**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, April 13, 2013

വരള്‍ച്ചാകാലത്തെ ഊളത്തരങ്ങള്‍................


 

 വിദ്യാധരന്റെ വ്യാകുല ചിന്തകള്‍

  വളരെക്കാലത്തെ ഏകാന്തതയ്ക്ക് ശേഷം കത്തിക്കാളുന്ന വേനല്‍ചൂടില്‍ ഫയറിംഗ് സ്ക്വാഡിന്റെ വെടിയൊച്ചയ്ക്കുവേണ്ടി കതോര്‍ത്തിരിക്കുമ്പോളാണ് ഒരു കുളിര്‍ത്തെന്നലായി ആ വാര്‍ത്ത‍ കടന്നു വന്നത്. കോളറകാലത്തെ പ്രണയംപോലെ, ഒരു മര്‍മ്മരം..... ‘അതില്‍ തെറ്റില്ല...’

  നാശം, പേനയെടുക്കുമ്പോഴേതുടങ്ങും പ്രണയം. സുസ്മിത, വസീം അക്രത്തിനെ കല്യാണംകഴിക്കും, ഹൈദരാബാദില്‍ മുങ്ങിയ അഞ്ജലി ബോംബെയില്‍ പൊങ്ങി, റീമിന താത്തയും അബുവച്ചായനും കൂടി കൊഹാബിട്ടെഷന്‍ തുടങ്ങി, മീര പ്രണയ നൈരാശ്യത്തിലോ?? വിശന്നിരിക്കുന്നവന്‍റെമുന്നില്‍ ബീഫും പൊറോട്ടയും കിട്ടിയപോലെ ആര്‍ത്തിയോടെ പരതും. എല്ലാം കഴിയുമ്പോള്‍; ഓ..... ഇതായിരുന്നോ എന്നൊരു ഏമ്പക്കവും ....

   പക്ഷെ കഴിഞ്ഞ രണ്ടുദിവസമായി ഇതൊന്നുമല്ലയിരുന്നു ചര്‍ച്ച. വാദങ്ങളും പ്രതിക്രിയാവാദങ്ങളും ഉഷ്ണമേഖലകളില്‍ക്കൂടി കറങ്ങിത്തിരിഞ്ഞു. ഫേസ്ബുക്ക് ചിന്തകന്‍മാരും, ബ്ലോഗ്‌ പുലികളുമൊക്കെ അവര്‍ക്കിടയിലെ ആ അന്തര്ധാരയെക്കുറിച്ച് വിശദമായിതന്നെ ചര്‍ച്ചചെയ്തു. ചിലര്‍ ....‘അതില്‍ തെറ്റില്ല’...യെന്ന ഈ വെളിപ്പെടുത്തലിനു  ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തവുമായി ബന്ധമുണ്ടെന്നുവരെ വാദിച്ചു. അമീബയാണല്ലോ.... കുരങ്ങായത്, കുരങ്ങാണല്ലോ.... ഒടുവില്‍ മനുഷ്യനായത്...മനുഷ്യനാണല്ലോ ഒടുവില്‍.....മന്ത്രിയായത്????അങ്ങനെ പോകുന്നു ചിന്തകള്‍. ചാനലുകള്‍, ന്യൂസ് അവറുകള്‍കൂട്ടി; പ്രതികരണ തൊഴിലാളികള്‍ സ്റ്റുഡിയോകള്‍ത്തോറും കയറിയിറങ്ങി..കേരളം മൊത്തത്തില്‍ മുള്‍മുനയിലായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ മുഖ്യമന്ത്രിയടക്കമുള്ള മാന്യദേഹങ്ങള്‍ ദുബായിലേക്ക് താമസം മാറി.(ചിലര്‍ പറഞ്ഞു പരത്തുന്നതുപോലെ പാട്ടപ്പിരിവിനു പോയതൊന്നുമല്ല) അവസാനം പി.ബി മെമ്പര്‍, ആ സത്യം വെളിപ്പെടുത്തി ‘അതില്‍ തെറ്റില്ല...’. ‘അതില്‍ തെറ്റുണ്ട്’ എന്നൊരു വാര്‍ത്ത‍ ആരോ വെളിപ്പെടുത്തിയെങ്കിലും, അങ്ങനെ വഴിയെ പോകുന്നവനൊക്കെ പലതുംപറയും; അതുകേട്ടാരും വിജ്രുംഭവിക്കരുതെന്നും, ’അതില്‍ തെറ്റില്ല’ എന്നതാണ് ഔദ്യോഗികനിലപാടെന്നും വെളിപ്പെട്ടു. ഹോ, എന്തൊരു ബഹളമായിരുന്നു ഇപ്പോഴാണ് ശ്വാസം നേരെവീണത്. കുറെ ഊളന്മ്മാര്‍ സെക്കന്റ്നു സെക്കണ്ടിനു സ്റ്റാറ്റസ് ഇടുന്നു; വേറെ കുറെ വിഡ്ഢികള്‍ ബ്ലോഗ്‌ എഴുതുന്നു. പൊതുജനം വല്ലാത്ത അങ്കലാപ്പിലായി. അത് വിപണിയില്‍ വരെ പ്രതിഫലിച്ചു, ഒറ്റയടിക്ക് സ്വര്‍ണ്ണവില അറുനൂറു രൂപയോളമല്ലേ കുറഞ്ഞത്..സഖാവിന്‍റെ വെളിപ്പെടുത്തലിലൂടെയാണ് വിപണി കരകയറാന്‍ തുടങ്ങിയത്.

  വരള്‍ച്ചാകാലത്തെ ടീവി വിതരണം’ ആയിരുന്നു ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയത്. വരള്‍ച്ചാകാലത്ത് ടീവിയും നീരയുമല്ല, കുടിനീരാണ് കൊടുക്കേണ്ടതെന്ന് കുറെ തെരുവുപിള്ളേര്‍ വിളിച്ചുപറഞ്ഞു..ലെവന്മാര്‍ക്ക് വിവരമില്ല വരള്‍ച്ചാകാലത്ത് ടീവിയും നീരയും തന്നെയാണ് കൊടുക്കേണ്ടതെന്നും,മാനിഫെസ്റ്റോയില്‍ അതു കൃത്യമായി പറയുന്നുണ്ടെന്നും, ഞമ്മളും അതുതന്നെയാണ് ഇത്രയുംകാലംചെയ്തതെന്നും പാവങ്ങളുടെ നേതാവ്‌, അധ്വാനിക്കുന്ന കര്‍ഷക ജനതയുടെ നേതാവ്‌ നേരിട്ടുവെളിപ്പെടുത്തിയതോടെ, രണ്ടു ദിവസമായി പട്ടിണികിടന്നു വെള്ളംവേണം വെള്ളംവേണം എന്നു കരഞ്ഞവര്‍ക്കെല്ലാം അപ്പുറത്തെ അടുക്കളയില്‍പ്പോയി പരിപ്പുവടയും ചായയും കഴിച്ച് ഒരു കട്ടന്‍ബീഡിയും പുകച്ച് വീട്ടില്‍പോകാം. അതല്ല വീണ്ടും എഴുതാന്‍ മുട്ടുന്നവര്‍ക്ക് സോമാലിയായിലെ വരള്‍ച്ചയെപ്പറ്റിയൊ,വിയറ്റ്നാമിലെ വെള്ളപ്പൊക്കത്തെക്കുറിച്ചോ, ചൈനയിലെ വികസനത്തെക്കുറിച്ചോ  എഴുതാം.എന്നാല്‍ ടീവി വിതരണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്.അതു നമുക്ക് സഹിക്കില്ല.

   അല്ല സഖാവെ, അപ്പൊ ഒരു സംശയം ചോദിച്ചോട്ടെ... ഇപ്പോഴത്തെ ഭരണക്കാര്‍ക്കും തെറ്റിയില്ല, പണ്ട് ഭരിച്ച നിങ്ങള്‍ക്കും തെറ്റിയില്ല എന്നു പറയുന്നു. അപ്പൊ ശരിക്കും ആര്‍ക്കാണ് തെറ്റിയത്????/വോട്ടു ചെയ്ത ഞങ്ങള്‍ക്കോ???. ഉപഹാരങ്ങളും പാരിതോഷികങ്ങളും കൊടുത്തുള്ള കൈമണിയടിക്കല്‍ കുറ്റമാണെന്നും; കൊടുക്കുന്നവനും വാങ്ങുന്നവനും ഇക്കാര്യത്തില്‍  ഒരുപോലെ കുറ്റക്കാരാണെന്നും പറഞ്ഞുകൊണ്ടുള്ള ബോര്‍ഡ്‌, സകലമാന ആപ്പിസുകളിലും തൂക്കിയിട്ടുണ്ട്...ഇതൊന്നും നിങ്ങള്‍ക്ക് ബാധകമല്ലേ?? നമ്മള് പണ്ടു ഭരിച്ചപ്പോള്‍ സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പുമാണ് കൊടുത്തത്, ആ പാത പിന്തുടര്‍ന്ന് പുതിയ സര്‍ക്കാരും ടീവി, ക്യാമറ തുടങ്ങിയ അവശ്യസാധനങ്ങള്‍ സാമാജികര്‍ക്ക് വിതരണം ചെയ്യുന്നതില്‍ തെറ്റില്ല. എന്നാണു മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ ഉപനേതാവുമായി കോടിയേരി പറഞ്ഞിരിക്കുന്നത്. സന്തോഷമായി ഇത്രയും കാലത്തിനിടയ്ക്ക് ഈ സര്ക്കാര് ചെയ്ത ഒരു കാര്യമെങ്കിലും ശരിയാണെന്ന് സമ്മതിച്ചല്ലോ.അത്രയും ആശ്വാസം..... ഇത് തെറ്റാണെന്ന് നമ്മളും പറയുന്നില്ല സാറേ... പക്ഷെ ഇങ്ങനെ കൊടുക്കുന്നതിന്‍റെ പണം കൊടുക്കുന്നവന്‍റെ കുടുംബത്തുനിന്ന് കൊണ്ടുവരണം എന്നേ നമുക്ക് പറയാനുള്ളൂ. കഞ്ഞിക്ക് വകയില്ലാത്തവന്‍റെ കീശയിലെ കാശെടുത്ത് ടീവി വാങ്ങിയും നീരയടിച്ചും ധൂര്‍ത്തടിക്കല്ലേ... എന്നാണ് നമ്മ പറഞ്ഞത്‌. സ്വന്തം ആട്ടിന്‍കൂട്ടത്തെ ഒഴിവാക്കി, ദരിദ്രന്‍റെ കുഞ്ഞാടിനെപ്പിടിച്ചു സദ്യയൊരുക്കിയ ദാവിദ് രാജാവിനെക്കുറിച്ച് അറിയാമോ...സംഗതി ബൈബിളിലാണ് പറയുന്നത്.(2 സാമുവേല്‍ 11, 12 അധ്യായങ്ങള്‍ ) സമയം കിട്ടിയാല്‍ ഒന്നു വായിക്കുക.പണ്ട് കാടാമ്പുഴയില്‍ ഉരുളികമിഴ്ത്താന്‍ പോയപോലെ ചുമ്മാ ഒന്നു വയിച്ചല്‍മതി.. കാര്യം പിടികിട്ടും. സാത്താന്‍ കുഞ്ഞാടിന്‍റെ രൂപത്തില്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ട്, ‘അവന്‍ എന്‍റെ നാമത്തില്‍ അനേകരെ വഴിതെറ്റിക്കുമെന്ന്’ കൃത്യമായി പറഞ്ഞിരിക്കുന്നതിനാല്‍... ഭരണക്കാരോട് പറഞ്ഞിട്ട് കാര്യമില്ല. ഒരു പാപിയെ മാനസാന്തരപ്പെടുത്താന്‍ എളുപ്പമാണ്, എന്നാല്‍ നീതിമാന്‍ ചമയുന്നവനെ നന്നാക്കാന്‍ പാടാണെന്നാ.. പറയുന്നത്.

 ഒരു സംശയം കൂടി ചോദിച്ചോട്ടെ;ക്ഷമിക്കണം സ്ഥിരമായി സ്റ്റഡിക്ലാസ്സില്‍ വരാറില്ല അതുകൊണ്ടാണ്.... നിങ്ങള് തമ്മില്‍തമ്മില്‍ ഖജനാവിലെ കാശെടുത്തു പാരിതോഷികങ്ങള്‍ വാങ്ങിക്കളിക്കുന്നതില്‍ ഒരു തെറ്റുമില്ലായെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങളുടെ ആനുകൂല്യങ്ങളും ശമ്പളവും കൂട്ടുന്നതിലും ഒറ്റക്കെട്ട്..അവിടെയൊന്നും തെറ്റുകള്‍ ഇല്ല, എല്ലാം ശരികള്‍ മാത്രം; പിന്നെ എവിടെയാണ് സഖാവെ... ഈ തെറ്റുകള്‍. ജനങ്ങള്‍ക്ക് വേണ്ടിചെയ്യുന്ന കാര്യങ്ങളിലാണ് തെറ്റുകള്‍ മുഴവന്‍ അല്ലേ. ജനങ്ങള്‍ക്കു വേണ്ടി എന്തു പദ്ധതി കൊണ്ടുവന്നാലും അതില്‍മുഴവന്‍ തെറ്റുകള്‍.പദ്ധതി ക്യാന്‍സല്‍ ആകുന്നതുവരെ സമരം. ഭരണപക്ഷം ജനങ്ങള്‍ക്കുവേണ്ടി എന്തു പദ്ധതികള്‍ കൊണ്ടുവന്നാലും പ്രതിപക്ഷത്തിനു അതില്‍ മുഴുവന്‍   തെറ്റുകളാണ് കാണാന്‍ സാധിക്കുന്നത്  ....അതുകൊണ്ട് മറ്റു പരിപാടികള്‍ക്കൊന്നും പോകാതെ അങ്ങോട്ട്‌ ഇങ്ങോട്ടും ചുമ്മാ, പുറം ചൊറിഞ്ഞുകൊടുക്കുക..അതാണ്‌ നല്ല പരിപാടി.അതാകുമ്പോള്‍, തെറ്റില്ല... തെറ്റില്ല എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നാല്‍ മതി.

  പിന്നെ, ഒന്നും ചെയ്യുന്നില്ലായെന്നുമാത്രം പറയരുത്.ഒത്തിരി ചെയ്യുന്നുണ്ട്.സൂപ്പര്‍ മാര്‍ക്കറ്റുകളില്‍വരെ മദ്യം കിട്ടാനുള്ള കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.താനിത് ചെയ്തില്ലെങ്കില്‍ നാട്ടുകാര്‍ മദ്യംകിട്ടാതെ വാര്‍ണ്ണിഷടിച്ചു ചാകും; അതുകൊണ്ട് വലിയൊരു സാമൂഹ്യ സേവനമാണ് താന്‍ ചെയ്യുന്നതെന്നാണ് വകുപ്പുമന്ത്രി തന്‍റെ സന്ദേശത്തില്‍ പറയുന്നത്. ഇതിന്‍റെ അടുത്തപടിയായി കാര്‍ഡോന്നിന് അഞ്ചുലിറ്റര്‍ മദ്യംവെച്ച് അനുവദിക്കുന്നതായിരിക്കും. അത്യാവശ്യം അടുപ്പിലൊഴിക്കാനും,അടിയന്തര സാഹചര്യങ്ങളില്‍ മുറിവുകളില്‍ പുരട്ടാനും, ദഹനക്കേട്‌ പിടിച്ച മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമൊക്കെ  ചെറിയ അളവില്‍ മരുന്നായും മദ്യം ഉപയോഗിക്കാം. മണ്ണെണ്ണകൊണ്ട് തീ കത്തിരുമാത്രമേ പറ്റൂ.ഒറ്റ ഉല്‍പ്പന്നം ഒരായിരം ഉപയോഗം അതാണ് മുദ്രാവാക്യം. വകുപ്പുമന്ത്രിയെ എതിര്‍ത്തു ഒരു കുപ്പായക്കാരും ഒന്നും പറഞ്ഞുകണ്ടില്ല.

  പഠിക്കാന്‍ വിട്ടപ്പോള്‍ പാറ്റ പിടിക്കാന്‍ പോയവനൊക്കെ നാല് വാഴനട്ടു ജീവിക്കട്ടെയെന്നു വച്ചപ്പോള്‍ വെള്ളവുമില്ല,നെല്ലുമില്ല ഒരുപുല്ലുമില്ല. വെറുതെ ഇരുത്താന്‍ പറ്റുമോ?? തിന്നാന്‍ വല്ലതും ഉണ്ടാകണമെങ്കില്‍ ഒക്കേനെയും വെയിലത്തിറക്കണം. നമ്മളൊക്കെ ബ്ലാ ബ്ലാ അടിച്ചിട്ട് വരുമ്പോള്‍ വല്ലതുമൊക്കെ വാരി ഞണ്ണണമെങ്കില്‍ കുറേയെണ്ണം വെയിലുകൊണ്ട് പണിയണം. അതൊരു ആഗോള തത്വമാണ്.നിങ്ങള്‍ എല്ലുമുറിയെ പണിയും; ഞങ്ങള്‍ പല്ലുമുറിയെത്തിനും അതാണ് പുതിയ തിയറി. വെള്ളമില്ലാത്തതുകൊണ്ട് തല്‍കാലം മാടുമേയ്ക്കാന്‍ വിടാം. അതാകുമ്പോള്‍ രാവിലെ വിട്ടോളും. ചാണകവും വാരി പുല്ലുംചെത്തി രാത്രിയെവരൂ. ഇതൊക്കെകൊണ്ടാണ് ഞമ്മളിവര്‍ക്ക് ടീവി കൊടുക്കാഞ്ഞത് അത് ഓരോരുത്തര് വല്ലാതെ തെറ്റുധരിച്ചു. ഇനി, കൊടുക്കാമെന്നു വച്ചാലോ; ചെമ്പരത്തിപ്പൂവും ചെവിയില്‍ത്തിരുകി, കുങ്കുമപ്പൂവുംകണ്ട് അങ്ങനെയിരിക്കും.ഇരുപതുവര്‍ഷമായി കൊച്ചിന്‍റെ തന്തയാരെന്നന്വേഷിക്കുന്ന ചാരിത്രവതിയായ വീട്ടമ്മയും,വഴിയെ പോകുന്നവനെയൊക്കെകേറി പ്രേമിക്കുന്ന മകളും ,ബലാത്സംഗവും, മദ്യപാനവും ,അടിപിടിയുമായി നടക്കുന്ന കാമുകനും.... ഇവര്‍ക്കിടയില്‍പ്പെട്ട് മനക്ലേശം അനുഭവിക്കുന്ന പാവം, മലയാളിവീട്ടമ്മമാര്‍. മനക്ലേശത്തില്‍ മനംമയങ്ങി കഞ്ഞിവെയ്ക്കാന്‍ മറന്നുപോകുന്ന ഭാര്യമാര്‍, കലികയറുന്ന ഭര്‍ത്താക്കന്‍മാര്‍, ഇവയ്ക്കിടയില്‍ അയ്യോഅച്ഛന്‍ കളിക്കുന്ന മക്കള്; ഒരല്പം ആശ്വാസം എവിടെ കിട്ടും. ആശ്വാസംതേടി ഒടുവില്‍ ബീവറെജില്‍ എത്തുന്നു. അവിടെ അതു കിട്ടിയില്ലെങ്കില്‍, അവന്‍ നിശ്ചയമായും വാര്‍ണ്ണിഷ്‌ വാങ്ങി കഴിച്ചിരിക്കും. അങ്ങനെ വരുമ്പോള്‍ ടീവി വെറുക്കപ്പെടെണ്ടതും, മദ്യം കഴിക്കപ്പെടെണ്ടതുമാകുന്നു...   അതുകൊണ്ടാണ് മന്ത്രിമാര്‍ പറഞ്ഞത്; ടീവി ഞങ്ങള്‍ക്കും, മദ്യം നിങ്ങള്‍ക്കും..മനസിലായോ....??? ഇല്ലെങ്കില്‍ നിങ്ങള്‍ സ്ഥിരമായി സ്റ്റഡിക്ലാസില്‍ വരാത്തതിന്‍റെ കുഴപ്പമാണ്. തല്ക്കാലമൊരു പരിപ്പുവടയും ചായയും കഴിക്കുക,,,,,,

അഭിപ്രായമറിയിക്കാന്‍ മറക്കരുതേ.......

9 comments:

  1. രാജീവന്‍April 13, 2013 at 2:05 PM

    രാഷ്ട്രിയത്തിനകത്തെ കപടത തുറന്നു കാട്ടുന്ന എഴുത്ത്

    ReplyDelete
  2. വിദ്യാധരന്‍ മാഷേ സംഗതി ജോറായി കേട്ടോ\\

    ReplyDelete
  3. very good.
    Murali Nair,Dubai

    ReplyDelete
  4. ഈ വുആകുലതകള്‍ക്കെന്നെങ്കിലും അവസാനം.....??

    തീരെ പ്രതീക്ഷയില്ല

    ReplyDelete
  5. വ്യാകുലതകള്‍ എന്ന് തിരുത്തിവായിയ്ക്കുക

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അവരുടേതായ കാര്യങ്ങള്‍ വരുമ്പോഴൊക്കെയും അവരൊരേ തൂവല്‍ പക്ഷികള്‍..!!
    ജനത്തിന്‍റെ വല്ല കാര്യങ്ങളും വരുമ്പോഴേ ഉള്ളൂ ഈ ആദര്‍ശത്തിന്‍റേയും , മൂല്യങ്ങളുടേയും മറ്റുമൊക്കെയുള്ള അസ്ക്യതകള്‍ ...

    ReplyDelete
  8. മിന്നല്‍ വാസുApril 14, 2013 at 7:03 PM

    എല്ലാ ദുഖങ്ങളും മറക്കാന്‍ ദിവസവും ഒരു പെഗ് അടിക്കുക.ഡിങ്കനെ വിളിച്ചു പ്രാര്‍ഥിക്കുക.എല്ലാത്തിനും പരിഹാരം ഡിങ്കോയിസം

    ReplyDelete