**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, February 26, 2017

സൂക്ഷിക്കുക ആ പ്രമുഖന്‍ നിങ്ങളുടെ പിന്നാലെയുണ്ട് ...

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ഇത്തവണയെങ്കിലും ആ പ്രമുഖനെ പിടിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്‌; പക്ഷെ ഒന്നുമുണ്ടായില്ല. പതിവുപോലെ പ്രമുഖനു ക്ലീന്‍ചീട്ട് കൊടുക്കപ്പെട്ടു.. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക; എപ്പോ വേണമെങ്കിലും പ്രമുഖന്‍ നിങ്ങളെയും ആക്രമിക്കാം. സ്വയം രക്ഷപെടാനുള്ള വഴികള്‍ ഇപ്പോഴേ കണ്ടെത്തിക്കൊണ്ടേ നാളെ പുറത്തിറങ്ങാവൂ.. ചുരുക്കിപ്പറഞ്ഞാല്‍ കേരളം വീണ്ടും പ്രമുഖന്‍റെ ആക്രമണഭീതിയിലായിരിക്കുന്നു.. എവിടെ പീഡനമുണ്ടോ അവിടെ പ്രമുഖന്‍ ഉണ്ടായിരിക്കും. എവിടെ അക്രമമുണ്ടോ അവിടെ പ്രമുഖന്‍ ഉണ്ടായിരിക്കും. എവിടെ കുംഭകോണമുണ്ടോ അവിടെ പ്രമുഖന്‍ ഉണ്ടായിരിക്കും. ... തൂണിലും തുരുമ്പിലും എല്ലായിടത്തും സര്‍വ്വവ്യാപിയായി പ്രമുഖന്‍ ഉണ്ടാകും. പക്ഷെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല..അതാണ്‌ പ്രമുഖന്‍!!!!  .പള്‍സര്‍സുനി പിടിക്കപ്പെട്ടുവെങ്കിലും പിന്നണിയിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന പ്രമുഖന്‍ ഇപ്പോഴും കാണാമറയത്ത് തന്നെയിരുപ്പാണ്... ചമ്മന്തിയരയ്ക്കാന്‍ അയല്‍ക്കാരന്‍റെ പറമ്പില്‍നിന്നും ഒരു തേങ്ങയെടുത്ത കോരന്‍റെ മകന്‍ ചീരനെ പോലിസ് ഓടിച്ചിട്ടുപിടിച്ച വാര്‍ത്ത‍ ബ്രേക്കിംഗ് ന്യൂസായി കൊടുക്കുമ്പോഴും  ‘ആരോടോ ഉള്‍ഭയം നിരന്തരമുള്ള’ മാധ്യമങ്ങള്‍ക്കും നമ്മുടെ  പ്രമുഖനെപ്പറ്റി ഒന്നും പറയാനില്ല. കേരളപോലിസാണെങ്കില്‍ ഹെല്‍മറ്റ് വയ്ക്കാത്ത ബൈക്കുയാത്രക്കാരേ സാഹസികമായി എറിഞ്ഞുവീഴ്ത്തി പിടിച്ചു  മിടുക്കുതെളിക്കുന്നുണ്ടെങ്കിലും; അതേമിടുക്കില്‍  പ്രമുഖനെപിടിക്കാന്‍  കഴിവിന്‍റെ പരമാവധി നോക്കിയിട്ടും; അങ്ങേരിപ്പോഴും  രക്ഷപെട്ടുനില്‍ക്കുന്നു. പ്രമുഖന് സംഭവുമായി ഒരു ബന്ധവുമില്ലെന്ന് മുഖമന്ത്രിതന്നെ പറയുമ്പോള്‍ ഈ പ്രമുഖന്‍ ആള്‍ ചില്ലറക്കാരനല്ലെന്നു വ്യക്തം.. ഇങ്ങനെ എവിടെയോയിരുന്നു ചരടുവലികള്‍ നടത്തുന്ന ഈ പ്രമുഖനും; ദാവൂദ് ഇബ്രാഹിമും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ജനത്തിന്‍റെ സംശയം. അങ്ങേരാണല്ലോ അങ്ങ് കറാച്ചിയിലിരുന്നുകൊണ്ട് ഇന്ത്യയില്‍ പടക്കം പൊട്ടിച്ചുകളിക്കുന്നത്. പ്രമുഖന്‍ എന്തെല്ലാം അക്രമങ്ങള്‍ ചെയ്യുന്നു,ആരെയെല്ലാം പീഡിപ്പിക്കുന്നു, എവിടെയെല്ലാം കള്ളക്കടത്ത് നടത്തുന്നു;  പക്ഷെ ആര്‍ക്കും പിടിക്കാന്‍ പറ്റുന്നില്ല.. പ്രമുഖന്‍ ചെയ്യുന്ന കുറ്റങ്ങളെല്ലാംതന്നെ  മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുവെങ്കിലും;  നിര്‍ഭയം നിരന്തരം അന്വേഷണം നടത്തിയിട്ടും പ്രമുഖന്‍ ആരെന്നു ഇന്നേവരെ ആര്‍ക്കും അറിയില്ല.

  പ്രമുഖനടിയെ ആക്രമിച്ചതിനുപിന്നില്‍ പ്രമുഖനാണെന്ന് ‘നേരോടെ നിരന്തരം പേടിയുള്ള’ എല്ലാ മാധ്യമങ്ങളും ഒരുപോലെപറഞ്ഞിരുന്നു. ബീച്ചില്‍ ഒന്നിച്ചിരുന്നു സൊറപറയുന്ന കമിതാക്കളെ കൈകാര്യംചെയ്യാന്‍ സദാചാരക്കാരും, പോലീ,സും മാധ്യമങ്ങളും ജാഗ്രതയോടെ നടക്കുന്നുണ്ട്. എങ്ങാനും കണ്ടുപോയാല്‍ ഫോട്ടോയെടുക്കുന്നു, കൈത്തരിപ്പ്‌ തീര്‍ക്കുന്നു, ചര്‍ച്ചിക്കുന്നു, ഉപദേശിക്കുന്നു അങ്ങനെ അവരെ ഒരു പരുവമാക്കുന്നു. പക്ഷെ പീഡനക്കേസിലെ  പ്രമുഖന്‍റെ ഐഡന്റിറ്റിയെക്കുറിച്ച് അവര്‍ക്കും വിവരമൊന്നുമില്ല. ആ പ്രമുഖന്‍ വിവാഹിതനാണോ, പിള്ളേരുണ്ടോ, അവന്‍റെ പഞ്ചായത്ത് ഏതാണ്, അവന് വോട്ടുണ്ടോ, ആധാര്‍ കാര്‍ഡ് ഉണ്ടോ, അവന്‍ കഞ്ചാവടിക്കുമോ, സിനിമ കാണുമോ....ആര്‍ക്കും   ഒന്നുമറിയില്ല.

 പ്രമുഖന് കേരളത്തിലുടനീളം മിക്കജില്ലകളിലും ഹോട്ടല്‍വ്യവസായമുണ്ടെന്നു തെളിയിക്കുന്നവാര്‍ത്തകള്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രമുഖന്‍റെ; പ്രമുഖഹോട്ടലില്‍നിന്നും ചീഞ്ഞഭക്ഷണം പിടിച്ചുവെന്ന വാര്‍ത്തവരും.. പക്ഷെ പ്രമുഖനെ; എന്തിനു പ്രമുഖന്‍റെ  പ്രമുഖഹോട്ടലുകളുടെ പേരുപോലും നാടുനീളെ ഒളിക്യാമറയുമായി നടക്കുന്ന മാധ്യമങ്ങള്‍ക്കോ; ചീഞ്ഞഭക്ഷണം തിന്നു നോക്കി നടപടിയെടുത്ത  ആരോഗ്യവകുപ്പധികൃതര്‍ക്കോ അറിയില്ല.
  
 പ്രമുഖനു കേരളത്തിലുടനീളം ജ്വല്ലറികളുണ്ടെന്ന് വ്യക്തമായതെളിവുകള്‍ ഉണ്ട്. പ്രമുഖന്‍; പ്രമുഖജ്വല്ലറിയുടെ പേരില്‍ വിമാനത്താവളങ്ങള്‍ വഴി സ്ഥിരമായി സ്വര്‍ണ്ണക്കടത്ത് നടത്തുന്നതായി നിരന്തരം നുണ പറയുന്ന മാധ്യമങ്ങള്‍ വളരെസത്യസന്ധമായി പറയുന്നു. പക്ഷെ  ഇന്നേവരെ സ്വര്‍ണ്ണം കടത്തിയ ആ പ്രമുഖന്‍ ആരാണെന്നു ആര്‍ക്കും അറിയില്ല.

 പ്രമുഖന്‍ നടത്തിയതെന്നു പറയപ്പെടുന്ന  വാണിഭ പീഡന ക്ലിപ്പുകള്‍ അടുത്തകാലത്ത്‌ പുറത്തുവന്നിരുന്നു . പക്ഷെ പ്രമുഖന്‍റെ പേരുവിവരം എന്നിട്ടും പുറത്തു വന്നില്ല. കേസും വന്നില്ല.

  പ്രമുഖന്‍റെ ബ്രാന്റുകള്‍  കേരളത്തില്‍ വിതരണംചെയ്യുന്ന കറിപൌഡറുകളില്‍ കൂടിയ അളവില്‍ മായംകലര്‍ന്നിട്ടുണ്ടെന്ന് മിക്കപ്പോഴും വാര്‍ത്തകള്‍ വരുന്നു. പക്ഷെ അ പ്രമുഖ ബ്രാന്‍ഡ്‌ ഏതാണെന്ന് ആര്‍ക്കും അറിയില്ല. പൊതുജനം വിഷംകഴിച്ച് ചകാതിരിക്കാന്‍ ആ പ്രമുഖ ബ്രാന്റ്റ് ഏതാണെന്ന് പറയാനുള്ള ധൈര്യംപോലും നിര്‍ഭയക്കാരാണെന്ന് പറയുന്ന മാധ്യമങ്ങള്‍ക്കോ, സര്‍ക്കാരിനോ ഇല്ല..   

 രാജ്യത്ത് നടക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ കുംഭകോണങ്ങളിലും പ്രമുഖന്‍ ഉള്‍പ്പെടുന്നതായി എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ ഇതുവരെ പ്രമുഖനെതിരെ ഒരു കേസും ഒരിടത്തും ഉള്ളതായി അറിയില്ല.

  മിക്കവാറും നടക്കുന്ന വ്യാജമദ്യ, സ്പിരിറ്റ് കടത്തിലും പ്രമുഖനു കൈയുള്ളതായി വാര്‍ത്തകള്‍ വരുന്നു. പക്ഷെ ഇന്നേവരെ പ്രമുഖനെ ഈ വിഷയത്തില്‍  ചോദ്യം ചെയ്തതായി അറിവില്ല. ജിഷാകൊലക്കേസ്, രാധാകൊലക്കേസ്  അങ്ങെനെ പ്രമാദമായ പല കൊലപാതകങ്ങളിലും പ്രമുഖന് പങ്കുള്ളതായി അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ പ്രമുഖനെ ചോദ്യം ചെയ്തതായോ ശിക്ഷിച്ചതായോ  ഒരു വാര്‍ത്തയും കണ്ടില്ല.  പഴയ  സൂര്യനെല്ലി, കിളിരൂര്‍ പെണ്‍വാണിഭകേസുകളിലും പ്രമുഖനു പങ്കുള്ളതായി അന്ന് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ അറസ്റ്റോ ചോദ്യം ചെയ്യാലോ ഉണ്ടായില്ല.
  
  സോളാര്‍ പീഡനകേസില്‍ പ്രമുഖനും; പ്രമുഖന്‍റെ ആളുകള്‍ക്കും പ്രമുഖ പങ്കുള്ളതായി പ്രമുഖ സോളാര്‍ നടി അന്ന് വെളിപ്പെടുത്തിയിരുന്നു. നടിയുടെ ഫോട്ടോയും ചരിത്രവും എല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു പക്ഷെ പ്രമുഖന്‍റെതെന്ന്‍ പറയാവുന്ന ഒരു കൊച്ചുഫോട്ടോപോലും പുറത്തുവന്നില്ല...

  അടുത്തയിടെനടന്ന ലോ കോളേജ് സമരം പൊളിക്കാനായി പ്രമുഖന്‍ ഇടപെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു... ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നിലും ഏതോ പ്രമുഖന്‍റെ കരങ്ങള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.. ചുരുക്കത്തില്‍ കേരളത്തില്‍ നടക്കുന്ന സകലമാന കുഴപ്പങ്ങള്‍ക്കും പിന്നിലും ഒരു  പ്രമുഖന്‍ ഉള്ളതായി  കാണാം. എന്നിട്ടും  ആ പ്രമുഖനെ പിടിക്കാന്‍ ഇവിടുത്തെ നിയമസംവിധനങ്ങള്‍ ഒരു നടപടിയും എടുക്കുന്നില്ലായെന്നതാണ് കൌതുകകരമായ വസ്തുത.. കേള്‍ക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചില സാദ്ധ്യതകള്‍  വെച്ചുകൊണ്ട് ഈ പ്രമുഖന്‍ അയാളായിരിക്കാം, ഇയാളായിരിക്കാം എന്ന് ജനത്തിന് ചില സംശയങ്ങളുണ്ടെങ്കിലും ഒരു സ്ഥിരീകരണവും ആരുടെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല.. ഈ പ്രമുഖന്‍ അരൂപിയാണോ, ആശരീരിയാണോ, ഏകനാണോ അതോ റിപ്പര്‍ പോലെ  പ്രമുഖനെന്നപേരില്‍ പലരുണ്ടോ ആര്‍ക്കും ഒന്നുമറിയില്ല... ആരുടെ പിന്നാലേയും പ്രമുഖന്‍ ഉണ്ടാകാം.. ഉള്ളില്‍ ചെറിയൊരു ഭയം ഉണ്ടെങ്കിലും   ആര്‍ക്കും പിടികൊടുക്കാത്ത ഇത്രയും സ്വാധിനശക്തിയുള്ള ആ പ്രമുഖനെ സമ്മതിക്കുകതന്നെ വേണം.. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വെറുതെയൊരു തോന്നല്‍;  അടുത്ത ജന്മത്തിലെങ്കിലും ഒരു പ്രമുഖനായി ജനിച്ചാല്‍ മതിയായിരുന്നു.

RELATED POSTS
ഇനിയും മുല ചെത്തേണ്ടി വരുമോ
നടന്‍റെ വട തീറ്റയും ,നടിയുടെ പപ്പടം കാച്ചലും


ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

10 comments:

 1. പ്രമുഖന്‍ നമ്മുടെ സ്വന്തം ആളാ .അങ്ങനയൊന്നും അങ്ങേരുടെ അപ്പോയിന്റ്മെന്റ് കിട്ടില്ല. മാധ്യമങ്ങള്‍ ഒന്നും അങ്ങേര്‍ക്കെതിരെ വാര്‍ത്ത‍ കൊടുക്കില്ല ലെവരൊക്കെ കഞ്ഞികുടിച്ചു പോകുന്നതു തന്നെ പ്രമുഖന്‍ ഉള്ളതുകൊണ്ടാ

  ReplyDelete
 2. രാജീവ്‌February 26, 2017 at 4:05 PM

  പ്രമുഖന്‍ ആരെണെന്ന് ആര്‍ക്കും അറിയില്ല പക്ഷെ എല്ലാവര്ക്കും അറിയാം അതാണ്‌ സ്ഥിതി

  ReplyDelete
 3. uluppilathaa naarikal pramukhane thangi nadakkum .madhyamangal aanu polum thendikal

  ReplyDelete
  Replies
  1. ഉളുപ്പുണ്ടായാല്‍ ജീവിക്കാന്‍ പറ്റുമോ

   Delete
 4. ഷംസൂ എന്ന പ്രമുഖന്‍February 28, 2017 at 10:18 PM

  എന്തരോ എന്തോ ..ഞാന്‍ പേരുമാറ്റി പ്രമുഹന്‍ എന്നാക്കി

  ReplyDelete
 5. ഈ പ്രമുഖന്‍ അരൂപിയാണോ, ആശരീരിയാണോ, ഏകനാണോ...?

  might be close to God? he has got all this spec :)

  ReplyDelete
  Replies
  1. സംഭവത്തിന്‍റെ കിടപ്പുവശം നോക്കുമ്പോള്‍ ചിലപ്പോ ദൈവം തന്നെയാകും ഈ പ്രമുഖന്‍

   Delete