**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, January 4, 2013

നിങ്ങളെന്നെ മുണ്ടഴിപ്പിക്കും.....


        സ്കൂള്‍

ഇങ്ങോട്ട് മാറി നിക്കെടാ രണ്ടും... ഇന്‍ഡിസിപ്ലിനായിട്ടുള്ള ഒന്നും ഞാനിവിടെ അനുവദിക്കില്ല.അണ്ടര്‍സ്റ്റാന്‍റ്......

ഉവ്വ്....

നല്ലൊരു പേരുള്ള സ്ഥാപനമാ അറിയാമോ...നില്‍ക്കുന്നത് കണ്ടില്ലേ കോണാവാലും ചുറ്റി...

അത് സാര്‍ മുണ്ട് ഇന്ന്..ഓണം....

എന്ത് മുണ്ട്... ഇതൊന്നും ഇവിടെ നടക്കില്ല..ഇവിടെ ഒരു ഡ്രസ്സ്‌ കോഡ് ഉണ്ട് അതുമതി....

എന്താടാ ഒരു മാതിരി അപ്പിഹിപ്പി നില്‍ക്കുന്നത് പോലെ .....

പശു ചവച്ചപോലെ ചുരുങ്ങിപറിഞ്ഞപാന്‍റ്സും .മരത്തൊലി പോലത്തെ ഷര്‍ട്ടും.. നീ എന്താടാ ഓ വി വിജയന്‍ കളിക്കുകയാ....

സര്‍ അത് കൈത്തറി....

എന്ത് തറി അതൊക്കെ അങ്ങ് വീട്ടില് ......

നാളെ പേരന്‍സ് ഇല്ലാതെ ഇങ്ങോട്ട് വരേണ്ട ...ഇറങ്ങിക്കോ....

********                                                   *********                                         ***************

 ഓഫീസ്

 >എല്ലാവരോടും ഒരു കാര്യം പറയാനുണ്ട് ... ബുധനാഴ്ച എല്ലാവരും കൈത്തറി ധരിച്ചു വരണം.....പുരുഷന്മാര്‍ മുണ്ടും, സ്ത്രികള്‍ക്ക് സാരിയും ധരിക്കാം,, .ചുരിദാറും വിരോധമില്ല ..

<അതെന്താ സാറിന്‍റെ പുലയടിയന്തരം വല്ലതുമുണ്ടോ...

>ദേ.... ഒരു മാതിരി ചൊറിഞ്ഞ വര്‍ത്തമാനം പറഞ്ഞാലേ.... യൂണിയന്‍ നേതാവാണെന്നോന്നും ഞാന്‍ നോക്കുകേലാ..... ആക്ഷന്‍ എടുത്തു കളയും പറഞ്ഞേക്കാം ....

എന്‍റെ അടിയന്തരം കഴിക്കാനോന്നുമല്ല ..സര്‍ക്കാര്‍ ഓര്‍ഡറാ...

<സര്‍ക്കാരങ്ങനെ പലതും പറയും... ചുമക്കേണ്ടത് ഞങ്ങളാ...ഓരോ ദിവസവും ഓരോ ഓര്‍ഡര്‍.വണ്ടിടെയെല്ലാം സണ്‍ഗ്ലാസ് പൊളിക്കണമെന്ന് പറഞ്ഞു എല്ലാം പൊളിപ്പിച്ചു. ഇനി കൊച്ചുങ്ങളെയും കൊണ്ടുപുറത്തിറങ്ങിയാല്‍ നേരെചൊവ്വേ ഒന്നു മുലകൊടുക്കാന്‍ പോലുംപറ്റില്ല....എങ്ങാനും കൊടുക്കാമെന്നുവച്ചാല്‍; കുറുക്കന്‍ കോഴിയെ നോക്കുന്ന നോട്ടങ്ങളാ..ചുറ്റും.ഏമാന്‍മാരെല്ലാം വണ്ടിക്കു കര്‍ട്ടനുമിട്ടു നടക്കുന്നു.ആര്‍ക്കും ഒരു ചേതവുമില്ല. അപ്പഴാ ഒന്നലക്കിയാല്‍ തൊലി പോലെയാകുന്ന ഖാദി....

കഞ്ഞിവെള്ളം മുക്കിത്തെച്ചുകൊണ്ടുവന്നാല്‍ ഒറ്റദിവസം ഇടാം.ഒരുജോഡി വാങ്ങാമെന്നുവെച്ചാലോ; ഒരുമാസത്തെ ശമ്പളംപോലും തികയില്ല..പിന്നല്ലേ.... ധരിക്കാന്‍ സുഖമാണെന്നു പറഞ്ഞാല്‍;അതിലും കുറഞ്ഞ വിലയില്‍ അതിനേക്കാള്‍ സുഖമുള്ളതു കിട്ടും....  

>വൈകിട്ട് ഊരിയിടുന്ന സാധനം രാവിലെ കുത്തിക്കയറ്റിയാ... ഇങ്ങു പോരുന്നത്.ആഴ്ചയില്‍ ഒന്നാ.... അലക്ക്. ഡെയിലി അലക്കാമെന്നുവെച്ചാല്‍ വെള്ളമുണ്ടോ? ഇസ്തിരിക്കണമെന്നു തോന്നിയാല്‍ രാവിലെതന്നെ കട്ട് തുടങ്ങും. അപ്പോഴാ ഒരു ഖാദി ധാരണം. അലക്കാനൊട്ട് വെള്ളവുമില്ല, തേയ്ക്കാന്‍ കരണ്ടുമില്ല. ഇസ്തിരിയിട്ടില്ലെങ്കില്‍ ഒരു സാരിചുറ്റെണ്ടെടത്തു രണ്ടെണ്ണം വേണ്ടിവരും. മുണ്ടാണെങ്കില്‍ മുട്ടറ്റമേ ഉണ്ടാകു...

<എങ്ങനെ പീഡിപ്പിക്കണമെന്ന് നോക്കി ആള്‍ക്കാരുനടക്കുമ്പോള്‍ രണ്ടറ്റവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സാരിയുംചുറ്റി വരാന്‍ ഞാനില്ല....

ഈ പറയുന്ന മന്ത്രിമാര്‍ക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല...അലക്കാനും, തേയ്ക്കാനും, ഇടീപ്പിക്കാനും വരെ ആള്‍ക്കാരുണ്ട്....ഇവിടെ രാവിലെ ഇറങ്ങിയാല്‍ വൈകിട്ട്ചെന്നിട്ട് വേണം കഞ്ഞി വയ്ക്കാന്‍..അതിനിടയില്‍ കഞ്ഞിവെള്ളംമുക്കി തേക്കാന്‍ പോകുന്നോ, അതോ കഞ്ഞികുടിക്കാന്‍ പോണോ...അതുകൊണ്ട്; ഓര്‍ഡര്‍ സാറ് പുറത്തെടുക്കേണ്ട കിട്ടിയപോലെ പെട്ടിയിലേക്ക് വച്ചോ??...

*******                                **********

പുതുവര്‍ഷംമുതല്‍ എല്ലാ ബുധനാഴ്ചകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറിയോ, ഖാദിയോ ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ തുടക്കത്തിലേ ചീറ്റി...കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ശനിയാഴ്ചയായിരുന്നു ഖാദിധരിക്കാന്‍ മാറ്റിവച്ച ദിവസം....അതില്‍ അധ്യാപകരെക്കുടി ഉള്‍പ്പെടുത്താനാണ് ശനിയാഴ്‌ചയെന്നത് ബുധനാഴ്ചയാക്കിമാറ്റിയത്. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല...നശിച്ചുകൊണ്ടിരിക്കുന്ന ഒരു പരമ്പരാഗത വ്യവസായത്തെ രക്ഷിക്കാന്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ക്കൊണ്ടുകഴിയുമോ എന്നതാണ് പ്രശ്നം. ബുധനാഴ്ചകളില്‍ സര്‍ക്കാര്‍ യൂണിഫോം ഖാദിയാക്കി മാറ്റികൊണ്ടുള്ള ഉത്തരവിനെ ജിവനക്കാര്‍ ചവറ്റുകുട്ടയിലേക്ക് തള്ളി ...... തുണിയുടുക്കാനുള്ള മലയാളിയുടെ താല്പര്യ കുറവിനെയോന്നുമല്ല ഇതു സൂചിപ്പിക്കുന്നത്. വസ്ത്രവിപണിയില്‍ നല്ലൊരു തുക വിനയോഗിക്കുന്ന മലയാളി എന്തു കൊണ്ടാണ് കൈത്തറിയെ ഉപേക്ഷിക്കുന്നത്.കാലത്തിനോത്തുള്ള മാറ്റം ആ മേഖലയില്‍ വന്നിട്ടില്ല എന്നതുതന്നെ കാരണം...പുതിയപുതിയ മോഡലുകളോ, വൈവിധ്യവല്ക്കരണമോ ഇല്ലാതെ ഇക്കാലത്ത് ഒരു വ്യവസായത്തിനും പിടിച്ചുനിക്കാന്‍ കഴിയില്ല. ഉപഭോഗസംസ്ക്കാരത്തിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ആകര്‍ഷകമായ അവതരണവും,പരസ്യതന്ത്രങ്ങളും, വൈവിധ്യമാര്‍ന്ന നിരവധി ഉത്പ്പന്നങ്ങളും ആവശ്യമാണ്‌..ജീവിതക്രമങ്ങള്‍ക്ക്‌ വളരെവേഗം വന്നിരിയ്ക്കുന്ന ഈ കാലത്ത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നതും എന്നാല്‍ ഗുണമേന്‍മയുള്ളതുമായ ഉത്പന്നങ്ങളിലാണ് ഉപഭോക്താക്കള്‍ക്ക് താല്പര്യം. കൈകാര്യം ചെയ്യാന്‍ വിഷമമുള്ളതും, ഉപയോഗിക്കുമ്പോള്‍ പ്രത്യേകശ്രദ്ധ വേണ്ടിവരുന്നതുമായ വസ്ത്രങ്ങളെ ദൈനംദിനജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസംതന്നെയാണ്..മാത്രമല്ല നമ്മുടെ പുതിയ തലമുറ ഖാദിയില്‍ നിന്നും കൈത്തറിയില്‍നിന്നും എത്രയോ അകന്നു കഴിഞ്ഞിരിക്കുന്നു. കൈത്തറിയും, ഖാദിയും മരിച്ചുകൊണ്ടിരിക്കുന്ന പഴഞ്ചന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടമായി അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നമ്മുടെ സാമൂഹ്യ,വിദ്യാഭ്യാസ മേഖലകളില്‍പ്പോലും നടക്കുന്നു. കേരളപ്പിറവി ദിവസംപോലും മുണ്ടുടുക്കാന്‍ അനുവാദമില്ലാതെ കലാലയങ്ങള്‍ ഉള്ള നാടാണിത്..സൂട്ടും, കോട്ടും, ടൈയും പുരോഗതിയുടെയും, സംസ്കാരത്തിന്‍റെയും അതിനൂതന മാര്‍ഗങ്ങളായി നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ആരാണ് കൈത്തറി ധരിക്കാന്‍ തയ്യാറാകുക.പൊതുകമ്പോളത്തില്‍ ഒരു ഉത്പന്നം ചിലവാകണമെങ്കില്‍ ആകര്‍ഷകമായ വിലയും. ഗുണമേന്‍മയും, പരസ്യതന്ത്രങ്ങളും ആവശ്യമാണ്‌.അല്ലാതെ സര്‍ക്കാര്‍ ഉത്തരവുമാത്രം പോര. കെ.എഫ്.സി വില്‍പ്പനശാലയുടെ മുന്നില്‍ ഒരു കഞ്ഞിക്കട തുറന്നിട്ട്‌ വിലക്കുറവില്‍ ശുദ്ധമായഭക്ഷണം, ആരോഗ്യദായകം എന്നൊക്കെ ബോര്‍ഡ്‌ വച്ചാല്‍ കഞ്ഞികുടിക്കാന്‍ ആളു വരുമോ??അതിലെ പോകുന്നവനെയൊക്കെ ബലമായി പിടിച്ചുനിറുത്തി രണ്ടുകവിള്‍കഞ്ഞി വായില്‍ ഒഴിച്ചുകൊടുത്താല്‍ ആളുകള്‍ കഞ്ഞി ശീലമാകുമോ??   

   എണ്‍പതുകളുടെ അവസാനംവരെ ഇന്ത്യന്‍നിരത്തുകളില്‍ നിറസാന്നിധ്യമായിരുന്ന നമ്മുടെ സ്വന്തം അംബാസിഡര്‍കാര്‍ ഇന്ന് ഏറെകുറെ അപ്രത്യക്ഷമായിരിക്കുന്നു.കാര്‍ വിപണിയില്‍ മറ്റു കമ്പനികളെ അനുവദിക്കാതിരുന്ന കാലത്തോളം അംബാസഡര്‍ സുരക്ഷിതമായിരുന്നു. എന്നാല്‍ വിപണി മല്‍സരത്തിനു വഴി മാറിയതോടെ കമ്പനിനഷ്ടത്തിലായി. കാലത്തിനനുസരിച്ച് ജനങ്ങളുടെ മുന്നില്‍ പുതിയപുതിയ ഉത്പ്പന്നങ്ങളെ പരിചയപ്പെടുത്താന്‍ കഴിയാത്ത ഏതൊരു വ്യവസായത്തിനും അതിജീവനത്തിനായി വിഷമിക്കേണ്ടിവരും.എന്നാല്‍ പുതിയ മാറ്റങ്ങളിലൂടെ മാരുതി മുന്‍നിരയിലേക്കുവന്നതും കാണേണ്ടിയിരിക്കുന്നു.

 ജനങ്ങളെ നിര്‍ബ്ബന്ധമായി കൈത്തറി ഉടുപ്പിച്ച് കൈത്തറി മേഖലയെ ഉദ്ധരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ,കമഴ്ത്തിയ കുടത്തില്‍ വെള്ളം നിറയ്ക്കാനുള്ള ശ്രമമായെ കാണാന്‍ കഴിയു.ഏതു രീതിയില്‍ വസ്ത്രം ധരിക്കണം എന്ന് സര്‍ക്കാരിനു നിര്‍ദ്ദേശിക്കാമെങ്കിലും,അതിനായി ഏതു തുണി തിരഞ്ഞെടുക്കണം എന്ന സ്വാതന്ത്ര്യം ജനത്തിനാണ്. കൈത്തറിയും ഖാദിയും മോശപ്പെട്ട ഒരു വസ്ത്രമാണെന്ന ധാരണതന്നെ ആദ്യം മാറ്റപ്പെടണം. കേരളിയതയുടെ അടയാളമായി കൈത്തറിയും ബ്രാന്‍ഡ്‌ ചെയ്യപ്പെടണം. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉത്പ്പാദനത്തിലെ വൈവിധ്യവത്കരണം നടപ്പാക്കുക.അസംസ്കൃതവസ്തുകളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ നടപടികളാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സുഖമാകാന്‍ ആഗ്രഹിക്കുന്ന രോഗിക്ക് ബിരിയാണിയല്ല ആവശ്യത്തിനു മരുന്നാണ് കൊടുക്കേണ്ടത്..

8 comments:

 1. you said it.....
  തുളസി .... നല്ല നിരീക്ഷണം .....
  സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാണ്ട് ചുമ്മാ ആളുകളോട് മുണ്ടാന്‍ വരുന്നു ...


  പിന്നെ
  "ഏതു രീതിയില്‍ വസ്ത്രം ധരിക്കണം എന്ന് സര്‍ക്കാരിനു നിര്‍ദ്ദേശിക്കാമെങ്കിലും,അതിനായി ഏതു തുണി തിരഞ്ഞെടുക്കണം എന്ന സ്വാതന്ത്ര്യം ജനത്തിനാണ്"
  അങ്ങനെ സര്‍ക്കാരിനു ഒരു ഡ്രസ്സ്‌ കോഡ് ജനങ്ങളില്‍ അടിചെല്പ്പികാന്‍ പറ്റുമോ ? നമ്മള്‍ ജനാധിപത്യ ആളുകള്‍ അല്ലെ , പൗരാവകാശം , വ്യക്തി സ്വാതന്ത്യം ... മാങ്ങാത്തൊലി അങ്ങനൊക്കെ ഇല്ലേ ...

  ReplyDelete
 2. ബിനുജോണ്‍January 4, 2013 at 8:53 AM

  നല്ല നിരിക്ഷണം ...കതിരിന്‍മേല്‍ വളം വച്ചിട്ട് കാര്യമില്ല.ഇന്ന തുണി ധരിക്കണം എന്ന് പറയാന്‍ സര്‍ക്കാരിനു യാതൊരു അവകാശവുമില്ല.പിന്നെ ഏതു രീതിയില്‍ ഡ്രെസ് ധരിക്കണമെന്ന് പറയാന്‍ അവകാശമുണ്ട് താനും."മറ്റുള്ളവരുടെ അഭിമാനതിനു ക്ഷതം സംഭവിക്കാത്തവിധം.."എന്നൊരു പഴുത് നിയമത്തില്‍ ഉണ്ട്.അത് ഏതു വിധം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരും കോടതിയും ആണ്...പക്ഷെ അതില്‍ ധരിക്കേണ്ട തുണി ഇതാണെന്ന് പറയാന്‍ പറ്റില്ല...നമ്മുടെ കൈത്തറി മേഖലയില്‍ വൈവിധ്യവത്കരണം നടത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു,,,,ആശസകള്‍.

  ReplyDelete
 3. പാക്കരന്‍January 4, 2013 at 1:54 PM

  യെവനടെ നമ്മളെ കോണാന്‍ ഉടുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.നല്ല ഒന്നാംതരം ആയിഷ ജട്ടി ഉള്ളപ്പോഴാ അവന്റെയൊരു ഖാദി,അതിട്ടിട്ടു വേണം പിടുക്കടക്കം പുറത്തു കാണാന്‍....മന്ത്രിയോട് പോയി പണി നോക്കാന്‍ പറ....

  ReplyDelete
 4. ഖാദി മരിയ്ക്കും പതുക്കെ
  സര്‍ക്കാര്‍ ഉത്തരവുകൊണ്ടൊന്നും ഒരു കാര്യവുമില്ല

  ReplyDelete
 5. This comment has been removed by the author.

  ReplyDelete

 6. നന്നായിരിക്കുന്നു വിദ്യാധരന്‍ മാഷെ..
  ഖാദി മരിക്കാതിരിക്കാന്‍ രാഷ്ട്രീയക്കരെ കൂടുതലുണ്ടാക്കു സര്‍ക്കാരെ..
  അവരുടെ ഒരു പൊതു യൂണിഫൊം ആണല്ലാ ഖാദി.. :)

  ReplyDelete
 7. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉത്പ്പാദനത്തിലെ വൈവിധ്യവത്കരണം നടപ്പാക്കുക...

  then comrades can make a strike for that... computer goback... no machinery in paddy field... hahahaha

  ReplyDelete