**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, March 23, 2014

റിയാലിറ്റി-ഷോയില്‍ കന്യാസ്ത്രീയുടെ തകര്‍പ്പന്‍ പ്രകടനം..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മാലതി മരംകയറാന്‍ പാടുണ്ടോ എന്നതാണ് വിഷയം... തര്‍ക്കം മുറുകുകയാണ്
  ‘എന്‍റെ ശിവനേ,,,, ഞാന്‍ എന്താ ഈ കേക്കണേ,,,,,, പെങ്കുട്യോള്‍ മരം കയറുകയോ ..നല്ല തല്ലിന്‍റെ കുറവാ...’ മുത്തശ്ശിയുടെ അഭിപ്രായം എനിക്ക് നന്നേ ബോധിച്ചു
  അമ്മാവന്‍റെ ഇളയമകള്‍ മാലതി വീട്ടുവളപ്പിലെ നെല്ലിമരത്തില്‍ കയറി നെല്ലിക്ക പറിച്ചതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കം.. അഞ്ചു നെല്ലിക്കയില്‍ മൂന്നെണ്ണം എനിക്കു തരണമെന്നുള്ള എന്‍റെ ആവശ്യം മാലതി ദയയില്ലാതെ തള്ളിയപ്പോള്‍ മാലതി മരം കയറിയെന്ന വാര്‍ത്ത‍ വീട്ടില്‍ പാട്ടാക്കി... മാലതിയെ മുത്തശ്ശി ക്രോസ് വിസ്താരം നടത്തുകയാണ്..വീട്ടില്‍ എന്നെപ്പോലുള്ള ആമ്പിള്ളേര്‍ ഉള്ളപ്പോള്‍ നിയാരടി നെല്ലിയേല്‍ കേറാനെന്ന ഭാവത്തില്‍ നമ്മളും വിസ്താരരംഗം വീക്ഷിക്കുന്നു.. ഒച്ചകേട്ട് അമ്മാവനും സ്ഥലത്ത് എത്തിയിരിക്കുന്നു.... ഇനിയിപ്പോ കുശാലായി..എന്നെ മരമാക്രിയെന്നു വിളിച്ചതല്ലേ; ഇവള്‍ക്കിട്ടു നാലെണ്ണം കിട്ടണം..
 “>>>ഇങ്ങോട്ട് മാറിനിക്കെടി അസത്തെ ..മരം കയറാനാണോടി നിന്നെ പഠിപ്പിച്ചത് ..വല്ല ആളുകളും കണ്ടാല്‍ എന്നാ വിചാരിക്കും ..മരം കേറിയാണെന്ന് അറിഞ്ഞാല്‍ നിന്നെ കെട്ടാന്‍ ഒരു ചെറുക്കനും വരില്ല പറഞ്ഞേക്കാം ..മേലാല്‍ ഇതാവര്‍ത്തിച്ചാല്‍ നിന്‍റെ കൈയ്യും കാലും ഞാന്‍ തല്ലിയൊടിക്കും പറഞ്ഞേക്കാം ...പൊയ്ക്കോ എന്‍റെ മുന്‍പില്‍ നിന്ന്...”””
ഹോ എന്തൊരു ആശ്വാസം... നല്ല അമ്മാവന്‍...
“”””അമ്മാവാ അത് അവള്‍ ഇന്നലെയും നെല്ലിയേല്‍ കേറി ,,,”””
“”നീ ഇങ്ങു വന്നേ.... ഇതൊക്കെ അവളെ പഠിപ്പിക്കുന്നത്‌ നീയാണ് എനിക്കറിയാം.. അതുകൊണ്ട് മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇരുന്നോളണം അല്ലെങ്കില്‍ നീയും മേടിക്കും പറഞ്ഞേക്കാം പൊയ്ക്കോ..””. തൃപ്തിയായി വയറുനിറഞ്ഞു.. അമ്മാവന്‍ എനിക്ക് തന്ന ഉപദേശം ആരും കാണാഞ്ഞതിനാല്‍ കുഴപ്പമില്ല..
  ചില പണികള്‍ ചിലര്‍ക്കൊന്നും പറഞ്ഞിട്ടില്ലായെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്... നമ്മുടെ ഫീല്‍ഡില്‍ മറ്റാരെങ്കിലും പണിയ്ക്കിറങ്ങിയാല്‍  യൂണിയനായി ഇടപെടുക, അല്ലേല്‍ തടസ്സപ്പെടുത്തുക ഇതൊക്കെയാണ് അതിന്‍റെ ഒരു രീതി... ഞാന്‍ അല്ലാതെ എനിക്ക് മുകളില്‍ ഒന്നിനേയും വളരാന്‍ അനുവദിക്കരുത് അതാണ്‌ നമ്മുടെ ഒരു ശൈലി... പക്ഷെ പറഞ്ഞിട്ടെന്തു കാര്യം ചിലര്‍ തുനിഞ്ഞിറങ്ങിയാല്‍ എന്തുചെയ്യും... മിണ്ടാതിരുന്നു കാണുക അത്രതന്നെ ... അമ്മാതിരി ഒരു സംഭവം ഇറ്റലിയിലെ സിസ്സിലിയില്‍ നടന്നിരിക്കുന്നു... പുത്തന്‍ തലമുറയുടെ വെടിക്കെട്ട് രംഗമായ റിയാലിറ്റി ഷോകളില്‍ തിരുവസ്ത്രമണിഞ്ഞ സന്യാസിനികളും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നു.. നാളെയിത് ഇവിടെയും ആയിക്കൂടന്നില്ല  ഫ്രീക്കുകാര്‍ ജാഗ്രതെ...  ഇറ്റലിയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോ യില്‍ ഇതാ  ഒരു കന്യാസ്ത്രീ ആടിയുംപാടിയും അരങ്ങു കൈയ്യിലെടുത്തിരിക്കുന്നു.. മതവാദികളൊന്നും ഇതുവരെ സംഭവം അറിഞ്ഞ മട്ടില്ല... അതോ ഈ മതത്തില്‍ അങ്ങനെയൊന്നും ഇല്ലേ... എങ്കില്‍ രക്ഷപെട്ടു; നല്ലൊരു ഗായികയെ ലോകത്തിനു ലഭിക്കും...

  സിസിലിയിലെ ഊര്സിലിന്‍ സിസ്റ്റെര്സ് ഓഫ് ഹോളിഫാമിലി മഠത്തിലെ സിസ്റ്റര്‍ ക്രിസ്റ്റിന സ്കൂസിയായാണ് ‘ദ വോയിസ്’ എന്ന ഇറ്റലിയാന്‍ റിയാലിറ്റി ഷോയില്‍ തന്‍റെ ഗാനങ്ങളിലൂടെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് വിധികര്‍ത്താക്കളേയും കാണികളെയും അത്ഭുതപ്പെടുത്തിയത്... മഠത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ കഴിവിനെ പുറംലോകത്ത്‌ എത്തിച്ചതില്‍ മഠം അധികാരികളെ ബഹുമാനിക്കണം... വളരെ ദുര്‍ലഭമാണ് ഇത്തരം സംഭവങ്ങള്‍.... ഒരു യാഥാസ്ഥികമതവാദിക്ക് ഈ സംഭവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല... കാരണം നമ്മുടെ പല മതകാഴ്ച്ചപ്പാടുകളും അടച്ചുപൂട്ടിയ ചുമരുകള്‍ക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്... അവര്‍ ഇന്നതേ ചെയ്യാവൂയെന്നു നമ്മള്‍ നേരത്തെ എഴുതി വെച്ചിട്ടുണ്ട്; അതിലൊന്നും റിയാലിറ്റി ഷോയുടെ പേരുകാണില്ല... അതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യുന്നവരുടെ നാക്ക് പിഴുതെടുക്കണമെന്നുതോന്നാനും സാദ്ധ്യതയുണ്ട്.. പക്ഷെ പേടിക്കേണ്ട ഇന്ത്യയില്‍ അതുപോലുള്ള സംഭവം അടുത്ത നൂറ്റാണ്ടില്‍ പ്രതീക്ഷിച്ചാല്‍ മതി... നമ്മളിപ്പോഴും കണ്ണിനുപകരം കണ്ണ്; പല്ലിനുപകരം പല്ല് എന്ന രീതിയില്‍ത്തന്നെയാണ് ദൈവരാജ്യം സൃഷ്ടിക്കുന്നത്... ഇവിടെ ആത്മീയം ഭൌതികം എന്ന രണ്ടുതട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്.. ആത്മീയത്തില്‍ ഭൌതികമോ, ഭൌതികത്തില്‍ ആത്മീയമോ പാടില്ല എന്നാണ് നമ്മുടെ നാട്ടുരീതി... ഇമ്മാതിരി റിയാലിറ്റി ഷോകളൊക്കെ നമ്മുടെ കണ്ണില്‍ തികഞ്ഞ ലൌകികമാണ് അതുകൊണ്ട് നമ്മുടെ നാട്ടിലെ പാട്ടുകാര്‍ക്കൊന്നും ഇതുപോലുള്ള ആത്മീയ മത്സരാര്‍ത്ഥികളുടെ  ഭീഷണി അടുത്തകാലത്തൊന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ല.. നമ്മുടെ നാട്ടില്‍ സന്യാസമെന്നാല്‍  തപസ്സ്, ധ്യാനം, ഉപവാസം, പ്രാര്‍ഥന,  പൂജാദികര്‍മ്മങ്ങള്‍ തുടങ്ങിയവയിലൂടെ അടങ്ങിയൊതുങ്ങിക്കഴിയുന്ന ആര്‍ഭാടരഹിതമായ ജീവിതരീതിയാണ്‌... ഇന്ദ്രിയ നിഗ്രഹമാണ് പരമപ്രധാനം... ജന്മസിദ്ധമായ കഴിവുകളൊക്കെ പൂട്ടിക്കെട്ടി അട്ടത്തുവെച്ചുകൊള്ളണം... പ്രത്യേകിച്ചും സന്യാസിനികള്‍. കലാകായിക വിനോദങ്ങള്‍ തുടങ്ങിയവയൊക്കെ നിഷിപ്തമാണ്... പാടാന്‍ കഴിവുള്ളവര്‍ അകത്തിരുന്ന്‍ പാടിക്കോളണം; ഓടാന്‍ കഴിവുള്ളവര്‍  അടങ്ങിയിരുന്നുകൊള്ളണം.... സന്യാസമെന്നാല്‍ എല്ലാം മനപ്പൂര്‍വം അടക്കിവെയ്ക്കപ്പെടുന്നതാണന്നാണ് വെയ്പ്പ്... എന്നാല്‍  വരിഞ്ഞുമുറുക്കുന്തോറും കെട്ടുപൊട്ടാനുള്ള സാദ്ധ്യതയും കൂടുകയാണ്..... കെട്ടുപൊട്ടുന്ന ദുര്‍ബലനിമിഷത്തില്‍ പലതും സംഭവിക്കുന്നു.. പിന്നിടതൊക്കെ പുസ്തകരൂപത്തില്‍ നമ്മളും വായിക്കുന്നു... ജന്മസിദ്ധമായ കഴിവുകള്‍ ആത്മിയതയുടെ പേരില്‍ അടച്ചുപൂട്ടി നഷ്ടപ്പെടുത്താതെ അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സിസ്റ്റര്‍ക്ക് അവസരം നല്‍കിയ സഭയുടെ നിലപാട് പ്രശംസ അര്‍ഹിക്കുന്നു... കാഴ്ചപ്പാടുകളില്‍  കാലാനുസൃതമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ മതങ്ങള്‍ തയ്യാറാകുന്നതിന്‍റെ ലക്ഷണം കൂടിയാണിത്... സന്യാസത്തിലേക്ക് കടന്നാല്‍ തന്നിലെ കഴിവുകള്‍ കുഴിച്ചുമൂടേണ്ടിവരുമോയെന്നു ഭയക്കുന്നവര്‍ക്കും ഇതൊരു ശുഭസൂചനയാണ്.... തീര്‍ച്ചയായും മതമൌലികവാദികള്‍ ഇതിനെതിരെ രംഗത്തു വരാന്‍ ഇടയുണ്ട്.. ഇങ്ങനെയായാല്‍ ആത്മീയതയും ഭൌതികകതയും തമ്മില്‍ കൂടിച്ചേരുമെന്നും ഭാവിയില്‍ ദൈവകോപം ഉണ്ടാകാന്‍ ഇടയുണ്ടെന്നും വാദങ്ങള്‍ ഉയര്‍ന്നുവരാം... മത്സരത്തില്‍ സിസ്റ്ററുടെ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെട്ടെക്കാം..എങ്കിലും ഇതൊരു തുടക്കമാണ്... ജന്മസിദ്ധമായ കഴിവുകള്‍ ദൈവത്തിന്‍റെ ഒരു വരദാനം തന്നെയാണ്  ആ കഴിവുകള്‍ അംഗികരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒരിക്കലും തെറ്റാകില്ല.. അതു മനസ്സിലാക്കി പ്രവര്‍ത്തിച്ച മഠം അധികാരികളുടെ സമീപനം നമ്മുടെ നാട്ടിലും ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്... സന്യാസം നേരിടുന്ന മതപരമായ വിലക്കുകളെക്കുറിച്ചും,സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഈ സംഭവത്തിലൂടെ സജീവമാകാന്‍ സാദ്ധ്യതയുണ്ട്.. എവിടെന്നൊക്കെ ചാട്ടവാറുകള്‍ ഉയരുമെന്നും ആരുടെയൊക്കെ പുറംപൊളിയുമെന്നും കാത്തിരുന്ന്‍ കാണാം..

7 comments:

 1. ഇനി ആര്‍ക്കൊക്കെ ഇതിന്‍റെ പേരില്‍ കുരു പൊട്ടുമെന്ന് കണ്ടറിയണം

  ReplyDelete
 2. അഭിപ്രായമില്ല

  ReplyDelete
 3. ഇങ്ങനെയുള്ള സംഭവങ്ങള്‍ വളരെ ദുര്‍ല്ലഭ മായതിനാലാണ് ഈ സംഭവത്തിനു ഇത്ര ശ്രദ്ധ കിട്ടിയത്... പരിപാടി യൂടുബില്‍ ഹിറ്റായിക്കഴിഞ്ഞു..അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്... കലാപരമായ പ്രോത്സാഹനം എന്നാ രീതിയില്‍ ഇതു അഭിനനന്ദനിയം തന്നെയാണ്... പ്രത്യേകിച്ചും മതങ്ങള്‍ പല കാര്യങ്ങളിലും മനുഷ്യനെ ചങ്ങലയ്ക്കിടുന്ന സാഹചര്യത്തില്‍

  ReplyDelete
 4. നിയമങ്ങള്‍ മാറിമാറി വരട്ടെ ... നല്ലൊരു തുടക്കം ...

  ReplyDelete
 5. അഖില്‍March 24, 2014 at 1:58 PM

  സിസ്റ്ററിന്റെ കൈയ്യും കാലും ഓടിയുമോ എന്തോ ................

  ReplyDelete
 6. ഇതൊരു നല്ലതുടക്കമായിരിക്കട്ടെ. ജന്മസിദ്ധമായ കഴിവുകള്‍ ആത്മിയതയുടെ പേരില്‍ അടച്ചുപൂട്ടി നഷ്ടപ്പെടുത്താതെ അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സിസ്റ്റര്‍ക്ക് അവസരം നല്‍കിയ സഭയുടെ നിലപാട് പ്രശംസ അര്‍ഹിക്കുന്നു. ജന്മസിദ്ധമായ കഴിവുകള്‍ ദൈവത്തിന്‍റെ ഒരു വരദാനം തന്നെയായ ആ കഴിവുകള്‍ അംഗികരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒരിക്കലും തെറ്റാകില്ല.

  അഭിനന്ദനങ്ങൾ...

  ReplyDelete