**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, March 29, 2013

വീടുകത്തുന്ന പ്രവാസിയും, വീണവായിക്കുന്ന മന്ത്രിയും


 

പടക്കശാലയ്ക്ക് തീപിടിച്ച് തൊഴിലാളികള്‍ പ്രാണരക്ഷാര്‍ത്ഥം നെട്ടോട്ടമോടുമ്പോള്‍ തന്‍റെമുറിയില്‍ സുരക്ഷിതമായിരുന്നുകൊണ്ട് മൊതലാളി ഒരു മൈക്കിലൂടെ; ആരും ഓടരുത്, ഒന്നും പേടിക്കേണ്ട, ഞാനിവിടെ എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നു വിളിച്ചുപറഞ്ഞാല്‍ അതിന്‍റെ അര്‍ഥം എന്താണ്??? അവനു ഭ്രാന്താണെന്നുതന്നെ പറയേണ്ടിവരും.സൗദിയില്‍ സ്വദേശിവല്ക്കരണത്തിന്റെ ഭാഗമായി തൊഴില്‍നഷ്ടപ്പെട്ടു നാട്ടിലേക്കു വണ്ടി കയറുന്ന ആളുകളോട്; പേടിക്കേണ്ട ഞങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്, ആരും ഭയപ്പെടേണ്ട ഞാനിപ്പോള്‍ തജിക്കിസ്ഥാന്‍ ബിരിയാണി കഴിക്കുകയാണ് വന്നിട്ട് ഒടനെ ചര്‍ച്ചനടത്തും എന്നൊക്കെയുള്ള വളിപ്പുകള്‍ പറയുന്ന ആള്‍ക്കാരെ എന്തുവിളിക്കണം.??

 ദിവസവും നൂറുകണക്കിന് ആളുകളാണ് സൗദിയില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്കുമടങ്ങുന്നത്.കുറെയേറെപ്പേര് പോലീസ് പിടിയിലുമായി.എന്നിട്ടും ഇവിടെ ചിലര് നിരീക്ഷണത്തിലും,ടൂറിലും, പെട്ടിക്കട ഉല്‍ഘാടനത്തിലുമൊക്കെയാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ റവന്യു വരുമാനത്തിന്‍റെ 1.6 ഇരട്ടിരൂപയാണ് പ്രവാസികള്‍ നാട്ടിലേക്കു ഒരുവര്ഷം അയക്കുന്നത്.വര്‍ഷം 23089 കോടി രൂപയാണ്, ഇങ്ങനെ കേരളത്തില്‍ എത്തുന്നത്‌. ഇതൊന്നും ഇവിടുത്തെ ഏമാന്മ്മാരുടെ ആസൂത്രണംകൊണ്ട് നേടിയെടുത്ത പണമൊന്നുമല്ല. കട്ടുമുടിക്കലും,അഴിമതിയും തൊഴിലില്ലായ്മയുംകൊണ്ട് പൊറുതിമുട്ടിയ ജനം; സ്വയം തിരഞ്ഞെടുത്ത മാര്‍ഗ്ഗമാണ് ഈ പ്രവാസജീവിതം. പ്രവാസി, വിയര്‍പ്പൊഴുക്കി അയക്കുന്ന രൂപകൊണ്ട്, നാട്ടില്‍ അവന്‍റെ കുടുംബം മാത്രമല്ല നാടിന്‍റെസാമ്പത്തികഭദ്രതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്നുള്ളത് മറക്കരുത്. അതുകൊണ്ട് ഗള്‍ഫ്‌പണത്തെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ മാത്രമല്ല സംസ്ഥാനത്തിന്‍റെ സാമ്പത്തികഭദ്രതയും മറ്റു ഗാര്‍ഹിക, വാണിജ്യ, വ്യസായമേഖലയെയുംഈ മടങ്ങിവരവ് പ്രതികൂലമായിബാധിക്കും.കൂടും കുടുക്കയുമെടുത്ത്‌,  നാടുപിടിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കും; എന്നതാണ് ഇനിയറിയേണ്ടത്.  ചര്‍ച്ചകള്‍ വാഗ്ദാനംചെയ്തു മുന്‍നിരപല്ലുകാട്ടി ഇളിക്കുന്ന മന്ത്രിമാരുടെ ഫോട്ടോകള്‍ മാധ്യമങ്ങളില്‍ മുന്‍പേജില്‍ത്തന്നെ വരാന്‍ തുടങ്ങിയിട്ടുണ്ട്.ഈ പ്രസ്താവന യുദ്ധംകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല എന്നുള്ളതാണ് വാസ്തവം. കുറച്ചുകൂട്ടര്‍ പ്രധാനമന്ത്രി ഇടപെട്ടു, തിരിച്ചുവരവ്‌ ബ്ലോക്ക്‌ ചെയ്യണമെന്ന ഉണ്ടായില്ലാവെടിയും പൊട്ടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഇക്കാര്യത്തില്‍ സൗദി സര്‍ക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ല. നടത്തിയാലും ഒരു കാര്യവുമില്ല. ഈ വിഷയം ആ രാജ്യത്തിന്‍റെ അഭ്യന്തര പ്രശ്നമാണ്.സ്വദേശികളുടെ എണ്ണത്തെക്കള്‍ കൂടുതല്‍ വിദേശികളും, സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മയും കൂടുമ്പോള്‍ സ്വന്തം പൌരന്മ്മാരുടെ കാര്യത്തില്‍ ശ്രദ്ധയുള്ള ഏതൊരുരാജ്യവും ചെയ്യുന്ന നടപടിയാണിത്. അതിനു അവരോടു ചര്‍ച്ചതുടങ്ങും,അംബാസിഡരെ വിളിക്കും, ഞൊട്ടും എന്നൊക്കെപ്പറയുന്നത്; പ്രവാസികളെ പറ്റിക്കാനുള്ള നാടന്‍രാഷ്ട്രിയക്കാരുടെ മുന്നാംകിട ഗിമിക്കുകളായെ കാണാന്‍ കഴിയൂ. പ്രവാസികളുടെ തിരിച്ചുവരവ് ഇതിനുമുന്‍പ്‌ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് ഗള്‍ഫ്‌യുദ്ധകാലത്താണ്. എന്നാല്‍ അന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കുറെ പ്രസ്താവനകള്‍ ഉണ്ടായതല്ലാതെ,  ഒരു അനുകൂല നടപടികളും ഉണ്ടായിരുന്നില്ല. വിമാനംകേറി വോട്ടുകുത്താന്‍ നാട്ടിലേക്കു പറന്നതിന്‍റെ കൊണംവല്ലതും ഉണ്ടോയെന്ന് ഇപ്പൊ അറിയാം.!!!!!!

പ്രവാസികളെ ഉദ്ധരിക്കാനുള്ള രണ്ടുപ്രധാന വകുപ്പുകളിലും നമ്മുടെ ആളുകള്‍ തന്നെയാണുള്ളത്.ഈ വിഷയത്തിലും അവര്‍ സ്ഥിരം പ്രസ്താവനകള്‍ തുടങ്ങിട്ടുണ്ടെന്നതൊഴിച്ചാല്‍, ഉന്നതങ്ങളിലെ പലരും ഈ സംഭവം അറിഞ്ഞഭാവമേ ഇല്ല.

വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ആശങ്ക വേണ്ട - അഹമ്മദ്

സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴില്‍ നിയമങ്ങളില്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.പുതിയ നിയമത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും.ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ്‌രാജ്യമാണ് സൗദി അറേബ്യ. നാലുദിവസത്തെ തന്‍റെ താജികിസ്താന്‍ പര്യടനം കഴിഞ്ഞുവന്നാലുടനെ ഇക്കാര്യത്തില്‍ സൗദി എംബസിയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു..”

ആശങ്ക എന്നുപറഞ്ഞാല്‍ ഇതു കേവലം മൂത്രശങ്ക അല്ല..പ്രവാസികള്‍ക്ക് ആശങ്ക വേണ്ടായെന്ന് ഇപ്പോഴും അഹമ്മദ്‌ പറയുമ്പോള്‍, അങ്ങേര് ഇപ്പോഴും താജികിസ്ഥാന്‍ ടൂറിന്‍റെ ഹാങ്ങോവറിലാണെന്നുവേണം മനസിലാക്കാന്‍. ചുമ്മാ കറങ്ങിനടക്കാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഉടനെചെയ്യേണ്ട സമയമാണിപ്പോള്‍. പലരും ജോലിക്ക് പോകാതെ ഒളിവില്‍കഴിയുന്നു.പലരെയും പോലീസ് പിടിക്കുന്നു. ഇങ്ങനെ പ്രവാസിസമൂഹം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ടൂറുകഴിഞ്ഞുവരട്ടെ, എന്നിട്ട് ചര്‍ച്ചയാവാം എന്നല്ലപറയേണ്ടത്. ടൂറു പിന്നിടാവാം ഇപ്പോള്‍ പ്രവര്‍ത്തനമാണ് ആവശ്യം.

പ്രവാസിവകുപ്പ്‌ നേതാവ്‌, രവിമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.സ്വദേശിവത്കരണത്തില്‍ ആശങ്കപ്പെടേണ്ടതില്ല: വയലാര്‍ രവി

 സൗദി അറേബ്യയിലെ സ്വദേശിവത്കരണം മൂലം ഇന്ത്യാക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഗള്‍ഫില്‍ നിന്ന് കൂട്ടപ്പാലായനത്തിന് സാധ്യതയില്ലെന്നും തിരിച്ച് വരാന്‍ തിരക്കുകൂട്ടുന്ന സാഹചര്യം സൗദിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “

സാധ്യത എന്നൊക്കെ പറയാന്‍ ഇതെന്നാ കാലാവസ്ഥപ്രവചനമാണോ? കണ്മുന്നില്‍ നടക്കുന്ന കാര്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടിയാണിത്. പലായനം നടത്താതെ ജയിലില്‍ത്തന്നെ കൂടിക്കോ എന്നാണോ ഇദേഹം പറയുന്നത്.പുതിയ നിയമംമൂലം അവിടെ താങ്ങാന്‍ കഴിയാത്തവര്‍ എന്തു ചെയ്യണമെന്നാണ് രവിമന്ത്രി പറയുന്നത്??,

”സൗദിയിലെ സാഹചര്യം ഇന്ത്യ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൗദി തൊഴില്‍ മന്ത്രാലയവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാക്കാരെ പുറത്താക്കുമെന്ന അറിയിപ്പ് ഇന്ത്യന്‍ സര്‍ക്കാരിനോ എംബസിക്കോ ലഭിച്ചിട്ടില്ലെന്നും വയലാര്‍ രവി അറിയിച്ചു.”

സാഹചര്യം ഇന്ത്യ നിരീക്ഷിക്കുന്നുവെന്നു പറയുന്നു.അതേ വായില്‍ത്തന്നെ പറയുന്നു,ഇങ്ങനെ ഒരു സംഭവം ഇന്ത്യ അറിഞ്ഞിട്ടില്ലായെന്നും.ഇനി എപ്പോഴാണാവോ ഇന്ത്യ ഈ വിവരം അറിഞ്ഞുവരുന്നത്.ഉണ്ടായിരുന്ന തൊഴില്‍ പെട്ടൊന്നൊരു ദിവസം നഷ്ടപ്പെടുന്നതിന്റെ വേദന രവിസാറിനു മനസിലാകില്ല.അതറിയണമെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും ഒരു തൊഴിലെ ടുത്തു ജീവിക്കണം.പക്ഷെ സീറ്റുപോയ മകളുടെവേദന ഇദേഹത്തിന് മനസിലാക്കാന്‍ കഴിയുമെന്നത് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ മകള്‍ക്ക് സീറ്റില്ല എന്നറിഞ്ഞപ്പോള്‍ നടത്തിയ ആക്രോശത്തിലൂടെ നാട്ടുകാര്‍ അറിഞ്ഞതാണ്. ഇത് വോട്ടുബാങ്ക് അല്ലാത്ത പാവങ്ങളുടെ കാര്യമായതിനാല്‍ ഇടപെടാന്‍ പ്രത്യേക അറിയ്പ്പ്‌തന്നെ വേണമായിരിക്കും.

“പുതിയ നിയമം മൂലം എത്ര ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കൃത്യമായ കണക്ക് സര്‍ക്കാരിനില്ല. വിദേശികള്‍ മാത്രം പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിയം ബാധകമാകുക. പത്ത് പേര്‍ക്ക് ഒരാളെന്ന നിലയിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം തീരും. സൗദിയിലെ തൊഴിലില്ലാത്തവര്‍ക്കൊ തൊഴില്‍ നല്‍കാനാണ് അവര്‍ ഈ നിയമം കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സൗദിയുടെ തീരുമാനം മാറ്റാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.”    

    സത്യത്തില്‍ ഇങ്ങേര് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. എന്താണ് പറയുന്നത്... ഒരു പിടിയുമില്ല. സ്വദേശിവല്ക്കരണത്തില്‍ ആശങ്കവേണ്ട എന്നുപറഞ്ഞുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സൗദിയുടെ തീരുമാനം മാറ്റാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു...എന്താണ് പ്രവാസികള്‍ മനസിലാക്കേണ്ടത്.തനിക്ക് ഒന്നും ചെയ്യാന്‍കഴിയില്ല, നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിക്കോ എന്നുപറഞ്ഞു കൈകഴുകുന്ന പരിപാടിയല്ലേയിത്. പ്രവാസികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയില്ലയെന്നു പറയുമ്പോള്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്‌.

  ഇന്ത്യ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പോലും, ഇന്ത്യാക്കാരെ പുറത്താക്കുമെന്ന അറിയിപ്പ് ഇന്ത്യന്‍ സര്‍ക്കാരിനോ എംബസിക്കോ ലഭിച്ചിട്ടില്ലെന്നും  രവി പറയുന്നു. ഇങ്ങേര് ലോകത്തുനടക്കുന്ന ഒരു കാര്യവും അറിയുന്നില്ലായെന്ന് ചുരുക്കം.പ്രശ്നത്തിന്‍റെ തീവ്രത മനസിലാക്കാതെ ചുമ്മാ, വെടുവാ അടിക്കുകയാണ് രണ്ടുമന്ത്രിമാരും ചെയ്യുന്നത്. പ്രവാസികളുടെ ആശങ്കമാറ്റാന്‍, എന്തു നടപടിയാണ് ഇവര്‍ കൈക്കൊണ്ടിരിക്കുന്നത്; അതാണ്‌ അറിയേണ്ടത്.  രണ്ടുപേരുടെയും പറമ്പുകിളയ്ക്കാനും, വീട്ടുപണിക്കും ആളെ ആവശ്യമുണ്ട്; ഗള്‍ഫില്‍ നിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് അപേക്ഷിക്കാം.. എന്നു പരസ്യം കൊടുക്കുമോ?? അതോ മടങ്ങിവരുന്ന പ്രവാസികളെമുഴുവന്‍ പെഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുമോ?? വിദേശത്ത് വന്നാല്‍ വമ്പന്‍മ്മാരുടെ അത്താഴവിരുന്നുംആസ്വദിച്ച്, ഷാളുപുതപ്പീരും ഏറ്റുവാങ്ങി, ഷോപ്പിങ്ങും നടത്തി തിരിച്ചുപോകുന്നതില്‍കവിഞ്ഞ്; കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് വേണ്ടി ഇവര്‍ എന്താണ് ചെയ്യുന്നത്. എത്ര പ്രവാസികള്‍ അന്യനാട്ടില്‍ ഉണ്ടന്നോ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നോ ഉള്ള ഒരുതരത്തിലുള്ള കണക്കുകളും എമ്പസികളുടെ അടുത്തോ സര്‍ക്കാരിന്‍റെപക്കലോ ഇല്ലായെന്നു മന്ത്രിതന്നെ സമ്മതിക്കുന്നു. കേരളത്തിന്‍റെ സാമ്പത്തിക അടിത്തറയുടെ ബലം പ്രവാസികളാണെന്ന് കേരളിയരായ രണ്ടുമന്ത്രിമാരും മനസ്സിലാക്കിയാല്‍ നന്ന്. അതിനു ഇളക്കംതട്ടിയാല്‍ കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ വന്‍തിരിച്ചടികളായിരിക്കും ഉണ്ടാവുക. അതിനൊരു നടപടിയോ ഒരു പുനരധിവാസപദ്ധതിയോ തയ്യാറാക്കാതെ സൗദിയിലെ സാഹചര്യം ഇന്ത്യ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള ഗീര്‍വാണങ്ങള്‍ അടിച്ചുകൊണ്ടിരുന്നാല്‍ പരിഹാരമാകുമോ??

   നാസ പറഞ്ഞപോലെ ഉല്ക്കവീഴും ഉറപ്പാ....... ചാകാതിരിക്കണമെങ്കില്‍ പ്രാര്‍ഥിച്ചോ. അതുപോലെ മാസാമാസം വരുന്ന ‘മണി’ നിന്നു മക്കളെ ഇനി വെള്ളംകുടിച്ചു പ്രാര്‍ഥിച്ചോ എന്നതായിരിക്കുമോ ഇതിനുള്ള പരിഹാരം. കുറഞ്ഞപക്ഷം ടൂര്‍ പരിപാടിയും പ്രസ്താവനകളും നിറുത്തിവെച്ച് സൗദിയില്‍, പോലിസ്‌ പിടിയിലായവര്‍ക്കും ഒളിച്ചുതാമസിക്കുന്നവര്‍ക്കും സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്താനുള്ള സഹായനടപടികളെങ്കിലും സത്വരമായി കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു.വിയര്‍പ്പൊഴുക്കി നാട്ടിലേക്കയച്ച പണത്തിനെങ്കിലും; അവരോടു നന്ദികാണിക്കണം.അല്ലെങ്കില്‍ അതു വലിയ നെറികേടായിരിക്കും..

 


 

10 comments:

  1. രഞ്ജിത്കുമാര്‍March 29, 2013 at 5:26 PM

    ഇതില്‍ സൗദി സര്‍ക്കാരിനെ പറഞ്ഞിട്ടു കാര്യമില്ല,അവരുടെ പൌരന്മ്മാരുടെ കാര്യം അവരു നോക്കുന്നു.നമ്മുടെ മന്ത്രി മിടുക്കന്മ്മാര്‍ ചുമ്മാ വെടുവാ അടിക്കത്തെ ഒള്ളു.വന്നാലും പോയാലും അവര്‍ക്കെന്ത്.കുറച്ചു കുടുംബങ്ങള്‍ വിഷമിക്കും എന്നേയുള്ളൂ.മടങ്ങി വരുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടതാണ്..

    ReplyDelete
  2. ആരും സഹായിക്കാന്‍ വരില്ല
    മുമ്പത്തെപ്പോലെ തന്നെ

    ReplyDelete
  3. കുറച്ചു വിഷമം ഉണ്ട് സഹോദരരെ പണിയേ പോയി എപ്പോ വേണമെങ്കിലും പോലിസ്‌ പിടിക്കും ആ അവസ്ഥയിലാണ്.കൂട്ടത്തില്‍ ഉള്ള സാധുക്കളായ കൂട്ടുകാര്‍ മാത്രമാണ് സഹായം.പല്ലിളിച്ചുകൊണ്ട് പിരിവിനു വരുന്ന ഒരുത്തനും തിരിഞ്ഞു നോക്കാനില്ല.അനുഭവിക്കട്ടെ നിയമം ലംഘിച്ചുകൂടുന്നതല്ലേ എന്ന ചിന്താഗതിയാണ് ഒരു വിഭാഗത്തിനു..ഞങ്ങള്‍ ആരുടെയും ഒന്നും പിടിച്ചു പാറിക്കാനോ മോഷ്ടിക്കാനോ വന്നവരല്ല.നാട്ടിലുള്ള വയറുകള്‍ക്ക് കഞ്ഞി കുടിക്കണം അത് മാത്രമേ ചിന്തിച്ചുള്ളൂ.സഹായിചില്ലെങ്കിലും ഉപദ്രവിക്കരുത്.ആരെങ്കിലും ഞങ്ങളുടെ കാര്യത്തില്‍ ഇടപെടണം എന്നെ പറയാനുള്ളൂ.

    ReplyDelete
  4. എങ്ങിനെയും അക്കരെ എത്തണം എന്ന നമ്മുടെ ആളുകളുടെ
    വ്യഗ്രതകൊണ്ട്, നിയമാനുസൃതമല്ലാതെ പുറം നാടുകളിൽ നമ്മുടെ ആളുകള് എത്തുന്നു -
    ഇവരുടെ അതേ വ്യഗ്രതയിൽ അന്യ സംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിൽ
    തലവേദന ആകാൻ പോകുന്നു. ഓരോ രാജ്യത്തിന്റെ അഭ്യന്തര നടപടികളിൽ ഇടപെടുന്നതിനു ഒരു പരിധിയുണ്ട് എന്നതും സത്യം -
    അതൊക്കെ വേറെ കാര്യം-
    കാര്യങ്ങളെ ലഘൂകരിച്ച് മീഡിയയിൽ കൂടി പ്രസ്താവന നടത്താൻ മാത്രമാണ് ആ വകുപ്പ് എങ്കിൽ, അത് പിരിച്ചു വിട്ടിട്ട്, അങ്ങേർക്ക് കൊടുക്കുന്ന അലവൻസും മറ്റു ബത്തകളും ,യാത്രാപടികളും, ഇവരുടെ പുനരിധിവാസത്തിനു ഉപയോഗിക്കുക ആയിരിക്കും ഉചിതം .

    ReplyDelete
    Replies
    1. പാക്കരന്‍March 30, 2013 at 7:07 AM

      മേനോനോട് ഞാനും യോജിക്കുന്നു.ചുമ്മാ വളവള പറയാനാണെങ്കില്‍ എന്തിനാ ഇങ്ങനെ ഒരു വകുപ്പും മന്ത്രിയും..പോയി ചത്തൂടെ ഇവനൊക്കെ.

      Delete
  5. ഇന്ന് ഞാൻ നാളെ നീ എന്ന് പറഞ്ഞ കണക്കെ ഈ കമന്റ് എഴുതുന്ന എനിക്കും ഇപ്പോൾ ജോലി ചെയ്യുന്ന രാജ്യത്തെ പുതിയ തൊഴിൽ മന്ത്രി കൊണ്ട് വരുന്ന നിയമം നടപ്പിൽ വന്നാൽ നാട് പിടിക്കേണ്ടി വരും.പക്ഷെ എന്നിരുന്നാലും,പത്രങ്ങളും ചാനലുകളും പർവതീകരിക്കുന്ന രീതിയിലുള്ള പ്രതിസന്ധി നിലവിൽ ഉണ്ടോ എന്ന കാര്യം സംശയം ആണ്.സൗദി സർക്കാർ ഇപ്പോൾ ചെയ്യുന്നത് നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ നാട് കടത്തുക എന്നതാണ്.നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കണം എന്ന് ഏതു സർക്കാർ എജന്സിയാണ് സൗദി സർക്കാരിനോട് പറയുക?നിയമം ലങ്ഘിച്ചു തൊഴിൽ ചെയ്യുന്നവരെയും സൌദിയിൽ തങ്ങുന്നവരെയും സൗദി സർക്കാർ തിരിച്ചയച്ചാൽ അത് തെറ്റാവുന്നത് എങ്ങിനെ?നിയമവിരുദ്ധമായി വിസ സംഘടിപിച്ചു അവിടെ നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവര തന്നെയല്ലേ തെറ്റുകാർ?നിതാഖത് എന്ന പരിപാടി പെട്ടന്ന് പൊട്ടി മുളച്ചതും അല്ല,കഴിഞ്ഞ രണ്ടു വർഷമായി കമ്പനികൾക്ക് സൗദി സർക്കാർ നിയമം പാലിക്കുവാൻ സമയ പരിധി നല്കിയിരുന്നു.എന്നിട്ടും നിയമം പാലിക്കാത്തവർക്ക് എതിരെയാണ് നടപടി ഉണ്ടായിട്ടുള്ളത്.നിയമം ലങ്ഘിച്ചതിനാൽ പിടിക്കപെട്ടവരെ മാന്യമായി നാട് പിട്ക്കുവാൻ വേണ്ടി സർക്കാർ സഹായിക്കണം എന്ന് ആവശ്യപെടാം,അല്ലാതെ മറ്റൊരു രാഷ്ട്രം നടപ്പിൽ വരുത്തുന്ന തൊഴിൽ നിയമങ്ങളിൽ വെള്ളം ചേര്ക്കണം എന്ന് മൻമോഹൻ സിങ്ങിനോ ഇ അഹമദിനൊ ഉമ്മൻ ചന്ടിക്കൂ കഴിയില്ല എന്ന വസ്തുത നാം മനസിലാക്കേണ്ടി ഇരിക്കുന്നു.

    ReplyDelete
  6. വിവേക്‌March 30, 2013 at 7:52 PM

    കുടുങ്ങിയ പ്രവാസികളെ എങ്ങനെയെങ്കിലും തിരിച്ചുവരാന്‍ സഹായിക്കാതെ നേതാക്കന്മ്മാര്‍ കുമ്മിയടി തുടങ്ങിക്കഴിഞ്ഞു...ഇനി കാത്തിരുന്നു കാണാം

    ReplyDelete
  7. ഒന്നും ചെയ്തില്ല എന്ന് പറയരുത്. കത്തയച്ചിട്ടുണ്ടല്ലോ ;)

    ReplyDelete
  8. മന്ത്രിഏമാന്‍മാരുടെ പ്രസ്താവനക്കുള്ള മറുപടി നന്നായിരിക്കുന്നു

    ReplyDelete
  9. "വേറൊരു രാജ്യത്തിന്റെ നിയമ സംവിധാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല" ദഹിക്കാന്‍ വിഷമമുള്ള വിശദീകരണം, നട്ടിനുറപ്പുള്ള ഭരണാധികാരികള്‍ ഉള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ബാധിക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ലോകത്തെവിടെയും ഇടപെടും സ്വന്തം പൗരന്മാരെ സം‌രക്ഷിക്കും, അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷിതരായി മാതൃരാജ്യത്ത് എത്തിക്കും. മുല്ലപ്പൂ വിപ്ലവ കാലത്ത് ലിബിയയില്‍ നിന്നും ടുണീഷ്യയില്‍ നിന്നും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ ജനത്തെ രക്ഷപ്പെടുത്തിയതു മുതല്‍ കൊലക്കേസില്‍ പിടിക്കപ്പെട്ട രണ്ട് പൗരന്മാര്‍ക്കുവേണ്ടി ഇറ്റാലിയന്‍ ഭരണകൂടം ഇന്ത്യയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതു വരെ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്


    എന്നിട്ടും നിര്‍ഗുണന്മാരായ നമ്മുടെ വിദേശകാര്യ / പ്രവാസികാര്യ മന്ദന്മാര്‍ ചുമ്മാ വള വളാ പറഞ്ഞ് പത്രത്തില്‍ പടം വരുത്തി നിര്‍വൃതിയടയും. ഈ അരക്ഷിതാവസ്ഥക്കും ഗതികേടിനും പ്രവാസി തന്നെ പ്രതിവിധി കണ്ടെത്തിക്കഴിയുമ്പോള്‍ വീണ്ടും വരും കോട്ടിട്ട പ്രാഞ്ചിയേട്ടന്മാരുടെ പൊന്നാടയും പൊങ്കിഴിയും വാങ്ങി ആഡംബര നൗകകളില്‍ ഉല്ലസിക്കാന്‍.

    ReplyDelete