**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 17, 2014

പത്മശ്രീ ആര്‍ക്ക് കൊടുക്കണം;ചെമ്മണ്ണൂരിനോ, ഷിനുവിനോ..??


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
     കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍  രണ്ടു മാരത്തോണ്‍ ഓട്ടങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് . ഒന്നു കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്തെയ്ക്കാണെങ്കില്‍ മറ്റൊന്ന് പാറശ്ശാലയില്‍ നിന്നും കാസര്‍ഗോടെയ്ക്കാണ് ഓടുന്നത്... കാസര്‍ഗോഡ്‌-തിരുവനന്തപുരം മാരത്തോണ്‍ ബോബി ചെമ്മണ്ണൂര്‍ നടത്തുമ്പോള്‍; പാറശ്ശാല-കാസര്‍ഗോഡ്‌ മാരത്തോണില്‍  നെയ്യാറ്റിന്‍കരക്കാരനായ ഷിനുവാണ് ഓടുന്നത്... രണ്ടു മരത്തോണുകളും ആരോഗ്യരംഗത്തു അവശതയനുഭവിക്കുന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടിയായതിനാല്‍ ഓട്ടക്കാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു..
 ചെമ്മണ്ണൂര്‍ ബോബിയുടെ മാരത്തോണിനു പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ല.. അങ്ങേരത് ആവോളം കൊടുക്കുന്നുണ്ട്... ഓട്ടം തുടങ്ങുന്നതിനു മുന്പുതന്നെ  ഇങ്ങനെ ഒരോട്ടം വരാന്‍ പോകുന്നുവെന്ന് ചാനലുകളും പത്രങ്ങളും ജനങ്ങളെ അറിയിക്കാന്‍ തുടങ്ങിയതാണ്... ഓട്ടം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഓട്ടത്തിന്‍റെയും   വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളുടെയും ദ്രെശ്യങ്ങള്‍ ചാനലുകള്‍ നമ്മളെ കാണിക്കുന്നുമുണ്ട്... സംഭവം ലോകത്തിലെ ഏറ്റവും വലിയ മാരത്തോണ്‍ ആണെന്നും, ഗിന്നസ് ബുക്കില്‍ കേറുമെന്നും, ചിപ്പ് ഘടിപ്പിച്ച ഷൂവും ധരിച്ചാണ് ആശാന്‍ ഓടുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്... പാതയോരത്തും കവലകളിലും ചെമ്മണ്ണൂരിന്‍റെ ഓട്ടം കാണാനും തലോടല്‍ ഏറ്റുവാങ്ങാനും ഓടിക്കൂടുന്ന ജനലക്ഷങ്ങളെ കാണുമ്പൊള്‍ രക്തദാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഉദ്ബുധ്തയില്‍ അഭിമാനം തോന്നുന്നു... ഒക്കെ സ്പോണ്‍സേര്‍ഡ് പരിപാടിയെന്ന് പറഞ്ഞാലും ഈ ഓട്ടം മൂലം കുറച്ചു രോഗികള്‍ക്കെങ്കിലും രക്തം കിട്ടിയാല്‍ അതൊരു നല്ല കാര്യമാണ്..
 രക്തം നല്‍കൂ ,ജീവന്‍ രക്ഷിക്കൂഎന്ന സന്ദേശവുമായാണ് ബോബി ചെമ്മണൂര്‍ കാസര്‍ഗോഡ്‌ നിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ 600 കിലോ മീറ്റര്‍ ഓടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് സ്ഥാപിക്കുക  എന്നതും ഇതിന്‍റെ ലക്ഷ്യമാണെന്നു പറയുന്നു.... വളരെ നല്ല ആശയംതന്നെ...   ദിവസവും 50 കിലോമീറ്റര്‍ വീതം ഒടുകയാണ് ലക്ഷ്യം. അത് ഈ ഓട്ടത്തില്‍ നടക്കില്ലായെന്നു ജീവിതത്തില്‍ അല്പമെങ്കിലും ഓടിയിട്ടുള്ള എല്ലാവര്‍ക്കുമറിയാം... അതുകൊണ്ട് ആ പ്രഖ്യാപനം വിട്ടുപിടിക്കാം.. മാരത്തോണിനോടൊപ്പം ബോബി ഫാന്‍സ് ബ്ലഡ് ബേങ്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള മൊബൈല്‍ രജിസ്ട്രേഷന്‍ കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. മരത്തോണിന് ശേഷം സംസ്ഥാനത്തെ ഓരോ ജില്ലയിലും മിതമായ നിരക്കില്‍ ജീവന്‍രക്ഷാമരുന്ന് വിതരണകേന്ദ്രവും സൗജന്യ ഭക്ഷണകേന്ദ്രവും സ്ഥാപിക്കുമെന്ന് ബോബി ചെമ്മണൂര്‍ കാസര്‍ഗോഡ്‌ വെച്ചു പറഞ്ഞിട്ടുണ്ട്.. അക്കാര്യത്തില്‍ കേരളം പ്രതീക്ഷയോടെ നോക്കുന്നു.... കേരളാ മാരത്തോണിന് ശേഷം ദുബൈയിലും അമേരിക്കയിലും ബോബി മാരത്തോണ്‍ ഉണ്ടായിരിക്കും..... കേരളം കഴിഞ്ഞാല്‍ രക്തദാനം ഏറ്റവും കുറവ് അമേരിക്കയിലും ദുബായിലുമാണ് അതുകൊണ്ട് അവിടംകൂടി ബോധവല്ക്കരിക്കലാണ് ലക്ഷ്യം.. ഇന്ത്യയിലെ മറ്റു സ്റ്റേറ്റ്കളില്‍ രക്തം ആവശ്യത്തില്‍ അധികമായതിനാല്‍ അവിടെങ്ങും ഒരു ബോധാവല്കരക്കണഓട്ടത്തിന്‍റെയും ആവശ്യമില്ലന്നാണ് ചെമ്മണ്ണൂര്‍ പറയുന്നത്... ഇക്കാര്യത്തില്‍ സ്വാമി ശരണം.
  
  ഇതു ബോബിയുടെ പരസ്യഗിമിക്ക് മാത്രമാണെന്നും അടുത്ത പത്മശ്രീയാണ് ലക്ഷ്യമെന്നും വിമര്‍ശകര്‍ പറയുന്നു.. സ്വര്‍ണ്ണക്കടയുടെ പരസ്യവും അക്കുട്ടത്തില്‍ തന്‍റെതന്നെ പരസ്യവുമാണ് ഉദേശമെന്നും ആരോപണമുണ്ട്... മറഡോണയെ സര്‍ക്കാര്‍ ചിലവില്‍ കൊണ്ടുവന്ന് ഹെലികോപ്റ്റര്‍ സര്‍വിസ് ഉത്ഘാടനം നടത്തിയ ബുദ്ധിയാണ് ഇതിനു പിന്നിലെന്നും പറയുന്നു... ഇതിലൊക്കെ സത്യമുണ്ടെങ്കിലും സ്വന്തം കീശയിലെ കാശെടുത്ത് ഒരു രക്തദാനസേനയുണ്ടാക്കാനും ഒരു ബ്ലേഡ് ബാങ്ക് രൂപികരിക്കാനും ശ്രമിക്കുമ്പോള്‍ പ്രാഞ്ചിയേട്ടനാണെങ്കിലും അതിനകത്തൊരു പുണ്യമുണ്ട്...  ഓരോ വര്‍ഷവും ‘രക്തദാനം മഹാദാനം’ എന്ന പരസ്യത്തിനുവേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ മുടക്കിയിട്ടും രക്തം കിട്ടാതെ ആളുകള്‍ മരിക്കുന്നു... കൈയ്യില്‍ കാശ് ഇല്ലാത്തവന്‍ രക്തത്തിനു വേണ്ടി ബ്ലഡ്ബാങ്കുകള്‍ക്ക് മുന്നിലിരുന്നു കരയുന്നു.. അപ്പോള്‍ ഒരു വ്യക്തി സ്വന്തം കീശയില്‍ നിന്നും കാശെടുത്തു ഒരു സൌജന്യ ബ്ലഡ്ബാങ്ക് രൂപികരിക്കാന്‍ മുന്നോട്ടിരങ്ങിയാല്‍ ആശാന് ഒരു പത്മശ്രീയൊക്കെ കൊടുക്കാം... അതില്‍ തെറ്റൊന്നുമില്ല... പതിവുപോലെ ജനത്തിന്‍റെ ചോര ഊറ്റിക്കുടിച്ച് തടിച്ചുതിമിര്‍ത്ത രാഷ്ട്രിയക്കാര്‍ ഇത്തരം പരിപാടികള്‍ ഉത്ഘാടിക്കാന്‍ മുന്നില്‍ കാണുന്നുണ്ട് അതുപോര;  കൂട്ടത്തില്‍ ഓടാനും ശ്രമിക്കണം.. ദുര്‍മോദസ്സോക്കെ വിയര്‍ത്തു തീരട്ടെ.. ചെമ്മണൂര്‍ മുതലാളിയുടെ ഓട്ടത്തിന് അങ്ങേരുതന്നെ ആവശ്യത്തിനു പരസ്യം കൊടുക്കുന്നതിനാല്‍ നമുക്ക് പരസ്യം അശേഷം ഇല്ലാതെ  ‘ജീവന്‍രക്ഷാ മാരത്തോണ്‍’ ഓടുന്ന നെയ്യാറ്റിന്‍കരസ്വദേശ്ശിയായ  ഷിനുവിലേക്ക് വരാം...

  ക്യാന്‍സര്‍, കിഡ്‌നി അസുഖം , ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപെട്ട നിര്‍ദ്ധന രോഗികള്‍ക്ക്  അടിയന്തരശസ്ത്രക്രിയയ്ക്കുള്ള സാമ്പത്തികസഹായം ഒരുക്കുന്നതില്‍   ചെറിയൊരാശ്വാസം നല്‍കാന്‍ ലക്ഷ്യമിട്ടാണ്‌ ഷിനുവെന്ന ചെറുപ്പക്കാരന്‍ ജീവന്‍രക്ഷാമാരത്തോണ്‍ ഓടുന്നത്. കഴിഞ്ഞ ആറുകൊല്ലംകൊണ്ട് 12 ലക്ഷംരൂപയാണ് ഷിനു മാരത്തോണ്‍ ഓടി സ്വരൂപിച്ചത്. അത് 15 പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുകയുംചെയ്തു. ആറു മാസങ്ങള്‍ക്കുമുമ്പ്‌ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ നിന്നും കാസര്‍കോട്‌ മഞ്ചേശ്വരം വരെ ഓടി സമാഹരിച്ച രൂപയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ബാധിതനായിക്കിടന്ന നിര്‍ദ്ധന രോഗിയായ മുപ്പത്തിയേഴുകാരന്‌ ഒരുലക്ഷം രൂപയും തിരുവനന്തപുരം ആര്‍സി സെണ്റ്ററിലെ ക്യാന്‍സര്‍ രോഗികളായ നിര്‍ദ്ധനരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ചികിത്സാസഹായവും നല്‍കി. 
ഷിനു ഇപ്പോള്‍ ഓടുന്ന  ജീവന്‍രക്ഷ മാരത്തോണിലൂടെ  സമാഹരിക്കുന്ന പണം രണ്ട്‌ ക്യാന്‍സര്‍ രോഗികള്‍ക്കും  ഹൃദ്രോഹം ബാധിച്ച ഒരാള്‍ക്കും  സഹായധനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. എറണാകുളംവരെ എത്തിയപ്പോഴേക്കും ഒന്നരലക്ഷംരൂപ പിരിഞ്ഞുകിട്ടി. ആ തുക  തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശിവാനി എന്ന ഒന്നരവയസ്സുകാരിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് നല്‍കികഴിഞ്ഞു. ബാക്കിയുള്ളവരെ സഹായിക്കാനുള്ള പണം കണ്ടെത്താനായി ഓട്ടം തുടരുന്നു.

   നിര്‍ദ്ധനരായ രോഗികളെ സഹായിക്കാനുള്ള സന്‍മനസുമായി നൂതനമാര്‍ഗ്ഗം കണ്ടെത്തി പ്രാവര്‍ത്തികമാക്കുന്ന ഈ ചെറുപ്പക്കാരന്‍ പുതുതലമുറയിലെ ചെറുപ്പക്കാര്‍ക്ക്‌ ഒരു മാതൃകയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.. പക്ഷെ ഷിനുവിനെ അംഗികരിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മുടെ സാമൂഹ്യ രാഷ്ട്രിയരംഗങ്ങളും മാധ്യമരംഗവും അല്പം മടി കാണിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതു തെറ്റാകില്ല.. മാധ്യമങ്ങളില്‍ ഷിനുവിന്‍റെ മാരത്തോണ്‍ ഓട്ടത്തിന്  വലിയ കവറെജൊന്നും കിട്ടാറില്ല. ഷിനുവിന്‍റെ ഓട്ടങ്ങളില്‍ രാഷ്ട്രിയസാമൂഹ്യരംഗത്തുള്ളവരുടെ സാന്നിദ്ധ്യവും തുലോം കുറവാണ്.. എങ്കിലും കൈകൊട്ടലും ആര്‍പ്പുവിളികളും ഇല്ലാതെ ഷിനു ഓടുന്നു.. ഏതെങ്കിലും  ആശുപത്രിയില്‍ ചികല്‍സയ്ക്ക് കാശില്ലാതെ നിരാലംബരായി കിടക്കുന്ന രോഗികളുടെ രക്ഷകനായി അവര്‍ക്കുവേണ്ടി ഷിനു ഓടുന്നു.. ഒരു കയ്യടിയെങ്കിലും അദേഹത്തിന് കൊടുത്തുകൂടെ.. ഇതൊരു മഹത്തായ കാര്യമല്ലേ..? പ്രശംസകളും ബഹുമതികളും ആഗ്രഹിക്കാതെ,  ആളും ആരവവുമില്ലാതെ, മാധ്യമങ്ങളുടെ പിന്തുണയില്ലാതെ ജീവിതത്തിന്‍റെ പുറമ്പോക്കില്‍ ഉപേക്ഷിപ്പെട്ടവര്‍ക്കായി ഈ കത്തിക്കാളുന്ന ചൂടിലും കേരളം മുഴുവന്‍ ഓടുന്ന ഷിനുവിനെപോലുള്ളവരെ എന്തുകൊണ്ട് രാഷ്ട്രം ആദരിക്കുന്നില്ല... സിനിമയിലും, രാഷ്ട്രിയത്തിലും, പാട്ടിലും, ഡാന്‍സിലും, എഴുത്തിലും മറ്റു കലാകായിക സംസ്കാരിക രംഗത്തുമൊക്കെ ആദ്യം ഞാനും എന്‍റെ കുടുംബവും അതുകഴിഞ്ഞു മറ്റുള്ളവര്‍ എന്നു ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡുകള്‍ വാരിക്കോരി കൊടുക്കാമെങ്കില്‍ മറ്റുള്ളവരുടെ ജീവനുവേണ്ടി ഓടുന്ന ഷിനുവിനെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ..?? മനുഷ്യസ്നേഹത്തെക്കാള്‍ വലിയ  സേവനമുണ്ടോ..?

  കാശുകൊടുത്തും, രാഷ്ട്രിയംകളിച്ചും നിര്‍ഗുണന്മരെ ‘ശ്രീയും’ ‘ഭൂഷനും’ ‘വിഭൂഷനും’ കൊടുത്ത് ആദരിക്കുമ്പോള്‍ ഷിനുവിനേപ്പോലുള്ളവര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു... ലാഭേച്ഛ അല്പം പോലും കൂടാതെ ജീവാകാരുണ്യരംഗത്ത് സജീവസേവനം നടത്തുന്ന ആളുകളെ മുഖ്യാധാരാസമൂഹം ഏറ്റെടുത്തു ആദരിച്ചുപ്രോത്സാഹിപ്പിച്ചെങ്കില്‍ മാത്രമേ  അതുകണ്ടുവളരുന്ന പുതുതലമുറയില്‍ നിന്നും മനുഷ്യസ്നേഹത്തിന്‍റെ നാമ്പുകള്‍ മുളയ്ക്കൂ.... പ്രതിഫലം ആഗ്രഹിക്കാതെ, വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തുനില്‍ക്കാതെ, അശരണര്‍ക്ക് വേണ്ടി, പൊരിവെയിലത്ത് ചോര നീരാക്കി നടത്തുന്ന ഓട്ടമായതിനാല്‍ ഷിനുവിന്‍റെ മാരത്തോണ്‍;   കൂലിപ്പട്ടാളത്തിന്‍റെ അകമ്പടിയോടെ നാടും നഗരവും ഇളക്കി മറിച്ചുകൊണ്ട് നടത്തുന്ന കൂലിപരസ്യഓട്ടത്തിനെക്കാള്‍  ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്നു.. ഗിന്നസ് ബുക്കില്‍ കയറിയില്ലെങ്കിലും സ്നേഹത്തിന്‍റെ  ബുക്കില്‍ ഷിനുവിന്‍റെ പേര്‍ കയറും ഉറപ്പാണ്‌... മാരത്തോണ്‍ ഓട്ടക്കാര്‍ക്ക് പത്മശ്രീ കൊടുക്കുന്നെങ്കില്‍ അത് ഷിനുവിന് കൊടുക്കട്ടെ.. അയാള്‍ക്ക് അതിനുള്ള അര്‍ഹതയുണ്ട്..


11 comments:

 1. നാരായണന്‍March 17, 2014 at 8:35 AM

  ഷിനുവിനെ പരിചയപ്പെടുത്തിയതില്‍ തുളസിവനതിനു നന്ദി ,,തീര്‍ച്ചയായും ആ ചെറുപ്പക്കാരന്‍ അംഗികാരത്തിനു അര്‍ഹനാണ്

  ReplyDelete
 2. ശ്രീ കുമാര്‍March 17, 2014 at 11:54 AM

  ഷിനുവിനെക്കാള്‍ മാധ്യമങ്ങള്‍ക്ക് പ്രിയം സരിതയും ശാലുവുമാണ് .. ചെമ്മണ്ണൂര്‍ അണ്ണന്‍ പബ്ലിസിറ്റിക്ക് വേണ്ടി ചട്ടയിട്ട് ഓടുന്നതാണ്

  ReplyDelete
 3. പ്രസക്തിയുള്ള ലേഖനം.
  പത്മശ്രീ കൊടുത്ത് അദ്ദേഹത്തിന്‍റെ സേവനത്തെ അവഹേളിക്കണ്ട..

  ReplyDelete
 4. കാശുകൊടുത്തും, രാഷ്ട്രിയംകളിച്ചും നിര്ഗു്ണന്മരെ ‘ശ്രീയും’ ‘ഭൂഷനും’ ‘വിഭൂഷനും’ കൊടുത്ത് ആദരിക്കുമ്പോള്‍ ഷിനുവിനേപ്പോലുള്ളവര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു... ലാഭേച്ഛ അല്പം പോലും കൂടാതെ ജീവാകാരുണ്യരംഗത്ത് സജീവസേവനം നടത്തുന്ന ആളുകളെ മുഖ്യാധാരാസമൂഹം ഏറ്റെടുത്തു ആദരിച്ചുപ്രോത്സാഹിപ്പിച്ചെങ്കില്‍ മാത്രമേ അതുകണ്ടുവളരുന്ന പുതുതലമുറയില്‍ നിന്നും മനുഷ്യസ്നേഹത്തിന്റെണ നാമ്പുകള്‍ മുളയ്ക്കൂ.... വളരെ ശരിയാണ് പക്ഷെ നാട് കേരളമാണ് രാജ്യം ഇന്ത്യയാണ്

  ReplyDelete
 5. തുളസീ, നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത ചില പദ്മശ്രീകളുണ്ട്. ചില അവാര്‍ഡുകളുണ്ട്. അത് ആരും ആര്‍ക്കും കൊടുക്കുന്നതല്ല, കൊടുക്കാനും കഴിയുന്നതല്ല. തികച്ചും അര്‍ഹര്‍ക്ക് മാത്രം കിരീടം പോലെ ചാര്‍ത്തപ്പെടുന്നത്.

  ReplyDelete
 6. ആദരവോടെ ആ ചെറുപ്പക്കാരനെ നമിക്കുന്നു.

  ReplyDelete
 7. ഇങ്ങനെ സമൂഹം പരിഗണിക്കാത്ത എത്രെയെത്ര മനുഷ്യസ്നേഹികള്‍ നമുക്ക് ചുറ്റും ജീവിക്കുന്നു... ദൈവം ഉണ്ടെങ്കില്‍ സ്വര്‍ഗ്ഗരാജ്യം ഇവര്‍ക്ക് തന്നെ

  ReplyDelete
 8. ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയത് നന്നായി.
  എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ!
  ആശംസകള്‍

  ReplyDelete
 9. ഗംഗാധരന്‍March 19, 2014 at 12:53 PM

  ബോബിയുടെ ഗിമിക്കുകള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ഷിനുവിനെ കണ്ട ഭാവം നടിക്കുന്നില്ല ..പണത്തിനു മീതെ പരുന്തും പറക്കില്ല മക്കളെ

  ReplyDelete
 10. ഇങ്ങനൊരാൾ ഓടുന്ന കാര്യം പോലും അറിഞ്ഞിരുന്നില്ല. പത്രക്കാർ അറിയിച്ചിരുന്നില്ല എന്നതാണ് സത്യം.

  ReplyDelete