**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, March 10, 2013

ലൈഫ്‌ ഓഫ് ഗയ്..-ഒരു മലയാളം റിവ്യു


     


  അവസാനം അതിനൊരന്ത്യമുണ്ടായി.. കുറച്ചു കാലങ്ങളായി കുടുംബസദസ്സുകളെ കോരിത്തരിപ്പിച്ച കൊട്ടാരക്കര പ്രൊഡക്ഷന്‍സിന്‍റെ ഭക്തി,ഭാവസാന്ദ്രവും അത്യന്തം ഉദ്യോഹജനകമായ നിമിഷങ്ങള്‍ സൃഷ്ടിച്ചതുമായ കുടുംബസീരിയലിനു ശുഭകരമായ  അവസാനം കണ്ടുതുടങ്ങി. കഥയുടെ അവസാനഭാഗത്ത് നടന്ന സംഭ്രമജനകമായ ട്വിസ്റ്റാണ് ഇതിന്‍റെ ക്ലൈമാക്സ്. വിഴുപ്പു പുരാണത്തിലൂടെ  കേരളിയരുടെ മനസ്സില്‍ ഇടംനേടിയ ഗ്രാമീണവില്ലന്‍റെ ഇടപെടലാണ് കഥയെ കൊഴുപ്പിച്ചത്.മൂലകഥ പ്രകാരം അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ സീരിയല്‍ നീട്ടി കൊണ്ടുപോകാനുള്ള വകുപ്പുണ്ടായിരുന്നു.അതിനിടയിലാണ് വില്ലന്‍റെ ഇടപെടല്‍ ഉണ്ടായതും കഥ മറ്റൊരു രീതിയിലേക്ക് തിരിഞ്ഞതും. കേരളത്തിന്‍റെ കലാ സാംസ്കാരിക, രാഷ്ട്രിയ രംഗങ്ങളില്‍ നിന്നുള്ള വിവിധ വ്യക്തികള്‍ പങ്കെടുത്ത ഈ ദ്രശ്യാനുഭാവത്തില്‍ തീരെ അപ്രസക്തമായ കഥാപാത്രങ്ങള്‍വരെ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെച്ചത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വല്‍ ഇഫക്ടുകളും, സംഘട്ടന രംഗങ്ങളില്‍ ‘പാര’പോലുള്ള ഗ്രാമിണ ആയുധങ്ങളുടെ പ്രയോഗവും; എന്നാല്‍ ടെക്നിക്കലായി ഉന്നതനിലവാരും പുലര്‍ത്തിയ തേക്കടിത്തടാകത്തിലെ രാത്രികാല ബോട്ടുയാത്രയുംവരെ ഈ കഥയില്‍ മുഷിപ്പുതോന്നാതെ പ്രയോഗിച്ചിരുന്നു. എണ്‍പതു കാലഘട്ടത്തില്‍ മലയാളസിനിമയില്‍ ഒരു കാന്‍സര്‍ കാലമുണ്ടായിരുന്നു. നായകനോ നായികയ്ക്കോ കാന്‍സര്‍ ബാധിക്കുന്ന ക്ലൈമാക്സ്..അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാകണം ജയില്‍ശിക്ഷയില്‍ നിന്നു രക്ഷപെടാന്‍; ലോകത്ത് ഇന്നേവരെ ജയിംസ്ബോണ്ടു സിനിമകളില്‍പ്പോലും പ്രയോഗിച്ചു കണ്ടിട്ടില്ലാത്ത രക്തത്തില്‍നിന്നു ഇരുമ്പ്‌ ഉണ്ടാക്കുന്ന അപൂര്‍വ പ്രതിഭാസവും, പതിനെട്ടു രോഗങ്ങളുടെ ഒരു കോമ്പിനേഷനും ഈ സീരിയലില്‍ പ്രയോഗിച്ചത്.സംഗതി നൂറു ശതമാനവും വിജയമായിരുന്നു. ജനം കൈയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. അങ്ങനെ; നൂറുരൂപ പോക്കറ്റടിച്ച വാസു, നാട്ടുകാരുടെ തല്ലുംവാങ്ങി ഒരു വര്‍ഷംജയിലിലും കിടന്നു സ്വതന്ത്രനായപ്പോള്‍. സര്‍ക്കാര്‍ ഖജനാവില്‍നിന്നും കോടികള്‍കട്ടുമുടിച്ച വകയില്‍  ഒരു വര്‍ഷം തടവിനു വിധിക്കപ്പെട്ട  നമ്മുടെ കഥാപാത്രം പഞ്ചനക്ഷത്ര ആശുപത്രിയില്‍ കിടന്നുകൊണ്ട് രാമാനുജനുമാത്രം പരിഹരിക്കാന്‍ പറ്റുന്ന കണക്കിന്‍റെ കളികളിലൂടെ ഒരു വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.പിന്നീടിന്നുവരെ ആ അപൂര്‍വരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതും ജനം വിശ്വസിച്ചു. പിന്നീടങ്ങോട്ടു കുടുബവഴക്ക് തെരുവിലാകുന്നു,പോലിസ്‌ ഇടപെടുന്നു, മരുമകളുടെ വേര്‍പിരിയാല്‍,അച്ഛന്‍ മകനെ തള്ളിപ്പറയുന്നത്,സാമുദായിക നേതാക്കന്മാരുടെ ഇടപെടല്‍,നായകന് സ്വഭാവദൂഷ്യം സംഭവിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു, ഗുണദോഷം,തുടങ്ങിയ എല്ലാ മേമ്പൊടികളും കൃത്യമായ അളവില്‍ ചേര്‍ക്കുന്നതിനുപുറമേ ന്യൂ ജനറേഷന്‍കാരെ തൃപ്തിപ്പെടുത്താന്‍ മൊബൈല്‍ പ്രണയം,ഭര്‍ത്താവിനെ വഞ്ചിക്കുന്നകാമുകി, കാമുകിയുടെ ഭര്‍ത്താവുമായുള്ള സംഘട്ടനം,ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ എല്ലാംകൂടി സംഗതി ഹിറ്റാക്കി.  വില്ലന്‍റെ ഇടപെടലിലൂടെ നടന്ന ചില വെളിപ്പെടുത്തലുകള്‍ ഒരു മന്ത്രിസഭയുടെ പതനംവരെ സൃഷ്ടിക്കുമോയെന്ന ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍. അതിനിടയില്‍ വെളുപ്പിലും കറുപ്പിലും ഇടകലര്‍ത്തി ചിത്രികരിച്ച ജനകിയചര്‍ച്ചകള്‍ കഥയുടെ ദ്രശ്യഭംഗി കൂട്ടിയെന്ന് നിസ്സംശയം പറയാം. മന്ത്രിയ്ക്ക് സദാചാരം ആവശ്യമാണോ?? എങ്കില്‍ ഏതു അളവ് വരെ?? മന്ത്രി; ഭാര്യേ തല്ലിയാല്‍ ഗാര്‍ഹികപീഡനനിയമത്തിന്‍റെ പരിധിയില്‍ വരുമോ??വ്യക്തി ജീവിതത്തിലെ തഴക്കദോഷങ്ങള്‍ പൊതുജീവിതത്തില്‍ മാറ്റി നിറുത്തണമോ???,നിലവില്‍ ഭര്‍ത്താവുള്ള സ്ത്രീയെ പ്രേമിക്കാമോ?? തുടങ്ങിയ അത്യന്തം ജനകീയമായ വിഷയങ്ങളെപ്പറ്റി ഘോരമായ ചര്‍ച്ച നടക്കുകയും; എന്തു ചെറ്റത്തരങ്ങളും കാണിക്കാം പക്ഷെ പരാതി ഉണ്ടാകരുതെന്നും,രാഷ്ട്രിയക്കാര്‍ക്ക് വ്യക്തിജീവിതത്തില്‍ ക്ലീന്‍ചിറ്റ് ആവശ്യമില്ലായെന്നും വിവിധമേഖലകളിലെ വിദഗ്ധര്‍ പറയുകയുണ്ടായി. ഭാര്യയെ ഏതെങ്കിലും മന്ത്രിമാര്‍ വളച്ചാല്‍ അതു രാജ്യംഭരിക്കുന്ന രാജാവിന്‍റെ അവകാശമായി കണ്ടാല്‍ മതിയെന്നും വെളിപ്പെടുകയുണ്ടായി. പക്ഷെ ഇതുകണ്ടിട്ടു ഏതെങ്കിലും ഏഴാംകൂലിപ്രജ  ആര്‍ക്കെങ്കിലും കത്തു കൊടുക്കാനോ,മൊബൈല്‍ വിളിക്കാനോ നിന്നാല്‍ ലോകത്തുള്ള എല്ലാ വകുപ്പും ചേര്‍ത്തുകേസെടുക്കും എന്നും പറഞ്ഞിട്ടുണ്ട്. രാജാവും മന്ത്രിയും പള്ളിവേട്ടയ്ക്ക് ഇറങ്ങുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ജാഗ്രതെ.....ഇപ്പൊ സൂക്ഷിച്ചാല്‍ പിന്നിട് ദുഖിക്കേണ്ട. ‘സദാചാരവാദികള്‍’  എന്ന ചില പ്രത്യേകവിഭാഗം ഒഴിച്ച് ബാക്കിയുള്ള എല്ലാ പുരോഗമനവാദികളും തങ്ങളുടെ വീട്ടുവാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് മന്ത്രിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. കേറി നിരങ്ങിക്കോളൂ ഞങ്ങള്‍ ബീഡിവലിക്കാന്‍ പോകുകയാണെന്ന പുരോഗമന മുദ്രാവാക്യം നാടുനീളെ മുഴങ്ങാന്‍ തുടങ്ങിട്ടുണ്ട് ...ഇതിലാണ് ഇനി വികസനംവരാനുള്ളത് ബാക്കിമുഴുവന്‍ പൂര്‍ത്തിയായി . കഥയുടെ അവസാനമാണറിയുന്നത് വിഴുപ്പുപുരാണത്തിലെ വില്ലന്‍; യഥാര്‍ത്ഥത്തില്‍ വില്ലനല്ലായെന്നത്. നല്ല നാടന്‍ തെറികളുടെ അകമ്പടിയോടെ ഗ്രാമീണവേഷത്തിലെത്തിയ ആ വില്ലന്‍;  തമ്മില്‍ പിണങ്ങിക്കഴിഞ്ഞിരുന്ന അച്ഛനെയും മകനെയും ഒന്നിപ്പിക്കാന്‍ സി.ഐ.എ പറഞ്ഞു വിട്ട ചാരനായിരുന്നു. അച്ഛനുമായി രമ്യതയിലാകുന്ന മുറയ്ക്ക് ഭാര്യയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ സഹനായകന്മ്മാര്‍ ഇടപെടുന്നു....കാലാകാലങ്ങളായി അച്ഛനുംമകനും തമ്മിലുള്ള ഗുസ്തി കാണുന്ന പ്രേക്ഷകരോട് ഞങ്ങള്‍ തമ്മില്‍ പിണക്കമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അവനു തലയ്ക്കു വെളിവില്ലായെന്ന പിതാവിന്‍റെ കിടിലന്‍ ഡയലോഗോടെ കഥ ശുഭപര്യവസാനിക്കുന്നു..വെറുതെ സമയം കളഞ്ഞതു മിച്ചം എന്ന നഷ്ടബോധത്തോടെ പതിവുപോലെ വിഡ്ഢികളായി പ്രേഷകര്‍ കസേരയില്‍ നിന്നു എണിക്കുന്നതോടെ പിന്നില്‍ പുതുപ്പള്ളില്‍ നിന്നുള്ള പശ്ചാത്തല സംഗിതം മുഴങ്ങുന്നു;ഉമ്പിച്ചേ.... ഉമ്പിച്ചേ... എല്ലാവരെയും ഉമ്പിച്ചേ.....പാപ്പിലേയബുദ്ധയും, പൊക്കാളിപ്പടവുമൊക്കെ വെട്ടിയൊതുക്കി വെള്ളരിപ്രവിന്‍റെ ചങ്ങാതി അവാര്‍ഡു നേടിയത് അങ്ങനെയാണ്...... എങ്ങനെ??? അഴിമതിയുടെ കറപുരളാത്ത, സ്വജനപക്ഷപാതം കാണിക്കാത്ത ഈ നായകനിലൂടെ....കേരളത്തിലെ ടെലിവിഷന്‍ സീരിയലുകള്‍ എന്നു നിറുത്തുന്നുവോ അന്നു നാട്ടിലെ അവിഹിതവും നിലയ്ക്കുമെന്നു ഒരു പോലിസ്‌ഓഫീസര്‍ പറഞ്ഞു വായെടുത്തില്ല; അതിനുമുന്‍പേ അവിഹിത ബന്ധത്തിനു പഴികേട്ട മന്ത്രിയ്ക്ക് പിന്തുണയുമായി സീരിയല്‍നടിമാരും നടന്മാരും പ്രകടനംനടത്തുന്നു.ഇവ തമ്മില്‍ എന്തെങ്കിലും ബന്ധം തോന്നിയാല്‍ തികച്ചും യാദ്ര്ശ്ചികം മാത്രം.അതാണ് കേരളം......വിലക്കയറ്റവും,അവശ്യ സാധനങ്ങളുടെ ദൌര്‍ലഭ്യവും, അഴിമതിയുംകൊണ്ടു പൊറുതിമുട്ടിയ ജനങ്ങളുടെ മുന്നില്‍ ഇത്തരത്തിലുള്ള പൊറോട്ടു നാടകങ്ങള്‍ അവതരിപ്പിക്കുയാണെങ്കില്‍ ഭരണം സുരക്ഷിതമാക്കാം.യാഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന്‍ ജനശ്രദ്ധമാറ്റാന്‍ ഇതാണ് പറ്റിയപരിപാടി.ഓരോ മാസവും ഓരോ അവിഹിത കഥകള്‍ ഉണ്ടാക്കികൊടുത്താല്‍മതി ബാക്കി കാര്യം മാധ്യമങ്ങള്‍ നോക്കിക്കോളും.മന്ത്രിസഭയിലെ സമര്‍ഥനായമന്ത്രിയ്ക്ക് ഇത്രത്തോളം കാണിക്കാമെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ....അവസാനം ആര്, എന്ത്, എങ്ങനെ, എവിടെ, അറിയില്ല, കേട്ടില്ല, കണ്ടില്ല, തുടങ്ങിയ എന്ടിംഗ് പഞ്ചോടെ കാര്യങ്ങള്‍ ഉപസംഹരിക്കുകയും ചെയ്യാം... ജനം,കഴുതകള്‍ എല്ലാംസഹിച്ചോളും.

 വിഐപി അവിഹിതങ്ങള്‍ സ്ക്രീനില്‍ നിറഞ്ഞോടിയപ്പോള്‍ പെട്ടിയിലായി പ്പോയ ചില സംഭവങ്ങളും കേരളത്തില്‍ നടന്നു.തുഞ്ചന്‍റെ തത്തയുടെ നാട്ടില്‍ മൂന്നുവയസ്സുകാരി നാടോടിബാലിക അതിക്രൂരമായ പീഡനത്തിനിരയായി. രാഷ്ട്രിയക്കാര്‍ പ്രതിയല്ലാത്ത കേസായതിനാല്‍ വളരെപ്പെട്ടന്നുതന്നെ പ്രതിയെ പോലിസ്‌ അകത്താക്കി. മലാലയ്ക്ക് വേണ്ടി മെഴുകുതിരി കത്തിച്ച പുലികളൊന്നും സ്വന്തംനാട്ടിലെ നാടോടി ബാലികയുടെ കാര്യത്തില്‍ കര്യമായി ഇടപെട്ടുകണ്ടില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടും,സംഭവത്തില്‍ അന്താരാഷ്ട്രബന്ധം ആരോപിക്കാനുള്ള ചീളുകള്‍ ഒന്നും കിട്ടാത്തതുകൊണ്ടും സ്ഥിരം അവതാരകരും, പ്രതികരണ തൊഴിലാളികളും അന്നും അവിഹിതത്തിനു പിറകെയായിരുന്നു.  പ്രതിഷേധത്തിലും പ്രതികരണത്തിലും ചില ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നതായി കരുതാം.ഏതായാലും ഗോവിന്ദചാമിയെപ്പോലെ സര്‍ക്കാര്‍ ചിലവില്‍ ബിരിയാണി കഴിക്കാന്‍ ഒരുത്തനും കൂടിയായി.

 മലയാള ഭാഷയിലും, സാഹിത്യത്തിലുമുള്ള അജ്ഞതയുടെ വീഷണ കോണകത്തിലൂടെ നോക്കിയപ്പോള്‍ കൂമന്‍കാവ് ഏതോ അമ്പലക്കാവായി മനസിലാക്കിയ വിദ്യാഭ്യാസമന്ത്രിയുടെ നാട്ടിലെ;വിദ്യ അശേഷം അഭ്യസിച്ചിട്ടില്ലാത്ത അഭാസന്മ്മാര്‍ ഒ.വി വിജയന്‍ പ്രതിമയെ വികൃതമാക്കിയത് മലയാളികള്‍ക്ക് മുഴുവന്‍ അപമാനമായിമാറി.മത സൗഹാര്‍ദത്തിനും മതേതരത്വത്തിനും പേരുകേട്ട കേരളത്തില്‍ ‘കൂമന്‍കാവ്‌’ എന്ന പേരിലെ കാവാണ് പ്രശ്നമെങ്കില്‍ ഈ അസഹിഷ്ണുതയുടെ പേരാണ് താലിബാനിസം.അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ ആദ്യ നാളുകളില്‍ത്തന്നെ അവിടെയുള്ള സംരക്ഷിത സ്മാരകങ്ങളായിരുന്ന ബുദ്ധ പ്രതിമകള്‍ തകര്‍ക്കുകയാണ് താലിബാന്‍ ചെയ്തത്. ഒരു വ്യക്തിയുടെയോ, കാലഘട്ടങ്ങളുടെയോ ഓര്‍മ്മനിലനിറുത്തുന്നതില്‍ കവിഞ്ഞ്‌; ഒരു പ്രതിമ എന്തുദോഷമാണ് സമൂഹത്തോട് ചെയ്യുന്നത്. കേവലം വിവരമില്ലായ്മയുടെ പേരില്‍ ഇത്തരം സംസ്കരശൂന്യത പ്രകടിപ്പിക്കാന്‍ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രിയ പാര്‍ട്ടികളോ മതസംഘടനകളോ ശ്രമിച്ചാല്‍; അതിനെ നിസാരമായി കാണാതെ അതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുകയാണ് സര്‍ക്കാര്‍ചെയ്യേണ്ടത്. നാട്ടിലുള്ള പ്രതിമകളും, സ്ഥലപ്പേരുകളുമൊക്കെ തങ്ങളുടെ ഇഷ്ടപ്രകാരം മാറ്റിയെഴുതണമെന്നു ഏതെങ്കിലും സഘടനകളോ മതങ്ങളോ തീരുമാനിച്ചാല്‍ അതിനെ നിസ്സാരവല്‍ക്കരിക്കുന്ന രീതിയിലുള്ള നടപടികളാണ്  സര്‍ക്കാരുകള്‍ എടുക്കുന്നതെങ്കില്‍പ്പിന്നെ എന്തു മതേതരത്വം. ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ജാതിയ അടിസ്ഥാനത്തില്‍ സ്ഥലപ്പേരുകളും, സാസ്കാരിക സാഹിത്യനയകന്മാരെയും വേര്‍തിരിച്ചുള്ള പട്ടികകള്‍ ഉടനെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റംപോലെ ഭൂരിപക്ഷം നോക്കി പ്രതിമകള്‍ക്കും സ്ഥലംമാറ്റം ആകാം.ഓരോ ജില്ലയ്ക്കും ഭൂരിപക്ഷമനുസരിച്ചു കൊടിയും, പ്രത്യേക ഭരണസംവിധാനവും ആകാം...സംയമനം, സമവാക്യം, സഹിഷ്ണുത ഇതിലാണല്ലോ നമ്മുടെ ഊന്നല്‍..... ഇനി വല്ലതും ഊന്നാതെയുണ്ടെങ്കില്‍ അടുത്ത പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന സ്ഥിരംപല്ലവിയും ...........അവസാനം; ഈര്‍ച്ചവാളുകാരന്‍ മരപ്പാളികള്‍ക്കിടയില്‍ സ്ഥാപിച്ച ആപ്പൂരിയ കുരങ്ങന്‍റെ അവസ്ഥ യാകാതിരുന്നാല്‍ നല്ലത്...വിലപ്പെട്ടത് പലതും നഷ്ടപ്പെടുത്തിയിട്ട് വിലപിച്ചിട്ടു കാര്യമില്ല.

9 comments:

 1. അടുത്ത സീരിയലിനു വേണ്ടി കാത്തിരിക്കുകയാണ് ജനം ............

  ReplyDelete
 2. രഞ്ജിത്ത്March 10, 2013 at 9:27 AM

  പീഡനങ്ങളും,താളിബാനിസവും എല്ലാം അവിഹിത്തില്‍ മുങ്ങിക്കോളും.ഇത്തരം കഥകളും നാടകങ്ങളും സര്‍ക്കാര്‍ ചിലവില്‍ നടത്തുകയാണെങ്കില്‍ നമ്മുടെ സംസ്കാരം തന്നെ പുരോഗമിചോളും.വരട്ടെ അടുത്ത കഥ.

  ReplyDelete
 3. മലയാളികള്‍ക്ക് പീഡന കഥകളോടുള്ള അമിതമായ താല്‍പ്പര്യമാണ് ഇത്തരം ചീഞ്ഞു നാറിയ കിടപ്പറ കഥകള്‍ വാര്‍ത്ത‍ ചാനലുകള്‍ ഫ്ലാഷായി കാണിക്കുന്നതിന്റെ പ്രധാന കാരണം.മറ്റു ചാനലുകളില്‍ തകര്‍ത്ത് ഓടുന്ന സിരിയലുകളിലും സദാചാര ബോധമില്ലാത്ത നായകനും നായികയും ഒക്കെ ആണ് പ്രധാന കഥാപാത്രം.പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം പീഡന വാര്‍ത്തകള്‍ വേണ്ടി പരതുന്ന ഒരു സമൂഹത്തിനെ ബാധിച്ച ഈ മണ്ടരി ബാധ മാറണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് സിരിയലുകള്‍ നിരോധിക്കുക എന്നതാണ്.ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് ഇത്തരം നാടകങ്ങള്‍ കൊഴുക്കുവാന്‍ കാരണം.ഇത്തരം കുക്കൂതറ കക്കൂസ് നാടകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണനായ ചീഫ് ആപ്പിന്റെ മൂട് താങ്ങി സ്വന്തം കസേര ഉറപ്പിക്കുന്ന മുഖ്യന്റെ ആസനത്തിലെ ആല് ഒരു തണലായി മാറിയിട്ടും കാലം കുറെ ആയി.

  ReplyDelete
  Replies
  1. പാക്കരന്‍March 10, 2013 at 7:00 PM

   ബലേ...ഭേഷ്‌ ഞാനും യോജിക്കുന്നു.മുഖ്യന്‍റെ ആസനത്തിലെ തണലില്‍ വിരാജിക്കുന്ന മുനിമാര്‍ നമുക്ക് സാരോപദേശകഥകള്‍ പറഞ്ഞു തരും നാമത് വെള്ളം തൊടാതെ വിഴുങ്ങിയാല്‍ എല്ലാ ദുഖങ്ങളും തീരുമെന്ന ചാനല്‍തെണ്ടികളും ആസ്ഥാന വിചക്ഷണരും പറയുന്നത്.

   Delete
 4. kalayum,saahithyavym manasilaakathavar vidhya padippichaal ithayirikkum falam.

  ReplyDelete
 5. എന്തെല്ലാം പറഞ്ഞിട്ടും കര്യമില്ല ആരും നന്നാകാന്‍ ഉദ്ദേശ്ശിക്കുന്നില്ല.! ഒരു ബാലിക പീഡിപ്പിക്കപ്പെട്ടതില്‍
  ന്യൂസ് കവറെജ് കുറഞ്ഞതെന്തെന്നു വ്യക്തം..!! പിന്നെ കൂമന്‍കാവു..!! അതു എത്ര പേര്‍ക്കറിയാം എന്താണു
  ഈ കൂമന്‍ കാവ്..!!?? ഒന്നും പറഞ്ഞിട്ടു കര്യമില്ല..!!

  ReplyDelete
 6. അഭിമാനപൂരിതമാകണമത്രെയന്തരംഗം

  ReplyDelete
 7. മലയാള ഭാഷയിലും, സാഹിത്യത്തിലുമുള്ള അജ്ഞതയുടെ വീഷണ കോണകത്തിലൂടെ നോക്കിയപ്പോള്‍ കൂമന്‍കാവ് ഏതോ അമ്പലക്കാവായി മനസിലാക്കിയ വിദ്യാഭ്യാസമന്ത്രിയുടെ നാട്ടിലെ;വിദ്യ അശേഷം അഭ്യസിച്ചിട്ടില്ലാത്ത അഭാസന്മ്മാര്‍ ഒ.വി വിജയന്‍ പ്രതിമയെ വികൃതമാക്കിയത് മലയാളികള്‍ക്ക് മുഴുവന്‍ അപമാനമായിമാറി.മത സൗഹാര്‍ദത്തിനും മതേതരത്വത്തിനും പേരുകേട്ട കേരളത്തില്‍ ‘കൂമന്‍കാവ്‌’ എന്ന പേരിലെ കാവാണ് പ്രശ്നമെങ്കില്‍ ഈ അസഹിഷ്ണുതയുടെ പേരാണ് താലിബാനിസം. Agree 100 times.

  ReplyDelete