**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, December 28, 2013

അവിടെ മ ആനന്ദമയി; ഇവിടെ അടിയാണ് ജീവിതം...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
    ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;... തെന്നിന്ത്യന്‍ നടി രഞ്ജിത സന്യാസം സ്വീകരിച്ചു.. തുടര്‍ന്ന്‍  ബംഗ്ലൂരിനുസമീപം ബിഡദിയിലെ നിത്യാനന്ദ ധ്യാനപീഠം ആശ്രമപരിസരത്ത് നടന്ന കൂട്ടത്തല്ലില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു... വിവാദസ്വാമി നിത്യാനന്ദയാണ് രണ്ജിതയ്ക്ക് സന്യാസദീക്ഷ നല്‍കിയത്.. തുടര്‍ന്നാണ്‌ സ്വാമിയുടെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടിവിരുന്നുനല്‍കിയത്... ആവശ്യംപോലെ തല്ലുമേടിച്ച മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും തകര്‍ത്തുവെന്ന് പറയപ്പെടുന്നു.ഒടുവില്‍ പോലിസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്... രഞ്ജിത ഇനിമുതല്‍ ‘ ആനന്ദമയി’ എന്നായിരിക്കും അറിയപ്പെടുക...ഇന്ത്യയിലെ മറ്റൊരു ആശ്രമത്തിലും ലഭിക്കാത്ത ‘അടി പ്രസാദം’ ഇനിമുതല്‍ ജ്ഞാനപീഠം ആശ്രമത്തില്‍ നിന്നും ആവശ്യക്കാര്‍ക്ക് വാങ്ങാവുന്നതാണ്... അടിപ്രസാദം വാങ്ങി ചതവ് പറ്റിയവര്‍ക്കുള്ള ഉഴിച്ചാല്‍ കേന്ദ്രവും ഉടനെ തുറക്കുന്നതായിരിക്കും.. ‘മ’ ആയിരിക്കും ഉഴിച്ചിലിനു നേതൃത്വം കൊടുക്കുന്നതെന്ന വാര്‍ത്ത ഭക്തര്‍ ആഹ്ലാദാരവം മുഴക്കിയാണ് സ്വീകരിച്ചത്..  സ്വാമി നിത്യാനന്ദയും രഞ്ജിതയും ഉള്‍പ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സി.ഡി. 2010 മാര്‍ച്ച് രണ്ടിനാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്. വീഡിയോ ദൃശ്യം കൃത്രിമമാണെന്ന്  രഞ്ജിതയെന്ന ആനന്ദമയി ആരോപിക്കുന്നു...
  സന്യാസദീക്ഷ സ്വീകരിക്കുകയെന്നത് പൊതുവില്‍ മഹത്തായ ഒരു കര്‍മ്മവും, അതില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യവുമായി കരുതുന്നവരുടെ ഇടയിലേക്കാണ്‌... ദീക്ഷ സ്വീകരണവും തുടര്‍ന്ന്‍ നടന്ന കൂട്ടയടിയും വളരെയധികം  പുതുമ സൃഷ്ടിക്കുന്നു... ഇതും ‘ഡൈനമിക് മെഡിറ്റെഷന്‍റെ’ ഒരു ഭാഗമാകാനാണ് സാദ്ധ്യത... കുറേനേരം ഒരേയിരുപ്പിനെത്തുടര്‍ന്ന്‍ ഉള്ളില്‍ കെട്ടിക്കിടക്കുന്ന അധോവായുവിനെ പുറത്താക്കാനുള്ള ഒരു ചലനമെന്ന രീതിയിലാണ് അനുയായികളുടെ ഇളക്കത്തെ കാണേണ്ടത്... അതുമൂലമുണ്ടായ കാന്തിക മണ്ഡലത്തിന്‍റെ വിസ്പ്പോടനത്തില്‍പ്പെട്ട  ആളുകള്‍ക്കാണ് തല്ലുകിട്ടുന്നതായി അനുഭവപ്പെട്ടത്..യാഥാര്‍ത്ഥ്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല..എല്ലാം വെറും മായ... നിത്യാനന്ദസ്വാമി ശരണം... ആശ്രമകേളികള്‍ എന്ന സീഡിയില്‍ ഇതിനെക്കുറിച്ച്‌ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.. സീഡിയുടെ വിതരണം ഉടനെയുണ്ടാകും... അതോടുകൂടി അനുയായികളുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടം പ്രതീക്ഷിക്കാം... മലയാളത്തിലെ എല്ലാ മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ്  രഞ്ജിത; മ-ആനന്ദമായിയായ വിവരം നാട്ടുകാരെ അറിയിച്ചിച്ചിരിക്കുന്നത്‌.. ഇനിയിപ്പോ പൂജയ്ക്കോ ഹോമത്തിനുമൊക്കെ ബുക്കിംഗ് ആരംഭിക്കാം....തകിട്, ഏലസ്, വശീകരണയന്ത്രം, ധനാഗമനയന്ത്രം തുടങ്ങിയവ തപാലില്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടുകയും ആവാം..
 ഒരു മനുഷ്യന് നന്നാവാന്‍ തീരുമാനിച്ചാല്‍ അതിനും സമ്മതിക്കില്ലായെന്നു വെച്ചാല്‍ എന്തുചെയ്യും...തല്ലുമേടിച്ചേ അടങ്ങുവെന്നുവെച്ചാല്‍ കൊടുത്തേ മതിയാവൂ... മഗ്ദലനമറിയം മുതല്‍ വാസവദത്ത വരെ നന്നായെങ്കില്‍ എന്തുകൊണ്ട് രഞ്ജിതയ്ക്ക് സന്യാസം സ്വീകരിച്ചുകൂടാ... ചന്ദ്രസ്വാമി, ആശാറാം ബാപ്പു, സന്തോഷ്‌ മാധവന്‍ തുടങ്ങിയ മഹാനീയന്മാര്‍ വാത്സ്യായന പൂജകള്‍ നടത്തിയെങ്കില്‍ എന്തുകൊണ്ട് നിത്യാനന്ദയ്ക്കും നടത്തിക്കൂടാ... ഖുജരാഹോയിലെ രതിശില്പങ്ങള്‍ ഭക്തിപുരസ്സരം നോക്കിക്കാണുന്ന അതേ കണ്ണുകള്‍ക്ക് എന്തുകൊണ്ടാണ് നിത്യാനന്ദ സ്വാമികളുടെ പകര്‍ന്നാട്ടങ്ങള്‍  കുറ്റകരമായിത്തൊന്നുന്നത്.. ഭോഗവും യോഗവും ചേര്‍ന്നതാണ് നിര്‍വാണമെങ്കില്‍ ഇതൊന്നും കുറ്റമല്ല..ഖുജരാഗോ ശില്പങ്ങളെ ജീവസുറ്റതാക്കുകയാണ് സ്വാമി ചെയ്തത്... ശിഷ്യനെന്ന പേരിനുപോലും യോഗ്യനല്ലാത്ത, കിട്ടാത്തമുന്തിരി പുളിച്ച ഏതോ ഒരജ്ഞാനി സ്വാമി നടത്തിയ ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഷോ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലിട്ടു; അതുകണ്ട പ്രേക്ഷകലക്ഷങ്ങള്‍ അതിനുപിന്നിലുള്ള യഥാര്‍ത്ഥ ഉദേശ്യം മനസിലാക്കാതെ നിത്യാനന്ദയെ കുറ്റംപറഞ്ഞു.... മനസിലാക്കിയ പുണ്യാത്മാക്കള്‍  ഇപ്പോഴും ശിഷ്യരായി തുടരുന്നു... നിര്‍,,,, വാണം; അതാണ് ലൈറ്റ് ആന്‍ഡ്‌ ഷോയില്‍ നടത്തിയാതെന്നു സ്വാമിജി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്...എന്നിട്ടും ജനം അദേഹത്തെ അവിശ്വസിക്കുന്നു...  പെണ്ണുകേസിലും പറ്റീരുകേസിലുമൊക്കെ കുറേ ആള്‍ ദൈവങ്ങള്‍ അകത്തുപോവുകയോ കളംവിടുകയോ ചെയ്തതിനാല്‍ ഇക്കാലമത്രെയും ഈ രംഗത്തു വല്ലാത്തൊരു ശൂന്യതനിലനിന്നിരുന്നു.. ഇനിയത് മാറുമെന്നു പ്രതീക്ഷിക്കാം... കേരളത്തിലെ നിത്യാനന്ദ ധ്യാനപീഠത്തിലെ അധികാരിയയായി രഞ്ജിത ഉടനെവരുമെന്ന് കരുതുന്നു..തുടര്‍ന്ന്‍ ആശുപത്രികള്‍ കോളേജുകള്‍ തുടങ്ങി എല്ലാം പിറകെ വരും.. നമ്മുടെ രാഷ്ട്രിയക്കാരും നേതാക്കളുമൊക്കെ അനുഗ്രഹം വാങ്ങാനും കെട്ടിപ്പിടിക്കാനും ക്യൂ നില്‍ക്കുകയും ചെയ്യും... അനുയായികള്‍ ഉള്ളകാലത്തോളം ഒരു ആള്‍ ദൈവത്തിനും ആരെയും പേടിക്കേണ്ട...
 സന്യാസമെന്നാല്‍ മനസ്സില്‍ ചിന്തകള്‍ ഇല്ലാതിരിക്കുക എന്നതാണ്.എല്ലാ ആഗ്രഹങ്ങളും ചിന്തകളും ഉപേക്ഷിച്ച് തന്നിലേക്ക് തന്നെയാത്രയാകുമ്പോള്‍ ഒരു സന്യാസി പിറക്കുന്നു. മനുഷ്യജീവിതത്തിന് ശുഭപര്യവസായിയായ ഒരു അവസാനം കണ്ടെത്തുന്നതിലേക്കായി രൂപപ്പെടുത്തിയ പതിനാറു (ഷോഡശക്രിയകള്‍) വഴിത്തിരുവുകളില്‍ പതിനഞ്ചാമത്തെതാണ് സന്യാസം... വ്രതം,യജ്ഞം,തപസ്സു,ധനം,ഹോമം,സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനും സന്യാസം നൽകരുതെന്നും . ധർമബോധവും ആചാരശുദ്ധിയുമില്ലാതെ, അഗ്നിവസ്ത്രത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു.വളരെ അര്‍ഥപൂര്‍ണ്ണമായ ഒരു ജീവിതാന്തസ്സിനെ കള്ളന്മാരുടെ ഒളിസങ്കേതമായി മാറ്റാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ സന്യാസിയെ കണ്ടെത്താന്‍ കഴിയൂ.... ചെയ്തികള്‍ മനസ്സിലാക്കി കുഞ്ഞാടിനെയും ചെന്നായേയും തിരിച്ചറിയാനുള്ള കഴിവ് പൊതുസമൂഹം ആര്‍ജിക്കേണ്ടിയിരിക്കുന്നു... ക്രമമായ ജീവിതചര്യയിലൂടെ സന്യാസത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവരെയും കപടകാഷായ വേഷങ്ങളെയും തിരിച്ചറിഞ്ഞ് വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ ഇനിയും ശ്രദ്ധചെലത്തേണ്ടിയിരിക്കുന്നു.. ആത്മിയതയിലെ കള്ളനാണയങ്ങളെ വളര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് മാധ്യമങ്ങളും വഹിക്കുന്നുണ്ട്...ആള്‍ ദൈവങ്ങളുടെ അനാവശ്യമായ വാര്‍ത്തകള്‍ക്ക് പബ്ലിസിറ്റികൊടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ വേരൂന്നാന്‍ അവരെ സഹായിക്കുന്ന നിലപാടുകളെടുക്കുന്ന മാധ്യമങ്ങള്‍ക്ക് ഇടയ്ക്കൊരു തല്ലുകിട്ടുന്നതും നല്ലതാണ്..വഴിമാറി സഞ്ചരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലായി കൂട്ടിയാല്‍ മതി..  അത്യാവശ്യം; സത്യധര്‍മ്മ ബോധനങ്ങള്‍ പാലിക്കുന്നവര്‍ക്ക്‌ ശീലിക്കാനുള്ള ഒരു ചര്യയാണ് സന്യാസം.. അതിനെ പലതും ഒളിപ്പിക്കാനുള്ള മറയായി കൊണ്ടുനടക്കുന്നവര്‍ക്ക്   ഭക്തരേന്നപേരില്‍ ഒരു ഗുണ്ടാപ്പടയേത്തന്നെ ഗെയിറ്റിനു കാവലിനായി വളര്‍ത്തേണ്ടിവരുന്നു..




 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രഞ്ജിത സന്യാസം സ്വീകരിക്കുന്ന ജ്ഞാനപീഠത്തില്‍ പോയി തല്ലുകൊള്ളേണ്ട വല്ല ആവശ്യവും ഈ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടോ...അവരായി അവരുടെ പാടായിക്കരുതിയാല്‍ പോരെ.... പറ്റില്ല; പഴയ മന്മഥലീലകള്‍ വല്ലതും കാണാന്‍ പറ്റുമോയെന്നോര്‍ത്തുചെന്ന്‍  മാ ആനന്ദമയിയുടെ ആദ്യാനുഗ്രഹം തല്ലിന്‍റെ രൂപത്തില്‍ കിട്ടിയപ്പോള്‍ സന്തോഷമായി... മലയാളത്തിലെ ആര്‍ക്കൊക്കെ തല്ലുകിട്ടിയെന്ന്‍ പിന്നീടറിയാം... കര്‍ണ്ണാടക ആശ്രമത്തില്‍ മാ ആനന്ദമായിയുടെ തല്ലുപ്രസാദമാണ് കിട്ടിയതെങ്കില്‍ ഇങ്ങു കേരളനാട്ടില്‍ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ഈ വര്‍ഷത്തെ അവസാന തല്ലുപ്രസാദം മാഹിയില്‍വെച്ചു കൊടുത്തതായാണ് വാര്‍ത്ത...പരസ്യമദ്യപാനാത്തിനിടെ നമ്മുടെ ‘കടിയല്ല ജീവിതക്കാരേ’ നാട്ടുകാര്‍ കൈവെച്ചുവെന്നാണ് അവസാനവിവരം..ഇക്കാര്യത്തില്‍ ബ്രേക്കിംഗ് ന്യൂസുമില്ല ഫ്ലാഷ് ന്യൂസുമില്ല... നാട്ടുകാരെ മുഴുവന്‍ നന്നാക്കാന്‍ ശ്രമിച്ചു ക്ഷീണിച്ചപ്പോള്‍ ബോറടി മാറ്റാന്‍ സ്മോളടി നടത്തിക്കൊണ്ടിരുന്ന പാവങ്ങളെ  നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിപോലും... മാത്രമല്ല വീഡിയോ പിടിച്ചു ഇന്റര്‍നെറ്റിലും ഇട്ടു... എന്തൊരു ലോകം,,,,,,,,,,,,,,ഇനിയിപ്പോ  കടിയല്ല ജീവിതം; അടിയാണ് ജീവിതമെന്നൊരു പരമ്പര തുടങ്ങാം... കണ്ണാടിവഴി തല്ലുകിട്ടിയവര്‍ക്കുള്ള ധനസഹായം അയക്കാനുള്ള സൗകര്യമുണ്ട്.. ആഗ്രഹമുള്ളവര്‍ക്ക് ചെക്ക് അയക്കാം.....തല്ലിനെക്കുറിച്ചുള്ള വിശദവിവരം അടുത്ത കവര്‍സ്റ്റോറിയില്‍ പ്രതീക്ഷിക്കാം...ഒളിക്യാമറയും ട്രൂ കോളറുമൊക്കെയായി നാട്ടുകാരുടെ പിറകെ നടക്കുമ്പോള്‍ ഇതേ നാട്ടുകാര്‍ നമ്മളേയും നിരീക്ഷിക്കുന്നുണ്ടെന്നു മാഹിയിലെ തല്ലുപ്രസാദം ഓര്‍മ്മപ്പെടുത്തിയാല്‍ നന്ന്... ഓവി വാനുകള്‍ സഞ്ചരിക്കുന്ന ബാറുകളായാല്‍ പരമ്പരയ്ക്ക് ‘അടിയാണ് ജീവിതമെന്നു’  പേരുമാറ്റേണ്ടിവരും.... ജാഗ്രതെ,,, .............

9 comments:

  1. മാധ്യമപ്രവര്‍ത്തകര്‍ക്കിട്ടു നാലെണ്ണം കിട്ടാത്തതിന്റെ കുറവുണ്ട്..

    ReplyDelete
  2. തുളസീ നിങ്ങലെകൊണ്ട് നമ്മള്‍ തോറ്റു

    ReplyDelete
  3. ചിലപ്പോള്‍ പത്തോ പതിനഞ്ചോ വര്‍ഷം കഴിയുമ്പോള്‍ വേറൊരു ആനന്ദമയീസാമ്രാജ്യം ആയി മാ ആനന്ദമയി വളര്‍ന്നേക്കാം. ഈ പോസ്റ്റ് സൂക്ഷിച്ചുവച്ചോളൂ തുളസീ. അന്ന് ബ്ലോഗും ബ്ലോഗേര്‍സും ഒക്കെയുണ്ടെങ്കില്‍ നമുക്കൊന്ന് റീ-പോസ്റ്റ് ചെയ്യുകയുമാവാം. ആള്‍ദൈവങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് ഭാരതം.

    ReplyDelete
  4. കുടിയല്ല ജീവിതമെന്ന് പറഞ്ഞവര്‍ കുടിയാണ് ജീവിതമെന്ന് കാണിച്ചുതന്നു

    ReplyDelete
  5. രവികുമാര്‍December 28, 2013 at 6:50 PM

    എല്ലാ ചളികള്‍ക്കും അവസാനം അടിയനുള്ള മാര്‍ഗ്ഗമാണ്‌ സന്യാസം ...ദൈവമേ പൊറുക്കണേ

    ReplyDelete
  6. എനിക്കും സന്യാസിക്കാന്‍ മുട്ടുനൂ ,,,,,

    ReplyDelete
  7. ഇത്തരം ചളികളെ ചുമക്കുന്ന മാധ്യമങ്ങള്‍ക്ക് തല്ലു മാത്രം കിട്ടിയാല്‍ പോര... ആം ആദ്മി പാര്‍ട്ടിയുടെ സത്യപ്രതിജ്ഞ പോലും നമ്മുടെ മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ കത്രിച്ചാണ് പുറത്തുവിടുന്നത്... ജനകീയ മുന്നേറ്റങ്ങള്‍ കണ്ടില്ലായെന്നു നടിക്കുകയും പകരം പെയ്ഡ് ന്യൂസുകള്‍ കൊടുക്കുകയും ചെയ്യുനതിലാണ് മാധ്യമങ്ങള്‍ക്കും താല്പര്യം ...

    ReplyDelete
  8. അങ്ങിനെ ഒരു അവതാരം കൂടി

    ReplyDelete
  9. അവതാരലക്ഷ്യം....???

    ReplyDelete