**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, November 4, 2013

പിടുത്തംവിട്ട മാപ്പും വലിഞ്ഞ പരാതിയും


 


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 അങ്ങനെ സ്പോടനാത്മകമായ ഒരു സാഹചര്യത്തില്‍നിന്നും കേരളം തല്ക്കാലം രക്ഷപെട്ടു ..നാസയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത നാല്‍പ്പത്തിയെട്ടുമണിക്കൂറില്‍ എന്തും സംഭവിക്കാമായിരുന്നു. പക്ഷെ ഒരു ചുക്കും സംഭവിച്ചില്ല. നാസയ്ക്ക് വീണ്ടും പിഴച്ചു.. കേരളത്തിലെ ഒരു ജനപ്രതിനിധി ജാമ്യമില്ലാവകുപ്പുപ്രകാരം പീഡനകുറ്റം ചുമത്തപ്പെട്ട് അകത്താവുന്ന അപൂര്‍വ്വസംഭവം ചാനലുകള്‍ തോറും ആഘോഷിക്കാമെന്നും  അതോടെ കേരളത്തിലെ സ്ത്രീത്വം നേരിടുന്ന സകല പ്രശ്നങ്ങളും ഉരുകിത്തീരുമെന്നും കരുതിയവര്‍ക്ക് തെറ്റി; ഭൂമിയെ സമീപിച്ച ക്ഷുദ്രഗ്രഹം ഇഞ്ചിന്‍റെ വിത്യസത്തില്‍ കടലില്‍വീണു എന്നപോലെയായി കാര്യങ്ങള്‍... കടല്‍ ഭൂമിയിലല്ലേ എന്നതില്‍ പ്രസക്തിയില്ല..

 എല്ലാ പ്രശ്നങ്ങളും തീര്‍ത്തത് ‘മാപ്പ്’ എന്നൊരു വാക്കാണ്‌. ഒരുപക്ഷെ കഴിഞ്ഞ നിമിഷങ്ങളില്‍ ചിലര്‍ക്കെങ്കിലും; മലയാളത്തിലെ ‘മാപ്പ്’ എന്ന വാക്ക് വിലമതിക്കാനാവാത്ത നിധിയായിത്തിര്‍ന്നിരിക്കണം..ഭൂലോകം മുഴുവന്‍ ഒരു ‘മാപ്പില്‍’ കയറ്റാമെങ്കിലും ഇത് ആ ‘മാപ്പല്ല’. കേവലം പാപ്പിറസ് ചെടിയുടെ ഊറയ്ക്കിട്ട തൊലിയില്‍ വരച്ചുകൂട്ടി പടച്ചുവിടുന്ന വരകളുംകുറികളും നിറഞ്ഞ ആ ‘മാപ്പല്ല’.. ഈ ‘മാപ്പ്’ ..ഈ ‘മാപ്പ്’ എന്തെന്നു അറിയണമെങ്കില്‍ ഇന്ത്യ അറിയണം, കേരളം അറിയണം,മുന്‍പും പിന്‍പും നടന്ന സകലപീഡനങ്ങളും അറിയണം, അതിന്‍റെ ഭാഷ അറിയണം... സകല തെണ്ടിത്തരത്തിനും ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ‘മാപ്പ്’, എല്ലാ ഫോര്മുലകള്‍ക്കും മൂടുപടം തയ്ക്കുന്ന ‘മാപ്പ്’..... പശ്ചാത്താപമനസ്സിന്‍റെ, കുറ്റബോധത്തില്‍നിന്നും ഉളവാകുന്ന വിവശതയുടെ,  സ്വഭാവികമായ ഔന്നിത്യത്തിലൂന്നിയ വികാരപ്രകടനമാണ് ഈ മാപ്പ്..ഇതു രണ്ടുതരമുണ്ട് രഹസ്യമാപ്പും, പരസ്യമാപ്പും ..രഹസ്യമാപ്പെന്നത്, വളരെ രഹസ്യമായി നടത്തുന്ന ഒരിടപാടാണ്.. അത്തരം മാപ്പുകള്‍ പൊതുജനം അറിയാറില്ല. ഇന്ന് തെറിവിളിക്കുന്നവര്‍ നാളെ പഞ്ചാരക്കട്ടയാകുന്നത് ഈ രഹസ്യമാപ്പ് കലക്കിക്കുടിച്ചാണ്...  പൊതുജനങ്ങളെ പറ്റിക്കാന്‍ രാഷ്ട്രിയക്കാരും സിനിമാക്കാരുമൊക്കെ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഒരമൂല്യവസ്തുവും കൂടിയാണ് ഈ  രഹസ്യമാപ്പ്.. ദേ ഇപ്പൊ തകര്‍ക്കും എന്നപോലുള്ള പലസമരങ്ങളും കാറ്റുപോയ ബലൂണ്‍ പോലെയാകുന്നത് രഹസ്യമാപ്പ് വഴിയാണ്

  പരസ്യമാപ്പ് അങ്ങനെയല്ല... അത് എല്ലാവര്‍ക്കും ആസ്വദിക്കാം ചാനലുകളാണ് ഇതിന്‍റെ മൊത്തവിതരണക്കാര്‍..അതിന്‍റെ റസിപ്പി അഞ്ജാതകേന്ദ്രത്തില്‍നിന്നും കിട്ടിയിട്ടുണ്ട്. എല്ലാ ചാനലിലും പോകുക,കഴിയുന്നത്ര ക്യാമറയോട് ചേര്‍ന്നുനിന്നുകൊണ്ട്...പ്രിയ  -----------; ഞാന്‍ കാരണം താങ്കള്‍ക്ക് എന്തെങ്കിലും വേദന എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പാക്കണം....എന്ന് ആവര്‍ത്തിച്ചുപറയുക. വിട്ടഭാഗത്ത്‌ ആവശ്യംപോലെ പേര്‍ ചേര്‍ത്ത് ഉപയോഗിക്കാം... അതിനുശേഷം നന്നായി കരയുകയോ, വിതുമ്പുകയോ, മുഖത്ത് ശോകഭാവം വരുത്തുകയോ ചെയ്യണം.. അതിനായി അല്പം ഗ്ലിസറില്‍ പഞ്ഞില്‍മുക്കി കീശയില്‍ കരുതുന്നത് നന്നായിരിക്കും.. തുടര്‍ന്ന്‍ ഞാന്‍ നിരപരാധിയാണ് എന്നു ഇടയ്ക്കിടെ പറയണം.. വേണമെങ്കില്‍ പ്ലീസ് പ്ലീസ് എന്നെ വിടൂ... എന്നതും പുട്ടിനു പീരപോലെ ചേര്‍ക്കാം..ഇത്രയുമായാല്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ചൂടോടെ വിളമ്പാനുള്ള പരസ്യമാപ്പ് റെഡി..ആര്‍ക്കാണോ മാപ്പ് വേണ്ടത് അവരോടു ഈ ‘മാപ്പ് സ്വീകരിക്കൂ,,,,’ എന്നു ഉച്ചത്തില്‍ പറയാം.. ഇതിനോടനുബന്ധിച്ച് നേരത്തെ തയ്യാര്‍ചെയ്തു മാറ്റിവെച്ചിരിക്കുന്ന കാരാറുകള്‍ ഒന്നുകൂടി ചൂടാക്കി മാപ്പ് വേണ്ടവര്‍; മാപ്പ് സ്വീകരിച്ചിരിക്കുന്നു എന്നു പറയുന്നതോടുകൂടി പരസ്യമാപ്പിന്‍റെ ഉല്‍പ്പാദനവും വിതരണവും കഴിഞ്ഞു.. ഇനി വേണ്ടവര്‍ക്ക് ഈ മാപ്പിനെ കീറിമുറിച്ചു ചര്‍ച്ചചെയ്ത് വിശപ്പ് തീര്‍ക്കാവുന്നതായിരിക്കും..

 കൊല്ലത്ത് നടന്ന വള്ളംകളിപ്രശ്നത്തില്‍ വള്ളംമറിഞ്ഞു വെള്ളംകുടിച്ച ജനപ്രധി’നിധി’; ആര്‍പ്പോ ഇര്‍റോ,,,,, വിളിക്കാന്‍ വന്ന സിനിമനടിക്ക് പരസ്യമാപ്പ് വിതരണംചെയ്തു അവരത് സന്തോഷത്തോടെ സ്വീകരിച്ച് വെള്ളംകുടിച്ചതിലുള്ള ഏനക്കേട് മാറ്റിയിരിക്കുന്നു... ഒരു പ്രശ്നവുമില്ല ഒരു കേസുമില്ല.. എന്ന മന്ത്രം മൂന്നുതവണ ജപിച്ച് യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകളഞ്ഞു.. ചെറിയൊരു കുരുക്ഷേത്രയുദ്ധത്തിനുള്ള ലക്ഷണം തെളിഞ്ഞതാണ്... യുദ്ധം പഴയകുരുക്ഷേത്രരീതിയില്‍ ആരംഭിച്ചതുമാണ്. പരസ്പരമുള്ള പോര്‍വിളികള്‍ പുരോഗമിച്ചുവരുന്നതിനിടയിലാണ്..   ചര്‍ച്ചനടത്തി ഒരു യുദ്ധവിരാമം ഉണ്ടായത്..ഇതിങ്ങനയേ ആവൂവെന്നു അന്നേ പറഞ്ഞതാണ്... എന്നിരുന്നാലും പല സദ്‌വചനങ്ങളും ചിന്തകളും ഇതുമൂലം സാക്ഷരകേരളത്തിന്‌ പകര്‍ന്നുകിട്ടി..അതിലെ ചില മൊഴിമുത്തുകള്‍ ആറ്റിക്കുറുക്കി പാറ്റിക്കൊഴിച്ച് ഇങ്ങനെപറയാം... പ്രസവം ചിത്രികരിച്ച സ്ത്രീകള്‍ അപമാനിക്കപ്പെട്ടാല്‍  അവര്‍ ഇരകളല്ലായെന്നും, മസാലസിനിമകളില്‍ അഭിനയിച്ചാല്‍ ആ സ്ത്രീകളെ ആര്‍ക്കും എപ്പോഴും എവിടെയും തോണ്ടാം... അതായത് അവര്‍പ്പിന്നെ പൊതുമുതലായിരിക്കുമെന്നും,,, ചില ഗുരുക്കാന്മാര്‍ പറഞ്ഞിരിക്കുന്നു. കാമസൂത്രയുടെ പരസ്യത്തില്‍  അഭിനയിച്ചതുകൊണ്ട് ആര്‍ക്ക് വേണമെങ്കിലും എവിടെവെച്ചും അവരോട് കാമം തീര്‍ക്കാമെന്നും തിരുവുള്ളം മൊഴിഞ്ഞു.. ബലാല്‍സംഗത്തിനു ഇരയായ സ്ത്രീയെ ഇനിമുതല്‍ കൂട്ടബലാത്സംഗം നടത്താം അതുകുഴപ്പമില്ലായെന്നു തുറന്നു പറഞ്ഞില്ലെങ്കിലും അങ്ങനെ ആവാമെന്നാണ് സൂചന.. മറ്റൊന്ന് ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ അവരുടെ പൂര്‍വകാല ചരിത്രംനോക്കിയേ നീതികൊടുക്കാവൂ...ശക്കില മറിയ തുടങ്ങി സിനിമയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട മറ്റു നടികളും ജാഗ്രതെ ഈ നിയമം നിങ്ങള്‍ക്കും ബാധകമാണ്...  ഇതൊക്കെ സ്ത്രീകളുടെ കാര്യത്തില്‍ നടന്ന കണ്ടുപിടുത്തമാണ്.. ഇനി പുരുഷന്‍റെ കാര്യത്തിലേക്ക് വന്നാല്‍  പീഡിപ്പിക്കുന്നവന്‍ നാലാംകിടയാണെങ്കില്‍ ജനങ്ങള്‍ക്ക് അവനെ അപ്പോള്‍ തന്നെ കൈകാര്യം ചെയ്യാവുന്നതാണ്... അടിച്ചുകൊല്ലാറാക്കി വേണം പോലിസിനെ ഏല്‍പ്പിക്കാന്‍, ചാകാറായാലും  അപ്പോത്തെന്നെ റിമാണ്ട് ചെയ്യിക്കണം.. ഇനി മെമ്പര്‍, എം എല്‍ എ, എം പി തുടങ്ങിയ ഗ്രേഡിലുള്ള പീഡകരാണെങ്കില്‍ ആദ്യം അവര്‍ക്ക് നെഞ്ചുവേദനയുണ്ടോ എന്നുനോക്കണം. തുടര്‍ന്ന്‍ പള്‍സ് നോക്കണം അതിനായി ഏതെങ്കിലും ലേഡി ഡോക്ടറെ സമീപിക്കാവുന്നതാണ്‌,,, ഒന്നുമില്ലെങ്കിലും ഉള്ളിലപ്പിടി തുരുമ്പാണ് എന്നൊക്കെ പറഞ്ഞു ആശ്പത്രിയില്‍ അഡ്മിറ്റാക്കണം... ജനങ്ങള്‍ ആദ്യാവസാനം അവരെ സപ്പോര്‍ട്ട് ചെയ്യണം.... അവര്‍ അങ്ങനെ ചെയ്യില്ലായെന്നു മനസ്സില്‍ കൂടെക്കൂടെ പറയണം... കാരണം അവര്‍ക്ക് കാമവികാരങ്ങള്‍ ഉണ്ടാവില്ല. എല്ലാം പിതൃസഹജമായ വികാരങ്ങള്‍ മാത്രമാണ്.. ഗസ്റ്റ് ഹൌസില്‍ പീഡിപ്പിക്കുന്നതും. ഐസിലിട്ടു പീഡിപ്പിക്കുന്നതും, മരുമകളാകാന്‍ പീഡിപ്പിക്കുന്നതും, തൊട്ടും തലോടിയും വികാരശമനം വരുത്തുന്നതും പിതൃസഹജമായ വാത്സല്യമായേ കാണാവൂ.. അതിനപ്പുറം കണ്ടാല്‍ അതതു നേതാവിന്‍റെ അണികള്‍ ആവശ്യംപോലെ കോലം കത്തിച്ചുകളയും... ചിലപ്പോ മാനസികമായി റേപ്പും ചെയ്യും... അതിനൊന്നും കേസെടുക്കാന്‍ വകുപ്പില്ലല്ലോ.. എത്ര തെളിവുകളുണ്ടെങ്കിലും നേതാക്കള്‍ പറയുന്ന തെളിവുകള്‍ക്ക് അപ്പുറത്തേയ്ക്ക് ഒന്നിനും സാദ്ധ്യതയില്ല.. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലേല്‍ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് തീ വാരി എറിയിക്കും.. അതുകൊണ്ട് അപമാനിക്കപ്പെട്ട  എല്ലാവരുംതന്നെ നേതാക്കള്‍ തരുന്ന മാപ്പും വാങ്ങി വീട്ടില്‍ പോകാറാണ് പതിവ് ..ആ പതിവ് തെറ്റിച്ചാല്‍ ഒടുക്കം സൂര്യനെല്ലിക്കേസ് പോലെയാകും അവസ്ഥ..

ഇവിടെ മാപ്പ് കൊടുക്കലും വാങ്ങലുമൊക്കെ ശരിയാണെങ്കിലും,,താന്‍ ഏതെങ്കിലും വിധത്തില്‍ ഒരു പുരുഷനാല്‍ അപമാനിക്കപ്പെട്ടു  എന്നൊരു   ഒരു സ്ത്രീ പരസ്യമായി പരാതിപ്പെട്ടാല്‍;,,,, അതിനൊരു നിയമമുണ്ട്. ആ നിയമപ്രകാരം കേസെടുക്കണം... തെറ്റായ പ്രവണതകള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുയാണ് അതിന്‍റെ ഉദേശ്യം... അതീസംഭവത്തില്‍ നടന്നുകൊണ്ടില്ല..? പണവും അധികാരവും ഉണര്‍ന്നു കളിച്ചപ്പോള്‍ നിയമവും നീതിയും കളത്തിനുപുറത്തായോ എന്നൊരു സംശയം.???. ഞാന്‍ അപമാനിക്കപ്പെട്ടുവെന്നു പരസ്യമായി പറയുകയും, വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിട്ടും നിയമം ആര്‍ക്കോവേണ്ടി കാത്തു നില്‍ക്കുകയായിരുന്നു...അക്സയ്ക്ക് വേണ്ടി കരഞ്ഞില്ല എന്നു പറയുമ്പോള്‍ അതിനുത്തരവാദികള്‍ നിയമത്തിന്‍റെ പിടിയിലായിക്കഴിഞ്ഞു. ഇനി ശിക്ഷ വിധിക്കേണ്ടത് നിയമമാണ്... അക്കാര്യത്തില്‍  എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലീസാണ് അതിനുത്തരം പറയേണ്ടത്...പക്ഷെ ഇവിടെ അതല്ല ഒരു സ്ത്രീ പൊതുവേദിയില്‍ അപമാനിക്കപ്പെട്ടൂ എന്നു പറഞ്ഞിട്ടും എന്തേ നിയമം പകച്ചുനിന്നത്..??.ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ നിയമം കത്തുനിന്നോ..?? ഒരു സെലിബ്രിറ്റിയ്ക്കുപോലും  തനിക്കെതിരെ നടന്ന അപമാനശ്രമത്തില്‍ ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടിവന്നു എന്നതാണെങ്കില്‍ അപമാനിക്കപ്പെടുന്ന സാധാരണ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും.. മാനസികമായ സമ്മര്‍ദമുണ്ടാക്കി പരാതി പിന്‍വലിച്ചതാണെങ്കില്‍ ആരാണ് അതിനു പിന്നിലെന്ന് തുറന്നുപറയണം.. അതല്ല ഒരു ജനപ്രതിനിധിയെ മനപ്പൂര്‍വം കരിവാരിത്തേയ്ക്കാന്‍ പടച്ച നാടകമായിരുന്നുവെങ്കില്‍ സ്ത്രീ സുരക്ഷാനിയമങ്ങളുടെ ദുരുപയോഗം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...ഇനി അങ്ങനെയല്ല ചില നീക്കുപോക്കുകള്‍ ഇക്കാര്യത്തില്‍ നടന്നുവെങ്കില്‍ പൊതുസമൂഹവും പ്രത്യേകിച്ച് സ്ത്രീകളും നിയമസംവിധാനങ്ങളും  വഞ്ചിക്കപ്പെട്ടിരിക്കുന്നു..

8 comments:

  1. ഇത്രയൊക്കെയേ ഇവിടെ നടക്കൂ!

    ReplyDelete
  2. മഞ്ഞവസ്ത്രത്തിന്റെ പേരുകാരൻ
    കഞ്ഞിപിഴിഞ്ഞോരു ഖദറുമായി
    വെള്ളത്തൊലിയുള്ള പെണ്‍കുട്ടിയെ
    വള്ളം കളിക്കിടെ തൊട്ടുനോക്കി

    വള്ളം കളിയിന്നു കേമമായി
    വെള്ളമുള്ളിൽ കിടന്നോളമിട്ടാൽ
    തള്ളയും പെങ്ങളും മകളുമാട്ടെ
    കള്ളക്കുറുപ്പിനങ്ങെന്തു ഭേദം

    കണ്ടുനിന്നോർക്കതു കൗതുകമായ്
    തൊണ്ടി സഹിതം പിടിക്കുമെന്നായ്
    തെണ്ടിത്തരം ചെയ്ത മാന്യ ദേഹം
    തണ്ടു തപ്പി, കാറി ലേറി മുങ്ങി

    ക്യാമറ കള്ളം പറഞ്ഞതാവും
    കോമള ഗാത്രി നീ മാപ്പാക്കണേ
    ഉമ്മ വെച്ചില്ല ഞാൻ തൊട്ടേയുള്ളൂ
    നമ്മളുമൊക്കെ മനുഷ്യരല്ലേ

    ഇല്ലാ പരാതിയെന്നോതി മുഖ്യൻ
    ചൊല്ലൂ പരാതിയെന്നമ്മയോതി
    ജില്ല്ലാകളക്ടർക്കു ബധിരകർണ്ണം
    പൊല്ലാപ്പിനില്ലെന്നു മന്ത്രിമാരും

    കിട്ടിയില്ലൊന്നും പരാതിയായി
    കിട്ടിയാലും നിങ്ങളെന്തു ചെയ്യും
    കാട്ടിലെ തടിയുമീ പെണ്ണുടലും
    നാട്ടിലെ പ്രഭുവിന്റെ സ്വന്തമല്ലേ

    മൂന്നു മാസങ്ങൾ കഴിഞ്ഞു നിങ്ങൾ
    മൂന്നു നിറമുള്ള കൊടിയുമായി
    കന്നിനേപ്പോലെ മടങ്ങിയെത്തും
    അന്ന് ചൊല്ലാം ബാക്കി വർത്തമാനം

    ReplyDelete
  3. ഇതൊക്കെ ഇത്രയെ ഉണ്ടാകൂ ...എന്തായാലും ചാനലുകാർക്ക് കുറച്ചു ദിവസം എരിവും പുളിയും ഉള്ള വാർത്തകൾ കിട്ടി .......ഇപ്പോൾ കയറി പിടിച്ചവനും / പീഡിപ്പിക്ക പെട്ടവൾക്കും കുഴപ്പമില്ല.....ജനങ്ങൾ പിന്നെയും ശശി .......

    ReplyDelete
  4. ദൂരം കുടുതല്‍ മൈലേജ് കുറവ്: ഇപ്പൊത്തെ വര്‍ത്തകള്‍ എല്ലാം ഇങനെയാ

    ReplyDelete
  5. ഇന്നലെ,ഇന്ന്,നാളെ?

    ReplyDelete
  6. ഇതാണോ പീഡനം ഇനി കുട്ടികള്‍ക്ക് സ്കൂളില്‍ പീടനമാവാന്‍ സാധ്യത ഉള്ള സ്പര്‍ശന കേന്ദ്രങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഭാഗങ്ങള്‍ വരച്ചു അടയാളപ്പെടുത്തി കാണിച്ചു കൊടുക്കേണ്ടി വരുമല്ലോ ........ഈ ശ്വേതമെനോനെ പോലെയുള്ള ഭയങ്കര സാധനങ്ങള്‍ക്ക് രക്ഷയില്ല പിന്നെ നമ്മുടെ വീട്ടിലെ സൈസ് കുറഞ്ഞ പാവങ്ങളുടെ അവസ്ഥ എന്തായിരിക്കും

    ReplyDelete
  7. അങ്ങനെ പൊതുജനം വീണ്ടും ശശിയായി...

    ReplyDelete