**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, January 26, 2013

KSRTC- യ്ക്ക് ഒരു ചരമഗീതം.......


        
  കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന അതിനൂതന സാങ്കേതികവിദ്യയുടെ പേറ്റന്റ് കാലാകാലങ്ങളായി കൈവശം വച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് നമ്മള്‍. അതുകൊണ്ടുതന്നെ വികസനമെന്നാല്‍ തെങ്ങിന്‍റെ മണ്ടേലല്ല നടക്കേണ്ടതെന്നു നമ്മള്‍ക്ക് കൃത്യമായി അറിയുകയും ചെയ്യാം.വികസിപ്പിച്ചു വികസിപ്പിച്ച് തെങ്ങിന്‍റെ കാര്യം ഒരു പരുവത്തിലാക്കി.അതുപോലെ  വികസിപ്പിച്ചു വികസിപ്പിച്ച് അവസാനം ഗ്യാസുകയറി വയറുപൊട്ടി അത്യാസന്നനിലയില്‍ ഐസിയു വില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഇപ്പോള്‍ നമ്മുടെ കെ. എസ്.ആര്‍.ടി.സി യും കൂടിയായി. കേരളമോഡല്‍ വികസനത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി. ലാഭകരമായി കൊണ്ടുപോകാന്‍ കഴിയുന്ന ഒരു വ്യവസായത്തെ എങ്ങനെ നഷ്ടത്തില്‍ കൊണ്ടുപോകാമെന്ന മഹത്തായ ഭരണനൈപുണ്യത്തിന്‍റെ ലോകോത്തര മാതൃകയാണിത്. ഇടതു വലതു ഡ്രൈവര്‍മാര്‍ ബെല്ലുംബ്രേക്കും നോക്കാതെ, ലക്കുംലഗാനവും ഇല്ലാതെ ഓടിച്ച്; വണ്ടി കട്ടപ്പുറത്താക്കിയെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഇതിനി ലാഭത്തിലാകുമെന്ന് ഒടേതമ്പുരാനുപോലും പറയാന്‍ കഴിയില്ല. അത്രയ്ക്ക് നല്ലരീതിയിലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. പൊളിച്ചടുക്കുന്ന പരിപാടി സുഗമമാക്കാന്‍; ഒരു വകുപ്പും, തലപ്പത്ത് ഒരു മന്ത്രിയുമുള്ള രീതിയിലാണ് ഇതിനെ പടച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട് അടിമുതല്‍ മുടിവരെ എന്നും വികസനമാണ്. പിന്നെ..... കുറ്റം പറയരുതല്ലോ കുറെ ആള്‍ക്കാര്‍ ഈ പേരില്‍ ജനത്തെ കൊള്ളയടിച്ചു ജീവിച്ചുപോകുന്നുണ്ട്. അത് അവരുടെ അവകാശമായതിനാല്‍ നമ്മള്‍ക്ക് ഒന്നും പറയാന്‍പ്പറ്റില്ല. കഞ്ഞിപോയിട്ട് കഞ്ഞിവെള്ളത്തിനുപോലും ഗതിയില്ലങ്കിലും എല്ലാ വര്‍ഷവും കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തും, പരീക്ഷയും നടത്തി റാങ്കുലിസ്റ്റും ഇട്ടും ആള്‍ക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. വണ്ടിയുമില്ല, ഡീസലുമില്ല ഒഴിവുകള്‍ മാത്രം ഇഷ്ടംപോലെ; ആ സൂത്രം മാത്രം മനസിലാവുന്നില്ല. ജോലി കിട്ടിയിട്ട് വേണം കുറച്ചു ലീവ് എടുക്കാനെന്ന മലയാളിയുടെ മനശാസ്ത്രപ്രകാരം; നിലവില്‍ ജോലിയില്‍ ഉള്ളവരെല്ലാം ലീവിലായതിനാലായിരിക്കണം ഇത്രയധികം ഒഴിവുകള്‍. ലീവ് അവകാശമായതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയില്ല.............

  പൊതുജനങ്ങളുടെ യാത്രസുഖം മാത്രമാണ് കെ.എസ്.ആര്‍.ടി.സി യുടെ ഏകലക്ഷ്യം. അതിനുവേണ്ടി സര്‍ക്കാരും തൊഴിലാളികളും തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.വല്ലാത്തൊരു പ്രവര്‍ത്തനമാണത്. കണ്ടുപഠിക്കേണ്ട പ്രവര്‍ത്തനം.. പക്ഷെ കേരളത്തില്‍ ആറുമാസം മഴക്കാലമായതിനാല്‍  കാലവര്‍ഷക്കെടുതികൊണ്ടുള്ള കഷ്ടംമൂലം കമ്പനി നഷ്ടത്തിലാണെന്നുമാത്രം. ജനോപകാരപ്രദമായ നിയമങ്ങളാണ് ഇതിനെ മറ്റു സര്‍വിസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. മൊട്ടവിരിഞ്ഞു കിയോകിയോ കരയുന്ന കോഴിക്കുഞ്ഞിനുപോലും ടിക്കറ്റ്‌ എടുക്കണം. ഗതിയില്ലാത്തവനെ, ഗതിപിടിപ്പിക്കാന്‍ ചുമ്മാകൊടുക്കുന്ന അഞ്ചുകിലോ റേഷനരി കയറ്റിയാലും ലെഗേജ് ചാര്‍ജു മുറിക്കും. പഞ്ചറായി വഴിയില്‍ കിടന്നാലും; എടുത്ത ടിക്കറ്റ്‌ മടക്കികൊടുക്കുന്ന പരിപാടിയേയില്ല; വേണമെങ്കില്‍ അഞ്ചുമണിക്കൂര്‍ കഴിഞ്ഞ് വരുമെന്നുപറയുന്ന വണ്ടിക്കായി കാത്തുനിന്നോളണം. ലിമിറ്റഡ്, ഫാസ്റ്റ് ,സൂപ്പര്‍ ,എക്സ്പ്രസ്സ്‌ ,ഡീലക്സ് തുടങ്ങിയ മനോഹരപദങ്ങള്‍ ചാര്‍ത്തിയും; പലവിധത്തിലുള്ള കളറുകള്‍ മാറ്റിമാറ്റി അടിച്ചും ടിക്കറ്റ്‌ നിരക്ക് വേണ്ടുവേളം കൂട്ടിയിടാം. ദേശസാല്‍കൃതം എന്ന ഓമനപ്പേരില്‍ മറ്റു സ്വകാര്യസര്‍വീസുകളെ  മാറ്റിനിര്‍ത്തി പൊതുവഴിയെല്ലാം കുടുംബസ്വത്താക്കി നിരങ്ങാം, വേണമെങ്കില്‍ കേറിയാല്‍ മതിയടാ പുല്ലുകളെയെന്ന...... തനത് സര്‍ക്കാര്‍ ആഥിത്യമര്യാദകാണിക്കാം.  തുടങ്ങിയ ഒരു സര്‍ക്കാര്‍ സര്‍വീസിനു വേണ്ട എല്ലാ മിനിമം യോഗ്യതകളോടും കൂടി ജനങ്ങളെ സേവിച്ചുവന്ന വിശ്വസ്തസ്ഥാപനമായിരുന്നു; നമ്മുടെ ആന വണ്ടികമ്പനി.

  ഒരു കുട്ടിബസുമായി പണിതുടങ്ങുന്ന ചോട്ടാ മുതലാളിമാര്‍  ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ബസുകളുടെ എണ്ണംകൂട്ടി ബഡാ മുതലാളിമാരായി മാറുമ്പോള്‍  6213 ബസുകളുള്ള കെ.എസ്.ആര്‍.ടി.സി യ്ക്ക് നഷ്ടത്തിന്‍റെ കണക്കുകള്‍ മാത്രമേ പറയാനുള്ളൂ.ഒരു ബസ്സ്റ്റാന്‍ഡിലും സ്റ്റാന്‍ഡ് ഫീ കൊടുക്കേണ്ട , ഒരു ടോള്‍ ബൂത്തിലും ടോള്‍ കൊടുക്കേണ്ട, ഉത്സവ,പെരുന്നാള്‍ പിരിവുകള്‍ കൊടുക്കേണ്ട,വര്‍ഷാവര്‍ഷം RTO യ്ക്ക് കാണിക്ക കൊടുക്കേണ്ട, മറ്റു പലതരത്തിലുള്ള കുറ്റിപിരിവുകള്‍ ഒന്നും കൊടുക്കെണ്ട, സൗജന്യയാത്ര, വിദ്യാര്‍ഥിപാസുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കണ്ണുരുട്ടിയുള്ള നിയന്ത്രണങ്ങള്‍ എന്നുവേണ്ട ഒരു കുത്തക സ്വേച്ഛാധിപത്യത്തിന്‍റെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും; സംഭവം കട്ടപ്പുറത്തുതന്നെ. കണക്ക് പ്രകാരം കേരളത്തില്‍ പലതരത്തിലുള്ള 6213 ബസുകളും;  5551 ദൈനംദിന ഷെഡ്യൂളുകളും, 40,000ല്‍പരം ജീവനക്കാരുമുണ്ട്. പ്രതിമാസലാഭം എന്നൊരു സംഗതി പണ്ടേയില്ല. പ്രതിമാസനഷ്ടം എഴുപതു കോടിയാണ്.  36,000 വരുന്ന പെന്‍ഷന്‍കാര്‍ക്ക് സമയത്ത് പെന്‍ഷന്‍ കൊടുക്കാറില്ല.  കെടിഡിഎഫ്സിയില്‍നിന്നും സര്‍ക്കാരില്‍നിന്നുമായി 1200 കോടി രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. പലിശതന്നെ മാസം 25 കോടിയിലേറെയാണ്. പുതിയ ബസ് വാങ്ങാനോ പുതിയ സര്‍വീസ് നടത്താനോ കഴിയുന്നില്ല. ഡീസല്‍ വിലവര്‍ധനയോടെ ഒറ്റയടിക്ക് നൂറു സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. കഴിഞ്ഞ ആഗസ്തിലെ കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനം 128.88 കോടി രൂപയായിരുന്നു. ചെലവ് 227.4 കോടിയും. ആ മാസത്തെമാത്രം ബാധ്യത 98.52 കോടി രൂപ. ജീവനക്കാരുടെ കൈയില്‍നിന്ന് പിടിച്ചിട്ടും അടയ്ക്കാത്ത എന്‍ഡിആര്‍, പിഎഫ്, എല്‍ഐസി എന്നിവയും മറ്റ് അത്യാവശ്യ ചെലവുകളും ചേരുമ്പോള്‍ ആ ഒറ്റമാസത്തിലെ ബാധ്യത 127.08 കോടി രൂപയായി. ഇതേ തോതിലുള്ള കടക്കണക്ക് തുടരുകയാണ്.ആരാണ് ഈ നഷ്ടം സഹിക്കേണ്ടത് എന്നചോദ്യത്തിന് പ്രസക്തിയില്ല.ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളം മറ്റു ആനുകൂല്യങ്ങള്‍ എന്നിവയാണ് പരമപ്രധാനം.ഇത് തങ്ങളുടെ ചോറാണ്; ഇതു തകരാതെ നോക്കേണ്ടത് തങ്ങളുടെ കൂടെ ചുമതലയാണെന്നുള്ള ചിന്ത ജീവനക്കാര്‍ക്കില്ല.എന്തിലും കമ്മിഷനടിക്കാനുള്ള വേദിയായി ഒരുകൂട്ടര്‍. മന്ത്രി, തന്ത്രി തുടങ്ങിയ കുണാണ്ടാന്മാര്‍ തലപ്പത്തുണ്ടെങ്കിലും നയാപൈസയുടെ ഉപകാരമില്ല. ജനത്തെ പറ്റിച്ചു വോട്ടു പിടിക്കാനുള്ള നാക്കും.കയ്യിട്ടുവാരലും അല്ലാതെ വകുപ്പിനെ എങ്ങനെ നന്നാക്കാം എന്നൊരു ചിന്തയെ ഇല്ല.അതിനു അത് അറിഞ്ഞിട്ടുവേണ്ടേ..... ജാതി, മതം, കുടുംബം, ഗ്രൂപ്പ്‌ തുടങ്ങിയവയിലുള്ള അഗാധ പാണ്ഡിത്യമാണല്ലോ മന്ത്രിയാകാനുള്ള പ്രധാനയോഗ്യത.

  കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബസ്‌ ഉണ്ടെങ്കില്‍ ആ റൂട്ടിലെ സര്‍ക്കാര്‍ബസിനെ കട്ടപ്പുറത്തിരുത്തുക എന്ന നയമാണ് മന്ത്രി മുതല്‍ താഴോട്ടുള്ള എല്ലാ എരപ്പകളുടെയും പ്രഖ്യാപിത ലക്ഷ്യം.ഏതെങ്കിലും ഐ.എ.എസ് സിംഹങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി വരുമ്പോള്‍ വകുപ്പിനെ ഒന്നു നന്നാക്കിയേക്കാം എന്ന് വിചാരിച്ചാല്‍ തീര്‍ന്നു കഥ;സിംഹത്തെ അപ്പോഴേ എടുത്തു കുപ്പത്തൊട്ടിയില്‍ തട്ടും. ഡ്രൈവര്‍ക്ക് കൈമടക്ക് കൊടുത്താല്‍ മുന്നിലും പിന്നിലും പോകുന്ന സ്വകാര്യ ബസുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ബസിന്‍റെ ടയര്‍ പഞ്ചറാക്കുന്ന സാങ്കേതികവിദ്യയാണ് ജീവനക്കാര്‍ പ്രയോഗിക്കുന്നത്.കള്ളടിക്കറ്റ്‌ യാത്രക്കാര്‍ക്ക് കൊടുത്തു കോടികള്‍ തട്ടിയ കേസില്‍ ജീവനക്കാര്‍ക്കെതിരെയുള്ള അന്വേഷണം ഉന്നംതെറ്റിയ വെടിപോലെ എവിടെയോ പോയി. അന്വേഷണംനടത്തി കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ആര്‍ക്കും താല്പര്യമില്ല.ഇങ്ങനെ ഒരു വശത്ത് വേലി തന്നെ വിളവ് തിന്നുന്നു. ഇങ്ങനെ പത്തായം വെളുപ്പിക്കുന്ന പെരുച്ചാഴിയായി സംഗതി ഓടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സാധനം എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനെ കുറ്റംപറയാന്‍ കഴിയില്ല. വകുപ്പ്‌ മന്ത്രിയും പരിവാരങ്ങളും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് പോകുന്ന റ്റി സി യെ രക്ഷിക്കാന്‍ പോയിട്ട് തിരിഞ്ഞു നോക്കാന്‍പോലും മെനക്കെടാറില്ലാത്ത ഈ സമയത്താണ്...... ആശ്രിതവത്സലനും,പ്രജാക്ഷേമതല്പ്പരനും,വികസനകാര്യങ്ങളില്‍ബദ്ധശ്രദ്ധനും, സര്‍വോപരി സര്‍വാംഗപരിത്യാഗിയുമായ ഓക്സ്ഫോര്‍ഡ് സിംഹം;ദയാവധം എന്ന കാരുണ്യപ്രവര്‍ത്തനം നടത്തി മരണശ്വാസം വലിക്കുന്ന KSRTC യ്ക്ക് ചരമഗീതം തയ്യാറാക്കിയത്.എത്ര മരുന്ന് കൊടുത്താലും സുഖമാകാത്തതിനെയൊക്കെ നിഷ്കരുണം കൊല്ലുക എന്ന പുതിയ വികസനതന്ത്രപ്രകാരം KSRTC യ്ക്കും കൊടുത്തു എട്ടിന്‍റെപണി. ഡീസല്‍വില പൊതുവിപണിയില്‍ കൊടുക്കുനതിനെക്കാള്‍ 11.53 കൂട്ടിയാണ്  KSRTCയ്ക്ക് ഇനിമുതല്‍ കൊടുക്കുന്നത്. മുണ്ടേസിംഗ് അലവലാതിയുടെ ആസൂത്രണം കണ്ണുമടച്ചു നടത്തുന്ന മിണ്ടാസിംഗ്; അത്താഴപട്ടിണിക്കാരനെ തിരഞ്ഞു പിടിച്ചു പണികൊടുക്കുന്നതില്‍ തനിക്കുള്ള പ്രാവിണ്യം ഒരിക്കല്‍ കൂടി തെളിയിച്ചു. സ്വന്തമായി വണ്ടിയില്ലാത്ത കണ്ട്രികളാണ് KSRTC യുടെ സ്ഥിരംകുറ്റികളില്‍  അധികവുമെന്ന സാമാന്യബോധംപോലും ഇല്ലാത്ത മണ്ടന്‍സിംഗ് അങ്ങനെ KSRTC യെ വമ്പന്‍മ്മാരുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. അറുപതിന് മുകളില്‍ യാത്രക്കാരെയുംകൊണ്ട് കിതച്ചു പുകതുപ്പി പോകുന്ന KSRTC യെക്കാള്‍; ഒന്നോ, രണ്ടോ ആള്‍ക്കാര്‍ സഞ്ചരിക്കുന്ന BMW വാണ് മണ്ടന്‍ സിങ്ങിന്‍റെ കണക്കുപ്രകാരം ഡീസല്‍ നികുതിയിളവിന് യോഗ്യാന്‍..... അതാണ്‌ മക്കളെ പുതിയ വികസന തത്വശാസ്ത്രം. തല്ലു കിട്ടിയത് താടിക്കാരന്‍ വല്യപ്പന്‍റെ കയ്യില്‍ നിന്നായതുകൊണ്ട് ഇവിടെയുള്ള മക്കള്‍ക്കും കൊച്ചുമാക്കള്‍ക്കും വലിയ പരാതിയൊന്നുമില്ല.പതിവുരീതിയില്‍ ഞഞ്ഞാ, പിഞ്ഞാ എന്നൊക്കെ പറയുന്നുണ്ട് അത്രമാത്രം. ഈ വകുപ്പില്‍ കുറെ ഡല്‍ഹിയാത്ര കൂടി തരമാക്കും എന്നുകരുതിയാല്‍ മതി.അവിടെപ്പോയി തെക്കുവടക്ക് നടന്നു കുറെ ‘ഉറപ്പും’ വാങ്ങി ഇങ്ങുപോരും,കിട്ടുന്ന ഉറപ്പ്‌ കുറേശെയായി പൊടിച്ചു ചായയില്‍ കലക്കികുടിച്ചാല്‍ മലബന്ധം അടക്കമുള്ള എല്ലാ അസുഖവും മാറുമെന്നുപറയാനുള്ള പത്രസമ്മേളനവും പ്രതിക്ഷിക്കാം.

 ഓട്ടോറിക്ഷകളും മറ്റു ടാക്സിസര്‍വിസുകളുമൊക്കെ ലാഭത്തില്‍ പോകുന്ന കേരളത്തില്‍; നഷ്ടത്തില്‍മാത്രം ഓടുന്ന KSRTC യെ; പണി തരൂ സര്‍ക്കാരെ, ഞങ്ങള്‍ക്ക് കുറഞ്ഞ കൂലി മതി, പെന്‍ഷന്‍ വേണ്ട... എന്നൊക്കെ ആഞ്ഞു വിളിച്ച യുവത്വത്തിനു പാട്ടത്തിനു കൊടുക്കുക. നിയമങ്ങള്‍ എല്ലാം പഴയപോലെ നടക്കട്ടെ. ആറുമാസംകൊണ്ട് എല്ലാ സര്‍വിസും ലാഭകരമാകും. ഓടുന്ന എല്ലാ റൂട്ടുകളിലും ഒരു മിനിമം ടാര്‍ജറ്റ് ഏര്‍പ്പെടുത്തുക. വരുമാനം കിട്ടാത്ത റൂട്ടുകളിലെ ജീവനക്കാരെ നിരീക്ഷിക്കുക. യാത്രക്കാര്‍ ഇല്ലാത്തതുകൊണ്ടാണോ വരുമാനം കുറയുന്നത് എന്ന് ഉറപ്പു വരത്തുക.ഡീസല്‍ വില കൂട്ടിയ KSRTC യുടെ പമ്പുകളെ അടിയന്തര ഘട്ടങ്ങളില്‍ മാത്രം ആശ്രയിക്കുക .  സ്വകാര്യ പമ്പുകളിലെ ഡീസല്‍ അടിച്ചാലും KSRTC ബസ്‌ ഓടിക്കോളും എന്ന രഹസ്യം മറക്കാതിരിക്കുക. തത്വത്തില്‍ KSRTC യുടെ കൈവശമുള്ള കുറച്ചു പമ്പുകള്‍ പൂട്ടണം എന്നേയുള്ളൂ.അതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലാത്തസ്ഥിതിക്ക് അതു പൂട്ടുന്നതുതന്നെയാണ് നല്ലത്. ആളെ കൊല്ലുന്ന പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഒന്നുകില്‍ അതിനോട് പോരാടുക; അല്ലെങ്കില്‍ അതിനെ മറികടക്കാനുള്ള വഴികള്‍ തേടുക. അല്ലാതെ ഏറു കിട്ടിയ പട്ടി; മോങ്ങുന്നതുപോലെ മോങ്ങിയിട്ടു കാര്യമില്ല.മേലനങ്ങാതെ ശമ്പളം വാങ്ങി ഖജനാവുമുടിക്കുന്ന സര്‍ക്കാര്‍വെള്ളാനകളെ കര്‍ശന നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് ഇവിടെ ഒന്നും നഷ്ടപ്പെടാനില്ല. മുദ്രാവാക്യം വിളിക്കാനും, പണിമുടക്ക്‌ നടത്താനും മാത്രമല്ല ശമ്പളം കൊടുക്കുന്നത്;ചെയ്യുന്ന ജോലിയിലും അതിന്‍റെ ഫലം കാണണം.... ഒരു വ്യവസായത്തെ എങ്ങനെയും പൂട്ടിക്കാമെന്ന കേരളിയന്‍റെ അടിസ്ഥാനഭാവത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരും തയ്യാറല്ലാത്തകാലത്തോളും പൂട്ടലും,പൂട്ടിക്കലും നടന്നുകൊണ്ടേയിരിക്കും.

13 comments:

 1. മേലനങ്ങാതെ ശമ്പളം വാങ്ങി ഖജനാവുമുടിക്കുന്ന സര്‍ക്കാര്‍വെള്ളാനകളെ കര്‍ശന നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടും നല്ലതാണ്,ഇതിനോടൊക്കെ ഞാനും പൂര്‍ണമായും യോജിക്കുന്നു .

  ReplyDelete
  Replies
  1. ഇത്തവണയെങ്കിലും പാഠം പഠിക്കുമെന്ന് കരുതാം.............

   Delete
 2. എഴുതിയിട്ടും വായിച്ചിട്ടും യോജിച്ചിട്ടും ഒന്നും ഒരു ഫലവുമില്ല
  എന്നാലും ഞാനും ലേഖനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു

  ReplyDelete
  Replies
  1. എന്നെ തല്ലേണ്ട ഞാന്‍ നന്നാവില്ല ...........അത് ശരിയാണ് എന്നാലും വിട്ടുകളയാന്‍ പറ്റുമോ നമ്മുടെ മൊതലല്ലേ........

   Delete
 3. ഇതൊക്കെ എന്നാണാവോ ഒന്നു നേരെയാകുന്നെ..!!

  ReplyDelete
  Replies
  1. സാധ്യത വിദൂരമാണ്.എന്നാലും പ്രതിക്ഷ വെടിയുന്നില്ല .........

   Delete
 4. ഒരു നല്ലകാലം നമുക്കും വരും
  ആശയുടെ പ്രത്യാശയുടെ ഈ ലോകത്ത്‌
  കൂടുതല്‍ ആശിക്കാതെ തന്നെ ആ നല്ലകാലം
  അതെ .... കാളവണ്ടി യുഗം ഇവിടെ പിറവി എടുക്കട്ടെ ..!!

  ReplyDelete
  Replies
  1. കാളവണ്ടി യുഗം പിറക്കട്ടെ .......കാളവളര്‍ത്തല്‍ വ്യവസായം വളരട്ടെ നമ്മുടെ നാടും പുരോഗമിക്കട്ടെ ........

   Delete
 5. സമകാലീന പ്രാധാന്യമുള്ള ഒരു നല്ല വിഷയം.....നമ്മള്‍ പലരും വേണ്ടത്ര ഗൌരവത്തോടെ കാണാത്ത ഒരു കാര്യം അതിന്‍റെ അര്‍ഹിക്കുന്ന വിധം അവതരിപ്പിച്ചു....എല്ലാ മലയാളികളും തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം...
  അഭിനന്ദനങ്ങള്‍.........

  ReplyDelete
  Replies
  1. അഭിപ്രായം പറഞ്ഞതിന് നന്ദി പറയുന്നു............

   Delete
 6. കട്ടപ്പുറത്തു നിന്ന് പൊട്ടക്കുളത്തിലേക്ക്‌................ഖജനാവ്‌ മുടിക്കുന്ന വെള്ളാനകളെ മെരുക്കിയില്ലെങ്കില്‍ നാടു മുടിയും....

  ReplyDelete
  Replies
  1. വെള്ളാനകളുടെ കൊമ്പൂരന്‍ ആരുമില്ലേ ഇവിടെ ...........

   Delete
 7. കാലോചിതമായിട്ടുണ്ട്.

  ReplyDelete