**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, March 24, 2013

ഇറ്റലി തിന്തകത്തോം..... ഇന്‍ഡ്യ തിന്തകത്തോം.....
വിദ്യാധരന്‍റെ വ്യകുലചിന്തകള്‍

   ആ ടിവിയുടെ ഒച്ചയല്പം കുറയ്ക്കെടാ....

     എന്തോ വിളിച്ചു പറയുന്നുണ്ടല്ലോ....

      പോളിയോയാണോ, മന്താണോ>>????

       അതല്ല, വേറെ എന്തോവാണ്....

............അതുപ്രമാണിച്ച് ഇന്ന് വൈകുന്നേരം, അഞ്ചുമണിക്ക് വായനശാലാ  പരിസരത്ത് പായസവിതരണം ഉണ്ടായിരിക്കുന്നതാണ്.പ്രസ്തുത പരിപാടിയിലേക്ക് എല്ലാ രാജ്യസ്നേഹികളെയും പായസം കുടിക്കാന്‍ ക്ഷണിച്ചുകൊള്ളുന്നു..

      ശ്ശെടാ... കാര്യമെന്താണെന്നു കേട്ടില്ലല്ലോ..///

     ഏതായേലും അഞ്ചുമണിക്ക് പോയി നോക്കാം.

-------------      --------------      -------------             -----------

   വായനശാല പരിസരത്ത് കുറച്ചാളുകളുണ്ട്

പ്രസിഡന്റ് മൈക്ക്‌ വിഴുങ്ങി അമറുന്നുണ്ട്..അടുക്കുംതോറും കാര്യങ്ങള്‍ വ്യക്തമായി കേള്‍ക്കാം.

............അതുകൊണ്ട് ഞാന്‍ പറയുകയാണ് ഇതൊരു വന്‍വിജയമാണ്.നമ്മള്‍ ലോകശക്തിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഇറ്റലി മുട്ടുകുത്തിയിരിക്കുന്നു. പിടിപ്പുകേട്, പിടിപ്പുകേട്... എന്നുപറഞ്ഞ എല്ലാ മണുങ്ങൂസുകള്‍ക്കും ഇതൊരു താക്കിതാണ്... പായസം റെഡിയായിരിക്കുന്നതിനാല്‍ ഞാനധികം നീട്ടുന്നില്ല. ജയ്‌ഹിന്ദ്‌

അടുത്തതായി ആശംസ അര്‍പ്പിക്കാന്‍ പഞ്ചയത്ത് പ്രതിപക്ഷനേതാവിനെ ക്ഷണിക്കുന്നു.

  ഞാന്‍ ചോദിക്കുകയാണ് ...നമ്മള്‍ ജയിച്ചു,ജയിച്ചു എന്നുപറയുന്നു... യഥാര്‍ത്ഥത്തില്‍ നമ്മള്‍ ജയിച്ചോ..?? എവിടെയാണ് നമ്മള്‍ ജയിച്ചത്‌?? വോട്ടു ചെയ്യാന്‍ ജാമ്യത്തില്‍പ്പോയ രണ്ടു കൊലക്കേസ്‌പ്രതികള്‍ ജയിലില്‍ തിരിച്ചു വന്നത് ആരുടെ വിജയമാണ്. പ്രസിഡന്റ് നുണ പറയുകയാണ്‌.... ലജ്ജാകരം എന്നാണു ഇതിനെ പറയേണ്ടത്....പിന്നെ മണുങ്ങുസ്സുകള്‍ എന്നുള്ള

അണ്‍പാര്‍ലമെന്‍റെറി പ്രയോഗം തനി ചെറ്റത്തരമാണ്. ഇങ്ങനെയുള്ള മ,,, കൂ,,,, പ്രയോഗങ്ങള്‍ വീട്ടില്‍ച്ചെന്നു പറഞ്ഞാല്‍ മതി....

സംഗതിയൊന്നു കൊഴുക്കുന്ന ലക്ഷണം കാണുന്നുണ്ട്..സുരക്ഷിതമായ അകലം പാലിക്കുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്. അതുകൊണ്ട് പഞ്ചായത്തു കിണറിന്‍റെ മറപറ്റി നിന്നുകൊണ്ട് പരിപാടി ആസ്വദിക്കാമെന്നുവച്ചു.

        ആരാടാ പ്രസിഡന്റ്നെ പേടിപ്പിക്കുന്നത്...........

                 നീ പോടാ എരപ്പേ.....

                    എന്നാ വാടാ പുല്ലേ.....

                        പോയി പണിനോക്കെടാ......

        ഒരോട്ടിനു ജയിച്ചവനാണോ പേടിപ്പിക്കാന്‍ വരുന്നത്പോടാ......

                       പിടിയെടാ......

                          അടിയെടാ.....

                    മുണ്ടു പറിക്കാതെടാ ഡാഷ് മോനെ.............  

സ്റ്റേജില്‍ ഉന്തുംതള്ളും മുറുകുന്നു.

    ജനപ്രധിനിധികള്‍ ശാന്തരാകണം; സ്റ്റേജിനു വേണ്ടത്ര ബലമില്ല,         ശാന്തരാകണം, ശാന്തരാകണം.......................

സംഘാടകരുടെ അറിയിപ്പ് മുഴങ്ങുന്നു.

       മൈക്ക് ഓഫാക്കടാ...

ഒടുവില്‍ അത് സംഭവിച്ചു താല്‍ക്കാലിക സ്റ്റേജ് നിലംപൊത്തി.

കൂടിനിന്ന ജനം ചേരിതിരിഞ്ഞു കൂവുന്നു.

വിതരണത്തിനായി ബക്കറ്റിലൊഴിച്ചുവെച്ചിരുന്ന പായസം, ബക്കറ്റുസഹിതം കൊണ്ടുപോകുന്നു. ‘ദയവുചെയ്ത് ബക്കറ്റ്‌ കൊണ്ടുപോകരുത് അത് വാടകയ്ക്കെടുത്തതാണ്...’ എന്നുള്ള സംഘാടകരുടെ നിലവിളി ആരും ശ്രദ്ധിക്കുന്നില്ല....,യോഗം കലങ്ങി. വിതരണത്തിനു ഉണ്ടാക്കിയ പായസം ചിലര്‍ ബക്കറ്റൊടെ കടത്തി. ബാക്കിവന്നവ നിലത്ത് മറിഞ്ഞു കിടക്കുന്നു. അങ്ങനെ രാജ്യസ്നേഹികളുടെ കൂട്ടായ്മ്മ അതിന്‍റെ എല്ലാ ഭാവങ്ങളോടും കൂടി ആസ്വദിക്കാനായി...

എന്‍റെ പൊന്നു മാഷേ; ആ ഇറ്റലിക്കാര്‍ തിരിച്ചുവന്നത് ഒന്നാഘോഷിച്ചതാ.. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരെയും ചടങ്ങിനുക്ഷണിച്ചു. വന്നാല്‍ സ്റ്റേജില്‍ ഇരുത്താതിരിക്കാന്‍ പറ്റുമോ..?? ഇരുന്നാല്‍ മൈക്ക്‌ കൊടുക്കാതിരിക്കാന്‍ പറ്റുമോ??  പ്രസിഡന്റും പ്രതിപക്ഷനേതാവും കിട്ടിയ അവസരം പഞ്ചായത്ത്മീറ്റിംഗ് പോലെയാക്കി. പരിപാടികലക്കി അവര്‍ സ്ഥലംവിട്ടു. തല്ലിപ്പൊളിച്ചതെല്ലാം വാടകയ്ക്കെടുത്ത സാധനങ്ങളാണ്; എന്‍റെ ഈ മാസത്തെ ശമ്പളം കട്ടപ്പൊക...

എടാ കൊച്ചനെ; രാഷ്ട്രിയക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്തുമ്പോള്‍, വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒന്നിച്ചു സ്റ്റേജില്‍ ഇരുത്തരുത്. ഇരുത്തിയാല്‍, മൈക്ക്‌ കൊടുക്കരുത് അറിയാമോ..മാത്രമല്ല ആവശ്യമില്ലാത്ത കാര്യത്തിന് ഇങ്ങനെയുള്ള പരിപാടി സംഘടിപ്പിക്കരുത്.

 എന്‍റെ മാഷേ; അങ്ങെനെ പറയാന്‍ പറ്റുമോ ഇതൊരു നിസ്സാര കാര്യമാണോ അവന്മ്മാര്‍ തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതിയോ. ഇക്കാര്യത്തില്‍ ഇനി പ്രാര്‍ഥനമാത്രമേ രക്ഷയുള്ളൂ; എന്നല്ലേ എല്ലാ നിരീക്ഷണ ശ്രീമാന്‍മ്മാരും പറഞ്ഞിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടിയശേക്ഷം സംഭവിച്ച  ഒരു പ്രധാനവിജയമല്ലേ ഇത്.മറ്റൊരു വിജയം കിട്ടിയത് കിഴക്കന്‍പാക്കിസ്ഥാന്‍ യുദ്ധത്തിലാണ്. ചൈനാ യുദ്ധത്തില്‍, നമ്മള്‍ വിജയകരമായി പിന്മാറുകയാണുണ്ടായത്; കാര്‍ഗില്‍ യുദ്ധത്തില്‍ ഇങ്ങോട്ടു കയറി വന്നവരെ തിരിച്ചോടിച്ചു; അത്രമാത്രം. മൊത്തത്തില്‍ ഇടപെട്ട പ്രശ്നങ്ങളെല്ലാം കുളമാക്കിയ പാരമ്പര്യമാണ് നമുക്കുള്ളത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍മുതലുള്ള കാശ്മീര്‍പ്രശ്നം ഇപ്പോഴും അങ്ങനെതന്നെ നില്‍ക്കുന്നു.ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ ഇടപെട്ടു കുളമാക്കി. ലങ്കയിപ്പോള്‍ ചൈന പക്ഷത്താണ്. രാജ്യത്തിനകത്തു നടന്ന ഭീകരാക്രമണക്കേസിലെ പ്രധാനപ്രതികളെല്ലാം ഇപ്പോഴും വിദേശത്തു ബിരിയാണി തിന്നുകഴിയുന്നു.ഭോപ്പാല്‍ ദുരന്തത്തിലെ പ്രതിയെ നമ്മുടെ നേതാക്കള്‍തന്നെ രക്ഷപ്പെടുത്തിവിട്ടു. മറ്റു വ്യവസായിക, ആയുധ ഇടപാടുകളിലെ വിദേശിയരായ പ്രതികളെയെല്ലാം വിട്ടയക്കുന്ന നിലപാടുകളാണല്ലോ നമ്മള്‍ കാലാകാലങ്ങളായി എടുത്തുകൊണ്ടിരിക്കുന്നത്‌. പോയ ഒരുത്തനും മടങ്ങി വന്നിട്ടില്ല;നമുക്ക്‌ എന്നാ ചെയ്യാന്‍പറ്റി??ചുമ്മാ ബ്ലാ ബ്ലാ അടിക്കാന്‍ പറ്റി അത്രമാത്രം.

തൊലിവെളുത്തവനാണോ; കൊലപാതകകേസില്‍ ജയിലില്‍ കിടക്കുന്നവനായാലും ശരി; കേക്ക് മുറിക്കാനും, പെണ്ണുംപിള്ളേ കാണാനും, സിഗരറ്റു വലിക്കാനും, വോട്ടു ചെയ്യാനും,,,,, തുടങ്ങിയ ഏതാവശ്യത്തിനും നാട്ടില്‍പ്പോകാം വീട്ടിലുംപോകാം ഒരു കുഴപ്പവുമില്ല. എന്നാലോ സ്വന്തം പ്രജകള്‍ക്ക് ഇതിനൊന്നും അവകാശമില്ല.വിചാരണപോലും ഇല്ലാതെ കിടന്നോളണം.

  ഇപ്പൊ വോട്ടുചെയ്യാന്‍ ജാമ്യത്തില്‍പോയ പോയ രണ്ടു കൊലപ്പുള്ളികളാണു വധശിക്ഷ ഒഴിവാക്കിയിരിക്കുന്നു എന്ന ഉറപ്പില്‍ തിരിച്ചുവന്നിരിക്കുന്നത്. ഭയങ്കര വിജയംതന്നെ.. ആരുടെതാണ് വിജയം  എന്ന കാര്യത്തില്‍മാത്രമേ സംശയമുള്ളൂ. ജനങ്ങളും മാധ്യമങ്ങളും ഇത്ര കുഴപ്പമുണ്ടാക്കുമെന്ന് അറിഞ്ഞില്ല; പുറത്തറിയില്ല എന്നുകരുതിയാണ് പറഞ്ഞുവിട്ടത്. ഇതിപ്പോ തിരിച്ചുകൊണ്ടുവന്നില്ലങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നക്ഷത്രമെണ്ണും. അതുകൊണ്ടാണ് ചോദിച്ച ഉറപ്പൊക്കെകൊടുത്തു കിടാങ്ങളെ ഇങ്ങുകൊണ്ടുവന്നത്.അങ്ങനെ ഒരു കാര്യം മനസ്സിലായി കോടതിതീരുമാനിക്കേണ്ട ശിക്ഷ സര്‍ക്കാര്‍ പറയും. ഇത് മൊത്തത്തില്‍ ഒരു “പാമ്പുംഗോവണി”കളിതന്നെ.

‘കൂടി.വഡീശനെ’ പോലുള്ള ചാനല്‍ ഹരിതനായകമ്മാരുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യ ചില അന്തരാഷ്ട്ര മര്യാദകള്‍ ഇനിയും പാലിക്കാനുണ്ട്. ചില കാര്യത്തില്‍ അതുശരിയാണ്; കാണുന്ന കുറ്റിയേലേല്ലാം മൂത്രമൊഴിക്കുക,വൃത്തിയായ സ്ഥലങ്ങില്‍ തുപ്പുക,കാണുന്ന മതിലേല്‍ എല്ലാം പോസ്റ്റര്‍ ഒട്ടിക്കുക, ക്യൂവില്‍ ഉന്തുംതള്ളും ഉണ്ടാക്കുക,സ്ത്രീവേഷം കണ്ടാല്‍ പീഡനവാസന പുറത്തെടുക്കുക തുടങ്ങിയ നമ്മുടെ തനത് ശൈലികള്‍ ഒന്നുമല്ല ‘വഡിശന്‍’ പറഞ്ഞത്.   പ്രതികള്‍ പട്ടാളക്കാരാണ്,ഇറ്റലി നാറ്റോരാജ്യമാണ്, അവരുമായി വാണിജ്യ ബന്ധമുണ്ട്,യൂറോപ്പിലെ വമ്പനാണ്, കൊമ്പനാണ് തുടങ്ങിയ ന്യായങ്ങള്‍ പ്രകാരം അവരിവടെവന്നു വെടിവെച്ചാലും, കൊന്നാലും ക്ഷമിക്കേണ്ടത് നമ്മളാണ്.ഇല മുള്ലേല്‍ വീണാലും, മുള്ള് ഇലേല്‍ വീണാലും കൊഴപ്പം നമ്മുടെ ഈ മരത്തിനാണ്. നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയ കാര്യംപോലും  ‘കൂടി.വഡിശന്‍’ മറന്നുപോയെന്നു തോന്നുന്നു.

    ഇതിന്‍റെ യാഥാര്‍ത്ഥ്യം എന്താണ്???  കടല്‍ക്കൊല കേസില്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിനായി ഇറ്റലി നിര്‍ബന്ധം പിടിച്ചത്, തടവുശിക്ഷ ലഭിച്ചാല്‍ അത് ഇറ്റലിയില്‍ അനുഭവിക്കുന്നതിന് വഴിയൊരുക്കുന്നതിനു വേണ്ടിയായിരുന്നു.ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട 'കുറ്റവാളി കൈമാറ്റക്കരാര്‍' പ്രകാരം വധശിക്ഷ ലഭിക്കുന്നവരെ കൈമാറാന്‍ വ്യവസ്ഥയില്ല. ഇതു മറികടക്കുന്നതിന് വേണ്ടിയാണ് വധശിക്ഷ ഒഴിവാക്കാന്‍  ഇറ്റലി ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. എങ്ങനെയെങ്കിലും നാവികരെ മടക്കികൊണ്ടുവന്ന് ജനരോഷത്തില്‍നിന്ന് തലയൂരാന്‍ കടലില്‍ നടന്ന കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും വധശിക്ഷ ഉണ്ടാവില്ലായെന്നും  കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് ഉറപ്പുകൊടുത്തു.  നാവികരെ ശിക്ഷിച്ചാല്‍തന്നെ  കരാര്‍പ്രകാരം അവര്‍ക്ക് വേണമെങ്കില്‍ ഇറ്റലിയില്‍ തടവുശിക്ഷ അനുഭവിച്ചാല്‍ മതി.

 

  ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും ഒപ്പിട്ട കരാര്‍ ഈയിടെയാണ് പ്രാബല്യത്തിലാക്കിയത്. ഈ കരാര്‍ കഴിഞ്ഞ വര്‍ഷം ജനവരിയിലാണ് ഒപ്പുവെച്ചത്. ഡിസംബര്‍ 17-ന് കരാര്‍ പ്രാബല്യത്തില്‍ വന്നു.  കൊലനടന്നതിനെത്തുടര്‍ന്ന് ഈ കരാര്‍ ഇരുരാജ്യങ്ങളിലെയും പാര്‍ലമെന്റുകള്‍ അംഗീകരിക്കുന്നതിനുള്ള നടപടി ഇറ്റലി വേഗത്തിലാക്കിയിരുന്നു. എന്നാല്‍, വധശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഈ കരാറിന്‍റെ ആനുകൂല്യം ലഭിക്കില്ല. അതുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കുമെന്നുള്ള ഉറപ്പിനായി ഇറ്റലി നിര്‍ബ്ബന്ധം പിടിച്ചത്. വിചാരണക്കോടതി ശിക്ഷിക്കുകയും ഇന്‍ഡ്യ അതിനെതിരെ അപ്പീല്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിക്കാനുള്ള അവസരം ലഭിക്കും. ഇതിന് ഇരുരാജ്യങ്ങളും സമ്മതിച്ചാല്‍ മാത്രംമതി. ചുരുക്കത്തില്‍ ഇറ്റലിയുടെ ആവശ്യങ്ങള്‍ക്ക്‌ മുന്നില്‍ നമ്മുടെ നേതാക്കള്‍ മുട്ടുമടക്കുകയാണ് ചെയ്തിരിക്കുന്നത്.നമ്മുടെ നിയമവ്യവസ്ഥയെ മറ്റൊരു വിദേശരാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതുകയാണ് ചെയ്തിരിക്കുന്നത്.

  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 427 (വസ്തുവിന് കേടുപാട് വരുത്തല്‍) എന്നീ വകുപ്പുകള്‍ക്ക് പുറമെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തല്‍ നിയമത്തിലെ (സുവാ) മൂന്നാം വകുപ്പും ഉള്‍പ്പെടുത്തിയാണ് നാവികര്‍ക്കെതിരെ കേരളപോലീസ് കേസ്സെടുത്തത്. ഇതില്‍ 302 വകുപ്പും, സുവാ നിയമവും പ്രകാരം വധശിക്ഷവരെലഭിക്കാം. ഇതാണ് ഇറ്റലിയെ ഭയപ്പെടുത്തിയത്. എന്നാല്‍ ഈ കേസില്‍  നാവികരെ വിചാരണചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേരളത്തെ നിര്‍വീര്യമാക്കി; കേസ് കേരളത്തിന്‌ പുറത്തേക്കുമാറ്റാനുള്ള സാഹചര്യമാണിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേസിന്‍റെ വിചാരണ  കേരളത്തില്‍ നടന്നാല്‍, വിചാരണയെ; ഇവിടത്തെ ശക്തമായ ജനവികാരം സ്വാധീനിക്കുമെന്നും ഇറ്റലി ഭയക്കുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധിപ്രകാരം രൂപവത്കരിക്കേണ്ട പ്രത്യേകകോടതി കേരളത്തിന് പുറത്തേക്ക് മാറ്റാനും അവര്‍ സമ്മര്‍ദം ചെലുത്തും. കേന്ദ്രസര്‍ക്കാര്‍ അതിനും വഴങ്ങിക്കൊടുക്കാനാണ് സാധ്യത. ഇപ്പോള്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എമ്പസിയിലാണ് നാവികരുള്ളത്. കേരളത്തിന് പുറത്ത് കോടതി രൂപവത്കരിച്ചാല്‍ ഈ കേസിനെസംബന്ധിച്ചുള്ള  എല്ലാ രേഖകളും മൊഴിമാറ്റേണ്ടിവരും. അതുപോലെ സാക്ഷികളെ വിചാരണ നടക്കുന്നസ്ഥലത്ത് എത്തിക്കണം. അവര്‍ കോടതിയില്‍ നല്‍കുന്ന മൊഴിയും പരിഭാഷപ്പെടുത്തേണ്ടിവരും. ചെറിയപിശകുകള്‍ വരെ പ്രധാനമാകുന്ന ഇത്തരം വിചാരണയില്‍; ഭാഷാ മൊഴിമാറ്റവും,കോടതി മാറലുമെല്ലാം പ്രതികള്‍ക്ക് സഹായകമാകും.ഇങ്ങനെ കിളികള്‍ക്ക് സ്ഥിരമായി പറന്നു പോകാനുള്ള എല്ലാ കളികളും അണിയറയില്‍ തയ്യാറാക്കി

കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴത്തെ ഈ നാടകം പൊതുജനസമക്ഷം ആടിത്തിമിര്‍ക്കുന്നത്.ജാലവിദ്യക്കാരന്‍റെ കണ്‍കെട്ടുവിദ്യക്കു മുന്നില്‍ കയ്യടിക്കുന്നതുപോലെ; കൊലപ്പുള്ളികളുടെ മടങ്ങിവരവ്‌; പായസം കുടിച്ചും, പടക്കം പൊട്ടിച്ചും, ലഡു വിതരണംചെയ്‌തും നമുക്കാഘോഷിക്കാം...തീ മഴ പെയ്യുന്ന ഇക്കാലത്ത് ഈ മടങ്ങിവരവാണ് ആഘോഷിക്കേണ്ടത്. ആഘോഷിക്കാന്‍ നമുക്ക് മറ്റെന്താണുള്ളത്.........

 

4 comments:

 1. രാജീവ്‌March 24, 2013 at 10:03 AM

  ലഡു കൊടുത്തും പായസം കഴിച്ചും ആഘോഷിക്കാം അല്ലാതെ എന്ത് ചെയ്യാന്‍ പറ്റും

  ReplyDelete
 2. തല്‍കാലം മറ്റു ജാനകിയ വിഷയങ്ങള്‍ ഇതില്‍ മുങ്ങി ആ വകുപ്പില്‍ ഡീസലിന് വിലകൂടിയത് വരെ ആരും അറിഞ്ഞില്ല കേരള മന്ത്രിമാരെ ക്കുറിച്ചുള്ള അഴിമതി ആരോപണംവും ഇതില്‍ മുങ്ങിപ്പോയി.ഇതാണ് വാര്‍ത്ത‍ ഉണ്ടാക്കി വാര്‍ത്ത മുക്കുന്ന പരിപാടി.

  ReplyDelete
 3. എവിടെ പായസം? ഞാനും ഇത്തിരി ആഘോഷിക്കട്ടെ

  ReplyDelete
 4. ഹ ഹ ഹ
  ഇതക്കെ കാണുമ്പോൾ ഇങ്ങിനെ ചിരിക്കാനല്ലാതെ മറ്റെന്തിനു കഴിയും

  ReplyDelete