**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, February 2, 2017


               ഇത് മാന്യതയാണോ മാധ്യമം.


   കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ക്കെല്ലാം ഇപ്പൊ അഷ്ടമത്തില്‍ ഗുളികനാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് വനിതാ പ്രിന്‍സിപ്പല്‍മാര്‍ക്ക്  പാലക്കാട്‌ റീത്ത് വെച്ചു, എറണാകുളത്ത് കസേര കത്തിച്ചു, തിരുവനന്തപുരത്ത്  രാജിയില്‍ വന്നുനില്‍ക്കുന്നു കാര്യങ്ങള്‍ . ഇതില്‍ ഇപ്പോള്‍ കത്തിനില്‍ക്കുന്നതും നിറഞ്ഞോടുന്നതും ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ രാജിക്കാര്യമാണ്. ..ലക്ഷ്മിനായര്‍ രാജി വെച്ചാല്‍ അക്കാദമിയിലെ സകല പ്രശ്നങ്ങളും തീരുമെന്നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇന്റെര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുന്നു, കാന്റിനില്‍ പണി ചെയ്യിക്കുന്നു, കാമറ വെയ്ക്കുന്നു, മൈതാനത്ത് കളിക്കാന്‍ വിടുന്നില്ല, അകാരണമായി ചീത്തവിളിക്കുന്നു തുടങ്ങി പരാതികള്‍ ധാരാളം .. ഇതൊക്കെ പരിഗണിച്ച് പ്രിന്‍സിപ്പലിനെ അഞ്ചു വര്‍ഷത്തേയ്ക്ക് കോളേജില്‍നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കാമെന്ന് മാനേജ്മെന്റ് പറഞ്ഞിട്ടും ഒരു വിഭാഗത്തിന് തൃപ്തി വരുന്നില്ല.. അഞ്ചു വര്‍ഷത്തേയ്ക്ക് മാറ്റിനിറുത്തിയാല്‍ ഇപ്പൊ സമരം ചെയ്തവര്‍ക്കും, ഇന്റെര്‍ണല്‍ കുറഞ്ഞവര്‍ക്കും, പ്രതികാരം ഭയക്കുന്നവര്‍ക്കും പ്രിന്‍സിപ്പാളിനെ കാണാതെ പഠിച്ചിറങ്ങാം എന്നിട്ടും രാജിതന്നെ വേണമെന്നു  പറഞ്ഞാല്‍; ഉള്ള ജോലി കളയാന്‍ ആരെങ്കിലും നില്‍ക്കുമോ മക്കളെ . ലോ അക്കാദമി വിഷയത്തിൽ ഇന്റെര്‍ണല്‍ മാര്‍ക്കില്‍  പക്ഷപാതം കാണിച്ചതിനുള്ള ശിക്ഷയായി യൂണിവേഴ്സിറ്റി അവരെ  5വർഷത്തേക്ക് ഡിബാര്‍ ചെയ്തു. പിന്നെ 5 വർഷത്തേക്ക് ഇനി ലോ അക്കാദമി ഇൽ ഒരു ഫാക്കല്‍റ്റിയായിട്ടൂ പോലും അവർക്കു ജോലിചെയ്യാൻ കഴിയില്ല. വിദ്യാർത്ഥികളുടെ മറ്റു ആവശ്യങ്ങളും മാനേജ്‌മന്റ് അംഗീകരിച്ചതിനാല്‍ . സമരത്തിൽ പങ്കെടുത്ത എല്ല വിദ്യാർത്ഥികൾക്കും അഭിമാനിക്കാം.  അവർക്കെതിരെയുള്ള മറ്റൊരു ആരോപണം ജാതി അധിക്ഷേപം നടത്തിയെന്നതാണ് അതിനു പോലീസ് കേസ് ഉണ്ട്. തെളിയിക്കപ്പെട്ടാൽ അതിനുള്ള നിയമ നടപടി ലക്ഷ്മി നായർ നേരിടേണ്ടി വരും. ഇത്തരത്തിലുള്ള ഒരു വിഷയം കോടതിവഴി മാത്രമേ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയൊള്ളു. കേസില്‍ ലക്ഷ്മി നായർ കുറ്റക്കാരിയാണെന്ന് തെളിയുന്നതിനുമുന്നെ രാജി വെക്കണമെന്ന് പറയുന്നത് ശരിയാണോ?  അധ്യാപകർക്കും അവകാശങ്ങൾ ഉണ്ട്. ഭൂമി പതിച്ചു നല്കിയതുമായുള്ള വിഷയം സർക്കാരും കോളേജ് മാനേജുമെന്റും  തമ്മിലുള്ള പ്രശ്‌നമാണ്.അതും ലക്ഷ്മി നായരുയുടെ രാജി ആവശ്യവും തമ്മിൽ ബന്ധമില്ല. ഇനി എന്തിനാണ് സമരം??? കോടതി വിധിയിലൂടെ ചിലപ്പോ മടങ്ങി വന്നാലോയെന്നാണ് പേടി.. ..ഇങ്ങനെ പേടിച്ചാല്‍ ജീവിക്കാന്‍ പറ്റുമോ? വരട്ടെ അപ്പൊ വീണ്ടും നമുക്ക് സമരപ്പന്തല്‍ കെട്ടാമല്ലോ. കേരളമല്ലേ നാട്; സമരം തുടങ്ങാനും, തല്ലുവാങ്ങാനും, കല്ലെറിയാനും, അടിച്ചു പൊളിക്കാനും, ഹര്‍ത്താല്‍ നടത്താനും  നമ്മള്‍ ഒരു വിഷയം നോക്കി നടക്കുകയാണ്... നിങ്ങ പേടിക്കേണ്ട നമ്മള്‍ കൂടെയുണ്ട് .പിന്നെ ഒരുകാര്യം  പോയാ നിങ്ങക്ക് പോകും നമ്മള്‍ നൈസായിട്ടു സ്ഥലം വിടും ..അതുകൊണ്ട് ധൈര്യമായി ക്ലാസ്സില്‍ കയറി പഠിക്കാന്‍ തുടങ്ങിക്കോളൂ

  ഇനി ഈ വിഷയം ഏറ്റെടുത്ത് നിരന്തരം അക്രമണങ്ങള്‍ നടത്തുന്ന പ്രതികരണതൊഴിലാളികള്‍ അറിയാന്‍  മറ്റക്കര ടോംസ്, പാമ്പാടിനെഹ്‌റു, അമല്‍ജ്യോതി, വിമല്‍ജ്യോതി തുടങ്ങി മറ്റ് അനവധി കച്ചവട സ്ഥാപനങ്ങളിലും ഇതിലും രൂക്ഷമാണ് സ്ഥിതി. താടിവെച്ചാല്‍ ഫൈന്‍, മുണ്ട് ഉടുത്താല്‍ ഫൈന്‍, ഐഡി കാര്‍ഡ് തൂക്കില്ലേല്‍ ഫൈന്‍, ധ്യാനം കൂടിയില്ലേല്‍, ഫൈന്‍ ചിരിച്ചാല്‍ ഫൈന്‍, തുമ്മിയാല്‍ ഫൈന്‍ തുടങ്ങി വെരൈറ്റികളായ ഫൈനുകളിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് ഇമ്മാതിരി ജ്യോതികള്‍ ഉണ്ടാക്കുന്നത് ... അവിടെത്തന്നെ പ്രിന്‍സിപ്പലിന് സാമ്പാര്‍ വിളമ്പുന്നത് വിദ്യാര്‍ത്ഥിനികള്‍, വിളമ്പിയ സാമ്പാറിന് ഉപ്പില്ലേല്‍ തെറിവിളി,  രാത്രികാലങ്ങളില്‍ ലേഡിസ് ഹോസ്റ്റലുകളില്‍ ക്ലാസ് നടത്തുന്ന പ്രിന്‍സിപ്പല്‍, രാത്രികാലങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ കൌണ്‍സിലിംഗ് നടത്തുന്ന വെള്ളകുപ്പായക്കാര്‍ തുടങ്ങി അനവധി മൃഗയാവിനോങ്ങള്‍ പുറത്തുവന്നിട്ടും ഈ ലീലാവിലാസങ്ങള്‍ നടത്തിയ മാന്യദേഹങ്ങളുടെ പടങ്ങളൊന്നും ഒരു മാധ്യമത്തിലും പ്രചരിച്ചു കണ്ടില്ല. അതിനെതിരെ ആരും കാര്‍ട്ടൂണും വരച്ചുകണ്ടില്ല. കുറെ ചെടിചട്ടികള്‍ തകര്‍ക്കപ്പെട്ടു. കുറച്ചു ചില്ലുകള്‍ പൊട്ടിക്കപ്പെട്ടു അതിനപ്പുറത്തെയ്ക്ക് എവിടെയും സമരപന്തല്‍ ഉയര്‍ന്നില്ല . ഒരു വിദ്യര്‍ത്ഥി മരിച്ചിട്ടും അവിടങ്ങളിലെയൊക്കെ  പ്രതിക്ഷേധം പെട്ടന്ന് ആറിതണുത്തുപോയി... പക്ഷെ ലോഅക്കാദമിയും പ്രിന്‍സിപ്പലും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു.. മറ്റു കച്ചവടകോളേജുകളില്‍ നടക്കുന്ന പൊതുമിനിമം പരിപാടിയെക്കാള്‍ അധികമൊന്നും  അക്കാദമിയില്‍ പറഞ്ഞുകേട്ടില്ല.  എന്നിട്ടും കലാപപരിപാടികള്‍ മുഴുവന്‍ അവിടെമാത്രണ്... നിരാഹാരസമരം, പന്തല്‍സമരം, പ്രിന്‍സിപ്പലിന്റെ ചിത്രത്തില്‍ ചെരുപ്പ് മാലയിട്ടു പൂജിക്കല്‍ തുടങ്ങി എല്ലാ പരിപാടികളും അവിടെത്തന്നെ ചുരുങ്ങുന്നു. എന്തായിരിക്കാം കാരണം? എനിക്ക് തോന്നുന്നത് ഇതിനുള്ള പ്രധാനകാരണം പ്രിന്‍സിപ്പളിന്‍റെ  കുക്കറിഷോയാകാനാണ് സാധ്യത. കുക്കറി ഷോയ്ക്കും കുക്കറി ചാനലിനുമെതിരെയാണ് ഏറ്റവും കൂടുതല്‍ പ്രതിക്ഷേധം കാണുന്നത്.

  കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും രുചികരമായ് ഭക്ഷണം ഒരുക്കാന്‍ പഠിപ്പിച്ചിട്ടും ഒറ്റയൊരുത്തനും സപ്പോര്‍ട്ട് ചെയ്ത് കാണുന്നില്ല. ഇവരൊക്കെ മാഡത്തിന്റെ കുക്കറി ഷോകണ്ട് കഞ്ഞിയുംകറിയും വെച്ച് കൈ പൊള്ളിയവരാകാനാണ്  സാധ്യത. അല്ലെങ്കില്‍പിന്നെ എന്താണ് ഇത്രയധികം ദേഷ്യം..കുക്കറിഷോ കണ്ട് കുക്ക് ചെയ്ത് വയറ്റിളക്കം പിടിച്ചവരാണോ ഇവരൊക്കെ? ഒരു സൈക്കോളജിക്കല്‍ വ്യൂവിലൂടെ നോക്കിയാല്‍ മിക്കവാറും ഇതൊരുതരം ഞരമ്പുരോഗംകലര്‍ന്ന അസൂയയാകാനേ വഴിയൊള്ളൂ.

  അവര്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അല്പം എരിവും പുളിയുമൊക്കെ ചേര്‍ത്ത് ആവശ്യത്തിനു മസാലയും പുരട്ടി പ്രതിക്ഷേധരൂപേണെ ആക്രമിക്കുന്നു. ഒരു കലാലയത്തിന്‍റെ പ്രിന്‍സിപ്പല്‍ എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളേക്കാള്‍ അവരുടെ വേഷവിധാനങ്ങളേയും സദാചാര ബോധത്തേയുമാണ് വിമര്‍ശന വിധേയമാക്കുന്നത്. അതിലൂടെ തനിക്കില്ലാത്തത് എന്തോ കിട്ടിയെന്ന ആത്മസംതൃപ്തി.. കാക്കയുടെ വിശപ്പുംമാറും പോത്തിന്‍റെ കടിയും മാറുമെന്ന ലൈന്‍.. പക്ഷെ ഒരു കാര്യം പറയാതെ വയ്യ ലക്ഷ്മി നായര്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള ഈ തന്റേടം; ദിനംപ്രതി അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എന്നേ ഈ നാട് രക്ഷപെടുമായിരുന്നു... അതിനെവിടെ സമയം. എവിടെയെങ്കിലും  ഒരു സ്ത്രീയെകണ്ടാല്‍ അവളുടെ സാരിത്തുമ്പ്‌ മാറുന്നുണ്ടോ, ദേഹം കാണുന്നുണ്ടോ, മേനിനോക്കി നയനസുഖം കിട്ടുന്നുണ്ടോ തുടങ്ങി എല്ലാം  ആവോളം ഒളിഞ്ഞുനോക്കി  അതൊക്കെ കോര്‍ത്തിണക്കി തരം കിട്ടുമ്പോള്‍ ആക്രമിക്കുക. ഇത്തരം ലജാകരമായ പണിയാണ്  ഇപ്പൊ കട്ട ഹീറോയിസം. വിയോജിപ്പിന്‍റെ രീതീശാസ്ത്രവും പ്രതിഷേധത്തിന്‍റെ ശൈലീമാതൃകകളും അറിയാവുന്ന  മാധ്യമങ്ങള്‍ തന്നെ ഇത്തരം പണി ചെയ്യുമ്പോള്‍ കഷ്ടം എന്നേ പറയാന്‍ കഴിയൂ

2 comments:

  1. സമരവും നിയമലംഘനവും ഒന്നുമല്ല നമുക്ക് പ്രശ്നം വടയും സാമ്പാരുമാണ് നമ്മുടെ പ്രശ്നം ..

    ReplyDelete
  2. സ്ത്രീ ആയതുകൊണ്ട് മാത്രമുള്ള ആക്രമണങ്ങള്‍ ശരിയല്ല

    ReplyDelete