**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, March 8, 2014

എനിക്കിപ്പോ ജനത്തെ സേവിക്കണം...സമ്മതിക്കില്ലേ.?

     

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   അങ്ങനെ മറ്റൊരു തിരഞ്ഞെടുപ്പും മുന്നിലെത്തിയിരിക്കുന്നു. ഇനിയിപ്പോള്‍ ജനസേവനത്തിനായി ജീവിതം ഒഴിഞ്ഞുവെച്ചിട്ടുള്ള അപ്പസ്തോലന്മാരുടെ വരവായി... ആടുകളെയെല്ലാം തങ്ങളുടെ കൂട്ടിലേക്ക്  കയറ്റാന്‍ ഇടയന്മാരുടെ വരവായി... പലതും മുഖംമൂടിയണിഞ്ഞ പതിവ് ചെന്നായ്ക്കള്‍ത്തന്നെ അതില്‍ ഓര്ജിനിലിനെ കണ്ടെത്തി ജയിപ്പിക്കലാണ് ജനത്തിന്‍റെ പണി.. നിലവിലുള്ള സീറ്റ് ഉറപ്പിക്കാനും പുതിയതൊന്നു സംഘടിപ്പിക്കാനും തിരക്കോടു തിരക്കാണ്.. സീറ്റ് കിട്ടില്ലായെന്നു ഉറപ്പായതോടെ കൊഴിഞ്ഞുപോകുന്നവരും ഇങ്ങനെ പോകുന്നവരെ സ്വന്തം ചാക്കില്‍ കയറ്റാന്‍ ചാക്കുമായി നടക്കുന്നവരും സ്ഥിരം കാഴ്ചകള്‍തന്നെ.. പതിറ്റാണ്ടുകള്‍ താന്‍ അംഗമായ പാര്‍ട്ടി തീരെ ശരിയല്ലെന്ന് ഈ തിരഞ്ഞെടുപ്പ് സമയത്താണ് ചിലര്‍ക്കൊക്കെ മനസിലാവുന്നത്.. ഇത്തരം വൈകിമാത്രം ബോധം ഉദിക്കുന്നവരെ ഒഴിവാക്കുന്നതാണ് നാടിനുനല്ലത് കാരണം ഇവര്‍ക്ക് പലതും മനസിലായി വരുമ്പോഴേക്കും നേരം രാത്രിയാകും...  മത്സരിക്കുന്ന പ്രമുഖര്‍ക്ക് പാരപണിയാനിറങ്ങുന്ന അപരന്മാരാണ് മറ്റൊരുകൂട്ടര്‍.. തിരഞ്ഞെടുപ്പ് കാലത്ത് മികച്ച ഓഫറുകള്‍ ഇവരെ തേടിയെത്തുന്നു.. സ്വന്തം പേരുകൊണ്ട് മാത്രം കാശുണ്ടാക്കുന്ന ഭൂമിയിലെ ഏക വിഭാഗമായിരിക്കും ഇത്തരം അപരന്മാര്‍.... ചാക്കില്‍ കയറ്റം, ചാക്കിട്ടുപിടുത്തം, വെട്ടിനിരത്തല്‍, പുറത്തുപോകല്‍, അകത്തുവരല്‍.... എന്തൊരു പങ്കപ്പാട്,,,,, ഈ പങ്കപ്പാടെല്ലാം ആര്‍ക്ക് വേണ്ടിയാണന്നാ വിചാരം... നമ്മള്‍ക്ക് വേണ്ടിത്തന്നെ..  ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങളീ സീറ്റിനു വേണ്ടി പരക്കം പായുന്നതെന്നാണ്  കസേരാര്‍ഥികള്‍  പറയുന്നത്.. നാടിനും നമുക്കും സേവനം ചെയ്യാന്‍ എന്തൊരു ആത്മാര്‍ഥതയാണ് ഈ പാവങ്ങള്‍ക്ക്; എന്നിട്ടും നമ്മളിവരെ കുറ്റം പറയുന്നു.. നമ്മള്‍ നന്ദിയില്ലാത്ത വര്‍ഗ്ഗം നരകത്തില്‍ പോകുമെന്നുറപ്പാണ്..
 തിരഞ്ഞെടുപ്പുകാലത്തുമാത്രം ജന്മിയാകുന്ന വോട്ടര്‍മ്മാര്‍  ചില കാര്യങ്ങള്‍ നോക്കി വോട്ട് ചെയ്താല്‍ നമ്മള്‍ക്കും നാടിനും അത് ഗുണകരമാകും...അതല്ല എന്‍റെ പാര്‍ട്ടി ഏതു എമ്പോക്കിയെ നിറുത്തിയാലും ഞാന്‍ അങ്ങേര്‍ക്ക് വോട്ടുചെയ്യുമെന്നാണ് കരുതുന്നതെങ്കില്‍ മൂലക്കുരുവിന്‍റെ വേദന ആരോടും പറയാതെ ചുമന്നാല്‍ മതി...
  വോട്ടര്‍മ്മാര്‍ വോട്ടുചെയ്യാനായി റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ വോട്ടിലേക്കുള്ള ട്രാഫിക്‌ നിയമങ്ങള്‍ ഒന്നു വായിച്ചു നോക്കുക.. പൊട്ടനായി തിരിച്ചുവരാതിരിക്കാന്‍ അത് നിങ്ങളെ സഹായിക്കും.. തുടര്‍ന്ന്‍ ബട്ടണില്‍ വിരല്‍ അമര്‍ത്തുക
   നമ്മള്‍ തിരഞ്ഞെടുക്കാന്‍ ഉദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് കുറഞ്ഞപക്ഷം ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം ഉണ്ടായിരിക്കണം..പാര്‍ലമെന്റിന്‍റെ നടപടി ക്രമങ്ങളും അവിടെ നടക്കുന്ന ചര്‍ച്ചകളും മേല്പറഞ്ഞ ഭാഷകളിലാണ് നടക്കുന്നത്.. മലയാളം പറയാം എന്ന ന്യായികരണം നിരത്താമെങ്കിലും മൊത്തം അഞ്ഞൂറ്റിനാല്‍പ്പത്തിയഞ്ചില്‍ ഇരുപതെണ്ണം മലയാളം പറയുന്നതിനേക്കാള്‍ ഇവര്‍ ഹിന്ദിയും ഇംഗ്ലീഷും അറിയുന്നതായിരിക്കും ഉചിതം. അവിടെ പറയുന്നതൊന്നും മനസിലാവാതെ പാടത്തു കിളികളെയോടിക്കാന്‍ നാട്ടുന്ന  കോലത്തെപ്പോലെയിരിക്കാന്‍ എന്തിനാണ് ഒരാളെ അങ്ങോട്ട്‌ അയക്കുന്നത്.. നമ്മുടെ മന്ധലത്തിനു വേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കാനും അത് നേടിയെടുക്കാനും  സഭയില്‍ അവതരിപ്പിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായം പറയാനും ഭാഷ പരിജ്ഞാനം ആവശ്യമാണ് അതില്ലാത്തതുകൊണ്ടാണ് നമ്മുടെ പല ശൂരപ്രതിനിധികളും അവറാന്‍ ഏറണാകുളം കാണാന്‍ പോയ കളി പാര്‍ലമെന്റില്‍ കളിക്കുന്നത്.. കേരളത്തില്‍ തീപ്പൊരി പ്രസംഗം നടത്തി ജനത്തിനുവേണ്ടി ചാകുമെന്നുവരെ പറയുന്ന വീരന്മാര്‍; പാര്‍ലമെന്റില്‍ എഴുന്നേല്‍ക്കുന്നത്‌ അരയില്‍നിന്നും ഊര്‍ന്നുവീഴുന്ന മുണ്ടു മുറുക്കിയുടുക്കാന്‍ മാത്രമാണ്.. പാര്‍ലമെന്റില്‍ ഉറങ്ങാന്‍ പോകുന്ന ഇത്തരം ദേഹങ്ങളെ ബഹിഷ്കരിക്കുക..
   എം പി ഫണ്ടില്‍ എഴുപത്തിയഞ്ച് ശതമാനമെങ്കിലും ചിലവാക്കാത്ത സിറ്റിംഗ് മിടുക്കന്മാരെ വീണ്ടും പാര്‍ലമെന്റിലേക്ക് വിടാതിരിക്കാന്‍ ശ്രദ്ധിക്കുക... കാരണം ഇവര്‍ക്ക് ഒന്നും മനസിലാകുന്നില്ല. കാന്റിനില്‍ പോയി ഓസിനുകിട്ടുന്ന ബിരിയാണി കഴിക്കാനും, ടിഎ ഒപ്പിക്കാന്‍ നാട്ടില്‍ ഓടിനടന്നു തറക്കല്ലിടാനുമാണ് ഇവര്‍ക്കറിയാവുന്നത്..  മന്ണ്ഡലത്തില്‍ വിനയോഗിക്കേണ്ട പണംപോലും നഷ്ടമാക്കുന്ന ഇവര്‍ പൊതുനഷ്ടങ്ങളാണ്.. അതുപോലെ, ഒരിക്കല്‍ ജയിച്ചാല്‍ ഈ കസേര എനിക്കും എന്‍റെ മകള്‍ക്കും കൊച്ചുമക്കള്‍ക്കും അവകാശപ്പെട്ടതാണെന്നു ഉളുപ്പില്ലാതെ വിളിച്ചു പറയുന്ന വിവരദോഷികളെ വീട്ടില്‍ ഇരുത്തണം... കാരണം ഇവിടെ ജനാധിപത്യമാണ് നടക്കേണ്ടത്‌ കുടുംബാധിപത്യമല്ല.. രാമനാമം ജപിച്ചു കൊച്ചുമക്കളെ നോക്കി വീട്ടില്‍ ഇരിക്കേണ്ട പ്രായമുള്ളവരെ വീട്ടില്‍ത്തന്നെ ഇരുത്താനും വോട്ടര്‍മ്മാര്‍ക്ക്  ബാധ്യതയുണ്ട്. ഇനിയും നാടിനെ സേവിക്കാന്‍ തയ്യാറാണ് എന്നൊക്കെ പല്ലില്ലാത്ത മോണകാട്ടി ഇവര്‍ പറയുമെങ്കിലും ബഹുമാനത്തോടെ ഇവരെ വീട്ടില്‍ ഇരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം.. നമ്മുടെ പാര്‍ലമെന്റിനെ ഒരു വൃദ്ധസദനമാക്കുന്നതില്‍നിന്നും പരമാവധി പിന്തിരിയുക..
  പിതൃവാല്‍സല്യം വല്ലാതെ കൂടുമ്പോള്‍ സ്ത്രീകളുടെ അരക്കെട്ടും പ്രിഷ്ടഭാഗവും നോക്കി കൈക്രിയകള്‍ നടത്തുന്ന ഭക്തവല്സ്സരെയും, എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ പെണ്‍കുട്ടികളെ മിട്ടായിയും ഐസ് ക്രീമുമൊക്കെ കൊടുത്തുമയക്കി ഗസ്റ്റ് ഹൌസിലും റിസോട്ടിലുമൊക്കെ കൊണ്ടുപോയി പീഡിപ്പിച്ചശേഷം അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന രോമമുള്ള ദേഹങ്ങളെ കഴിവതും പരലമെന്റിലെക്ക് അയക്കാതിരിക്കാന്‍ നോക്കുക.. ഇത്തരക്കാരുടെ കണ്ണില്‍പ്പെട്ടാല്‍ നമ്മുടെ മക്കളും സുരക്ഷിതരല്ലായെന്ന ചിന്ത മനസ്സില്‍ ഉണ്ടാകണം..
  പത്തുലക്ഷംരൂപയ്ക്ക് നല്ല ഒന്നാംതരം ചെറിയൊരു വീടു പണിയാമെന്നിരിക്കെ വെറും ഒരു വെയിറ്റിംഗ് ഷെഡ്‌ പണിയാന്‍ പത്തുലക്ഷം ചിലവാക്കുന്നവരെ ജനപ്രതിനിധികളാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.. കാരണം ഇവര്‍ കണക്കിന് വളരെ വീക്കാണ്... മണ്ടലത്തിനു പത്തുകോടി അനുവദിച്ചാല്‍ പത്തു കക്കൂസ് പണിയാനെ ഇത്തരം പണിക്കാര്‍ക്ക് കഴിയൂ.. കിട്ടുന്ന പണം എങ്ങനെ ചിലവഴിക്കണം എന്നറിയാത്തവരെ എങ്ങനെ എംപി ഫണ്ട് ഏല്‍പ്പിക്കാന്‍ കഴിയും... ഇത്തരക്കാരെ വിശ്രമജീവിതത്തിലെക്ക് വിടുക..
  നമ്മുടെ വോട്ടുനേടി ജയിച്ചുപോയി വീതംവെക്കലില്‍ (വല്ലതുമൊക്കെ ചെയ്താലോ എന്നു പേടിച്ച് കഴിവിന്‍റെ അടിസ്ഥാനത്തില്‍ കേരളിയര്‍ക്ക് ഇതു കൊടുക്കാറില്ല..) മന്ത്രിസ്ഥാനം കിട്ടിയാല്‍പ്പിന്നെ വിദേശയാത്രതന്നെ സ്ഥിരം പരിപടിയാക്കുന്ന ദേശാടനക്കിളികളെയും കൂട്ടില്‍ത്തന്നെ ഇരുത്താന്‍ ശ്രദ്ധിക്കുക... ഖജനാവ് മുടിക്കുന്ന വിനോദയാത്രകള്‍, സ്ത്രീ വിഷയത്തില്‍ അതിരുവിടുന്ന താല്പര്യം, ഏതെങ്കില്‍ പെണ്ണുങ്ങള്‍ ഇളിച്ചു കാണിച്ചാല്‍ അവിടെ പാലുകാച്ചാന്‍ കയറുന്ന കന്നിമാസപ്പട്ടികളുടെ സ്വഭാവം പ്രകടിപ്പിക്കുന്നവരെയും,, പെണ്ണിന്‍റെ ശരീരഭാഗങ്ങളുടെ മൃദുലതയെക്കുറിച്ചു എസ് എം എസ് ലേഖനം എഴുതുന്നവരെയും അവരുടെ ഫീല്‍ഡില്‍ സ്ഥിരമായി സേവനം ചെയ്യാന്‍ രാഷ്ട്രിയവിശ്രമം അനുവദിക്കുക...
 നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൊല്ലിനും കൊലയ്ക്കും നേതൃത്വം നല്‍കി തെരുവുഗുണ്ടകളുടെ ആക്രോശവുമായി നടക്കുന്നവരെ; ദയവായി പരാജയപ്പെടുത്തുക.. ഇനി മറ്റൊരുകൂട്ടര്‍ ഇന്നേവരെ ജനങ്ങളോടോത്തു ഇടപഴകാതെ, നാടിന്‍റെ യാതൊരുവിധ സ്പന്ദനങ്ങളും അറിയാതെ രാജ്യത്തെ മുന്തിയ ഉദ്യോഗസ്ഥകസേരയിലും, വിദേശപ്രതിനിധി കസേരയിലുമിരുന്ന്‍ അവിടം മടുക്കുമ്പോള്‍, ശിഷ്ടകാലം ജനങ്ങളുടെ ചിലവില്‍ ആസ്വദിക്കാന്‍ നൂലില്‍ കെട്ടിയിറക്കുന്ന ഞഞ്ഞാ പിഞ്ഞാ മലയാളം പറയുന്നവരെയും,  സാധാരണജനങ്ങളെ വെറും കന്നുകാലികളായി  കാണുന്ന വികിടസരസ്വതികളേയും ഒഴിവാക്കുക.. ഇവര്‍ക്ക് എം പി സ്ഥാനം എന്നത് ജനസേവനത്തെക്കാളുപരി വിനോദസഞ്ചാരത്തിനായിരിക്കും ഉപകരിക്കുക.. പഞ്ചനക്ഷത്ര ഹോട്ടലുകളും വിദേശ റിസോട്ടുകളിലുമൊക്കെയായി സ്ഥിരം ദേശാടനത്തിലായിരിക്കുന്ന ഇത്തരം മന്മഥന്‍മാരെ പോറ്റാന്‍ എന്തിനാണ് നമ്മുടെ വിയര്‍പ്പായ നികുതിപ്പണം ഉപയോഗിക്കുന്നത്..
 എം.പിയായി മന്ത്രിയായി അഞ്ചുവര്‍ഷക്കാലം ലോകംമുഴുവന്‍ കറങ്ങിനടന്ന് ജീവിതം ആസ്വദിച്ച് അവസാനം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഏതെങ്കിലും നാട്ടിലെ എക്സ്പ്രെസ്സ് ഹൈവേയും മറ്റു വികസനങ്ങളും മാലിന്യമടിഞ്ഞു ചീഞ്ഞുനാറുന്ന സ്വന്തം മണ്ഡലമായ മുങ്ങാന്‍കുഴിയില്‍ താന്‍  കൊണ്ടുവന്ന വികസനമാണെന്നു കാണിച്ച് സ്വയം ഫ്ലക്സ് അടിച്ച് നാട്ടുകാരെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്ന അഴകിയ രാവണന്മാരെയും മൂലയ്ക്കിരുത്താന്‍ വോട്ടര്‍മ്മാര്‍ക്ക് കഴിയണം.. ഇല്ലെങ്കില്‍ വല്ലനാട്ടിലും നടക്കുന്ന വികസനത്തിന്‍റെ പടങ്ങള്‍ കണ്ടു നമുക്ക് തൃപ്തി അടയേണ്ടിവരും..

  പലതവണ ചൂടുവെള്ളത്തില്‍ വീണ പൂച്ചയ്ക്ക് ഇനിയും പഠിക്കാന്‍ സമയമുണ്ട്... കക്ഷി രാഷ്ട്രിയം മറന്നുകൊണ്ട്; നമ്മുടെ ഇടയില്‍ ജീവിച്ച്, നമ്മുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി, കയ്യിട്ടുവാരലും അഴിമതിയും ഇല്ലാതെ, പാര്‍ലമെന്റില്‍ നട്ടെല്ലോടെ എഴുന്നേറ്റുനിന്നു മനസിലാവുന്ന ഭാഷയില്‍ ജനകീയവിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള പ്രതിനിധികളെ ഡല്‍ഹിക്കയക്കാന്‍ ഇപ്രാവശ്യമെങ്കിലും നമുക്ക് ശ്രമിക്കണം.. അതല്ല അതിലും കക്ഷിരാഷ്ട്രിയചിന്തകള്‍ കലര്‍ത്തി ഏതെങ്കിലും പേക്കോലങ്ങളെ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് നമ്മളെ പ്രതിനിധികരിച്ചയക്കാനാണ് തീരുമാനമെങ്കില്‍ നമുക്ക് അര്‍ഹിക്കുന്ന നേതാക്കള്‍ ഇത്തരം അക്ഷരജ്ഞാനം ഇല്ലാത്തവരും, അഴിമതി വീരന്മാരും, പെണ്ണുപിടിയന്മാരുമായ കോലങ്ങള്‍ തന്നെയാണെന്നു സമ്മതിക്കേണ്ടി വരും... 

5 comments:

 1. ഹി ഹി അടിപൊളി ... ഈ നിയമങ്ങള്‍ ഇത്തവണ പാലിച്ചിരിക്കും ..

  ReplyDelete
 2. A good message to our public and everything is in our hands.. If we didn't utilize this opportunity wisely we can suffer another 5 years again.

  ReplyDelete
 3. Then NOTA is the only option

  ReplyDelete
 4. എല്ലാം ശര്യന്നെ..
  പക്ഷേങ്കി നമ്മടെ പാര്‍ട്ടി ആരെ നിര്‍ത്തുന്നോ അവരെ ജയിപ്പിക്കും. മറ്റവന്മാര്‍ തോറ്റ് തുന്നം പാടണം..ഹല്ല പിന്നെ!!

  ReplyDelete
 5. വിവേക്March 8, 2014 at 9:19 PM

  കസേര കളി തുടങ്ങിക്കഴിഞ്ഞു ...എല്ലാം ജനത്തിനു വേണ്ടി.. എന്തൊരു നല്ല നേതാക്കള്‍

  ReplyDelete