**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, June 24, 2013

നാട്ടിലാകെ പ്രളയം..;രാഹൂല്‍ജി അങ്ങ് എവിടെയാണ്??????
  അങ്ങ് എവിടെയ്ക്കാണ്  മുങ്ങിയത്......??.ഈ മലവെള്ള പാച്ചിലില്‍ അങ്ങയുടെ ഇമേജുംകൂടി ഒലിച്ചുപോകുമോ?? സത്യം പറഞ്ഞാല്‍ എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞ് നല്ലകാലം വരുമെന്നു കരുതിയതാണ്. അന്ധകാരത്തില്‍പ്പെട്ട ജനത പ്രകാശത്തിനായി കാത്തിരിക്കുന്നതുപോലെ, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഈ കലികാലത്തുനിന്നു സമത്വ പ്രശാന്ത സുന്ദരമായ ആ ലോകത്തേയ്ക്ക് ഞങ്ങളെ നയിക്കാന്‍ അങ്ങ് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു...അങ്ങയുടെ  കെട്ടിപ്പിടുത്തവും, ചായക്കടയിലെ ഓടിക്കയറ്റവും, പരിപ്പുവട തീറ്റയും, സോഡാ കുടിക്കലും എല്ലാംകൂടി കണ്ടപ്പോള്‍ ഞാനും കരുതി; ഇതാണ്,,,, ഇതാണ് ഞാന്‍ കാത്തിരുന്ന ആ രക്ഷകന്‍ , ഇതാണ് ഞാന്‍ കാത്തിരുന്ന ആ ഭരണാധികാരി.... എന്നിട്ടിപ്പോ...ഗണപതിക്കുവെച്ചത് കാക്ക കൊണ്ടുപോയ അവസ്ഥയായതു മിച്ചം.????

 കോണ്ഗ്രസാണ് ഇന്ത്യയില്‍ അഴിമതിക്കെതിരെ പോരാടുന്ന ഏകപ്രസ്ഥാനമെന്നു അങ്ങു പറഞ്ഞപ്പോള്‍, എല്ലാവരും ചിരിച്ചു; പക്ഷെ ഞാന്‍ ചരിച്ചില്ല. അഴിമതി തുടച്ചുനീക്കുമെന്ന് അങ്ങ് പറഞ്ഞപ്പോള്‍ എല്ലാവരും കൂവി;പക്ഷെ ഞാന്‍ കൈയ്യടിച്ചു.എല്ലാവരും ഇംഗ്ലീഷ്‌ പഠിക്കണമെന്ന് അങ്ങ് പറഞ്ഞപ്പോള്‍ അന്നുതന്നെ  ക്യാപ്സൂള്‍ കോഴ്സിനു ചേര്‍ന്നവനാണ് ഞാന്‍... എന്നിട്ടും..??

 സ്ഥാനാര്‍ഥികള്‍ക്ക് ആദ്യം പ്രവേശനപരീക്ഷയാണ് വേണ്ടതെന്നു അങ്ങു പറഞ്ഞപ്പോള്‍ അന്തരംഗം അഭിമാനപൂരിതമായി. ഇന്റെര്‍വ്യൂനടത്തി അങ്ങ് സ്ഥാനാര്‍ഥിപട്ടിക ഉണ്ടാക്കി ചരിത്രംസൃഷ്ടിച്ചു.. (പട്ടികയിലുണ്ടായിരുന്ന പൈലുകളെല്ലാം തോറ്റമ്പി,, അതു വേറെകാര്യം....) എന്നാലും വെരൈറ്റികള്‍ സൃഷ്ടിക്കാന്‍ അങ്ങു മിടുക്കനായിരുന്നു. അങ്ങയെ ഒരുനോക്കുക്കാണാന്‍ വേണ്ടി, ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഗ്രൌണ്ടില്‍ പറന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിന്‍റെ പൊടിയും വലിച്ചുകേറ്റി മരത്തേല്‍ അള്ളിപ്പിടിച്ചിരുന്നതൊക്കെ വെറുതെയായോ എന്നൊരു തോന്നല്‍ ..രാജ്യം ഒരു മഹാദുരന്തത്തെ അഭിമുഖികരിക്കുമ്പോള്‍ അടുത്ത ഭരണാധികാരിയായി ജനമനസ്സില്‍ കയറിയെന്നു പറയുന്ന അങ്ങ് എവിടെയാണ്..????

 മോഡിസാറുവരെ പറന്നുവന്നു...പറ്റുന്നതും പറ്റാത്തതുമായ ഓഫറുകള്‍ നിരത്തുമ്പോള്‍ രാഹൂല്‍ജി; അങ്ങ് എവിടെയാണ്??????.. ചുമ്മാ ഒരു നിരീക്ഷണം, ഒരു  പത്രസമ്മേളനം, അനുശോചനം ഒന്നും കണ്ടില്ല!!!!!. അതോ, ചത്തവന്‍ ഇനി വരില്ല; അവന്‍റെ വോട്ടും സ്വാഹ...ചാകാതെ നിലവിളിക്കുന്ന കൂതറകള്‍ മറ്റേ പാര്‍ട്ടിയുടെ ആള്‍ക്കാരാണ്, അനുഭവിക്കട്ടെ.... എന്ന ഫ്യൂഡല്‍, മാടമ്പി, വിദേശ ചിന്തകള്‍ അങ്ങയെ മതിച്ചോ??

 അമ്മച്ചിയുംഅമ്മാവനും വ്യോമനിരീക്ഷണം നടത്തിപോയി..അവരെ സംബന്ധിച്ച് അതു വലിയകാര്യം തന്നെയാണ്. ഇനി എന്തിനെങ്കിലും വില കൂട്ടാനുണ്ടോയെന്നു ഭൂതക്കണ്ണാടിവെച്ച്   പരിശോധിക്കുന്ന തിരക്കിനിടയിലും, വിലയേറിയ ഒരു വ്യോമാനിരീക്ഷണം നടത്താന്‍ അവരു സമയംകണ്ടെത്തിയെന്നുള്ളത് ചില്ലറകാര്യമല്ല .തല്ക്കാലം പൊതുസേവനമല്ലാതെ  ജ്യോലിയും, വേലെയും ഒന്നുമില്ലാത്ത അങ്ങ് എവിടെയാണ്..??? ഞാന്‍ ചിന്തിക്കുന്നത് അങ്ങിപ്പോള്‍ പൂജാമുറിയിലാ യിരിക്കും..ദുരിതങ്ങളില്‍പ്പെട്ടവര്‍ക്കു വേണ്ടി ശേഷക്രിയകള്‍ ചെയ്യുന്ന തിരക്കിലായിരിക്കും..... അല്ലെങ്കില്‍ ജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ചു പഠിക്കാന്‍ ദുരന്തഭൂമിയില്‍ വേഷംമാറി സഞ്ചരിക്കയാകും..... ഒക്കെ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും; പക്ഷെ പുറത്തു നില്‍കുന്ന കൂതറകള്‍ അതു വിശ്വസിക്കുന്നില്ല. അങ്ങ് വിദേശത്തെവിടെയോ ടൂറിലാണെന്നാണ് ഈ കുരുപ്പകള്‍ ആരോപിക്കുന്നത്..എവിടെയായാലും ടീവി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വരുമ്പോള്‍, ഇക്കാലമത്രയും ഏറ്റുനടക്കാന്‍ വയ്യാത്തവിധം അത്യാസന്നനിലയില്‍ ഐ സി യു വില്‍ അഡ്മിറ്റായിരുന്നന്നൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുന്നത് നന്നായിരിക്കും... അല്ലെങ്കില്‍ മറ്റേപാര്‍ട്ടിക്കാരും പത്രക്കാരും ചേര്‍ന്ന് വലിച്ചുകീറാന്‍ സാധ്യതയുണ്ട്.. എനിക്കാണേല്‍ തലയില്‍മുണ്ടിട്ടോ, മീശവടിച്ചോ, തല മൊട്ടയടിച്ചോ മുങ്ങിനടക്കാം അങ്ങേയ്ക്കതു പറ്റില്ലല്ലോ, അതുകൊണ്ട് പറഞ്ഞതാണ്.....

 ദോഷംപറയരുതല്ലോ, ഇമ്മടെ ഇവിടേന്നും ആരും പോയിട്ടില്ല..എത്രെണ്ണം ചത്തു.എത്രെണ്ണം കാണാതായി ..ഒരു തിരിപാടുമില്ല.. കണ്ടേടത്തോടെയൊക്കെ തെണ്ടാന്‍ പോയവനെയൊക്കെ അന്വേഷിക്കാന്‍ നേരമില്ലെന്നു മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്...നമ്മള്‍ക്കിവിടെ പിടിപ്പതു പണിയാണല്ലോ.. സരിതോര്‍ജം, പതിനാറില്‍ കെട്ട്, തെറ്റയുടെ തെറ്റ് ,കൊണേശാവതരണം തുടങ്ങിയ ജനക്ഷേമ പരിപാടികള്‍ നടത്തി വരുന്നതിനിടയിലാണ് ഒരു ദുരിതാശ്വാസം; പോകാന്‍ പറ...

 ഏതായാലും മുപ്പത്തിമുക്കോടി ദൈവങ്ങളും ഒലിച്ചുപോയി,ഇനിയിപ്പോ ദൈവങ്ങള്‍ക്കണോ മലവെള്ളത്തിനാണോ ശക്തി എന്ന കാര്യത്തില്‍ ഒരു സംവാദമാവാം......ധീരസൈനികരുടെ അശ്രാന്ത പരിശ്രമത്തില്‍ കുറേ ജീവനുകള്‍ രക്ഷപെട്ടു എന്നതാണ് മിച്ചം.പ്രിയപ്പെട്ട സൈനികരെ നിങ്ങളുടെ സേവനത്തെയും രക്ഷാപ്രവര്‍ത്തനങ്ങളെയും ഈയുള്ളവന്‍ നന്ദിയോടെ സ്മരിക്കുന്നു.പുണ്യംചെയ്യുന്ന നിങ്ങളുടെ കൈകാലുകള്‍ തളരരുതേയെന്നു പ്രാര്‍ഥിക്കുന്നു..

 പ്രകൃതി ദുരന്തങ്ങള്‍  മനുഷ്യന്‍റെ നിയന്ത്രണത്തിനപ്പുറമുള്ളവയാണ്. എന്നാല്‍, അവയുടെ നാശങ്ങള്  നിയന്ത്രിച്ചു നിര്‍ത്താന്‍ മനുഷ്യനുമുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രകൃതിക്ഷോഭം മഹാദുരന്തമായി മാറി, വിവരണാതീതമായ നാശനഷ്ടങ്ങള്‍ അവിടെ സംഭവിച്ചിരിക്കുന്നത്. ഹിമാലയന്‍ സുനാമി എന്നാണി ദുരന്തത്തെ  വിളിക്കുന്നത്. ജൂണ്‍ 17നാണ് ആദ്യത്തെ മിന്നല്‍പ്രളയം അനുഭവപ്പെട്ടത്. മേഘസ്ഫോടനത്തെതുടര്‍ന്ന് കേദാര്‍നാഥിലെ കൃത്രിമതടാകം കവിഞ്ഞൊഴുകി.  കേദാര്‍നാഥ്, രുദ്രപ്രയാഗ് എന്നിവിടങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകള്‍  ഒഴുകിപ്പോയി. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹോട്ടലുകളും മറ്റ് കെട്ടിടങ്ങളും പ്രളയജലം വിഴുങ്ങുകയായിരുന്നു.

 

  20,000ല്‍പരം തീര്‍ഥാടകരെക്കുറിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭ്യമല്ല. അയ്യായിരത്തോളം ആളുകള്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. സൈന്യം ഇറങ്ങിയശേഷമാണ് പരിമിതമായ തോതില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതുതന്നെ.  റോഡുകള്‍ പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ ഹെലികോപ്റ്റര്‍മാത്രമാണ്  രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. പ്രദേശത്തിന്‍റെ പ്രത്യേകതയും ദുരന്തത്തിന്‍റെ വ്യാപ്തിയും പരിഗണിക്കുമ്പോള്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ കൊണ്ട് പൂര്‍ണ്ണമായ ഒരു രക്ഷാപ്രവര്‍ത്തനം സാദ്ധ്യമല്ല.എങ്കിലും ദുരന്തഭൂമിയില്‍ നടക്കുന്ന ചൂഷണങ്ങല്‍ക്കെതിരെ നിയമപാലകര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ബലാല്‍സംഗം, കൊള്ള, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ദുരന്തമേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിനാകെ നാണക്കേട്‌ ഉണ്ടാക്കുന്നതരത്തില്‍ അഴിഞ്ഞാടുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ എടുക്കെണ്ടിയിരികുന്നു.ഒരു കുപ്പി വെള്ളത്തിന്‌ ഇരുനൂറുരൂപയും, ഒരു കൂട് ബിസ്ക്കറ്റിനു നൂറുരൂപയും ഇടാക്കി; വഴിയില്‍ കുടുങ്ങിയവരുടെ ദയനീയാവസ്ഥയെ ചൂഷണംചെയ്യുന്നത് തടഞ്ഞേ പറ്റൂ. മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ആരോഗ്യരംഗത്തെ വിദഗ്ധരെതന്നെ  അയക്കെണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിലൊക്കെ മാറിനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ കേരളത്തിനും ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെന്നുള്ളത് മറക്കേണ്ട. സരിതോര്‍ജവും, ഗ്രൂപ്പുകളിയും, പുതിയപുതിയ അഴിമതി ആരോപണങ്ങളുമൊക്കെ ദിവസേനെ പുറത്തുവരുമ്പോള്‍; കസേര ഉറപ്പിക്കാന്‍ നോക്കണോ അതോ ഹിമാലയത്തില്‍ പോണോ എന്നുള്ള ചോദ്യം ഉയരുന്നത്കൊണ്ട്, അത്യാവശ്യം കസേര ഇളകാത്ത ഏതെങ്കിലും ഒന്നിനെ കേരളത്തിന്‍റെ പ്രതിനിധിയായി ദുരന്തമേഖലയിലേക്ക് അയച്ചാല്‍ നല്ലതാണ്..ഇനി അങ്ങനെ അയക്കാന്‍ പറ്റിയ പാകത്തില്‍ നേരെ ചൊവ്വേ ഉള്ളതൊന്നും കൂട്ടത്തില്‍ ഇല്ലെങ്കില്‍ പറഞ്ഞത് പിന്‍വലിച്ചിരിക്കുന്നു...

 

 ഓരോവര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍  എത്തുന്ന ഹിമാലയന്‍ കേന്ദ്രങ്ങളില്‍  ആവശ്യമായ മുന്‍കരുതലുകളോ,പഠനങ്ങളോ നടത്താതെ ഇക്കാലമത്രെയും അനങ്ങാപ്പാറനയം തുടര്‍ന്നുവന്ന നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിദൂരമായ മലനിരകളിലെ ആരാധനാലയങ്ങളില്‍ എത്തുന്നു. ഈ പ്രദേശങ്ങളില്‍ അപകടമോ ദുരന്തമോ ഉണ്ടായാല്‍ അത് കൈകാര്യംചെയ്യാന്‍ ഒരു തയ്യാറെടുപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നില്ലെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴത്തെ സാഹചര്യം. 1975ല്‍ സമാനമായ ദുരന്തം ഉണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രജലവിഭവമന്ത്രാലയംമിന്നല്‍പ്രളയം സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ക്കായി മാതൃകാ നിയമനിര്‍മാണം മുന്നോട്ടുവച്ചിരുന്നു. മിന്നല്‍പ്രളയം സൃഷ്ടിച്ചേക്കാവുന്ന ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ നിരവധി നടപടികള്‍ ബില്ലില്‍ നിര്‍ദേശിച്ചിരുന്നു. അനധികൃതമായ കെട്ടിടനിര്‍മാണങ്ങള്‍ ഒഴിവാക്കുക, ജലം ഒഴുകിപ്പോകാന്‍ ആവശ്യമായ സംവിധാനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളൊന്നും നടപ്പിലാക്കപ്പെട്ടില്ല എന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ ഈ പരക്കം പാച്ചില്‍..

 

 വിവിധ പദ്ധതികള്‍ക്കായിനടത്തിയ  അശാസ്ത്രീയമായ  നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ദുരന്തത്തിന്റെ ആഘാതം ഇത്രകണ്ട് കൂട്ടിയതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്രകൃതിയുടെ താളംതെറ്റിക്കുന്നത് മനുഷ്യന്‍റെ തന്നെ വിനാശത്തിനു കാരണമാകുമെന്നും ഇത് വ്യക്തമാക്കുന്നു. ആലസ്യം വിട്ട് സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തിനായി എല്ലാ ശേഷിയുമുപയോഗിച്ച് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഒരു മഹാദുരന്തം ഉണ്ടാകുമ്പോള്‍ ഏതെങ്കിലും മൂലയില്‍ ഒളിച്ചിരുന്ന് എന്തെങ്കിലും മുട്ടാപോക്ക് ന്യായങ്ങളും നിരത്തി ബ ബ്ബ ബ്ബാ അടിക്കാതെ  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങാന്‍ പാര്‍ട്ടികളും, സംഘടനകളും, നേതാക്കളും, ജനങ്ങളും തയ്യാറാകേണ്ടിയിരിക്കുന്നു......നമ്മുടെ ധീരജവാന്മ്മാരെ ഒരിക്കല്‍കൂടി ഓര്‍ത്തുകൊള്ളുന്നു.

6 comments:

 1. നമ്മുടെ ധീരജവാന്മാരെ ഓര്‍ത്ത്‌ അഭിമാനം കൊള്ളുന്നതോടൊപ്പം
  നമ്മുടെ നെറികേട്ട രാഷ്ട്രീയക്കാരെ ഓര്‍ത്ത്‌ അപമാനവും തോന്നുന്നു.
  തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാനെന്കില്‍ പോലും മോഡി അവിടെ ഓടിയെത്തി കുറച്ചു വോട്ടെങ്കിലും ഒപ്പിച്ചു..ഭരണം കയ്യിലുള്ളവര്‍ പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള ഫ്ലൈറ്റില്‍ ആകാശനിരീക്ഷണം നടത്തി മടങ്ങിപോലും. അത്രയും ബുദ്ധിമുട്ടാണമായിരുന്നോ...ഇതും ഇതിലധികവും അനുഭവിച്ചാലും ജീവന്‍ ബാക്കിയുണ്ടെങ്കില്‍ അടുത്ത തവണയും തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ കുത്തിക്കൊളുമല്ലോ..
  കഷ്ടം തന്നെ കാര്യങ്ങള്‍

  ReplyDelete
 2. സെറിന്‍June 24, 2013 at 4:38 PM

  ഈ സമയത്ത്വിദേശത്ത് എവിടെയോ ടൂറിനു പോയിരിക്കുന്ന ഈ മാന്യനാണ് ഇനി നമ്മളെ ഭരിക്കാന്‍ വരുന്നത് ഫ്പൂ

  ReplyDelete
 3. സ്പയിന്‍ അവിടെയാ നമ്മുടെ മുത്ത്‌ ആഘോഷത്തിനു പോയിരിക്കുന്നത് .അമ്മായി കമ്പി അടിചിട്ടുന്ടെന്നാണ് അറിവ്.വന്നിട്ട് വേണം കരയലും കെട്ടിപ്പിടുത്തവും എല്ലാം തുടങ്ങാന്‍

  ReplyDelete
 4. മോഡിയെ തെറിവിളിക്കുന്നതിന്റെ അകുതി ആവേശം എങ്കിലും അവിടെ കുടുങ്ങിയ മലയാളികളെ നാട്ടിൽ എത്തിക്കാൻ കേരളത്തിലെ ജനകീയ സർക്കാർ കാണിച്ചിരുന്നെങ്കിൽ...അതെങ്ങനെ അവിടെ കുടുങ്ങിയവരെല്ലാം ഹിന്ദുക്കൾ അല്ലെ...

  ReplyDelete
 5. എന്നാല്‍ ആ വീരസൈനികരെ ഓര്‍ത്ത് സല്യൂട്ട്
  സര്‍ക്കാരിന് (പൊതുവേ രാഷ്ട്രീയകക്ഷികള്‍ക്ക്) ജനദുരിതത്തിലോ അതിനെ ദൂരീകരിയ്ക്കുന്ന വിഷയത്തിലോ തരിമ്പും പ്രതിബദ്ധതയില്ലെന്നത് പലവുരു കണ്ടുകഴിഞ്ഞ വിശേഷം. ഇനിയും ആവര്‍ത്തിച്ചിട്ട് ഫലമില്ല

  ReplyDelete
 6. Congrats to our Veer Jawans.. we are proud of them.....
  Appreciate Modi that he involved in rescue operations in a well manner...
  Manmohanji came and had a aerial view out of his busy schedules .... Good....
  Shame on CM of the state.. he is not appreciating the efforts of any of them, not accepting help of other states... Arent the life of ppl important to him?

  ReplyDelete