 3, 2013 at 9:15 PM

  ഹാഹഹാ ആ അച്ചാറിന്റെ എരിവും പുളിയും നാവില്‍ വെള്ളമൂറുന്നു.....

  ReplyDelete
 5. SATISFACTION SATISFIES ITSELF WITH SATISFACTION.....

  ReplyDelete
 6. എഴുത്ത് നന്നായി ... നല്ല ഓര്‍മ്മകള്‍

  ReplyDelete