**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, March 22, 2014

മതങ്ങള്‍ മനുഷ്യനെ തിന്നുന്നുവോ..?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍       
  ഒരു ദൈവത്തിന്‍റെ ആളുകള്‍ അദേഹത്തിന്‍റെ കൈകാലുകള്‍ തകര്‍ത്തു. മറ്റൊരു ദൈവത്തിന്‍റെ ആളുകള്‍ അദേഹത്തിന്‍റെ കഞ്ഞികുടി മുട്ടിച്ചു.. ഇപ്പോഴിതാ എല്ലാവരും കൂടി ആ കുടുംബവും തകര്‍ത്തു.. മത വെറിയന്മാര്‍ കൈയ്യുംകാലും തകര്‍ത്ത തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്‍റെ ഭാര്യ സലോമി ജീവിതം അവസാനിപ്പിച്ചു കടന്നുപോയി... ഇനിയും പകതീരാത്ത മതനേതാക്കള്‍ക്ക് ഇനി സമാധാനമായി കിടന്നുറങ്ങാം.. നിങ്ങള്‍ പ്രസംഗിക്കുന്ന സ്നേഹം, കാരുണ്യം, ക്ഷമ എല്ലാം ഒരു കുടുംബത്തിന്‍റെമേല്‍ പെയ്തിറങ്ങുന്നതു കാണുമ്പൊള്‍ ഞങ്ങളുടെ ഉള്ളു കുളിരുന്നു... ഇനിയും ആ കുടുംബത്തില്‍ ജന്മങ്ങള്‍ ബാക്കിയുണ്ട്... അതുംകൂടി തുലയ്ക്കാനാണോ ഭാവം.. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.. ബൈബിള്‍ പറയുന്നു,,,  ഫരിസയരെ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറംകഴുകി വെടിപ്പാക്കുന്നു എന്നാല്‍ നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു..(ലൂക്കാ 11;39). നിങ്ങള്‍ താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെ മേല്‍ കെട്ടിയെല്‍പ്പിക്കുന്നു നിങ്ങളോ അവരെ സഹായിക്കാന്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല (ലൂക്ക് 11;46).... ഈ വചനങ്ങള്‍ ആരെക്കുറിച്ചാണ് പറയുന്നത്.???.. സമാധാനത്തിന്‍റെ മതം എന്തിനാണ് മനുഷ്യരെകൊല്ലാക്കൊല ചെയ്യുന്നത്...???.
  ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ജോസഫ്മാഷ്‌.. കുട്ടികളുടെ പഠനസിലബസിലുള്‍പ്പെട്ട ‘തിരക്കഥയുടെ രീതിശാസ്ത്രമെന്ന’ പുസ്തത്തിലെ ‘തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തലുകളെ’ന്ന പി ടി കുഞ്ഞുമുഹമ്മദിന്‍റെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ജോസഫ് മാഷ് തയ്യാറാക്കിയ ചോദ്യങ്ങളാണ് വിവാദമായത്... ചോദ്യത്തിലെ മുഹമ്മദ്‌ എന്ന പേരാണ് മതവെറിയന്മാരെ ചൊടിപ്പിച്ചത്... പ്രവാചകനിന്ദ ആരോപിച്ച് ഒരു കൂട്ടം കാപാലികര്‍ മാഷിന്‍റെ കൈകാലുകള്‍ വെട്ടിയറഞ്ഞു... സമാധാനം പ്രസംഗിക്കുന്ന ഒരു മതനേതാവും ഈ സംഭവത്തെ അപലപിച്ചില്ല; പകരം ഈ കൃത്യം ചെയ്ത കാട്ടാളന്മാര്‍ക്ക് മതത്തിനുവേണ്ടി ത്യാഗം ചെയ്തവരെന്ന ഭൂഷണം ചാര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്.. മതവെറിയന്മാരെപ്പേടിച്ച കോളേജു മാനേനജുമെന്റാകട്ടെ പ്രഫസറെ ജോലിയില്‍നിന്നും പുറത്താക്കുകയും ചെയ്തു.. എന്നാല്‍  വിവാദ ചോദ്യപ്പേറിന്‍റെ സത്യാവസ്ഥ വെളിപ്പെട്ടിട്ടും എന്തുകൊണ്ടാണ് അദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സഭാനേതൃത്വവും കോളേജ് മാനേജുമെന്റും സമ്മതിക്കാതിരുന്നത്.. സമാധാന മതത്തിലെ മതവെറിയര്‍ ജോസഫ് മാഷിന്‍റെ കൈ വെട്ടിമാറ്റിയപ്പോള്‍  കോളേജ് അധികാരികള്‍ ആ മുറിവില്‍ മരുന്നുവെച്ചു കെട്ടാന്‍ പോലും അനുവദിക്കാതെ അദ്ദേഹത്തിന്‍റെ ജോലി ഇല്ലാതാക്കി . സ്വന്തം ആലയിലെ ഒരു കുഞ്ഞാടിനെ മതകശാപ്പുകാര്‍  വാഴത്തടപോലെ വെട്ടിക്കൂട്ടിയപ്പോഴും അയാള്‍ക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ തയ്യാറാകാതെ ഇരയുടെ ജീവിതം തന്നെ ചവിട്ടിമെതിക്കാനാണ് ഈ മഹിതജന്മങ്ങള്‍ ഉത്സാഹം കാട്ടിയത്. ഭ്രാന്തുപിടിച്ച മതവെറിയന്മാരെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല സ്വന്തം ഉള്ളിലെ മതവിഷം പുറത്തേക്ക് വമിപ്പിക്കാനും അവര്‍ക്കിത്  അത്യാവശ്യമായിരുന്നിരിക്കണം..ഇതാണോ പൌരോഹിത്യം പുറത്തുവിടുന്ന സാമാന്യ തത്വം...
      മതനിരപേക്ഷത ഊന്നിഊന്നി പ്രസംഗിക്കുന്ന അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ഈ കൈവെട്ടുകേസില്‍ ഒട്ടകപക്ഷിനയമാണ് സ്വീകരിച്ചത്... മതമില്ലാത്ത ജീവന്‍ കൈപൊള്ളിച്ച സമയമായതിനാല്‍ ഈ വിഷയത്തിലൂടെ നല്ലൊരു കൈകഴുകല്‍ നടത്തി ജോസഫ് മാഷിനെ സര്‍ക്കാരും കൈവിട്ടു... മതനിന്ദ ആരോപിച്ച്  മാസ്റ്റര്‍ക്കെതിരെ പോലിസ് കേസ് എടുക്കുന്നു... മാഷിനെ കിട്ടാതിരുന്നപ്പോള്‍ മകനെ കാസ്റ്റഡിയിലെടുത്ത് കാല്‍വെള്ള അടിച്ചുപൊട്ടിച്ചു... ഗത്യന്തരമില്ലാതെ പോലീസില്‍ പിടികൊടുത്ത മാഷിനെ ഒരു രാജ്യദ്രോഹിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ജയിലില്‍ അടയ്ക്കുന്നു.. റിമാണ്ട് കാലാവധി കഴിഞ്ഞു ജാമ്യത്തില്‍ പുറത്തുവന്നു  മാസങ്ങള്‍ക്ക് ശേഷമാണ് ജോസഫ് മാഷ്‌ ആക്രമിക്കപ്പെടുന്നത് ..ജീവനു ഭീഷണി ഉണ്ടെന്നു അറിയിച്ചിട്ടും പോലിസ് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല.. ഇതിനിടയിലാണ് ആരോപിക്കപ്പെടുന്ന മതനിന്ദകുറ്റം നിലനില്‍ക്കുന്നില്ലായെന്ന വിധിയോടെ കോടതി ജോസഫ് മാഷിനെ വെറുതെ വിടുന്നത്... കേരളരാഷ്ട്രിയ സാംസ്കാരിക മണ്ഡലങ്ങള്‍ മതവെറിയന്മാരെ ഭയന്ന്‍ വായ്‌ മൂടി മൂലയ്ക്കിരിക്കുന്ന കാഴ്ചയും ഈ സംഭവത്തിലൂടെ കാണാന്‍ കഴിഞ്ഞു. ദൈവസ്നേഹം പ്രസംഗിക്കുന്ന ഇടയ്മാരും അവര്‍ നയിക്കുന്ന കോളേജ് മാനേജ്മെന്റും കൈകാലുകള്‍ വെട്ടിനുറുക്കപ്പെട്ട മാഷിനോട്  കരുണ കാണിക്കുമെന്നു കരുതിയവര്‍ക്കും തെറ്റി... ഉള്ള കഞ്ഞിയില്‍ പാറ്റ ഇട്ടുകൊണ്ടാണ് അവര്‍ മാഷിനോടുകരുണ കാട്ടിയത്...
     ജനങ്ങളോട് സ്നേഹവും കാരുണ്യം പ്രസംഗിക്കുന്നവര്‍ക്ക് സ്വന്തം കുഞ്ഞാടിനോടുപോലും കരുണ കാണിക്കാന്‍ കഴിയില്ലായെങ്കില്‍ എന്താണ് നിങ്ങള്‍ പ്രസംഗിക്കുന്ന ദൈവരാജ്യം... കൈവെട്ടിയ മതഭ്രാന്തന്മാക്ക് പിന്തുണ കൊടുക്കാന്‍ ജോസഫ് മാഷിനെ ജോലിയില്‍ നിന്നും പുറത്താക്കിയവര്‍ക്ക് ഒറ്റുകാരന്‍ യൂദാസിനെ കുറ്റം പറയാന്‍ എന്താണധികാരം... കൂട്ടത്തിലെ ഒരു കുഞ്ഞാടിനെ അറക്കാന്‍ കൊടുക്കുകയല്ലേ നിങ്ങളും ചെയ്തത്.. ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുന്നത് സര്‍ക്കാരായിട്ടും  കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരുദിവസംപോലും ജോലിചെയ്യാന്‍ നിങ്ങള്‍ അദേഹത്തെ അനുവദിച്ചില്ല... മാഷിന്‍റെ ഭാര്യ സലോമി ദിവസവും പള്ളിയില്‍ വന്നിട്ടും നിങ്ങളുടെ മനസ്സ് അലിഞ്ഞില്ല... ഇത്തരത്തില്‍ കൊടിയ വിഷം മനസ്സില്‍ ചുമന്നുകൊണ്ടു നടക്കുന്ന  വെള്ളയടിച്ച കുഴിമാടങ്ങള്‍ക്ക് എങ്ങനെയാണ് ഒരു സമൂഹത്തെ നേരായ രീതിയില്‍ നയിക്കാന്‍ കഴിയുക... തങ്ങള്‍ക്ക് സിന്താബാദ്‌ വിളിക്കാന്‍ ഒരു ഗുണ്ടപ്പടയെ പോറ്റി വളര്‍ത്തുന്നതിനപ്പുറം എന്താണ് ഇതിലെ ആത്യാത്മികത.. മാഷിന്‍റെ ഭാര്യയുടെ മരണം നിങ്ങള്‍ക്ക് ആഘോഷമാക്കാം കൊഴുത്ത കാളക്കുട്ടിയെക്കൊന്ന് തിന്നുകുടിച്ച് ആഘോഷിക്കാം.. മാഷിന്‍റെ ചോരയ്ക്കായി ദാഹിച്ച മതവെറിയന്‍മ്മാരുടെ വിശപ്പുതീരാന്‍ സലോമിയുടെ മൃതദേഹവും കൊടുക്കൂ...


 ദൈവത്തെ കണ്ടെത്താന്‍ സമാധാനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ പ്രസംഗിക്കുന്ന മതനേതാക്കള്‍  എന്തുകൊണ്ടാണ് മുനുഷ്യജീവിതത്തെത്തന്നെ തല്ലിക്കെടുത്തുന്നത്... എന്തുകൊണ്ടാണ്  അക്രമത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന കാട്ടാളന്മാരെ തള്ളിപ്പറയാന്‍ സമാധാനത്തിന്‍റെ മതങ്ങള്‍ക്ക് കഴിയാത്തത്,,, മസ്തിഷ്കപ്രക്ഷാളനം ലഭിച്ച അണികളെ കൊടുവാളുമായി പറഞ്ഞുവിടുന്നതിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക... സമാധാനമാണ് മതമെങ്കില്‍ കൊലയാളികളെ തള്ളിപ്പറയാന്‍ കഴിയണം... അതല്ല മതം പറയുന്ന സമാധാനം അക്രമത്തിന്‍റെ വഴിയിലൂടെയാണെങ്കില്‍ പൌരനു അതില്‍നിന്നും സംരക്ഷണം കൊടുക്കാനും അത്തരം മതങ്ങളെ നിലയ്ക്കുനിറുത്താനും സര്‍ക്കാരുകള്‍ക്ക് കഴിയണം.. ഒരു മതം കൈവെട്ടുമ്പോള്‍  അടുത്തമതം കഞ്ഞികുടിമുട്ടിക്കുന്നു.. ജനാധിപത്യമതേതര സര്‍ക്കാരുകള്‍ നിസ്സംഗത പുലര്‍ത്തുന്നു... ജീവിക്കാനുള്ള സംരക്ഷണം പൌരന് എവിടുന്നാണ് കിട്ടുക.. കൈയ്യുംകാലും വെട്ടിനുറുക്കപ്പെട്ടു   നിസ്സഹായനായ മനുഷ്യനു തുള്ളിവെള്ളം പോലും കിട്ടരുതെന്ന്‍ ആഗ്രഹിക്കുന്ന മതനേതാക്കള്‍ ആരുടെ വക്താക്കളാണ്.. ദൈവത്തിന്റെയോ ചെകുത്താന്റെയോ....??. ഇത്തരത്തില്‍ അന്ധരെ നയിക്കുന്ന അന്ധന്മാരാണോ ജനങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്നത്... എന്തുകൊണ്ടാണ് മനുഷ്യന്റെ വേദനകളും കഷ്ടപ്പാടുകളും മനസ്സിലാക്കാന്‍ മതനേതാക്കള്‍ക്ക് കഴിയാതെ പോകുന്നത്... സഹജീവിയുടെ വേദനയും കഷ്ടപ്പാടും  മനസ്സിലാവാണമെങ്കില്‍ നെഞ്ചിനകത്ത് മൂന്നക്ഷരമുള്ള ഒരു സാധനം വേണം ഹൃദയം... നിര്‍ഭാഗ്യവശാല്‍ മതങ്ങള്‍ക്ക് വേണ്ടത് ചോരയും, നീരും, പണവും,  എതിര്‍പ്പിന്‍റെ സ്വരം കാണിക്കാത്ത അനുയായികളെയും മാത്രമാണ്... മത വെറിയന്മാരുടെ ആക്രമണത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട ജൊസഫ് മാഷിന്‍റെ ജോലികൂടി കളഞ്ഞ് ആ കുടുംബത്തെ തീര്‍ത്തും തളര്‍ത്തിയത്തില്‍ മതത്തിനുള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല... സലോമിയെന്ന സ്ത്രീയുടെ മരണത്തിന്‍റെ കറ മതനേതാക്കള്‍ അണിഞ്ഞിരിക്കുന്ന മേലങ്കികളില്‍ നിന്നും അങ്ങനെയൊന്നും പോവില്ല... ഒറ്റപ്പെട്ട അവസ്ഥയില്‍ പള്ളിയും പട്ടക്കാരനും മഠവുമൊക്കെ അല്പം ആശ്വാസം ആ കുടുംബത്തില്‍ പകര്‍ന്നിരുന്നെങ്കില്‍ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നു... സ്വന്തം വിശ്വാസികള്‍ക്ക് പോലും ആത്മീയ അടിത്തറനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണിവരുടെയൊക്കെ ജോലി... ഇവര്‍ ആശ്വാസവക്കുമായി സമാധാനിപ്പിച്ചിരുന്നുവെങ്കില്‍ സലോമിയുടെ ആത്മഹത്യാ ഒഴിവാക്കാമായിരുന്നില്ലേ... സാമ്പത്തികമായി തകര്‍ന്ന കുടുംബത്തിനു താങ്ങാകാന്‍ ഒടുവില്‍ തൊഴിലുറപ്പ് ജോലിക്ക് പോലും ഇറങ്ങെണ്ടിവന്ന ഒരു കോളേജ് പ്രഫസറുടെ ഭാര്യയുടെ ഗതികേട് ഇവരാരും അറിഞ്ഞിരുന്നില്ലേ.. രണ്ടു രൂപയുടെ അരിവാങ്ങി വിശപ്പടക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരെയൊന്നു ആശ്വസിപ്പിക്കാമായിരുന്നു..
    മതത്തിന്‍റെ പേരില്‍ ആളുകളെ തമ്മില്‍ അടിപ്പിച്ചു സ്വന്തം സിംഹാസനങ്ങള്‍ ഉറപ്പിക്കുന്ന ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ എന്നു സ്വയം അവകാശപ്പെടുന്നവരെ... ഇനിയെങ്കിലും സ്വന്തം ഇരിപ്പിടങ്ങള്‍ സംരക്ഷിക്കാന്‍ മനുഷ്യജീവിതങ്ങള്‍ ബാലികൊടുക്കുന്ന രീതി അവസാനിപ്പിക്കൂ... കുടുംബങ്ങളെ തകര്‍ക്കുന്ന ജീഹാദുകള്‍ നിറുത്തൂ... ദൈവം ശക്തനെങ്കില്‍ അവന്‍ സ്വയം സംരക്ഷിക്കാനും പ്രപ്താനാണ്.. സലോമിയുടെ മരണത്തിനു പ്രാശ്ചിത്തം ചെയ്യാന്‍ വൈകിയിട്ടില്ല... അവരുടെ ഭര്‍ത്താവും മക്കളും ഇപ്പോഴും സമൂഹത്തിന്‍റെയും മതനേതാക്കളുടെയും ദയ പ്രതീക്ഷിച്ചുകൊണ്ട് തെരുവില്‍ തന്നെയുണ്ട്‌ അവരെ പുനരധിവസിപ്പിക്കാനുള്ള ചുമതല ഈ സമൂഹത്തിനുണ്ട്... വിശ്വസികളുടെ പാപത്തിനു പരിഹാരം കല്‍പ്പിക്കുന്ന ആത്മീയനേതാക്കളെ നിങ്ങളുടെ പാപത്തിനു പരിഹാരം ചെയ്യേണ്ടേസമയമാണിത്.... ഇതൊരു നോമ്പുകാലാമാണ് അത്യന്തത്താഴത്തിനും, കുരിശുമരണത്തിനും ,രക്ഷകന്‍റെ ഉയര്‍പ്പിനും കാത്തിരിക്കുന്ന വിശ്വസികള്‍ക്ക് ഒരു സദ്‌വാര്‍ത്ത‍ കേള്‍ക്കാന്‍ ഇടയാക്കൂ... ജോസഫ് മാഷിനെയും മക്കളെയും ഏറ്റെടുത്തുകൊണ്ട്... ജീവിതം തളര്‍ന്ന്‍ മരണത്തിലേക്ക് നടന്നുപോയ സഹോദരിയോട്‌ ഇനിയെങ്കിലും പ്രാശ്ചിത്തം ചെയ്യൂക..
  എനിക്ക് ദുഖമുണ്ട് സഹോദരി നിങ്ങളുടെ മരണത്തില്‍ ഞാനുള്‍പ്പെടുന്ന സമൂഹവും കുറ്റക്കാരനാണെന്നറിയാം .. ദൈവത്തിന്‍റെ പ്രതിപുരുഷന്മാരെന്ന മുഖംമൂടിയണിഞ്ഞ  വെള്ളയടിച്ച കുഴിമാടങ്ങളുടെ മഹദ് വചനങ്ങള്‍ എന്‍റെ ചെവിയില്‍ ഈയമായി ഉരുകിയൊഴിക്കപ്പെട്ട് എന്‍റെ ചെവികളെ അടച്ചുകളഞ്ഞപ്പോള്‍; ഞാന്‍ വിശക്കുന്നവരുടെ രോദനം കേട്ടില്ല...  മതഭ്രാന്തിന്‍റെ കറുത്ത മൂടുപടം എന്‍റെ കണ്ണുകളെ അന്ധമാക്കിയപ്പോള്‍ ഞാന്‍ ആരുടേയും വേദനകള്‍ കണ്ടില്ല... പ്രിയപ്പട്ട സഹോദരി ഞാനും മനുഷ്യനല്ലാതായി മാറുകയായിരുന്നു... എന്‍റെ കണ്ണുകള്‍ നിറയാനും, ചെവികള്‍ തുറക്കാനും സഹോദരി നിങ്ങളുടെ മരണംത്തന്നെ വേണ്ടിവന്നു.. മാപ്പ് .........................


7 comments:

  1. സഹജീവിയുടെ വേദനയും കഷ്ടപ്പാടും മനസ്സിലാവാണമെങ്കില്‍ നെഞ്ചിനകത്ത് മൂന്നക്ഷരമുള്ള ഒരു സാധനം വേണം ഹൃദയം... നിര്ഭാനഗ്യവശാല്‍ മതങ്ങള്ക്ക്ം വേണ്ടത് ചോരയും, നീരും, പണവും, എതിര്പ്പി ന്റെല സ്വരം കാണിക്കാത്ത അനുയായികളെയും മാത്രമാണ്.... അതാണ്‌ കാര്യം

    ReplyDelete
  2. സലോമി , ക്ഷമിക്കുക നീ..ഞങ്ങളോട് !
    കാരണം , ഞങ്ങള്‍ ക്ഷമാശീലറല്ല
    ഞങ്ങളുടെ മനസ്സിന്റെ മതം
    അഹന്തയും കുശുമ്പും നിറഞ്ഞതാണ്‌ .
    നിന്‍റെ മനസ്സിന്റെ മതമാണ്‌ ശരി
    കാരണം അതില്‍ നീ പുല്‍കിയപ്പോള്‍
    നിനക്ക് ശാന്തിയും സമാധാനവും ലഭിചില്ലേ...!!.
    മാഷേ ,താങ്കളും ക്ഷമിക്കുക
    താങ്കളുടെ ഇടതും ,വലതും
    കൈകള്‍ വെട്ടിയത് രണ്ടു സമാധാന പ്രിയരാണ് !
    അവര്‍ക്ക് അത്യുന്നതങ്ങളില്‍ സമാധാനമുണ്ടാവാന്‍
    താങ്കളും സലോമിയെപ്പോലെ
    മനസ്സിന്റെ മതം തിരഞ്ഞടുക്കുക !!
    @srus..

    ReplyDelete
  3. കെ.കെ. സുകുMarch 22, 2014 at 4:22 PM

    കോരളത്തിലെ ഒരു രാഷ്ടീയനേതാവും ഈ സംഭവം അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു... തെരഞ്ഞടുപ്പിന്റെ തിരക്കിലായതു കൊണ്ടാവാം

    ReplyDelete
  4. ഒരു സമൂഹത്തോടുള്ള വിദ്വേഷം മനസ്സില്‍ അണപൊട്ടുന്നു .....എന്തുചെയ്യണം? പ്രതികരിക്കണമോ?... അതോ അവരോടു ക്ഷമിക്കണമോ?.....അറിയില്ല....തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം ,കുറ്റങ്ങള്‍ ആരോപിക്കപെടാം ,എന്നാല്‍ എല്ലാക്കാലവും അവരെ ശിക്ഷിക്കണമോ?ക്ഷമിക്കെണ്ടെവര്‍ ക്ഷമിക്കാതെയും ക്ഷമ ലഭിക്കെണ്ടവര്‍ വീണ്ടും വീണ്ടും ശിക്ഷിക്കപെടുകയും ചെയ്യുമ്പോള്‍ ......ഇവര്‍ ആരുടെ വ്യക്താക്കള്‍ ആണ്?എന്താണ് ഇവരുടെ ലക്‌ഷ്യം? ......സമാധാനമോ? അതോ ഇരുളിന്റെ അധികാരമോ ?

    ReplyDelete
  5. കരുണയില്ലാത്തവര്‍

    ReplyDelete
  6. ജോസഫിന്‍റെ കൈവെട്ടി ഒരു കൂട്ടം മതതീവ്രവാദികള്‍ സലോമിയുടെ ജീവന്‍ എടുത്ത് മറ്റൊരു കൂട്ടം ഇടയന്മാര്‍ ... ഇതെല്ലാം കണ്ടും കേട്ടും ഭയത്തോടെ ജീവിക്കാന്‍ വിധിക്കപ്പെട്ട പാവം ജനങ്ങള്‍

    ReplyDelete
  7. എനിക്ക് ദുഖമുണ്ട് സഹോദരി നിങ്ങളുടെ മരണത്തില്‍ ഞാനുള്‍പ്പെടുന്ന സമൂഹവും കുറ്റക്കാരനാണെന്നറിയാം .. ദൈവത്തിന്‍റെ പ്രതിപുരുഷന്മാരെന്ന മുഖംമൂടിയണിഞ്ഞ വെള്ളയടിച്ച കുഴിമാടങ്ങളുടെ മഹദ് വചനങ്ങള്‍ എന്‍റെ ചെവിയില്‍ ഈയമായി ഉരുകിയൊഴിക്കപ്പെട്ട് എന്‍റെ ചെവികളെ അടച്ചുകളഞ്ഞപ്പോള്‍; ഞാന്‍ വിശക്കുന്നവരുടെ രോദനം കേട്ടില്ല... മതഭ്രാന്തിന്‍റെ കറുത്ത മൂടുപടം എന്‍റെ കണ്ണുകളെ അന്ധമാക്കിയപ്പോള്‍ ഞാന്‍ ആരുടേയും വേദനകള്‍ കണ്ടില്ല... പ്രിയപ്പട്ട സഹോദരി ഞാനും മനുഷ്യനല്ലാതായി മാറുകയായിരുന്നു... എന്‍റെ കണ്ണുകള്‍ നിറയാനും, ചെവികള്‍ തുറക്കാനും സഹോദരി നിങ്ങളുടെ മരണംത്തന്നെ വേണ്ടിവന്നു.. മാപ്പ്

    yes.. second it.

    ReplyDelete