**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, February 17, 2014

പാര്‍ലമെന്റിനെ നാറ്റിച്ച അപ്പിബിജുവും കൂട്ടരും.....

    

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
    പുതുതലമുറയില്‍പ്പെട്ട അധ്യാപകരുടെ നിയമനത്തോടെയായിരുന്നു നിലച്ചുപോയ സാഹിത്യസമാജവും സ്കൂള്‍ പാര്‍ലമെന്റുമൊക്കെ വീണ്ടും പൊങ്ങിവന്നത്. രാഷ്ട്രനിര്‍മ്മാണത്തില്‍ കുട്ടികള്‍ക്കുള്ള പരിശീലനം സ്കൂളുകളില്‍നിന്നേ തുടങ്ങണം, കലാപരമായ കഴിവുകള്‍ പോഷിക്കപ്പെടണം ഇതൊക്കെയായിരുന്നു ന്യായങ്ങള്‍; കൊള്ളാം  ഉഗ്രന്‍ ഐഡിയ ... നടോടെ നടത്തിയ സാഹിത്യസമാജത്തില്‍ വമ്പന്‍ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.. പദ്യം ചൊല്ലലും, പാട്ടുപടാലും, പ്രസംഗവും മാത്രമല്ല ഓട്ടംതുള്ളലും അവതരിപ്പിക്കപ്പെട്ടു... തുള്ളലില്‍ മുഖ്യവിഷയം ടീച്ചേര്‍സ്തന്നെ....
‘തോളേല്‍ തൂങ്ങും ഫാഷന്‍ ബാഗില്‍...  
ചപ്പൊ ചവറോ പഴന്തുണിയോ....
എന്നാണ് ടീച്ചറുടെ ബാഗ്‌ നോക്കി തുള്ളല്‍ക്കാരന്‍ പയ്യന്‍  തുള്ളിയത്..
‘ചട്ടന്‍ മാഷുടെ തല്ലിന് വേദന.. പണ്ടേപോലെ ഫലിക്കുന്നില്ല..’ തുടങ്ങിയ പദങ്ങളും കുട്ടികള്‍ തുള്ളിത്തീര്‍ത്തു,, ന്യൂ ജനറേഷനല്ലേ ഇങ്ങനെയൊക്കെയേ തുള്ളൂ; കാര്യങ്ങള്‍ നടക്കട്ടെ; ഞാന്‍ പോണു .. നാണുമാഷ്‌ സ്ഥലം കാലിയാക്കി... നാളെ ഉച്ചകഴിഞ്ഞ് സ്കൂള്‍ പാര്‍ലമെന്‍റ് ഉണ്ടായിരിക്കും എല്ലാവരും ഒരുങ്ങിവരണമെന്ന അറിയിപ്പോടെ സാഹിത്യസമാജം സമാപിച്ചു....
 ‘ഇതൊക്കെ വേണോ സാറുമ്മാരേ..??’ എനിക്കൊരു സംശയം.
 ‘വേണം വേണം...’ പുതിയ നിയമനങ്ങള്‍ ഒന്നിച്ചാണത് പറഞ്ഞത് ...
 ‘നമ്മള്‍ കുറോക്കൂടി ഫോര്‍വേഡാകണം മാഷേ...’. പിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല..ഇനിയൊക്കെ കണ്ടറിയാം
 ഓരോ ക്ലാസ്സില്‍ നിന്നും അഞ്ചുപേര്‍ വീതമുള്ള മെമ്പര്‍മ്മാരാണ് കുട്ടി  പാര്‍ലമെന്റില്‍ ഉണ്ടായിരിക്കുക.. അവര്‍ക്ക് ഒരാഴ്ച പരിശീലനവും ഉണ്ടായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍ന്റു നടപടികളുടെ വീഡിയോ കുട്ടികളെ കാണിച്ചാണ് പരിശീലനം നടത്തിയത്.. ഭരണപക്ഷവും പ്രതിപക്ഷവും സ്പീക്കറും എല്ലാം ഇന്ത്യന്‍ പാര്‍ലമെന്റിലെ പോലെതന്നെ....... നമ്മുടെ ഭരണസംവിധാനങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് കണ്ടറിയാനുള്ള അവസരമെന്നാണ് ആശംസാപ്രസംഗികന്‍ പറഞ്ഞത്.. ഞാനും ഇതുവരെ ഇതൊന്നും നേരില്‍ കണ്ടിട്ടില്ല; അതുകൊണ്ട് ഇത്തവണ ഇതൊന്നു കാണണം.. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചുകൊണ്ട് പരിപാടിയുടെ പ്രായോജകരായ ന്യൂജനറേഷന്‍ സാറുമാരും മുന്‍നിരയിലൂണ്ട്.. പരിപാടി തുടങ്ങി.... അധ്യാപകര്‍ വാച്ച് ആന്‍ഡ്‌ ഗാര്‍ഡ് മാരായി സ്കൂള്‍ ഓഡിറ്റോറിയത്തിന്‍റെ വശങ്ങളില്‍ സ്ഥാനം പിടിച്ചു.. കുട്ടികളിലെ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി പന്മാസലകളും പാക്കുകളുമൊക്കെ ഉപേക്ഷിക്കാനും ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാല്‍ അധ്യാപരുടെ അടുത്ത് പറയാനും സ്കൂള്‍ പാര്‍ലമെന്റ്റ് തീരുമാനമെടുക്കുന്നു... കാണികളായ കുട്ടികള്‍ കൈയ്യടിച്ചു പാസാക്കുന്നു.. സ്കൂള്‍ പരിസരവും ചുമരുകളും വൃത്തികേടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും കുട്ടികളുടെ പാര്‍ലമെണ്ടു ശുപാര്‍ശ ചെയ്തു... തുടര്‍ന്ന്‍ ചോദ്യോത്തരവേള ആരംഭിച്ചു.. പരിപാടി ഇങ്ങനെ സുഗമമായി പുരോഗമിക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തെ സുഗുണന്‍ ഒരു അടിയന്തരപ്രമേയവുമായി മുന്നോട്ട് വന്നത്.. ആണുങ്ങളുടെ മൂത്രപ്പുരയുടെ ഭിത്തിയില്‍, 10 A –യില്‍ പഠിക്കുന്ന ജാനമ്മയുടെ പേര് എഴുതിവെച്ചതില്‍; 10 B  യിലെ ലീഡര്‍ ഭാസ്ക്കരന് പങ്കുണ്ടെന്നായിരുന്നു ആരോപണം. അതുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്ത് ഭാസ്ക്കരന്‍ അടിയന്തരമായി രാജിവെയ്പ്പിക്കണമെന്നാണ് ആവശ്യം.. ആരോപണം കേട്ട  എല്ലാവരും ഞെട്ടി... ജാനമ്മ കരഞ്ഞുകൊണ്ട്‌ ഓഡിറ്റോറിയത്തില്‍ നിന്നും പുറത്തുപോകുന്നു.... അധ്യാപികമാര്‍ അനുഗമിക്കുന്നു.. ആരോപണം ഉന്നയിച്ച സുഗുണനെ  വാച്ച് ആന്‍ഡ്‌ ഗാര്‍ഡ്  തസ്തകയിലുള്ള അധ്യാപകര്‍ ചൂരല്‍ വീശി ഇരുത്തി... ആരോപണത്തിനു പ്രത്യാരോപണം ഉടനെ വന്നു...9 C യിലെ നാന്‍സിക്ക് പ്രേമ ലേഖനം കൊടുത്തത് ഈ സുഗുണനാണെന്ന് ഒരുത്തന്‍ വിളിച്ചു പറയുന്നു.. മൂത്രപ്പുരയുടെ ഭിത്തിയില്‍ പേരെഴുതിയവരുടെയും പെണ്‍കുട്ടികള്‍ക്ക് പ്രേമലേഖനം കൊടുത്തവരുടേയും പേരുകള്‍ ഓരോന്നായി പുറത്തുവരുന്നു.. ഇതിനിടയില്‍ ഏതോ ഒരുത്തന്‍ പ്രശ്നത്തില്‍ റൂളിങ്ങു നല്‍കിയ 9D-യിലെ  സ്പീക്കര്‍ക്കിട്ടു തല്ലി...... സംഗതി പിടുത്തം വിട്ടുവെന്ന കണ്ട വാച്ച് ആന്‍ഡ്‌ ഗാര്‍ഡ്  ചൂരല്‍ ചാര്‍ജ് തന്നെ നടത്തിയാണ് പ്രശ്നക്കാരെ ഒതുക്കിയത്. അതിനിടയില്‍ തല്ലുകിട്ടിയ ഏതോ വേന്ദ്രന്‍ ന്യൂജനറേഷന്‍ സാറും ടീച്ചറും തമ്മിലുള്ള പവിത്ര പ്രേമത്തിന്‍റെ കാര്യവും വിളിച്ചുപറയണതു കേട്ടു... കൂടുതല്‍ ആരോപണങ്ങള്‍ വരുന്നതിനു മുന്പ് ഹെഡ്മാഷ്‌ അറ്റന്‍ഷന്‍ വിളിച്ചു.. ദേശിയഗാനം ആലപിച്ച് സ്കൂള്‍ വിടുകയും ചെയ്തു... തിങ്കളാഴ്ച രാവിലെയാണ് അടുത്ത പരിപാടി നടന്നത്.. പ്രതിനിധികള്‍ക്ക് ചൂരലുകൊണ്ട് മര്‍ദനമേറ്റതിനെ തുടര്‍ന്നു പ്രാദേശിക രാഷ്ട്രിയക്കാരുടെ നേതൃത്വത്തില്‍ സ്കൂളില്‍ സമരവും പ്രഖ്യാപിച്ചു ..അങ്ങനെ സ്കൂളില്‍ ആദ്യത്തെ സമരവും നടന്നു.. ഇപ്പം എങ്ങനെയുണ്ട് എന്ന ചോദ്യമാണ് സംഘാടകരായ സാറുമ്മാര്‍ക്ക് കേള്‍ക്കേണ്ടി വന്നത്..അട്ടയെ പിടിച്ചുമെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ..
 സ്കൂള്‍ പാര്‍ലമെന്ന്റ്  ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മേളനംപോലെയാ ക്കികളയാമെന്ന് കുട്ടികള്‍ വിചാരിച്ചാല്‍ അവരെ തെറ്റുപറയാന്‍ കഴിയില്ല. നാളത്തെ ചക്രം തിരിക്കെണ്ടവരാണല്ലോ കുട്ടികള്‍... അതിനുള്ള പരിശീലനം   നിലവിലുള്ള  രീതിയില്‍ തന്നെയാണ് പുരോഗമിക്കേണ്ടത്... അതുകൊണ്ട് കുട്ടികളെയാരെയും ഈ വിഷയത്തില്‍ ശിക്ഷിക്കേണ്ടതില്ലായെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.. നൂറുകോടിയില്‍ പരം  ജനങ്ങളുടെ പ്രതിനിധികളായി പാര്‍ലമെന്റില്‍ എത്തുന്നവര്‍ തനി ചന്തകളായി വിലസുമ്പോള്‍ കുട്ടികളോട് മാത്രം എങ്ങനെ നന്നാവാന്‍ പറയാന്‍ കഴിയും...
 പെപ്പര്‍ സ്പ്രേ പ്രയോഗം ,കത്തിവീശാല്‍ ,നാടന്‍ തല്ല് തുടങ്ങിയവയെല്ലമാണ് ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നമ്മുടെ പാര്‍ലമെന്റില്‍ അരങ്ങേറുന്നത്.. ഇതിലൊന്നും തിളങ്ങാന്‍ കഴിയാത്തവര്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടോണം... നമ്മുടെ പാര്‍ലമെന്റില്‍  ജനാധിപത്യം കത്തി വീശിയപ്പോള്‍ പരിക്കുപറ്റിയവരേ ആശുപത്രിയിലാക്കേണ്ടിവന്നു...  പതിനാറു ജനാപ്രതിനിധികളെയാണ്  ജനാധിപത്യംമൂത്ത് ഭ്രാന്തായപ്പോള്‍   സസ്പെന്ഡ് ചെയ്യേണ്ടിവന്നത്.. വിഷകുപ്പിയുമായാണ് ചില ഭ്രാന്തന്മാര്‍ സഭയിലേക്കെത്തിയത്. പക്ഷെ അതിലൊരുത്തനും ഒരു തുള്ളിവിഷംപോലും കഴിക്കില്ലായെന്നത് വേറൊരു സത്യം..വേണമെങ്കില്‍ കോളനിറച്ച് വിഷമാണെന്നും പറഞ്ഞ് നമ്മള്‍ക്ക് ആശ തരും..... ഇതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ മാന്യത..
  ഭരണസൌകര്യത്തിനും വികസനത്തിനും വേണ്ടി ജനസംഖ്യയും വിസ്തൃതിയും കൂടുതലുള്ള ഒരു സംസ്ഥാനത്തെ രണ്ടാക്കുന്നതില്‍ എന്താണ് കുഴപ്പം. ആന്ധ്രാ വിഭജനത്തിന്‍റെ പേരില്‍ പാര്‍ലമെന്റില്‍ കാട്ടിക്കൂട്ടിയ ഈ അഴിഞ്ഞാട്ട വിക്രിയകള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ മുഖത്തേറ്റ നാണക്കേടാണെന്നതില്‍ തര്‍ക്കമില്ല.. സഭയില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച കോണ്ഗ്രസ് എംപി എന്‍ രാജഗോപാല്‍ ആന്ധ്രയിലെ വന്‍ വ്യവസായിയും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പങ്കെടുക്കാന്‍ വന്ന ലാന്‍കൊ ഗ്രൂപ്പിന്‍റെ ഉടമയാണ്.. മുന്നൂറു കോടിക്ക് മുകളിലാണ് ഇങ്ങേരുടെ വെളിപ്പെടുത്തിയ സമ്പാദ്യം. ഒരു വിഭജനം നടന്നാല്‍ ഹൈദരാബാദിലും തെലുങ്കാനമേഖലയിലുമുള്ള തന്‍റെ ബിസിനസ്സ് സാമ്രാജ്യത്തില്‍ വിള്ളല്‍ വീഴുമെന്ന ഭയമാണ് ടിയാന്‍റെ തുള്ളലിന് പിന്നില്‍ അല്ലാതെ ജനങ്ങളുടെ കഞ്ഞികുടിമുട്ടുമെന്ന  വിഷയങ്ങളൊന്നും ഈ വിഭജനത്തില്‍  പറയുവാന്‍ കഴിയില്ല..

  ഇത്രയും ബഹളവും ആക്രമണങ്ങളും പാര്‍ലമെന്റില്‍ നടന്നിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു നിയമ നടപടിയും കൈക്കൊണ്ടിട്ടില്ലായെന്നതാണ് അതിലേറെ വിചിത്രം.. കത്തിയും, കുരുമുളക് സ്പ്രേയുമായിമൊക്കെയായി അതിവ സുരക്ഷമേഖലയായ പാര്‍ലമെന്റിലെക്ക്  കടന്നുവരാന്‍ കഴിയുമെങ്കില്‍, ഇതുപോലുള്ള വട്ടന്മാര്‍ വിചാരിച്ചാല്‍ നാളെ പാര്‍ലമെന്റില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് വ്യക്തം.. പഴയ പാര്‍ലമെന്‍ന്റ് ആക്രമണത്തിന് ശേഷം ഏര്‍പ്പെടുത്തിയ വന്‍സുരക്ഷയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്‌... വടിവാള്‍ വാസുവും, അപ്പിബിജുവുമൊക്കെ അഴിഞ്ഞാട്ടം നടത്തുന്ന നമ്മുടെ ജനാധിപത്യത്തിന്‍റെ അവസ്ഥ പരിതാപകരം തന്നെ... ഈ പെറുക്കികളെയാണല്ലോ നമ്മള്‍ വയറുവരിഞ്ഞുടുത്ത് തീറ്റിപോറ്റുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.. ഓരോ ദിവസത്തെയും സഭ കൂടുന്നതിനായി ദിവസവും ലക്ഷങ്ങള്‍ പൊടിക്കുമ്പോള്‍ ജനപ്രതിനിധികളെന്ന പേരും തൂക്കി പാര്‍ലമെന്റില്‍ കടന്നുകൂടുന്ന വമ്പന്‍ വ്യവസായികള്‍ തങ്ങളുടെ ബിസ്സിനസ് സാമ്രാജ്യങ്ങള്‍ സംരക്ഷിക്കാന്‍ കാട്ടിക്കൊട്ടുന്ന വിക്രിയകളുടെ നഷ്ടങ്ങള്‍ ചുമക്കേണ്ടത്‌ ജനങ്ങളാണ്... പാര്‍ട്ടികള്‍ മുന്നോട്ട് വെയ്ക്കുന്ന സ്ഥാനാര്‍ഥികളെ കണ്ണുമടച്ച് തിരഞ്ഞെടുക്കുന്നതിന് മുന്പ് ഒന്നു കണ്ണു തുറന്നു നോക്കുന്നത് നല്ലതാണ് അല്ലെങ്കില്‍ പല അപ്പിബിജുമാരും നമ്മുടെ ചിലവില്‍ പാര്‍ലമെന്റില്‍ അപ്പിയിട്ട് ജനാധിപത്യത്തെ നാറ്റിക്കും... സഭയില്‍  നടക്കുന്ന വിലകുറഞ്ഞ ചന്ത പ്രകടനങ്ങള്‍ കാണുമ്പൊള്‍ ഇതാണ് മഹത്തായ ജനാധിപത്യമെന്നു എങ്ങനെ പറയാന്‍ കഴിയും..

4 comments:

 1. നന്നായി മാഷേ ഇനിയിപ്പോ കാന്താരിമുളക് പ്രയോഗമാണ് വേണ്ടത്

  ReplyDelete
 2. നന്നായിരിക്കുന്നു .വ്യാകുല ചിന്തകള്‍.
  കുട്ടികളോട് വായിച്ചുവളരാന്‍ പറയുന്നതോടൊപ്പം
  പത്രങ്ങള്‍ വായിക്കരുതെന്നുംകൂടി പറയേണ്ടി വരും................
  ആശംസകള്‍

  ReplyDelete
 3. പാര്‍ലമെന്റിലെ ഭ്രാന്തന്മാരുടെ ആസനത്തില്‍ കുറച്ചു കാന്താരി പൊട്ടിച്ചുതെയ്ക്കുകയാണ് ചെയ്യേണ്ടത്..കത്തിക്കുത്തും അടിപിടിയും തെറി വിളിയുമായി ഒരു സഭ ,,

  ReplyDelete
 4. നിങ്ങളെന്നെ നക്സലൈറ്റ് ആക്കും!

  ReplyDelete