**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, February 24, 2014

വിശുദ്ധനരകത്തെകുറിച്ച് മിണ്ടരുത്

       

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   ഇന്ത്യന്‍ബീഡി അമേരിക്കയില്‍ നിരോധിച്ചു .. അമ്മ വിഷയത്തില്‍ മദാമ്മമാരെ അടച്ചുതെറിവിളിക്കുന്ന ഭക്തജനങ്ങള്‍ക്കിട്ടു  എന്തെങ്കിലുമൊരു പണി  ഉടനെകിട്ടുമെന്ന്  കരുതിയാണിരുന്നതും. എന്നാല്‍ ബീഡിയില്‍ പണിയുമെന്ന് സ്വപ്നേപി കരുതിയതുമില്ല... ബീഡിവലിച്ചുനടക്കുന്ന തിണ്ണനിരങ്ങികളാണുപോലും കൂടുതല്‍ തെറി പറയുന്നത്; പോരാത്തതിന് പഴയ കൊണം ബീഡിക്കുമില്ല.. ഒന്നുവലിച്ചിരുന്നെടത്ത് പത്തെണ്ണം വലിച്ചാലെ ഇപ്പോള്‍ അട്ടം കാണുകയുള്ളൂ ഇതൊക്കെയാണ്  നിരോധിക്കാന്‍ കാരണമെന്ന് പറയുന്നു.... ബീഡി വലിക്കുന്നവര്‍ സമൂഹത്തിനു നല്‍ക്കുന്ന മഹത്തായ കാര്യങ്ങള്‍ വിസ്മരിക്കരുതെന്നാണ് ഈ അവസരത്തില്‍ എനിക്ക് ഒബാമയോട് പറയാനുള്ളത്... കട്ടന്‍ബീഡിയുടെ പുകയിലൂടെയാണ് ലോകത്ത് പല മാറ്റങ്ങളും ഇന്നേവരെ വന്നിരിക്കുന്നത്... ആരോഗ്യത്തിന് ഹാനികരം എന്നൊക്കെ വെറുതെ പറയുന്നതാണ്... ഇങ്ങനെ പോയാല്‍ അടുത്ത നിരോധനം പരിപ്പുവടയ്ക്കായിരിക്കുമെന്നും പറയപ്പെടുന്നു.. പരിപ്പുവടയില്‍ മിക്സ് ചെയ്തിരിക്കുന്ന കാന്താരി പലര്‍ക്കും സുഖശേധനയ്ക്ക് തടസ്സമാകുന്നുവെന്നാണ് കാരണം.. പരിപ്പു വടയ്ക്കും ബീഡിക്കും അനുകൂലമായി പ്രചരണം നടത്തുന്ന സര്‍വ്വയെണ്ണത്തിനെയും തൂക്കിയെടുക്കാന്‍ ഒബാമ ഉത്തരവിട്ടിട്ടുണ്ട്... ഇതിനെക്കുറിച്ച്‌ ഫേസ് ബുക്കില്‍ എന്തെങ്കിലും എഴുതുകയോ പടം പിടിക്കുകയോ ചെയ്താല്‍ കേസെടുക്കാനാണ് സി ഐ എ യുടെ നീക്കം..
  കസാഖിസ്ഥാനില്‍ അണ്ടര്‍വെയര്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വനിതകള്‍ രംഗത്ത്.. സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിടുന്ന എല്ലാവന്‍റെയും അണ്ടര്‍വെയര്‍ ഊരിക്കാന്‍ പോലിസ് ആലോചിക്കുന്നു/...
 കോട്ടയത്ത്‌ കോഴിമുട്ടയെന്നുകരുതി വാങ്ങി പുഴുങ്ങിയ മുട്ടപൊട്ടി പുറത്തുചാടിയത് പാമ്പിന്‍കുഞ്ഞ്... മുട്ടയിട്ട കോഴിക്കെതിരെയും പുഴുങ്ങിയവനെതിരെയും കേസ് എടുക്കുമെന്ന് സര്‍ക്കാര്‍ .കേസെടുത്താല്‍ ഇനിമുതല്‍ കേരളത്തില്‍ മുട്ടയിടുകയില്ലെന്നു മുട്ടക്കോഴി അസോസിയേഷന്‍ പ്രസിഡന്റ് കുക്കുടം പരമാനന്ദന്‍ ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തി.
 അഞ്ചാംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാല്പത്തിരണ്ടുകാരനായ അധ്യാപകനെ സ്‌കൂളില്‍നിന്നു സസ്‌പെന്‍ഡ്‌ചെയ്ത് തെറ്റായെന്നു ഒരു വിഭാഗം ചിന്തകര്‍... ഈ അധ്യാപകന്‍ ഇതുവരെ സ്കൂളിനു നല്‍കിയ സേവനങ്ങള്‍ ആരും കാണാത്തതാതാണ് ഇപ്പോള്‍ കേസെടുക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളെ അനുസ്മരിച്ചുകൊണ്ട് ഫേസ് ബുക്ക് ചിന്തകര്‍ പ്രസ്താവനയിറക്കി.... പ്രസ്തനയിറക്കിയ ചിന്തകര്‍ക്കെതിരെ ബലാല്‍സംഗംത്തിനു കേസെടുക്കാന്‍ ശ്രമം... കഴിഞ്ഞകാല ചായക്കടകളും വായനശാലകളും സാക്ഷ്യം വഹിച്ചിരുന്ന പൊടിപൂരന്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നത് ഫേസ്ബുക്കിലാണ്... അതിനെല്ലാം കേസ് എടുക്കണമെന്ന് പറയുമ്പോള്‍ മൊത്തത്തില്‍ കണ്ഫ്യൂഷന്‍.... കാര്യമിതാണ്‌  നിങ്ങള്‍ക്ക് മട്ഗാസ്ക്കറിലെ ഓന്തുകളെക്കുറിച്ച് എഴുതാം അന്റാര്‍ട്ടിക്കയിലെ ആനകള്‍ ഇണചേരുന്നതിനെക്കുറിച്ചും എഴുതാം മാര്‍ക്കാണ്ടയില്‍ മഴ പെയ്തതിനെകുറിച്ചും വേണമെങ്കില്‍ എഴുതാം പക്ഷെ എന്‍റെ വിശുദ്ധനരകത്തെക്കുറിച്ച് ഒന്നും പറഞ്ഞുകൂട..!!!!!!
  
 സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ആരംഭത്തിന് മുന്പ് ..നിഷ്പക്ഷമെന്നു പറയുകയും എന്നാല്‍ ഒന്നാംതരം പക്ഷവാദികളുമായ നമ്മുടെ പത്രങ്ങളും ചാനലുകളും അരച്ചുരുട്ടി തരുന്ന വാര്‍ത്തകളെ വെള്ളം തൊടാതെ വിഴുങ്ങുക എന്നതായിരുന്നു  വാര്‍ത്തകള്‍ അറിയുന്നതിലെ ജനകീയ രീതി.. ശക്തമായ ബ്രെയിന്‍ വാഷിംഗ് നടത്തി തങ്ങള്‍ക്കനുകൂലമായ ഒരു പറ്റത്തെ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളും അക്കാലത്തു വിജയിച്ചിരുന്നു.. അങ്ങനെ  വാര്‍ത്തയിലെ സത്യം അറിയാന്‍ ഒന്നല്ലാതെ മറ്റൊന്ന്  ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങളും മാറിനിന്നു.. ഫലമോ വാര്‍ത്തയിലെ സത്യങ്ങള്‍ പലപ്പോഴും ചാരത്തിനടിയിലെക്ക് മൂടപ്പെട്ടു... എന്നാല്‍ സോഷ്യല്‍നെറ്റുവര്‍ക്കുകളുടെ വരവോടെ പടച്ചുവിടുന വാര്‍ത്തകളെ കീറിമുറിക്കാനും, മുക്കിയ വാര്‍ത്തകളെ പൊക്കാനും ഏതൊരാള്‍ക്കും കഴിയുമെന്ന സ്ഥിതി വന്നിരിക്കുന്നു.. പക്ഷെ ഇപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നത് തങ്ങള്‍ കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടാകുമെന്നാണ്....  വാര്‍ത്താ മാധ്യമരംഗത്ത് ഗെയില്‍ ട്രേഡ്വെലിന്‍റെ വിശുദ്ധനരകമെന്ന പുസ്തകം ആള്‍ദൈവസാമ്രാജ്യത്തിലെ നിഗൂഡതകളെക്കുറിച്ച് വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും നമ്മുടെ മുഖ്യധാര മാധ്യമങ്ങളെല്ലാംതന്നെ ആ വാര്‍ത്ത മുക്കുകയാണ് ഉണ്ടായത്.. മംഗളം, മാധ്യമം, മീഡിയവന്‍, ഇന്ത്യവിഷന്‍ തുടങ്ങിയവ ഒഴിച്ചു നിറുത്തിയാല്‍; മലയാളത്തിലെ പത്രമുത്തശ്ശിമാരും,അവരുടെ ചാനലുകളും, നേരും നിര്ഭയവുമൊക്കെ നാട്ടില്‍ സ്വര്‍ഗ്ഗം പണിയുന്ന തിരക്കില്‍ ഇങ്ങനെയൊരു വാര്‍ത്ത അറിഞ്ഞതായി കണ്ടില്ല.. തങ്ങളുടെ വായനക്കാരും പ്രേക്ഷകരും ഈ വാര്‍ത്ത‍ അറിയരുതെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.. വാര്‍ത്തയിലെ നെല്ലും പതിരും വേര്‍തിരിക്കെണ്ടതും വിശകലനം ചെയ്യേണ്ടതും വായനക്കാരാണ്... വാര്‍ത്തകള്‍ വാര്‍ത്തകളായിതന്നെ ജനങ്ങളുടെ മുന്നില്‍ എത്തിക്കുകയെന്നതാണ് മാധ്യമധര്‍മ്മം.. വിശകലനം കൂടി ഏറ്റെടുക്കുമ്പോള്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്നത് വെറും ‘മുക്കല്‍’ പ്രവര്‍ത്തനത്തിന് വഴിമാറും. അതാണിവിടെ കണ്ടത്. ആള്‍ദൈവങ്ങളുടെ പണത്തിനും അധികാരത്തിനും അനുയായികള്‍ക്കും മുന്നില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വരെ മുട്ടുമടക്കുന്നുവെന്നത് ദയനിയമാണ്.. നേരോടെ നിര്‍ഭയം എന്നു പരസ്യം പറയുന്ന ഏഷ്യനെറ്റാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഭയം കാണിച്ചത്‌... അവര്‍ ഇന്നുവരെ അങ്ങനെ ഒരു വാര്‍ത്ത‍ അറിഞ്ഞിട്ടേയില്ല...
  
        ആള്‍ ദൈവത്തിന്‍റെ ആശ്രാമത്തെ സംബന്ധിച്ച് വിവാദവെളിപ്പെടുത്തലുകള്‍ വന്നതിനെക്കുറിച്ച് നമ്മുടെ രാഷ്ട്രിയ നേതൃത്വത്തിനും മൌനംതന്നെ............  ആള്‍ദൈവങ്ങളോട് സന്ധിയില്ലാത്ത സി പി എം പ്രതികരണം പോലും വളരെ പതുക്കെയാണ് വന്നത്.. അതും വെള്ളത്തില്‍ വരച്ച വരപോലെയായി.... മറ്റുപലരും പുസ്തകം വായിച്ചു അഭിപ്രായം പറയാമെന്ന നിലപാടിലാണ്. വായന; അത് നടക്കാത്ത കാര്യമായതിനാല്‍ അവരുടെ കാര്യം വിട്ടേക്കാം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ആത്മീയ കച്ചവടങ്ങളോട് പൂര്‍ണ്ണമായ വിധേയത്വം തന്നെ പ്രകടമാക്കിക്കൊണ്ട് പ്രസ്താവന ഇറക്കി.. ദുരൂഹമരണങ്ങളും, സാമ്പത്തിക ഇടപാടുകളും, സ്ത്രീ പീഡനങ്ങളും, മറ്റു വഴിവിട്ട തിരിമറികളുമെല്ലാം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ കണ്ണിലൂടെ നോക്കമെന്നാണ് അദേഹത്തിന്‍റെ ഭാഷ്യം.. അവിശുദ്ധ ഇടപാടിലൂടെ ആയിരംകോടി ഉണ്ടാക്കുന്നവന്‍; ഒരുകോടിയുടെ ജീവാകാരുണ്യം നടത്തിയാല്‍ ബ്ലാക്കെല്ലാം വൈറ്റായി എന്നു ചുരുക്കം.. കൊന്നേച്ചു ചെല്ലുന്നവനും കുമ്പസാരകൂട്ടില്‍ പത്തുസുകൃതജപമാണ് പരിഹാരം; എല്ലാ പാപവും അതോടെ മോചിക്കപ്പെടുമെന്ന ശുദ്ധമനസ്ഥിതിയെ കുറ്റം പറയാന്‍ പാടില്ല.. മുംബയിലെ ചേരികളില്‍ അത്യാവശ്യം ജീവകാരുണ്യം നടത്തിയിരുന്ന ഹാജി മസ്താനും... നായകനെന്ന പടം പിടിച്ച് അധോലോകത്തെ മികച്ച ലോകമാക്കിയ വരദരാജമുതലിയാരുമൊക്കെ വിശുദ്ധന്മാരായി വാഴ്ത്തപ്പെടെണ്ടവര്‍ തന്നെയാണെന്നു ചുരുക്കം... ഇത്തരം വാഴ്ത്തപ്പെടലുകളുടെ മറ്റൊരു മുഖമാണ് ദാവിദ് ഇബ്രാഹിം ഇപ്പോഴും ചിലരുടെ സംരക്ഷണയില്‍ കഴിയുന്നത്‌... തൊണ്ണൂറു കോടിയുടെ (കോമണ്‍വെല്‍ത്ത്) അഴിമതി നടത്തിയവന് അഞ്ചുലക്ഷം രൂപയ്ക്ക് ജാമ്യം കിട്ടുന്ന നാടാണിത്..ഇതിനപ്പുറവും പ്രതീക്ഷിക്കാം..
   
    വിവാദ പുസ്തകമായ വിശുദ്ധനരകത്തിലെ  ആദ്യവാക്യത്തില്‍ ഗെയില്‍ പറയുന്നു..
“””””””””””വികാരങ്ങളില്ലാത്ത ഒരു ശവശരീരത്തെപ്പോലെ കണ്ണാടിക്ക് മുന്നില്‍ ഞാന്‍ നിന്നു...”””””””
    എല്ലാവരും എപ്പോഴും ഇങ്ങനെ നില്‍ക്കണമെന്ന് എല്ലാ മനുഷ്യദൈവങ്ങളും  ആഗ്രഹിക്കുന്നു....തനിക്കുനേരെ ഒരു വിരലും ചൂണ്ടാന്‍ പാടില്ല... ചൂണ്ടിയാല്‍ നിങ്ങള്‍ ദൈവത്തെ ശരിക്കും കാണും...
  ഗെയിലിന്റെ പുസ്തകം ഒരു അശ്ലീലപുസ്തകമൊന്നുമല്ല. എല്ലാവരും വായിക്കേണ്ട ഒരു പുസ്തകമാണെന്നാണ് എന്‍റെ അഭിപ്രായം... അതിലെ ഏതെങ്കിലും ചില ഭാഗങ്ങള്‍ എടുത്ത് അമിതമായ വൈകാരികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതും ശരിയല്ല.. ഇന്ത്യയില്‍ എത്തപ്പെടാനുണ്ടായ സാഹചര്യവും, ആള്‍ ദൈവത്തിന്‍റെ ശിഷ്യയാകുന്നതും തുടങ്ങിയ എല്ലാ കാര്യങ്ങളും ഒരു യാത്രാവിവരണം പോലെ പറയുന്നു.. ചില അധ്യായങ്ങളില്‍ ആശ്രമങ്ങളില്‍ നടക്കുന്ന ലൈംഗികവൈകൃതങ്ങളും, തനിക്ക് വിധേയമാകേണ്ടിവന്ന ലൈംഗിക വേഴ്ചകളെക്കുറിച്ചും, ആള്‍ ദൈവത്തിന്‍റെ സാഡിസങ്ങളെക്കുറിച്ചും മറയില്ലാതെ എഴുതിയിരിക്കുന്നു.. ഇതിനിടയില്‍ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും ബ്രഹ്മചര്യം എങ്ങനെ ഒരു കെണിയാകുന്നുവെന്നും ശിഷ്യന്മാരെന്ന  അടിമകളെക്കുറിച്ചും ഗെയില്‍ എഴുതുന്നു.. “”” ദൈവത്തെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അതിനു ദൈവത്തിനു നന്ദി പറയുന്നുവെന്നും””””””””””””” പറഞ്ഞുകൊണ്ട് 229 പേജുള്ള പുസ്തകം അവസാനിക്കുന്നു..
 ഈ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ എഴുത്തുകാരിയുടെ മാത്രം അനുഭവങ്ങളാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.. ഇതിലെ ശരിയും തെറ്റും വായനക്കാരന് എങ്ങനെ വേണമെങ്കിലും വേര്‍തിരിച്ചെടുക്കാം.. എന്നാല്‍ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍പ്പോലും അതില്‍ യാതൊരു നടപടിയും ഉണ്ടാകില്ലായെന്ന സര്‍ക്കാര്‍ നിലപാടാണ് രസകരം .. മാത്രമല്ല  ഈ വാര്‍ത്തയെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും എതിരെ കേസ് എടുക്കാനും തീരുമാനിച്ചിരിക്കുന്നു... ഇതിനെയാണ് ഫാസിസമെന്നു പറയുന്നത്.. ശരിയായ വിശകലനങ്ങള്‍ നടത്തി വാര്‍ത്തയിലെ സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് പറ്റിക്കപ്പെടാതിരിക്കാന്‍ ഈ വാര്‍ത്തയെ പൊതുജനസമക്ഷം അവതരിപ്പിക്കേണ്ട മാധ്യമങ്ങളില്‍ ഏറിയപങ്കും ഈ വാര്‍ത്ത‍ മുക്കുകയാണ് ചെയ്തത്.. ഇനിയും പിടിതരാത്ത e-ലോകത്തെ; ഭീഷണിയിലൂടെ വരുതിയിലാക്കാനാണ് ഭരണകൂടവും ആള്‍ദൈവങ്ങളും ചേര്‍ന്നു ശ്രമിക്കുന്നത്..  ഇതാണ് ഏറ്റവും വലിയ ഫാസിസം... നിഗൂഡവും ദുരൂഹവും സംശയം ജനിപ്പിക്കുന്നതുമായ വാര്‍ത്തകളെപ്പറ്റി ആരും ശബ്ധിക്കരുതെന്ന ഭരണകൂടനിലപാടുകള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്... എന്തോക്കെയെ ഒളിപ്പിക്കാന്‍ ഭരണകൂടവും കൂട്ടുനില്‍ക്കുന്നു..ഇത്തരം ആള്‍ ദൈവങ്ങളെ പോറ്റിവളര്‍ത്തുന്നതില്‍ ഭരണകൂടങ്ങളും വഴിവിട്ടുപ്രവര്‍ത്തിക്കുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.. എത്ര വേഗമാണ് ദുരൂഹതകള്‍ക്കും നിഗൂഡതകള്‍ക്കും സര്‍ക്കാര്‍ ക്ലീന്‍ചീട്ട് കൊടുക്കുന്നത്.. ജനങ്ങളുടെ വായ്‌ മൂടിക്കെട്ടാന്‍ എത്ര വേഗമാണ് നടപടികള്‍ വരുന്നത്.. അപമാനകരമാണിത്... സാംസ്‌കാരിക നായകന്മാര്‍ എന്ന ലേബലും തൂക്കി ഉറക്കം നടിക്കുന്നവരുടെ മേല്‍ അല്പം വെള്ളം തളിക്കേണ്ട സമയമാണിത്.. സ്നേഹവും, ക്ഷമയും, കാരുണ്യവുമൊക്കെ മൊഴിമുത്തുകളായി വാരി വിതറുമ്പോഴും വിമര്‍ശങ്ങളോടുള്ള അസഹിഷ്ണുതയുടെ നാറ്റം തന്നെയാണ് ആശ്രമ പരിസരങ്ങളില്‍നിന്നും ഉണ്ടാകുന്നത്.. ഇത്തരം അമേധ്യങ്ങളുടെ കാവല്‍ക്കാരായി ഭരണകൂടംത്തന്നെ മാറുമ്പോള്‍ ജനം ഈ അമേധ്യത്തെ ചുമക്കാനും ഈ ദുര്‍ഗന്ധം ശ്വസിക്കാനും നിര്‍ബന്ധിതമാക്കപ്പെടുന്നു..


  ആത്മീയ കേന്ദ്രങ്ങളില്‍ എന്തിനാണ് നിഗൂഡതകളുടെ പുകമറ സൃഷ്ടിക്കുന്നത്.. ചോദ്യങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും എന്തുകൊണ്ട് തെളിവുകള്‍ നിരത്തി ഉത്തരം പറഞ്ഞുകൂടാ,, എന്തുകൊണ്ടാണ് എതിര്‍പ്പിന്‍റെ സ്വരങ്ങളെ ആത്മീയമായി മയപ്പെടുത്താതെ കായികമായി നേരിടുന്നത്... തുറന്ന പുസ്തകമാണെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് വായിക്കുവാന്‍ വരുന്നവനെ അടിച്ചോടിക്കുന്നത്.....കയ്യൂക്കും പണവും അധികാരവും ഉപയോഗിച്ച്  മുക്കിയും ഞെക്കിയും ഒതുക്കിയാലും എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും സത്യം പുറത്തുവരികതന്നെചെയ്യും.. വികാരങ്ങളില്ലാത്ത വെറും ശവശരീരങ്ങളായി എക്കാലവും നിന്നുകൊടുക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല.. 

6 comments:

  1. രഞ്ജിത്February 24, 2014 at 8:53 AM

    സ്നേഹവും, ക്ഷമയും, കാരുണ്യവുമൊക്കെ മൊഴിമുത്തുകളായി വാരി വിതറുമ്പോഴും വിമര്ശംങ്ങളോടുള്ള അസഹിഷ്ണുതയുടെ നാറ്റം തന്നെയാണ് ആശ്രമ പരിസരങ്ങളില്നിനന്നും ഉണ്ടാകുന്നത്..

    ReplyDelete
  2. സദാശിവന്‍ നായര്‍February 24, 2014 at 10:02 AM

    പുസ്തകം വായിച്ച എനിക്കത്തില്‍ മോശമയതൊന്നും കാണാന്‍ കഴിഞ്ഞില്ല...നല്ലൊരു പുസ്തകമാണതു,,താങ്കളുടെ നിഗമനങ്ങള്‍ തന്നെയാണ് എനിക്കും തോന്നിയത്

    ReplyDelete
  3. ‘ദൈവത്തെ‘ തൊടാന്‍ ധൈര്യമുള്ള മനുഷ്യരോ??!!
    അവര്‍ക്ക് വിശുദ്ധനരകം തന്നെ ശിക്ഷ!!

    ReplyDelete
  4. ആത്മീയാശ്രമങ്ങൾ എന്നും ഏതെങ്കിലും വിവാദങ്ങളിൽപ്പെടുന്നത് തുടർക്കഥയാകുന്നു, ചൂടപ്പം പോലെ ദിവസേന പുറത്തു വന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ സംഭവവികാസങ്ങൾ ജനങ്ങൾക്കിടയിലീ വിവാദങ്ങൾക്ക് നിമിഷായുസ്സ് മാത്രം നൽകി അവസാനിക്കുകയും ചെയ്യൂബോൾ നാം ചിന്തിക്കേണ്ട കാര്യം ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുബോഴും നമ്മുടെ നീതിന്യായ വ്യവസ്ഥയും അധികാരവർഗ്ഗങ്ങളും സാമൂഹ്യ അനീതികൾക്കെതിരെ കണ്ണടച്ച് മൌനമാചരിക്കുന്ന ഈ അവസ്ഥക്ക് കാരണക്കാർ ആരെന്നതാണു ???

    ReplyDelete
  5. കയ്യൂക്കും പണവും അധികാരവും ഉപയോഗിച്ച് മുക്കിയും ഞെക്കിയും ഒതുക്കിയാലും എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും സത്യം പുറത്തുവരികതന്നെചെയ്യും.. വികാരങ്ങളില്ലാത്ത വെറും ശവശരീരങ്ങളായി എക്കാലവും നിന്നുകൊടുക്കാന്‍ എല്ലാവര്ക്കും കഴിയില്ല..

    ReplyDelete