**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, January 30, 2013

പ്രായപൂത്രിയും പാപമോചനവും........


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
         

       ഇവനു  പ്രായപൂത്രിയായോ..... എന്നുള്ളതാണ് പ്രശ്നം.
 
  പ്രായപൂത്രിയല്ല പ്രസിഡണ്ടേ..... പ്രായപൂര്‍ത്തിയാണ്.

  ങ്ങാ...... അങ്ങനെയെങ്കില്‍ അങ്ങനെ ........അത് ആയില്ലേല്‍ നമ്മള്‍ കാണിക്കുന്നത് വലിയ വഞ്ചനയാകും. നാളെ മനുഷ്യാവകാശക്കാര് പ്രശ്നമാക്കാന്‍ സാധ്യതയുണ്ട്.

         കുന്തം.........

 ഇവന്‍റെയൊക്കെ ആസനത്തില്‍ ചട്ടകംപഴുപ്പിച്ചു വയ്ക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഹല്ലപിന്നെ..... എത്രരാത്രി ഉറക്കമിളച്ചിരുന്നിട്ടാ ഈ പണ്ടാരത്തെയൊന്ന് പിടിക്കാന്‍പറ്റിയത്, അറിയാമോ....പിടിച്ചുകഴിഞ്ഞപ്പോള്‍ ഒരു പ്രായപൂത്രി... പോകാന്‍ പറ.

 കുറച്ചുനാളുകളായി പഞ്ചായത്തിലെ സ്ത്രീജനങ്ങള്‍ക്ക്‌ പേടിസ്വപ്നമായി മാറിയ അജ്ഞാതമുഖംമൂടിയെ പിടിച്ചുകെട്ടിയ സന്തോഷത്തിലാണ് ആളുകള്‍. കുളിക്കടവിനടുത്തുള്ള പൊന്തകള്‍, കുളിപ്പുരകള്‍, പഞ്ചായത്ത്ഊടുവഴികള്‍  എന്നിവകേന്ദ്രികരിച്ച്‌ ഒറ്റയ്ക്കുപോകുന്നസ്ത്രീജനങ്ങളെ കയറിപ്പിടിക്കുകയും,  സ്ത്രീകള്‍മാത്രം താമസിക്കുന്ന വീടുകളില്‍ കതകില്‍ മുട്ടലും, കാലില്‍ തോണ്ടലും, വികാരപരവശതയോടുള്ള കീഴ്പ്പെടുത്തല്‍ ശ്രമങ്ങളും അരങ്ങേറാന്‍ തുടങ്ങിയപ്പോഴാണ് പഞ്ചായത്തിലെ പൌരാവലി ഒന്നിച്ചുണര്‍ന്ന് ശല്യക്കാരനെ നേരിടാന്‍ തീരുമാനിച്ചത്.പഞ്ചായത്ത് പ്രസിഡന്റിന്‍റെ വീട്ടിലെ ജനാലവഴി പ്രസിഡന്‍റ്പത്നിയുടെകാലില്‍ പിടിച്ചു; എന്നവാര്‍ത്ത അന്വേഷണത്തിനു ആക്കംകൂട്ടി.അങ്ങനെ ഇടവഴികളും, പെരുവഴികളും, കുളിക്കടവുകളും, കുളിപ്പുരകളുമെല്ലാം പഞ്ചായത്തിലെ യൂത്തിന്‍റെ കര്‍ശനനിരീക്ഷണത്തിലായി.നിരീക്ഷണങ്ങള്‍ പലതും അബദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. വെളിക്കിരിക്കാന്‍ കുറ്റിക്കാട്ടില്‍ കയറിയ; കുട റിപ്പയറുകാരന്‍ റപ്പായിക്കുംകിട്ടി നിരീക്ഷണയോദ്ധാക്കളുടെ തല്ല് .ഒടുവില്‍ തെളിവു കാണിച്ചുകൊടുത്താണ് റപ്പായി രക്ഷപ്പെട്ടത്. മനസ്സില്‍ തോന്നിയ ദിവ്യപ്രേമം പുസ്തകതാളുകളിലെ അക്ഷരങ്ങളിലൂടെ എഴുതിക്കുട്ടി മടക്കിച്ചുരുട്ടി കാമിനിമാര്‍ക്ക് കൈമാറാന്‍ ശ്രമിച്ച; ഒന്നുരണ്ടു കാമുകന്മാരും ഗ്രാമവഴികളില്‍ വച്ച് അന്വേഷണസംഘത്തിന്‍റെ പിടിയിലായി. വിശദീകരണംകൊടുക്കാതെ ഓടി രക്ഷപ്പെടാനുള്ള പരാക്രമത്തില്‍ പലര്‍ക്കും; പലതും നഷ്ടപ്പെട്ടുവെന്നാണ് വാര്‍ത്ത. പിടുത്തംകൊടുക്കാതെ ഓടിരക്ഷപ്പെട്ട ഗ്രാമത്തിലെ അംഗികൃത അപ്പിഹിപ്പി ലീലാകൃഷ്ണനെ; കുറ്റിയില്‍ ഉടക്കിക്കിടന്ന മുണ്ടിന്‍റെയും, വേലിചാട്ടത്തിനിടയില്‍ ഒരു സെക്കന്‍ഡ്നേരത്തെ മിന്നലാട്ടംകൊണ്ട് കാണാന്‍ കഴിഞ്ഞ ജട്ടിയുടെകളറിന്‍മേലുമാണ് നിരീക്ഷണസംഘം തിരിച്ചറിഞ്ഞത്.

    എന്നിട്ടും യഥാര്‍ത്ഥശല്യക്കാരനെ പിടികിട്ടാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. രാത്രീകാലങ്ങളില്‍ നിരീക്ഷണസംഘങ്ങള്‍  ചെറുസംഘങ്ങളായി പിരിഞ്ഞ്, ഗ്രാമത്തിന്‍റെ ഇടവഴികളിലൂടെ ഇരപിടിക്കാന്‍പോകുന്ന മാര്‍ജാരന്‍മ്മാരെപ്പോലെ ശബ്ദമുണ്ടാക്കാതെ പതുങ്ങി കവാത്ത് നടത്തുകയാണ് പതിവ്‌. അന്നും രാത്രിയില്‍ സംഘങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള വഴികളിലൂടെ പരിസരങ്ങളെ നിരീക്ഷിച്ചുകൊണ്ട് നീങ്ങുമ്പോഴാണ്; തെങ്ങില്‍നിന്നുവീണുമരിച്ച വേലായുധന്‍റെ ഭാര്യ കാര്‍ത്ത്യായനിയമ്മയും രണ്ടുപെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍നിന്ന് ഓടി വരണേയെന്നുള്ള.... ഉച്ചത്തിലുള്ള നിലവിളിയും; തുടര്‍ന്ന് ആരുടെയോ ദീനരോദനവും കേട്ടത്. അപകടംമണത്ത നിരീക്ഷണസംഘങ്ങള്‍ കൂട്ടത്തോടെ വിസിലടിക്കുകയും വീടിനെലക്ഷ്യമാക്കി ഓടുകയുംചെയ്തു. അവിടെ എത്തിയപ്പോള്‍ കാണാന്‍കഴിഞ്ഞത്, ഉലക്കയും കൈയ്യില്‍പിടിച്ചുനില്‍ക്കുന്ന കാര്‍ത്ത്യായനിയമ്മയും, മക്കളും; അവരുടെ മുന്നില്‍ സാഷ്ടാംഗപ്രണാമംചെയ്തു കിടക്കുന്ന ഒരു അഞ്ജാതനേയുമാണ്. ഉലക്കയ്‌ക്കുള്ള അടിയാണ് ടിയാനെ വീഴ്ത്തിയിരിക്കുന്നത്. മുഖംമൂടികൊണ്ട് മുഖം മറച്ചിരിക്കുന്നു.മേലാകെ കരിയോയില്‍ പൂശിയിട്ടുണ്ട്. കരിയോയില്‍ ചാത്തന്‍; വെളിക്കിരിക്കാനിറങ്ങിയ മകളെ കയറിപ്പിടിച്ചെന്നും എസ്കോര്‍ട്ട് പോയ കാര്‍ത്ത്യായനിയമ്മ അക്രമിയെ ഉലക്കകൊണ്ട് അറ്റാക്ക് ചെയ്തുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്......

      ചത്തോ..............??

 ചത്തിട്ടില്ല ബോധം പോയതാ.......... ആ മുഖംമൂടിയങ്ങ് ഊര് ആളെ അറിയാമല്ലോ .ഒരു ബക്കറ്റ് വെള്ളമെടുത്ത് തലയില്‍ ഒഴിച്ചപ്പോള്‍ വീണു കിടന്നവന്‍ ഞെട്ടിയെണീറ്റു..

നിരീക്ഷണസംഘത്തിലെ ശക്തന്മ്മാര്‍ അജ്ഞാതനെ കീഴ്പ്പെടുത്തി, മുഖംമൂടി വലിച്ചൂരി .

ആള് അഞ്ജാതജീവിയൊന്നുമല്ല നാട്ടുകാരന്‍ തന്നെ ...അത്യാവശ്യം ചെറിയ ഉളുമ്പുകളവൊക്കെ നടത്തിവരുന്ന; ആക്രിപെറുക്കുന്ന പക്രുവാണ് പ്രതി.

 താന്‍ ഒന്നുംചെയ്തിട്ടില്ലായെന്നും, രാത്രിയില്‍ ആളെ കണ്ടപ്പോള്‍ വെറുതെ തൊട്ടു നോക്കിയതാണെന്നും  പക്രു വെളിപ്പെടുത്തി.രാത്രി ഉറക്കമൊഴിച്ചു നിരീക്ഷണം നടത്തിയവരെല്ലാം കാലഭേദമില്ലാതെ പക്രുവിന്‍റെ പുറത്തു മേഞ്ഞുകൊണ്ടിരുന്നു...

 മതി മതി ചത്തുപോയാല്‍ സമാധാനം പറയേണ്ടി വരും...അവിടെ പിടിച്ചു കെട്ടിയിട് ...പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു...

 ഇതിനെ ഇനി എന്ത് ചെയ്യണം എന്നകാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.. ശേഷക്രിയയ്ക്കായി പോലീസില്‍ ഏല്‍പ്പിക്കാമെന്ന് ഒരു കൂട്ടര്‍ .വേണ്ടത് ആവശ്യത്തിന് കൊടുത്തിട്ടുണ്ട്‌; അതുമതിയെന്നൊരു കൂട്ടര്‍ ,ഇതിനിടയിലാണ് ആരോപറഞ്ഞത്.. ഇവനു വോട്ടില്ല അതുകൊണ്ട്  പ്രായപൂര്‍ത്തിയായിട്ടില്ലായെന്ന്.....

  ആരുപറഞ്ഞു പൂര്‍ത്തി ആയിട്ടില്ലന്ന്; അങ്ങനെയാണെങ്കില്‍പ്പിന്നെ ഇവന്‍ ഈ പണിക്ക് ഇറങ്ങുമോ??. ഇവനു പൂര്‍ത്തിയായതിന്‍റെ ആര്‍ത്തിയാ... അല്ല പിന്നെ.............ഇവന്‍റെ കിടുങ്ങാമണി പൊട്ടിക്കണം....പക്രുകാരണം തല്ലു കൊള്ളേണ്ടിവന്ന നിരാശാകാമുകന്‍മാര്‍ രംഗത്തുവന്നു.പോലീസിനെ വിളിക്കൂ..............

ഈ പ്രായപൂര്‍ത്തി തര്‍ക്കം പഞ്ചായത്തുകടന്ന് വ്യാപിക്കുകയാണിപ്പോള്‍

 രാജ്യംമുഴുവന്‍പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തിയ, ഡല്‍ഹി ബലാത്സംഗകേസിന്‍റെ വിചാരണപരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തിലെ മുഴുവന്‍പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു.പ്രതികള്‍ക്ക് പരമാവധിശിക്ഷയും, അതിനാവശ്യമായ നിയമനിര്‍മ്മാണവും നടത്തുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. കത്തിനിന്ന പ്രതിഷേധം അങ്ങനെ പതുക്കെ ആറിത്തണുത്തുകഴിഞ്ഞിരിക്കുന്നു. ജനകീയ പ്രതിഷേധങ്ങളില്‍നിന്ന് പ്രതികളങ്ങനെ സുഖമായിരക്ഷപ്പെട്ടു.ശക്തമായ പോലീസ് സംരക്ഷണയില്‍ ഇതുവരെകഴിഞ്ഞുകൂടി. തങ്ങളെ തൂക്കി കൊന്നോളാന്‍വരെ അങ്ങു തട്ടിവിട്ടു. പക്ഷെ ഇനിയാണ് നിയമവിചാരണ നടക്കുന്നത്. ഈ വിചാരണയിലാണ് കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുകയും അതുവഴി പ്രതികള്‍ക്ക് മതിയായ ശിക്ഷകിട്ടുകയും ചെയ്യേണ്ടത്. ഈ സമയത്തുണ്ടാകുന്ന ചെറിയപാളിച്ചകള്‍ പോലും നിയമം നോക്കിമാത്രം ശിക്ഷവിധിക്കുന്ന നമ്മുടെ സംവിധാനത്തില്‍ പ്രതികള്‍ രക്ഷപെടാന്‍ വഴിതെളിക്കും. അതിനുള്ള ശ്രമം പ്രതികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നുവേണം കരുതാന്‍. ഡല്‍ഹിയില്‍ നടക്കുന്ന വിചാരണയില്‍ നീതികിട്ടില്ല; അതുകൊണ്ട് ഡല്‍ഹിക്കുപുറത്തേയ്ക്ക് കേസ്‌ മാറ്റണമെന്നതായിരുന്നു പ്രതികളുടെ ആദ്യ ആവശ്യം. ഇനി എന്തു നീതിയാണ് ഇവര്‍ക്കുകിട്ടേണ്ടത് എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ആ ശ്രമം വേണ്ടത്ര ഏശിയില്ല. അതുകൊണ്ട് അടുത്തപണി തുടങ്ങിക്കഴിഞ്ഞു.പ്രതികളില്‍ ചിലര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായെന്നതാണ് പുതിയകണ്ടുപിടുത്തം. അങ്ങനെ വന്നാല്‍ വെറും മൂന്നുവര്‍ഷത്തെ തടവില്‍ സംഗതി ഒതുക്കി പുറത്തുവരാം. അടുത്ത ഇരയ്ക്കായി തിരച്ചില്‍  തുടങ്ങാം. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് രണ്ടുപ്രതികളാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.പ്രതികളുടെ വാക്കുകള്‍ നുണയാണെന്ന പോലിസിന്‍റെ വാദം എന്താകുമെന്ന് കണ്ടറിയണം.പ്രായം മനസിലാക്കാന്‍ എല്ലു പരിശോധന വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം...

  സത്യത്തില്‍ ഇത്ര കിരാതമായ ഒരു കുറ്റകൃത്യത്തില്‍; എന്താണ് പ്രായ പരിശോധനയുടെ പ്രാധാന്യം. ഏതു വിധേനയും പ്രതികള്‍ക്ക് രക്ഷപെടാന്‍ കഴിയുമോയെന്ന പരിശോധനയില്‍കവിഞ്ഞു എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?????. ആയിരം അപരാധികള്‍ രക്ഷപെട്ടാലും; ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നതുകൊണ്ട് ഇതാണോ അര്‍ത്ഥമാക്കുന്നത്. കൃത്യമായ തെളിവുകളുടെയും, പെണ്‍കുട്ടിയുടെ മരണമൊഴിയുടെയും അടിസ്ഥാനത്തില്‍ കുറ്റംചെയ്തവര്‍ ആരെല്ലാമെന്ന് ലോകം അറിഞ്ഞതാണ്. ഇനി കുറ്റവാളികള്‍ക്ക് ശിക്ഷകൊടുക്കുകയാണോ വേണ്ടത്; അതോ ആരെയൊക്കെ സാങ്കേതികനൂലാമാലകള്‍ കാണിച്ചുരക്ഷപ്പെടുത്താന്‍ പറ്റുമെന്ന് നോക്കുകയാണോ വേണ്ടത്??????. പ്രായപൂര്‍ത്തി എന്ന സാങ്കേതികത്വം പൊക്കിപ്പിടിച്ച് മിനിമം ശിക്ഷനേടി പുറത്തുവരാനുള്ള പ്രതികളുടെ വാദം അംഗികരിക്കാന്‍ കഴിയുമോ????. അതിനു കൂട്ടുനില്‍ക്കുന്നവരുടെ എത്തിക്സ് ശരിയാണോ..????  സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഇത്തരം കൊലപാതകങ്ങളില്‍ പ്രതികള്‍ക്ക് ആവശ്യമായ നിയമസഹായം എന്നതുകൊണ്ട് എന്താണ് ഉദേശിക്കുന്നത്????.  എന്താണ് അഭിഭാഷകവൃത്തിയുടെ ധാര്‍മ്മികത????.  നിയമത്തെപ്പറ്റി അറിവില്ലാത്തതും, നിയമനിഷേധം നടക്കുന്നതുമായ കാര്യങ്ങളില്‍ നിയമത്തിന്‍റെ സംരക്ഷണം ഉറപ്പാക്കാന്‍ വ്യക്തികളെ സഹായിക്കുക എന്നതാണ് അഭിഭാഷകന്‍റെ ജോലി. അല്ലാതെ ഏതു ഭീകരകൃത്യത്തെയും അറിഞ്ഞുകൊണ്ട് ന്യായീകരിച്ച്; കുറ്റകൃത്യങ്ങളെ വെള്ളപൂശി  സമൂഹത്തെയും, നിയമത്തെയും കബിളിപ്പിച്ചുകൊണ്ട്‌ കുറ്റവാളികളെ രക്ഷപ്പെടുത്തലല്ല അഭിഭാഷകന്‍റെ ജോലി. അതു തങ്ങളുടെ തൊഴിലാണ് എന്ന പറച്ചില്‍ വെറും മുരട്ടുന്യായം മാത്രമാണ്. കൊടുംകുറ്റവാളികളെ നിയമത്തില്‍നിന്നും രക്ഷിക്കലാണ് വക്കീലിന്‍റെ പണിയെന്ന് ഒരു നിയമവും പറയുന്നില്ല. മറിച്ച് നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍പറയുന്ന ന്യായികരണം മാത്രമാണിത്. ഈ പ്രവണത കൊടുംകുറ്റവാളികളെ സൃഷ്ടിക്കുന്ന രീതിയാണ്. പണവും, കു:പ്രശസ്തിയും കിട്ടുവാന്‍വേണ്ടി കുറ്റവാളികളുടെ പങ്കുകാരായിമാറുന്ന ഇത്തരക്കാര്‍ക്ക് അഭിഭാഷകവൃത്തിമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഒരു സംരക്ഷണവും നല്‍കാന്‍ പാടില്ലാത്തതാണ്. പണ്ട് കേരളത്തില്‍ ‘പ്രശസ്തനായ ഒരു വക്കീലും, ആയിരം രൂപയും’ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും കൊല്ലാം എന്നൊരു ചൊല്ല് ഉണ്ടായിരുന്നു. അത്തരം ഉണ്ടവിഴുങ്ങികളെ പ്രോത്സാഹിപ്പിക്കുന്നത് കെട്ടുറപ്പുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയ്ക്ക് നല്ലതല്ല.

  ലൈംഗികപരമായ കുറ്റകൃത്യങ്ങള്‍ചെയ്യുന്ന പ്രതികളുടെ പ്രായപൂര്‍ത്തി കണക്കാക്കുന്ന രീതിയേമാറണം.  വോട്ടവകാശത്തിനുള്ള പ്രായപൂര്‍ത്തിയും, ബലാത്സംഗംപോലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായപൂര്‍ത്തിയും എങ്ങനെയാണ് ഒരേപോലെ കണക്കാക്കുന്നത്. ജീവനുള്ള എല്ലാത്തിന്‍റെയും വളര്‍ച്ചയുടെപൂര്‍ത്തികരണം അതിന്‍റെ പ്രത്യുല്‍പാദനപരമായ കഴിവിന്‍റെ പൂര്‍ണ്ണതയിലാണ്. മാനസികവളര്‍ച്ചക്കുറവിനേയും, മറ്റു ജനിതക വൈകല്യങ്ങങ്ങളെയും വേണമെങ്കില്‍ മാറ്റിനിറുത്താം. ശാരീരികമായി പുതിയ ഒരു സന്താനത്തിനു ജന്മംകൊടുക്കാന്‍ പ്രാപ്തനായ ഏതൊരാളും സാധരണഗതിയില്‍ പ്രായത്തിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്നുവെന്നുവേണം കരുതാന്‍. പതിനെട്ടുവയസ്സ് ആകുമ്പോഴാണ് ഇന്ത്യാക്കാരന് പ്രായപൂര്‍ത്തിയാകുന്നതെന്ന കണ്ടുപിടുത്തം കുറ്റകൃത്യങ്ങളുടെ കാര്യത്തിലെങ്കിലും മാറ്റേണ്ടിയിരിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതിയുടെ ലൈംഗികക്ഷമതയായിരിക്കണം പ്രായപൂര്‍ത്തിക്കുള്ള അടിസ്ഥാനം. ഇത്തരം ക്രൂരകൃത്യങ്ങളില്‍ പതിനേഴുകാരന്‍റെ പീഡനങ്ങളും, ഇരുപതുകാരന്‍റെ പീഡനങ്ങളും ഒരേ തുലാസില്‍തന്നെ തൂക്കണം. ഇരകളുടെ ശാരീരിക,മാനസിക മുറിവുകള്‍ക്കും  വേദനകള്‍ക്കുമാണ് പരിഗണനനല്‍കേണ്ടത്. ഇരയുടെ വേദനയേക്കാള്‍; പ്രതിയുടെ അവകാശത്തിനു പ്രാധാന്യംനല്‍ക്കുന്ന ഏതൊരുനിയമവും ഇരയോട് നീതിപുലര്‍ത്തുന്നില്ലായെന്നു  ഉറപ്പിച്ചുപറയാന്‍ കഴിയും. ഇത്തരം നിയമങ്ങള്‍, പരോക്ഷമായി ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തെ ഞെട്ടിപ്പിക്കുന്ന കുറ്റ കൃത്യങ്ങള്‍ സംഭവിക്കുമ്പോഴാണ് നമ്മുടെ നിയമത്തിന്‍റെ പോരായ്മകളും, കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള പഴുതുകളും വെളിപ്പെടുന്നത്. അതു മനസ്സിലാക്കി നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.ഒരു കുറ്റവാളിക്ക് അയാള്‍ അര്‍ഹിക്കുന്ന; പരമാവധിശിക്ഷ കിട്ടുമ്പോള്‍ മാത്രമേ, നിയമപാലനം ശരിയായിനടക്കുന്നുവെന്നും; ഇരയ്ക്ക് ശരിയായ നീതിലഭിച്ചുവെന്നും പറയാന്‍കഴിയൂ.

Monday, January 28, 2013

അവാര്‍ഡു വേണോ അവാര്‍ഡ്..............


     

    ജാനകിയമ്മ പത്മഭൂഷണ്‍  നിരസിച്ച വാര്‍ത്തകേട്ട് മനസ്സുതകര്‍ന്ന ചിലരെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണന്ന വിവരം അറിഞ്ഞാണ്  രാവിലെ ഉണര്‍ന്നത്.ഇങ്ങനെ ഒരു നിരസനം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍, നേരത്തെ ഒരു വാക്കുപറഞ്ഞിരുന്നുവെങ്കില്‍, ഇതുപറഞ്ഞ് ഒന്നുറക്കെ കരഞ്ഞിരുന്നുവെങ്കില് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇത്രയുംകാലം പാടിയതല്ലേ അതുകൊണ്ട് ഒന്നു കൊടുത്തേക്കാമെന്നു കരുതി കൊടുത്തപ്പോഴിതാ നേരത്തും കാലത്തും തന്നില്ലായെന്നുപറഞ്ഞു ആയമ്മ അവാര്‍ഡ്‌ നിരസിച്ചിരിക്കുന്നു.കഴിവ്‌ തെളിയിച്ചകാലത്ത് തരാതെ കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കുമ്പോഴാണ് ലെവന്‍റെയൊക്കെ ഒരു അവാര്‍ഡ്..ആര്‍ക്കു വേണം കൊണ്ടുപോയി പുഴുങ്ങിത്തിന്നെടി തലൈവി  ...എന്നു വിളിച്ചുപറയാന്‍ ജാനകിയമ്മ കാണിച്ച ധൈര്യത്തെ സ്തുതിക്കുന്നു.ഓരോ സാധാരണക്കരന്‍റെയും ചുണ്ടുകളില്‍ തത്തികളിക്കുന്ന ആ മാസ്മരിക ശബ്ദത്തിന്‍റെ ഈണങ്ങളെക്കാള്‍ മഹത്വം ഏതു അവാര്‍ഡിനാണുള്ളത്.തെറ്റിധരിക്കേണ്ട കേരളം ഇങ്ങനെയൊരു കാര്യമേ ചെയ്യില്ല. ചാക്കുനിറയെ നോട്ടും,മണ്ഡലം പ്രസിഡന്‍റ്മുതല്‍ അങ്ങു ഹൈക്കമാന്‍ഡ് വരെ പിടിയുള്ള ഒരുപാടുയോഗ്യര്‍ അവാര്‍ഡിനായി ക്യൂ നില്‍ക്കുമ്പോള്‍ കേരളത്തിന്‌ ഇങ്ങനെ ഒരു മിസ്റ്റേക്ക് സംഭവിക്കില്ല.  കൊടുത്താല്‍ നിരസിക്കുമെന്നു പണ്ടേ അറിയാം അതുകൊണ്ടല്ലേ നമ്മള്‍ ഇങ്ങനെയുള്ളവര്‍ക്ക് കൊടുക്കാത്തത്. അക്കിടി പറ്റിയത് തമിഴ്‌നാടിനാണ്................

   കിട്ടിയവന്മാര്‍ ഭാഗ്യവാന്മാര്‍, കിട്ടികൊണ്ടിരിക്കുന്നവര്‍ അതി ഭാഗ്യവാന്മാര്‍, കിട്ടാത്തവര്‍ ഹതഭാഗ്യവാന്മാര്‍ എന്നതാണ് അവാര്‍ഡിലെ അടിസ്ഥാനതത്വം. കള്ളുകച്ചവടക്കാര്‍ ,ആശുപത്രിമുതലാളിമാര്‍ ,വട്ടി പലിശക്കാര്‍,വിദേശത്ത് വന്‍വ്യവസായങ്ങള്‍ നടത്തുന്ന പ്രവാസിപാവങ്ങള്‍ തുടങ്ങിയ സല്‍ഗുണസമ്പന്നര്‍ക്കിടയില്‍ പുട്ടിനുപീരപോലെ ഇടയ്ക്കിടെ പരിഗണിക്കപ്പെടുന്നവരാണ് ജാനകിയമ്മയെപ്പോലുള്ളവര്‍. കലയും, കഴിവും അല്ല മഹാഭാഗ്യമാണ് ഇവരെയൊക്കെ ലിസ്റ്റില്‍ കയറ്റുന്നത്.ജീവിതകാലം മുഴുവന്‍ ലോട്ടറി എടുത്താലും പത്തുപൈസപോലും അടിക്കാത്ത എത്രയോ ആളുകള്‍. ചിലര്‍ക്കാണെങ്കില്‍ തുടരെ ബമ്പര്‍ അടിക്കും.അതുപോലെ അവാര്‍ഡ് ലിസ്റ്റില്‍ വരുന്നതും ഒരു ലോട്ടറിയാണെന്നുകരുതിയാല്‍ മതി. മഹാഭാഗ്യമുള്ളവരൊക്കെ വീണ്ടുംവീണ്ടും ലിസ്റ്റില്‍ കയറും.പത്മ അവാര്‍ഡ് കിട്ടിയിട്ടും വീണ്ടും ലിസ്റ്റില്‍ വന്ന ലീലാവതിടീച്ചറൊക്കെ ആ വകുപ്പില്‍പ്പെട്ടവരാണ്.അതൊക്കെ മുജന്മസുകൃതമെന്നു കരുതിയാല്‍മതി.

  അര്‍ഹരായ ആര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടിയാല്‍ അതിനെ അത്ഭുതമായി കാണേണ്ട സമയത്താണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്.ചില്ലറ മേടിച്ചു തയ്യാറാക്കുന്ന ലിസ്റ്റിനെ വെള്ളപൂശാനാണ് കുറച്ചു യോഗ്യരായവരെ അതില്‍ കയറ്റുന്നത് .ഇപ്രാവശ്യം തന്നെ പ്രഖ്യാപിച്ച അവാര്‍ഡില്‍  ഭൂരിഭാഗവും മഹാരാഷ്ട്ര,ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കിട്ടിയിരിക്കുന്നത്.യോഗ്യരായ മറ്റാരും വേറെ ഒരു സംസ്ഥാനത്തും ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്????. മധുസാറിനുകിട്ടിയ പത്മശ്രീ മാത്രമാണ് നമുക്കുള്ള ഏക ആശ്വാസം.എന്തെങ്കിലും കിട്ടിയല്ലോ അതുമതി.പേരു കൊടുത്തവര്‍ക്കൊന്നും കിട്ടാത്തത് എന്തുകൊണ്ടാണെന്നുള്ള പരിശോധനയൊന്നും നടത്താന്‍ നമുക്കു സമയമില്ല......

 പേരിന്‍റെ അറ്റത്തുവാലായി എന്നതിനെക്കാള്‍ വാലിന്‍റെ അറ്റത്ത്‌ പേര് ‘പത്മശ്രീഇട്ടുപ്പ്‌’ എന്ന രീതിയില്‍ ഉപയോഗിക്കാനാണ് പത്മ ശ്രീ, ഭൂഷണ്‍, വിഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ ഉപയോഗിക്കുനത്.ഏതു പട്ടിക്കും ഒരു ദിവസം വരും എന്നതിനെ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു ഉരുപ്പടിയായിട്ടാണ് ഇതിനെയിപ്പോള്‍ കാണുന്നത്.ഭരണഘടനാപ്രകാരം ഇതു കിട്ടുന്ന ആളുകള്‍ക്ക് അവരുടെ പേരിന്‍റെ മുന്നിലോ പിന്നിലോ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാനേ പാടില്ല. ഉപയോഗിച്ചാല്‍ കൊടുത്ത പത്മ പുരസ്ക്കാരം തിരിച്ചുവാങ്ങാന്‍ വ്യാവസ്ഥയുണ്ട്.എന്നാലും ലെറ്റര്‍പാഡ് മുതല്‍ കവലയില്‍ വലിച്ചുകെട്ടുന്ന കോറത്തുണിയില്‍വരെ ‘പത്മശ്രീ മണങ്ങോടന്‍’ എന്ന വിശേഷണം ചേര്‍ക്കും. ‘ഭാരത്’ എന്ന പണ്ടേ നിറുത്തലാക്കിയ എടപാടിനെ മണ്ടേല്‍ വലിച്ചുകെട്ടിയാണ് നമ്മുടെ പല താരങ്ങളും ഭൂമിയിലേക്ക് ഇറങ്ങിവരുന്നത്. വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍; കിട്ടിയ മെഡല്‍ കഴുത്തില്‍ചാര്‍ത്തിവന്നാല്‍ മാത്രം പ്രോട്ടോകോള്‍ പ്രകാരം സ്റ്റേജില്‍ ഇരിക്കാം എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് സാമ്പത്തികലാഭമൊന്നും പത്മകള്‍ നേടികൊടുക്കുന്നില്ലായെന്നതാണ് വാസ്തവം.

തന്‍റെതല്ലാത്ത കഴിവുകള്‍കൊണ്ടും, ആള്‍ക്കാരെ പറ്റിച്ചു ആവശ്യത്തിന് പണം കയ്യിലുള്ളതുകൊണ്ടും അഭിനവ സരോജ്കുമരാന്‍മ്മാര്‍ക്ക് കഴുത്തില്‍ കെട്ടിത്തൂക്കാന്‍ ഒരു മെഡല് എന്ന രീതിയിലേക്ക് അവാര്‍ഡുകളെ തരം  താഴ്ത്തിയിരിക്കുന്ന അവസ്ഥയാണിപ്പോള്‍.പലപ്പോഴും അര്‍ഹരേക്കള്‍; അനര്‍ഹര്‍ക്കാണ് മുന്‍തൂക്കം.

 അവാര്‍ഡ് പരിഗണനയില്‍ കേരളത്തിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച്ചയും വന്നിട്ടില്ലായെന്നും; രണ്ടുമൂന്നു പ്രാവശ്യം ചര്‍ച്ച ചെയ്തിട്ടാണ് ലിസ്റ്റ് കൊടുത്തതെന്നും നമ്മുടെ സാംസ്കാരികമന്ത്രി ഊന്നി പറഞ്ഞിട്ടുണ്ട്. മുന്‍പ്‌ അവാര്‍ഡ്കിട്ടിയ വ്യക്തിയുടെപേര് ലിസ്റ്റില്‍ വീണ്ടുംവന്നതും; ലിസ്റ്റ് കൊടുക്കേണ്ട അവസാനതിയതി കഴിഞ്ഞതിനുശേഷവും, രണ്ടുപേരെക്കൂടി പരിഗണിക്കണമെന്നുപറഞ്ഞുകൊണ്ട് മൂന്നുപേരുടെ ലിസ്റ്റ് കൊടുത്തതും; ചര്‍ച്ച വേണ്ടവിധംനടന്നു എന്നതിന് തെളിവായിക്കണ്ടാല്‍ മതി. മാത്രമല്ല കാലാകാലങ്ങളായി അവാര്‍ഡിനുള്ള ആളുകളെ കണ്ടുപിടിക്കുന്നത് നമ്മുടെ രാഷ്ട്രിയക്കാരാണ്. മന്ത്രിസഭാ ഉപസമിതിയാണ് പേരുകള്‍ കണ്ടുപിടിക്കുന്നത്. മന്ത്രിമാര്‍പയങ്കര പ്രതിഭകളായതുകൊണ്ട് ലിസ്റ്റില്‍ കടന്നുകൂടുന്നവരില്‍ അധികവും  യഥാര്ത്ഥപ്രതിഭകള്‍ ആണെന്നകാര്യത്തില്‍ ഇവിടെയാര്‍ക്കും തര്‍ക്കമില്ല.എന്നാല്‍ ഇത് ഡല്‍ഹിയിലുള്ളയെല്ലാവര്ക്കും ബോധിക്കണമെന്നു നിര്‍ബ്ബന്ധമില്ല. കള്ളനു കഞ്ഞിവച്ചവനും, വട്ടിപലിശക്കാരനും, പെണ്ണുപിടിയനും, കുത്തകമുതലാളിമാരുമൊക്കെ സ്ഥിരമായി; അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും; പ്രതിഭകളെന്നു പൊതുജനത്തിനുബോധ്യമുള്ളവര്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നത് പതിവായപ്പോഴാണ്; ഓരോ മേഖലയില്‍നിന്നും അതതു മേഖലയില്‍പ്പെട്ട വിദഗ്ധസമിതി വേണം അവാര്‍ഡിനുള്ള പേരുകള്‍ പരിഗണിക്കാന്‍ എന്ന കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗരേഖ നിലവില്‍വന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അങ്ങനെ ഒരു രേഖ വന്നതിനെപ്പറ്റിയോ,വിദഗ്ധസമിതിയുടെ നിയമനത്തെപ്പറ്റിയോ സാംസ്കാരിക വകുപ്പിനോ, മറ്റു ഉത്തരവാദിത്വപ്പെട്ടവര്‍ക്കോ  ഒന്നുംപറയാനില്ല.. ചൈനാ സന്ദര്‍ശനവും, വിശ്വമലയാളവും,ബിനാലകളുംവഴി സംസ്ക്കാരത്തെ ഉദ്ധരിക്കാന്‍ നടക്കുമ്പോള്‍ ഇതൊക്കെ ആരറിയാന്‍...പഴയപോലെതന്നെ കുറച്ചു മന്ത്രിമാരെവെച്ച് ഒരു ഉപസമതിയുണ്ടാക്കി; അതില്‍ വീതംവെപ്പും ഭാഗംവെപ്പും നടത്തി ,സ്വന്തക്കാരെയും, കുടുംബക്കാരെയും തിരുകിക്കയറ്റി, പക്ഷക്കാരേയും, സഹയാത്രികരെയും ഉള്‍പ്പെടുത്തിതയ്യാറാക്കിയ ലിസ്റ്റും കുത്തിക്കെട്ടി ഡല്‍ഹിക്കു വിട്ടു. അങ്ങനെ; ഇന്നേവരെ ഒരുസാമൂഹ്യപ്രവര്‍ത്തനവും നടത്തിയതായി ആരും കേള്‍ക്കാത്തവരും, കലയെ കൊലചെയ്യുന്ന തവളപിടുത്തക്കാരും, മഷിനോട്ടക്കാരനും, മരുന്നുകച്ചവടക്കാരനുമൊക്കെ നിറഞ്ഞലിസ്റ്റ് ഡല്‍ഹിയില്‍ പാസായില്ല. മധു സാര്‍ മാത്രമാണ് അന്തിമലിസ്റ്റില്‍ പരിഗണിക്കപ്പെട്ടത്.ലിസ്റ്റില്‍ ഉണ്ടായിരുന്നവരൊക്കെ അത്രയ്ക്ക് യോഗ്യന്മാരായിരുന്നുവെന്നുവേണം കരുതാന്‍. യോഗ്യതയുണ്ടായിരുന്ന കുറച്ചുപേര്‍ക്കുടി മറ്റു യോഗ്യന്മാരുടെ കൂട്ടത്തില്‍ അയോഗ്യരായിയെന്നതാണ് സത്യം.

   ഓരോ പ്രതിഭകളും അവരുടെ കഴിവ്‌തെളിയിച്ചു കത്തിനില്‍ക്കുന്ന സമയത്ത് വേണ്ടപരിഗണന കൊടുക്കാതെ, വാര്‍ധക്യകാലത്ത് വിശ്രമജീവിതം നയിക്കുമ്പോള്‍ അവാര്‍ഡുകൊടുക്കുന്ന ഈ രീതികള്‍ മാറണം. പ്രമേഹരോഗിക്ക് ലഡു കൊടുക്കുന്നതുപോലെയായി ഇതിനെ ആരെങ്കിലും കണ്ടാല്‍ അതിനെ കുറ്റംപറയാന്‍ കഴിയില്ല.നമ്മുടെ ഭരണരംഗങ്ങളിലും ,ജനസമ്പര്‍ക്ക മേഖലകളിലും, പുരസ്കാര നിര്‍ണ്ണയ കമ്മിറ്റികളിലുമെല്ലാം അതതു മേഖലകളില്‍ കഴിവ്‌ തെളിയിച്ചവരെ നിയമിക്കേണ്ട കാലംകഴിഞ്ഞു. എന്തെങ്കിലുംഅനുഭവജ്ഞാനമോ, പ്രവര്‍ത്തിപരിചയമോ ഇല്ലാത്തവരെ രാഷ്ട്രിയം നോക്കിമാത്രം നിര്‍ണ്ണായകസ്ഥാനങ്ങളുടെ താക്കോല്‍ ഏല്‍പ്പിച്ചാല്‍ പൊട്ടന്‍ വട്ടു കണ്ടപോലെയായിരിക്കും ഫലം.

ചരിത്രമറിയാത്തവന്‍ ചരിത്രകാരന്‍, അറിവിനേക്കാള്‍ നിറത്തിനും പേരിനും പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം,അപ്പന്‍റെ ചന്തിയേലെ തഴമ്പിന്‍റെ പരാമ്പര്യത്തില്‍ നാടുഭരിക്കുന്ന മന്ത്രിമാര്‍,ഇങ്ങനെയുള്ള വിചിത്രകാര്യങ്ങള്‍ നടക്കുന്ന നാട്ടില്‍.......  സിവി രാമനെയും, സിവി രാമന്‍പിള്ളയെയുംതിരിച്ചറിയാത്തവര്‍ സാഹിത്യത്തെ ഉദ്ധരിക്കുന്ന കേരളത്തില്‍; ബെഞ്ചമിന്‍ബെയ്‌ലിയെ മതപരിവര്‍ത്തകനാക്കിയാലും, ചങ്ങമ്പുഴയ്ക്ക് വര്‍ദ്ധിക്യകാലപെന്‍ഷന്‍ അനുവദിച്ചാലും അത്ഭുതപ്പെടാനില്ല...ഇങ്ങനെ പോയാല്‍ വരുംകാലങ്ങളില്‍ ബണ്ടിചോരും,സുകുമാരകുറുപ്പുമൊക്കെ പത്മശ്രീകളാകാം, കസബിനു ഭാരതരത്നവും കൊടുക്കപ്പെടാം,,,,സമനില തെറ്റിയസമൂഹത്തില്‍ നട്ടഭ്രാന്തുള്ളവന്‍ നേതാവും;വികിടത്തരങ്ങള്‍ നിയമവും ആയിരിക്കും......

Saturday, January 26, 2013

KSRTC- യ്ക്ക് ഒരു ചരമഗീതം.......


        
  കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന അതിനൂതന സാങ്കേതികവിദ്യയുടെ പേറ്റന്റ് കാലാകാലങ്ങളായി കൈവശം വച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് നമ്മള്‍. അതുകൊണ്ടുതന്നെ വികസനമെന്നാല്‍ തെങ്ങിന്‍റെ മണ്ടേലല്ല നടക്കേണ്ടതെന്നു നമ്മള്‍ക്ക് കൃത്യമായി അറിയുകയും ചെയ്യാം.വികസിപ്പിച്ചു വികസിപ്പിച്ച് തെങ്ങിന്‍റെ കാര്യം ഒരു പരുവത്തിലാക്കി.അതുപോലെ  വികസിപ്പിച്ചു വികസിപ്പിച്ച് അവസാനം ഗ്യാസുകയറി വയറുപൊട്ടി അത്യാസന്നനിലയില്‍ ഐസിയു വില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഇപ്പോള്‍ നമ്മുടെ കെ. എസ്.ആര്‍.ടി.സി യും കൂടിയായി. കേരളമോഡല്‍ വികസനത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി. ലാഭകരമായി കൊണ്ടുപോകാന്‍ കഴിയുന്ന ഒരു വ്യവസായത്തെ എങ്ങനെ നഷ്ടത്തില്‍ കൊണ്ടുപോകാമെന്ന മഹത്തായ ഭരണനൈപുണ്യത്തിന്‍റെ ലോകോത്തര മാതൃകയാണിത്. ഇടതു വലതു ഡ്രൈവര്‍മാര്‍ ബെല്ലുംബ്രേക്കും നോക്കാതെ, ലക്കുംലഗാനവും ഇല്ലാതെ ഓടിച്ച്; വണ്ടി കട്ടപ്പുറത്താക്കിയെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഇതിനി ലാഭത്തിലാകുമെന്ന് ഒടേതമ്പുരാനുപോലും പറയാന്‍ കഴിയില്ല. അത്രയ്ക്ക് നല്ലരീതിയിലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. പൊളിച്ചടുക്കുന്ന പരിപാടി സുഗമമാക്കാന്‍; ഒരു വകുപ്പും, തലപ്പത്ത് ഒരു മന്ത്രിയുമുള്ള രീതിയിലാണ് ഇതിനെ പടച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട് അടിമുതല്‍ മുടിവരെ എന്നും വികസനമാണ്. പിന്നെ..... കുറ്റം പറയരുതല്ലോ കുറെ ആള്‍ക്കാര്‍ ഈ പേരില്‍ ജനത്തെ കൊള്ളയടിച്ചു ജീവിച്ചുപോകുന്നുണ്ട്. അത് അവരുടെ അവകാശമായതിനാല്‍ നമ്മള്‍ക്ക് ഒന്നും പറയാന്‍പ്പറ്റില്ല. കഞ്ഞിപോയിട്ട് കഞ്ഞിവെള്ളത്തിനുപോലും ഗതിയില്ലങ്കിലും എല്ലാ വര്‍ഷവും കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തും, പരീക്ഷയും നടത്തി റാങ്കുലിസ്റ്റും ഇട്ടും ആള്‍ക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. വണ്ടിയുമില്ല, ഡീസലുമില്ല ഒഴിവുകള്‍ മാത്രം ഇഷ്ടംപോലെ; ആ സൂത്രം മാത്രം മനസിലാവുന്നില്ല. ജോലി കിട്ടിയിട്ട് വേണം കുറച്ചു ലീവ് എടുക്കാനെന്ന മലയാളിയുടെ മനശാസ്ത്രപ്രകാരം; നിലവില്‍ ജോലിയില്‍ ഉള്ളവരെല്ലാം ലീവിലായതിനാലായിരിക്കണം ഇത്രയധികം ഒഴിവുകള്‍. ലീവ് അവകാശമായതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയില്ല.............

  പൊതുജനങ്ങളുടെ യാത്രസുഖം മാത്രമാണ് കെ.എസ്.ആര്‍.ടി.സി യുടെ ഏകലക്ഷ്യം. അതിനുവേണ്ടി സര്‍ക്കാരും തൊഴിലാളികളും തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.വല്ലാത്തൊരു പ്രവര്‍ത്തനമാണത്. കണ്ടുപഠിക്കേണ്ട പ്രവര്‍ത്തനം.. പക്ഷെ കേരളത്തില്‍ ആറുമാസം മഴക്കാലമായതിനാല്‍  കാലവര്‍ഷക്കെടുതികൊണ്ടുള്ള കഷ്ടംമൂലം കമ്പനി നഷ്ടത്തിലാണെന്നുമാത്രം. ജനോപകാരപ്രദമായ നിയമങ്ങളാണ് ഇതിനെ മറ്റു സര്‍വിസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. മൊട്ടവിരിഞ്ഞു കിയോകിയോ കരയുന്ന കോഴിക്കുഞ്ഞിനുപോലും ടിക്കറ്റ്‌ എടുക്കണം. ഗതിയില്ലാത്തവനെ, ഗതിപിടിപ്പിക്കാന്‍ ചുമ്മാകൊടുക്കുന്ന അഞ്ചുകിലോ റേഷനരി കയറ്റിയാലും ലെഗേജ് ചാര്‍ജു മുറിക്കും. പഞ്ചറായി വഴിയില്‍ കിടന്നാലും; എടുത്ത ടിക്കറ്റ്‌ മടക്കികൊടുക്കുന്ന പരിപാടിയേയില്ല; വേണമെങ്കില്‍ അഞ്ചുമണിക്കൂര്‍ കഴിഞ്ഞ് വരുമെന്നുപറയുന്ന വണ്ടിക്കായി കാത്തുനിന്നോളണം. ലിമിറ്റഡ്, ഫാസ്റ്റ് ,സൂപ്പര്‍ ,എക്സ്പ്രസ്സ്‌ ,ഡീലക്സ് തുടങ്ങിയ മനോഹരപദങ്ങള്‍ ചാര്‍ത്തിയും; പലവിധത്തിലുള്ള കളറുകള്‍ മാറ്റിമാറ്റി അടിച്ചും ടിക്കറ്റ്‌ നിരക്ക് വേണ്ടുവേളം കൂട്ടിയിടാം. ദേശസാല്‍കൃതം എന്ന ഓമനപ്പേരില്‍ മറ്റു സ്വകാര്യസര്‍വീസുകളെ  മാറ്റിനിര്‍ത്തി പൊതുവഴിയെല്ലാം കുടുംബസ്വത്താക്കി നിരങ്ങാം, വേണമെങ്കില്‍ കേറിയാല്‍ മതിയടാ പുല്ലുകളെയെന്ന...... തനത് സര്‍ക്കാര്‍ ആഥിത്യമര്യാദകാണിക്കാം.  തുടങ്ങിയ ഒരു സര്‍ക്കാര്‍ സര്‍വീസിനു വേണ്ട എല്ലാ മിനിമം യോഗ്യതകളോടും കൂടി ജനങ്ങളെ സേവിച്ചുവന്ന വിശ്വസ്തസ്ഥാപനമായിരുന്നു; നമ്മുടെ ആന വണ്ടികമ്പനി.

  ഒരു കുട്ടിബസുമായി പണിതുടങ്ങുന്ന ചോട്ടാ മുതലാളിമാര്‍  ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ബസുകളുടെ എണ്ണംകൂട്ടി ബഡാ മുതലാളിമാരായി മാറുമ്പോള്‍  6213 ബസുകളുള്ള കെ.എസ്.ആര്‍.ടി.സി യ്ക്ക് നഷ്ടത്തിന്‍റെ കണക്കുകള്‍ മാത്രമേ പറയാനുള്ളൂ.ഒരു ബസ്സ്റ്റാന്‍ഡിലും സ്റ്റാന്‍ഡ് ഫീ കൊടുക്കേണ്ട , ഒരു ടോള്‍ ബൂത്തിലും ടോള്‍ കൊടുക്കേണ്ട, ഉത്സവ,പെരുന്നാള്‍ പിരിവുകള്‍ കൊടുക്കേണ്ട,വര്‍ഷാവര്‍ഷം RTO യ്ക്ക് കാണിക്ക കൊടുക്കേണ്ട, മറ്റു പലതരത്തിലുള്ള കുറ്റിപിരിവുകള്‍ ഒന്നും കൊടുക്കെണ്ട, സൗജന്യയാത്ര, വിദ്യാര്‍ഥിപാസുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കണ്ണുരുട്ടിയുള്ള നിയന്ത്രണങ്ങള്‍ എന്നുവേണ്ട ഒരു കുത്തക സ്വേച്ഛാധിപത്യത്തിന്‍റെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും; സംഭവം കട്ടപ്പുറത്തുതന്നെ. കണക്ക് പ്രകാരം കേരളത്തില്‍ പലതരത്തിലുള്ള 6213 ബസുകളും;  5551 ദൈനംദിന ഷെഡ്യൂളുകളും, 40,000ല്‍പരം ജീവനക്കാരുമുണ്ട്. പ്രതിമാസലാഭം എന്നൊരു സംഗതി പണ്ടേയില്ല. പ്രതിമാസനഷ്ടം എഴുപതു കോടിയാണ്.  36,000 വരുന്ന പെന്‍ഷന്‍കാര്‍ക്ക് സമയത്ത് പെന്‍ഷന്‍ കൊടുക്കാറില്ല.  കെടിഡിഎഫ്സിയില്‍നിന്നും സര്‍ക്കാരില്‍നിന്നുമായി 1200 കോടി രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. പലിശതന്നെ മാസം 25 കോടിയിലേറെയാണ്. പുതിയ ബസ് വാങ്ങാനോ പുതിയ സര്‍വീസ് നടത്താനോ കഴിയുന്നില്ല. ഡീസല്‍ വിലവര്‍ധനയോടെ ഒറ്റയടിക്ക് നൂറു സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. കഴിഞ്ഞ ആഗസ്തിലെ കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനം 128.88 കോടി രൂപയായിരുന്നു. ചെലവ് 227.4 കോടിയും. ആ മാസത്തെമാത്രം ബാധ്യത 98.52 കോടി രൂപ. ജീവനക്കാരുടെ കൈയില്‍നിന്ന് പിടിച്ചിട്ടും അടയ്ക്കാത്ത എന്‍ഡിആര്‍, പിഎഫ്, എല്‍ഐസി എന്നിവയും മറ്റ് അത്യാവശ്യ ചെലവുകളും ചേരുമ്പോള്‍ ആ ഒറ്റമാസത്തിലെ ബാധ്യത 127.08 കോടി രൂപയായി. ഇതേ തോതിലുള്ള കടക്കണക്ക് തുടരുകയാണ്.ആരാണ് ഈ നഷ്ടം സഹിക്കേണ്ടത് എന്നചോദ്യത്തിന് പ്രസക്തിയില്ല.ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളം മറ്റു ആനുകൂല്യങ്ങള്‍ എന്നിവയാണ് പരമപ്രധാനം.ഇത് തങ്ങളുടെ ചോറാണ്; ഇതു തകരാതെ നോക്കേണ്ടത് തങ്ങളുടെ കൂടെ ചുമതലയാണെന്നുള്ള ചിന്ത ജീവനക്കാര്‍ക്കില്ല.എന്തിലും കമ്മിഷനടിക്കാനുള്ള വേദിയായി ഒരുകൂട്ടര്‍. മന്ത്രി, തന്ത്രി തുടങ്ങിയ കുണാണ്ടാന്മാര്‍ തലപ്പത്തുണ്ടെങ്കിലും നയാപൈസയുടെ ഉപകാരമില്ല. ജനത്തെ പറ്റിച്ചു വോട്ടു പിടിക്കാനുള്ള നാക്കും.കയ്യിട്ടുവാരലും അല്ലാതെ വകുപ്പിനെ എങ്ങനെ നന്നാക്കാം എന്നൊരു ചിന്തയെ ഇല്ല.അതിനു അത് അറിഞ്ഞിട്ടുവേണ്ടേ..... ജാതി, മതം, കുടുംബം, ഗ്രൂപ്പ്‌ തുടങ്ങിയവയിലുള്ള അഗാധ പാണ്ഡിത്യമാണല്ലോ മന്ത്രിയാകാനുള്ള പ്രധാനയോഗ്യത.

  കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബസ്‌ ഉണ്ടെങ്കില്‍ ആ റൂട്ടിലെ സര്‍ക്കാര്‍ബസിനെ കട്ടപ്പുറത്തിരുത്തുക എന്ന നയമാണ് മന്ത്രി മുതല്‍ താഴോട്ടുള്ള എല്ലാ എരപ്പകളുടെയും പ്രഖ്യാപിത ലക്ഷ്യം.ഏതെങ്കിലും ഐ.എ.എസ് സിംഹങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി വരുമ്പോള്‍ വകുപ്പിനെ ഒന്നു നന്നാക്കിയേക്കാം എന്ന് വിചാരിച്ചാല്‍ തീര്‍ന്നു കഥ;സിംഹത്തെ അപ്പോഴേ എടുത്തു കുപ്പത്തൊട്ടിയില്‍ തട്ടും. ഡ്രൈവര്‍ക്ക് കൈമടക്ക് കൊടുത്താല്‍ മുന്നിലും പിന്നിലും പോകുന്ന സ്വകാര്യ ബസുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ബസിന്‍റെ ടയര്‍ പഞ്ചറാക്കുന്ന സാങ്കേതികവിദ്യയാണ് ജീവനക്കാര്‍ പ്രയോഗിക്കുന്നത്.കള്ളടിക്കറ്റ്‌ യാത്രക്കാര്‍ക്ക് കൊടുത്തു കോടികള്‍ തട്ടിയ കേസില്‍ ജീവനക്കാര്‍ക്കെതിരെയുള്ള അന്വേഷണം ഉന്നംതെറ്റിയ വെടിപോലെ എവിടെയോ പോയി. അന്വേഷണംനടത്തി കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ആര്‍ക്കും താല്പര്യമില്ല.ഇങ്ങനെ ഒരു വശത്ത് വേലി തന്നെ വിളവ് തിന്നുന്നു. ഇങ്ങനെ പത്തായം വെളുപ്പിക്കുന്ന പെരുച്ചാഴിയായി സംഗതി ഓടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സാധനം എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനെ കുറ്റംപറയാന്‍ കഴിയില്ല. വകുപ്പ്‌ മന്ത്രിയും പരിവാരങ്ങളും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് പോകുന്ന റ്റി സി യെ രക്ഷിക്കാന്‍ പോയിട്ട് തിരിഞ്ഞു നോക്കാന്‍പോലും മെനക്കെടാറില്ലാത്ത ഈ സമയത്താണ്...... ആശ്രിതവത്സലനും,പ്രജാക്ഷേമതല്പ്പരനും,വികസനകാര്യങ്ങളില്‍ബദ്ധശ്രദ്ധനും, സര്‍വോപരി സര്‍വാംഗപരിത്യാഗിയുമായ ഓക്സ്ഫോര്‍ഡ് സിംഹം;ദയാവധം എന്ന കാരുണ്യപ്രവര്‍ത്തനം നടത്തി മരണശ്വാസം വലിക്കുന്ന KSRTC യ്ക്ക് ചരമഗീതം തയ്യാറാക്കിയത്.എത്ര മരുന്ന് കൊടുത്താലും സുഖമാകാത്തതിനെയൊക്കെ നിഷ്കരുണം കൊല്ലുക എന്ന പുതിയ വികസനതന്ത്രപ്രകാരം KSRTC യ്ക്കും കൊടുത്തു എട്ടിന്‍റെപണി. ഡീസല്‍വില പൊതുവിപണിയില്‍ കൊടുക്കുനതിനെക്കാള്‍ 11.53 കൂട്ടിയാണ്  KSRTCയ്ക്ക് ഇനിമുതല്‍ കൊടുക്കുന്നത്. മുണ്ടേസിംഗ് അലവലാതിയുടെ ആസൂത്രണം കണ്ണുമടച്ചു നടത്തുന്ന മിണ്ടാസിംഗ്; അത്താഴപട്ടിണിക്കാരനെ തിരഞ്ഞു പിടിച്ചു പണികൊടുക്കുന്നതില്‍ തനിക്കുള്ള പ്രാവിണ്യം ഒരിക്കല്‍ കൂടി തെളിയിച്ചു. സ്വന്തമായി വണ്ടിയില്ലാത്ത കണ്ട്രികളാണ് KSRTC യുടെ സ്ഥിരംകുറ്റികളില്‍  അധികവുമെന്ന സാമാന്യബോധംപോലും ഇല്ലാത്ത മണ്ടന്‍സിംഗ് അങ്ങനെ KSRTC യെ വമ്പന്‍മ്മാരുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. അറുപതിന് മുകളില്‍ യാത്രക്കാരെയുംകൊണ്ട് കിതച്ചു പുകതുപ്പി പോകുന്ന KSRTC യെക്കാള്‍; ഒന്നോ, രണ്ടോ ആള്‍ക്കാര്‍ സഞ്ചരിക്കുന്ന BMW വാണ് മണ്ടന്‍ സിങ്ങിന്‍റെ കണക്കുപ്രകാരം ഡീസല്‍ നികുതിയിളവിന് യോഗ്യാന്‍..... അതാണ്‌ മക്കളെ പുതിയ വികസന തത്വശാസ്ത്രം. തല്ലു കിട്ടിയത് താടിക്കാരന്‍ വല്യപ്പന്‍റെ കയ്യില്‍ നിന്നായതുകൊണ്ട് ഇവിടെയുള്ള മക്കള്‍ക്കും കൊച്ചുമാക്കള്‍ക്കും വലിയ പരാതിയൊന്നുമില്ല.പതിവുരീതിയില്‍ ഞഞ്ഞാ, പിഞ്ഞാ എന്നൊക്കെ പറയുന്നുണ്ട് അത്രമാത്രം. ഈ വകുപ്പില്‍ കുറെ ഡല്‍ഹിയാത്ര കൂടി തരമാക്കും എന്നുകരുതിയാല്‍ മതി.അവിടെപ്പോയി തെക്കുവടക്ക് നടന്നു കുറെ ‘ഉറപ്പും’ വാങ്ങി ഇങ്ങുപോരും,കിട്ടുന്ന ഉറപ്പ്‌ കുറേശെയായി പൊടിച്ചു ചായയില്‍ കലക്കികുടിച്ചാല്‍ മലബന്ധം അടക്കമുള്ള എല്ലാ അസുഖവും മാറുമെന്നുപറയാനുള്ള പത്രസമ്മേളനവും പ്രതിക്ഷിക്കാം.

 ഓട്ടോറിക്ഷകളും മറ്റു ടാക്സിസര്‍വിസുകളുമൊക്കെ ലാഭത്തില്‍ പോകുന്ന കേരളത്തില്‍; നഷ്ടത്തില്‍മാത്രം ഓടുന്ന KSRTC യെ; പണി തരൂ സര്‍ക്കാരെ, ഞങ്ങള്‍ക്ക് കുറഞ്ഞ കൂലി മതി, പെന്‍ഷന്‍ വേണ്ട... എന്നൊക്കെ ആഞ്ഞു വിളിച്ച യുവത്വത്തിനു പാട്ടത്തിനു കൊടുക്കുക. നിയമങ്ങള്‍ എല്ലാം പഴയപോലെ നടക്കട്ടെ. ആറുമാസംകൊണ്ട് എല്ലാ സര്‍വിസും ലാഭകരമാകും. ഓടുന്ന എല്ലാ റൂട്ടുകളിലും ഒരു മിനിമം ടാര്‍ജറ്റ് ഏര്‍പ്പെടുത്തുക. വരുമാനം കിട്ടാത്ത റൂട്ടുകളിലെ ജീവനക്കാരെ നിരീക്ഷിക്കുക. യാത്രക്കാര്‍ ഇല്ലാത്തതുകൊണ്ടാണോ വരുമാനം കുറയുന്നത് എന്ന് ഉറപ്പു വരത്തുക.ഡീസല്‍ വില കൂട്ടിയ KSRTC യുടെ പമ്പുകളെ അടിയന്തര ഘട്ടങ്ങളില്‍ മാത്രം ആശ്രയിക്കുക .  സ്വകാര്യ പമ്പുകളിലെ ഡീസല്‍ അടിച്ചാലും KSRTC ബസ്‌ ഓടിക്കോളും എന്ന രഹസ്യം മറക്കാതിരിക്കുക. തത്വത്തില്‍ KSRTC യുടെ കൈവശമുള്ള കുറച്ചു പമ്പുകള്‍ പൂട്ടണം എന്നേയുള്ളൂ.അതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലാത്തസ്ഥിതിക്ക് അതു പൂട്ടുന്നതുതന്നെയാണ് നല്ലത്. ആളെ കൊല്ലുന്ന പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഒന്നുകില്‍ അതിനോട് പോരാടുക; അല്ലെങ്കില്‍ അതിനെ മറികടക്കാനുള്ള വഴികള്‍ തേടുക. അല്ലാതെ ഏറു കിട്ടിയ പട്ടി; മോങ്ങുന്നതുപോലെ മോങ്ങിയിട്ടു കാര്യമില്ല.മേലനങ്ങാതെ ശമ്പളം വാങ്ങി ഖജനാവുമുടിക്കുന്ന സര്‍ക്കാര്‍വെള്ളാനകളെ കര്‍ശന നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് ഇവിടെ ഒന്നും നഷ്ടപ്പെടാനില്ല. മുദ്രാവാക്യം വിളിക്കാനും, പണിമുടക്ക്‌ നടത്താനും മാത്രമല്ല ശമ്പളം കൊടുക്കുന്നത്;ചെയ്യുന്ന ജോലിയിലും അതിന്‍റെ ഫലം കാണണം.... ഒരു വ്യവസായത്തെ എങ്ങനെയും പൂട്ടിക്കാമെന്ന കേരളിയന്‍റെ അടിസ്ഥാനഭാവത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരും തയ്യാറല്ലാത്തകാലത്തോളും പൂട്ടലും,പൂട്ടിക്കലും നടന്നുകൊണ്ടേയിരിക്കും.

Sunday, January 20, 2013

ഒരു വക്കീലിന്‍റെ ഡയറിക്കുറിപ്പ്


     .

സാഗരം സാക്ഷിയാണോ..??

അല്ല.

പ്രതിയാണോ…………..??

അല്ല.

വാദിയാണോ....??

അല്ല..........

യുവര്‍ ഓണര്‍; നോട്ട് ദാറ്റ്‌ പോയിന്റ്‌.

സംഭവം നടന്ന സ്ഥലം.

സാഗരം.

സാഗരം എന്നുപറഞ്ഞാല്‍ കടല്‍. .കടല്‍ എന്നു പറഞ്ഞാല്‍ വെള്ളം....അല്ലേ.

അതേ.

നോട്ട് ദാറ്റ്‌ പോയിന്റ്‌.

വെള്ളം എന്നുപറഞ്ഞാല്‍ ദ്രാവകം ;വെള്ളം എന്നാല്‍ H2O..അതായത് ഒരു ഓക്സിജന്‍ ആറ്റവും രണ്ടു ഹൈഡ്രജന്‍ ആറ്റവും.അല്ലേ....

അതേ.............

നോട്ട് ദാറ്റ്‌ പോയിന്റ്‌ .

സംഭവം നടന്നത് കടലില്‍ അതായത് വെള്ളത്തില്‍... വെള്ളത്തിന്‌ ചലനം ഉണ്ടായിരുന്നോ

മനസിലായില്ല..............

അതായത് ഒഴുക്ക് ഉണ്ടായിരുന്നോ.......

ഉണ്ടായിരുന്നു.

നോട്ട് ദാറ്റ്‌ പോയിന്റ്‌

വെള്ളത്തിന്‌ ഒഴുക്ക് ഉണ്ടായിരുന്നതായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ.

ഉണ്ട്.

അങ്ങനെയാണെങ്കില്‍ സംഭവ സ്ഥലമായ ആ വെള്ളം ഇപ്പോള്‍ അവിടെനിന്നും ഒഴുകിപ്പോയിട്ടുണ്ട് എന്നു ഞാന്‍പറഞ്ഞാല്‍ നിങ്ങളതു നിഷേധിക്കില്ല അല്ലേ ..............

ങ്ങേ.............

ങ്ങേ, ങ്ങാ, കൂ..... എന്നല്ല വ്യക്തമായി പറയണം. യെസ് ഓര്‍ നോ...

സംഭവസ്ഥലം ഇപ്പോള്‍ അവിടെ ഇല്ല; എന്നുഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമോ??

ഇല്ല..............

ബഹുമാനപ്പെട്ട കോടതി, സംഭവം നടന്ന സ്ഥലം; അതായത് കടല്‍ അഥവാ  വെള്ളം... 40ഡിഗ്രി അക്ഷാംശത്തിനും  30ഡിഗ്രി രേഖാംശത്തിനും ഇടയില്‍ കൊച്ചിയില്‍ നിന്ന് ചാക്കുനൂല്‍ വലിച്ചുകെട്ടി അളന്നപ്രകാരം ഏതാണ്ട് സുമാര്‍ ഒരു ഇരുപതു നോട്ടിക്കല്‍ മൈല്‍ ഉണ്ടായിരുന്നുവെന്നുവെന്ന് പറയപ്പെടുന്ന ആ സ്ഥലം; ഒഴുകിനീങ്ങി ഇപ്പോള്‍ 90ഡിഗ്രീ അക്ഷാംശത്തിനും  12 ഡിഗ്രീ രേഖാംശത്തിനും ഇടയിലായി ഇറ്റാലിയന്‍ തീരത്താണ് നില്‍ക്കുന്നത്.   മാത്രമല്ല സംഭവസ്ഥലം ഇറ്റലി ബണ്ടുകെട്ടി തടഞ്ഞു നിറുത്തിയിരിക്കയാണ്. അതായത് കേസ്‌ എടുക്കുമ്പോള്‍ സംഭവസ്ഥലം കേരള അതിര്‍ത്തിക്കുള്ളിലായിരുന്നുവെങ്കിലും. ഇപ്പോളത് ഒഴുകിച്ചെന്ന് ഇറ്റലിയുടെ തീരത്താണ് നില്‍ക്കുന്നത്. അതുകൊണ്ട് കേരളം എടുത്ത കേസ് പ്രഥമദ്രിഷ്ട്യാതന്നെ നിലനില്‍ക്കുന്നതല്ല.. ദാറ്റ്‌സ് ഓള്‍ ....

നിരീക്ഷണം

പ്രതിഭാഗം വക്കീല്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ ശരിയാണ്.. അദേഹത്തിന്‍റെ അറിവിനെ അഭിനന്ദിക്കുന്നു. ലോകത്തിലെതന്നെ മികച്ച അന്വേഷണരീതിയാണ് അദേഹം ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍. സംഭവസ്ഥലം; വെള്ളമാണെന്ന് വാദിഭാഗംതന്നെ  സമ്മതിച്ചിട്ടുണ്ട്. ആ വെള്ളം ഇപ്പോള്‍ ഒഴുകി ഇറ്റാലിയന്‍ തീരത്താണ് നില്‍ക്കുന്നത് എന്നാകാര്യത്തില്‍ ഒരു സംശയവും ഇല്ല .ആ വെള്ളത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയാഞ്ഞത്, ഈ കേസിലെ വലിയൊരു വീഴ്ചയാണ്.പ്രഥമ ദ്രിഷ്ട്യാ പോലും കേരളത്തിന്‍റെ കേസ്‌ നിലനില്‍ക്കില്ല. നിയമ പൊത്തകം ഒരു തവണപോലും വായിക്കാതെയാണ് പോലിസ്‌ എഫ് ഐ ആര്‍ എഴുതിയിരികുന്നത്. കോന്തന്മാര്‍ ...കേരളത്തില്‍ ആര്‍ക്കും നിയമത്തെപ്പറ്റി ഒരു ചുക്കും അറിയില്ല. ഇങ്ങനെ വലിയ ഒരു ക്ലൂ വെണ്ടക്കാ വലുപ്പത്തില്‍ നിയമത്തില്‍ കിടന്നിട്ടും, ഒരു മരമാക്രി പോലും അതുകണ്ടില്ല. മ്ലേച്ചം,കഷ്ടം,ഭയാനകം, ദയനീയം എന്നൊക്കയേ ഇതിനെ വിശേഷിപ്പിക്കാനാവൂ........ പൊത്തകം വായിക്കാതെ കേസ്‌ എഴുതിയ പോലീസുകാരെ തലമൊട്ടയടിച്ചു ചാണകം പൂശി കഴുതപ്പുറത്തു കയറ്റി എഴുന്നള്ളിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു.

വിധി

ആവശ്യമില്ലാത്തകാര്യത്തിനു കെട്ടുവള്ളം തടഞ്ഞുവെച്ചു.അനുമതിയില്ലാതെ  അതിനകത്തുകയറി ഉണ്ട തപ്പി, തുപ്പാക്കി പൊക്കി ,തുപ്പാക്കികാരെയും, സ്രാങ്കിനെയും ,തുഴക്കരെയും പെറുക്കികളെയും ചുമ്മാ ചോദ്യം ചെയ്തുബുദ്ധിമുട്ടിച്ചു. സ്രാങ്കിന്‍റെ അനുമതി ഇല്ലാതെ കെട്ടുവള്ളത്തില്‍ ഉണ്ടായിരുന്ന; പങ്കായം, പെരുങ്കായം,ഉണ്ട,തുപ്പാക്കി,വല, തല ഉണക്കാനിട്ടിരുന്ന അണ്ടര്‍വെയര്‍ തുടങ്ങിയ സാധനങ്ങള്‍, തെണ്ടികളുടെ തൊണ്ടിയാണെന്നു പറഞ്ഞ് കസ്റ്റഡിയില്‍ എടുത്തു.കാണുന്നവനെയൊക്കെ വെടിവയ്ക്കാനുള്ള പുണ്യാളമാരുടെ അവകാശത്തിന്‍മേല്‍ നിയമം നോക്കാതെ കടന്നുകയറി. വെള്ളത്തില്‍ വെടിവെച്ചാല്‍ അതു കേസാകുമെന്ന തെറ്റായ നിരീക്ഷണം നടത്തി. നിയമ പൊത്തകത്തിലെ എട്ടാം അധ്യായം ആറില്‍ പറയുന്നത്; ഇരുപതു നോട്ടിക്കല്‍ അകലെനിന്നുള്ള എന്തു വെടിയും; വെടി മാത്രമാണെന്നും, അത്തരം വെടികള്‍ കുറ്റകരമല്ല എന്നുമാണ്. ഉപവകുപ്പ്‌ ആറു (എ) യില്‍; വെടി ,വെടികള്‍ എന്നത് കേരളത്തിലെ ഒരു ബഹുമാന്യവിശേഷണം ആണെന്നും, മൂലശാസ്ത്രപ്രകാരം കുലത്തൊഴില്‍ എന്ന അര്‍ത്ഥത്തില്‍ കൂട്ടിക്കൊടുപ്പ്, പങ്കുവയ്ക്കല്‍ എന്നൊക്കെയാണെന്നും, ഉഭയസമ്മതപ്രകാരം നടക്കുന്ന പങ്കുവയ്ക്കലുകള്‍ കുറ്റകരമല്ലന്നും പറയുന്നു.മാത്രമല്ല തോക്കുവെടി, കള്ളവെടി,കതിനാവെടി,വെടിവഴിപാട് തുടങ്ങിയ വെടികളില്‍ പ്രസ്തുതവെടി ഏതു വകുപ്പില്‍പ്പെടും എന്നതും വ്യക്തമാക്കിയിട്ടില്ല. ആയതിനാല്‍ നിഷ്കളങ്കരായപുണ്യവാളന്‍മ്മാര്‍ക്കെതിരെ  വെടിവയ്പ്പ് എന്നപേരില്‍ കേസെടുത്തതിനും, മാനഹാനി ഉണ്ടാക്കിയതിനും ഇടക്കാലാശ്വാസമായി കേരളസര്‍ക്കാര്‍ അമ്പതുകോടി രൂപ നഷ്ടം കൊടുക്കണമെന്നും , കെട്ടുവള്ളം കെട്ടിവലിച്ച് കൊച്ചിയില്‍കൊണ്ടുവന്നു കെട്ടിയിട്ട വകയില്‍; തറവാടക, നോക്കുകൂലി, ഇരിപ്പുകൂലി, ദിവസക്കൂലി ഇനങ്ങളില്‍ കെട്ടുവള്ളകമ്പനിക്കുണ്ടായ നഷ്ടമായ്‌ നൂറുകോടി രൂപ കമ്പനിക്ക്; സര്‍ക്കാര്‍ കൊടുക്കണമെന്നും ഈ കണ്ട്രിനാട്ടുകൂട്ടം വിധിക്കുന്നു. നിഷ്കളങ്കരായ തുഴക്കാര്‍ക്ക് റിട്ടേണ്‍ എയര്‍ടിക്കറ്റും, പോകുമ്പോള്‍ പാര്‍ലമെന്റ്ന്‍റെ ആദരവും ,സൈന്യത്തിന്‍റെ ഗാര്‍ഡ്‌ ഓഫ് ഓണറും കൊടുക്കണമെന്നും കോടതി വിധിക്കുന്നു.

എപ്പടി......ടിക്കെ................

പ്രമുഖരുടെ പ്രതികരണങ്ങള്‍.

 ഈ വിധി കേരളത്തിന്‍റെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള ഒരു വിധിയാണ്.. ആഭ്യന്തരമന്ത്രി വ്യക്തമാക്കി..

ഈ വിധി മനസിന്‍റെ ആന്തരിക വിസ്ഫോടനങ്ങളുടെ ആവിര്‍ഭാവ ക്ലേശങ്ങളുടെ സാങ്കല്‍പിക തലങ്ങളിലെ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗാ’ സിദ്ധാന്തത്തിന്‍റെ സ്ഫുടിതതലങ്ങളുടെ അനന്തതയില്‍ ആവിര്‍ഭവിച്ച ജിങ്ക്ജിക്കായിലെ തൈഷ്ണതയുടെ ക്ലാക്ലിയമായ വിഭ്രംശത്തിലെ ഒരു ഏടാണ്.....വേറെ ഒന്നും പറയാനില്ല....മുഖ്യമന്ത്രി

തത്വത്തില്‍ ആഗോളകുത്തക മുതലാളിത്ത ഗൂഡാലോചനയില്‍ നിന്നുല്‍ഭവിക്കുന്ന സുഡോക്ക ചിക്ക്ചിക്കയുടെ വെളിച്ചത്തില്‍ മംഗോളിയ മേസപ്പോട്ടോമിയ വഴി കോത്താഴത്തിലേക്ക് ഒരു ഹര്‍ജി കൊടുക്കേണ്ടതായിരുന്നു....പ്രതിപക്ഷം.

മന്ദമാരുതന്‍ പൂക്കുപൂക്കാന്ന് ആഞ്ഞുവീശുന്ന ഈ നിമിഷത്തില്‍; ഊമ്പസ്യാ ഗുണം ദേവസ്യാ... ഉല്‍പ്രേക്ഷാലംക്രിതി.............പൊതുജനം.

NB:ചത്തവരും ചകാത്തവരും ഇതില്‍ ഇല്ല. എന്തിനോടെങ്കിലും സാദ്രശ്യം തോന്നിയാല്‍ സ്വാഭാവികം.കമ്പനിയ്ക്ക് അതില്‍ ഉത്തരവാദിത്വം ഇല്ലായിരിക്കും.

Friday, January 18, 2013

ഉന്നംതെറ്റിയവെടി ജനങ്ങളുടെ ചന്തിക്ക്.

    

     

  അങ്ങനെ കാര്യങ്ങളൊക്കെ ഏതാണ്ട് ഉദേശിച്ചരീതിയില്‍തന്നെ മുന്നോട്ടു പോകുന്നുണ്ട്. യുദ്ധം കാത്തിരുന്നവര്‍ക്കെല്ലാം നിരാശസമ്മാനിച്ചുകൊണ്ട് ചര്‍ച്ചയാകാമെന്ന് ഇരുകൂട്ടരും സമ്മതിച്ചു. സൈനികന്‍റെ തലവെട്ടിയ കാര്യത്തില്‍ ആര്‍ക്കും പ്രശ്നമൊന്നും ഇല്ലാത്തസ്ഥിതിക്ക് ചര്‍ച്ചനടക്കട്ടെ. ഇന്ത്യയിലെ നേതാക്കള്‍ക്ക് യുദ്ധവെറി പിടിച്ചിരിക്കുകയാണെന്ന്ഹീന റബനിയുടെ പ്രസ്താവനയ്ക്കെതിരെ നമ്മള്‍ ശക്തിയായി പ്രതിഷേധിച്ചതൊഴിച്ചാല്‍ അതിര്‍ത്തിയിലെസ്ഥിതി പൊതുവേ സമാധാന പരമായാണ് നീങ്ങുന്നത്. മൊത്തം തുണിയില്‍ പൊതിഞ്ഞു തലമാത്രം കാണിച്ചാണ് ഹീന ഈ നഗ്നനസത്യം വെളിപ്പെടുത്തിയത്. എന്നിട്ടും ഹീനയെ വളരെ ഹീനമായ രീതിയില്‍ സോഷ്യല്‍ മീഡിയകളിലെ പീഡകര്‍ പിച്ചിച്ചീന്തുന്നുണ്ട്. എല്ലാ ചര്‍ച്ചകളും അവസാനിക്കുന്നത് ഹീനയുടെ സൌന്ദര്യത്തെക്കുറിച്ചാണ്. ഒരു പുടവ കൊടുത്താലോ എന്നുവരെ ചില സൂരിനമ്പുതിരിമാര്‍ കത്തിച്ചുവിടുന്നുണ്ട് .എല്ലാം രാജ്യസ്നേഹത്തിന്‍റെ പുറത്തായതിനാല്‍ മറ്റൊരു ചര്‍ച്ച ആവശ്യമില്ല.താടിക്ക് തീ പിടിച്ചാല്‍ പോലും വായ് തുറക്കാത്ത നമ്മുടെ നേതാക്കളെക്കുറിച്ച് ഹീനറബാനി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതിനാല്‍ അവരുടെ തലയ്ക്കു കാര്യമായ എന്തോ കുഴപ്പമുണ്ടെന്നുവേണം മനസിലാക്കാന്‍...  കേരളത്തിലെ സ്ഥിതി; മൊത്തത്തില്‍ മോശമാണെന്നുപറഞ്ഞുകൊണ്ട് ആന്റണിസാര്‍ ഡല്‍ഹിക്ക് വണ്ടി കയറിയാതെയുള്ളു;അപ്പോഴേ... അതിര്‍ത്തിയിലെസ്ഥിതി മോശമായി. ആരുടെ പ്രാക്കാണോ; ആവോ..??? പിന്നിടുനടന്ന ഒരു ചര്‍ച്ചയിലും അങ്ങേരെ കണ്ടില്ല. അല്ലേലും ഈ പാകിസ്ഥാന്‍കാരോട് ചര്‍ച്ചക്കുപോയിട്ടുകാര്യമില്ല.  സമാധാനം എന്നു പറഞ്ഞാല്‍ ലെവന്മ്മാര്‍ സമാനം എന്നേ കേള്‍ക്കുകയുള്ളൂ.അതുകൊണ്ട് ഇടയ്ക്കിടെ ഇവിടെവന്നു പ്രശ്നമാണെന്ന് പറഞ്ഞു പോകുന്നതായിരിക്കും ഉചിതം. അവിടെ എന്തെങ്കിലും നടക്കട്ടെ.

  എന്തായാലും എല്ലാവരും അതിര്‍ത്തിയിലെ ആക്ഷന്‍നാടകം കണ്ടു രസിച്ചിരിക്കുകയായിരുന്നു. റിയാലിറ്റിഷോകളിലെ ടെര്‍മിനേഷന്‍ എപ്പിസോഡിലെ ടെന്‍ഷനായിരുന്നു ഇതുവരെ. വെടി പൊട്ടുമോ..?? പൊട്ടിക്കണോ..?? തല ഇനിയും പോകുമോ..?? പോയ തല കിട്ടുമോ ..?? എന്നിങ്ങനെയുള്ള  ആകാംക്ഷകള്‍ തിങ്ങിനിറഞ്ഞ  അവസരം സര്‍ദാര്‍ജി പാഴാക്കിയില്ല.. ജനം മുഴുവന്‍ അതിര്‍ത്തിയിലേക്ക് നോക്കിയിരുന്നപ്പോള്‍ പാക്കിസ്ഥാനു കൊടുക്കേണ്ട വെടി ജനങ്ങളുടെ ചന്തിയ്ക്കുതന്നെ പൊട്ടിച്ചു. നല്ലകാര്യം. ഇതാണ് കണിശത, കൃത്യത എന്നൊക്കെ പറയുന്നത്.പാര്‍ലമെന്റ് കൂടി പരനാറികള്‍ സാധാരണക്കാരന്‍റെ പള്ളനോക്കി പടക്കംപൊട്ടിച്ചു. ഡീസലിന്‍റെ വിലനിയന്ത്രണം എടുത്തുകളഞ്ഞു. ഇനിമുതല്‍ എണ്ണകമ്പനികള്‍ക്ക് തരാതരംപോലെ വിലകൂട്ടാം. ആക്രാന്തംമൂത്ത് പെട്ടന്നുകൂട്ടരുതെന്ന് പറഞ്ഞിട്ടുണ്ട്.ജനംഅറിയാതെ പതുക്കെപ്പതുക്കെ, അറിയാതെ; പാതിരാത്രി, കല്യാണം, മരണം, അടിയന്തരം, യുദ്ധം, ക്രിക്കറ്റ് തുടങ്ങിയ പൂരങ്ങള്‍ക്കിടയില്‍ കേറ്റികൊടുക്കണം അതും അമ്പതുപൈസവെച്ച് മൂന്നുനേരം കൂട്ടണം..ഇതാണ് മോനേ... പരണം. ഇവിടെയാണെങ്കില്‍  കൂടി, കൂട്ടി.... എന്നൊക്കെ വഴിയെപോകുന്ന ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍; വിലകൂട്ടാന്‍ നില്‍ക്കുകയാണ് പമ്പുടമകള്‍. ഡല്‍ഹിയില്‍മാത്രം കൂടിയ വില കേരളമൊട്ടുക്ക് പിരിച്ചെടുത്തു. ആര്‍ക്കുമൊരു കുഴപ്പവുമില്ല.നിലവിലുള്ളതിലധികം വില ഈടാക്കിയതിനെതിരെ സര്‍ക്കാരോ, കോടതിയോ സ്വമേധയാ ഒരു നടപടിയും എടുത്തുകണ്ടില്ല. സെക്കന്റുവെച്ച് വിലകൂടുന്നതിനാല്‍ പൊതുജനം ഇതൊന്നും ശ്രദ്ധിക്കാറുമില്ല. എന്നാലും ഇത്തരം ചൂഷണങ്ങള്‍ നിയന്ത്രിക്കാനല്ലെ സര്‍ക്കാരുകള്‍....???

 കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നതു എണ്ണകമ്പനികളാണ്.സാധരണക്കാരന്‍റെ ദാരിദ്ര്യം എന്നുപറയുന്നത് ഭക്ഷണ ചിലവ് കണക്കാക്കിയാല്‍ ആസൂത്രണകമ്മിഷന്‍ പറയുന്നപ്രകാരം ദിവസം മുപ്പതുരൂപയില്ലായെന്നുള്ളതാണ്. എന്നാല്‍  എണ്ണകമ്പനികള്‍ക്ക് ഒരു ദിവസം നഷ്ടംവരുന്നത് കോടികളാണ്.വെറും മുപ്പതു രൂപയുണ്ടെങ്കില്‍ ഒരു ദരിദ്രവാസിയുടെ ഒരുദിവസത്തെ ദാരിദ്ര്യംമാറും; എന്നാല്‍ എണ്ണകമ്പനികളുടെ ദാരിദ്ര്യം മാറ്റണമെങ്കില്‍ ദിവസവും കോടികള്‍ വേണം...  ആരാണ് ദരിദ്രര്‍. എണ്ണകമ്പനികളോ, ചേരിയില്‍കഴിയുന്ന ജനമോ. തീര്‍ച്ചയായും എണ്ണകമ്പനികള്‍ തന്നെയാണ്. അവര്‍ക്കാണ് മുന്‍ഗണന... അവര്‍ക്കാണ് പണത്തിന് കൂടുതല്‍ ആവശ്യം.കൂടുതല്‍ ആവശ്യമുള്ളവന്‍ കൂടുതല്‍ ദരിദ്രന്‍ അതാണ്‌ ‘മനോമോഹന തിയറിയില്‍, പറയുന്നത്. അത്രയും കൊടിയദാരിദ്ര്യത്തില്‍ കിടക്കുന്ന അവരെ രക്ഷിക്കാന്‍ വിലനിയന്ത്രണം മാറ്റിയതില്‍ തെറ്റൊന്നുമില്ല. ഒരു പുണ്യമായേ അതിനെ കാണാന്‍കഴിയൂ. അവരാണല്ലോ നമ്മുടെ തന്തമാര്‍. സര്‍ക്കാരെന്നു പറയുന്നത് വെറും കണക്കപ്പിള്ള. ഒപ്പിടുക, സമ്മേളനം നടത്തുക ,പുട്ടടിക്കുക,നാലുംകൂട്ടി മുറുക്കി ചുമ്മാ വെടിപറയുക,പാര്‍ലമെന്റില്‍ കിടന്നു ഉറങ്ങുക, ഇടയ്ക്കിടെ പിച്ചുംപേയും പറയുക, കാശു വാങ്ങുക ഇതാണല്ലോ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ചെയ്യാനുള്ളത് .ഇത്രയും റിസ്ക്‌ പിടിച്ച പണി വേറെയില്ല. എന്നാല്‍ അവര്‍ക്ക് കിട്ടുന്ന ശമ്പളമോ..... തീര്‍ത്തും തുച്ഛം.

  കണ്ടോ.... അവരെ കുറ്റംപറയാന്‍ പറ്റുമോ..? ഈ പാവങ്ങള്‍ നമുക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ടാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഇവരെക്കാള്‍ സമ്പന്നര്‍ എന്തുകൊണ്ടും ജനങ്ങള്‍ തന്നെയാണ്.ഒരു സംശയവും വേണ്ട...നാലുനേരവും കഞ്ഞികുടിക്കുന്നു,ചപ്പാത്തിയും പരിപ്പുകറിയും വേണ്ടവര്‍ക്ക് അതുകിട്ടുന്നു. യാതൊരു ടെന്‍ഷനുമില്ലാതെ വീണേടം വിഷ്ണു ലോകമായി സുഖിച്ചുജീവിക്കുന്നു. ജനപ്രതിനിധിയാണെങ്കിലോ..... പുറത്തിറങ്ങിയൊന്ന് മുള്ളണമെങ്കില്‍പ്പോലും പട്ടാളവും,പോലീസും മുന്നില്‍ നടക്കണം. വല്ലവനുമൊക്കെ നക്കിയതു മാത്രമേ തിന്നാന്‍കിട്ടു. എന്തിരു ബുദ്ധിമുട്ട്.. അതുകൊണ്ട്; സമ്പന്നര്‍ ജനങ്ങള്‍ തന്നെയാണ്.. വില ഇനിയും കൂട്ടണം. കഴിയുമെങ്കില്‍ ഒരു റൌണ്ട്ഫിഗര്‍ ആയിട്ടുവേണം കൂട്ടാന്‍.... അഞ്ചിന്‍റെയോ പത്തിന്‍റെയോ ഗുണിതങ്ങളായിട്ട് കൂട്ടുന്നതാണ് നല്ലത്.. അതാകുമ്പോള്‍ ഈ 36പൈസ ,24പൈസ ,13പൈസ ,64പൈസ  തുടങ്ങിയ കണക്കുകള്‍ ഒഴിവാക്കാം...

 വില എത്രകൂടിയാലും കേരളിയര്‍ക്കു പേടിക്കാനില്ല .നമ്മുടെ സര്‍ക്കാര്‍ ആ അധിക നികുതിയങ്ങു വേണ്ടാന്ന് വയ്ക്കും.....മത്തായിക്ക് ഈ മയി@$# പുല്ലാണേ എന്ന ഭാവത്തില്‍.......... നോക്കണേ ഒരു ധൈര്യം. കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ചെയ്യുന്നതാണ്. പത്തുരൂപ കൂട്ടിയാല്‍ അധികനികുതി പന്ത്രണ്ട്പൈസ അങ്ങുവേണ്ടാന്നുവയ്ക്കും വേറെയാരെങ്കിലും ചെയ്യുമോ അങ്ങനെ. എത്രനല്ല ആള്‍ക്കാര്‍... കുറഞ്ഞത് ഒരു അമ്പത് വര്‍ഷമെങ്കിലും ഈ രീതിയില്‍ പോകണം. അങ്ങനെ വരുമ്പോള്‍ കല്യാണത്തിന് സ്ത്രീധനമായി അഞ്ചുലിറ്റര്‍ ഡീസലും, രണ്ടുപവനും എന്ന കണ്ടിഷനിലേക്ക് കാര്യങ്ങള്‍ എത്തും. ആ കാലത്തിനിടയില്‍ ജനസംഖ്യയില്‍ അറുപതു ശതമാനം വരുന്ന പട്ടിണിപാവങ്ങള്‍ എല്ലാം ചത്തുകെട്ട് പോയ്ക്കോളും. പിന്നെ; എല്ലാവരും സമ്പന്നര്‍ .അതാണ്‌ നമ്മുടെ സ്വപ്നം..പട്ടിണി ഇല്ലാത്ത ഇന്ത്യ. ദരിദ്രവാസികളെ തുടച്ചുനീക്കിയ ഇന്ത്യ ....ഹിറ്റ്‌ലരുടെ ഗ്യാസ്‌ ചേംബറുകളുടെ മോഡേണ്‍ പതിപ്പാണിത്.. സൈലന്‍റ് കില്ലിംഗ്. ഉത്തരേന്ത്യയില്‍ അതിന്‍റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.. ആരും ഒന്നും അറിഞ്ഞില്ല, കണ്ടില്ല ....അറിഞ്ഞവരും കണ്ടവരും കണ്ണടച്ചു. ഈ ശൈത്യകാലത്തു ഇതുവരെ മൂന്നൂറിലധികം പേര്‍ തണുത്തു മരിച്ചുകഴിഞ്ഞു. ഇനിയും എത്രയോഎണ്ണം മരിക്കാന്‍ കിടക്കുന്നു. മരിച്ചവര്‍ അധികം സ്വന്തമായി തലചായ്ക്കാന്‍ ഇടമില്ലാതെ; കടത്തിണ്ണകളിലും, പൊതുസ്ഥലങ്ങളിലും കഴിഞ്ഞവരാണ്. ഇവരുടെ മരണങ്ങള്‍ ഒരു അത്യാവശ്യംപോലെയാണ് എല്ലാവരും കണ്ടത്.ചര്‍ച്ചകളോ, പ്രതികരണമോ ഒന്നുമുണ്ടായില്ല. ഞങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട് എന്ന സര്‍ക്കാര്‍ പ്രസ്താവനയില്‍ കാര്യങ്ങള്‍ തീര്‍ന്നു. വികസനകുതിപ്പില്‍ ഈ മരണങ്ങള്‍ ലാഭം എന്നാണ് വിലയിരുത്തുന്നത്. ഇവര്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടിവരുന്ന അത്രയും തുക സര്‍ക്കാരിനു ലാഭം.ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗമായതിനാല്‍ പ്രതിഷേധശബ്ദമേ ഉണ്ടാവില്ല.  ദാരിദ്ര്യം അനുഭവിക്കുന്നവര്‍ പതുക്കെ തുടച്ചുനീക്കപ്പെടും.അങ്ങനെ രണ്ടു മൂന്നു ശൈത്യം,നാലു സുനാമി,കുറച്ചു ലഹള,സ്ഫോടനം, വെള്ളപ്പൊക്കം ഇവയെല്ലാം കഴിയുമ്പോള്‍ ദാരിദ്ര്യം അനുഭവിക്കുന്ന ദരിദ്രവാസികള്‍ പതിയെ ഇല്ലാതാകും.നമ്മള്‍ ചുമ്മാ കയ്യുംകെട്ടി ഇരുന്നാല്‍ മതി.എല്ലാം ചെയ്യുന്നുണ്ട്, ചെയ്യുന്നുണ്ട്.... എന്ന് ഇടയ്ക്കിടെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കണമെന്നുമാത്രം. ഇതാണ് സൈലന്‍റ് കില്ലിംഗ്.ഈ മന്മോഹന്‍ പരിഷ്ക്കാരങ്ങള്‍ പതുക്കെ ഫലംകണ്ടു തുടങ്ങിയിരിക്കുന്നു.പാവങ്ങളുടെ സബ്സീഡികള്‍ വെട്ടിക്കുറച്ചു; കുത്തകകള്‍ക് നികുതിയിളവ്‌ കൊടുക്കുക. ഇരുപതുശതമാനം വരുന്ന അതിസമ്പന്നരുടെ വളര്‍ച്ചാകണക്കുകള്‍ രാജ്യത്തിന്‍റെ മൊത്തം കണക്കുകളായി കാണിക്കുക.ദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന സാധാരണജനം പതുക്കെ, പതുക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുപോകുക ......ഇതാണ് പുതിയ വികസന ചാത്രം.

  യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ക്രൂഡോയില്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. പെട്രോളും, ഡീസലും, ഗ്യാസ്‌ തുടങ്ങിയ സാധനങ്ങള്‍; നമ്മുടെ ശുദ്ധികരണശാലകളിലാണ് വേര്‍തിരിച്ചെക്കുന്നത്‌. അതുകൊണ്ട് ഇതിനെ അന്താരാഷ്ട്രവിലയുമായി താരതമ്യം ചെയ്യേണ്ടകാര്യമില്ല. മാത്രമല്ല ക്രൂഡോയില്‍ ഇറക്കുമതിക്കരാറുകള്‍ ദീര്‍ഘകാലടിസ്ഥാനത്തിലുള്ളവയാണ്. വിപണിയിലെ അന്നന്നത്തെ വില; ഇതിനു ബാധകമല്ല എന്നര്‍ത്ഥം. ക്രൂഡ്ഓയില്‍ ശുദ്ധീകരണം നടത്തുമ്പോള്‍ അളവിലും, ഉത്പാദനത്തിലും നഷ്ടംവരാറില്ല.വിത്യസ്തങ്ങളായ നിരവധിയുല്‍പ്പന്നങ്ങളാണ് ലഭിക്കുന്നത് ഇതാ ഈ കണക്കൊന്നു കാണൂ...
 ഇതിന്‍ പ്രകാരം ക്രൂഡോയില്‍ ഇറക്കുമതിയില്‍ നടപ്പുവില കാണക്കാക്കിയാല്‍ എങ്ങനെയാണ് നഷ്ടംവരുന്നത്.നഷ്ടത്തിലോടുന്നുവെന്നു പറയുന്ന എണ്ണകമ്പനികള്‍ എങ്ങനെയാണ്; വര്‍ഷാവര്‍ഷം ലാഭവിഹിതം സര്‍ക്കാരിനു നല്‍കുന്നത്. നഷ്ടത്തിലാണെങ്കില്‍ എന്തുകൊണ്ടാണ്; എണ്ണകമ്പനികളുടെ ഓഹരികള്‍ക്ക് വിപണിയില്‍ വിലകുറയാത്തത്. എങ്ങനെയാണ് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം കൊടുക്കുന്നത്.  ഒന്നുകില്‍ മന്ത്രിസഭയില്‍ ഒന്നിനും കണക്കറിയില്ല. അല്ലെങ്കില്‍ വിഹിതംപ്പറ്റി ജനങ്ങളെപ്പറ്റിക്കുന്നു.

 എണ്ണകമ്പനികള്‍ ലാഭംമാത്രം മുന്നില്‍കാണുന്ന കച്ചവടക്കാര്‍മാത്രമാണ്. എങ്ങനെ ലാഭംകൂട്ടാമെന്നുമാത്രമാണ് അവരുടെ ചിന്ത. നഷ്ടമാണെന്ന് പറയുന്ന എണ്ണകമ്പനികള്‍; എന്തു സാമ്പത്തിക അച്ചടക്കമാണ് തങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കാണിക്കുന്നത്. ഓരോവര്‍ഷവും പരസ്യത്തിനായും, ഉദ്യോഗസ്ഥരുടെ ടൂര്‍ പാക്കേജുകള്‍ക്കുമായി എത്ര കോടികളാണ് ചിലവഴിക്കുന്നത്...??. എന്തേ ആ കണക്കുകള്‍ പുറത്തു വിടാത്തത്.  എല്ലാവരുംകൂടി കട്ടുമുടിക്കുന്നകോടികള്‍ അത്താഴപ്പട്ടിണിക്കാര്‍ ഉണ്ടാക്കികൊടുക്കണമെന്ന് പറയുന്നത്; എവിടുത്തെ നീതിയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം അഞ്ചുലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവായി കൊടുത്തത്. സര്‍ക്കാരുകള്‍  ജനങ്ങളുടെ ഭാഗത്തുനിന്നാണ് ചിന്തിക്കേണ്ടത്. ജനപ്രതിനിധികള്‍ കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രം ശ്രമിച്ചാല്‍പ്പോരാ.

  നമ്മുടെ രാജ്യം അടിസ്ഥാനപരമായി ഒരു കാര്‍ഷികരാജ്യമാണ്. എണ്‍പതുശതമാനം ജനങ്ങളും കാര്‍ഷികവരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.കാര്‍ഷിക മേഖലയിലെ ചരക്കുനീക്കങ്ങളും, ജലസേചനപ്രവര്‍ത്തികളിലുമെല്ലാം ഇന്ധനമായി ഡീസലിനെയാണ് ആശ്രയിക്കുന്നത്. ഡീസല്‍ വിലവര്‍ധനവ്‌ നിശ്ചയമായും കാര്‍ഷികമേഖലയെ ബാധിക്കും.കാലാവസ്ഥപ്രതികൂലങ്ങള്‍ നിമിത്തം തകര്‍ന്ന കാര്‍ഷികമേഖലയില്‍ ഉത്പാദന,വിതരണ ചിലവ് ഇനിയുംകൂടും. ഇത് വമ്പിച്ച വിലക്കയറ്റത്തിനും, നാണയപ്പെരുപ്പത്തിനും വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഡീസലിനുണ്ടാകുന്ന ഈ വില വര്‍ദ്ധനയും ചെന്നെത്തുന്നത് സാധാരണക്കാരന്‍റെ പിച്ചച്ചട്ടിയിലാണ്.കാര്‍ഷിക ആത്മഹത്യകള്‍ വര്‍ദ്ധിക്കാന്‍ ഇതു കാരണമാകും. തിരഞ്ഞെടുപ്പ്‌ ജയപരാജയങ്ങങ്ങളും, സര്‍ക്കാരുകളുടെ നിലനില്‍പ്പും കുത്തകകള്‍ നിയന്ത്രിക്കുമ്പോള്‍ അവരുടെ ലാഭം നോക്കിയുള്ള നിയമങ്ങള്‍ മാത്രമാണ് ഇവിടെ നടപ്പിലാക്കുന്നത്. അസംഘടിതരായ സാധരണക്കാര്‍ക്ക് പിച്ചച്ചട്ടിതന്നെ... രാജ്യത്തുജനിക്കുന്ന  നാല്പത്തിനാല്ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് ബാധിച്ചവരാണ്. ഇന്ത്യന്‍ ഗ്രാമീണരുടെ ആയുര്‍ ദൈര്‍ഘ്യവും, ജീവിതനിലവാരവും ,കുട്ടികളുടെയും, സ്ത്രീകളുടെയും ജീവിത സാഹചര്യങ്ങളും കണക്കുകള്‍പ്രകാരം പിറകോട്ടാണ് പോകുന്നത് .. എവിടെയാണ് ഇന്ത്യ വളരുന്നത്.....പാക്‌ സൈന്യം തലയറത്ത സൈനികന്‍റെ വീട്ടിലേക്കുള്ള ദൂരം ഡല്‍ഹിയില്‍നിന്നു വെറും നൂറ്റിയെണ്‍പത്തിയഞ്ചു കിലോമിറ്റര്‍ മാത്രം. ഗ്രാമത്തിലേക്ക് കറണ്ടില്ല. നല്ല ഒരു റോഡുപോലുമില്ല. സൈനികന്‍റെ മരണാനന്തരചടങ്ങുകള്‍ നടത്തിയത് അകമ്പടിപോയ വാഹനങ്ങളുടെ ലൈറ്റ്‌ വെളിച്ചത്തില്‍...എവിടെയാണ് ഇന്ത്യയുടെ പുരോഗതി.  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് മഹാത്മജി പറഞ്ഞു.എന്നാല്‍ ഇന്ത്യയുടെ ആത്മാവ് കുത്തക മുതലാളിമാരുടെ കൈയ്യിലാണെന്ന് അഭിനവഗാന്ധിശിഷ്യര്‍ പറയുന്നു. ഏതാണ് ശരി...........