**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, February 22, 2017

പീഡനപരമ്പര ആവര്‍ത്തിക്കുന്നു; നിസ്സഹായരായി ഇരകള്‍....


  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  
  ഗ്രഹണിപിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടപോലെ എന്നൊരു ചൊല്ലുണ്ട്. ആര്‍ത്തിയെ സൂചിപ്പിക്കുന്ന ഒരു ചൊല്ലാണ്. ഏതാണ്ട് അതുപോലെയാണ് കേരളത്തില്‍ ഓരോ  പീഡനവും ആഘോഷിക്കപ്പെടുന്നത്.. വാര്‍ത്തകള്‍ ചൂടപ്പംപോലെ പടയ്ക്കും . അടിവേരുകള്‍ മാന്തിക്കീറി വിശകലനം ചെയ്യും, സ്ഥിരം ചര്‍ച്ചാത്തൊഴിലാളികള്‍ ഉറഞ്ഞുതുള്ളും, പെട്ടുപോയ ഇരയുടെ; മാര്‍ക്കറ്റ് വാല്യൂവെച്ചുള്ള പ്രസ്താവനകളും പ്രതിഷേധ യോഗങ്ങളും നടക്കും. ഗ്രേഡ് അനുസരിച്ച് മുഖ്യമന്ത്രിമുതല്‍ മണ്ഡലം കമ്മിറ്റിവരെ പ്രസ്താവനകള്‍ ഇറക്കും. മുമ്പ് പീഡനക്കേസുകളില്‍പെട്ട മിടുക്കന്മാര്‍വരെ ഒരുളുപ്പുമില്ലാതെ പീഡനത്തില്‍  പ്രതിഷേധിച്ചു പ്രസ്താവനയിറക്കാന്‍ വരുന്ന അത്ഭുതകാഴ്ചകള്‍ വേറെയുംകാണാം.... എന്നിട്ടോ; ഒടുക്കമെന്താവും;   പതിയെ വിഷയം കെട്ടടങ്ങും, ഒത്തുതീര്‍പ്പിനുവിധേയമായോ, ഭീഷണിക്കുവഴങ്ങിയോ, ഇരയുടെ നിസ്സഹായതകൊണ്ടോ എല്ലാ കേസുകളും പതിയെ ചവറ്റുകുട്ടയിലേക്ക് നീങ്ങും.. ജനം എല്ലാം മറന്നുതുടങ്ങി കുറച്ചുനാള്‍ കഴിയുമ്പോള്‍ വീണ്ടും പീഡനം ആവര്‍ത്തിക്കും. ആകെയൊരു വിത്യാസം സംഭവിക്കുന്നത്‌ ഇരയുടെയും കുറ്റവാളികളുടെയും പേരുകള്‍ക്ക് മാറ്റമുണ്ടാകുമെന്നതാണ്.. ഇതേ മാധ്യമങ്ങള്‍ വീണ്ടും ബിരിയാണികിട്ടിയ സന്തോഷത്തോടെ അന്തിച്ചര്‍ച്ചകള്‍ സംഘടിപ്പിക്കും.. പ്രതികരണതൊഴിലാളികള്‍ ഉറഞ്ഞുതുള്ളും അത്രതന്നെ .അതിനിടയില്‍ മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത അനേകം പീഡനങ്ങള്‍ പുറംലോകമറിയാതെ ഇരയുടെരോദനങ്ങള്‍ മാത്രമായി ഒടുങ്ങുന്നു..
  
 കൊച്ചിയില്‍ പ്രമുഖനടി ആക്രമണത്തിന് വിധേയമായ അതേ ദിവസങ്ങളില്‍ത്തന്നെ തലസ്ഥാനത്ത് ഒരു പിഞ്ചുകുഞ്ഞും ആക്രമണത്തിന് ഇരയായി. പീഡനത്തില്‍ തകര്‍ന്ന്‍ രക്തംവന്ന കുട്ടിയുടെ ലൈംഗികാവയവത്തില്‍ പഞ്ഞിതിരുകിയ ആ ക്രൂരനായ ക്രിമിനലിനെക്കുറിച്ച് ആരുമധികം അറിഞ്ഞില്ല.. ഈ പൈശാചികമായ സംഭവത്തെക്കുറിച്ച് പ്രത്യേകം ചര്‍ച്ചനടന്നില്ല.. കുഞ്ഞിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു യോഗവും കണ്ടില്ല... സ്ത്രീമുന്നേറ്റക്കാരും പ്രതികരണത്തൊഴിലാളികളും ഒന്നും പറഞ്ഞുകണ്ടില്ല.. പ്രിന്റ്‌ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഗതി ചെറിയകോളത്തില്‍ ഒതുക്കി.. രണ്ടു സംഭവങ്ങളിലും സ്ത്രീത്വമാണ് ആക്രമിക്കപ്പെട്ടത്..പക്ഷെ ഇരയുടെ മാര്‍ക്കറ്റ് വാല്യൂ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.. നമ്മുടെ മാനസികനിലവാരം പോലും കമ്പോളവത്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പൈശാചികമായ ലൈംഗികാക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധംപോലും ഇരയുടെ കമ്പോളവിലയുടെ അടിസ്ഥാനത്തിലായി മാറിയിരിക്കുന്നു.   
  
 കൊച്ചിയില്‍ താരങ്ങള്‍ നടത്തിയ പ്രതിഷേധം സ്ത്രീപീഡനത്തിനെതിരെ എന്നതിനേക്കാള്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിഷേധമെന്ന രീതിയാണ് ശ്രദ്ധിക്കപ്പെട്ടത്... സിനിമാക്കാരെ ആക്രമിച്ചാല്‍ ഞങ്ങള്‍ പ്രതിഷേധിക്കും അത്രമാത്രം.. തങ്ങളില്‍പ്പെട്ട ഒരുവന്‍തന്നെയാണ് ഈ അക്രമം നടത്തിയതെന്ന കാര്യം; തന്ത്രപൂര്‍വ്വം മറച്ചുവെച്ച്, സംഭവം കേരളത്തിലെ പൊതുസമൂഹത്തിന്‍റെ തലയില്‍കെട്ടിവച്ചുകൊണ്ടുള്ള പ്രതിഷേധം വെറും ഗിമിക്കുകള്‍ മാത്രമായിരുന്നോയെന്നത്; വരും ദിവസങ്ങളില്‍ അറിയാം.

 വിതച്ചതാണ് താരങ്ങള്‍ കൊയ്തതെന്നുപറയുന്നതാവും ശരി. മഴക്കാലത്ത് പുതപ്പിനടിയില്‍ ഒന്നിച്ചുകിടക്കാനും, മക്കളെ പെറ്റുകൂട്ടാനും, ചാകുമ്പോള്‍ തൊള്ളകീറിക്കാറാനുംവേണ്ടി മാത്രം പെണ്ണിനെ ആവശ്യമുണ്ടെന്നു പറയുന്ന രാവണപ്രഭുവും, ആണിനുനേരെ കൈ ഉയര്‍ന്നാല്‍; തല്ലിയൊടിക്കുമെന്ന്‍ പറയുന്ന കളക്ടറും, സ്ത്രീ എത്രകണ്ട് വളര്‍ന്നാലും അവസാനം ഒരു ആണിന്‍റെ മുന്നില്‍ മടിക്കുത്ത് അഴിക്കേണ്ടിവരുമെന്നു പറയുന്ന ഫ്യൂഡല്‍ മാടമ്പിയുമൊക്കെ വെള്ളിത്തിരയില്‍പറഞ്ഞുപരത്തി അച്ചിട്ടാക്കിയ ഡയലോഗുകള്‍; ഞരമ്പുകളില്‍ ആവാഹിക്കുന്നവര്‍ ലൊക്കേഷനില്‍ത്തന്നെയുണ്ടെന്നു ഇനിയെങ്കിലും ഓര്‍ത്താല്‍ നന്ന്. അതിനിപ്പൊ നൂറുരൂപ ടിക്കറ്റ് എടുത്ത് കളികാണാന്‍ കയറുന്ന പൊതുജനത്തെനോക്കി പ്രതിഷേധിച്ചിട്ട് ഒരു കാര്യവുമില്ല... കൂട്ടത്തില്‍ നിഴല്‍പോലെ നടക്കുന്നവരുടെ ട്രാക്ക് റെക്കോഡുകള്‍ നോക്കിയിരുന്നെങ്കില്‍ പലതും ഒഴിവാക്കാമായിരുന്നുവെന്നതല്ലേ സത്യം. എന്തുകൊണ്ടത് ചെയ്തില്ല?.

 ഏതായാലും ഒരു സെലിബ്രിറ്റി അവരുടെ കൂടെത്തന്നെയുള്ളവരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസും സര്‍ക്കാരുമെല്ലാം ഉടനടി പ്രതികരിച്ചു. നല്ല കാര്യം. മുഖ്യമന്ത്രി പ്രത്യേകം ഫേസ്ബുക്ക് പ്രസ്താവനതന്നെയിറക്കി. .അതും നല്ലകാര്യം. പക്ഷെ  പീഡനത്തില്‍ ലൈംഗികാവയവം തകര്‍ന്ന ഒരു പിഞ്ചുകുഞ്ഞ് മുഖ്യമന്ത്രിയുടെ കസേരയുടെ ഇട്ടാവട്ടത്തില്‍ത്തന്നെയുണ്ട്; അതിനെക്കുറിച്ച് എന്തു പ്രസ്താവന ഇറക്കി?; അവര്‍ക്ക് ഐക്യം അറിയിച്ച് ആരെങ്കിലും പോയോ?.. വേണ്ട; വിളിച്ച് ആശ്വസിപ്പിച്ചോ? എന്തെങ്കിലും സഹായം പ്രഖ്യാപിച്ചോ?.. അറിയാന്‍ ആഗ്രഹമുണ്ട് സര്‍.;      ആ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടിയിരുന്നത്. സെലിബ്രിറ്റിക്ക് പീഡനമുണ്ടായപ്പോള്‍ ഡിജിപി, മുഖമന്ത്രി, മാധ്യമങ്ങള്‍, സിനിമാക്കാര്‍, സാംസ്‌കാരികനായകന്മാര്‍, രാഷ്ട്രിയപാര്‍ട്ടികള്‍, വനിതാ കമ്മിഷന്‍ എല്ലാവരും ഉറഞ്ഞുതുള്ളുന്നത് കണ്ടപ്പോള്‍ വെറുതെയൊയൊരു സന്ദേഹം ? ഈ പീഡിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞും  നമ്മുടെ പ്രജതന്നെയല്ലേ..?
  
  ഓരോ പീഡനങ്ങളും ആഘോഷമാക്കുന്ന ഒരു മാധ്യമസംസ്കാരം പതിയെ വളര്‍ന്നുവരുന്നുവെന്നതാണ്‌ സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.. പ്രിന്റ്‌ മാധ്യമങ്ങളെക്കാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരം പ്രവണതകള്‍ കൂടുതല്‍ കാണിക്കുന്നത്.. സെലിബ്രിറ്റിയുടെ പീഡനം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.. നല്ല ഒന്നാംതരം പൈങ്കിളിസാഹിത്യത്തിലൂടെ പീഡനകഥകള്‍ പടച്ചുവിടുന്നു. സകലമാന ഊഹാപോഹങ്ങളും സത്യമാണെന്നുവരുത്തിക്കൊണ്ട് ഇരയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്.. ലൈംഗിക പീഡനകേസുകളില്‍ ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിട്ടും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്‌ ഓണ്‍ലൈന്‍ മീഡിയകള്‍ സെലിബ്രിറ്റി പീഡനം വാര്‍ത്തയാക്കിയത്.. ഇരയുടെ ഫോട്ടോയും പേരും തലക്കെട്ടാക്കിത്തന്നെ  വാര്‍ത്തകൊടുത്തു.. ഒരിക്കലും അത് ചെയ്യാന്‍ പാടില്ലാത്തതാണ്. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ പോലിസ് നടപടിയെടുക്കെണ്ടതാണ്. ലേഖകന്മാര്‍, മഞ്ഞപുസ്തകങ്ങളില്‍ നോവല്‍ എഴുതുന്ന അതേ ലാഘവത്തോടെ കഥകളെഴുതി സത്യമാണെന്ന രീതില്‍ പ്രചരിപ്പിക്കുന്നു.... ഇരയുടെ വിവിധ പോസുകളിലുള്ള ഫോട്ടോകളും എരിവുംപുളിയും കലര്‍ത്തിയ തലക്കെട്ടുകളും പടച്ചുവിട്ട്  പീഡനത്തെ ആഘോഷിച്ചുവെന്നുവേണം പറയാന്‍..  ഇതില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും അപ്പന്മാര്‍ ‘ലോ’ യും ‘ജേര്‍ണ്ണലിസവും’ പഠിച്ചുവെന്ന് പറയുന്ന ജീര്‍ണ്ണിച്ച തലകളാണെന്നതാണ് കൂടുതല്‍ രസകരം.. ഇവിടെ ഇരയ്ക്ക് ശാരീരികപീഡനത്തിനു പുറമേ മാനസികപീഡനവും ഏല്‍ക്കേണ്ടിവരുന്നു; അതിനാല്‍ത്തന്നെ ഇത്തരം പോര്‍ട്ടലുകള്‍  നിയന്ത്രിക്കപ്പെടണ്ടത് അത്യാവശ്യമാണ്..  മനസ്സില്‍ തോന്നുന്ന എന്തും പടച്ചുവിട്ട്,  ആര്‍ക്കെതിരെയും അപവാദപ്രചരണം നടത്താമെന്നും  ബഹു;സുപ്രീകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിയുള്ള ഈ തരംതാണ മാധ്യമപ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കേണ്ടിയിരിക്കുന്നു.. സര്‍ക്കാരിന്‍റെയും പോലീസിന്റേയും ശ്രദ്ധ അടിയന്തരമായി ഈ വിഷയത്തില്‍ പതിയണം.. ശാരീരികപീഡനമോ നടന്നു; അതിനുള്ള ശിക്ഷപോലും ഫലവത്തായി നടപ്പാക്കാന്‍ കഴിയുന്നില്ല. അതിന്‍റെ കൂട്ടത്തില്‍ ഇത്തരം പാപ്പരാസികളുടെ ആക്രമണം കൂടിയാവുമ്പോള്‍ ഇരയക്കപ്പെടുന്ന വ്യക്തി  മാനസികമായും തളരുന്നു. പഴയജീവിതം തിരികെപ്പിടിക്കാനുള്ള  ഇരയുടെ ശ്രമങ്ങളെ മാനസികമായി തല്ലിക്കെടുത്തുന്ന ഓണ്‍ലൈന്‍ പാപ്പരാസികള്‍ ചെയ്യുന്നതും പീഡനത്തിനു സമാനമായ കുറ്റം തന്നെയാണ്............. 

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

5 comments:

 1. കുഞ്ഞിനെ ആക്രമിച്ചതൊന്നും വാര്‍ത്തയല്ല മാഷേ ,, സിനിമ നടിമാരെ ആക്രമിച്ചാലെ വാര്തയാകൂ... പണ്ടൊരു ചന്തിക്ക് പിടുത്തം ഓര്‍മ്മയില്ലേ എന്തൊരു പുലിവാല്‍ ആയിരുന്നു ഒടുക്കം എന്തായി ഇതും അതുപോലെതന്നെ .

  ReplyDelete
 2. സത്യത്തില്‍ ഈ വിഷയത്തില്‍ പൊതുജനം ഇത്ര ബേജാര്‍ ആവേണ്ട ഒരാവശ്യവും ഇല്ല ഇതൊക്കെ സിനിമാക്കാരുടെ ഇടയില്‍ നടക്കുന്ന കുട്ടിക്കൊടുപ്പിന്റെയും റിയാല്‍ എസ്ട്ട്റെറ്റ് ബിസനസിന്റെയും ഭാഗമാണ്..നാളെ ഈ സംഭവം അവര്‍തന്നെ പറഞ്ഞ്തീര്‍ക്കും കണ്ടോ

  ReplyDelete
 3. അയ്യോ ഓണ്‍ലൈന്‍ കൂലികളെ നിരോധക്കണം എന്ന് മാത്രം പറയരുത് ..അല്പം എരിവും മാസലയുമൊക്കെ അറിയണമെങ്കില്‍ ഇവരുവേണം...പിന്നെ ഭവാന കേസൊക്കെ വെറും കൊമാടിയല്ലേ അതൊക്കെ ഇപ്പൊ ഒത്തുതീരും .അവര്‍ക്കിടയിലെ ചെറിയ ക്വട്ടേഷന്‍ അത്രമാത്രം നമ്മള് വെറുതെ തെറ്റുധരിച്ചു

  ReplyDelete
 4. pinchukunjine peedippichathu vendapetta aalaa athukondu kuzhappamilla ;palsar suni verum gundayalle ... aaarum pinthunaykkan illatha pavam gunda

  ReplyDelete
 5. മഴക്കാലത്ത് പുതപ്പിനടിയില്‍ ഒന്നിച്ചുകിടക്കാനും, മക്കളെ പെറ്റുകൂട്ടാനും, ചാകുമ്പോള്‍ തൊള്ളകീറിക്കാറാനുംവേണ്ടി മാത്രം പെണ്ണിനെ ആവശ്യമുണ്ടെന്നു പറയുന്ന രാവണപ്രഭുവും, ആണിനുനേരെ കൈ ഉയര്‍ന്നാല്‍; തല്ലിയൊടിക്കുമെന്ന്‍ പറയുന്ന കളക്ടറും, സ്ത്രീ എത്രകണ്ട് വളര്‍ന്നാലും അവസാനം ഒരു ആണിന്‍റെ മുന്നില്‍ മടിക്കുത്ത് അഴിക്കേണ്ടിവരുമെന്നു പറയുന്ന ഫ്യൂഡല്‍ മാടമ്പിയുമൊക്കെ വെള്ളിത്തിരയില്‍പറഞ്ഞുപരത്തി അച്ചിട്ടാക്കിയ ഡയലോഗുകള്‍; ഞരമ്പുകളില്‍ ആവാഹിക്കുന്നവര്‍...

  yep... in reality that's a fact!

  ReplyDelete