**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, June 13, 2013

ഡെങ്കിയും ഞാനും പിന്നെ എന്‍റെ പപ്പായയും



 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 ഹലോ റിട്ട് കേണല്‍ നാണപ്പന്‍റെ സെക്യൂരിറ്റി സപ്ലേ ഓഫിസല്ലേ..??

  അതേ; ആരാണ്, എന്താണ് വേണ്ടത്?


 എന്താ മാഷേ വല്ല സുരക്ഷാ പ്രശ്നവും ഉണ്ടോ. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും കൈവെച്ചോ...അതോ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയോ..??

  ഹേയ് അതൊന്നുമല്ല..............

     പിന്നെ..............

        കാവലിനു കുറച്ചു ആളുകളെ വേണം.

. അതും റിട്ട് മിലട്ടറി വേണ്ട. നല്ല ഉശിരുള്ള നാടന്‍ ഇനംതന്നെ വേണം.

  കുറച്ചാളുകള്‍ എന്നുവെച്ചാല്‍,,,,,,,,,,,,,, എന്താ മാഷേ വല്ല നിധിയും കിട്ടിയോ, അതോ ലോട്ടറി അടിച്ചോ?

  അതൊന്നുമല്ല പ്രശ്നം ..അതൊക്കെയണേല്‍ രഹസ്യമാക്കി വയ്ക്കാം; ഇതിപ്പോ ഒളിപ്പിച്ചു വയ്ക്കാന്‍ പറ്റിയ സാധനമല്ല..അതുകൊണ്ടാ...........

  ആട്ടെ, എത്ര പേരെവേണം ,ഡ്യൂട്ടി എങ്ങനാ......... ഡേയോ. നൈറ്റോ അതോ ഫുള്‍ടൈം ഡ്യൂട്ടിയാണോ...........

  ഫുള്‍ടൈം  വേണം. ആളുടെ എണ്ണം........... അത്,,,,,,,,,, ഒരു മിനുട്ട് നോക്കട്ടെ; അടുക്കളവശത്ത് രണ്ട്, ചാണകമാട്ടേല്‍ മൂന്ന്, കോഴിക്കുടിനടുത്തു ഒന്ന്, തെങ്ങിന്‍ തോപ്പില്‍ രണ്ട് ..ഉം,,,,,, ശ്ഹോ,,,,,,,,,,, തെറ്റിയോ..എടി രമണിയെ മൊത്തം എത്രയുണ്ടെന്നാ പറഞ്ഞത്......................

      എട്ട്.....................

 അച്ഛാ;;; ഒരെണ്ണം കക്കൂസിനടുത്തു നില്‍പ്പുണ്ട്.

  ഹോ, അത് ഞാന്‍ മറന്നു. അപ്പം എട്ടും ഒന്നും,,,,, ഒന്‍പത്. ഒരെണ്ണത്തിനു രണ്ടുപേര്‍ വീതം പതിനെട്ട്...........

  അതേയ്,,, ഒരു പതിനെട്ടു പേരെങ്കിലും വേണ്ടിവരും...........

 അയ്യോ,,,, പതിനെട്ടു ഫുള്‍ടൈംഡ്യുട്ടിയെന്നു പറഞ്ഞാല്‍ മുപ്പത്തിയാറ് പേരെങ്കിലും വേണം; എന്താ മാഷേ കാര്യം. നിങ്ങളുടെ പറമ്പില്‍ വല്ല സ്വര്‍ണ്ണ നിക്ഷേപവും കണ്ടെത്തിയോ.........?

 ഹാഹാ എന്‍റെ കേണലെ, ഓരോരുത്തര്‍ക്കും ഓരോ സമയത്താ ഭഗവതിയുടെ കടാക്ഷം വരുന്നത്. ഇതിപ്പോ ഓര്‍ക്കാപ്പുറത്തല്ലേ ഭാഗ്യം വന്നുകയറിയത്.

   ഹോഹൊ............... ആട്ടെ, എന്താണ് ഡ്യൂട്ടി??

 ഡ്യൂട്ടി വെറും സിമ്പിള്‍ .ഓരോ കസേരയിലിരുന്നു മരച്ചുവട്ടില്‍ കാറ്റ് കൊണ്ടിരിക്കുക.ആരേയും ആ പരിസരത്തേയ്ക്ക് അടുപ്പിക്കരുത്‌..പിന്നെ എന്‍റെ വീട്ടില്‍വരുന്ന നാട്ടുകാരെ ക്യൂ നിറുത്തുക തുടങ്ങിയ ലൈറ്റ് ഡ്യൂട്ടികളാണ് ചെയ്യേണ്ടത്.

 അല്ല മാഷേ, ഇത്രയായിട്ടും എന്തിനാണ് കാവല്‍ എന്നു പറഞ്ഞില്ല.............

 നാണപ്പാ)))))) കേണലേ; താന്‍ പപ്പായ എന്നു കേട്ടിട്ടുണ്ടോ? നാടന്‍ ഭാക്ഷയില്‍ കപ്പളം എന്നുപറയും അറിയാമോ>>?

 പിന്നേ; അറിയാമോന്ന്, കൃമികടിയ്ക്കു ബെസ്റ്റാ. ചെറുപ്പത്തില്‍ കൃമികടി മാറാന്‍ പപ്പടത്തില്‍ കപ്പളങ്ങാച്ചുന പുരട്ടി ചുട്ടുതിന്നത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അല്ല ഈ പപ്പായയും സെക്യൂരിറ്റിയും തമ്മില്‍ എന്തു ബന്ധം.

 അപ്പൊ താന്‍ പത്രമൊന്നും വായിക്കാറില്ലേ? ഇപ്പൊ നാടു നീളെ ഡങ്കി പ്പനിയല്ലേ. കേരളം പനിച്ചു വിറയ്ക്കുന്നകാര്യം  അറിഞ്ഞില്ലേ. സര്‍ക്കാരാണേല്‍ ചുമ്മാ സുതാര്യമായി അകത്തുള്ളതെല്ലാം പുറത്തു കാണിച്ചുകൊണ്ട് നടക്കുന്നതാല്ലാതെ ഒന്നും ചെയ്യുന്നില്ല.അകത്തുള്ളതെല്ലാം പുറത്തുകണ്ടാല്‍, ചുമ്മാ ഒരുരസം എന്നല്ലാതെ പനി മാറുമോ?? അതിനു മരുന്നുവേണം ഡോക്ടര്‍വേണം അല്ലാതെ ദേ ഞാന്‍ എല്ലാം പുറത്തു കാണിച്ചാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍ പനിബാധിതരുടെ എണ്ണം കുറയുമോ....ദിവസവും രോഗികളുടെ എണ്ണംകൂടുന്നു.അതിനിടയില്‍ ഏതോ പുണ്യാത്മാവ് കണ്ടുപിടിച്ചു; പപ്പായ ഇല കഴിച്ചാല്‍ ഡെങ്കി പമ്പ കടക്കുമെന്ന്. പ്ലേറ്റ്ലെറ്റ്‌ കൂടാന്‍ ഈ ഇല ബെസ്റ്റാണ് പോലും..

 ഉണ്ടായിരുന്ന കപ്പളമെല്ലാം എല്ലാവനും വെട്ടിപ്പറിച്ചു കളഞ്ഞു.പിള്ളേരുടെ കൃമികടി മാറ്റാന്‍  മണ്ണൂത്തിയില്‍നിന്നു കുറച്ചു കപ്പളതൈയ് കൊണ്ടു വന്നു നട്ടതാണ്. ഇപ്പൊ പഞ്ചായത്തില്‍ പപ്പായയുള്ള ഏക ഭവനം എന്റേതാണ്... രാവിലെതൊട്ടു  തുടങ്ങും പപ്പായ ഇല അന്വേഷിച്ചു വരുന്നവരുടെ തിരക്ക്. ആദ്യമൊക്കെ ചുമ്മാകൊടുത്തു പിന്നെ ഓര്‍ത്തു എന്തിനു വെറുതെകൊടുക്കണം.ഒരു കപ്പളം പോലും പരിസരത്ത് നടാനുള്ള മടിയന്മാരല്ലെ വരുന്നത്;അതുകൊണ്ട് ഒരിലയ്ക്ക് അഞ്ചുരൂപ എന്ന നിരക്കിലാണ് വ്യാപാരം. വേറെ മരുന്നിനുപോയാല്‍ ചുരുങ്ങിയത് അഞ്ഞൂറ് കൊടുക്കണം. ഇവിടെ വെറും ഒരു ശതമാനം മാത്രം പണിക്കൂലി...അങ്ങനെ തുടങ്ങിയതാ........ ഇപ്പോഴിതാ രാത്രി കള്ളമ്മാരുടെ ശല്യം.ഇല മോഷണം. ഒരു പട്ടി ഉണ്ടായിരുന്നതിനെ അവന്മ്മാര്‍ വിഷംകൊടുത്തുകൊന്നു. ഗെയിറ്റ് താഴിട്ടു പൂട്ടിയപ്പോള്‍ മതിലുചാട്ടമായി..ചാണകകുഴിക്കടുത്തു നില്‍ക്കുന്ന കപ്പളത്തേല്‍ രാത്രയില്‍ വലിഞ്ഞുകേറി ശിഖരവുമൊടിച്ചുകൊണ്ടു രണ്ടു പേരാ കഴിഞ്ഞദിവസം ചാണകകുഴിയില്‍ വീണത്‌. അതിന്‍റെ സമാധാനവും നമ്മള് പറയണം.എന്തിനാ ഈ പൊല്ലാപ്പ്..അതുകൊണ്ടാ കാവല്‍ ഏര്‍പ്പെടുത്താമെന്ന് വച്ചത്.

 ഇലയ്ക്ക് വരുന്നവര്‍ക്ക് തൊഴുത്തിനോടുചേര്‍ന്ന് കൌണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ വരുന്നവരെ ക്യൂ നിറുത്തണം, പറമ്പിലുള്ള പപ്പായ മരത്തില്‍ ആളുകയറാതെ നോക്കണം, ഇത്രയേ പണിയുള്ളൂ..എന്താ ഡ്യൂട്ടിക്ക് ആളെ അയക്കാന്‍ പറ്റില്ലേ....................

 ഷുവര്‍ ഷുവര്‍..നാളെത്തന്നെ ആളെവിടാം ..ഓരോരുത്തര്‍ക്കും സമയം തെളിയുന്ന വഴിയേ....... അപ്പൊ മാഷിനു പഠിപ്പിക്കാന്‍ പോവണ്ടേ..??

 ഞാന്‍ ഒരു മാസത്തെ ലീവെടുത്തു. ഇല പറിക്കാനും അരയ്ക്കാനും രണ്ടു പേരെ കൂലിക്കും നിറുത്തി. ഇല വേണ്ടവര്‍ക്ക് അങ്ങനെ, അരച്ചു പിഴിഞ്ഞ് ചാറുവേണ്ടവര്‍ക്ക് അങ്ങനെ . ഇനി മേലനങ്ങാന്‍ കഴിയാത്ത മടിയന്മ്മര്‍ക്ക് മരുന്നു വായില്‍ ഒഴിച്ചു കൊടുക്കാനുള്ള ഷെഡ്‌ റെഡിയാകുന്നുണ്ട്..

 ഏതായാലും ഈ മഴക്കാലംകൊണ്ട് ബാങ്കിലെ കടം വീട്ടണം ..രണ്ടു മൂന്ന് കറവയുള്ള പശുക്കളെ വാങ്ങണം ..പറമ്പ് മുഴുവന്‍ പപ്പായ നടണം, അടുത്ത വര്‍ഷത്തേയ്ക്ക് ഒരു കരുതല്‍ വേണമല്ലോ... എന്‍റെ ഡെങ്കി ഭഗവാനെ  കാത്തുകൊള്ളേണമേ...............

 *          *              *             *             *

 കേരളം പനിച്ചു വിറയ്ക്കുന്നതായ വാര്‍ത്തകള്‍ അടിപൊളിയായി അവതരിപ്പിക്കുന്നു. വിറയ്ക്കുന്ന സമയം നോക്കിത്തന്നെ ഡോക്ടര്‍മ്മാര്‍ സമരം പ്രഖ്യാപിച്ച് തങ്ങളുടെ സാമൂഹ് പ്രതിബത്ധത തെളിയ്ക്കുന്നു.എല്ലാം സുതുര്യമാണ് ഒന്നും ഒളിക്കാനില്ല എന്ന പ്രഖ്യാപനത്തോടെ നാണം മറയ്ക്കാനുള്ള നടപടിപോലും എടുക്കാതെ സര്‍ക്കാര്‍ നട്ടം തിരിയുന്നു. ക്യൂബയില്‍ നിന്നും കൊതുകിനെ കൊല്ലാനുള്ള വഴിതേടുന്ന ആരോഗ്യവകുപ്പ്, പനിയോ,, എവിടെ,,, ആര്‍ക്ക്,, എപ്പോള്‍,,, തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നടത്തി കുമ്മിയടി നടത്തുന്ന വകുപ്പ് മന്ത്രി.സംഗതി ജോറാകുന്നുണ്ട്.

പനിമരണം നൂറ്റി അന്‍പതായി. ദിവസവും പതിനായിരത്തിലധികം പുതിയ രോഗികള്‍, മൊത്തം പതിനഞ്ചു ലക്ഷത്തില്‍പ്പരം പനിബാധിതര്‍, ഇതൊരു സര്‍വ്വകാലറെക്കോര്‍ഡാണെന്ന മട്ടില്‍ ലെടുവിതരണം നടത്താന്‍ തുനിയുന്ന ആരോഗ്യവകുപ്പ് ...കേരളിയരുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച വേണമെന്ന് പറയുന്ന പ്രതിപക്ഷത്തിനോട് അതുവേണ്ട എല്ലാം സുതാര്യമായതിനാല്‍ അകത്തെ കാഴ്ചകളുകണ്ടു ചായകുടിച്ചു പിരിയാമെന്നു പറയുന്ന മുഖ്യമന്ത്രി. കഷ്ടംതന്നെ...ദോഷം പറയരുതല്ലോ പനി ബാധിതരോട് ഐക്യദാര്ട്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഡെങ്കികളുടെകുത്ത് സ്വയംവരിച്ച് പനിബാധിതനായി എന്നൊരു വാര്‍ത്തയുണ്ട്. ഭരണക്കാര്‍ സ്വയം ഭോഗിംഗ് (സോറി അച്ചടിപിശക് പറ്റിയതാണ് ഫോഗിങ്ങ് എന്നു തിരുത്തിവയ്ക്കാന്‍ അപേക്ഷ) നടത്തി വരുന്നതിനാല്‍ ഡെങ്കികള്‍ വിട്ടുനില്‍ക്കുന്നതായാണ് അറിവ്.

അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിട്ടിരുന്ന നാട്ടിലെ പല ക്ലിനിക്കുകളും മഴക്കാലമാ യതോടെ ഉയര്ത്തെഴുന്നെല്‍പ്പിന്‍റെ പാതയിലാണ്. പനിയാണോ... ഡെങ്കിതന്നെ. ഡെങ്കിയാണോ പ്ലേറ്റ്ലെറ്റ്സ് കയറ്റണം; റെയിറ്റ്‌ അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ. മഴക്കാലംപിടിച്ചു അടുപ്പില്‍ മാറാല കെട്ടുന്ന ഈ സമയത്ത് എവിടുന്നുകിട്ടും ഇത്രപണം. അതുകൊണ്ട് പപ്പായ ഇലതന്നെ ശരണം...............


സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ശീലങ്ങള്‍ മാറ്റാന്‍ നമ്മളും തയ്യാറല്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, വ്യക്തി ശുചിത്വംപാലിക്കണം, കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം,.പ്രത്യേകിച്ച് മലിനജലം കെട്ടിക്കിടക്കാനുള്ള എല്ലാ സാദ്ധ്യതകളും ഒഴിവാക്കണം തുടങ്ങിയ വീട്ടില്‍നിന്നും കൊതുകിനെ അകറ്റാന്‍ പറ്റുമെങ്കില്‍ വൈകുന്നേരങ്ങളില്‍ കുറച്ചു കുന്തിരിക്കം പുകയ്ക്കണം തുടങ്ങിയ എല്ലാ നിവാരണ മാര്‍ഗ്ഗങ്ങളും കൊച്ചു കുട്ടികള്‍ക്ക് വരെ മനപ്പാഠമാണ്. പക്ഷെ ബോധവല്‍ക്കരണം നടത്തി അവിടെത്തന്നെതൂറി മെഴുകുന്ന സംസ്ക്കാരം കാണിക്കുമ്പോള്‍ എങ്ങനെ നാട് നന്നാവും. എന്‍റെ വീടും പരിസരവും നന്നാക്കാന്‍ എന്‍റെ മാലിന്യങ്ങള്‍ അയല്‍ക്കാരന്‍റെ പറമ്പിലേക്ക് വലിച്ചെറിയുന്ന സംസ്ക്കാരം മാറ്റാത്തകാലത്തോളം ഡെങ്കി വൈറസുകള്‍ കേരളത്തെ ബാധിച്ചുകൊണ്ടേയിരിക്കും..

പനിപ്രശ്നത്തില്‍ സര്‍ക്കാരിനെമാത്രം കുറ്റം പറയുന്നവര്‍ ഒരു കാര്യം മനസിലാക്കണം. അവിടം ആകെ നാറി കിടക്കുകയാണ്. സുതാര്യമായതിനാല്‍ എല്ലാംകാണാം..!!!!!! അവിടം മുഴുവന്‍ ചീഞ്ഞുനാറി ഡെങ്കി കൊതുകുകളുടെ താവളമായി മാറിയിരിക്കുന്നു..അതുകൊണ്ട് ആദ്യ ഫോഗിംഗ് അവിടെ നടത്തണം. പിന്നീട് പഞ്ചായത്തു തോറും ഫോഗിംഗ് നടത്താം...അക്കൂട്ടത്തില്‍ സ്വന്തം വീടും പരിസരവും വൃത്തിയായും, പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കാതെയും നോക്കിയാല്‍ ഡെങ്കിയെ കേരളത്തില്‍ നിന്നു പുറത്താക്കാം; അതിനു ക്യൂബവരെയൊന്നും പോകേണ്ട, ഓരോരുത്തനും സ്വയം മനസ്സുവെച്ചാല്‍ മതി. ആരെയും നിര്‍ബന്ധിക്കുന്നില്ല കാരണം എന്‍റെ പപ്പായമരങ്ങള്‍ പൊന്നുവിളയിക്കണമെങ്കില്‍ ഡെങ്കിപ്പനിവേണം..ഞാനും എന്‍റെ കുടുംബവും പിന്നെ ഞങ്ങളുടെ പപ്പായ മരങ്ങളും നീണാള്‍ വാഴട്ടെ....

10 comments:

  1. രസകരമായ സംഭവം ന്താന്നരിയോ ? നമ്മടെ കേരളക്കാർ വളരെ ബോധ്യമുള്ളവരാണ് ഇതൊക്കെ എന്നതാണ് ... ചെയ്യൂല്ല ... അല്ലെങ്കിൽ അന്ഗീകരിക്കൂല ... അത്രന്നെ .. ഗുണപരമായ ലേഖനം . ..

    ReplyDelete
  2. നല്ല ശൈലി ..പപ്പായ ചെടിക്ക് ഇപ്പോള്‍ നല്ല കാലം.എന്നാലും അടുത്തതവണ നമ്മള്‍ പനിച്ചു വിറക്കും

    ReplyDelete
  3. മന്ത്രിസഭയിലെ ആരോഗ്യ വകുപ്പിലെ മന്ത്രിയെ പിടിച്ചു വല്ല പഴനിയിലോ തിരുപ്പതിയിലോ അയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ചെന്നിത്തല അണ്ണന് എങ്ങിനെയൊക്കെ പാര പണിയാം എന്ന കാര്യത്തിൽ ഗവേഷണം നടത്തുന്ന തിരക്കിനിടയിൽ ചാണ്ടി സാറിനു ജനങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വലിയ താല്പര്യമില്ല.സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാതെ എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറയുന്ന ഏര്പ്പാട് നിരത്തി പരിസര ശുചീകരണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നീടിയെടുത്താലെ ഇങ്ങിനെ ഉള്ള മാരക രോഗങ്ങളെ മാറ്റി നിർത്തുവാൻ കഴിയൂ.

    ReplyDelete
  4. ഡെങ്കി ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്.സ്വയം നന്നാകാന്‍ തീരുമാനിക്കാതെ ,എല്ലാം വല്ലവനും വിളമ്പി തരട്ടെ എന്നു ചിന്തിക്കുന്നവ്ര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍

    ReplyDelete
  5. ആക്ഷേപഹാസ്യത്തിനു പുറമേ പരമമായ ഒരു സത്യം ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ലേഖനം .മലയാളിയുടെ കപട ശുചിത്വം വരച്ചു കാട്ടുന്നു.

    ReplyDelete
  6. നര്‍മ്മത്തില്‍ പൊതിഞ്ഞ നഗ്നസത്യങ്ങള്‍

    ReplyDelete
  7. മലപ്പുറംകത്തിJune 13, 2013 at 7:23 PM

    ഇറക്കിയ എല്ലാ കൃഷികളും പൊളിഞ്ഞു ഇനി കപ്പള കൃഷി നടത്തിയാലോ എന്നു വിജാരിക്കുന്നു..കൃഷി നടത്തി പരിചയമുള്ള ആരെങ്കിലും ഉണ്ടെകില്‍ ഉള്ള അറിവുകള്‍ പങ്കുവച്ചാല്‍ കൊള്ളാം

    ReplyDelete
  8. ലളിതമായ നര്‍മ്മത്തിലൂടെ വലിയ കാര്യങ്ങള്‍ പറയുന്നതിലെ മിടുക്ക് സമ്മതിക്കുന്നു...തുടര്‍ന്നും എഴുതുക.

    ReplyDelete
  9. "ഇനി മേലനങ്ങാന്‍ കഴിയാത്ത മടിയന്മ്മര്‍ക്ക് മരുന്നു വായില്‍ ഒഴിച്ചു കൊടുക്കാനുള്ള ഷെഡ്‌ റെഡിയാകുന്നുണ്ട്.."

    നല്ല കൊട്ടുകള്‍ ...

    ReplyDelete
  10. ഈ പപ്പായ ഇല വലിച്ചു വാരി തിന്നു വയറിനു അസുഖം പിടിക്കുന്നു എന്ന് എവിടെയോ കേട്ടു ...

    ReplyDelete