**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, November 29, 2013

ഇതു പാറ്റാക്കാലം;സ്കൂളുകളില്‍ ‘കൂറ’ ഓപ്പറേഷന്‍ നിരോധിച്ചു..?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  കേരളത്തിലെ ഹയര്‍സെക്കണ്ടറി സ്കൂള്‍ ലാബുകളില്‍ ‘പാറ്റ’ ഓപ്പറേഷന്‍ സമ്പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി... ഓപ്പറേഷനിലെ പാകപ്പിഴകള്‍ നിമിത്തം പല കൂറകള്‍ക്കും കാഴ്ച്ചനഷ്ടപ്പെടുന്നതായും, മുട്ടയിടാന്‍ കഴിയാതെവരുന്നതായും വ്യാപകമായി പരാതിയുര്‍ന്ന സാഹചര്യത്തിലാണ് ഈ നിരോധനം നടപ്പിലാക്കിയത്‌..വിദഗ്ധരല്ലാത്ത ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ഓപ്പറേഷന്‍  കൂറകളുടെ ആയുസ്സിനെത്തന്നെ ബാധിക്കുന്നതായും, കൂറകള്‍ക്കുവേണ്ടി ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ‘കൂറ’ പ്രതിനിധികളുമായി ചര്‍ച്ചചെയ്യുമെന്നും വകുപ്പ് മന്ത്രി അറിയിച്ചു...

പാറ്റയ്ക്ക്‌ പകരം ഇനി ആരെ കീറിമുറിക്കും എന്ന ആശങ്കയിലാണ് കുട്ടികള്‍.. തവളയും ഞാഞ്ഞൂലും നേരത്തെ നിരോധിച്ചതിനാല്‍ ആകെ ആശ്രയം കൂറയായിരുന്നു.ഇപ്പോഴിതാ വ്യക്തമായ ബദല്‍നിര്‍ദേശമില്ലാതെ ലബോറട്ടറികളില്‍ പ്രായോഗിക പരിശീലനത്തിനായി പാറ്റയെ കീറിമുറിക്കുന്നതും  നിരോധിച്ചിരിക്കുന്നു. ഇതോടെ  സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സുവോളജിലാബ്‌ പഠനം പെരുവഴിയിലായി .

കൂറകളെ കീറിമുറിച്ച് ആന്തരികഘടന പഠിക്കുന്ന രീതിയിലാണ് സംസ്ഥാനത്ത് പ്ലസ്‌വണ്‍, പ്ലസ് ടു ക്ലാസുകളിലെ സുവോളജി പ്രാക്ടിക്കല്‍ പഠനം തയ്യാറാക്കിയത്. ഇതനുസരിച്ച് പഠനം പുരോഗമിക്കുന്നതിനിടെയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് വന്നിരിക്കുന്നത് .  കീറിമുറിച്ച് ആന്തരികഘടന കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനുപകരം പ്രത്യേക സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ക്ലാസെടുക്കാമെന്നതാണ് ആകെയുള്ള നിര്‍ദേശം. എന്നാല്‍ ഇത്തരമൊരു സോഫ്റ്റ്‌വേര്‍ എവിടെ കിട്ടുമെന്ന് ആര്‍ക്കും അറിയില്ല.... ഏതായാലും സൈക്കിള്‍മാര്‍ക്ക്‌ തിരികള്‍ കത്തിച്ചുകൊണ്ടുള്ള കൂറകളുടെ പ്രാര്‍ഥന ദൈവം കേട്ടുവെന്നു കരുതാം...

   ഇതോടെ പ്രശസ്ത കൂറപിടുത്തക്കാരന്‍ ശങ്കരന്‍ മാഷുമാരെ പരാതി അറിയിച്ചു.. 

  ഏതായാലും മാഷേ ഇതു വലിയ ചതിയായിപ്പോയി സീസണില്‍ നാലു തുട്ട് തടയണതായിരുന്നു; അതിപ്പോ നിങ്ങളായിട്ടു നിറുത്തിയില്ലേ..??

  എന്താ ശങ്കര എന്തു പറ്റി../

 അല്ലപ്പാ അപ്പൊ നിങ്ങള് ഒന്നുമറിഞ്ഞില്ലേ... നമ്മടെ കുട്ട്യോള്‍ക്ക് വേണോന്നു പറഞ്ഞിട്ട് നമ്മള് രണ്ടുരാത്രി കഷ്ടപ്പെട്ടിരുന്നിട്ടാ അരച്ചാക്ക് കൂറയെ കിട്ടിയത് ... ചുമന്നുകെട്ടി സ്കൂളില്‍ കൊണ്ടുചെന്നപ്പോ പറേണു എല്ലാത്തിനേം തുറന്നു വിട്ടോളാന്‍ ..ഇപ്പൊ പാറ്റ പിടുത്തം കേസാപോലും അവയെ കൊല്ലാനും മുറിക്കാനും പാടില്ലപോലും...... മക്കളെപ്പോലെ പോറ്റണം പോലും.......... എന്താ മാഷേ നിങ്ങ മാഷുമാര്‍ക്കെല്ലാം വട്ടായോ..?? തവളയും ഞാഞ്ഞൂലും പറ്റില്ലാന്നു കഴിഞ്ഞ തവണ പറഞ്ഞിരുന്നു.. പിന്നെ പാറ്റയിലായിരുന്നു പ്രതീക്ഷ,, അതുമിപ്പോ തീര്‍ന്നു...ഇങ്ങനെപോയാല്‍ നമ്മുടെ പിള്ളേര്‍ കുറേ സുവോളജി പഠിക്കും... പുസ്തകം വായിച്ചാല്‍ നീന്തല്‍ പഠിക്കുമോ മാഷേ ..

  അതിപ്പോ ശങ്കരാ,,, സര്‍ക്കാരിന്‍റെ ഓരോ നിയമങ്ങളല്ലേ.... നമുക്കെന്നാ ചെയ്യാന്‍ പറ്റും...സുവോളജി ക്ലാസ്സില്‍ കാര്യങ്ങള്‍ പഠിക്കാനായി നമ്മുടെ കുട്ടികള്‍ തവളയും പാറ്റയും കീറിമുറിച്ചാല്‍ ഇവിടെ ലോകം അവസാനിക്കുകയൊന്നുമില്ല.... ആ കാരണംകൊണ്ട് ഇവയുടെയൊന്നും വംശം കുറ്റിയറ്റുപോവുകയുമില്ല...എന്നാലും ചുമ്മാതങ്ങു നിരോധിച്ചു കളിക്കുക ഒരു സുഖമല്ലേ ശങ്കരാ... അവര് നിരോധിക്കട്ടെ... പാറ്റ നാളെ നമ്മുടെ ദേശിയജീവിയാകാനുള്ളതാ....

    വീട്ടിലെ പാറ്റശല്യംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ പാറ്റാഗുളികയും സ്പ്രേ പ്രയോഗവുമൊക്കെ നടത്തിയാണ് രക്ഷപെടുന്നത്.. ഭക്ഷ്യവസ്തുക്കളില്‍ പാറ്റാപോലുള്ള ക്ഷുദ്രജീവികളുടെ സാമിപ്യം തടയണമെന്നും നമുക്കറിയാം... ഭിത്തിയിലും അലമാരകളിലും പത്തായ അറകളിലും മുട്ടയിട്ടു പെരുകുന്ന ഈ കീടത്തെ എങ്ങനെ നശിപ്പിക്കാ മെന്നാണ് ജനങ്ങളുടെ ചിന്ത.... അപ്പോഴിതാ ഒരു പാറ്റരക്ഷാനിയമം വന്നിരിക്കുന്നു..... പഠനാവശ്യങ്ങള്‍ക്ക് കുട്ടികളുടെ ലാബുകളില്‍ പോലും ഇനിമുതല്‍ പാറ്റയെ കൊല്ലാന്‍ പാടില്ല പോലും.. സമഗ്ര പാറ്റവളര്‍ച്ച പദ്ധതിയില്‍ സര്‍ക്കാരിന്‍റെ ഉദേശ്യം എന്താണെന്നു മനസിലാകുന്നില്ല.. പാറ്റയെ കൊന്നാലും ജയിലില്‍ പോകേണ്ടിവരുമോ എന്നാണിനി അറിയേണ്ടത്.. ഇനിമുതല്‍ മഴക്കാലത്ത്‌ വണ്ടിക്കടിയില്‍പ്പെട്ടു തവളകള്‍ ചത്താല്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാനും സാദ്ധ്യത കാണുന്നുണ്ട്...കൂറവധം നിരോധിച്ചതിനാല്‍ ഇനി മേനകാ ഗാന്ധിയെക്കണ്ടു കൂറകള്‍ക്ക് ഒരു വന്ധ്യംകരണ ക്ലിനിക് തുടങ്ങണമെന്ന് ആവശ്യപ്പെടണം.. അല്ലാതിപ്പോ ഇവയെ എങ്ങനെ തടയാനാണ്....?

  പഠനാവശ്യങ്ങള്‍ക്കും മറ്റ് ഉപകാരപ്രദമായ അറിവുകള്‍ക്കും വേണ്ടി നമ്മുടെ കുട്ടികള്‍ പാറ്റ, തവള, മണ്ണിര തുടങ്ങിയ ജീവികളെ ഉപയോഗിച്ചാല്‍ അതില്‍ എന്താണ് തെറ്റ്..??? ഏതു പഠനമേഖലയിലാണെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മാത്രമേ അറിവ് വര്‍ധിപ്പിക്കാന്‍ സാധിക്കൂ.. ജീവ ശാസ്ത്രപരമായ ഏതൊരു പഠനത്തിനും വ്യക്തത കിട്ടുവാന്‍ കീറി മുറിച്ചുള്ള പഠനങ്ങള്‍ ആവശ്യവുമാണ്... എത്രയോ ശരീരങ്ങള്‍ കീറി മുറിച്ചു പഠിച്ചാണ് വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ പുറത്തുവരുന്നത്... എത്രയോ പരീക്ഷണങ്ങള്‍ ജീവികളിലും മനുഷ്യരിലും നടത്തിയാണ് മനുഷ്യരാശിക്ക് ഉപകാരപ്രദമായ ഓരോ  പുതിയ മരുന്നുകളും പിറവിയെടുക്കുന്നത്.. ചൂഷണമോ, വാണിജ്യപരമായ ദുരുപയോഗമൊ തടയുന്നതുപോലല്ല കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് പാറ്റയെ കീറി മുറിക്കുന്നത് തടയുന്നത്..ഇതു ശുദ്ധ അബദ്ധമാണ്... ഈ കീറിമുറിക്കലിലൂടെ ഒരു കുട്ടിയും  വഴിപിഴച്ചു പോകുന്നില്ല...ഇതുമാത്രമല്ല  സംസ്ഥാനത്തെ സ്കൂള്‍ ലാബുകളില്‍ ഇനിമുതല്‍ സ്പെസിമന്‍ സൂക്ഷിക്കാനും പാടില്ലയെന്നും പറയുന്നു... എന്തൊരു മണ്ടത്തരമാണിത്. ഓരോ സ്പെസിമനും നിരീക്ഷിച്ചു പഠിച്ച് അറിവ് വര്‍ദ്ധിപ്പിക്കാനുള്ള നമ്മുടെ കുട്ടികളുടെ അവസരമാണ് ഈ നിരോധനത്തിലൂടെ തല്ലിക്കെടുത്തുന്നത്.. ഒരു പാറ്റയെയോ തവളയെയോ കീറി മുറിക്കുന്നതിലൂടെ ഒരു കുട്ടിയും കൊലപാതകിയാകുന്നില്ല,, അത് അവരുടെ പഠനത്തിന്‍റെ ഭാഗം മാത്രമാണ്.. പാറ്റയെ രക്ഷിച്ച ഈ ഉത്തരവിറക്കിയ പാറ്റപ്രേമി ;; അതിന്‍റെ കാരണം കൂടി വ്യക്തമാക്കേണ്ടതാണ്.. വകുപ്പിന്‍റെ തലപ്പത്ത് പാറ്റഫോബിയ ബാധിച്ച ഏതെങ്കിലും ഫല്‍ഗുണന്‍മാര്‍ ഇരുന്നാല്‍ നമ്മുടെ കുട്ടികളായിരിക്കും അതിന്‍റെ അനന്തരഫലം അനുഭവിക്കുക..ഇങ്ങനെ പോയാല്‍ നാളെ ബ്ലഡ് ടെസ്റ്റ്‌ പോലും പഠിക്കാന്‍ കഴിയില്ല... ഇത്രയുമായ സ്ഥിതിയ്ക്ക് കോശങ്ങളെ മുറിവേല്‍പ്പിക്കുന്നുവെന്ന ന്യായപ്രകാരം ബോട്ടണി ക്ലാസ്സുകളിലെ സസ്യകോശപഠനവും നിലയ്ക്കാന്‍ സാദ്ധ്യതയുണ്ട്...  എല്ലാം സോഫ്റ്റ്‌ വെയര്‍ വാങ്ങി പഠിച്ചോളാനാണ് നിര്‍ദേശം... ഇതിനു പിന്നില്‍ ഏതെങ്കിലും  സോഫ്റ്റ്‌ വെയര്‍ മാഫിയ ഉണ്ടോ എന്നു സംശയിക്കണം... എന്തെങ്കിലും വകുപ്പ് തലവന്മാരുടെ ചൊറികുത്തിയിരിക്കുന്ന മക്കള്‍ ഇജ്യാതി വല്ല സോഫ്റ്റ്‌ വെയറും ഇറക്കുന്നുണ്ടോയെന്നു വഴിയേ അറിയാം... കുട്ടികളുടെ പഠനാവശ്യത്തിനു ഇമ്മാതിരി ജീവികളെപ്പോലും ഉപയോഗിക്കാന്‍ പാടില്ലായെന്ന മണ്ടന്‍ ഉത്തരവിനെതിരെ പ്രതികരിക്കേണ്ടതാണ്.. ഈ സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഇനി കൊതുകിനെ കൊല്ലാന്‍ പാടില്ലായെന്ന ഉത്തരവും ഉടനെ പ്രതീക്ഷിക്കാം. ഡങ്കി, വൈറല്‍, മന്ത്, മലമ്പനി ഇവയെല്ലാം പരത്തുന്നത് കൊതുകാണെങ്കിലും കൊല ഒരു പാപമായതിനാല്‍ കുത്താന്‍ വരുന്ന കൊതുകിനെ അടിച്ചുകൊല്ലാതെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച് പിന്തിരിപ്പിക്കുന്ന ഒരു സോഫ്റ്റ്‌ വയര്‍ ഉടനെ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കുന്നതായിരിക്കും,,, കൂടെ ഫ്രീയായി കൂറകളെക്കുറിച്ചുള്ള സോഫ്റ്റ്‌ വെയറും കൊടുക്കപ്പെടും..

 

7 comments:

 1. എന്തെല്ലാം വിവര ദോഷങ്ങള്‍

  ReplyDelete
 2. koorakal bharikkumpol koora niyamam undavum

  ReplyDelete
 3. ഫുള്ളില്‍ ഫുള്‍ വാങ്ങിയ ഓപറേഷന്റെ ഓര്‍മ്മ വരുന്നു.:( പാറ്റകളേം ജീവികളേം സംരക്ഷിക്കാനും നിയമം ശോ.

  ReplyDelete
 4. ഏതാണ് കൂറകള്‍ക്ക് വേണ്ടി നിയമം മാറ്റിയ എമ്പോക്കി ...

  ReplyDelete
 5. എല്ലാം ആര്‍ക്കുവേണ്ടി?

  ReplyDelete
 6. കൂ'ത'റ നിയമം.

  ReplyDelete