**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, November 26, 2013

രതിച്ചേച്ചിയും വനിതാവാര്‍ഡനും; കേരളം ആരുടെകൂടെ..??


 
വിദ്യാധരന്‍റെ  വ്യാകുലചിന്തകള്‍
  നവംബര്‍ ഒന്നിനായിരുന്നു ആദ്യത്തെ പിടുത്തം; നവംബര്‍ രണ്ടിനുതന്നെ  അടുത്ത ആക്രമണം നടന്നുവെങ്കിലും ആദ്യപിടുത്തത്തിന്‍റെ ലഹരിയില്‍ എല്ലാവരും രണ്ടാമത്തെ ആക്രമണം മറന്നുപോയി... ഒന്നാം പിടുത്തത്തില്‍ രാഷ്ട്രിയത്തിലെ ഒരു കുരുവും സിനിമാരംഗത്തെ ഒരു മെരുവും തമ്മിലായതിനാല്‍ ചത്തുമണ്ണടിഞ്ഞു കുഴിയില്‍ക്കിടന്നവന്‍വരെ എണിറ്റ് ടീവി-ക്ക് മുന്നിലിരുന്നു കാര്യങ്ങള്‍ പഠിച്ചു... വളര്‍ന്നുവരുന്ന തലമുറയ്ക്ക് പിടുത്തങ്ങള്‍ ഏതുവിധമെന്നു മനസിലാക്കാന്‍ ചാനല്‍ വിദഗ്ദ്ധരുടെ ചര്‍ച്ചകള്‍ ഒരു പരിധിവരെ സഹായിച്ചുവെന്നുവേണം കരുതാന്‍... അവയവങ്ങളുടെ ചലനങ്ങളിലെ വേലിയേറ്റങ്ങള്‍ ക്ലിപ്പുകളായി കാണിച്ചുകൊണ്ട് സംഭവത്തില്‍ കൊച്ചുകുട്ടികള്‍ക്ക് വരെ തീരുമാനമെടുക്കാന്‍ പാകത്തിലായിരുന്നു ചാനല്‍ അവതരണങ്ങള്‍... വാല്‍സല്യം കൂടുമ്പോള്‍ ഇങ്ങനെയും ചിലത് സംഭവിക്കും അതുകൊണ്ടല്പം മാറിനില്‍ക്കുന്നതായിരിക്കും ഉചിതമെന്ന്  മനസ്സിലാക്കേണ്ടവര്‍ക്ക് മനസിലാക്കാം......ആ സമയത്ത് പിടുത്തം നടന്നോ..? നടന്നെങ്കില്‍ എവിടെയാണ് പിടിച്ചത്?? പിടുത്തത്തിനു വിധേയമായി എന്നു പറയപ്പെടുന്ന നടി അനുഭവിച്ചത് ആനന്ദമോ ദുഖമോ..? അവരുടെ പൂര്‍വ്വകാല ചരിത്രം എന്താണ്..? രാഷ്ട്രിയത്തിലെ കുരുക്കള്‍ക്ക് പിടുത്തം അവകാശമല്ലേ...??. ഐ.പി.സി യിലും സി.ആര്‍.പി.സി യിലും എന്തൊക്കെ വകുപ്പുകള്‍ ഇതിനെതിരെയുണ്ട് തുടങ്ങിയ ചര്‍ച്ചകള്‍ ചാനലുകളിലും പത്രങ്ങളിലും തെളിഞ്ഞുവന്നു... കേരളിയസ്ത്രീത്വവും കേരളരാഷ്ട്രിയവും നേര്‍ക്കുനേരേ വന്നപ്പോള്‍  ഇപ്പപ്പൊട്ടുമെന്നു ധരിച്ച കാണികള്‍, എല്ലാ ജോലികളും മാറ്റിവെച്ച് ടീവിയ്ക്ക് മുന്നില്‍ ആസനസ്ഥരായി.... നമ്മുടെ എല്ലാ ഇടിവെട്ട് ചാനലുകളും പത്തുമിനിറ്റ് ഇടവിട്ട്‌ ഹോമിയോഗുളിക കഴിക്കുന്നതുപോലെ പിടുത്തത്തിന്‍റെ ദ്രശ്യങ്ങള്‍ കാണിച്ചുകൊണ്ടേയിരുന്നു.. ജനപ്രതിനിധി അപമാനിച്ചു ,കേസ് കൊടുക്കും, മുഖ്യമന്ത്രിയോട് പറയും, കളക്ടര്‍ നുണപറഞ്ഞു..തുടങ്ങിയ കേരളിയ തനിമയുള്ള പഴഞ്ചെല്ലുകള്‍ നടിയുടെ ഭാഗത്തുനിന്നും വന്നപ്പോള്‍ ,.. താന്‍ എല്ലാ സ്ത്രീകളെയും സഹോദരികളായും ചിലരെ മക്കളെപ്പോലെയുമാണ് കരുതുന്നതെന്നും, നടിയേ; തന്‍റെ ജനിക്കാതെപോയ മകളായി കണ്ടതുകൊണ്ടാണ് തൊട്ടുതടവിയതെന്നും രാഷ്ട്രിയകുരു വിശദികരണമിറക്കി.. കുരുവിനെ അനുകൂലിച്ചും നടിയെ അനുകൂലിച്ചും കേരളരാഷ്ട്രിയം രണ്ടുചേരിയായി തിരിയുന്ന കാഴ്ചയാണ് പിന്നിട് കണ്ടത്.. കോലംകത്തിക്കല്‍, പൂരപ്പാട്ട്, മുണ്ടുപറി, വഴിതടയല്‍, വാടാപോടാ വിളി, ജാഥ, ധരണ തുടങ്ങിയ പരമ്പരാഗത കേരളിയ പൈതൃകകലകളും ഇതോടനുബന്ധിച്ച് അരങ്ങേറുകയുണ്ടായി.. ഈ തഞ്ചത്തില്‍ സര്‍ക്കാര്‍  ഡീസലിനു വിലകൂട്ടിയതും , പച്ചക്കറി ഉള്ളി വിലകള്‍ വാണംപോലെ ഉയര്‍ന്നതും  ആരുമറിഞ്ഞില്ലയെന്നതാണ് സത്യം.. ചുമ്മാതൊന്നു കുനിഞ്ഞുനിവര്‍ന്നപ്പോള്‍ ചിലത് കാണാതായ അവസ്ഥ.... അരക്കെട്ട് പിടുത്തത്തില്‍ അണക്കെട്ട് എപ്പോ പൊട്ടുമെന്നും, എത്രത്തോളം വെള്ളം ഒഴുകുമെന്നും, ആരൊക്കെ ഒഴുക്കില്‍ പെടുമെന്നുമായിരുന്നു പ്രധാനചര്‍ച്ചകള്‍ അതിനിടയില്‍ എന്തു ഡീസല്‍ എന്തു പച്ചക്കറി.. എല്ലാം നമ്മുടെ രതിച്ചേച്ചിക്ക് വേണ്ടിയല്ലേ ........ എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ  അടിയന്തരാവസ്ഥ കഴിഞ്ഞാല്‍ കേരളത്തെ ശക്തിയായ ബാധിച്ച കൊല്ലത്തെ വള്ളംകളി പിടുത്തം അടച്ചിട്ട മുറിക്കുള്ളില്‍ നടത്തിയ ‘ചില്ലറ’ ചര്‍ച്ചകള്‍ക്കൊണ്ട് അലിഞ്ഞുതീര്‍ന്നു.. കണ്ണൂനീരും കരച്ചിലും പിഴിച്ചിലും അഭിനയത്തിന്‍റെ ഭാഗമായിരുന്നുവെന്നും അതല്ല ശാലുവിന്‍റെ ഒഴിവ് വന്ന സെന്‍സര്‍ ബോര്‍ഡ് കസേരയും ആദായനികുതിവകുപ്പിന്‍റെ റെയ്ഡ് എന്ന ഉമ്മാക്കിയുമാണ്‌ സംഭവം ഒതുക്കിത്തിര്‍ക്കാന്‍ കാരണമെന്നും കേള്‍ക്കുന്നു... ഏതായാലും കട്ടിലിനടിയിലും ബാത്‌റൂമിലുമൊക്കെ ക്യാമറയുമായി കാത്തുകിടന്ന ചാനലുകാരെയും, പൊട്ടലും ചീറ്റലും കണ്ട് രസിക്കാന്‍ കാത്തിരുന്ന കാണികളെയും അവാര്‍ഡ് സിനിമാ കാണാന്‍ പോയ പരുവത്തിലാക്കി... എനിക്ക് കുഴപ്പമില്ല കുഴപ്പമുണ്ടാക്കാന്‍ എന്നോട് സഹകരിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ വക ഞണ്ണി എന്നൊരു വാക്കും എഴുതി നടി രായ്ക്കുരാമാനം കേരളം വിട്ടു. രാഷ്ട്രിയക്കുരു പതിവ് ചിരിയുമായി ഗോദയിലിറങ്ങുകയും ചെയ്തു.  കളി കാണാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്നവര്‍  ശശികളായി,,,,കൂടെ സംഗതി സംപ്രേക്ഷണം ചെയ്തു റേറ്റിംഗ് കൂട്ടാന്‍ നിന്നവര്‍ നിരാശരുമായി.. അങ്ങനെ നവംബറില്‍ നടന്ന ആദ്യപിടുത്തം ബോക്സോഫീസ്സില്‍ പൊളിഞ്ഞുപാളിസായി നവംബറിന്‍റെ നഷ്ടമെന്നരീതിയില്‍  ഒതുക്കപ്പെട്ടു.. പരിപാടിക്കിടയില്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടോ..? സ്ത്രീ; പീഡനത്തിനു ഇരയായോ.?? എങ്കില്‍ പ്രതി ആരാണ്.?? പ്രതിക്കെതിരെ എന്തു നടപടി എടുത്തു..?? തുടങ്ങിയ ചോദ്യങ്ങള്‍ അന്തരിക്ഷത്തില്‍ അനാഥമായിക്കിടക്കുന്നു..

 ഒന്നാമത്തെ സംഭവം നടന്ന് പിറ്റേദിവസംതന്നെ സ്ത്രീത്വത്തിനു നേരെ മറ്റൊരാക്രമണം നടന്നു... കൊച്ചി കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് വനിതാ ട്രാഫിക് വാര്‍ഡന്‍ ആക്രമിക്കപ്പെട്ടത്.. വാര്‍ഡനെ കടന്നുപിടിച്ച യുവാവ് നെഞ്ചില്‍ ആഞ്ഞിടിക്കുകയും യൂണിഫോറം വലിച്ചുകീറുകയും നെയിം പ്ലേറ്റ് പറിച്ചെറിയുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.. ഇവിടെ ആക്രമിക്കപ്പെട്ടത് പോലീസിന്‍റെ ഡ്യൂട്ടി ചെയ്ത സ്ത്രീയാണ്. ആക്രമണം പൊതുജനം നോക്കിനില്‍ക്കെയാണ് സംഭവിച്ചത്.. സ്ത്രീയുടെ മേലുള്ള ആക്രമണം,, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ എന്നിങ്ങനെ കുറ്റകരമായ പലതുമുണ്ട് ഈ സംഭവത്തില്‍ .. എന്നിട്ട് എന്തോ ഉണ്ടായി..????? .ഒന്നും ഉണ്ടായില്ലായെന്നുമാത്രമല്ല ആക്രമിച്ച മാന്യന് കോടതിയില്‍നിന്നും മുന്‍‌കൂര്‍ ജാമ്യമെടുക്കാനുള്ള സൗകര്യം നമ്മുടെ പോലിസു തന്നെ ഒരുക്കിക്കൊടുക്കുകയും ചെയ്തു. അതിനായി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍പ്പോലും കൃത്രിമംകാണിച്ചു... നീതികിട്ടാതെവന്ന  വനിതാവാര്‍ഡന്‍ പത്രസമ്മേളനം നടത്തി; തനിക്കും കുടുംബത്തിനും പ്രതിയില്‍ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നു.. ഇവിടെയും; യൂണിഫോമില്‍ പത്രസമ്മേളനം നടത്തിയതിനു വാര്‍ഡന്‍റെ പേരില്‍ നടപടിയെടുക്കാനായിരുന്നു നമ്മുടെ പോലീസിനു തിടുക്കം.. അന്വേഷണം എങ്ങുമെത്താത്തതുകൊണ്ട് പരാതിയിപ്പോള്‍ ഐ ജി യുടെ മുന്‍പാകെ എത്തിയിരിക്കുന്നു.. സ്ഥലം എസ്.ഐ-യ്ക്ക് നടപടി എടുക്കാവുന്ന ഒരു കേസിന്‍റെ അവസ്ഥയാണിത്... എങ്ങനെയുണ്ട് നമ്മുടെ പോലീസിന്‍റെ സ്ത്രീകളോടുള്ള നീതിബോധം... വനിതാസെല്ലും വനിതാകമ്മിഷനുമെല്ലാം  സ്ത്രീകള്‍ക്കുവേണ്ടി അറിഞ്ഞുപ്രവര്‍ത്തിക്കുമ്പോഴാണ് ഒരു സ്ത്രീയെ ആക്രമിച്ചിട്ടും മുന്പ് ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന ആളെ നീതിമാനായി പോലിസ് കോടതിയില്‍ അവതരിപ്പിച്ചത്; അങ്ങനെ പ്രതിക്ക് മുന്‍‌കൂര്‍ ജാമ്യവും കിട്ടി.. നടിയുടെ മൊഴിയെടുക്കാന്‍ കൊച്ചിക്ക് വണ്ടിപിടിച്ചോടി അവരുടെ വീട്ടുപടിക്കല്‍ അനുമതിക്കായി കാത്തുകെട്ടിക്കിടന്ന പോലിസ് ഇവിടെ സഹപ്രവര്‍ത്തകയ്ക്കെതിരായി നടന്ന ആക്രമണത്തെ കണ്ടില്ലായെന്നുനടിക്കുന്നു.. എന്താണ് കാരണം.? ആദ്യ സംഭവത്തില്‍ കാണിച്ച ശുഷ്കാന്തി എവിടെപ്പോയി..........

 സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തടയാന്‍ കാക്കത്തൊള്ളായിരം നിയമങ്ങളുള്ള നാടാണിത്..വശപ്പിശകോടെയുള്ള ഒരു നോട്ടം മതി അഴിയെണ്ണാന്‍.. പക്ഷെ ഈ നിയമങ്ങള്‍ ചാലിക്കണമെങ്കില്‍ ഒന്നുകില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയൊരു സെലിബ്രിറ്റിയായിരിക്കണം...അല്ലെങ്കില്‍ അക്രമി വെറും ഏഴാംകൂലിയായിരിക്കണം..അതുമല്ലെങ്കില്‍ സീഡി ഇറക്കിയാല്‍ തലയില്‍ മുണ്ടിടെണ്ട ഏതെങ്കിലും പകല്‍മാന്യനായിരിക്കണം സംഭവത്തില്‍ പ്രതി... ഇതൊന്നുമില്ലാത്ത വെറും സാധരണ സ്ത്രീയാണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ നിയമത്തിന്‍റെ സംരക്ഷണം കിട്ടാന്‍ ബുധിമുട്ടായിരിക്കുമെന്ന്‍ ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.. മുഖ്യധാരയില്‍ ഇടപെടുന്ന സ്ത്രീകള്‍ക്ക് മാത്രമായി നിയമപരിരക്ഷ ഒതുങ്ങിയിരിക്കുന്നോ എന്നാണ് സംശയം...... പോലിസ്സേനയില്‍പ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണസ്ത്രീയുടെ അവസ്ഥ ആലോചിക്കാവുന്നാതെയുള്ളൂ.. സിനിമനടിക്ക് തോണ്ടല്‍ അനുഭപ്പെട്ടപ്പോള്‍ കേരളംമുഴുവന്‍ അതു വാര്‍ത്തയായി,, അത് കേരളത്തെ മൊത്തത്തില്‍ ബാധിക്കപ്പെട്ട പ്രശ്നമായി ചര്‍ച്ചചെയ്യപ്പെട്ടു. സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും, രാഷ്ട്രിയക്കാരും, പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നു... മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ബുള്ളറ്റിന്‍ ഇറക്കുന്നു... പ്രതികരണ തൊഴിലാളികള്‍ സ്ത്രീത്വത്തിനു വേണ്ടി മുടിയാട്ടം നടത്തുന്നു... പക്ഷെ വനിതാവാര്‍ഡന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിമോചാനക്കാരും, കവിതയെഴുത്തുകാരും ,നടിക്കുവേണ്ടി തൊള്ളകീറിയ രാഷ്ട്രിയക്കാരും ചാനലില്‍മാത്രം വാ തുറക്കുന്ന പെണ്പുലികളുമൊന്നും വേണ്ടത്ര സജീവമായിക്കണ്ടില്ല.. നടിയുടെ വീടിനുമുന്നില്‍ പെറ്റുകിടന്ന  ഒരു ചാനലുകാരനും  ട്രാഫിക് വാര്‍ഡന്‍റെ വീട്ടില്‍ പോയില്ല.. അരക്കെട്ട് പിടുത്തവും, മുലയ്ക്കിട്ടു തോണ്ടലും, പിന്നെ നീലച്ചിത്ര സീഡികളും സംഭവത്തില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കേരളിയന്‍റെ സ്ത്രീവിമോചനത്തിനു ഉദ്ദാരണം സംഭവിക്കുകയുള്ളൂവെന്ന അവസ്ഥയിലായി കാര്യങ്ങള്‍.. ഇതിനിടയില്‍ സാധരണ സ്ത്രീത്വം ഇന്നും വെറും വില്പനചരക്കുകള്‍ മാത്രമായി അവശേഷിക്കുന്നു..

8 comments:

 1. തൊലിവെളുപ്പും പളപളപ്പും ഉണ്ടെങ്കില്‍ മാത്രമേ നീതി കിട്ടൂ

  ReplyDelete
 2. ശിവരാജ്November 26, 2013 at 6:20 PM

  സരിത ശാലു ശ്വേത തുടങ്ങിയ മുന്തിയ ഇനങ്ങള്‍ക്ക് കിട്ടണ പരിഗണന സാധരണ സ്ത്രീകള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും ..ഇവരോക്കെയല്ലെ കേരളിയ സ്ത്രീത്വത്തെ കുറേക്കാലമായി പുഷ്ടിപ്പെടുതുന്നത്.. അതുകൊണ്ട് ഇവരൊക്കെ കഴിഞ്ഞിട്ടേ വാര്‍ഡനൊക്കെ വരുന്നൂള്ളൂ ...

  ReplyDelete
 3. വാര്‍ഡന്‍ ഒക്കെ എന്ത്. സരിത, ശാലു, ശ്വേത ഇവരൊക്കെയാണ് സ്ത്രീകള്‍. സംരക്ഷണം അവര്‍ക്കാണ്

  ReplyDelete
 4. 'പിടുത്തം' അല്ല, 'പിടിത്തം' എന്നു വേണം

  ReplyDelete
 5. ഭാരതസ്ത്രീതന്‍ ഭാവശുദ്ധി......
  ആശംസകള്‍

  ReplyDelete
 6. ഞാനും ഇതിനെ കുറിച്ച് എഴുതി -
  സോഷ്യല്‍ മീഡിയയെ കുറിച്ച്, ഒന്നുകില്‍ വിവരം ഇല്ലാത്തവര്‍, അല്ലെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍-
  'നിങ്ങളുടെ എഴുത്തില്‍ അതിഭാവുകത്വം ഉണ്ടെങ്കിലും ഇഷ്ടപ്പെടുന്നു -

  ReplyDelete
 7. നമ്മുടെ വാര്‍ത്താ മാധ്യമങ്ങളും ,ജനങ്ങളും വാര്‍ത്ത അറിയിക്കുന്നതിനും അറിയുന്നതിനും പകരം ,,വായിക്കാന്‍ ചൂടുള്ളതും വായിച്ചു വിളമ്പാന്‍ എരിവുള്ളതും കൂടുതല്‍ ഇഷ്ടപ്പെടുന്നു,,, മാത്രമല്ല തങ്ങള്‍ക്ക് വരുമാനം കിട്ടുന്ന വന്‍ സ്രാവുകളുടെ വാര്‍ത്തകള്‍ മുക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു ..മലബാര്‍ ഗോള്‍ഡ്‌ വാര്‍ത്ത‍ ഉദാഹരണമാണ് ,,നേരറിയാം എന്നോക്കോ ചുമ്മാ അടിച്ചു വിട്ടു ,, ജനങ്ങളെ പറ്റിക്കുന്നു..

  ReplyDelete
 8. മാധ്യമങ്ങളും സര്‍ക്കാരും മാത്രമല്ല സമൂഹം തന്നെ ഇത്തരം സംഭവങ്ങളെ വ്യത്യസ്തമായ രീതിയിലാണ്‌ കാണുന്നത്

  ReplyDelete