**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, February 20, 2017

പെണ്മക്കളെ ഡാന്‍സും പാട്ടുമല്ല; അക്രമിയുടെ മര്‍മ്മം നോക്കി പൊട്ടിക്കാന്‍ പഠിപ്പിക്കൂ..


.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍   
 കണാരേട്ടന്‍റെ കടയില്‍നിന്നും ബോണ്ടയും ചായയും കുടിക്കുന്നതിനിടയില്‍ അടുത്ത വായനശാലാവാര്‍ഷികത്തെക്കുറിച്ചുള്ള ചര്‍ച്ച പൊടിപൊടിക്കുകയാണ്; വടംവലിയും കഴകയറ്റവും വേണമെന്ന് ഒരു കൂട്ടര്‍, തീറ്റമത്സരം വേണമെന്ന് മറ്റൊരു വിഭാഗം.. ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണ് ബ്രേക്കിംഗ് ന്യൂസ് വന്നത്. പ്രമുഖനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മറ്റൊരു നടിയെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. വാര്‍ത്തകേട്ട് അതുവരെ ചര്‍ച്ചയില്‍ പങ്കെടുത്ത യുവത ആശങ്കാകുലരായി പലമാതിരി രോഷപ്രകടനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അയ്യപ്പന്‍ മകന്‍ സുബ്രൂവാണ് (എംഎ മലയാളം) ആദ്യരോഷം പുറത്തുവിട്ടത്.. ഇത് എന്തൊരുനാടാണ്, ഇതങ്ങനെ വിടാന്‍ പറ്റില്ല പ്രതികരിക്കണം.!! ഒരുമിനിട്ടേ; എഫ്ബി-യില്‍ ഒരു സ്റ്റാറ്റസ് ഇട്ടിട്ടിപ്പൊവരാം.. ‘പ്രതികരിക്കുക ജനമേ’ എന്ന ഹാഷ് ടാഗ് ഇടാം അല്ലേ. അതാകുമ്പോള്‍ കൂടുതല്‍ ലൈക് കിട്ടും. സുബ്രൂ അതിവേഗം ചായഗ്ലാസ്‌ കാലിയാക്കി പുറത്തേയ്ക്കോടി..  ചര്‍ച്ച പലവഴിക്ക് തിരിഞ്ഞിരിക്കുന്നു. ഫോട്ടോയും വീഡിയോയുമുണ്ടെന്നു പറയുന്നസ്ഥിതിക്ക് ഗൂഗിള്‍സേര്‍ച്ച്‌ ചെയ്യാന്‍ ഒരുകൂട്ടര്‍ ചായക്കടയുടെ പിന്‍വശത്തേയ്ക്ക് നീങ്ങി.. ഭാസ്കരന്‍ (എംഎ സൈക്കോളജി) മറ്റൊരു അഭിപ്രായമാണ് പ്രകടിപ്പിച്ചത് .പാതിരാത്രി വീട്ടില്‍ കിടന്നുറങ്ങേണ്ടന്ന സമയത്ത് ഇവളെന്തിനാ കാറില്‍കറങ്ങാന്‍ പോയെ .. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല ഗ്രൂപ്പില്‍ ഒരുപോസ്റ്റ്‌ ഇടട്ടെ.. ‘രാത്രികാലങ്ങളില്‍ സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കണ;മെന്ന ഹാഷ് ടാഗില്‍ ഒരുപോസ്റ്റ്‌........ അങ്ങനെ മൊബൈലില്‍ നെറ്റുള്ള സകലമാന ആളുകളും പ്രതികരിക്കാനും വീഡിയോ തപ്പാനും പോയപ്പോള്‍;  ഞങ്ങള്‍ കിളവന്മാര്‍ മാത്രം കടയില്‍ അവശേഷിച്ചു.. ഇതിനിടയില്‍ സുബ്രൂ ഓടിക്കിതച്ചുവന്നു.. സംഗതി പൊളിച്ചുമാഷേ;  നൂറു ലൈക്കും പത്തുഷെയറും കിട്ടി,  ഇത് തകര്‍ക്കും ഉറപ്പാ...
  
  നടിമാര്‍ക്കെതിരെയുള്ള ആക്രമണമായതിനാല്‍ നല്ല വെടിപ്പായി മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.. കൂട്ടത്തില്‍ ഒന്ന് ആക്രമിക്കപ്പെട്ടപ്പോള്‍ നിനക്കൊന്നും ഒരു വിഷമവും ഇല്ലെടാ മലമ@#$$%%##@ ളെ  എന്ന് പൊതുജനം പറയാന്‍ തുടങ്ങിയപ്പോള്‍; അല്പം വൈകിയാണെങ്കിലും തരങ്ങളുടെ അമ്മയും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.. ഇതിനിടയില്‍ ക്വട്ടേഷന്‍ കൊടുത്തവന്‍ കപ്പലില്‍ത്തന്നെ ഉണ്ടെന്ന വാര്‍ത്തയും പരക്കുന്നുണ്ട്. ഏതയാലും ബ്ലോഗര്‍മുരുകനും, അടിമ എംപി യും, ജെല്ലിക്കെട്ട് മാപ്പിളയുമൊക്കെ പ്രശ്നത്തില്‍ ഞടുക്കവും രോഷവും രേഖപ്പെടുത്തിയതുകൊണ്ട്.. ഇനിമേല്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായെന്നു ആരും കരുതരുത്.. നിര്‍ഭയ,സൌമ്യ,ജിഷ,പ്രമുഖനടി ... ഇതിങ്ങനെ തുടരുകയാണ്.. മെഴുകുതിരികത്തിച്ചും ,ഫെസ് ബുക്കില്‍ പ്രതിഷേധിച്ചും, മറൈന്‍ഡ്രൈവില്‍ റാലിനടത്തിയും നമ്മളാല്‍ കഴിയുംവിധം നമ്മളും പ്രതിഷേധിക്കും അത്രതന്നെ... ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവന്‍റെ വരിയുടച്ചു വിടുകയാണ് ചെയ്യേണ്ടത്.. അതിനു നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് കെല്‍പ്പില്ലായെന്നത് ഗോവിന്ദചാമിയെ മാത്രം നോക്കിയാല്‍ മതി.. അവനങ്ങനെ ബിരിയാണിതിന്നു കൊഴുക്കുന്നു. നമ്മുടെ പെണ്‍മക്കളെ കടിച്ചുകീറിയ നായ്ക്കളെ നമ്മുടെ ചിലവില്‍ത്തന്നെ  തീറ്റിപ്പോറ്റുന്ന അവസ്ഥയ്ക്ക് എന്ന് മറ്റംവരുമോ: ആന്നേ നമ്മുടെ പെണ്മക്കള്‍ സുരക്ഷിതരാവൂ..
  
  സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ് നടിയായാലും പിഞ്ചുകുഞ്ഞായാലും വെറുതെവിടില്ല.. അതിപ്പോ പള്‍സര്‍ സുനിയായാലും പൂജാരിയായാലും ഒരുപോലെതന്നെ. സ്ത്രീയുടെശരീരവും, ബാലഹീനന്‍റെ പണവും തരംകിട്ടിയാല്‍ ആക്രമിക്കപ്പെടുമെന്നതാണ് തത്വം. സ്ത്രീപുരുഷ സമത്വം ഏറ്റവുംകൂടുതലുണ്ടെന്ന് പറയപ്പെടുന്ന അമേരിക്കയില്‍ ഓരോ രണ്ട് മിനിട്ടിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുവെന്നാണ് കണക്ക്. സ്ത്രീസ്വാതന്ത്രമോ സമത്വമോ ഒന്നുമല്ല ഈ കാര്യത്തില്‍ പ്രശ്നം.. മനോഭാവം മാറണമെന്നുപറഞ്ഞ് വെറുതെ എഫ്ബിയില്‍ പോസ്റ്റുകള്‍ നാട്ടാം. അതുപോലെ ആക്രമിക്കപ്പെട്ടുകഴിഞ്ഞാല്‍ മെഴുകുതിരി കത്തിക്കലും മറൈന്‍ഡ്രൈവില്‍ പ്രതിഷേധപ്രകടനവും നടത്താം, അതുമല്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രസ്താവനകളിറക്കാം. ഇതൊക്കെകൊണ്ട് നാളെമുതല്‍  ഒരാക്രമണവും സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകില്ലായെന്നു പറയാമോ... ഇത്തരം  കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം; കുറ്റവാളികള്‍ക്ക് പരസ്യമായിത്തന്നെ കഠിനശിക്ഷനല്‍കുകയെന്നതാണ്. അത് കാണുന്ന ഒരാളും പിന്നിട് ആ കുറ്റം ചെയ്യരുത്.. കുറ്റം തടയാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗ്ഗം അത് ചെയ്താല്‍ ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം തന്നെയാണ്..   അതുളവാക്കുന്ന ഭയം കുറ്റംചെയ്യാനുള്ള പ്രേരണ ഇല്ലാതാക്കുന്നു.. നമ്മുടെനാട്ടിലെ രീതിയനുസരിച്ച് കുറ്റംചെയ്താല്‍ അറസ്റ്റ്‌, കോടതി, കുറ്റംതെളിഞ്ഞാല്‍ ജയില്‍വാസം അവിടെ വായന, എഴുത്ത്, കൈത്തോഴില്‍, ബിരിയാണിസേവ അങ്ങനെ ജീവിതം സുഖം... ഈ സുഖജീവിതം അറിയുന്ന സമാനസ്വഭാവമുള്ള അടങ്ങിയിരിക്കുന്ന ക്രിമിനലുകള്‍ പതുക്കെപ്പതുക്കെ തലപൊക്കാന്‍ തുടങ്ങുന്നു.. ഇരയുടെ വേദന അവന് ഒരിക്കലും ബാധകമാവുന്നില്ലായെന്നത് കുറ്റം ചെയ്യാനുള്ള പ്രേരണയെ ബലപ്പെടുത്തുന്നു.

  ഗള്‍ഫ്‌ നടുകളിലോക്കെ ഇത്തരം ലിംഗംപൊക്കികള്‍ ഇല്ലാത്തതുകൊണ്ടാല്ല.. പൊക്കിയവനുള്ള ശിക്ഷ കാലതാമസംകൂടാതെ പരസ്യമായിത്തന്നെ കൊടുക്കുന്നു.. അതിന്‍റെ കഠിനത അറിയുന്നവന്‍ പിന്നെയാപ്പണിക്ക് പോവില്ല. നല്ല കടുക്കാവെള്ളം കുടിച്ച് ഒതുങ്ങുന്നു.. നമ്മുടെ നാട്ടില്‍ ആ പേടിയൊന്നും വേണ്ട... ആളൂരിനെപ്പോലുള്ള വക്കീലുമാര്‍ അവര്‍ക്കായി രംഗത്ത് വരുകയും, കൂട്ടത്തില്‍ മനുഷ്യാവകാശക്കാരും ചേര്‍ന്നാല്‍ ഒരു തല്ലുപോലും മേടിക്കാതെ ക്രൂരനായ പീഡകനുപോലും ശിഷ്ടകാലം പരമസുഖം.
  
  സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാക്രമണങ്ങള്‍ക്ക് അതേ രീതിയില്‍ത്തന്നെ ശിക്ഷ കൊടുക്കട്ടെ.ഒരു സംശയവുംവേണ്ട കുറ്റങ്ങളുടെ എണ്ണം കുത്തനെ കുറയും.. ബസ്‌സ്റ്റാന്റുകളിലും മറ്റും പിടിക്കപ്പെടുന്ന പൂവാലന്മാര്‍ക്ക് ശിക്ഷയായി കുറഞ്ഞപക്ഷം ഒരാഴ്ച്ചത്തെയ്ക്ക് അവിടുള്ള പബ്ലിക് ടോയ് ലറ്റ് വൃത്തിയാക്കാനുള്ള ജോലികൊടുത്താല്‍ ആ ശല്യം അവിടെ അവസാനിക്കുമെന്ന് ഉറപ്പാണ്‌....

  സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ തടയാന്‍ കോടികള്‍ ഒഴുക്കി പദ്ധതികള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല.. ആക്രമിച്ചാല്‍ വിളിച്ചോളൂ എന്നുപറഞ്ഞു നമ്പര്‍ കൊടുത്തിട്ടുകാര്യമില്ല.. അക്രമിയെ ചെറുക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്. നമ്മുടെ സര്‍ക്കാരുകള്‍ മനസ്സുവെച്ചാല്‍ വരുംതലമുറയേയെങ്കിലും സ്വയം പ്രരോധിക്കാന്‍ പ്രാപ്തരാക്കാം.. പക്ഷെ മനസുവയ്ക്കണം. 

  നമ്മുടെ എല്ലാ സ്കൂളുകളിലും എല്‍പി തലം മുതല്‍ കരാട്ടെ, കുംഫൂ, കളരിപ്പയറ്റ് എന്നി ആയോധനകലകള്‍  ഒരു  പാട്യവിഷയമായിത്തന്നെ ഉള്‍പ്പെടുത്തി പഠിപ്പിക്കുക. പെണ്‍കുട്ടികള്‍ക്ക് ഇത് നിര്‍ബന്ധിതപരിശീലനം തന്നെയാക്കുക.. വേലിതന്നെ വിളവുതിന്നുന്ന കാലമായതിനാല്‍  പരിശീലക നിയമനത്തില്‍ സ്ത്രീപരിശീകര്‍ക്ക് മുന്‍ഗണന കൊടുക്കുക.. ഇങ്ങനെ ചെയ്താല്‍ ഒരു പെണ്‍കുട്ടി പത്താംക്ലാസ്സ് വരെ എത്തുമ്പോഴേക്കും സ്വയം പ്രതിരോധിക്കാനുള്ള പാഠങ്ങള്‍ പഠിച്ചിരിക്കുമെന്നുള്ളത് തീര്‍ച്ചയാണ്... മാത്രമല്ല ആപല്‍ഘട്ടങ്ങളില്‍ പതറാതെ പൊരുതാനും പ്രതിരോധിക്കാനുമുള്ള മാനസികബലവും ഇത്തരം ആയോധനകലകളിലൂടെ സ്വായത്തമാക്കാന്‍ കഴിയുന്നു.. ഇത്തരം ഇനങ്ങള്‍ കായികമേളയില്‍ ഉള്‍പ്പെടുത്തി ഗ്രേയിസ് മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഗുണമാവുകയും ചെയ്യും.

 സുബോധംനഷ്ടപ്പെട്ട ഒരു പുരുഷാരത്തിനുമുഴുവന്‍ ബോധവല്‍ക്കരണം നടത്തുന്നതിനെക്കാള്‍ എളുപ്പമാണ്; ഇങ്ങോട്ട് ആക്രമിക്കുന്നവന്‍റെ മര്‍മ്മം നോക്കി പൊട്ടിക്കാന്‍ ഒരു പെണ്‍കുട്ടിയെ പ്രാപ്തയാക്കുന്നത്.. അങ്ങനെ പെണ്‍കുട്ടികളുടെ അടിയും തൊഴിയുമെറ്റ് പലതും തകര്‍ന്നവരുടെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങുമ്പോള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കാണുമ്പൊള്‍ ആരുടെയെങ്കിലും ഫണം ഉയര്‍ന്നാല്‍; കിട്ടുന്ന അടിയുടെ ചൂട് ഓര്‍ക്കുമ്പോള്‍ അത് തനിയെ താഴും.. ചെറിയയിനം  ഞരമ്പുകളെ ചെറുക്കാന്‍  മൊട്ടുസൂചി, പിന്‍, കുരുമുളക് സ്പ്രേ തുടങ്ങിയ അനുസാരികളും കൈയ്യില്‍ കരുതുന്നത് ഒരു ശീലമാക്കിയെടുക്കുക...
  
 പെണ്‍കുട്ടികളുള്ള എല്ലാ മാതാപിതാക്കളോടുമായി;;; നിങ്ങള്‍ ആടാനും പാടാനും നിങ്ങളുടെ മകളെ പരിശീലിപ്പിക്കുമ്പോള്‍ കൂടെ ഏതെങ്കിലും ഒരു ആയോധനകലയും അവളെ അഭ്യസിപ്പിക്കാന്‍ ശ്രമിക്കുക.. ഈ കാലത്ത് ദേഹരക്ഷയാണ് ഒരു പെണ്‍കുട്ടിയെ അലട്ടുന്ന മുഖ്യപ്രശ്നം..അതിനുള്ള യഥാര്‍ത്ഥ പ്രതിവിധി കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവളെ പ്രാപ്തയാക്കുക എന്നതാണ്.. സംഭവിച്ചുകഴിഞ്ഞ് മെഴുകുതിരി കത്തിക്കാനും, പ്രതിഷേധിക്കാനും പോകുന്നതിനെക്കാള്‍ നല്ലത്; സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ എടുക്കുന്നതാണ്...  

RELATED POSTS
ഒരു ലക്ഷം സെക്സുകാരിയെ കേരളത്തിലേക്ക് വിളിക്കു  


ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

3 comments:

  1. nalloru nirdheshamaanu munnottu vachirikkunnathu ,abhinanadhanangal

    ReplyDelete
  2. ശരിയാണ് പറഞ്ഞിരിക്കുന്നത് പെണ്‍കുട്ടികളെ നിര്‍ബന്ധമായും നമ്മുടെ കളരിപ്പയറ്റ് എങ്കിലും പഠിപ്പിച്ചിരികണം

    ReplyDelete
  3. സംഭവിച്ചുകഴിഞ്ഞ് മെഴുകുതിരി കത്തിക്കാനും, പ്രതിഷേധിക്കാനും പോകുന്നതിനെക്കാള്‍ നല്ലത്; സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ എടുക്കുന്നതാണ്...

    ReplyDelete