**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, February 6, 2017

ദാസന്‍ ഇനി മഞ്ചല്‍ ചുമക്കും ; തോഴി ഭരിക്കും.........


  

വിദ്യാധരന്‍റെവ്യാകുലചിന്തകള്‍   
 സുബ്രുസ്വാമി ആളൊരു ഭയങ്കരന്‍തന്നെ.. ദേണ്ടെ അങ്ങേരുടെ ഒരു പ്രവചനംകൂടി  പൂര്‍ത്തിയാവുന്നു. തമിഴ്നാട്ടില്‍ ശെല്‍വന്‍ വെറും പനിനീര്‍പൂവ് മാത്രമാണെന്നും കുറച്ചു നാളുകള്‍ക്കകം ഇതളുകള്‍ കൊഴിയുന്ന ശെല്‍വനെ അടിച്ചുതളിക്കാരി അടിച്ചുവാരി കുപ്പയില്‍ എറിയുമെന്നും തലൈവി പോയപ്പോഴേ  സ്വാമി  പ്രവചിച്ചിരുന്നു.. അതിപ്പോ ശരിയായി  ദാസന്‍ മാറി തോഴി മുഖ്യമന്ത്രികസേരയില്‍ എത്തുന്നു. ഇങ്ങു കേരളത്തില്‍ സുബ്രു സ്വാമിക്ക് പകരക്കാരനായുള്ള ശങ്കരന്‍വക്കീല്‍ ഇമ്മാതിരി പ്രവചനമൊന്നും  ഇപ്പൊ നടത്തിയിട്ടില്ല.. പണ്ട് നടത്തിയതൊന്നും ഫലിച്ചിട്ടുമില്ല. അതുകൊണ്ട് നമുക്കിനിയും കാത്തിരിക്കണം . അണ്ണാക്കില്‍ കുടുങ്ങിയ വട എങ്ങനെ പുറത്തെടുക്കാമെന്ന് സ്വരാജ് സാറിനു പറഞ്ഞുകൊടുക്കുകയാണ് അങ്ങേരിപ്പോള്‍... മിക്കവാറും തന്തയ്ക്ക് വിളിയും തല്ലുംമേടിച്ച് പിരിയാനാണ് സാധ്യത...
   
  അയല്‍പക്കത്താണെങ്കില്‍ ഒരു നീണ്ടകഥ അതിന്‍റെ ശുഭപര്യവസാനത്തിലെക്ക് എത്തിക്കൊണ്ടിരിക്കുന്നു. അടിച്ചുതളിക്കാരിയായി വന്ന് , തോഴിയായി,  ചിന്നമ്മയായി ഒടുവിലിതാ മുഖ്യമന്ത്രിയാവുന്നു.. കഠിനപ്രയത്നം എന്നൊക്കെ പറയുന്നത് ഇതാണ്. കണ്ടുപടിക്കണം....  അമ്മകാന്റിനും, സൈക്കിള്‍, ടിവി, അരി, സാരി, മിക്സി എല്ലാം ഇനിയും പ്രതീക്ഷിക്കാം. ഇവിടെയാണെങ്കില്‍ റേഷനെങ്കിലും നേരെചൊവ്വേ കിട്ടിയാല്‍ മതിയായിരുന്നു.. ഇവിടെയും മുഖ്യമന്ത്രിയാവാന്‍ യോഗ്യതയുള്ള മഹിളകള്‍ക്ക് കുറവൊന്നുമില്ല. ജനത്തിന് മുന്നില്‍ എല്ലാം  തുറന്ന്‍ കാണിച്ചവര്‍ ധാരാളമുണ്ട്.  പക്ഷെ  യോഗ്യതയുള്ള മഹിളകളെ കൂകി ഇരുത്തുകയാണ് നമ്മുടെ ഒരു ശൈലി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒരു മിടുക്കി ഉയര്‍ന്നു വന്നതായിരുന്നു. അഴിമതി, കക്കല്‍, പറ്റിക്കല്‍, സ്വാധിനിക്കല്‍ ,പാട്ട്, ഡാന്‍സ്  അഭിനയം, തുറന്നുകാണിക്കല്‍ എല്ലാ കഴിവും ഒത്തുവന്നതായിരുന്നു പക്ഷെ എന്തുചെയ്യാം എല്ലാവരും കൂടി തല്ലിക്കെടുത്തി. ഇപ്പൊ കമ്മിഷനും മൊഴികൊടുക്കലുമായി തേരാപാര നടക്കുന്നു. ഈ സര്‍ക്കാരിന്റെ കാലത്തും സ്ഥിതി വിത്യസ്തമല്ല. പെണ്പുലികളെ ഒരു തരത്തിലും ഇവിടെ ഉയര്‍ത്തിവിടില്ല. ഉയര്‍ന്നാല്‍ അപ്പൊതന്നെ ഒരു കമ്മിറ്റി ഉണ്ടാക്കി  മാറ്റിനിറുത്തിക്കളയും. അതിനു കഴിഞ്ഞില്ലേല്‍ സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ ഫോട്ടോയും ഫോട്ടോഷോപ്പും നടത്തി നാറ്റിക്കും... നമ്മുടെ സാംസ്കാരികമായ ഒരു നടപ്പ് രീതിയിപ്പോള്‍ അതാണ്‌..  ആണുങ്ങള്‍  എത്ര കട്ടാലും ഒരു പെണ്ണിനെയും കസേരയിലിരുന്നു  കക്കാന്‍ വിടില്ലായെന്നാണ്   തീരുമാനം.  വല്ലാത്ത കഷ്ടം തന്നെ...
  
  1956 മുതല്‍ പുരുഷകേസരികള്‍ ഭരിച്ചുമുടിക്കാന്‍ തുടങ്ങിയതാണ്‌. മരുന്നിനുപോലും ഒരു സ്ത്രീയെ മുഖ്യമന്ത്രി കസേരയില്‍ എത്തിക്കാന്‍ ഇവിടുത്തെ ജനത്തിനോ പാര്‍ട്ടികള്‍ക്കോ കഴിഞ്ഞിട്ടില്ല... കയ്യിട്ടുവാരലും, കക്കലും, മുക്കലും, ബന്ധുനിയമനവും എല്ലാം ആണുങ്ങള്‍ക്ക് മാത്രം സംവരണം ചെയ്തിട്ടുള്ള നാടാണ് കേരളം... ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം പ്രാഗല്‍ഭ്യമുള്ള ഏതെങ്കിലും സ്ത്രീ ഉയര്‍ന്നുവന്നാലോ അപ്പോഴേ നാറ്റിച്ചും, ഉപയോഗിച്ചും  ഇല്ലാതാക്കികളയും എന്തൊരു കഷ്ടം.. ഇതിനെക്കാള്‍ എന്തുകൊണ്ടും ഭേദമാണ് തമിഴ്‌നാട്‌ .. കക്കലും കയ്യിട്ടുവാരലും അഴിമതിയും ആണ്‍പെണ് മാറ്റമില്ലാതെ നടക്കുമെന്നും അതുകൊണ്ട്  സമത്വമാണ് പ്രധാനമെന്നും അവര്‍ പറയുന്നു.. തലൈവരും തലൈവിയും മാറിമാറി വരണം.  രണ്ടു പ്രധാനകക്ഷികള്‍ DMK and AIADMK അവരങ്ങനെ മാറിമാറി ഭരിച്ചുമുടിക്കും. ഒന്നില്‍ ആണ്‍ മുഖ്യമന്ത്രി ആകുമ്പോള്‍ മറ്റേതില്‍ പെണ്ണായിരിക്കുംമുഖ്യമന്ത്രി ആ ഫോര്‍മുല തെറ്റാതെ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഈ ചിന്നമ്മ വരവിനെ കണ്ടാല്‍മതി.. സ്ത്രീപുരുഷ സമത്വം മുഖ്യമന്ത്രി നിയമനത്തില്‍ നടപ്പാക്കാന്‍  ആരെയും കിട്ടിയില്ലേല്‍ അടിച്ചുതളിക്കാരിയെവരെ മുഖ്യമന്ത്രിയാക്കുന്ന; തമിഴന്‍റെ ആ വിശാലമനസ്കത കേരളത്തിലെ നേതാക്കള്‍ കണ്ടുപഠിക്കണം.. സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞുകിടന്നപ്പോള്‍ കുറച്ചുനേരത്തെയ്ക്ക് അവിടെ ഇരുന്നെങ്കിലും മറ്റൊരു സ്ത്രീ വന്നപ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുത്ത പനീര്‍ശെല്‍വത്തേയും കുറച്ചുകാണേണ്ട.. കേരളത്തിലാണേല്‍ ഇരുന്ന സീറ്റില്‍നിന്നും ഒരാളെ എണീപ്പിക്കണമെങ്കില്‍ പോലീസും പട്ടാളവുവുമൊക്കെ വരേണ്ടിവരും. മാത്രമല്ല കേരളത്തിലെ നേതാക്കളെല്ലാം മക്കളെയും കുടുംബക്കാരെയും പിഗാമികളാക്കുന്നത്തിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. അത് ചിലപ്പോ പണികിട്ടാന്‍ സാധ്യതയുണ്ടന്ന്‍ ഇനിയെങ്കിലും മനസിലാക്കണം. സംശയമുണ്ടേല്‍  ഉത്തര്‍പ്രദേശിലേക്ക് നോക്കിയാല്‍ മനസിലാകും. ഇതൊക്കെ നേരത്തെ മനസ്സില്‍ക്കണ്ട് തലൈവി  കുടുംബക്കാരെ പോലും അടുപ്പിച്ചില്ല.. പകരം കൈമുത്തുന്നവനും കാലില്‍വീഴുന്നവനും മുന്‍ഗണന കൊടുത്തു. ദോഷം പറയരുതല്ലോ അതുകൊണ്ട് അവസാനംവരെ കസേരയില്‍ ഇരിക്കാന്‍ പറ്റി.. ഇവിടെയും ഒരു ലീഡര്‍ ഉണ്ടായിരുന്നു അദേഹത്തിന്റെ അവസ്ഥ എന്തായെന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
  
   ഇനിവരുന്നത് ജയലളിതയുടെ അടിച്ചുതളിക്കാരിയാണെന്ന് ശത്രുക്കള്‍ പറയുന്നുണ്ടങ്കിലും   ചിന്നമ്മയ്ക്ക് കഴിവില്ലായെന്നുമാത്രം പറയരുത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ AIADMK യെ മൊത്തമായി ഇതുപോലെ വിഴുങ്ങണമെങ്കില്‍ ആള് ചില്ലറക്കരിയല്ലാന്നു വ്യക്തമാണ്.. പിന്നെ ഭരിക്കാനുള്ള അനുഭവസമ്പത്ത്; അതൊക്കെഎന്ത്?   വെറും ചപ്പാത്തിയുണ്ടാക്കലും പശുകറവയുമായി നടന്ന റബ്രി ബീഹാര്‍ ഭരിച്ചില്ലേ.. അവിടെ എന്തെങ്കിലും സംഭവിച്ചോ. ഒന്നും സംഭവിച്ചില്ല.. അപ്പോപ്പിന്നെ  തോഴിക്കും ഒരു ഭരണമൊക്കെ നടത്താം. ഇനിയിപ്പോ എവിടയെങ്കിലും അല്പം പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായാല്‍ മുല്ലപ്പെരിയാറും കാവേരിയുമൊന്നു ഉഷാറാക്കിയാല്‍ മതി. എല്ലാംമറന്ന്‍ തമിഴന്മ്മാര്‍ കല്ലും കുറുവടിയുമായി റോഡില്‍ ഇറങ്ങിക്കോളും... അണ്ണന്‍മാരേ സംബന്ധിച്ചടത്തോളും അവര്‍ക്ക് കൈമുത്താനും കാലില്‍വിഴാനും ഒരു തലൈവി  വേണമെന്നുള്ളത് നിര്‍ബന്ധമാണ് .. ഒരു തലൈവര്‍ ഉള്ളതിനാണെങ്കില്‍ ഏറ്റുനിക്കാന്‍ ആക്കമില്ല.. ചെക്കനാണേല്‍ പണി പഠിച്ചുവരുന്നതേയുള്ളൂ. അതുകാരണം തോഴിയമ്മയ്ക്ക് ആ ഭാഗത്തുനിന്നും കാര്യമായി ആക്രമണം ഉണ്ടാകാന്‍ ഇടയില്ല... ആക്രമണം ഉണ്ടാകാന്‍ ആകെ സാധ്യതയുള്ളത് കേരളത്തില്‍നിന്നുമാണ്. പേടിക്കേണ്ട വടിയും കല്ലുമൊന്നും ഉപയോഗിക്കില്ല... ട്രോളാണ് നമ്മുടെ ആയുധം.. ട്രോളി ട്രോളി നമ്മള്‍ ആയമ്മയെ ഒരു പാഠം പഠിപ്പിക്കും അതുറപ്പാ... കമ്പ്യൂട്ടര്‍ തുറക്കാതിരുന്നാല്‍മതി അതും പേടിക്കേണ്ട.. ഇതുവരെ ട്രംപിനെതിരെയായിരുന്നു ആക്രമണം ഇനിയിപ്പോ ചിന്നമ്മയ്ക്കും പണികിട്ടും... കേരളത്തിനുചുറ്റും മതില്‍കെട്ടും മുല്ലപെരിയാര്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും എന്നൊക്കെ പറഞ്ഞാല്‍ സംഗതി ഒന്നുകൂടി കൊഴുപ്പിച്ചെടുക്കാം.  
  
  ചിന്നമ്മ വന്നാല്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമുണ്ടാകുമെന്നു ചില കേരളിയബുദ്ധിജീവികള്‍ പറയുന്നുണ്ട് അത് കാര്യമാക്കേണ്ട കാര്യമല്ല. കക്കുന്ന കാര്യത്തില്‍ പി എച്ച് ഡി എടുത്ത കാരുണ്യവാന്മ്മാരായ നേതാക്കള്‍ കേരളത്തില്‍ കാരുണ്യം പറഞ്ഞു വിലസുമ്പോള്‍ അക്കാര്യം പറഞ്ഞ് ചിന്നമ്മയെ കുറ്റംപറയാന്‍ പറ്റില്ല. അഴിമതിയുടെ സമസ്തമേഖലയിലും കേരളനേതാക്കള്‍ കൈവെച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ‘തെളിവുണ്ടോ വെളിവുണ്ടേ ഉണ്ടേല്‍ കാണിക്ക്’ എന്നൊരു പ്രയോഗംതന്നെ ഇവിടെ ഉണ്ടായിട്ടില്ലേ. പാലുകാച്ചുന്ന വീട്ടില്‍ കരിക്ക് കുടിക്കാന്‍ പോയവര്‍ പാര്‍ക്കുന്ന നാടാണിത്. പെണ്‍വാണിഭത്തില്‍ ബിരുദാനന്തരബിരുദമുള്ള നേതാക്കള്‍ നമ്മുടെ നിയമസഭയില്‍ പൂജ്യരായി ഇരുന്നിട്ടില്ലേ.   കുടുംബക്കാരെ തിരുകിക്കയറ്റിയിട്ട് ഒരാള്‍ ഇപ്പൊ പുറത്തു പോയതേയുള്ളൂ .. 1, 2, 3 കണക്കില്‍ ആളുകളെ വെട്ടിവീഴ്ത്തി കുഴിച്ചുമൂടിയെന്നു അവകാശപ്പെടുന്ന മാന്യദേഹം കൊടിവെച്ച കാറില്‍ പറന്നുനടക്കുന്നു  ഇങ്ങനെ എല്ലാ കൂതറകാര്യങ്ങളിലും നമ്മള്‍ തമിഴ്നാടിനെക്കാള്‍ ഒരുപടി മുന്‍പില്‍ തന്നെയാണ്;ചിന്നമ്മ മുഖ്യമന്ത്രിയായെന്നു കരുതി അതൊന്നും മറികടക്കാന്‍ പോണില്ല. ഒറ്റകാര്യത്തില്‍ ഒഴികെ; ഇക്കാലമേത്രയും കഴിഞ്ഞിട്ടും ഒരു വനിതയെ  മുഖ്യമന്ത്രിക്കാസേരയില്‍ ഇരുത്താന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. ആ വിഷയത്തില്‍ നമ്മള്‍ തമിഴനെ കണ്ടുപടിക്കേണ്ടിയിരിക്കുന്നു... സമത്വം സമത്വമെന്നു വലിയവായില്‍ കൂവിയാല്‍ പോരാ കാണിച്ചുകൊടുക്കണം. ദോശ, വട, ചമ്മന്തി, അരി, പപ്പടം, സൈക്കള്‍, ടി വി,കമ്പ്യൂട്ടര്‍ , മിക്സി, സാരി ഓര്‍ത്തിട്ടു കൊതിയാവുന്നു.. നമുക്കെന്നുകിട്ടും ഇമ്മാതിരി തലൈവിമാരെ... 


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

4 comments:

 1. സരിതെച്ചിയെ ആണോ മാഷേ ഉദേശിച്ചത്‌ ചേച്ചിക്ക് എന്താ ഒരു കുറവ് പുള്ളിക്കാരി ഇലക്ഷന് നിന്നാല്‍ എന്റെ വോട്ട് അങ്ങോട്ട്‌ തന്നെയാ

  ReplyDelete
 2. അടുത്ത ഇലക്ഷന് നോക്കാം

  ReplyDelete
 3. ഹാസ്യം സൂപ്പർ.കൊള്ളേണ്ടിടത്ത്‌ മുന ചെന്ന് കൊള്ളുന്നുണ്ട്‌!!!!

  ReplyDelete
 4. അടിച്ചുതളിക്കാരിയായി വന്ന് , തോഴിയായി, ചിന്നമ്മയായി ഒടുവിലിതാ മുഖ്യമന്ത്രിയാവുന്നു..

  there you go, instead of wasting your time on this blog, follow chinnamma :)

  ReplyDelete