**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, March 13, 2014

കുട്ടിയെ എംപിയാക്കൂ; സരിതയെ ഗവര്‍ണ്ണറാക്കൂ....

  

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
 കുട്ടിയെ എംപിയാക്കൂ; സരിതയെ ഗവര്‍ണ്ണറാക്കൂ; പത്മിനിക്കൊരു   ജോലികൊടുക്കൂ........ഭയങ്കരമായ രാഷ്ട്രിയ നിരൂപണങ്ങളോ, അതിഭയങ്കരമായ വിലപേശല്‍ തന്ത്രങ്ങളോ അറിയാത്ത സാധാരണജനം ഒരിക്കലും വാര്‍ത്തകളെ ഇഴകീറി പരിശോധിക്കാറില്ല ..സത്യങ്ങള്‍ ചികഞ്ഞുകണ്ടുപിടിക്കാന്‍ ശ്രമിക്കാറുമില്ല.. ആവര്‍ത്തിച്ചു കേള്‍ക്കുന്ന നുണകള്‍ സത്യമാണെന്നു സമാധാനിക്കുകയാണ് പതിവ്...എല്ലാത്തിനും ഒരു പരിഹാരം എന്നെങ്കിലും ഉണ്ടാകുമോയെന്നാണ് അവരുടെ ചിന്ത...  

 സത്ഗുണസമ്പന്നനും, അറിവിന്‍റെ ഭണ്ടാകാരവും, സര്‍വോപരി പരിശുദ്ധനും,അഴിമതിയുടെ കറ പുരളാത്തവനുമായ ഞങ്ങളുടെ എം എല്‍ എ  ഒരുകൂട്ടം ചെറുപ്പക്കാരുടെ ഇടയില്‍പ്പെട്ടു ജീവനുവേണ്ടി യാചിക്കുന്നത് ടീവി സ്ക്രീനില്‍ കണ്ടപ്പോള്‍ അതിഭയങ്കരമായ കരച്ചില്‍ വന്നു.. യുവാക്കള്‍ പഴയതലമുറയിലെ  കുറുക്കനുംകോഴിയും കളിക്കുന്ന രീതിയില്‍ എം.എല്‍. എ വലയം ചെയ്തുകൊണ്ട്  ഓന്തിന്‍റെ  വാലേല്‍ ഓറഞ്ചുകെട്ടി എന്നു തുടങ്ങുന്ന ഗാനം പാടുകയാണുണ്ടായത്.. എന്നാല്‍ വലയത്തിനകത്തു അകപ്പെട്ട കോഴിയില്‍നിന്നും എന്നെ രക്ഷിക്കണേ എന്നെ രക്ഷിക്കണേ എന്ന പതിവ് നിലവിളിയാണ് കേട്ടത്.. ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ എടുക്കുകയല്ലേ വേണ്ടത്.....  എം.എല്‍.എ യുടെ ജീവന് ഭീഷണിയുണ്ടെന്ന് അദേഹം തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദേഹത്തെ  എം പി ആക്കണമെന്നാണ് എന്‍റെ അഭിപ്രായം ... അദേഹം അതിനു യോഗ്യനാണ്... നിയമസഭയില്‍ നിന്നും പരലമെന്റിലെക്ക് ഒരു സ്ഥലംമാറ്റം കൊടുത്താല്‍ എല്ലാ പ്രശ്നങ്ങളും അതോടെ തീരും.. എം പി ഫണ്ട്‌ കിട്ടിയാല്‍ തീരാനുള്ള പ്രശ്നമേയുള്ളൂ ഇതിലൊക്കെ... ഫണ്ടിന്‍റെ അപര്യാപ്തതയാണ് ഇത്തരം  പ്രശ്നങ്ങള്‍ക്ക് കാരണം.. സമാന ആരോപണം നേരിടുന്ന എം പി മാരൊക്കെ ഫണ്ട് വിനയോഗിച്ച് പ്രശ്നം ഇതിനകം തീര്‍ത്തുകഴിഞ്ഞു... പക്ഷെ പറ്റുകാശ് കൊടുക്കാതെ മുങ്ങിയ പതിവുകാരനെ വടുതലവത്സല നടുറോഡില്‍ മടിക്കുത്തിനു പിടിച്ചാല്‍ നിങ്ങള്‍ക്കെന്താ യുവാക്കളെ അവിടെ കാര്യമെന്നാണ് എന്‍റെ സംശയം... വയറുനിറയെ കഴിച്ച് ഒടുവില്‍ പണം കൊടുക്കാതെ മുങ്ങുന്ന എല്ലാ മന്യന്മാരെയും ഓടിച്ചിട്ടു പിടിക്കണമെന്നാണ് എന്‍റെ അഭിപ്രായമെങ്കിലും അതിനിവിടെ പോലിസൊക്കെ ഇല്ലേ... അക്കാര്യത്തില്‍ നിയമം കൈയ്യില്‍ എടുക്കുന്നത് ശരിയാണോ..??
  പണിതീരാത്ത വീടിന്‍റെ നനഞ്ഞിറങ്ങുന്ന ചുമരില്‍ ഇത്തിരി തേപ്പു നടത്തിയേക്കാമെന്ന് കരുതി ആറ്റുവാക്കത്തുനിന്ന് രണ്ടുകുട്ട മണലുവാരി പോലീസിന്‍റെ ഇടികിട്ടിയപ്പോ ഞാന്‍ എന്‍റെ എം.എല്‍.എ ഓര്‍ത്തു.. റിസര്‍വയറുകളില്‍ നിറഞ്ഞുകിടക്കുന്ന മണലിനെപ്പറ്റി അദേഹം കൊതിയോടെ സംസാരിച്ചപ്പോള്‍ എന്‍റെ വായില്‍ വെള്ളം ഊറി... റിസര്‍വയറുകള്‍ തപ്പിയിറങ്ങിയ ആ മനുഷ്യനേയാണ് ബലാല്‍സംഗവീരന്‍ എന്നു പറയുന്നത്.. ഒരുസ്ത്രീ എന്നെ ഇയാള്‍ ബലാല്‍സംഗം ചെയ്തെന്നു പറഞ്ഞൊരു പരാതി കൊടുത്താല്‍ ഇന്നത്തെ നിലവെച്ച് അവന്‍റെ കാര്യം പോക്കാണെന്നു പലരും പറയുന്നുണ്ടെങ്കിലും സൂര്യനെല്ലി മുതല്‍ എല്ലാ വി ഐ പി പീഡനങ്ങള്‍ക്കും നിയമം വേറെയാണെന്നു ആരും അറിഞ്ഞില്ലായെന്നു തോന്നുന്നു... കൂലിപ്പണിക്കാരന്‍ ശംഭൂ അറിയാതെ വല്ല പെണ്ണുങ്ങളെയും മുട്ടിയാല്‍ നമ്മുടെ പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കും.. അവന്‍റെ ഇസ്പ്പേടും ഡൈമനും നിമിഷനേരംകൊണ്ട് ക്ലാവറും ഗുലാനുമാക്കും... എന്നാല്‍ നമ്മുടെ ഒരു ജനപ്രതിനിധി ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി ലഭിച്ചാല്‍ സ്ത്രീ കുറ്റക്കാരിയും ജനപ്രതിനിധി നിരപരാധിയുമാകും... ജനപ്രതിനിധിക്ക് ശക്തമായ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി അദേഹം ഒളിവിലാണെന്നു പറഞ്ഞ് കോടതിയ്ക്ക് റിപ്പോര്‍ട്ടും കൊടുക്കും... മാത്രമല്ല തിരുവനന്തപുരത്ത് ബലാല്‍സംഗം നടന്നാല്‍ തിരുവനന്തപുരത്തെ പോലിസിനേ പ്രതിയെ അറസ്റ്റുചെയ്യാന്‍ കഴിയൂവെന്ന ചരിത്രപ്രധാനമായ സത്യവും  നമ്മുടെ പോലിസ് പറഞ്ഞിരിക്കുന്നു... ആ സ്ഥിതിക്ക് ഞങ്ങളുടെ എം എല്‍ എ യെ എന്തിനു തടഞ്ഞുവെച്ചു... മിനിമം ഒരു പീഡനക്കേസിലെങ്കിലും പ്രതിയാവുകയെന്നത് ജനപ്രതിനിധികളുടെ  ഒരു അധികയോഗ്യതയാണ്.. ഇത്തരം വിഷയങ്ങളില്‍  രാജിവെയ്ക്കൂ എന്നൊക്കെ പറയുന്നത് ചരിത്രം വായിക്കാത്ത കുട്ടികള്‍ മാത്രമാണ്... നല്ല ഒന്നാംതരം സി ഡി ഇറങ്ങിയിട്ടും ഇവിടാരും ഇതുവരെ രാജിവെച്ചില്ല പിന്നല്ലേ ഇത്.. അഥവ ഒരു ആരോപണം വന്നാല്‍ ഞാന്‍ അറിഞ്ഞില്ല, കേട്ടില്ല, നിരപരാധിയാണ്, ജനങ്ങളുടെ കോടതി എന്നൊക്കെ അടിച്ചങ്ങുവിട്ടേക്കണം... ചുണ്ട് കടിച്ചു, മാറിടം മാന്തിപ്പോളിച്ചു, ബ്ലൌസ് വലിച്ചുകീറി, ഒടുവില്‍ എല്ലാംകഴിഞ്ഞ് നെടുവീര്‍പ്പോടെയുള്ള യാത്രയാക്കല്‍  തുടങ്ങിയവ പമ്മന്‍ രീതിയില്‍ പറഞ്ഞാല്‍ പോര,, മിനിമം സീഡിയെങ്കിലും കാണിക്കണം പരാതിക്കാരിയുടെ മോഡസ് ഓപ്രാണ്ടി വെച്ചുനോക്കുമ്പോള്‍ ക്യാമറ ഷൂട്ടിംഗ് നടന്നില്ലായെന്നു പറയുന്നത് വിശ്വസിക്കാനും വയ്യ.... ചാനലില്‍ ഇരുന്നു അരുളപ്പാട് നടത്തുന്ന വക്കീല്‍ സാറു പറഞ്ഞതിന്‍ പ്രകാരം  വി ഐ പി പീഡനത്തില്‍; സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നു പറഞ്ഞാല്‍ ആദ്യം അവരുടെ ക്രെടിബിലിറ്റി നോക്കണമെന്നാണ്,,, ക്രെടിബിലിറ്റി ഇല്ലാത്ത ഏതു സ്ത്രീയേയും ആര്‍ക്കും എവിടെ വെച്ചും ബലാല്‍സംഗം ചെയ്യാം എന്നതാണോ ഇവിടെ ശരിയെന്ന്‍ അറിയില്ല.. പക്ഷെ ക്രെടിബിലിറ്റി കാണിക്കാത്ത സ്ഥിതിക്ക് ഞങ്ങള്‍ ഈ പരാതി വിശ്വസിക്കില്ല..  കടിച്ചുപറിച്ച ചുണ്ടുകളും, വലിച്ചു കീറിയ ബ്ലൌസും കാണിച്ചാലേ അറസ്റ്റ് നടക്കൂ..  ഇതിനൊക്കെ ആ മോണിക്ക ലെവന്സ്കിയെ കണ്ടുപടിക്കണം. ക്ലിന്റന്‍റെ എന്തൊക്കെയാ ആ മിടുക്കി എടുത്തു വെച്ചത്... ഇവിടെ അങ്ങനെത്തെ കറകളൊന്നും കാണിക്കാന്‍ വാദി ഭാഗത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.. എന്നിട്ടും കേരളത്തിലെ ഒരു ഹോട്ടലില്‍നിന്നും ഞങ്ങളുടെ നേതാവിന് ചായകുടിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളതിനാല്‍ അദേഹത്തെ എം പി യാക്കി ഡല്‍ഹിക്ക് വിടണമെന്നാണ് എന്റെയൊരു അഭിപ്രായം...
     
 ഡല്‍ഹിയില്‍ ഭരിച്ചുമുടിച്ച് ഒടുവില്‍ ജനം കുറ്റിച്ചൂല്‍കൊണ്ട് അടിച്ചോടിച്ച ഭരണവിദഗ്ധയെയാണ് കേരളത്തിലെ ഗവര്‍ണ്ണറാക്കിയിരിക്കുന്നത്.. മറ്റൊരു സ്ഥലത്തും ഇരുത്താന്‍ കഴിയാതെ വന്നപ്പോള്‍ പറ്റിയ സ്ഥലം കേരളമാണെന്ന് കണ്ടെത്തി ഇങ്ങോട്ട് അയച്ച കാരുണ്യത്തിനു നന്ദി അറിയ്ക്കുന്നു.. ഗവര്‍ണ്ണറാക്കിയ സ്ഥിതിക്ക് നിലവിലുള്ള അഴിമതിക്കേസുകളില്‍മേലുള്ള അന്വേഷണവും നിലയ്ക്കും.. ഇനിയിപ്പോ ആര്‍ഭാടത്തിന്‍റെ പുതിയ ജീവിതം ആരംഭിക്കാം.. നയാ പൈസയുടെ ഉപകാരമില്ലാതെ പത്തായം മുടിക്കാന്‍ പെരുച്ചാഴികളെ വളര്‍ത്തുന്ന പരിപാടിക്ക് തുല്യമാണ് ഗവര്‍ണ്ണര്‍ സ്ഥാനമെന്നു പറയുന്നത്. മാറിപ്പോയ മഹാന്‍ കാറുവാങ്ങിയും വിമാനം കേറിയും കോടികളാണ് സര്‍ക്കാര്‍ ചിലവില്‍ മുടിച്ചത്... ആര്‍ക്കും ഒരു പ്രതിഷേധവും ഇല്ല..അടുത്ത പെരുച്ചാഴി പത്താഴത്തില്‍ എത്തിക്കഴിഞ്ഞു.. പെരുച്ചാഴിക്ക് തിന്നുമുടിക്കാനുള്ള നെല്ലിനുവേണ്ടി പാടത്തു പണിയെടുക്കുക; അതുമാത്രമാണ് ജനത്തിന്‍റെ ജോലി... ഡല്‍ഹിയില്‍ നിന്നു ജനം അടിച്ചുപുറത്താക്കിയ  ഒരാളെ കേരളത്തില്‍ പ്രതിഷ്ടിച്ച സ്ഥിതിക്ക് ഇവിടുന്ന് ഒരെണ്ണത്തിനെ വടക്കോട്ട്‌ വിട്ടാലോ... പുള്ളിക്കാരിക്ക് അതൊരു ജീവനോപാധിയുമാകും... കേരളത്തിലിപ്പോള്‍ സകല രാഷ്ട്രിയക്കാര്‍ക്കും അവരുടെ പ്രിഷ്ടം ചുമക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കും തലവേദന ഉണ്ടാക്കുന്ന നമ്മുടെ സരിത മാഡത്തിനെ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണറാക്കി നിയമിക്കണമെന്നാണ് എന്‍റെ അഭിപ്രയം... ആ കസേരയ്ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല.. തിന്നുക, ഉറങ്ങുക, അപ്പിയിടുക, ടൂര്‍ നടത്തി അടിച്ചുപൊളിക്കുക അതിനിടയ്ക്ക് വല്ലപ്പോഴും ഓരോ കടലാസ് മുന്നില്‍ വരും അതിനടിയില്‍ പറയുന്ന സ്ഥലത്ത്  ഒരോപ്പിടുക ഇതാണ് ആകെ പണി... പക്ഷെ ജീവിതമോ രാജാവിനു തുല്യം... കോടികള്‍ അടിച്ചുപൊളിക്കാം ആരും ചോദിക്കില്ല.. സരിതാ മാഡമിങ്ങനെ ഇപ്പൊ പൊട്ടിക്കും വെളിപ്പെടുത്തും എന്നൊക്കെ പറഞ്ഞു മനസമാധാനം കെടുത്തുമ്പോള്‍ ഈ ഓഫാര്‍ കൊടുത്താല്‍ എല്ലാമൊന്നു കലങ്ങിത്തെളിയാന്‍ സാദ്ധ്യതയുണ്ട്..മേഘാലയ, മിസോറം, മണിപൂര്‍ തുടങ്ങിയ ഏതെങ്കിലും വടക്കന്‍ മേഖലയില്‍ നിയമിച്ചാല്‍ മതി..ആവശ്യത്തിനു കാശും, കാറും, വീടും, മേക്കപ്പ് സെറ്റും, സാരിയുമൊക്കെ കിട്ടുന്ന പണിയായതിനാല്‍ എല്ലാ കേസും തീരും.. ഇടയ്ക്കിടയ്ക്ക് കാണണമെന്ന് തോന്നിയാല്‍ ഒരു വിമാനയാത്ര കേരളത്തില്‍ ഒരു കുഞ്ഞും അറിയില്ല... ഇവിടെയണേല്‍ കക്കൂസില്‍ വരെ ക്യാമറയുമായി നടക്കുവല്ലേ അലവലാതികള്‍... ഒരുമിച്ചൊരു ബോട്ട് യാത്ര നടത്താനോ ..ഒരു ചില്ലിചിക്കന്‍ കഴിക്കാനോ എന്തിന് ഒരു എസ് എം എസ് അയക്കാന്‍ പോലും കഴിയില്ല.. പെട്ടന്നു പരിഗണികേണ്ട കാര്യമാണ് അല്ലെങ്കില്‍ പലരും കുട്ടിയെപ്പോലെ തട്ടുകൊള്ളേണ്ടിവരും പറഞ്ഞേക്കാം..
    ബലാല്‍സംഗവും പീഡനവും ചുണ്ട് കടിക്കലുമൊക്കെയായി  അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോള്‍ .. മറ്റൊരു കേസില്‍ സര്‍ക്കാരും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.. നമ്മുടെ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ഓര്‍മ്മയില്ലേ.. ഡ്യൂട്ടിക്കിടെ നടുറോഡില്‍ മര്‍ദനമേല്‍ക്കേണ്ടി വന്ന ട്രാഫിക്‌ വാര്‍ഡന്‍ .. തന്നെ മര്‍ദിച്ച പ്രതിയെ പോലിസ് സംരക്ഷിക്കുന്നുവെന്നും മൊഴിയെടുക്കാനെന്ന പേരില്‍ പോലിസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പറഞ്ഞു പത്മിനി കൊടുത്ത പരാതിയില്‍ എ ഡി ജി പി യുടെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല..പക്ഷെ പത്മിനിയുടെ ജോലിക്കാര്യത്തില്‍ തീരുമാനമായി..പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു... പട്ടാപ്പകല്‍ നടുറോഡില്‍ പൊതുജനമധ്യത്തില്‍ വെച്ച് തന്നെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് പറഞ്ഞതാണ് ജോലി പോകാനുള്ള കാരണമായി പത്മിനി പറയുന്നത്... അങ്ങനെ കുടുംബം പുലര്‍ത്താന്‍ മാന്യമായി ജോലിചെയ്ത ഒരു സ്ത്രീയുടെ ജീവിതം കുട്ടിച്ചോറാക്കിയതിന്‍റെ ബഹുമതി വകുപ്പുമന്ത്രിതന്നെ പോലീസിനു കൊടുക്കണം.. ലോകവനിതാദിനം ഇന്നലെ കഴിഞ്ഞതേയുള്ളൂ. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് സ്റ്റാര്‍ ഹോട്ടലിലെ ശീതികരിച്ച മുറിയിലിരുന്നു ചര്‍ച്ചനടത്തിയശേഷം ബിരിയാണികഴിച്ച് എമ്പോക്കം വിട്ടു എഴുന്നേറ്റ സമയമേയായോള്ളൂ.. അപ്പോഴേക്കും ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റതിന്‍റെ പേരില്‍ പ്രതിയ്ക്കെതിരെ പരാതികൊടുത്ത കാരണത്താല്‍ ഒരു സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു... ഇതാണ് നമ്മുടെ സ്ത്രീ ക്ഷേമം..

 ഒന്നുറക്കെ നിലവിളിക്കാന്‍ പോലുമാകാത്ത വിധം നമ്മുടെ കഴുത്തിനു കുത്തിപ്പിടിച്ചിരികുന്ന ഈ വ്യവസ്ഥിതിയെ പിഴുതു മാറ്റാന്‍ ആഹ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ആയുധമാണ് വിളിപ്പാടകലെ വന്നു നില്‍ക്കുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം കൈയ്യില്‍ കിട്ടുന്ന ആയുധം.. അഴിമതിക്കും കയ്യിട്ടുവാരലിനും  സ്ത്രീ പീഡനങ്ങള്‍ക്കും വേണ്ടി ജനം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അമ്പലക്കാളകളെ പിടിച്ചുകെട്ടി അറവുശാലയിലേക്ക് അയക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണിത്.. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാതെ സ്വന്തം അധികാരക്കസേര നിലനിറുത്താന്‍ എന്ത് അളിഞ്ഞ വിട്ടുവീഴ്ചകള്‍ക്കും വഴങ്ങിക്കൊടുക്കുന്ന ആണുംപ്പെണ്ണുംകെട്ട ശിഖണ്ടിവര്‍ഗ്ഗങ്ങളെ തുരത്താന്‍ ഈ തിരഞ്ഞെടുപ്പെങ്കിലും ഉപയോഗിക്കാന്‍ കഴിയണം..മേലാളനു ഒരു നിയമം കീഴാളന് വേറൊരു നിയമം മേലാളന്‍ കുറ്റംചെയ്താല്‍ അവനു പ്രത്യേക പരിരക്ഷ.. സാധാരണജനത്തിനു പീഡനം ..ഈ വ്യവസ്ഥിതി മാറിയേ ഒക്കൂ..

7 comments:

  1. സൈജു ഞാറയ്ക്കല്‍March 13, 2014 at 8:29 AM

    നല്ല ഒന്നാംതരം അലക്ക് ,,,ആക്ഷേപഹാസ്യം അടിപൊളിയായിരിക്കുന്നു...

    ReplyDelete
  2. അര്‍ഷാദ്March 13, 2014 at 11:58 AM

    ഇതൊക്കെ ഇങ്ങനെയേ വരുകയുള്ളൂവെന്നു നേരത്തെ അറിയാമായിരുന്നു... ഈ അബ്ദുള്ള എന്തേ സരിതയ്ക്കെതിരെ കേസ് കൊടുക്കാത്തത് .. അങ്ങേര് കട്ടുതിന്നാന്‍ പോയിരുന്നതുകൊണ്ടു തന്നെ ...

    ReplyDelete
    Replies
    1. സരിതയ്ക്ക് വേണ്ടി എന്തെല്ലാം ചര്‍ച്ചകള്‍ ... പത്മിനിയെപ്പോലുള്ള സ്ത്രീകളുടെ ദയനിയ ചിത്രം ആരും കാണുന്നില്ല..കഷ്ടംതന്നെ

      Delete
  3. ഒന്നുറക്കെ നിലവിളിക്കാന്‍ പോലുമാകാത്ത വിധം നമ്മുടെ കഴുത്തിനു കുത്തിപ്പിടിച്ചിരികുന്ന ഈ വ്യവസ്ഥിതിയെ പിഴുതു മാറ്റാന്‍ ആഹ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ആയുധമാണ് വിളിപ്പാടകലെ വന്നു നില്ക്കു ന്നത്. അഞ്ചു വര്ഷ്ത്തിലൊരിക്കല്‍ മാത്രം കൈയ്യില്‍ കിട്ടുന്ന ആയുധം.. അഴിമതിക്കും കയ്യിട്ടുവാരലിനും സ്ത്രീ പീഡനങ്ങള്ക്കും വേണ്ടി ജനം കല്പി ്നച്ചു കൊടുത്തിരിക്കുന്ന അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അമ്പലക്കാളകളെ പിടിച്ചുകെട്ടി അറവുശാലയിലേക്ക് അയക്കാന്‍ ജനങ്ങള്ക്കു്ള്ള അവസരമാണിത്.. ജനങ്ങള്ക്കുയവേണ്ടി നിലകൊള്ളാതെ സ്വന്തം അധികാരക്കസേര നിലനിറുത്താന്‍ എന്ത് അളിഞ്ഞ വിട്ടുവീഴ്ചകള്ക്കും വഴങ്ങിക്കൊടുക്കുന്ന ആണുംപ്പെണ്ണുംകെട്ട ശിഖണ്ടിവര്ഗ്ഗനങ്ങളെ തുരത്താന്‍ ഈ തിരഞ്ഞെടുപ്പെങ്കിലും ഉപയോഗിക്കാന്‍ കഴിയണം..

    ReplyDelete
  4. thulasiyude ee post manushyaavakaashakkammisson kanduvennu thonnunu pathminikk joli thirichu nalkaan theerumanamaayi ..aashamsakal

    ReplyDelete