**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, August 21, 2012

കല്‍ക്കരി; ഭരണത്തിന്ഹാനികരം......

    
  ആകെ നനഞ്ഞാല്‍ പിന്നെയെന്ത് കുളിര് എന്നാ രീതിയിലാണിപ്പോള്‍ കാര്യങ്ങള്‍.സ്വാതന്ത്ര്യദിനം ആഘോഷപൂര്‍വ്വം കൊണ്ടാടിക്കഴിഞ്ഞു .മന്ത്രി പൂവംഗന്‍മ്മാര്‍ പോലീസ് അകമ്പടിയോടെ എല്ലായിടത്തും പതാകയുയര്‍ത്തി.ശാന്തിയും, സമാധാനവും നിറഞ്ഞ പുരോഗതിയിലൂന്നിയ സ്വാതന്ത്ര്യദിനത്തെക്കുറിച്ചുള്ള പതിവ്‌ ഗീര്‍വാണങ്ങള്‍ നിരത്തികൈയ്യടിയും വാങ്ങി. എവിടെയാണ് ശാന്തിയും സമാധാനവും എന്നതിലാണ് തര്‍ക്കം.അസമില്‍ കലാപത്തില്‍പ്പെട്ട് ഗ്രാമങ്ങള്‍ കത്തിയമരുന്നു, കുടുംബങ്ങളുടെ കൂട്ടപാലായനങ്ങള്‍ നടക്കുന്നു.ജോലിതേടിമറ്റുസ്ഥലങ്ങളില്‍ പോയവരെല്ലാം പ്രാണരക്ഷാര്‍ത്ഥം മടങ്ങിപോകുന്നു.ഭരണകൂടമാണെങ്കില്‍ യഥാര്‍ത്ഥ പ്രശ്നം കണ്ടത്തിപരിഹരിക്കാതെ കര്‍ഫ്യു പ്രഖ്യാപിച്ച് ജനജീവിതംകൂടുതല്‍ ദുസ്സഹമാക്കുന്നു.നമ്മുടെ കേരളത്തിലാണെങ്കിലൊ.... നാല്മാസമായി തുടരുന്ന സമരം പരിഹരിക്കാന്‍ അധികാരികള്‍ ശ്രമിക്കാതെ വന്നപ്പോള്‍ പട്ടിണിയിലായ നേഴ്സുമാര്‍ ആസ്പത്രിയുടെ മുകളില്‍ കയറി ആത്മഹത്യചെയ്യാന്‍ തുടങ്ങുന്നു. ഇങ്ങനെയെല്ലാമായിട്ടും നമ്മള്‍ സ്വാതന്ത്യ്രദിനം ആഘോഷപൂര്‍വം കൊണ്ടാടി എന്നാണ് വിലയിരുത്തല്‍.


   അഴിമതി വിരുദ്ധ നിയമം ജനസേവകാരുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയില്‍ ആകരുതെന്നാണ്പ്രധാനമന്ത്രി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. തകര്‍ന്ന സമ്പത്ത്‌വ്യവസ്ഥയെക്കുറിച്ചോ, വിലക്കയറ്റത്തെക്കുറിച്ചോ,ഒന്നും മിണ്ടിയില്ല.ജനത്തിന് ആശ്വസിക്കാന്‍ വകയുള്ള എന്തെങ്കിലും വാഗ്ദാനം പോലും അദേഹത്തിന്‍റെ വായില്‍നിന്നും വീണില്ല; പകരം അഴിമതിക്കെതിരായി ജനശബ്ദം ഉയരുന്നതാണ് അദേഹത്തെ ഭയപ്പെടുത്തിയത്. അഴിമതിവിരുദ്ധ സമരം; ആര്‍ക്കുമൊരു ശല്യവും ഉണ്ടാക്കാതെ ഏതെങ്കിലുമൂലയ്ക്കിരുന്ന് ചെയ്തോണം എന്ന് പറഞ്ഞതിന്‍റെ പൊരുള്‍ പിറ്റേദിവസംതന്നെ മനസിലായി. 2010-11ലെ സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന ഖനി മന്ത്രാലയം നടത്തിയ അഴിമതി  1.86 ലക്ഷംകോടി രൂപയുടെതാണ്. അങ്ങനെ ലക്ഷംകോടി രൂപയുടെ അഴിമതി നടന്ന 2G- സ്പെക്ട്രംത്തെയും കടത്തി വെട്ടുന്നതായി ഈ അഴിമതി. ഇതിനെക്കുറിച്ച് പ്രധാനമന്ത്രിക്കു കമാന്നൊരക്ഷരം മിണ്ടാട്ടമില്ല.എതായെലും തന്‍റെ മന്ത്രിസഭയിലെ ഒരുമന്ത്രി ലക്ഷംകോടി രൂപയുടെ അഴിമതി നടത്തിയപ്പോള്‍ പ്രധാനമന്ത്രി 1.86 -ലക്ഷം കോടി രൂപയുടെ അഴിമതി നടത്തി കഴിവ് തെളിയിച്ചു എന്നൊരു വാര്‍ത്ത നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ വന്നാലും അത്ഭുതപ്പെടാനില്ല.ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തിയാല്‍; കൊള്ളാം നന്നായിരിക്കുന്നു, അദേഹത്തിന് ദീര്‍ഘയുസ് ഉണ്ടാകട്ടെ എന്ന രീതിയിലുള്ള പ്രതികരണമാ യിരിക്കും അധികവും.അതാണ്‌ ഇന്ത്യ......

     ലക്ഷംകോടി രൂപ കട്ടിട്ട് ജയിലില്‍ പോയ മന്ത്രി; രാജ, സന്തോഷവാന്‍ ആയിരിക്കുന്നു.ബാഡ്‌മിന്റണ്‍ കളിക്കുന്നു,പുണ്യ ഗ്രന്ഥങ്ങള്‍ വായിക്കുന്നു.തുടങ്ങിയ വാര്‍ത്തകള്‍ വായിച്ച്‌ സമാധാനിച്ചവരാണ് നമ്മള്‍.ആദ്യമായി വായിക്കുന്ന ആള്ധരിക്കും ഈ രാജ ഏതോ സ്വാതന്ത്ര്യ സമരസേനാനി ആണെന്ന്.അതാണ് നമ്മുടെ മാധ്യമങ്ങള്‍...നമ്മള്‍ ഇന്ത്യക്കാരല്ലേ ഇവിടെ ഇതല്ല ഇതിനപ്പുറവും വേവും..

  .റ്റാറ്റാ, ബിര്‍ള, ജിണ്ടാല്‍ തുടങ്ങിയ പട്ടിണി പാവങ്ങളെ സഹായിക്കാനാണ് നമ്മുടെ മന്‍മോഹന്‍ 1.86ലക്ഷം കോടി മുക്കിയത് എന്നറിയുമ്പോഴാണ് അദേഹത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാവു.ഖജനാവിന് നഷ്ടമായ ഈ തുക ഡീസലിന്‍റെ വിലയുയര്‍ത്തിയും പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചും ജനങ്ങളില്‍ നിന്നും തിരിച്ചു പിടിക്കണം എന്നാണ് മന്‍മോഹന്‍ന്‍റെ ഓക്സ്ഫോര്‍ഡ് ധനതത്വശാസ്ത്രത്തില്‍ പറയുന്നത്. തീര്‍ന്നില്ല സേവനങ്ങള്‍ ‘റിലയന്‍സ്‌പവര്‍ ലിമിറ്റഡിനു’ 29033 കോടി രൂപലാഭം ഉണ്ടാക്കാന്‍പ്രധാനമന്ത്രിയുടെ കീഴിലുണ്ടായിരുന്ന ഊര്‍ജ മന്ത്രാലയം വഴിവിട്ട സഹായങ്ങള്‍ ചെയ്തതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെഅടിസ്ഥാന വര്‍ഗത്തിന്‍റെ പിച്ചചട്ടിയില്‍ കയ്യിട്ടുവാരുന്ന കേന്ദ്രഗവര്‍മെന്റ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വന്ക്കിട കമ്പനികളെ സഹായിക്കാന്‍ നടത്തുന്ന ഈ കൊടിയ അഴിമതി എങ്ങനെ കണ്ടില്ലയെന്നു നടിക്കനാവും.1947-ല്‍ വെള്ളക്കാര്‍ ഇന്ത്യ വിട്ടു. എന്നാല്‍ പിന്നിടങ്ങോട്ട് കൊള്ളക്കാരല്ലെ നമ്മളെ ഭരിക്കുന്നത്???
  
 അഴിമതിനിരോധന നിയമം കൊണ്ടുവരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി ഇതുവരെ നിയമം പാസാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ലോക്പാലിനുവേണ്ടി ശബ്ദമുയര്‍ന്നപ്പോള്‍; അങ്ങേര് ചെറുപ്പത്തില്‍കുടിച്ച ചായയുടെ പറ്റുകാശു കൊടുത്തിട്ടില്ല .അതുകൊണ്ട് ഹസാരെ ശരിയല്ല എന്നാ മട്ടിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് അഴിമതിവിരുദ്ധ സമരത്തെ ഞെക്കികൊല്ലാനല്ലേ ഇവിടുത്തെ മാധ്യമങ്ങള ടക്കം ശ്രമിച്ചത്‌. ജനാധിപത്യത്തിന്‍റെ കാവലാള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നമാധ്യമങ്ങള്‍വരെ അഴിമതിയെ മൂടിവയ്ക്കുന്ന തരത്തിലല്ലേ വാര്‍ത്തകള്‍ കൊടുക്കുന്നത്. കാരണം മറ്റൊന്നുമല്ല നമ്മുടെ മാധ്യമങ്ങള്‍ എല്ലാംതന്നെ വന്‍കിട മുതലാളിമാരുടെ സ്വന്തമാണ്. അവര്‍ക്കനുകൂലമായ വാര്‍ത്തകള്‍ പടച്ചുവിട്ടു ജനങളുടെ ഇടയില്‍ തെറ്റുധാരണ പരത്താന്‍ ഇത് മൂലം കഴിയുന്നു. പ്രധാനമന്ത്രിയുടെ വകുപ്പ്തന്നെ കോടികളുടെ അഴിമതിക്ക് നേതൃത്വംകൊടുക്കുമ്പോള്‍ മറ്റു വകുപ്പുകളുടെ കാര്യം പറയേണ്ടതില്ല.പ്രതിപക്ഷത്തിന്‍റെ പ്രതികരണമാകട്ടെ നനഞ്ഞ പടക്കം പോലെ അനക്കമില്ലാതെ കിടക്കുന്നു. അടുത്ത ഭരണത്തില്‍ നമുക്കിതിനെ കടത്തി വെട്ടണം എന്നായിരിക്കും ഭാവം.പതിവ്‌പോലെ ഇടതുപക്ഷക്കാര്‍ പഠനം തുടങ്ങിയിട്ടേയുള്ളൂ,അത് കഴിയുമ്പോഴേക്കും കേന്ദ്രത്തില്‍ വേറെ ആരെങ്കിലും അധിക്കാരത്തില്‍ വന്നിരിക്കും.

   വോട്ടെടുപ്പിന്‍റെ അന്ന് മാത്രം ജനാധിപത്യവും അത് കഴിഞ്ഞാല്‍ പണാധിപത്യവുമാണ് നമ്മുടെ രാജ്യത്തിന്‍റെ പ്രത്യേകത. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തേക്ക് ആരെയും പേടിക്കണ്ട.ഒരു ജനവും ചോദിക്കാന്‍ വരില്ല വന്നാല്‍ പോലീസിനെ വിട്ടു തല്ലിച്ചതയ്ക്കാം.ഇതാണ് ഇപ്പോള്‍ നടക്കുനത്. ഈ അവസ്ഥയ്ക്ക് എങ്ങനെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.ഏഴാം കൂലികളായ അണികള്‍; നേതാവ്‌ കാണിക്കുന്ന എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്നു. അവനുകൂടി കിട്ടേണ്ട മുതലുകളാണ് പെരുംകള്ളന്മ്മരായ നേതാക്കള്‍ ഒറ്റയ്ക്ക് ഒതുക്കുന്നത് എന്ന സാമാന്യബോധം പോലും സിന്ദാബാദ്‌ വിളിക്കുന്ന അണികള്‍ക്കില്ല. അടിമത്വത്തിന്‍റെ പേര് മാറിയെന്നല്ലാതെ നമുക്കെവിടെയാണ് സ്വാതന്ത്ര്യം കിട്ടിയത്.വിദേശ അടിമത്വം മാറി സ്വദേശിഅടിമത്വം വന്നു.അഴിമതിക്കും ധൂര്‍ത്തിനുമെതിരായി ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് ഗവര്‍മെന്റ് അവരെ നിശബ്ദരാക്കുന്നു. ഇതുതന്നെയല്ലേ ബ്രിട്ടിഷുകാരും ചെയ്തിരുന്നത്.28 സംസ്ഥാനങ്ങളും, 415-ഭാഷകളുമുള്ളപ്പോഴും നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ ശക്തിയെന്ന്പറയുമ്പോള്‍തന്നെ അത് ഒരു പരാജയവുമാണെന്ന് പറയേണ്ടിവരും.

  രാഷ്ട്ര ഭാഷ ഹിന്ദിയാണെന്ന്പറയുന്നതല്ലാതെ ജനസംഖ്യയുടെ 43 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്.പൊതുവായ ഒരു ആശയ വിനമയ സംവിധാനം പോലും നമ്മുടെ രാജ്യത്തിനില്ല. പാര്‍ലമെന്റില്‍ പോലും ഇംഗ്ലീഷിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ജനങ്ങളുടെ ഭാഷാപരമായ ഐക്യമില്ലായ്മ ഫലത്തില്‍; അവരെ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്.ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ചു നില്‍ക്കാനോ,ഒന്നിച്ച് ശബ്ദിക്കാനോ ഇന്‍ഡ്യന്‍ ജനതയ്ക്ക് ഇത് മൂലം കഴിയാതെ വരുന്നു. വെള്ളം, റോഡുകള്‍,അതിര്‍ത്തികള്‍  തുടങ്ങിയ പൊതുവായ കാര്യത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് പ്രാദേശിക വികാരങ്ങള്‍ കുത്തിപൊക്കി, ഭരണം നിലനിറുത്താന്‍ പാര്‍ട്ടികളെ സഹായിക്കുന്ന പ്രധാന ഘടകമാണ് ഭാഷാപരമായ അന്തരം.തമിഴന്‍പറയുന്നത് മലയാളിക്കോ,മലയാളിപറയുന്നത് കന്നഡക്കരാനൊ മനസിലാവുന്നില്ല. പിന്നെയെങ്ങനെ അവരുതമ്മില്‍ ഐക്യമുണ്ടാകും. ഈ ഭിന്നിപ്പിച്ച് ഭരിക്കലിന്‍റെ അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്; കേവലം വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രം അധികാരമുള്ള പാര്‍ട്ടി ഇന്ത്യഭരിക്കുന്നത്.

   പ്രാദേശികമായ ഭാഷയുടെയും വര്‍ഗത്തിന്റെയും പേരില്‍മാത്രം അധികാരത്തില്‍ വരുന്ന പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഇന്ത്യ ഭരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ വാണിജ്യ, കമ്പനിരാഷ്ട്രിയമാണ് കേന്ദ്രത്തില്‍ അധികാരം കയ്യാളുക.കുതിര കച്ചവടങ്ങളും,കുതികാല്‍ വെട്ടും നടത്തി അധികാരം പിടിച്ചടക്കുക മാത്രമാണ് കമ്പനിരാഷ്ട്രീയത്തിന്‍റെ ലക്ഷ്യം.അങ്ങനെ വാണിജ്യകുത്തകകള്‍ പണം മുടക്കി അധികാരത്തില്‍ എത്തിക്കുന്ന പാവസര്‍ക്കാരുകള്‍ക്ക് അവര്‍ക്കനുകൂലമായെ നിയമങ്ങള്‍ നിര്‍മ്മിക്കാനേ കഴിയു. കാരണം അവരുടെ പണമാണ് സര്‍ക്കാരിനെ താങ്ങിനിറുത്തുന്നത്. റ്റാറ്റായ്ക്കും ബിര്‍ലയ്ക്കും,റിലയന്‍സിനുമൊക്കെ ആനുകൂല്യങ്ങള്‍ കൊടുത്ത് കോടികള്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്നത് ഇങ്ങനെയാണ്.ഇത്തരം പാവഗവ്ര്‍മെന്റുകള്‍ ഒരിക്കലും സാധാരണ ജനങ്ങളുടെ പ്രതിനിധി ആയിരിക്കില്ല.കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ ഭരണമായിരിക്കും അവര്‍ നടത്തുക.നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതും അതാണ്.വെറും 28രൂപയ്ക്ക് നിത്യച്ചിലവ് കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരന്‍റെ മുന്നിലാണ് ഈ 1.86ലക്ഷം കോടി രൂപയുടെ അഴിമതി നടക്കുന്നത്.അതും പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ .ഇവരില്‍ നിന്ന് എന്ത് നീതിയാണ് ഒരു സാധാരണക്കാരന്‍ പ്രതീക്ഷിക്കേണ്ടത്?

   രാജ്യത്താകമാനം സംഘടിതരൂപത്തിലുള്ള ഒരു പ്രതിഷേധം ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല എന്നുള്ള ധാരണ തന്നെയാണ് ഇത്തരം അഴിമതികള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നത്.ലക്ഷം കോടിരൂപയുടെ അഴിമതി നടത്തുമ്പോള്‍ അതില്‍ ഏതാനും കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വികസന പരസ്യങ്ങള്‍ കൊടുത്ത് വിമര്‍ശകരുടെ വായ്‌ അടപ്പിക്കുന്നു. പണം കിട്ടുന്നതിനാല്‍ മാധ്യമങ്ങള്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. ജാനകീയ അഴിമതിവിരുദ്ധ സമരങ്ങള്‍ക്ക് താരതമ്യേന സാമ്പത്തിക അടിത്തറ ഇല്ലാത്തതിനാല്‍ പണം കൊടുത്ത് അതിനെയും എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിയുന്നു. പണം കൊടുത്തിട്ടും മെരുങ്ങാത്തവരെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. കൂടംകുളം സമരം ഇതിനു ഉദാഹരണമാണ്.

    രാഷ്ട്രിയപാര്‍ട്ടികളുടെയും, മതങ്ങളുടെയും പൊതുയോഗങ്ങള്‍ക്കും രഥയാത്രകള്‍ക്കും ഏത് സ്ഥലവും ഉപയോഗിക്കാം എന്നിരിക്കെ അഴിമതി വിരുദ്ധസമരത്തിന്‌ നിരായുധരായ സാധാരണക്കാര്‍ ഒന്നിച്ചു കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഈ അടിച്ചൊതുക്കല്‍ നയത്തിന്‍റെ ഭാഗമാണ്.സമര നായകന്മാര്‍ക്കെതിരെ മാധ്യമങ്ങളുടെ സഹായത്തോടെ നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.അണ്ണഹസാരെയുടെ സമരത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകളുടെ തലക്കെട്ടുകള്‍ നോക്കുക.’അണ്ണാ സമരത്തില്‍ ആളില്ല..,അണ്ണാ സംഘാംങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം..,അണ്ണാ സംഘത്തില്‍ അഴിമതിക്കാര്‍..,ഹസാരെ വര്‍ഗിയ വാദി, ഹസാരെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു...... ഇങ്ങനെയുള്ള തലക്കെട്ടുകള്‍ ആയിരുന്നു മാധ്യമങ്ങള്‍ കൊടുത്തിരുന്നത്.ഒരു ജനകീയ സമരത്തെ എങ്ങനെ വികൃതമാക്കി ചിത്രീകരിക്കാം എന്ന് മാധ്യമങ്ങള്‍ കാണിച്ചുതന്നു.എന്നാല്‍ 1.86ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന കാര്യംവെറും ഒരു സി.എ.ജി റിപ്പോര്‍ട്ട് എന്നാക്കിചുരുക്കി.ഇവിടെ മാധ്യമങ്ങള്‍ ആരുടെ ഭാഗത്താണ് എന്നത് വ്യക്തമാണ്.
  ജനാധിപത്യത്തിന്‍റെ പേര് പറഞ്ഞുനടക്കുന്ന ഒരു മാഫിയ ഭരണമാണിപ്പോള്‍ നടക്കുന്നത്.       കീ കൊടുക്കുമ്പോള്‍ നടക്കുകയും കയ്കാലിട്ടടിക്കുകയും ചെയ്യുന്ന ഒരു യന്ത്രപാവയെ അല്ല നമുക്കാവശ്യം; ജനങ്ങളോട് ബന്ധമുള്ള,അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ള,അവരോടു സംസാരിക്കാന്‍ കഴിയുന്ന അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു നേതാവിനെയാണ് നമുക്കാവശ്യം.നമുക്കും നമ്മുടെ വരും തലമുറയ്ക്കും വീണ്ടുമൊരു അടിമത്വതിലേക്ക് പോകാതിരിക്കണമെങ്കില്‍ ..ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടികളോടും നേതാക്കളോടുമുള്ള മാനസിക വിധേയത്വത്തിന്‍റെ പേരില്‍ അവരുടെ അഴിമതികളെ ന്യായീകരിക്കുന്നതും അടിമത്വം തന്നെയാണ്. സ്വാതന്ത്ര്യത്തിന്‍റെ നല്ല നാളെയ്ക്കായി നമ്മള്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.....

പിന്മൊഴി: “അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതില്‍ തനിക്ക് സന്തോഷമാണ്...”കേന്ദ്രമന്ത്രി.  “ഉണ്ടവന് അറിയാമോ ഉണ്ണാത്തവന്‍റെ വിശപ്പ്.”

No comments:

Post a Comment