**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 10, 2014

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ശംഖുകച്ചവടവും ചാത്തന്‍ പിടുത്തവും.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
        തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍ കാണുന്നതുനിമിത്തം കഴിഞ്ഞകുറേ രാത്രികളില്‍ ഉറക്കം ശരിയായിരുന്നില്ല..  ഉറക്കംവരാത്ത രാത്രികളില്‍ ജനാലവഴി പുറത്തേയ്ക്കുനോക്കുമ്പോള്‍ ഇരുട്ടത്ത്‌ തൊടിയിലൂടെ എന്തൊക്കെയോ നിഴലുകള്‍ അനങ്ങുന്നതുപോലെ കാണുന്നു.. തെങ്ങില്‍നിന്നും മച്ചിങ്ങകള്‍ കൂട്ടത്തോടെ താഴേക്കുവീഴുന്ന ശബ്ദവും തുടര്‍ന്ന്‍ കട വാവലുകളുടെ നിറുത്താതെയുള്ള ചിറകടികളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്;  ഇതിന്‍റെ കൂടെത്തന്നെ അയല്‍പക്കത്തുള്ള കില്ലപ്പട്ടികള്‍ ഒരു വല്ലാത്ത രീതിയില്‍ മോങ്ങുന്നതും കേള്‍ക്കാം.. ജനാലയിലൂടെ  കടന്നുവരുന്ന കാറ്റില്‍ പാലപ്പൂവിന്‍റെ ഗന്ധമുണ്ടോയെന്നു സംശയംതോന്നുന്നു... ഏതായാലും എന്‍റെ മുട്ടുകള്‍ കൂട്ടിയിടിക്കുന്നത് കാരണം ജനലഴിപിടിച്ചുകൊണ്ടുള്ള ഈ നില്പുനില്‍ക്കാന്‍ വിഷമമാണ്. ദൈവത്തിലും ചെകുത്താനിലുമുള്ള വിശ്വാസം തുലോം കുറവായതുകൊണ്ടും ഒറ്റയ്ക്ക് പുറത്തിറങ്ങാനുള്ള ധൈര്യം അശേഷം ഇല്ലാത്തതുകൊണ്ടും  ഉയര്‍ന്നുവന്ന മൂത്രശങ്ക അമര്‍ത്തിവെച്ചുകൊണ്ട് കട്ടിലില്‍ ഇരുന്നു.. ലേശം ഭയത്തിന്‍റെ ആക്രമണം ഉള്ളതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ത്തന്നെ തലമൂടി കട്ടിലില്‍ കിടക്കുകയാണ് പതിവ്..... എന്താ ഇതിനൊരു പ്രതിവിധിയെന്നു  ഭാര്യയോട് ചോദിക്കാമെന്നുവെച്ചാല്‍ ഉടനെ അമ്പലത്തില്‍ നേര്‍ച്ച കഴിക്കാനും, ഉരുളി കമിഴ്ത്തനും, തകിട് മന്ത്രിച്ചു കെട്ടാനും പറയും..  ഇപ്പോഴത്തെ നിലവെച്ചു നോക്കുമ്പോള്‍ കുറഞ്ഞത്‌ രണ്ടായിരം രൂപയെങ്കിലും ആ വകുപ്പില്‍ പൊടിയും, അതുകൊണ്ടാണ് പണിക്കര് സാറിനോട് രഹസ്യമായി ഈ കാര്യം ചോദിക്കാമെന്നുവെച്ചത്. സാറിനാണെങ്കില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തു നല്ല തിട്ടമാണെന്നാണ് സ്റ്റാഫ് റൂമില്‍ പരക്കെ പറയുന്നത്.. വളരെ രഹസ്യത്തില്‍ ആരും അറിയരുതെന്ന അറിയിപ്പോടെ രാവിലത്തെ ഇന്റര്‍വെല്‍ സമയത്തുതന്നെ വിഷയം പണിക്കരുസാറിന്‍റെ മുന്നില്‍ അവതരിപ്പിച്ചു.. കാര്യങ്ങള്‍ വിശദമായികേട്ട സാര്‍ സംഗതിയുടെ കിടപ്പുവശം വെളിപ്പെടുത്തി. ഇതു ചാത്തന്മാരുടെ ആക്രമണംത്തന്നെ... തെങ്ങേന്നു മച്ചിങ്ങ പറിച്ചെറിയുന്നത് ഇവറ്റകളുടെ രീത്യാണ് പോലും.. പുള്ളിക്ക് മച്ചിങ്ങകൊണ്ട് ഏറുപോലും കിട്ടിയിരിക്കണത്രേ... വാവലുകള്‍ നമ്മുടെ ചോരയ്ക്ക് വേണ്ടിയാണു പോലും വട്ടമിട്ട് പറക്കുന്നത്.... ഇവറ്റകളുടെ സാന്നിധ്യമാണ് പോലും പട്ടികളുടെ മോങ്ങല്‍ സൂചിപ്പിക്കുന്നത്.. സാറിന്‍റെ അഭിപ്രായത്തില്‍ ചാത്തന്‍ സ്വാമിയേ കണ്ടാല്‍ മതി ഇതിനുള്ള പ്രതിവിധി പറയും. തൃശൂരുള്ള ഒരു ചാത്തന്‍ മഠത്തിന്‍റെ അഡ്രസ്സും തന്നു.. ചാത്തന്‍ സന്ദര്‍ശനം വീട്ടില്‍ അറിയാതിരിക്കാന്‍ സ്കൂളുള്ള ഒരു ദിവസം ലീവ് എടുത്ത് പോകാന്‍ തീരുമാനിച്ചു. രാവിലെ പോയാല്‍ സ്കൂള്‍ വിടുമ്പോള്‍ തിരിച്ചുവരാം.. ആരും അറിയാന്‍ പോകുന്നില്ല. ചാത്തന്‍ മഠത്തിലേക്കുള്ള വഴിയും മറ്റു വിവരങ്ങളും എഴുതിവാങ്ങി പോക്കറ്റില്‍ താഴ്ത്തി.. കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിയ്ക്ക് ഇനിയിപ്പോ എന്തിനു നീട്ടിവെയ്ക്കണം നാളെത്തന്നെ പോയേക്കാമെന്നു കരുതിയിരിക്കുമ്പോഴാണ്; നമ്മുടെ നികേഷ് സാറിന്‍റെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ‘കാണാത്ത കേരളം’ എന്ന പരിപാടി കണ്ടത്.. ചാത്തന്‍ മഠങ്ങളില്‍ നടക്കുന്ന തട്ടിപ്പ് റിപ്പോര്‍ട്ടര്‍ ടീം ഒളിക്യാമറയിലൂടെ പകര്‍ത്തി പ്രേക്ഷകരെ കാണിക്കുന്നു.. അവര്‍ പറഞ്ഞ ഇല്ലാത്ത കമ്പനിയ്ക്ക് ശത്രുദോഷമുണ്ടെന്നും പ്രതിവിധിയായി ഏഴായിരത്തിയെന്നുരൂപയുടെ പൂജ വേണമെന്നുമാണ് ചാത്തന്‍ സ്വാമി പറയുന്നത്... മറ്റൊരിടത്ത് ജനിക്കാത്ത അനിയന്‍ നഗരങ്ങളില്‍ അലയുന്നുവെന്നു മഷിനോട്ടക്കാരന്‍ പറയുന്നു.. അവിടെ ആദ്യം തകിടും പിന്നിട് പൂജയും വേണമെന്നാണ് അരുളപ്പാട്.. ഭയങ്കരം തന്നെ.... എല്ലാം വെറും തട്ടിപ്പാണെന്ന് മനസ്സില്‍ പറയുമ്പോഴാണ് ഒരുകാര്യം മനസിലായത് എനിക്ക് കിട്ടിയ അഡ്രസ്സില്‍ പറയുന്ന ചാത്തന്‍ മഠത്തിലാണ് ഈ ഷൂട്ടിംഗ് നടന്നിരിക്കുന്നത്.. പരിപാടി ഇപ്പോള്‍ കണ്ടതുകൊണ്ട് ഒരുദിവസത്തെ ലീവും കീശയിലെകാശും പോകാതെ രക്ഷപെട്ടു... എന്‍റെ റിപ്പോര്‍ട്ടറെ നീയേ കൃപ..

 അമ്മദൈവത്തിന്‍റെ ആണിക്കല്ലുനോക്കി ബ്രിട്ടാസും സംഘവും റോക്കറ്റ് വിട്ടതുകൊണ്ട്‌ കേരളത്തിലെ ആത്മീയവ്യാപാരത്തിലെ ഓഹരിവിലകള്‍ തുടര്‍ച്ചായി ഇടിഞ്ഞു നില്‍ക്കുമ്പോഴാണ് റിപ്പോര്‍ട്ടറില്‍ നികേഷ് കുമാറും സംഘവും കാണാത്തകേരളം പരിപാടിയിലൂടെ ചാത്തന്മാരെ പിടിക്കാന്‍ ഇറങ്ങിയിരികുന്നത്.. കോഴിവെട്ടും, കള്ളുകുടിയും, ഉറയലും, തുള്ളലുമൊക്കെ തോണ്ടിയെടുത്തു നാട്ടുകാരെ കാണിക്കുന്നു.. ഇല്ലാത്ത കമ്പനിക്കും, ജനിക്കാത്ത അനിയനുമൊക്കെ ഐശ്വര്യം വരാന്‍ വേണ്ടി മഷിനോട്ടക്കാരനും, ചാത്തന്‍ സ്വാമിയും ആയിരങ്ങളുടെ റേറ്റ് പറയുമ്പോള്‍ ആത്മീയ തട്ടിപ്പുകളുടെ മറ്റൊരു മുഖമാണ് റിപ്പോര്‍ട്ടര്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്... വാര്‍ത്ത‍ സംപ്രേക്ഷണരംഗത്തു പാരമ്പര്യം പ്രസംഗിക്കുന്ന മുത്തശ്ശിച്ചാനലുകളും, മലയാളി ഞങ്ങളെമാത്രമേ കാണുന്നുള്ളൂവെന്നു ഇടയ്ക്കിടെ വിളിച്ചുപറയുന്ന ഭയംകൂടാതെ നിരന്തരം നുണപറയുന്ന പേടിത്തൊണ്ടന്‍ചാനലും പറയാന്‍ പേടിക്കുന്ന കാര്യങ്ങള്‍  സമൂഹമധ്യേ വിളിച്ചുപറയുന്നത് നല്ലൊരു ഉദ്യമമാണ്.. സാധാരണക്കാരനെ ബാധിക്കുന്ന ചെറിയചെറിയ വിഷയങ്ങളില്‍ ഇടപെട്ട് കുളമാക്കി മന്ത്രവാദക്കാരനും മഷിനോട്ടക്കാരനും കപട ആത്മീയദൈവങ്ങളും എങ്ങനെയാണ് തടിച്ചുകൊഴുക്കുന്നതന്ന്‍ ഇത്തരം പരിപാടികളിലൂടെ സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും. എന്നിരുന്നാലും ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട ഒരുകൂട്ടം ആത്മീയ അടിമകള്‍ കോപാകുലരായി പ്രതികരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.. വിശ്വാസത്തെ മുതലാക്കി തട്ടിപ്പുകള്‍നടത്തി ഭക്തരുടെ കീശകള്‍ കാലിയാക്കി പണംതട്ടുന്ന ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളെ ഓരോന്നായി പുറത്തു കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്.. പുലിയെ പുലിമടയില്‍ പോയി നേരിട്ട കൈരളിയും ചാത്തന്മാരെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന റിപ്പോര്‍ട്ടറും ഇക്കാര്യത്തില്‍ ഇനിയും മുന്നോട്ട് നീങ്ങട്ടെ .. ആത്മീയകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാ നിഗൂഡതകളും മാറിനീക്കി പുറത്തുവരണം.. സുതാര്യമായ വിശ്വാസവും പവിത്രമായ ആത്മീയതയും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും  ജനങ്ങളെ പ്രാപ്തരാക്കാന്‍ ഇത്തരത്തിലുള്ള പൊളിച്ചെഴുത്തുകള്‍ക്ക് കഴിയുമെന്നതില്‍ തര്‍ക്കമില്ല..
  മാടനും മറുതയും ചാത്തനും വിഹരിക്കുന്ന എല്ലാ കേന്ദ്രങ്ങളുടെയും നിലനില്‍പ്പുതന്നെ  ഭക്തര്‍ നിക്ഷേപിക്കുന്ന പണത്തില്‍ ആശ്രയിച്ചാണ്‌.. അതായത് പരസ്യങ്ങള്‍വഴി കൂടുതല്‍ ഭക്തരെ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുക. അങ്ങനെവരുന്ന ഭക്തരുടെ കീശയിലെ പണം ഉപദേശങ്ങള്‍ വഴിയും, തകിടുവില്പനവഴിയും ,പൂജ് ചെയ്യിപ്പിച്ചും തട്ടിയെടുത്ത് ആസ്തി വര്‍ധിപ്പിക്കുക.. ഇതാണ് എല്ലാ തട്ടിപ്പ് കേന്ദ്രങ്ങളുടെയും പൊതുസ്വഭാവം.. അതിനുവേണ്ടി ദൈവത്തെ കാണാന്‍ രെജിസ്ട്രേഷന്‍ ഫീസ്‌, സംഭാവനത്തുക,  പൂജാവിധികളുടെ നീണ്ടനിര ഇങ്ങനെ പലവിധപരിപാടികളിലൂടെ ഭക്തരുടെ പോക്കറ്റ് ലക്ഷ്യമാക്കിത്തന്നെയായിരിക്കും ഇവരുടെയൊക്കെ നീക്കം.. ചുരുക്കത്തില്‍ പണത്തിനു വേണ്ടി ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഹീനമായ അവസ്ഥയാണ് റിപ്പോര്‍ട്ടര്‍ചാനല്‍ കാണാത്തകേരളം പരിപാടിയിലൂടെ പറയുന്നത്.. 
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചിലകാര്യങ്ങള്‍ പറയാതെ വയ്യ.. നിങ്ങളിങ്ങനെ രണ്ടുവള്ളത്തേല്‍ ചവിട്ടിനില്ക്കാന്‍ നോക്കിയാല്‍ എന്താകും അവസ്ഥ..?? ചാനലിനോടാണ് ചോദ്യം??  ഭക്തിയുടെ മറവില്‍ ആളുകളെ പറ്റിച്ചു പണംപിടുങ്ങുന്ന ചാത്തന്മാരുടെ തട്ടിപ്പുകള്‍ ജനങ്ങളോട് വെളിപ്പെടുത്തുമ്പോള്‍ ഈ വിഷയത്തില്‍ ചാനലിന്‍റെ നിലപാടും ജനങ്ങള്‍ കാണുന്നുണ്ടെന്നകാര്യം മറക്കരുത് സാറുംമാരെ.. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ അക്കൌണ്ടുകള്‍ പൊലിപ്പിക്കുന്നതില്‍ ഇത്തരം ചാത്തനും മറുതയുമൊക്കെ ഉണ്ടെന്നുള്ളതാണ് ഏറ്റവും രസകരം. ചാത്തന്‍ സ്വാമിയേയും, മഷിനോട്ടക്കാരനെയും, കിരാതമൂര്‍ത്തിയേയുമൊക്കെ പൊളിച്ചടുക്കാന്‍ ഒളിക്യാമറയുമായി ഇറങ്ങിയ ഇതേ റിപ്പോര്‍ട്ടര്‍ ചാനലില്‍ത്തന്നെ പറയുന്നു  കുടുംബത്തിന്‍റെ എല്ലാ ദോഷങ്ങളുംമാറി ഐശ്വര്യം വരാന്‍ വലംപിരിശംഖ് വാങ്ങി അലമാരയില്‍ സൂക്ഷിച്ചാല്‍ മതിയെന്ന്‍ .. അണ്ണാ എന്തൊരു വിരോധാഭാസം..
   ഒരുവശത്ത് സ്റ്റിംഗ് ഓപ്പറെഷനുകള്‍ നടത്തി ചാത്തന്മാരെ പിടിക്കുന്നു.. മറുവശത്ത്  ഐശ്വര്യം ഉണ്ടാക്കുമെന്നുപറഞ്ഞ് ശംഖ് കച്ചവടം പൊടിപൊടിക്കുന്നു... എത്ര ആലോചിച്ചിട്ടും ഇതിന്‍റെ ലോജിക് പിടികിട്ടുന്നില്ല ..നികേഷ് സാറുതന്നെ പറയട്ടെ മറുപടി..
  
 കപടദൈവങ്ങളും ആത്മീയതട്ടിപ്പുകാരും തുള്ളിയും, കെട്ടിപ്പിടിച്ചും, മഷിനോക്കിയും ആളുകളെ പറ്റിച്ചു കാശുണ്ടാക്കുന്നു... ശംഖ് വാങ്ങി വീട്ടില്‍വെച്ചാല്‍ ദോഷം മാറുമെന്നുള്ള കപടപ്രചരണം നടത്താന്‍ വേദിയൊരുക്കി റിപ്പോര്‍ട്ടര്‍ ചാനലും ഇതേ വ്യാപാരം നടത്തുന്നു.. രണ്ടുകൂട്ടരും ഒരേ പരിപാടിയാണ് നടത്തുന്നത്; ആളെപറ്റിക്കല്‍.... ഒരുവശത്ത്  മഷിനോട്ടം വെളിപ്പെടല്‍ മറുവശത്ത് ശംഖ് കച്ചവടം.. രണ്ടുംതട്ടിപ്പുതന്നെ... അങ്ങനെവരുമ്പോള്‍ ഒരേ ഫീല്‍ഡില്‍ വ്യാപാരം നടത്തുന്നവര്‍   പരസ്പരം പാരപണിയുന്നത് ശരിയാണോ നികേഷ് സാറേ....??  രണ്ടുകൂട്ടര്‍ക്കും പണംതന്നെയാണ് പ്രശ്നം.. തട്ടിപ്പ് പരസ്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍വിളമ്പാന്‍ കൂട്ടുനിന്ന്; ശംഖും തകിടും വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ചാനല്‍;   ചാത്തനായും മറുതയായും മാഷിനോട്ടമായും ഇതേ തട്ടിപ്പ് നടത്തുന്ന മറ്റുള്ളവരെ പിടിക്കാന്‍ ഇറങ്ങുന്നത് കാണുമ്പൊള്‍ മാധ്യമധര്‍മ്മത്തിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു.. സമൂഹത്തിലെ മാലിന്യങ്ങള്‍ അടിച്ചുവാരാന്‍ ഇറങ്ങുമ്പോള്‍; ആദ്യം സ്വന്തം പൂമുഖം വൃത്തിയാക്കി തുടക്കം കുറിക്കുന്നതല്ലേ നല്ലത്... പരസ്യവരുമാനമെന്ന സാങ്കേതികന്യായം പറഞ്ഞാല്‍ തട്ടിപ്പുകാരും ഇതേ ന്യായം പറയും ഇതവരുടെ ചോറാണെന്ന്‍ .. അതുകൊണ്ട് പ്രയപ്പെട്ട നികേഷ് സാറെ ഒന്നുകില്‍ നിങ്ങള്‍ ചാത്തന്മാരുമായി ഒരു അട്ജെസ്റ്റ്മെന്റില്‍ പോവുക അല്ലെങ്കില്‍ കുറഞ്ഞപക്ഷം കാണാത്തകേരളം എപ്പിസോഡുകള്‍ കഴിയുന്നതു വരെയെങ്കിലും ഇത്തരം ‘വലംപിരിശംഖ്’ കച്ചവടം പോലുള്ള തട്ടിപ്പ് പരസ്യങ്ങള്‍ നിറുത്തുക,,, മോഷണം നിറുത്താന്‍ കൊള്ളനടത്തിയാല്‍ അതിനെന്തു ഫലം..... ഇനിയും എന്തൊക്കെ കാണേണ്ടിവരും എന്‍റെ ചാത്തന്മാരെ.....


10 comments:

  1. ബിജോയ്‌March 10, 2014 at 9:52 AM

    അത് കലക്കി മാഷേ ..................

    ReplyDelete
  2. നല്ല എഴുത്ത്...വളരെ ഇഷ്ടമായി...

    ReplyDelete
  3. രണ്ടുകൂട്ടര്ക്കും പണംതന്നെയാണ് പ്രശ്നം.. തട്ടിപ്പ് പരസ്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍വിളമ്പാന്‍ കൂട്ടുനിന്ന്; ശംഖും തകിടും വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ചാനല്‍, ചാത്തനായും മറുതയായും മാഷിനോട്ടമായും ഇതേ തട്ടിപ്പ് നടത്തുന്ന മറ്റുള്ളവരെ പിടിക്കാന്‍ ഇറങ്ങുന്നത് കാണുമ്പൊള്‍ മാധ്യമധര്മ്മ ത്തിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു.... സംഭവം ക്ലിയര്‍

    ReplyDelete
    Replies
    1. You are exactly right....

      http://cometorightpath.blogspot.ae/2014/03/blog-post_8.html

      Delete
  4. rasakaramayittundu........ishttamayi e rachana

    ReplyDelete
  5. http://cometorightpath.blogspot.ae/2014/03/blog-post_8.html

    ReplyDelete
  6. ഒന്നു വാര്‍ത്ത.മറ്റൊന്ന് വരുമാനത്തിനു വേണ്ടി പരസ്യം എന്ന് ചോദിച്ചാല്‍ ഇവര്‍ ന്യായം പറയും..

    അതു പോട്ടെ സ്‌ക്രീനില്‍ ആരാ...? 5 വര്‍ഷം മുന്‍പ് ചാത്തന്റെ അനുഗ്രഹം താങ്ങാന്‍ വയ്യാതെ അമ്മയോടൊപ്പം വിഷം കഴിച്ച് തൊലഞ്ഞ മാതാ ദിവ്യജോഷിയല്ലേ..? ചാത്തന്റെ പേരു പറഞ്ഞ് കോടികള്‍ സമ്പാദിച്ചു കൂട്ടിയ ഇവളുടെ ശവംകൈപ്പാറ്റാന്‍ പോലും പക്ഷേ, ആരും ഉണ്ടായിരുന്നില്ല...!

    (എന്റെ പേഴ്‌സണല്‍ വിവര ശേഖരത്തില്‍ ഇപ്പോഴും ഇവളുടെ എല്ലാ വിശദവിവരങ്ങളും ഉണ്ട്...)

    പ്രധാനമായും ഇവളുടെ ഭക്തകള്‍, സിനമാ-സീരിയല്‍ നടീനടന്‍മാരായിരുന്നു...കുവൈറ്റില്‍ പോയി വിവാഹമോചനം നടത്തിയ സിനിമാനടി ഇവളുടെ വലിയ ഭക്തയായിരുന്നു..(അവള്‍ സന്തോഷ് മാധവന്റെയും വലിയ ഭക്തയായിരുന്നല്ലോ...ദോഷങ്ങള്‍ മാറാന്‍ ആ നടി സന്തോഷ് മാധവനോടൊത്ത് നഗ്നപൂജ നടത്തിയ വാര്‍ത്ത മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..)

    ദിവ്യാജോഷിയുടെ വാര്‍ത്തകളുടെ ചില ഭാഗങ്ങള്‍...!

    ReplyDelete
  7. വലമ്പിരി ശംഖിന്റെ പരസ്യം റിപ്പോര്‍ട്ടറില്‍ വന്‍ില്ലെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ വേറെ ഒരു പാട് ചാനലുകള്‍ ഉണ്ട്.അപ്പോ എന്തായി? ചാനല്‍ നടത്തിപ്പിന് ആ പണം നഷ്ടം.എന്നാല്‍ മറ്റു ചാനലുകള്‍ ഒന്നും സ്റ്റിങ്ങ് ഓപറേഷന്‍ നടത്തുകയോ ഇത്തരം ഭക്തി പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുകയോ ചെയ്യുന്നില്ല എന്നോര്‍ക്കണം. അപ്പോള്‍ കൂടുതല്‍ സത്യസ്ന്ധത ഇത്തരം പരസ്യങ്ങള്‍ നല്‍കുമ്പോള്‍ തന്നെ സ്റ്റിങ്ങ് ഓപറേഷന്‍ വഴി ഇത്തരം തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടു വരുന്ന റിപ്പോര്‍റ്ടറിനില്ലേ? (ദേശാഭിമാനിയ്ക്കും ഇത് ബാധകമാണുകെട്ടോ)

    ReplyDelete
  8. പണമാണ് താരം
    പണമാണ് ദൈവം

    ReplyDelete