**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, August 24, 2012

ഭോപ്പാലിലെ ഒളിമ്പിക്സ്.......

          

 നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട് മനഞ്ഞിലിന്‍റെ സ്വഭാവമാണെന്ന്. ഈ മത്സ്യത്തിന്‍റെ പ്രത്യേകത; ഇതിന്‍റെ തല കണ്ടാല്‍ പാമ്പാണന്നുതോന്നും വാല് കണ്ടാല്‍ മത്സ്യമാണന്നും.പാമ്പിനെ കണ്ടാല്‍ ടിയാന്‍ തല കാണിച്ചു രക്ഷപെടും, മത്സ്യത്തിന്‍റെ കൂടെയാണെങ്കില്‍ വാല് ഇളക്കി കാണിക്കും.രണ്ടു കൂട്ടരുടെഇടയിലും പതപ്പിച്ച്നില്‍ക്കുമെന്നര്‍ത്ഥം.രാഷ്ട്രീയക്കാരുടെ അവസര വാദത്വത്തെക്കുറിച്ച് പറയുമ്പോള്‍ ഈ
പ്രയോഗത്തിന്  പ്രസക്തിയുണ്ട്. വേട്ടക്കാരന്‍റെയും ഇരയുടെയും ഒപ്പം ഓടുന്നവര്‍. രാഷ്ട്രീയത്തെ വെറും കഞ്ഞികുടിക്കായി മാത്രം കാണുന്നവന്‍റെ തത്വശാസ്ത്രമാണിത്. എന്നാല്‍ ഭരണകൂടങ്ങള്‍ അങ്ങനെ ആകാന്‍ പാടില്ല.ഒരു രാജ്യത്തിന്‍റെ ഭരണകൂടമെന്നത് ആ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും, അവകാശങ്ങള്‍ക്കും വേണ്ടി രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന വിധം നീതി പൂര്‍വകമായി പ്രവര്‍ത്തിക്കേണ്ടതാണ്. സ്വന്തം ജനത എവിടെയൊക്കെ ഇരയാക്കപ്പെടുന്നുവോ അവിടെയൊക്കെ അവരുടെ സംരക്ഷകന്‍ ആകേണ്ട ആളാണ്‌ ഭരണകൂടം. എന്നാല്‍ ഭരണകൂടം വേട്ടാക്കാരനോപ്പം കൂടിസ്വന്തം ജനതയെ ആക്രമിക്കാന്‍ തുനിഞ്ഞാലോ. ശക്തിയുള്ളവന്‍ നില്‍ക്കട്ടെ ബലഹീനന്‍ മരിക്കട്ടെ എന്നൊരു ഭരണകൂടം പറയാന്‍ പാടുണ്ടോ?? രാജ്യത്തുണ്ടാകുന്ന വികലാംഗരെയും ദുര്‍ബലരെയും വധിച്ചു കളയാന്‍ പരസ്യമായിതന്നെ കല്പ്പിച്ച നേതാവായിരുന്നു ഹിറ്റ്ലര്‍. രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ ഒരു ബാധ്യത ആണെന്നായിരുന്നു ഹിറ്റ്ലരുടെ കണ്ടുപിടുത്തം. ലോകജനത അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചു. അസ്ഥിക്കുഴിയിലേക്ക് തള്ളപ്പെട്ട; അത്തരം നേതാക്കളുടെ പ്രേതം നമ്മുടെ ഇന്ത്യയിലേക്ക് എത്തിയെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാവപ്പെട്ടവന്‍റെയും അധ്വാനിക്കുന്നവന്‍റെയും സര്‍വോപരി ഇന്ത്യന്‍ ജനതയുടെ തന്നെ സ്വാതിന്ത്ര്യത്തിനായി ഒന്നരച്ചാണ്‍ വസ്ത്രവും ചുറ്റി, അരയില്‍ തൂക്കിയ കൊച്ചു ടൈംപിസും, ഒരു ഊന്നുവടിയും പിടിച്ചു; ബ്രിട്ടിഷ് സാമ്രാജ്യത്തോട് പോരാടിയ ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ നാട് ഭരിക്കുന്ന ഈ കാലത്ത് നാസിസത്തിന്‍റെ പ്രേതം ഇന്ത്യയിലൂടെ കറങ്ങി നടക്കുന്നത് നല്ല ലക്ഷണമല്ല.

  ലോകകായിക മാമാങ്കമായ ഒളിമ്പിക്സില്‍ കോടികള്‍ തുലച്ച്; നമ്മുടെ ജംബോ ടീം ഇക്കുറിയും ചരിത്രമാവര്ത്തിച്ചുകൊണ്ട് തിരിച്ചുപോന്നു. പൊരുതിയ കിട്ടിയ രണ്ടും, നിയമത്തിന്‍റെ ആനുകൂല്യത്തില്‍ കിട്ടിയ രണ്ടു മെഡലുകളും കൂടി നാല് മെഡലുകകളുമായി നമ്മള് സ്ഥിതി മെച്ചപ്പെടുത്തുക തന്നെ ചെയ്തു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി; 120 കോടി ജനങ്ങളുടെ അഭിമാനം രക്ഷിച്ച ജേതാക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.തങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്നതിന്‍റെ അങ്ങേയറ്റത്തെ പ്രകടനം നടത്തിയ മറ്റ് താരങ്ങളെയും അഭിനന്ദിക്കുന്നു. ഈ അഭിനന്ദനം നമ്മുടെ ദേശിയതയുടെ പ്രകടനം കൂടിയാണ്.എന്‍റെ രാജ്യം ,എന്‍റെ ടീം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

  എന്നാല്‍ നമ്മുടെ ദേശിയ ടീം ലണ്ടനില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ തന്നെ ഒരു പ്രതിഷേധഒളിമ്പിക്സ് നടന്നിരുന്നു. ഒന്നോ രണ്ടോ പത്രങ്ങളില്‍ വന്നതൊഴിച്ചാല്‍ മിക്ക മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയില്ല. നമ്മുടെ ഭരണകൂടത്തിന്‍റെ ശ്രദ്ധ അങ്ങോട്ട്‌ നീങ്ങിയതുമില്ല. ആളും ആരവവും ഇല്ലാത്ത നിസഹായരുടെ ഒളിമ്പിക്സ്നു എന്ത് പ്രസക്തി. സ്വന്തം ഭരണകൂടം വേട്ടക്കരനോപ്പം ചേര്‍ന്ന് വേട്ടയാടിയ ഇപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന നിസഹായരായ ഒരു ജനതയുടെ പ്രതിഷേധ ഒളിമ്പിക്സ് ആയിരുന്നു; അത്. മധ്യപ്രാദേശിലെ ഭോപ്പാലിലാണ് ഈ ഒളിമ്പിക്സ് അരങ്ങേറിയത്‌. ഭോപ്പാല്‍ ദുരന്തത്തിന്‍റെ ജിവിക്കുന്ന രക്തസാക്ഷികള്‍ നടത്തിയ ഒരു പ്രതിഷേധമായിരുന്നു അത്. ഞണ്ട് നടത്തം, ഇഴച്ചില്‍ ,ഊന്നുവടിയുടെ സഹായത്തോടെയുള്ള ഓട്ടം,വികലാംഗ ഫുട്ബോള്‍ തുടങ്ങിയവ ആയിരുന്നു മത്സരം ഇനങ്ങള്‍. ഇത് പ്രത്യേകം തയ്യാറാക്കിയ മത്സരഇനങ്ങള്‍ ആയിരുന്നില്ല. അവര്‍ക്ക്അങ്ങനെയേ മത്സരിക്കാന്‍ കഴിയുകയുള്ളൂ കാരണംഅവരെല്ലാം അംഗവൈകല്യം സംഭവിച്ചവരായിരുന്നു. അവരുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവര്‍; മാന്യന്‍മ്മാരായി ലണ്ടന്‍ ഒളിമ്പിക്സ്നു വേണ്ടി കോടികള്‍ പൊടിക്കുന്നു. അതിനെതിരെയുള്ള ഇരകളുടെ പ്രതിഷേധമായിരുന്നു; കാണുന്നവരുടെ കണ്ണ് നനയ്ക്കുന്ന, കരളലിയിക്കുന്ന ഈ മത്സരം. എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യാമങ്ങളും ചാനലുകളുമെല്ലാം അത് കണ്ടില്ലായെന്ന് നടിച്ചു. അങ്ങനെ സംഭവം പുറംലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയി.

  1984 ഡിസംബര്‍ മൂന്നിനു സംഭവിച്ച ഭോപ്പാല്‍ ദുരന്തത്തില്‍ ഏതാണ്ട് 15000-ത്തോളം ആളുകള്‍ മരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായിരുന്നു,അത്.  മീഥയില്‍ ഐസോ സയിനെറ്റ്‌ എന്ന വിഷവാതകം അഞ്ചു ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ ബാധിച്ചു. ഇന്നും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകില്യം സാധാരണം. യൂണിയന്‍ കാര്‍ബൈട് എന്ന വിദേശ കമ്പനിയുടെഫാക്ടറിയില്‍ നടന്ന ഈ അപകടത്തില്‍ സ്വന്തം ജനതയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങികൊടുക്കുന്നതില്‍ പോലും നമ്മുടെ ഗവേര്‍മെന്റ്റ്‌ വീഴ്ച്ച വരുത്തി. കമ്പനി എംഡി ആയിരുന്ന വാറന്‍ ആണ്ടെര്സനെ നാലാം ദിവസം അറസ്റ്റ്‌ചെയ്തുവെങ്കിലും;25000-രൂപയുടെ ജാമ്യതുകയില്‍ അന്ന്തന്നെവിട്ടയച്ചു. അടുത്ത ദിവസംതന്നെ ആള്‍ ഇന്ത്യ വിടുകയും ചെയ്തു. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിവരെയും തുടര്‍ന്ന് രാജ്യത്തിന്‌ പുറത്തു കടക്കാനും ആണ്ടെര്സനെ സഹായിച്ചത്‌ അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ടായിരുന്നുവെന്ന്,പിന്നിട് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. നോക്കണേ.... നമ്മുടെ ഭരണകൂടത്തിനു സ്വന്തം ജനതയോടുള്ള പ്രതിബദ്ധത. സ്വന്തം ജനതയെ കൊന്നവനെ, നമ്മുടെ ചിലവില്‍ തന്നെ രാജ്യം വിടാന്‍ സഹായിക്കുക. പിന്നിട് നാളിതു വരെ ആളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയിട്ടില്ല. 2010ജൂണിലാണ്; 1984-നടന്ന സംഭവത്തിന്‍റെ കോടതിവിധി വന്നത്. ഏഴ് ജോലിക്കാരെ ശിക്ഷിച്ചു. രണ്ടുവര്ഷം തടവും 2000അമേരിക്കന്‍ ഡോളര്‍ പിഴയുമായിരുന്നു ശിക്ഷ. 15000ആളുകള്‍ മരിക്കാന്‍ ഇടയായ സംഭവത്തിലെ ശിക്ഷയാണിത്. നിയമ പോരാട്ടത്തിനൊടുവില്‍ മരിച്ചവര്‍ക്ക് 1500ഡോളറും, പരിക്ക്പറ്റിയവര്‍ക്ക് 500ഡോളറും കൊടുത്ത് കമ്പനി തടിയൂരി. അന്നത്തെ ദുരന്തത്തിന്‍റെ ബാക്കിയായി 425-ടെണ്ണ്‍ അപകടകാരികളായ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കിടക്കുന്നു. സമീപത്തെഎല്ലാ കിണറുകളും ഉപയോഗ ശൂന്യമായി, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം അസുഖങ്ങള്‍; ഇങ്ങനെ ഒരു നാടു മുഴുവന്‍ നരകിക്കുമ്പോഴും സര്‍ക്കാരിനു നിസംഗത തുടരുന്നു..

  1999-ല്‍ അമേരിക്ക ആസ്ഥാനമാക്കിയുള്ള ഡോവ് എന്നകമ്പനി യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്തു. എന്നാല്‍ ഭോപ്പാല്‍ ദുരന്തംമൂലമുണ്ടായ യാതൊരുബാദ്ധ്യതകളും ഏറ്റെടുക്കാന്‍ കമ്പനി തയ്യാറായില്ല. കോടതിയില്‍ നമ്മുടെ സര്‍ക്കാറിന്‍റെ വാദങ്ങള്‍ അമ്പേ പരാജയപ്പെടുന്നു. ഇത്രയും നാശങ്ങള്‍ ഉണ്ടാക്കിയ ഈ കമ്പനിയെ രാജ്യത്ത്‌നിന്ന്തന്നെ ഒഴിവാക്കുന്നതിന് പകരം സര്‍ക്കാര്‍ ‘മനഞ്ഞില്’ നയം കളിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കേസ്‌ കോടതിയില്‍ കളിക്കുന്നു. വിധി വരുമ്പോള്‍ കമ്പനിയ്ക്ക് അനുകൂലമായി കേസ്‌ തോറ്റു കൊടുക്കുന്നു. സംരക്ഷിക്കേണ്ടാവര്‍ തന്നെ സംഹരിക്കാന്‍ ഇറങ്ങുന്ന അവസ്ഥ. ഇതേ ഡോവ് കമ്പനിയാണ് ലണ്ടന്‍ ഒളിമ്പിക്സിന്‍റെ മുഖ്യസ്പോണ്സര്‍. 100-മില്ല്യന്‍ ഡോളരാണ് അവര്‍ ഒളിമ്പിക്സ്‌നു വേണ്ടി ചിലവാക്കുന്നത്. സ്വന്തം ജനതയെക്കരുതിയെങ്കിലും നമ്മുടെ സര്‍ക്കരിനൊരു പ്രതിക്ഷേധക്കുറിപ്പ്‌ ഇറക്കാമായിരുന്നു. സായിപ്പിന്‍റെ മുന്നില്‍ ചെല്ലുമ്പോള്‍ കവാത്ത് മറക്കുന്ന സ്ഥിരം ഏര്‍പ്പാട് ഇവിടെയും ആവര്‍ത്തിച്ചു...ഇതങ്ങ് വടക്കേ ഇന്ത്യയില്‍ അല്ലെ?? നമുക്ക്എന്ത്കാര്യം എന്ന്കരുതിയാല്‍  തെറ്റി. കേരളത്തിലും സ്ഥിതി വ്യതസ്തമല്ല. മൂഷികസ്ത്രീ എന്നും മൂഷികസ്ത്രീതന്നെ ആയിരിക്കും. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കരളലിയിപ്പിക്കുന്ന ദ്രശ്യങ്ങള്‍ കേരളത്തിന്‍റെ സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്നതായിരുന്നു. അംഗവൈകുല്യങ്ങള്‍ സംഭവിച്ച ആളുകള്‍, കാന്‍സര്‍ രോഗികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, വളര്‍ച്ചയില്ലത്തവര്‍, ഒരു ജനതയെ മുഴുവന്‍ എന്‍ഡോസള്‍ഫാനെന്ന മാരകകീടനാശിനി വിഴുങ്ങി, കുടിക്കാന്‍ വിഷം കലര്‍ന്ന ജലം,തോടുകളിലെ മീനുകളെല്ലാം ചത്തുപൊങ്ങി,പക്ഷികളും ചിത്രശലഭങ്ങളും എല്ലാം അവിടം വിട്ടു. പ്രകൃത്യാലുള്ള ആവാസവ്യവസ്ഥയ്ക്ക് വരെ താളംതെറ്റി. ആ ദേശത്തെ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ മുടങ്ങി.ഇങ്ങനെ വലിയൊരു ദുരന്തത്തിന്‍റെ നേര്‍കാഴ്ചകള്‍ കണ്മുന്നില്‍ കാണുമ്പോഴും.നമ്മുടെ കേന്ദ്രഭഷ്യ മന്ത്രിപറയുന്നു. എന്‍ഡോസള്‍ഫാന്‍ നല്ലൊരു ടോണിക് ആണെന്ന്.തെറിവിളി ഏറിയപ്പോള്‍ അദേഹം തന്‍റെ അഭിപ്രായത്തില്‍ നിന്ന് മലക്കം മറിയുന്നതും നമ്മള്‍ കണ്ടതാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ മാരകകീടനാശിനി ഇന്‍ഡ്യ മുഴുവനായി നിരോധിക്കണ്ട എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. കേരളവും,കര്‍ണ്ണാടകവും മാത്രമേ ഇത് നിരോധിക്കണം എന്ന് പറഞ്ഞിട്ടുള്ളൂ എന്നതാണ് ഇതിനുപറയുന്ന ന്യായം.

 നമ്മുടെ കേരള സര്‍ക്കാരാകട്ടെ മുഴുവന്‍ സമയവും ജനങ്ങളുടെ കൂടെ തന്നെയാണ്; പക്ഷെ ജനങ്ങളുടെ കീശയിലുള്ള ചില്ലികാശുവരെ കയ്യിട്ടു വരാനാണെന്ന് മാത്രം. ഇപ്പോഴിതാ മനുഷ്യാവകാശ കമ്മിഷന്‍റെ നിര്‍ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതര്‍ക്ക് കൊടുക്കുന്ന സഹായം വെട്ടികുറയ്ക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. കാന്‍സര്‍ രോഗംബാധിച്ചവരെയും, ബുദ്ധിമാന്ദ്യമുള്ളവരെയും  ആനുകൂല്യ പട്ടികയില്‍നിന്ന് ഒഴിവാക്കി. പരസഹായം കൂടാതെ എഴുന്നേറ്റ്‌നടക്കാന്‍ പോലും ആവതില്ലാത്ത ഈ ജീവച്ഛവങ്ങളോട് ഇങ്ങനെപെരുമാറുന്നതില്‍ എന്ത് നീതിയാണുള്ളത്.അവരുടെ മരണം ഉറപ്പാക്കുകയാണോ ഇതിനുപിന്നിലെ ലക്‌ഷ്യം.

  ഒരു ജനതമുഴുവന്‍ അസുഖ ബാധിതരായി നരകിക്കുമ്പോഴും നമ്മുടെ ഭരണകൂടമെന്തേ... ജനങ്ങള്‍ക്ക്അനുകൂലമായ നിലപാട് എടുക്കാത്തത്‌?? ഇവര്‍ ആരുടെ പ്രതിനിധികളാണ്.... കണ്ണിനുകാഴ്ചയുള്ള ഏതൊരു മനുഷ്യനും കണ്ടു മനസിലാക്കാവുന്ന കാര്യങ്ങള്‍ പോലും കെട്ടുകണക്കിനു യോഗ്യതകള്‍ ഉണ്ടെന്നു വിളിച്ചുപറയുന്ന ഇവര്‍ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്??? സ്വന്തം ജനതയെ കശാപ്പുകാരന് വിറ്റിട്ട്. അവരുടെ മാംസത്തിന്‍റെ വിലകൊണ്ട്‌മണിമാളിക പണിയുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ തീ പന്തം എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

No comments:

Post a Comment