**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, April 20, 2013

ലണ്ടനില്‍ നിന്നൊരു വണ്ടി


         
വിദ്യാധരന്റെ വ്യാകുലചിന്തകള്‍
     ഇപ്രാവശ്യത്തെ വിഷുവിനെങ്കിലും അമ്മാവനെക്കാണാന്‍ പോകണമെന്ന് ഭാര്യക്ക് നിര്‍ബ്ബന്ധം. ചെറുപ്പത്തില്‍ ഒത്തിരി കൈനീട്ടമൊക്കെ കൊടുത്തിട്ടുള്ള ആളാണത്രേ... എന്തോ എനിക്ക് അങ്ങേരെ അത്ര പിടുത്തമില്ല. പട്ടാളത്തില്‍ നിന്നും ക്യാപ്റ്റനായി പിരിഞ്ഞുവെന്നാണ് പറയുന്നത്. ആകാരം കണ്ടാല്‍ അരിവെപ്പുകാരനായിരുന്നോയെന്നു സംശയിക്കും. അത്രയ്ക്ക് ഫിറ്റ്‌ ബോഡിയാണ്. കുളിക്കുമ്പോള്‍ അരയ്ക്കുചുറ്റാന്‍പ്പറ്റിയ തോര്‍ത്ത്‌ ഇതു വരെ കിട്ടിയിട്ടില്ല. സ്വന്തം വയറിന്‍റെ അടിഭാഗം അങ്ങേരു കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. എന്നാലും നമുക്കാണ് കുഴപ്പം.നടപ്പ് ശരിയല്ല,വളവുണ്ട്, കഷണ്ടിയാണ് അങ്ങനെ പോകും.

   അടുത്തുകിട്ടുന്ന സമയത്ത് നടക്കുന്ന ‘വധം’ അനുസരിച്ചാണെങ്കില്‍ ഇങ്ങേര് ഒരു ബ്രിഗേഡിയറാണെന്നേ നമുക്കുതോന്നുകയുള്ളൂ. അങ്ങനെയല്ലേ തട്ടിവിടുന്നത്. ഈ പട്ടാളക്കാര്‍ എല്ലാം ഇങ്ങനെയാണോ.. ആവോ.... ആയ കാലത്ത് ഇന്ത്യന്‍ സൈന്യത്തെ മുഴവന്‍ നിയന്ത്രിച്ചിട്ടുള്ള ആളാണ്‌ പോലും. ഇന്ദിരാഗാന്ധിവരെ തോളില്‍ത്തട്ടി അഭിനന്ദിച്ചിട്ടുണ്ടത്രേ.. അങ്ങനെ പോകും ബഡായികള്‍. പ്രസിഡന്റിന്‍റെ കൂടെ നില്‍ക്കുന്നതായി പറഞ്ഞു കാണിക്കുന്ന ഫോട്ടോയാണെങ്കില്‍ ഒന്നും വ്യക്തമായി കാണാന്‍ കഴിയാത്തരൂപത്തിലാണ്. അതു പ്രസിഡന്റ്, ഇതുഞാന്‍ എന്നു പറയുന്നത് ശരിയാണന്നു സമ്മതിച്ചോളണം...... അതൊക്കെ സഹിക്കാം, എന്നാല്‍ അതിനിടയ്ക്കു നമുക്കിട്ടോരോ പണി പണിയും; അതാണ്‌ സഹിക്കാന്‍ മേലാത്തത്. ജാതിയിലും പാരമ്പര്യത്തിലും തങ്ങളാണ് അല്പം മുന്തിയതെന്നുള്ള ഭാവം അമ്മാവന് കൂടുതലും, മരുമകള്‍ക്ക് മോശമല്ലാത്ത രീതിയിലും ഉണ്ട്. പോരാത്തതിന് ശകലം തൊലി  വെളുപ്പും, നമ്മുടെ തലമുടിയല്‍പ്പം കൊഴിഞ്ഞതും ഈ വകുപ്പില്‍പ്പെടും.

   പാരലല്‍ കോളേജിലെ നിരങ്ങലും കഴിഞ്ഞ് ചൊറീം കുത്തി വീട്ടില്‍ ഇരിക്കുന്ന സമയത്താണ് കൂടെ കൂട്ടിയത്.അവിടുന്നങ്ങോട്ട് അടിയും തൊഴിയുമൊക്കെ മിക്സ് ചെയ്ത ഒരുതരം കോച്ചിംഗ് നടത്തിയാണ് പി. എസ്.സി കിട്ടിയതും, പഞ്ചായത്തില്‍ എല്‍.ഡി ആയായതും, ഇപ്പോള്‍ യു ഡി ആയതുമൊക്കെ... ഭാര്യയാണെന്നു പറഞ്ഞിട്ടു കാര്യമില്ല,ഇപ്പോള്‍ വനിതാ വിമോചനക്കാരാണ് പ്രധാന ഉപദേശകര്‍.അവരാണെങ്കിലോ, എവിടെ കുടുംബം കലക്കാന്‍ പറ്റുമെന്ന് നോക്കി നടക്കുകയാണ്..  ..തികട്ടി വരുന്നതിനെ അതേ നാണയത്തില്‍ അടിച്ചൊതുക്കിയാണ് പലപ്പോഴും രക്ഷ നേടുന്നത്. കഴിഞ്ഞ പോക്കില്‍ അമ്മാവനെ  ചെറുതായൊന്നു കുടഞ്ഞിട്ടാണ് പോന്നത്..അത് ഓര്‍ത്തിരിപ്പുണ്ടോ ആവോ...

    അമ്മാവന്‍റെ വലതുകൈയ്യിലെ ചെറുവിരലിന്‍റെ നഖം പോയത്. പാക്കിസ്ഥാന്‍കാരുടെ വെടിയേറ്റാണ് പോലും. എന്നാല്‍ കല്യാണം കഴിഞ്ഞു പെമ്പറന്നോത്തിയുമായുള്ള ഗുസ്തിയില്‍, അമ്മായി പിള്ളക്കല്ലിനു ഇടിച്ചതാണെന്നാണ്‌, മധുവിധു രാത്രികളില്‍ കുടുബരഹസ്യം പങ്കുവെച്ച കൂട്ടത്തില്‍ ഭാര്യ പറഞ്ഞിട്ടുള്ളത്. അത് പലപ്പോഴും ഞങ്ങള്‍ തമ്മിലുള്ള പാരമ്പര്യതര്‍ക്കത്തില്‍ ‘അമ്മായിയുടെ ഇടി മേടിച്ച നിന്‍റെ അമ്മാവന്‍’ എന്ന രീതിയില്‍ നിര്‍ണ്ണായകായുധമായി ഞാനിപ്പോള്‍ തിരിച്ചു പ്രയോഗിക്കാറുമുണ്ട്.  പക്ഷെ വേറൊരിടത്തും ഇതു പറഞ്ഞെക്കരുതെന്നു അവളെന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്. എന്നാല്‍  കഴിഞ്ഞപോക്കില്‍  അതുതെറ്റി. ബഡായിയില്‍  പതിവുപോലെ നമുക്കിട്ടൊരു വെപ്പ്. എടാ വിദ്യാധര,,,, നീ ഒരു കാര്യം മനസിലാകണം; നിന്‍റെ അച്ഛനെപ്പോലെയല്ല ഞാന്‍, അങ്ങേരു പിള്ളേരെ പഠിപ്പിച്ചും, നെല്ലും വിതച്ചും നടന്നു.എന്നാല്‍ ഞാനോ, രാഷ്ട്രസേവനമാണ് നടത്തിയത്. അറിയാമോ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച പരിചയമുണ്ടെനിക്ക്, എന്‍റെ അനന്തരവളെ ഒരു മേജരെക്കൊണ്ട് കല്യാണം കഴിപ്പിക്കാനായിരുന്നു എനിക്കിഷ്ടം.ഒരു മേജറുടെ ധൈര്യമുണ്ടോ ഒരു സ്കൂള്‍ മാഷ്ക്ക്.. ദേ ഇതു കണ്ടോ എന്‍റെ ഈ നഖം ഇതു പാക്‌ ആര്‍മിയുമായുള്ള യുദ്ധത്തില്‍ പോയതാ ..ഇതേല്‍ നോക്കുമ്പോള്‍ എനിക്കാ യുദ്ധം ഓര്‍മ്മവരും.അറിയാമോ.....എവടെ,,,, ഈ പഞ്ചായത്തിനപ്പുറം കണ്ടിട്ടില്ലാത്ത നിന്നോടിതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം..

  അന്നു കിളവന്‍ പണി മേടിച്ചുകെട്ടി. ആ നിര്‍ണ്ണായക ആയുധമെടുത്തു ഒരു പണി ഞാനും അങ്ങോട്ടു കൊടുത്തു.

 ഉവ്വ് ഉവ്വേ....... ഞങ്ങടെ കുടുംബത്താര്‍ക്കും അകത്തമ്മമാരുടെ പിള്ളക്കല്ല്പ്രയോഗത്താല്‍ കൈനഖം പോയ ചരിത്രമില്ല..... ..

ടിം.... ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ അപ്പാടെ അമ്മാവന്‍ മിണുങ്ങിയോയെന്ന് സംശയം...........ഏതായാലും ഉടനെ അകത്തേയ്ക്ക് നോക്കി ഒരു വിളിയുണ്ടായി;

 ശാരദേ ..കുറച്ചു സമ്പാരം ഇങ്ങു എടുത്തോളൂ നല്ല ദാഹം ..വിദ്യാ നിനക്ക് നല്ല ക്ഷീണം കാണും, അകത്തുപോയി വിശ്രമിച്ചോളൂ ..വെടിവട്ടം പിന്നെ ആവാം

.      ഉവ്വ് ..

അതോടെ തീര്‍ന്നു ഗീര്‍വാണങ്ങളെല്ലാം....അതുകഴിഞ്ഞുള്ള അടുത്ത പോക്കാണിത്..

 നിങ്ങളെന്താ ആലോചിക്കുന്നത്; വേഗം നോക്ക് അവിടെവരെ എത്തെണ്ടതാ..

 

  പൂമുഖത്തുതന്നെയുണ്ട് അമ്മാവനും അമ്മാവിയും....

‘രുക്കു, എത്ര നാളായി കണ്ടിട്ട്..ഇപ്പോഴെങ്കിലും വന്നല്ലോ. വിദ്യാധര  നിനക്ക് സുഖമല്ലേ...... മക്കളെ വരൂ.....’

ഏതായാലും സ്വീകരണം കുഴപ്പമില്ല, പഴയ കാര്യങ്ങളെല്ലാം അമ്മാവന്‍ മറന്നുവെന്നു തോന്നുന്നു. കൈയ്യില്‍ കരുതിയിരുന്ന പുത്തന്‍കോടികളും പലഹാരങ്ങളുമെല്ലാം എല്ലാവര്ക്കും വിതരണം ചെയ്തു. അമ്മാവന്‍റെ വിഹിതം ഞാന്‍തന്നെ കൊടുത്തു.

 വരുക ഭക്ഷണം കഴിക്കാം......

 എല്ലാവരും ഒന്നിച്ചിരുന്നു സാദ്യയും കഴിച്ചു.. ഇനിയാണ് ചര്‍ച്ചകളും പുരാണങ്ങളും തുടങ്ങുക. എന്താണാവോ സംഭവിക്കുക.എല്ലാവരും പൂമുഖത്ത് ഇരുപ്പായിട്ടുണ്ട്.വരള്‍ച്ചയും ,സ്വര്‍ണ്ണവിലയും,രാഷ്ട്രിയവും, താവഴി തര്‍ക്കങ്ങളും എല്ലാം എടുത്തിട്ടു. അവസാനം കറങ്ങിത്തിരിഞ്ഞ്‌ നമ്മുടെ നേര്‍ക്കുതന്നെ വന്നു.

  അല്ല, വിദ്യാധര നിന്‍റെ മുടി വീണ്ടും കൊഴിഞ്ഞോ, നീ വല്ലതെയങ്ങു കറുത്തുപോയി. കുറച്ചു മെലിയുകയും ചെയ്തു.

 എന്നാ, രുക്കുവിനു പ്രായം കുറഞ്ഞപോലെ... അല്ലേ, ശാരദേ....

 കുറച്ചു നിറവും കൂടി... നീയിപ്പോ ചെമ്പരത്തിത്താളിതന്നെയാണോ തേയ്ക്കുന്നത്‌. അതോ ധാത്രിയാണോ?? അല്ലഅതിപ്പോ  നമ്മുടെ കുടുംബത്തില്‍ ജരനരാധികള്‍ മാറിനില്‍ക്കും അതാ പാരമ്പര്യം.....

  കെളവന്‍ വീണ്ടും കൊട്ടാന്‍ തന്നെയാണ് ഭാവം. ചൊറിഞ്ഞു വരുന്നുണ്ട്.  എന്നാല്‍ ഭാര്യ ഇടയ്ക്കിടെ കൈപിടിച്ചു ഞെക്കുന്നതിനാല്‍ ചുമ്മാ ചിരിച്ചു കൊണ്ടിരുന്നു...

 കേട്ടോ വിധ്യ, ഇപ്പൊ പഴയപോലെയല്ല എന്തോ മരുന്നൊക്കെയുണ്ട് യവ്വനം നിലനിറുത്താന്‍, എന്തോ മസ്ലിം എക്സ്ട്രായോ, പവറോ..... അങ്ങനെ എന്തോ..... .അതെന്നതാടി ഇന്നാള് നീ മേടിച്ചത്.

  ഭഗവാനേ,,, ഈ മനുഷ്യന്‍.............. അമ്മായി നിന്നു വിയര്‍ക്കുന്നു.

   കൊച്ചു ഗള്ളന്‍ .....ഈ അറുപതാം വയസിലും മസ്ലീമൊക്കെ ഉപയോഗിക്കുന്നുണ്ടല്ലേ അങ്ങനെ വരട്ടെ ചുമ്മാതല്ല ഒരു സൂരി നമ്പുതിരിപ്പാടിന്‍റെ കളിയൊക്കെ....

  ഓ അതിലൊന്നും വലിയ കാര്യമില്ല അമ്മാവാ.. ഇപ്പോഴും ഒരു ഏറ്റു മുട്ടല്‍ നടത്തിയാല്‍ ഞാനാ ജയിക്കാര്. ഇവള്‍ക്ക് പഴയ ആ  അതൊന്നുമില്ലന്നെ.. പിന്നെ ഞങ്ങടെ കുടുംബത്ത് മസ്ലിം പവരോന്നും വേണ്ട, നമ്മളിപ്പോഴും നരിതന്നെയാ അല്ലെടി രുക്കു ....അമ്മാവനും അമ്മായിയും മിണുക്കസ്യാ..ആ ചാപ്റ്റര്‍ ക്ലോസ്.

ഒരു പാരമ്പര്യവും പൊക്കിപ്പിടിച്ചു വന്നിരിക്കുന്നു.അല്ല പിന്നെ..

  അടുത്ത പണി ആര്‍ക്കിട്ടാണാവോ...

  കേട്ടോടാ, ഓരോ മക്കളൊക്കെ അപ്പന്മാര്‍ക്ക് എന്തൊക്കെയാ മേടിച്ചു കൊടുക്കുന്നത്; നമുക്കൊരണ്ണമുണ്ട് ഇപ്പോഴും അങ്ങോട്ട്‌ വല്ലതും കിട്ടുമോയെന്നാ നോട്ടം..എത്ര കാശ് മുടക്കിയ ഇവനെയൊക്കെ പഠിപ്പിച്ചത്. അതിന്‍റെയൊരു ഗുണവുമില്ല. അമേരിക്കേപ്പോയി അവിടുന്നോരുത്തിയേം കെട്ടി അവിടെക്കൂടുന്നു. ഇങ്ങോട്ട് വരാന്‍ സമയമില്ലത്രേ.....എന്നാ അവനൊരു ലണ്ടന്‍ ടാക്സി വാങ്ങി അയച്ചുതരാന്‍ മേലേ.... ചുമ്മാ ഈ മുറ്റത്തു കിടന്നാല്‍ നാലാള് കാണില്ലേ..... ആനയുണ്ടായിരുന്ന തറവാടാ.... ഇതൊക്കെ ആരോടു പറയാം  ........നോക്ക് ഓരോ പിള്ളേരോക്കെ ചെയ്യുന്നത്. നമ്മുടെ ആ മന്ത്രിയില്ലേ... ടാ,,,, ഹാ, നിനക്കറിയില്ലേ; അങ്ങേരുടെ അച്ഛന്‍ മന്ത്രിയും ഞാനുമൊക്കെ ഒന്നിച്ചു പഠിച്ചതാ...ഇപ്പൊ മകന്‍ മന്ത്രി. തൊഴിലാളികളുടെ, മൊതലാളിമന്ത്രി...

 ഓ... ആ.. മന്ത്രി അറിയും അറിയും

   ലെവന്‍റെ ചെക്കന്‍ ഡല്‍ഹില് വക്കീലിനു പഠിക്കുവാ.. കണ്ടോ അവന്‍ അപ്പന് വാങ്ങിക്കൊടുക്കുന്നത്. നമ്മുടെ ആ ലണ്ടന്‍ ടാക്സിയില്ലേ അതുക്കൂട്ട്‌ ഒരെണ്ണം.പണ്ട് ബ്രിട്ടിഷ് രാജകുടുംബമൊക്കെ സഞ്ചരിച്ച കാറാ... അതുക്കൂട്ടോരെണ്ണമാണ് ഇമ്മടെ മന്ത്രിക്കു സഞ്ചരിക്കാന്‍ മകന്‍ ശരിയാക്കി കൊടുത്തത്. നല്ല ഒന്നാതരം ഇന്നോവയോന്നും പോര മന്ത്രിക്കു സഞ്ചരിക്കാന്‍ എന്നാലും ഇവന്‍റെയൊക്കെ ഒരു ഭാഗ്യമേ.... ലെവന്‍റെയൊക്കെ ൪൩൫൩൫ ത്തില്‍ വരച്ചവര നമ്മുടെയൊക്കെ തലേല്‍ വരച്ചാല്‍ മതിയായിരുന്നു.

 എന്‍റെ അമ്മാവ അതൊക്കെ നുണയായിരിക്കും. വല്ല അന്‍പത്താറുമോഡല് അംബാസഡറും പെയിന്റ്ടിച്ച് ഇറക്കിയതായിരിക്കും.                

   അല്ലടാ ദേ, പത്രത്തില്‍ പടം കിടപ്പുണ്ട്.

 സംഗതി ശരിയാണല്ലോ വാടകയ്ക്കാപോലും.... എന്നാലും അപ്പന്‍റെ മകന്‍ ആളുകൊള്ളാമല്ലോ, അപ്പൊ യവനെന്നാ പരിപാടി; വക്കീലാകാന്‍ പഠിക്കുമ്പോള്‍ ഇത്ര വരുമാനമെങ്കില്‍ കുറച്ചു കഴിഞ്ഞാലോ..... ഹമ്മേ നമ്മുടെ ചെക്കനെയും ഇനി നിയമം പഠിക്കാന്‍ ഡല്‍ഹിക്ക് വിടണം ചാകുന്നതിനു മുന്‍പ്‌ ആ ലണ്ടന്‍ ടാക്സിയിലെങ്ങാനും കയറാന്‍ പറ്റിയാലോ...

 അല്ലപ്പാഇവിടെ എന്താ കളി ,,ലെവന്മാരോക്കെ അങ്ങനെകിടന്നു  സുഖിക്കുന്നു..... ഒന്നാംതരം കൊടിവച്ച കാറ് കിടക്കുന്നു; എന്നാലും വാടകയ്ക്ക് വേറെ എടുക്കുന്നു.ഷെഡില്‍ വണ്ടി കിടക്കുമ്പോള്‍, വേറെ വണ്ടി വാടകയ്ക്കെടുത്തു ഓടിയതുകൊണ്ട് ഒരാളുടെ പണി പോയതേയുള്ളൂ.സദാചാരക്കാര് ഒച്ചവയ്ക്കുമോ ആവോ..?? ഇങ്ങനെ ഓടാന്‍ തുടങ്ങിയാല്‍, ഇതിന്‍റെയൊക്കെ വാടക ആരുകൊടുക്കും??.മന്ത്രി ഓടിയാല്‍ ജനം കാശ് മുടക്കും, അതാണ്‌ നിയമം.അതു മാറുമോ?? നമ്മളിവിടെ പെട്രോളടിക്കാന്‍ കാശില്ലാത്തതുകൊണ്ട് ഉണ്ടായിരുന്ന സ്കൂട്ടര്‍ സൈഡാക്കി വെച്ച്, നടന്നാണിപ്പോള്‍ ജോലിക്കുപോകുന്നത്. രാവിലെയും വൈകിട്ടുമുള്ള നടപ്പില്‍ കറുത്തുവെന്നും, മെലിഞ്ഞുവെന്നും അമ്മാവന്‍ പറഞ്ഞതു നേരാണെങ്കിലും അതോര്‍ത്തു വിലപിച്ചിട്ട് കാര്യമില്ല . കാരണം ഇങ്ങനെ തോന്നുന്നപോലെ വണ്ടി മാറിക്കയറാന്‍ എന്‍റെ മകന്‍ ഡല്‍ഹിയിലല്ല പഠിക്കുന്നത്. ആവശ്യംപോലെ പെട്രോളടിക്കാന്‍ ഞാന്‍ മന്ത്രിയുമല്ല....ഒരു പാവം സ്കൂള്‍ മാഷ്ക്ക് ആഗ്രഹങ്ങള്‍ക്ക് ഒരു പരിധിവേണ്ടേ...നമുക്ക് ഈ നടരാജ് വണ്ടിതന്നെ ശരണം.

  അല്ല ഒരു കണക്കിന് പറഞ്ഞാല്‍ അതും കുഴപ്പം നമ്മളുടെതാണ്. മന്ത്രിമന്ദിരത്തില്‍  ഇരുപത്തിനാല് മണിക്കൂറും സര്‍വത്രസാധനങ്ങളും ബെല്ലും ബ്രേക്കുമില്ലാതെ പ്രവര്‍ത്തിപ്പിച്ചിട്ടും; ദിവസത്തില്‍ അഞ്ചോ ആറോ മണിക്കൂര്‍മാത്രം കറണ്ടിനെ കണികാണുന്ന നാട്ടുകാര്‍ക്കാണ് കരണ്ടു മന്ത്രിയുടെ ചീത്ത.. വൈദ്യുതിക്ഷാമത്തിന് ജനങ്ങളാണ് കാരണക്കാരുപോലും. ശമ്പളം കൂട്ടിക്കിട്ടാന്‍ തൊഴിലാളികള്‍  ആത്മഹത്യാചെയ്യാനൊരുങ്ങുന്നു, ഇതൊക്കെ നോക്കാന്‍ തൊഴില്‍മന്ത്രിക്ക് എവിടെനേരം.ഇവിടെ വണ്ടിനോക്കാന്‍ത്തന്നെ സമയംകിട്ടുന്നില്ല  പിന്നാ......., ജയിപ്പിച്ചുവിട്ടാല്‍ മാത്രംമതിയോ..?? ആവശ്യമുള്ളതൊക്കെ വാങ്ങിത്തരണ്ടേ..ഇല്ലേല്‍ മക്കളു വാങ്ങിത്തരും...അതാണ്‌ അതാണ്‌...

8 comments:

  1. കാലികപ്രസക്തിയുള്ള ആക്ഷേപഹാസ്യം

    ആശംസകള്‍

    ReplyDelete
  2. ആക്ഷേപ ഹാസ്യവതരണം ഗംഭീരമായി .

    ശരിയാണ് ജയിച്ചു കഴിഞ്ഞാൽ പിന്നെ ജയിപ്പിച്ചു വിട്ടവന്റെ ജീവിതത്തെ കുറിച്ച്
    ചിന്തിക്കണ്ടല്ലോ ... പിന്നെ സ്വന്തം ജീവിതം നോക്കിയാല മതി . ഇവർ നല്ലവർ തന്നെ

    ആശംസകൾ നേരുന്നു

    ReplyDelete
  3. good one..............

    ReplyDelete
  4. അടിപൊളിയായി മാഷേ

    ReplyDelete
  5. മനുരാജ്April 22, 2013 at 2:34 PM

    അംഗന്‍വാടിയില്‍ പഠിക്കുന്ന പിള്ളകള്‍ വരെ ഡാഡിക്ക് പ്ലെയിന്‍ വാങ്ങിക്കൊടുക്കുന്ന കാലമാ എന്നു വിചാരിച്ചു എല്ലാ പിള്ളകളും അങ്ങനെയല്ല സാധാരണ കുഞ്ഞുങ്ങള്‍ക്ക്‌ ഇതിനുള്ള കഴിവില്ല.അതിനു ചില ദിവ്യ ഗര്‍ഭങ്ങള്‍ ഉണ്ടാകണം.

    ReplyDelete
  6. കുറച്ചുപേര്‍ ജീവിതം ആസ്വദിക്കട്ടെ നമുക്കിവിടെ വണ്ടിക്കാളകള്‍ ആയി കഴിയാം

    ReplyDelete
  7. Ηeya i'm for the primary time here. I found this board and I in finding It truly helpful & it helped me out a lot. I hope to provide something back and aid others like you aided me.

    Check out my page :: diseño web

    ReplyDelete
  8. When I огiginally commentеd I clickeԁ the "Notify me when new comments are added"
    checkbox and noω eаch time a commеnt is addеd
    I get sеνerаl e-mailѕ ωith the same comment.
    Is thеre any way уou can remove me from that servісe?
    Thanks!

    Feel fгee to vіsit mу wеbѕite;
    how to make a website for free

    ReplyDelete