**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, March 17, 2017

ഒരു വിദ്യാര്‍ത്ഥി മന്ത്രിക്കയച്ച വൈറലായ കത്ത് ...

    
കോത്താഴം സ്കൂളിലെ പത്താംക്ലാസ്സ്‌ വിദ്യാര്‍ത്ഥി ലാലിച്ചന്‍ വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്ത് വൈറല്‍ ആകുന്നു

   സര്‍, ഞങ്ങള്‍ അസ്വസ്ഥരാണ്; ഞങ്ങളെന്ന് പറഞ്ഞാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, എ യും കിട്ടാത്ത ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥിസമൂഹം ഈ വ്യവസ്ഥിതിയില്‍ അസ്വസ്ഥരാണ്... അങ്ങേയ്ക്ക് അറിയാമല്ലോ എസ് എസ് എല്‍ സി പരീക്ഷ തുടങ്ങിക്കഴിഞ്ഞു. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചടത്തോളം മുന്നോട്ടുള്ള എല്ലാ പരിപാടികളും ഈ പരിക്ഷയ്ക്ക് കിട്ടുന്ന മാര്‍ക്കിനെ ആശ്രയിച്ചാണ്‌ നിലനില്ക്കുന്നത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞുപോയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥി അവന്‍റെ സ്വന്തംവീട്ടിലും സമൂഹത്തിലും അവമതിക്കപ്പെടാനുള്ള സാധ്യതകള്‍ ധാരാളം നിലനില്‍ക്കുന്നു...  തുടര്‍ന്നുള്ള പഠനം അവതാളത്തിലാ വുകയും, വല്ല കൈക്കോട്ടുംത്തന്ന് പറമ്പിലേക്ക് ഇറക്കിവിടാനുള്ള സാധ്യതകളുമുണ്ട്... ഭരണചക്രം തിരിക്കാനും, ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുമുള്ള അവസരം അതോടെതീരും... ആയതിനാല്‍ ഞങ്ങളെ അസ്വസ്ഥരാക്കുന്ന, കടുത്ത മാനസികസംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന ഈ പരീക്ഷാരീതി മാറ്റപ്പെടണം ..
  
   കഴിഞ്ഞ പരീക്ഷകള്‍ നോക്കിയാല്‍ കടുത്ത നിരാശയാണ് സമ്മാനിച്ചത്‌. സ്ഥിരമായി ക്ലാസ്സില്‍ കയറാത്ത വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ഒന്നിനും ഉത്തരം എഴുതാന്‍ കഴിയാത്ത രീതിയാലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.. എല്ലാ ചോദ്യങ്ങളും കേവലം ടെക്സ്റ്റ് പുസ്തകങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വന്നിരിക്കുന്നത്... ഇതെങ്ങനെ ശരിയാകും;... പൊതുവിജ്ഞാനം കൂടി ഉള്‍പ്പെടുത്താതെ എങ്ങനെ ശരിയാകും.. ഈ വര്‍ഷം എത്ര സമരം നടന്നു. നമ്മുടെ യൂണിയന്‍ എത്ര സമരത്തില്‍ പങ്കെടുത്തു. ജനുവരിയില്‍ നടന്ന സമരത്തില്‍ എത്ര പേര്‍ക്ക് പരിക്കുപറ്റി, ജലപീരങ്കി ചീറ്റിച്ചപ്പോള്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥിയുടെ പേരെന്ത്,, ലാത്തിയടിയേറ്റ് കൈയ്യൊടിഞ്ഞ വിദ്യാര്‍ത്ഥിയുടെ നാടേത്‌..... തുടങ്ങിയ ഒറ്റ ചോദ്യവും ചോദിച്ചിട്ടില്ല... കാര്‍ബണിന്‍റെ രാസനാമം ഏത്, പിരിയോടിക് ടേബിളില്‍ എത്ര മൂലകങ്ങളുണ്ട് തുടങ്ങിയ ബൂര്‍ഷ്വാ ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ സ്വതന്ത്രചിന്താഗതിയുള്ള, പ്രതികരിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ പരീക്ഷ ജയിക്കാനാകും.. നന്നായി എഴുതിയാല്‍ എ പ്ലസ്‌ കിട്ടുമെന്ന് പറയുന്നതുതന്നെ ശരിയാണോ..? നിങ്ങള്‍ നന്നായി ജീവിച്ചാല്‍ സ്വര്‍ഗത്തില്‍ പോകാമെന്നുപറയുന്ന മതാത്മകമായ രീതിയല്ലേ അത്. ഒരു മതേതരരാജ്യത്ത് ഇത്തരം നിലപാടുകള്‍ക്ക് സ്ഥാനമുണ്ടോ.. എഴുതുന്ന എല്ലാവര്ക്കും ഒരേപോലെ ജയിക്കാനാവണം; എന്നാലല്ലേ സാമൂഹികസമത്വം നിലവില്‍ വരൂ..

    പരീക്ഷഹാളില്‍ ചെറിയ സംശയങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ ആധുനിക ശാസ്ത്രത്തിന്‍റെ സഹായം പ്രയോജനപ്പെടുത്തി സംശയങ്ങള്‍ ദൂരികരിച്ചാല്‍ അതിനെ തടയുന്ന ഇന്‍വിജിലേറ്റര്‍മാരുടെ നടപടി ആശങ്കയുണര്‍ത്തുന്നു.. ഡിജിറ്റല്‍വാച്ച്, മൊബൈല്‍, ഐ പാഡ് തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പറിലെ സംശയങ്ങള്‍ ദൂരികരിക്കുനതിനെ തടയാന്‍പാടില്ല... സര്‍ക്കാര്‍ സര്‍വിസ്സില്‍ നടക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകളില്‍ പോലും റഫറന്‍സ് ബുക്കുകള്‍ അനുവദിക്കുന്നു; പിന്നെ എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്നു... കഴിഞ്ഞ പരീക്ഷയില്‍ ചോദ്യപ്പേപ്പറില്‍ കണ്ട ഒരു സംശയം ദൂരികരിക്കാനായിയെടുത്ത ചെറിയോരു കുറുപ്പ്  ഇന്‍ വിജിലേറ്റര്‍  പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‍  കുറിപ്പ്  പാന്റ്സിനുള്ളില്‍ ഇട്ട വിദ്യാര്‍ത്ഥിയോട് ‘ഊരടാ പാന്റ്’ എന്നാണ് പറഞ്ഞത്... അത് ആ പരീക്ഷാഹാളില്‍ കുറിപ്പുകളുമായിവന്ന അസന്ഖ്യം വരുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് എത്രമാത്രം കടുത്ത ആത്മസംഘര്‍ഷമാണ്  ഉണ്ടാക്കിയെന്നു അറിയാമോ.. അതുപോലെ മാര്‍ക്കുകുറഞ്ഞ വിദ്യാര്‍ത്ഥികളുടെ അച്ഛനമ്മമാരെ വിളിപ്പിക്കുന്നു എന്തൊരു കഷ്ടമാണിത്... പരീക്ഷയ്ക്ക് തോറ്റാല്‍ അത് വീട്ടില്‍ അറിയിക്കേണ്ട വല്ല കാര്യവുമുണ്ടോ...സപ്ലിയല്ലേ കിടക്കുന്നത് അപ്പൊ എഴുതാമല്ലോ ..
  
   ചോദ്യപേപ്പറുകള്‍ പലപ്പോഴും ചോദ്യകര്‍ത്താവിന്‍റെ വിജ്ഞാനം വിളമ്പുന്ന രീതിയാലാണ് തയ്യാറാക്കുന്നത്... നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രം ഉത്തരമെഴുതാന്‍ കഴിയുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ പരമാവധി ഒഴിവാക്കണം... ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീര്‍പ്പുമുട്ടുന്ന, ഉത്തരം അറിയാതെ പേനയുടെ അറ്റം കടിച്ചിരിക്കുന്ന വിഭാഗത്തെ മുന്നില്‍ കണ്ടുകൊണ്ടുവേണം ഓരോ ചോദ്യപേപ്പറും തയ്യാറാക്കാന്‍... അടുത്തിരിക്കുന്ന എ പ്ലസ്സു കാരന്‍ എക്സ്ട്രാ ഷീറ്റുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ആദ്യത്തെ ഷീറ്റുപോലും മുഴുവനാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി അനുഭവിക്കുന്ന മാനസികസംഘര്‍ഷം വളരെ ഭീകരമാണ്... എക്സ്ട്രാ ഷീറ്റുകള്‍ കണ്ടമാനം വാങ്ങി പേപ്പര്‍ ഉപയോഗം വര്‍ദ്ധിപ്പിച്ച് വനനശീകരണം പ്രോത്സാഹിപ്പിക്കുന്നവരെ നിരുത്സഹാപ്പെടുത്തുകയാണ് വേണ്ടത്... സംശയങ്ങള്‍ ദുരികരിക്കാന്‍ അടുത്തിരിക്കുന്നവരോട് ചോദിക്കാമെന്നുവച്ചാല്‍ അതും തടയപ്പെടുന്നു.. തനിക്കുള്ളത് മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കാനുള്ള ആ വലിയ മനോഭാവത്തെയാണ് ഇവിടെ തടയപ്പെടുന്നത്..
  
   ഇങ്ങനെ പലവിധ ആത്മസംഘര്‍ഷത്തില്‍ പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യനിര്‍ണ്ണയമെങ്കിലും  ലിബറലാക്കണമെന്നാണ് പറയാനുള്ളത് ... ഉത്തരം അറിയാത്തവര്‍ക്ക് ചോദ്യം അതേപടി പകര്‍ത്തി എഴുതാനുള്ള അനുമതി നല്‍കണം. മൂല്യനിര്‍ണ്ണയം നടത്തുന്നവര്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി മാര്‍ക്കു കൊടുക്കുന്ന രീതി നിലവില്‍വരുത്തണം.. അദ്ധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കാന്‍ അദ്ധ്യാപകരേ ഒഴിവാക്കി മൂല്യനിര്‍ണ്ണയം വിദ്യാര്‍ത്ഥികളെത്തന്നെ ഏല്‍പ്പിക്കുന്നത് വളരെ നന്നായിരിക്കും.. വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു പുതിയ അനുഭവം ആയിരിക്കുമെന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല..

    മറ്റൊരുകാര്യം പറയാനുള്ളത്; എന്തിനും ഏതിനും വീട്ടുകാരെ വിളിച്ചുവരത്തുന്ന പരിപാടി കര്‍ശനമായി നിരോധിക്കണം...ക്ലാസ്സ്‌ കട്ട് ചെയ്താല്‍, ബോറടിക്കുമ്പോള്‍ ഒരു സിനിമയ്ക്ക് പോയാല്‍, അല്പം പ്രണയിക്കാമെന്നു കരുതി പാര്‍ക്കില്‍ പോയാല്‍.... ഇതെല്ലാം വീട്ടുകാരെ വിളിച്ച് പറഞ്ഞുകൊടുക്കുന്ന തരത്തിലുള്ള  മാനസ്സിക പീഡനങ്ങള്‍ വിദ്യാര്‍ത്ഥിസമൂഹത്തെ മുഴുവന്‍ ആശങ്കാകുലരാക്കുന്നു... വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രരായിത്തന്നെ വളരണം എങ്കില്‍ മാത്രമേ അവരുടെ നൈസര്‍ഗികമായ ചേതനകള്‍ ഉണരുകയുള്ളൂ.. ഞങ്ങളുടെ അഭിപ്രായത്തില്‍ പരീക്ഷകള്‍ എന്നാല്‍ ട്ടെന്‍ഷന്‍ വളര്‍ത്തുന്നവയാകരുത്, പങ്കുവെച്ച് ഉത്തരം എഴുതാന്‍ കഴിയുന്ന, ആധുനിക ശാസ്ത്രരീതികള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന, റഫറന്‍സ് ഗ്രന്ഥങ്ങള്‍ അനുവദിക്കുന്ന രീതിയിലേക്ക് പരീക്ഷാരീതികള്‍ മാറണം. ഇല്ലേല്‍ വിദ്യാര്‍ത്ഥികള്‍ ആത്മസംഘര്‍ഷത്തില്‍ നീറി നീറി  ആത്മഹത്യപോലുള്ള പരിഹാരമാര്‍ഗങ്ങള്‍  തേടാന്‍ സാധ്യതയുണ്ട്... കാരണം; പുറമേ കാണുന്നതു പോലെയല്ല; ഞങ്ങള്‍ വെറും ലോലരാണ്.. ചിക്കനും ബര്ഗ്ഗരും പിസയുമൊക്കെ കഴിച്ച് ബൊമ്മപോലെ ഇരിക്കുന്നുവെന്നേയുള്ളൂ; ആരേലും വഴക്ക് പറഞ്ഞാല്‍, എന്തേലും വിഷമം തോന്നിയാല്‍ അപ്പൊ ഞങ്ങള്‍ കയറെടുക്കും.. തീയില്‍ കുരുത്താലല്ലേ വെയിലത്ത്‌ വടാതിരിക്കൂ...... അതിനു നിങ്ങള്‍ ഞങ്ങളെ അനുവദിച്ചില്ല അതുകൊണ്ട് ഞങ്ങളുടെ ഡിമാണ്ടുകള്‍  അംഗികരിച്ചേ  ഒക്കൂ,,,,,,,,,,,,,,,,

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....

4 comments:

 1. തവീന്‍March 17, 2017 at 3:44 PM

  ഹഹ്ഹഹഹ കൊള്ളാം

  ReplyDelete
 2. കോപ്പിയടിച്ചാല്‍ പിടിക്കാനൊന്നും പാടില്ല .ഡിജിറ്റല്‍ വാച്ചോക്കെ അതിനു ഉപയോഗിച്ചെന്നിരിക്കും വീട്ടില്‍ അറിയിക്കാനും പാടില്ല കാരണം ഞങ്ങള്‍ ലോലാ ഹൃദയരാണ് അത് കറക്റ്റ് ..തിരുവനന്തപുരത്ത് സംഭവിച്ചത് കണ്ടില്ലേ ..അതുകൊണ്ട് ഇതൊന്നും കണ്ടാല്‍ മിണ്ടാതെ പോയ്ക്കോണം

  ReplyDelete
 3. സാം മാത്യൂMarch 17, 2017 at 10:50 PM

  കൂട്ടത്തില്‍ ഒരെണ്ണം പീഡിപ്പിക്കപ്പെട്ടാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാതെ സമരം നയിക്കാടാ മക്കളെ

  ReplyDelete
 4. അല്ലപ്പാ എല്ലാത്തിനേം ജയിപ്പിക്കുക എന്നതാണല്ലോ നമ്മുടെ പോളിസി അപ്പോപ്പിന്നെ എന്തിനാ ഈ കോപ്പിയടി തടയുന്നെ അതൊക്കെ ഒരു കലയായി കണ്ടാല്‍ പോരെ

  ReplyDelete