**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, April 12, 2013

ടീവികണ്ടു രസിച്ചുകുഞ്ചു, നീരകുടിച്ചു ചിരിച്ചുകുഞ്ചു..


  

വിദ്യാധരന്റെ വ്യകുലചിന്തകള്‍

  ഒത്താല്‍ ഈ വിഷുവിനെങ്കിലും നമ്മുടെ മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും ഓരോ ഓലപീപ്പിയെങ്കിലും വാങ്ങിക്കൊടുക്കണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.അതിലേക്കായി കാലാകാലങ്ങളായി ചില്ലറത്തുട്ടുകള്‍ സൂക്ഷിച്ചിരുന്ന മണ്‍ക്കുടുക്ക ഉടയ്ക്കുകയും ചെയ്തു. അധികവും എടുക്കാത്ത തുട്ടുകള്‍ മാത്രം.അഞ്ചുപൈസയും, പത്തുപൈസയും, ഇരുപതു പൈസയും, ഇരുപത്തഞ്ചു പൈസയും; അവയാണെങ്കില്‍ കല്ലറ പൊളിച്ചപ്പോള്‍ കിട്ടിയ കപാലം പോലെ എന്നെനോക്കി ഇളിക്കുന്നു.അത്താഴ പ്പട്ടിണിക്കാരന്‍റെ ഓട്ടപ്പാത്രത്തില്‍ ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍ ....... ശാന്തം പാപം.നമ്മുടെ നേതാക്കള്‍ നമുക്കുവേണ്ടി ഇത്രയുമൊക്കെ കഷ്ടപ്പെട്ടിട്ടും ആരും ഒരു പ്രോത്സാഹനവും കൊടുക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നെഞ്ചു പൊട്ടുകയായിരുന്നു. നാലുതവണ ബി.പി നോക്കി നാലുതവണയും ഹൈ. എന്നാല്‍ ഇന്നലെ മുതല്‍ നോര്‍മ്മല്‍. പ്രത്യേകിച്ച് ഒരു മരുന്നും കഴിച്ചില്ല. എം.എല്‍.എ-മാര്‍ക്ക് വിഷുകൈനീട്ടം എല്‍.സി.ഡി ടിവി ആ വാര്‍ത്ത കണ്ടതേയുള്ളു, ഭയങ്കര ആശ്വാസം.ഈ വാര്‍ത്ത‍ സിഡി-യിലാക്കി   വച്ചിരിക്കുകയാണ്. ദിവസം മൂന്നുനേരം ഭക്ഷണത്തിനു മുന്നേ ഇട്ടുകാണും, ഒരു ഗ്ലാസ്‌ വെള്ളവുംകഴിക്കും. പെട്ടന്നു  ശരീരമൊന്നു വിയര്‍ക്കും അതേ പോലെ തണുക്കും. പേടിക്കാന്‍ ഒന്നുമില്ല, തലച്ചോറിനകത്ത് ചില വിസ്പ്പോടനങ്ങള്‍ നടക്കുന്നതുകൊണ്ടാണ്,ആ സമയം മാരകായുധങ്ങളൊന്നും അടുത്തു വയ്ക്കാതിരുന്നാല്‍മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

  വിമര്‍ശകര്‍ക്ക് എന്തുംപറയാം.. എന്നാ ഇവനെക്കൊണ്ടൊക്കെ പറ്റുമോ ഒരു എം.എല്‍.എ ആകാന്‍. ഇനി ആയാല്‍ത്തന്നെ എന്തുമാത്രം ത്യാഗം സഹിക്കണം. നിയമസഭയ്ക്കകത്തും പുറത്തും രണ്ടു കാലില്‍ നില്‍ക്കണമെങ്കില്‍, എന്തെല്ലാം വിദ്യകള്‍ പഠിക്കണം. ഭാവാഭിനയത്തിലും ആക്രോശത്തിലും അഗാധപാണ്ഡിത്യം വേണം. അത്യാവശ്യം കളരിമുറകള്‍ വശംവേണം ,പുളിച്ചതെറികള്‍ ഒഴുക്കായി പറയാനറിയണം. ഐസ്ക്രീം കഴിക്കാന്‍ പഠിച്ചാല്‍ അധികയോഗ്യതയാണ്. ഇവയൊന്നും അറിയില്ലേല്‍ ഈ ബഹളത്തിനിടയ്ക്കും ഉറങ്ങാനെങ്കിലും അറിഞ്ഞിരിക്കണം. കണ്ടാല്‍  ഒന്നരസെന്റ്‌ കണക്കില്‍ വയറുവേണം.മുഖത്തെപ്പോഴും അയ്യേ ഊമ്പിച്ചേ എന്ന രീതിയിലുള്ള പുച്ഛംകലര്‍ന്ന ചിരിവേണം.  എന്നാലോ പട്ടിണിയും, ദാരിദ്ര്യവും, കര്‍ഷകനും മാത്രമേ ചര്‍ച്ചിക്കാന്‍ പാടുള്ളൂ. കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തവനുവേണ്ടി ഗര്‍ജിക്കുന്ന നേതാക്കളെ കണ്ടിട്ടില്ലേ. കഞ്ഞി മുഴുവന്‍ കലത്തോടെ കുടിച്ചു, നല്ല മൂരിക്കുട്ടനെപ്പോലെ ഒന്നരകിണ്ടല് വയറും, രണ്ടുപറ ചന്തിയുമായി വെള്ള ഉടുപ്പുമിട്ട് കുലുങ്ങിക്കുലുങ്ങി ആ വരവ് ഒന്നുകാണേണ്ടത് തന്നെയാണ്. അത് നമ്മുടെ കാളയാണ്, നമ്മുടെ സ്വന്തം അപ്പക്കാള... എന്നു അഭിമാനത്തോടെ പറയാം.ഇടുന്ന ചാണകം അപ്പപ്പോള്‍ വാരാനായി കുറെയെണ്ണം വട്ടന്‍കൊത്തിയെപ്പോലെ എപ്പോഴും പിറകെ കാണും..

  ഇങ്ങനെ വിമര്‍ശിച്ചാല്‍ മതിയോ?? പാടില്ല. കണ്ണുതുറന്നുനോക്കണം; പാവങ്ങള്‍, മെലിഞ്ഞു ഒരു കോലമായിരിക്കുന്നു.ജനങ്ങള്‍ക്കുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച്; കണ്ണുകുഴിഞ്ഞ്, കവിളോട്ടി, താടിവളര്‍ന്ന്..അയ്യോ പാവം. കര്‍ഷകരുടെകൂടെ തോളോടുതോള്‍ പ്രവര്‍ത്തിച്ചതിനാല്‍ സൂര്യാഘാതമേറ്റ് തൊലിയെല്ലാം പൊള്ളിക്കുമിളച്ചിരിക്കുന്നു.....അപ്പൊ അവര്‍ക്കൊരു ആശ്വാസമായി ചെറിയ ഒരു കൈനീട്ടം കൊടുത്താല്‍ എന്താണുതെറ്റ്. അവരുടെ വേദനകളും വിഷമങ്ങളും മനസിലാക്കി; ഇപ്പോള്‍, കേരളത്തിലെ എല്ലാ വീടുകളിലും നമ്മുടെ എം.എല്‍.എ മാരുടെ ആരോഗ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ചെല്ലുന്നുണ്ട്.ഓരോ സഭ കൂടുമ്പോഴും ‘ദൈവമേ ഞങ്ങളുടെ എം.എല്‍.എ മാരുടെ കയ്യും കാലും ഒടിയാതെ കാത്തുകൊള്ളണെ...’ എന്നാണ് കുട്ടികളുടെവരെ പ്രാര്‍ഥന...അത്രയ്ക്ക് കടുകട്ടിയാണ് ഈ ജനസേവനമെന്നു പറഞ്ഞാല്‍.

   കഴിഞ്ഞ തവണ ലെതര്‍ബാഗും, ഐപാടുമായിരുന്നു കൊടുത്തത്. പ്രതിപക്ഷനേതാവ്‌ മാത്രമാണ് സംഗതി ഒഴിവാക്കിയത്.ഐപാഡ്  വെറുതെ ഐസ് ക്രീമില്‍ മുക്കണ്ടല്ലോയെന്നു കരുതിക്കാണും. ഇത്തവണ 36ഇഞ്ച്‌ വലിപ്പമുള്ള എല്‍.സി.ഡി ടീവിയാണ് കൊടുത്തത്. വില പതിനാറായിരം വച്ച് ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷംരൂപവരും.ടിവി എടുക്കുന്നവര്‍ക്ക് കൂട്ടത്തില്‍  ഓരോ ബോട്ടില്‍ ‘നീരയും’കൊടുക്കുന്നുണ്ട്. (ശുദ്ധ വെജ് എന്നാണ് പറയുന്നത്.എന്നാല്‍ പണ്ട് നീരയുണ്ടാക്കി ചിലര്‍ അകത്തുപോയിരുന്നു,അന്നു പറഞ്ഞത് നീര ലഹരിയാണെന്നായിരുന്നു..) . ഇതില്‍ വലിയ പുതുമയൊന്നുമില്ല എന്നാണ് കാര്‍ത്തികേയന്‍ സാറ് പറഞ്ഞിരിക്കുന്നത്. സാറിനറിയാം ഇവറ്റകളെയൊക്കെ മേച്ചുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്. മിണ്ടാതിരുന്നോ,,,, സഭയ്ക്കുള്ളില്‍ വര്‍ത്താനംപറഞ്ഞാല്‍ പേരെഴുതുമെന്ന് പറഞ്ഞാല്‍, കേള്‍ക്കില്ല.. കേട്ടെഴുത്തിടുമെന്നു പറഞ്ഞാല്‍ അപ്പൊ തുണിപൊക്കി കാണിക്കും; കൂവലും, കാറലും, അപ്പിയിടലും,  ബഹളവും, ഇറങ്ങിപ്പോക്കും........മടുത്തു. ഇനിയിപ്പോ വല്ല ഐപാഡോ, ടീവിയോ, ലാപ്ടോപ്പോ,,, ഒക്കെ കൊടുക്കുകയെ രക്ഷയുള്ളൂ. അതാകുമ്പോള്‍ ഫേസ്ബുക്കും തുറന്നു അവിടെയിരുന്നു ചാറ്റിക്കോളും. ഒരു ബഹളവും ഉണ്ടാകില്ല. നാലുപാടും ക്യാമറ ഇരിക്കുന്നതിനാല്‍ കര്‍ണ്ണാടകത്തിലെ പോലെ മറ്റു കുരുത്തക്കേടുകളോന്നും കാണിക്കില്ലായെന്നു വിചാരിക്കാം. പിള്ളാരല്ലേ..ഒന്നുമങ്ങ് പറയാനൊക്കത്തില്ല.

   ജനങ്ങള്‍ക്കുപിന്നെ കൈനീട്ടം എല്ലാ ദിവസവും മൊടങ്ങാതെ കിട്ടുന്നുണ്ട്‌..അതിനു വിഷു, ഓണം എന്നിങ്ങനെ തരംതിരിവൊന്നുമില്ല. എങ്കിലും പറയാതിരിക്കാന്‍ വയ്യ; കഞ്ഞിവയ്ക്കാനുള്ള അരിവിഹിതം വെട്ടിക്കുറച്ചുവെന്നുള്ള ഓര്‍ഡര്‍ കേന്ദ്രത്തിന്‍റെ കൈനീട്ടമായി എത്തിയിട്ടുണ്ട്. എല്ലാവരും മറക്കാതെ മേടിച്ചോളണം.

  വരള്‍ച്ചകാരണം ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു,കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു,നെല്‍പ്പാടങ്ങള്‍ നശിക്കുന്നു,ജോലി ചെയ്യുന്ന ആളുകള്‍ സൂര്യതാപമേറ്റ് ആസ്പത്രികളിലാവുന്നു,സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തുടങ്ങിയ ജലസേചനപദ്ധതികള്‍ എങ്ങുമെത്താതെ കിടക്കുന്നു,കാര്‍ഷിക ആവശ്യത്തിന് ജലം കൊണ്ടുപോകാന്‍ നിര്‍മ്മിച്ച കനാലുകളില്‍ ഒരു തുള്ളി വെള്ളമൊഴുകുന്നില്ല, ഉണ്ടാക്കിയവ നിര്‍മ്മാണത്തിലെ അപാകതനിമിത്തം നശിക്കുന്നു, നിര്‍മ്മാണത്തില്‍ അഴിമതികാട്ടി കരാറുകാര്‍ കോടികള്‍ മുക്കുന്നു. വരള്‍ച്ച ദുരിതാശ്വാസമായി അനുവദിച്ച തുകകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാതെ ലാപ്സ് ആകുന്നു.. ഇതൊക്കെ കൃഷി, ജലസേചനവകുപ്പുകള്‍ സംയുക്തമായി കര്‍ഷര്‍ക്ക് നല്‍ക്കുന്ന കൈ നീട്ടങ്ങളാണ്. ഇനിയിപ്പോ എടുത്തു പറയാനുള്ള രണ്ടു കൈനീട്ടങ്ങള്‍ പവര്‍ക്കട്ട് ആറുമണിക്കൂര്‍വരെ ആക്കേണ്ടിവരും,അതുപോലെ പൊതുഗതാഗതമായ കെ.എസ്.ആര്‍.ടി.സി മരണശ്വാസം വലിക്കുന്നു; എന്നിവയാണ്. പത്തുരൂപ കുറച്ചുതരാമെന്നുപറഞ്ഞാലും നമ്മള്‍ സ്വകാര്യപമ്പില്‍നിന്ന് ഡീസല്‍ അടിക്കില്ല. നമുക്ക് മറ്റേ പമ്പുതന്നെ വേണം.അവിടെയകുമ്പോള്‍ പത്തുരൂപ കൂടുതല്‍ കൊടുത്താല്‍ മതിയല്ലോ..ഏത്....മികച്ച ആസൂത്രണമാണ്. പൂട്ടിയില്ലെങ്കിലേ.... അത്ഭുതമുള്ളു.അങ്ങനെ എവിടെ നോക്കിയാലും വികാസം നടക്കുകയാണ്.അതുകൊണ്ടാണ് നമ്മളിവിടെ ടിവിയും കണ്ട്, നീരയുമടിച്ചു വിഷു ആഘോഷിക്കുന്നത്..ഇതു തെറ്റാണോ...

 വികാസംനടക്കാത്ത ഒരേഒരു സാധനം നമ്മുടെ മന്ത്രിമാരുടെയും എം.എല്‍. എ മാരുടെയും ശമ്പളമാണ് മാസം, കുറഞ്ഞത് വെറും ഒരുലക്ഷം രൂപയാണ് ഓരോ അണ്ണനും കിട്ടുന്നത്..  ഓ ഇതൊക്കെ എന്ത്; ചായയടിക്കുന്ന പരമുവിനുപോലും മാസം പതിനയ്യായിരത്തോളം കിട്ടുന്നുണ്ട്‌ പിന്നാ..

  തിരഞ്ഞെടുപ്പ്‌ സമയത്ത് കൊടുത്ത സത്യവാങ്മൂലപ്രകാരം മിക്ക അണ്ണന്‍ മ്മാര്‍ക്കും പത്തുലക്ഷത്തിനു മുകളിലേക്കാണ് സമ്പാദ്യം. സ്വര്‍ണ്ണം, വസ്തു, വാഹനം ഇവ വേറെ...ഈ കണക്കുകള്‍  കോടിക്ക് മുകളില്‍വരെ എത്തിനില്‍ക്കുന്നു. ടീവി-യില്ലാത്ത ഒറ്റ മന്ത്രിമന്ദിരമോ, എം.എല്‍.എ ക്വാട്ടേഴ്സൊയില്ല. വീട്ടില്‍ ടീവി-യില്ലാത്ത ഒറ്റ സാമാജികനെയെങ്കിലും കാണിച്ചു തരാന്‍ പറ്റുമോ.. ഒരാള്‍ക്ക് ഒന്നിലേറെ ടീവി, ഒരേ സമയംകാണാന്‍ പറ്റുന്ന ടെക്നിക്കൊന്നും ഇതുവരെ വന്നിട്ടില്ല...പിന്നെ എന്തിനാണ് സാര്‍ ഈ ധൂര്‍ത്ത്‌?? അങ്ങ് ഒരു മന്ത്രിയല്ലേ??? കൃഷിക്കാരന്‍റെ ബുദ്ധിമുട്ടുകള്‍ അറിയാനും അതു പരിഹരിക്കാനും അങ്ങേയ്ക്ക് ബാധ്യതയില്ലേ??..ആവശ്യമുള്ളതെങ്കില്‍ സഹിക്കാം, ഇതു തീര്‍ത്തും അനാവശ്യചിലവല്ലേ.??.കൃഷിമുഴുവന്‍ നശിച്ചു, ലോണെടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ഒരുപാട് മനുഷ്യര്‍ ജീവിതം അവസാനിപ്പിച്ച നാടാണ് കേരളം. കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ ആളുകള്‍ നെട്ടോട്ടമോടുന്ന ഈ സമയത്ത്, കാര്‍ഷികവിളകള്‍കരിഞ്ഞുണങ്ങി കര്‍ഷകര്‍ വിഷമിക്കുന്ന ഈ സമയത്ത് ഒരു കൃഷിമന്ത്രിയെന്ന നിലയില്‍ അങ്ങ് ഈ കാണിച്ചത്‌ വിവേകമല്ല..നഗരം കത്തുമ്പോള്‍ വീണവായിക്കുന്ന നീറോ ആകല്ലേ.....സാര്‍.

 അടുത്ത വണ്ണമുള്ളമന്ത്രി നൂറ്റിനാല്‍പ്പതോളം കാനോന്‍ A-2200 മോഡല്‍ ക്യാമറകള്‍ വാങ്ങി വച്ചിട്ടോണ്ടെന്നു പറയുന്നു..ടീവി വിതരണത്തിന് കിട്ടുന്ന ലൈക്കുകള്‍ നോക്കിയിട്ടുവേണം അതു വിതരണം ചെയ്യാന്‍. അതിലേക്കായി മുപ്പതു ലക്ഷത്തോളം പൊട്ടിച്ചുവെന്നും കേള്‍ക്കുന്നു...ക്യാമറ ഫ്ലാഷുകള്‍ മിന്നുന്നതുവരെ നമുക്ക് കാത്തിരിക്കാം..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കാം....

9 comments:

  1. അശോകന്‍April 12, 2013 at 1:57 PM

    കോരന് കുമ്പിളില്‍ തന്നെ കഞ്ഞി ,,അതിനു മാത്രം മാറ്റമുണ്ടാവില്ല. അടിപൊളിപോസ്റ്റ്‌

    ReplyDelete
  2. സെക്രട്ടറിയേറ്റും കൂടി പൊളിച്ചു വില്‍ക്കാതിരുന്നാല്‍ മതിയായിരുന്നു..

    ReplyDelete
  3. good one dear...............

    ReplyDelete
  4. ബിനു എഴുതിയത് പോലെ നടക്കില്ല -
    അത് പണയത്തിലാ.....!
    എഴുത്ത് നന്നായി

    ReplyDelete
  5. മൂര്‍ച്ചയുള്ള ഈ ആക്ഷേപഹാസ്യവിമര്‍ശനം ഞാന്‍ മുടങ്ങാതെ വായിയ്ക്കുന്നുണ്ട്. കേരളം പോലെ, ഇന്‍ഡ്യപോലെ ഒരു രാജ്യത്തെ കോടാനുകോടി സാധാരണമനുഷ്യരുടെ ആത്മഗതങ്ങള്‍ തന്നെയാണ് ഇവിടെ വായിയ്ക്കാനാവുന്നത്. എന്നാല്‍ ഈ വാക്കുകള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ പോലും പരക്കെ വായിയ്ക്കപ്പെടുന്നില്ല എന്ന വിഷമവുമുണ്ട്.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അജിത്തേട്ട,താങ്കളെപ്പോലുള്ള ഒരാളുടെ സന്ദര്‍ശനവും ,അഭിപ്രായവും മാത്രം മതി..സംതൃപ്തി തരാന്‍.

      Delete
  6. മോഹന്‍April 13, 2013 at 8:11 AM

    ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യയാഥാര്‍ത്യങ്ങളെ ഭംഗിയായി വരച്ചിട്ടിരിക്കുന്നു..

    ReplyDelete
  7. കര്‍ഷക ആത്മഹത്യ ലൈവായി കാണാന്‍ പുതിയ എല്‍സീഡീ ടീവി ഉപകരിക്കും.

    ReplyDelete