**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, March 26, 2017

എയര്‍ഇന്ത്യജീവനക്കാരന് തല്ല്;സംഭവത്തില്‍ പ്രവാസികള്‍ക്ക് ശുഭപ്രതീക്ഷ...


  എയര്‍ഇന്ത്യ ജീവനക്കാരനെ ശിവസേന എം പി വിമാനത്തില്‍ വെച്ച് മര്‍ദിച്ചു. ചെരുപ്പുകൊണ്ട് ഇരുപത്തിയഞ്ച് പ്രാവശ്യം അടിച്ചുവന്നാണ് പരാതി. പരാതിയിന്മേല്‍ വധശ്രമത്തിനു ഡല്‍ഹിപോലിസ് കേസെടുത്തു. വിമാനകമ്പനികള്‍ എം പി യെ ബഹിഷ്ക്കരിച്ചു. എയര്‍ടിക്കറ്റ് കിട്ടാത്ത എംപി ട്രെയിന്‍ പിടിച്ച് ഡല്‍ഹിക്കുപോയി...ഏതായാലും അടികിട്ടിയവന്‍റെ വേദനയിലും അടികൊടുത്തവന്‍റെ പ്രതികരണത്തിലും പങ്കുചേര്‍ന്ന് കേസ് കേസിന്‍റെ വഴിക്കും; നിയമം നിയമത്തിന്‍റെ വഴിക്കും പോകട്ടെയെന്നു ആശംസിക്കാം; നമുമ്മു നമ്മുടെ വഴിക്കും പോകാം....
  
  നാട്ടില്‍ എവിടെയോ എയര്‍ഇന്ത്യ ജീവനക്കാരനെ ഏതോ എംപി പഞ്ഞിക്കിട്ടന്നു കേട്ടിട്ട് പ്രവാസികള്‍ പടക്കംപൊട്ടിച്ച് ആഹ്ലാദിച്ചുവെന്നു പറയപ്പെടുന്നു... തങ്ങള്‍ക്കുചെയ്യാന്‍ കഴിയാത്തത് ചെയ്ത ആ മഹാനുഭാവന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി സന്ദേശങ്ങളാണ് എയറിലൂടെ പറന്നുകളിക്കുന്നത്... അത്രയ്ക്കു നല്ല ആത്മബന്ധമാണ് പ്രവാസികളും എയര്‍ഇന്ത്യയും തമ്മില്‍.. ഈ തല്ലുകൊടുക്കല്‍ പൂജ നടത്തിയത് കേരളത്തില്‍നിന്നുള്ള ഏതെങ്കിലും എംപിയാണു ചെയ്തതെങ്കില്‍ ഒരു സംശയവും വേണ്ട; മലയാളികള്‍ ഒന്നടങ്കം ആ എംപി ക്കു പിന്തുണയുമായി പിറകെ ഓടിയേനെ.. ഇതിപ്പോ അടികിട്ടിയത് മലയാളിക്ക്; അടികൊടുത്തത് ശിവസേന എംപി. അതുകൊണ്ട് എംപിക്കെതിരെ അല്പം പ്രതികരിച്ചില്ലേല്‍ കടുത്ത അപരാധമാകും... എന്നാലും തല്ലുകിട്ടിയത് മലയാളിക്കാണെങ്കിലും അടികൊടുത്തത് എയര്‍ ഇന്ത്യയ്ക്കിട്ടാണല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു സുഖം. അന്ന് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി തല്ലുവാങ്ങാന്‍ നിമിത്തമായത് ആ പാവമാണല്ലോ; അത് അങ്ങേരുടെ വിധിയെന്നോര്‍ത്തു ഞടുക്കവും ദുഖവും രേഖപ്പെടുത്തുന്നു ..

  ഈശ്വരാ ഭഗവാനേ യെവന്മ്മാരുടെ മോന്തയ്ക്കിട്ട് ആരെങ്കിലുമൊന്നു പെരുക്കണേയെന്നു ഒരിക്കലെങ്കിലും പ്രാര്ധിക്കാത്ത ഒരു പ്രവാസിയെപ്പോലും കണികാണാന്‍ കിട്ടുമെന്ന് തോന്നുന്നില്ല... വേണമെങ്കില്‍ കേറിയിരുന്നുപോടാ കന്നുകാലികളെ...  അതാണ്‌ സര്‍വിസിംഗ് ലൈന്‍... പിന്നെ വേറെ ഗതിയില്ലാത്തതുകൊണ്ട്  വീണ്ടും വീണ്ടും കയറേണ്ടിവരുന്നു... മോന്തയ്ക്കോന്നു കൊടുക്കാമെന്നുവെച്ചാല്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നുപറഞ്ഞ് കള്ളക്കേസ് കൊടുത്ത് അകത്തിടും... പണ്ട്  നെടുമ്പാശ്ശേരിക്ക് ടിക്കറ്റ് എടുത്തവരെ തിരുവനന്തപുരത്ത് കൊണ്ടിട്ട് പൊരിച്ചപ്പോള്‍ വെള്ളവും ഭക്ഷണവും മറ്റ് തുടര്‍യാത്രാ സൌകര്യങ്ങളും ചോദിച്ചതിനു യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നു പറഞ്ഞാണ് എയര്‍ ഇന്ത്യ കേസ് കൊടുത്തത്... കുടിക്കാന്‍ വെള്ളം ചോദിച്ചവരും, ഉച്ചത്തില്‍ സംസാരിച്ചവരുമൊക്കെ  അവധിക്കാലം കേസും കോടതിയുമായി തള്ളിനീക്കി ..അന്ന് ശ്രീ പത്ഭനാവനെക്കണ്ട് തേങ്ങയുടച്ചു പ്രാര്‍ഥിച്ചതാ  ഈശ്വരാ ഭഗവാനെ യെവന്റെയൊക്കെ മോന്തയ്ക്കിട്ടാരെങ്കിലും രണ്ടു കൊടുക്കണേയെന്നു... അതിപ്പോ അച്ചിട്ടായി.... എന്‍റെ എംപി ചേട്ടാ,,, നിങ്ങ മുത്താണ്; മുത്ത്‌.. നിങ്ങ ഇനിയും അടിച്ചുപൊളിക്ക് ബ്രോ... നിങ്ങ ഇപ്പൊ പ്രവാസികളുടെ അവതാരപുരുഷനാണ്; കണ്‍കണ്ട ദൈവം.. അങ്ങ് ഈ മുംബൈ ഡല്‍ഹിയാത്ര മാത്രം നടത്താതെ ഇടയ്ക്കിടെ ഗള്‍ഫ് യാത്രകളും നടത്തണം... അതിനുള്ള പണമില്ലേല്‍ ടിക്കറ്റെടുത്തുതരാം എന്നാലും വേണ്ടില്ല. ഒരേയൊരു കണ്ടിഷന്‍ മാത്രം പറഞ്ഞസമയത്തു പറന്നില്ലേല്‍,,സര്‍വിസിംഗ് മോശമായാല്‍ ഇപ്പൊ ചെയ്തതുപോലെ മുഖം നോക്കാതെ, മുഖമടച്ചു പ്രതികരിക്കണം. അതിനായി സോളില്‍ നല്ല മുള്ളാണിയുള്ള ചെരുപ്പും സ്പോണ്സര്‍ ചെയ്യാം..യെവന്മ്മാര്‍ നന്നാകുമോയെന്നു നമുക്കൊന്നു നോക്കാമല്ലോ... കിട്ടേണ്ട അടി യെവന്മ്മാര്‍ എവിടുന്നായാലും ഇരന്നുമേടിക്കും അതുറപ്പാ....എംപി അതിനുള്ള ഒരു നിമിത്തമായി മാറിയെന്നത് സ്വാഭാവികം.

  ലോകത്തിലെ കൂതറ വിമാനക്കമ്പനികളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ എയര്‍ ഇന്‍ഡ്യയ്ക്ക് മോശമല്ലാത്ത സ്ഥാനമാണുള്ളത്‌... ആ ഗ്രേഡ് വച്ചുനോക്കുമ്പോള്‍  ഈ അടിയൊക്കെ ചെറുത് .ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വാര്‍ത്തപ്രകാരം  മോശം സര്‍വിസിങ്ങില്‍ എയര്‍ഇന്ത്യ; ലോകത്ത്  മൂന്നാം സ്ഥാനത്താണ്.. അതിനു താഴെ പരകൂതറയായി രണ്ടുപേര്‍ മാത്രം.. അത് ഒന്നാം സ്ഥാനത്ത് എത്തിക്കുംവരെ ഇമ്മാതിരി കലാപരിപാടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.... ഇപ്പൊ കിട്ടിയ അടിയിലൂടെയെങ്കിലും നന്നാവുമോ എന്തോ.

  തല്ലിയത് വളരെ മോശമായിപ്പോയിയെന്നു വിലപിക്കുമ്പോള്‍ ഒരു കാര്യം മറക്കേണ്ട;  ചില തല്ലുകള്‍ ഇരന്നുവാങ്ങുന്നതാണ്.. ഒരു തല്ലു കിട്ടിയാല്‍ ചിലര്‍ നന്നായെന്നും വരാം... ഇത്തരം തല്ലും തെറിവിളിയും നന്നാക്കലുമൊക്കെ നമ്മുടെ നാട്ടിലും സമൃദ്ധമായി നടക്കുന്നുണ്ടുതാനും..ഈ അടുത്ത ദിവസങ്ങളിലാണ് നമ്മുടെ ഒരു ജനപ്രതിനിധി ഉച്ചയൂണ് അല്പം താമസിച്ചുവെന്ന കാരണത്താല്‍ കാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചത്... പണ്ടൊരു കണ്ണൂര്‍ എം പി യാണ് മണല്‍ക്കടത്തു പ്രതിയെ പിടിച്ച എസ് ഐ യെ സ്റ്റേഷനില്‍ കയറി തെറിവിളിച്ചത്... കറന്റ് പോയെന്നും പറഞ്ഞ് നമ്മുടെ ഒരു ജനപ്രതിനിധി KSEB  ഓഫീസില്‍ പോയി ഭരണിപ്പാട്ട് നടത്തുന്ന ദൃശ്യങ്ങള്‍ യു ടുബില്‍ ഇപ്പോഴും കിടക്കുന്നു.. ന്യായികരണ വ്യാകരണവിധി പ്രകാരം ഇമ്മാതിരി കലാപരിപാടികള്‍ ജനപ്രതിനിധികള്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ... ഉദാഹരണത്തിനു എയര്‍ ഇന്ത്യ ചെയ്യുന്ന ജനസേവനങ്ങള്‍ നോക്കിയാല്‍ ഇപ്പൊ കൊടുത്ത അടിയൊക്കെ ചെറുത്..  നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടവനെ തിരുവനന്തപുരത്ത് ഇറക്കും കോഴിക്കോട് ഇറങ്ങേണ്ടവനെ കൊയിലാണ്ടിയില്‍ ഇറക്കും...  വിമാനം പറക്കുമ്പോള്‍  നിയന്ത്രിക്കേണ്ട പൈലറ്റ്‌ ബിസിനസ് ക്ലാസില്‍ പോയി ഉറങ്ങുന്നു.. പറക്കുന്നതിനിടയ്ല്‍ എയര്‍ ഹോഴ്സ്ട്ടസുമായി തല്ലുകൂടി വിമാനം നിയന്ത്രിക്കാന്‍ ആരുമില്ലാതെ പറക്കുന്നു... ഡ്യൂട്ടിസമയത്ത് മദ്യപിച്ചു പിടിക്കപ്പെടുന്നു... ഇതൊക്കെ ആരേലും ചോദ്യം ചെയ്താല്‍ അപ്പൊ കേസ് വരും റാഞ്ചാന്‍ ശ്രമിച്ചുവെന്ന്... യാത്രക്കാരുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലാതെ വരുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലിന് ഒരു കിഴുക്ക് നല്ലതാണ്.

  ഈ വിഷയത്തില്‍ കിട്ടിയ തല്ലിനെ  ജനങ്ങളുടെ മൊത്തം ഒരോര്‍മ്മപ്പെടുത്തലായി കണ്ടാല്‍ മതിയാകും..അപ്പന്‍ മക്കളെ തല്ലുന്നതുപോലെ.. തങ്ങളുടെ വിമാനത്തില്‍  യാത്രചെയ്യുന്ന യാത്രക്കാരോടുള്ള സമീപനത്തെക്കുറിച്ച് എയര്‍ഇന്ത്യ ഒരു ആത്മപരിശോധന നടത്തിയാല്‍ ഇപ്പൊ കിട്ടിയ ഒരടിയല്ല എല്ലാ ദിവസവും ഓടിച്ചിട്ടടികിട്ടേണ്ട പണിയാണ് ചെയ്യുന്നതെന്നു മനസ്സിലാകും... പെട്ടിയും കിടക്കയുമെടുത്തു കുഞ്ഞുകുട്ടി പരാധിനങ്ങളുമായി ബോര്‍ഡിംഗ് പാസും മേടിച്ച്; ഇപ്പൊ ഗേറ്റ് തുറക്കുമെന്നോര്‍ത്തു നോക്കിയിരിക്കുമ്പോഴാണ് അറിയിപ്പുവരുന്നത്. 10.45 നു ഇവിടുന്നു പറക്കുമെന്ന് പറയുന്ന എയര്‍ഇന്ത്യ ഇതുവരെ ഇവിടെ  ഇറങ്ങിയിട്ടില്ല ... കാത്തിരുന്നു കാണാമെന്നു... എങ്ങാനും കയറിപ്പറ്റിയാലോ സര്‍വിസിംഗ് അഥവ യാത്രക്കാരുടെ സംതൃപ്തിലാണ് എയര്‍ ഇന്ത്യയുടെ പ്രധാനശ്രദ്ധയെന്നു ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകും.. സീറ്റുകള്‍ മിക്കതും കീറിപ്പറിഞ്ഞു തുന്നിക്കെട്ടിയത്,, സ്ക്രൂവോക്കെ ഇളകി ക്രാ ക്രാ ശബ്ദം.. കോമ്പ്ലിമെന്ററി ഫുഡ് എന്ന ഓമനപ്പേരില്‍ കാശുവാങ്ങി വിളമ്പുന്നത് അടിപൊളി സാധനമാണ് ...  ഉരുളക്കിഴങ്ങ് കറി, ചോറ് പിന്നെയൊരു മധുരക്കട്ട, നാലു കായ് വറ, ഇരുനൂറു എംഎല്‍ പച്ചവെള്ളം അങ്ങനെ വിഭവസമൃദ്ധം.. ഒക്കെ കഴിച്ചുകഴിഞ്ഞാല്‍ ആവണക്കുകുടിച്ചപോലെ ശുദ്ധമായ നിര്‍ബാധം നിരന്തരം തുടരുന്ന ശോധന... പിന്നെ തിരക്കോട് തിരക്കാണ്.. ടോയിലറ്റ് മുന്നില്‍ എപ്പോഴും നീണ്ട ക്യൂ; പോയവര്‍ വരുന്നു, വീണ്ടും പോകുന്നു.. ചിലര്‍ ഇരുന്നു വിയര്‍ക്കുന്നു.. ഇതിനിടയിലാണ് ഏസീ ഓഫാക്കിയുള്ള  സ്റ്റീം ബാത്ത് തുടങ്ങുന്നത്... എല്ലാവരെയും പുഴുങ്ങിയെടുക്കും; ഇത് യാത്രക്കാര്‍ക്ക് കൊടുക്കുന്ന കൊമ്പ്ലിമെന്ററി ബാത്താണെന്നാണ് വയ്പ്പ്.. ഫീസ്‌ കൊടുക്കേണ്ട... വിയര്‍ത്തുകുളിച്ച കുഞ്ഞുകുട്ടികളുടെ ആര്‍ത്തനാദം പിന്നണി മ്യൂസിക് ഇല്ലാത്തതിന്‍റെ വിടവ് നികത്തും... ഇങ്ങനെ മുഴുവന്‍ സമയവും വിമാനത്തിനകം ഒരു ഉത്സവപറമ്പിന് സമാനമായി നിലനിറുത്താന്‍ എയര്‍ഇന്ത്യ ശ്രമിക്കാറുണ്ട്. ഇനിയാണ് കലാശക്കൊട്ട്   കൊച്ചിയില്‍ ഇറങ്ങേണ്ടത് കൊയിലാണ്ടിയില്‍ ഇറക്കും.. വീട്ടുകാരും കൂട്ടുകാരും കൊച്ചിയില്‍ നമ്മളെ കാത്തിരിക്കുമ്പോള്‍ നമ്മള്‍ തിരുവനന്തപുരത്ത് പച്ചവെള്ളംപോലും കിട്ടാതെ വിമാനത്തില്‍ കുത്തിയിരുപ്പ് സമരം നടത്തുകയായിരിക്കും..ഒടുവില്‍ ഏസി ഓഫാക്കി എല്ലാത്തിനെയും ഉന്തിത്തള്ളി പുറത്തുചാടിക്കും... പരാതി പറയാന്‍ പോയാല്‍ സൗഹൃദഭാവത്തില്‍ പേരും അഡ്രസും എഴുതിവാങ്ങി വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന പേരില്‍ കേസും പിറകെവരും.. അങ്ങനെ;  അവധിക്കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വരുന്നവന്‍ കേസും കോടതിയുമായി നട്ടം തിരിയും..  ഇമ്മാതിരി സേവനങ്ങള്‍ത്തന്നു യാത്രക്കാരുടെ മുതുകിനിടിക്കുന്ന  എയര്‍ ഇന്ത്യയുടെ കരണത്ത് ആര് പൊട്ടിച്ചാലും ആ ധൈര്യശാലിക്ക് നല്ലൊരു ലൈക്ക് അത്യാവശ്യമാണ്... തല്ലുകള്‍ ന്യായികരിക്കത്തക്കതല്ലെങ്കിലും  ചില തല്ലുകള്‍ ചിലയിടങ്ങളില്‍ ചിലപ്പോള്‍ അത്യാവശ്യമാണ്... കന്നുകാലികള്‍ മാത്രം സഞ്ചരിക്കുന്നത്തിനിടയില്‍ ചിലപ്പോള്‍ ഏമാന്മ്മാരും കടന്നുവരാമെന്ന സത്യം മറക്കാന്‍ പാടില്ല... അവരോട് കന്നുകാലികളോട് സംസാരിക്കുന്ന അതേ രീതിയില്‍; നീയാരാടാ സംസാരിക്കാന്‍;  ഇരിയെടാ അവിടെ... എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോ മോന്തയുടെ ഷെയിപ്പുമാറാനും, പല്ലിന്‍റെ എണ്ണം കുറയാനും സാദ്ധ്യതയുണ്ട്; അതുകൊണ്ട് നോക്കിയും കണ്ടും ഇനിയെങ്കിലും പെരുമാറുക... ഇതിപ്പോ എംപി തന്നെ അടിപൊട്ടിച്ച സ്ഥിതിക്ക്;കാര്യങ്ങളൊക്കെയൊന്ന് ഉഷാറാകാന്‍ സാധ്യതയുണ്ട്.. ബഹിഷ്കരണം അതൊക്കെ വെറും ഒരു സെക്കന്‍ഡിന്‍റെ  കോമഡിയല്ലേ....

  ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  


4 comments:

 1. തല്ലിയത് മോശമാണെങ്കിലും എയര്‍ ഇന്ത്യ തല്ല് അര്‍ഹിക്കുന്നു

  ReplyDelete
 2. പ്രവിന്‍March 26, 2017 at 12:06 PM

  തല്ലിയത് ശിവസേനക്കാരന്‍ ആയതാണ് കുഴപ്പം പി സി ജോര്‍ജോ മറ്റോ ആയിരുന്നെങ്കില്‍ ഇപ്പൊ പിന്തുണയുമായി ഇറങ്ങിയേനെ

  ReplyDelete
 3. അടികൊടുക്കേണ്ട സ്ഥലത്ത് അടി തന്നെയാണ് മരുന്ന്

  ReplyDelete
 4. പ്രവാസി അല്ലാഞ്ഞിട്ടും പോസ്റ്റിനോട്‌ യോജിക്കുന്നു.

  ചിരിപ്പിക്കുകയും ചെയ്തു.

  ReplyDelete