**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 31, 2014

സാര്‍ എനിക്കൊരു ലിഫ്റ്റ്‌ തരുമോ..?


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍         
   പുതിയ കാര്‍ വന്നതോടെ തലമുറകളായി കുടുംബത്തെ ചുമക്കുന്ന ലാമ്പിക്ക്(സ്കൂട്ടര്‍) വിശ്രമം അനുവദിച്ചു.. മുത്തച്ഛനില്‍നിന്നും അച്ഛനിലേക്കും  അവിടുന്നു എന്‍റെ കൈയ്യിലുമെത്തിയപ്പോള്‍ മൂന്നു തലമുറയുടെ ഭാരം അങ്ങേരെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു.. യാത്രകളില്‍ കിടപ്പും കിതപ്പും പതിവായതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.. പഴയസ്കൂട്ടറില്‍ പതിവായി ഉന്തിയും തള്ളിയും ഇഴഞ്ഞുനീങ്ങുന്ന ഞാന്‍ കാര്‍ വാങ്ങിയതില്‍  എല്ലാവര്‍ക്കും സന്തോഷമായിരിക്കുന്നു... ഒരുകൂട്ടര്‍ക്ക് ഒഴിച്ച്... സ്കൂളിലേക്കുള്ള യാത്രയില്‍ പാതിവഴിയില്‍ പണിമുടക്കുന്ന സ്കൂട്ടറിനെ തള്ളാന്‍ എന്നോടൊപ്പം കൂടുന്ന എന്‍റെ കൊച്ചുശിഷ്യഗണങ്ങള്‍ക്ക് കാറിന്‍റെ വരവ് നിരാശയാണ് ഉണ്ടാക്കിയത്... അപ്പൊ മാഷിനി സ്കൂട്ടര്‍ കൊണ്ടിവരില്ലേയെന്ന അവരുടെ ചോദ്യത്തില്‍ നിരാശ നിഴലിച്ചു നിന്നിരുന്നു.. ഇനി ഞങ്ങള്‍ ആരുടെ സ്കൂട്ടറാണ് ഉന്തുകയെന്നാണ് അവരെന്നോട് ചോദിക്കാതെ ചോദിച്ചത്... അവരുടെ വിഷമം മാറ്റാന്‍ എല്ലാവര്‍ക്കുമൊരു ലഡു വിതരണം നടത്തി.....  കാര്‍ വാങ്ങിതോടെ ആളുകളെ കാണിക്കാന്‍ ഗ്രാമത്തിന്‍റെ ഇടവഴികളിലൂടെ ധാരാളം സഞ്ചാരങ്ങള്‍ സംഘടിപ്പിക്കേണ്ടിവന്നു . ബന്ധുവീടുകളില്‍ കാറുമായി പതിവില്ലാത്ത ദര്‍ശനങ്ങളും നടത്തി... വിദേശത്തുള്ളവരെ ഫോണിലൂടെയാണ് വിവരം ധരിപ്പിച്ചത്.. അവധി ദിവസങ്ങളില്‍ നായരുടെ ചായക്കടയുടെ മുന്നില്‍ നിറുത്തിയിടുന്ന കാറില്‍ ചാരിനിന്നാണ് ഞാന്‍ പത്രം വായിക്കുക... കാറിന്‍റെ നിറം വെള്ളയായതിനാണ് ചിലര്‍ക്ക് പ്രശ്നം; ചുമപ്പായിരുന്നുപോലും  എടുപ്പ്.. വൈകുന്നേരം വായനശാലയ്ക്ക് മുന്നിലും കാറിന്‍റെ പ്രദര്‍ശനം സംഘടിപ്പിച്ചു... ആരും നഖംകൊണ്ട് പോറരുതെന്ന്  നിര്‍ദേശംനല്‍കിയാണ്‌ കുട്ടികളെ  അടുത്തേയ്ക്ക് വരാന്‍ അനുവദിച്ചത്...
  ഗംഭീരമായ ഓട്ടപ്രദക്ഷണം നടത്തിയതിനാല്‍ രണ്ടാമത്തെമാസംത്തന്നെ മൂന്നാമത്തെ സര്‍വിസിനു കണ്ണൂരിലെ പോപ്പുലര്‍ സര്‍വിസ് സെന്‍ററില്‍ എത്തിയിരിക്കുകയാണ്... എല്ലാംകഴിഞ്ഞു വണ്ടികിട്ടാന്‍ അഞ്ചുമണിയാകും. അതുകൊണ്ട് കളക്ട്രേറ്റില്‍ തീര്‍ക്കാനുള്ള ചെറിയ ആവശ്യങ്ങളുമായി അങ്ങോട്ടുപോയി... അഞ്ചുമണിക്ക് വണ്ടി റെഡി... ഏതായാലും വൈകി... ഇനിയിപ്പോ ഒരു സിനിമയുംകൂടി ആയാലോ... താമസിച്ചേ വരികയുള്ളൂവെന്നു വീട്ടില്‍ അറിയിച്ചശേഷം നേരെ തിയേറ്ററിലെക്ക് വിട്ടു.. ദൃശ്യം സിനിമയാണ് കണ്ടത്... ഒരു കള്ളം പറഞ്ഞാല്‍ എങ്ങനെ അതിനെ സ്ഥാപിച്ചെടുക്കാമെന്ന് പഠിച്ചു... സിനിമ കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്. നേരം രാത്രിയായിരിക്കുന്നു. ഇനിയിപ്പോ നല്ല തട്ടുഭക്ഷണംതന്നെ കഴിക്കാം... തട്ടുകടകളുടെ വിഹാരകേന്ദ്രമായ കാള്‍ട്ടക്സിലെക്ക് വണ്ടിവിട്ടു.. ചിരട്ടപ്പുട്ടും, മുളംകുറ്റിപ്പുട്ടും വാഴയിലയിലങ്ങനെ അടുങ്ങിയിരിക്കുന്നു.. ദോശക്കല്ലിലെക്ക് വീഴുന്ന മാവ് അപ്പങ്ങളായി മാറുന്നു.. ചിക്കന്‍ കറിയും, ബീഫ് ഒലത്തിയതും, മട്ടന്‍ ചാപ്സുമൊക്കെ ആവിപറക്കുന്ന പരുവത്തില്‍ റെഡിയായങ്ങനെ ഇരിക്കുന്നു.. ആമാശയമുള്ള ഏതു ബലവാനും ബലഹീനനാവുന്ന ദൃശ്യം... നല്ലൊരു പിടുത്തമങ്ങു പിടിച്ചു... ഗംഭീരം.. ഭക്ഷണം കഴിച്ചുകൈകഴുകി; ഇനി പതുക്കെ വീട്ടിലേക്ക് തിരിക്കാം.... റോഡിലാണേല്‍ തിരക്കൊന്നുമില്ല ഒരു സുഖഡ്രൈവ് നടത്തിക്കളയാമെന്ന വിചാരത്തില്‍ ഡോറുതുറന്നതേയുള്ളൂ ഒരാള്‍ അടുത്തെത്തി.. കണ്ണടധരിച്ച ഒരപരിചിതന്‍. ചെറിയൊരു ബാഗ് തോളിലും, ഒരു ട്രാവല്‍ ബാഗ് കൈയ്യിലും പിടിച്ചിരിക്കുന്നു. ഒരു പരിചയവും ഇല്ല... വണ്ടിയ്ക്കകത്തു കയറാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി സാര്‍,,, ശെടാ ഇവനേതാ ,ഏതെങ്കിലും സ്കൂളിലെ വാധ്യാരായിരിക്കുമോ... ഇനിയിപ്പോ ചിലപ്പോ  അസോസിയേഷനില്‍ വെച്ചുള്ള പരിചയമായിരിക്കണം..നാശം പണിയായല്ലോ...
  ‘ആരാ എനിക്ക് മനസിലായില്ല..’
 ‘സാര്‍ എന്‍റെ പേര്‍ വേണുഗോപാല്‍ ഏറണാകുളത്തുനിന്നു വരികയാണ്,,,  വീടു മാനന്തേരിയാണ്,  സാര്‍ കൂത്തുപറമ്പ് വഴിയാണ് പോകുന്നതെങ്കില്‍ അവിടെവരെ എനിക്കൊരു ലിഫ്റ്റ്‌ തരുമോ.. സമയം വൈകിയതിനാല്‍ ഇനി അങ്ങോട്ടു ബസില്ലാത്തതുകൊണ്ടാണ്..’
  എനിക്ക് പോകേണ്ടത് ആ വഴിതന്നെയാണെങ്കിലും രാത്രിയില്‍ അപരിചിതരേ വണ്ടിയില്‍ കയറ്റാന്‍ ഒരു പേടി, പോരെങ്കില്‍ ഞാന്‍ ഒറ്റയ്ക്കേയുള്ളൂതാനും..അതുകൊണ്ട് ഈ കുരിശ് ഒഴിവാക്കാന്‍ തീരുമാനിച്ചു.. “”””””അയ്യോ ഞാന്‍ മട്ടന്നൂര്‍ വഴിക്കാണല്ലോ പോകുന്നത്.. സോറി ഡിയര്‍..............”
 നൊ പ്രോബ്ലം സാര്‍ ...
   ശരി ശരി,,,,,, ഭാഗ്യം... കേസ്കെട്ട് ഒഴിവായി. വണ്ടിയെടുത്തു മുന്നോട്ട് പോന്നു.. പക്ഷെ ഉള്ളില്‍ എന്തോ ഒരു സുഖക്കുറവ്; എന്നാലും അതു ശരിയായോ വിദ്യാധരാ..? ഉള്ളിലിരുന്ന്‍ ആരോ ചോദിക്കുന്നു.. ഈ രാത്രി അയാള്‍ക്ക് തെരുവില്‍ കഴിയേണ്ടിവന്നാല്‍ നിനക്കതില്‍ ഉത്തരവാദിത്തമില്ലേ വിദ്യാധരാ.??. നിനക്കും ഇതേ സാഹചര്യം വന്നിട്ടില്ലേ,????, അതു നീ മറന്നോ..??? .ഉള്ളിലെ ശബ്ദം വീണ്ടുംവീണ്ടും പറയുന്നു..തിരിച്ചു പോകൂ... തിരിച്ചുപോയി അയാളെ കൂട്ടി വാ..  താണയിലെത്തിയ ഞാന്‍ വണ്ടിതിരിച്ചു വീണ്ടും കാള്‍ട്ടകസ് ജങ്ങ്ഷനിലേക്ക് വിട്ടു... അയാള്‍ അവിടെത്തന്നെയുണ്ട്.. വരുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നുണ്ട്... പോകണോ.. വീണ്ടും ഒരു സംശയം... വിദ്യാധരാ ചെല്ലൂ അയാളെ വിളിക്കൂ.. ഉള്ളില്‍നിന്നും വീണ്ടും പറയുന്നു...ഞാനയാളുടെ അടുത്തേയ്ക്ക് ചെന്നു.. ‘ഇതുവരെ വണ്ടിയൊന്നും കിട്ടിയില്ലേ....’. ‘ഇല്ല രാത്രി യായില്ലേ;പോരാത്തതിനു  അതുവഴി വാഹനങ്ങളും കുറവാണ്..’ അയാള്‍ പറഞ്ഞു...
  ‘വരൂ; എന്‍റെകൂടെ പോകാം.. ഞാനും ആ വഴിയാ പോകുന്നത്  രാത്രിയായതിനാലും പരിചയം ഇല്ലാത്തതിനാലുമാണ് വഴി മാറ്റിപ്പറഞ്ഞത്. ക്ഷമിക്കണം.....’
 ‘ഓ അതു സാരമില്ല ആര്‍ക്കണേങ്കിലും അങ്ങനെയേ തോന്നൂ..ഏതായാലും ഭഗവാന്‍ കാത്തു..”
ഞങ്ങള്‍ ഒരുമിച്ച് യാത്രതുടങ്ങി... ഞാനൊരു അധ്യാപകനാണെന്നും ഇന്ന സ്കൂളിലാണ് പഠിപ്പിക്കുന്നതുമൊക്കെ പറഞ്ഞു .. അദേഹം ഇപ്പോള്‍ എറണാകുളത്ത് ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നു.. ഇതിനിടയില്‍ അയാള്‍ ഒരു കാര്യം എന്നോട് ചോദിച്ചു.. ‘എന്തുകൊണ്ടാണ് മാഷേ എന്നെ ഒഴിവാക്കിപ്പോയ നിങ്ങള്‍ തിരിച്ചുവന്നുവീണ്ടും  എന്നെ വിളിച്ചുകയറ്റിയത്.. എന്താണതിന്‍റെ പ്രേരണ..’
   ഞാന്‍ അതിനുള്ളകാരണം പറഞ്ഞു.. പഠനംകഴിഞ്ഞ് ഒരു ജോലിക്കുവേണ്ടി അലഞ്ഞ നാളുകള്‍.. പത്രങ്ങളിലെ ക്ലാസ്സിഫൈഡ് കോളങ്ങളിലെ ജോലിയൊഴിവ് വിലാസങ്ങളില്‍ സ്ഥിരമായി ബയോഡേറ്റ അയക്കുന്ന കാലം.. അങ്ങനെയൊരുദിവസം  പതിനായിരംരൂപവരെ മാസം  സമ്പാദിക്കാവുന്ന ഒരു ജോലിയുടെ ഇന്റെര്‍വ്യൂ കാര്‍ഡ് വന്നിരിക്കുന്നു... സന്തോഷംകൊണ്ട് മതിമറന്നുപോയി. ഗുരുവായൂരില്‍വെച്ചാണ്‌ ഇന്റെര്‍വ്യൂ,, സമയവും സ്ഥലവും വഴികളും എല്ലാം കാര്‍ഡിലുണ്ട്.. അച്ഛനോട്ചിലവുകാശുംവാങ്ങി തലേദിവസമേ ഗുരുവായൂര്‍ക്ക് വണ്ടികയറി. വൈകുന്നരമായപ്പോള്‍ അവിടെയെത്തി  ഒരു ലോഡ്ജില്‍ മുറിയെടുത്തു.. പിറ്റേദിവസം പതിനൊന്നു മണിക്കാണ് ഇന്റെര്‍വ്യൂ.. കൃത്യസമയത്ത് ഇന്റെര്‍വ്യൂ സ്ഥലത്തെത്തി. ഞാനടക്കം ഏതാണ്ട് അന്‍പതുപേരോളമുണ്ട് പരിപാടിക്ക് .. പതിനായിരം രൂപ ശമ്പളംകിട്ടുന്ന കാര്യമല്ലേ .. പക്ഷെ ഇന്റെര്‍വ്യൂവിലാണ് ജോലിയുടെ ശരിക്കുള്ള കിടപ്പ് മനസ്സിലായത്..പുസ്തക വിലപ്നയാണ് പണി. കമ്മിഷനാണ് ശമ്പളം.. വീടുതോറും കയറിയിറങ്ങി വില്പനനടത്തണം. വണ്ടിക്കൂലി കമ്പനി തരും... ഇതിലും ഭേദം വീട്ടിലെ തെങ്ങിനു തടമെടുക്കുന്നതാണ് നല്ലതെന്ന് മനസ്സിലായതിനാല്‍  വേഗം സ്ഥലം കാലിയാക്കി.. ഇനിയിപ്പോ എത്രയുംവേഗം വീടുപിടിക്കണം.. പന്ത്രണ്ടിനു തലശ്ശേരിക്കൊരു ബസുണ്ടെന്നാണ്  സ്റ്റാന്‍ഡില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്... അതിന് ഇനിയും സമയമുണ്ട്..നല്ല ദാഹം; ശ്രീ കൃഷ്ണ കൂള്‍ബാറില്‍കയറി ഒരു ജ്യൂസ് കുടിച്ചതിനുശേഷം പൈസകൊടുക്കാന്‍ പേഴ്സ് നോക്കിയപ്പോഴാണ് ഒരു കാര്യം അറിഞ്ഞത്.. എന്നെ ആരോ പോക്കറ്റടിച്ചിരിക്കുന്നു... ഈശ്വരാ വണ്ടിക്കൂലിയടക്കം എല്ലാം പോയിരിക്കുന്നു... ഷര്‍ട്ടിന്‍റെ കീശയിയിലുള്ള പത്തുരൂപയും ഞാനുമുണ്ട് ബാക്കി... ജ്യൂസിനുള്ള അഞ്ചുരൂപയും കൊടുത്ത് ബാക്കി അഞ്ചുംവാങ്ങി, ഏതപ്പാ കോതമംഗലമെന്ന രീതിയില്‍ നടുറോഡില്‍ വട്ടംകറങ്ങി.. ജ്യൂസ് കടക്കാരനോട് വിവരം പറഞ്ഞെങ്കിലും അയാള്‍ കേട്ടഭാവം നടിച്ചില്ല.. ഇനിയെങ്ങനെ വീട്ടില്‍പോകും. എനിക്കാണേല്‍ ഇവിടെ  ആരെയും പരിചയമില്ല ആരുടെമുന്നിലും കൈനീട്ടന്‍ കഴിയുന്നുമില്ല.. നാട്ടിലേക്കുള്ള ബസുപോകാനിനി അധികനേരമില്ല... അതുകഴിഞ്ഞാല്‍ നേരിട്ടുള്ള ബസില്ല.. കൈയ്യിലിനി ബാക്കിയുള്ളത് അഞ്ചുരൂപയാണ്. ബസ്‌ സ്റ്റാന്‍ഡിലെ സിമന്റുബെഞ്ചില്‍ ഞാന്‍ പരവശനായി ഇരുന്നു... മേലാകെ വിയര്‍ത്തുകുളിച്ചിരിക്കുന്നു.. ആരോട് ചോദിച്ചാല്‍ കുറച്ചു പൈസകിട്ടും.. ചുറ്റുംനോക്കി പരിചയക്കാരായി ആരേയും കാണാനില്ല ... ബസ് പുറപ്പെടാനുള്ള സമയമാണേല്‍  അടുത്തുവരുന്നു.. എന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ല... പുറംലോകത്തിറങ്ങി പരിചയമില്ലാത്ത കാലമാണ്.. പരാതിപറയാന്‍ ഒരു പോലീസുകാരനെപോലും കാണുന്നുമില്ല.. നടുക്കടലില്‍ അകപ്പെട്ട അവസ്ഥ.. അറിയാതെ കണ്ണുനിറഞ്ഞു.. ആരുംകാണാതെ ഞാന്‍ തലതാഴ്ത്തിയിരുന്നു കരഞ്ഞു.. തോളില്‍ ഒരു തോണ്ടുകിട്ടിയപ്പോഴാണ് തല ഉയര്‍ത്തിയത്‌..  എന്‍റെ ഏങ്ങലടികള്‍ കേട്ടതുകൊണ്ടാകണം സിമന്റുബഞ്ചില്‍ അടുത്തിരുന്ന ആളാണ്‌ എന്നെ തോണ്ടിയത്.. ‘എന്തുപറ്റി എന്തിനാണ് കരയുന്നത്...’ വിവരങ്ങളെല്ലാം അയാളോട് പറഞ്ഞു.. ജോലിയന്വേഷിച്ചു വന്നതാണ്‌, പോക്കറ്റടിക്കപ്പെട്ടു, വീടുപിടിക്കാന്‍ പണമില്ല.. ബസാണേല്‍ ഇപ്പോള്‍ പോകും.. അയാള്‍ എന്‍റെ വിഷമങ്ങളെല്ലാം കേട്ടൂ.. ഒടുവില്‍ കീശയില്‍നിന്നും ഒരു നൂറുരൂപാ നോട്ടെടുത്ത് എനിക്കു നേരെനീട്ടി.. ഞാന്‍ അന്ധാളിച്ചു പോയി, പരിചയമില്ലാത്ത ഒരാള്‍...ഇത്രയും പൈസതന്നു സഹായിക്കുന്നു... ‘മടിക്കാതെ വാങ്ങിച്ചോളൂ  താങ്കളുടെ ബസ്സിപ്പോള്‍ പോകും..’.അയാള്‍ നിര്‍ബന്ധിച്ചു.  ‘നന്ദി സുഹൃത്തേ,,, ഒരുപാട് നന്ദിയുണ്ട്,, പക്ഷെ ഈ പണം ഞാന്‍ എങ്ങനെ മടക്കിത്തരും.? താങ്കളുടെ അഡ്രസ്സ് തരൂ; പണം ഞാന്‍ മണിയോര്‍ഡറായി അയച്ചുതരാം.’. ‘അതുസാരമില്ല ഇതുപോലെ ആരെങ്കിലും എന്നെങ്കിലും ഒരു സഹായത്തിനു താങ്കളുടെ മുന്നില്‍വന്നാല്‍ അവര്‍ക്കത്‌ ചെയ്തുകൊടുക്കുക അതുമതി... അതാ താങ്കളുടെ ബസ് സ്റ്റാര്‍ട്ടായി ..പൊയ്ക്കോളൂ ...’ അപരിചിതനായ നല്ല സുഹൃത്തിനെ ഓര്‍മ്മയില്‍വെയ്ക്കാന്‍ അയാളിലെ അടയാളങ്ങള്‍ക്കായി പരാതി.. ഒന്നു കണ്ടുപിടിച്ചു;അയാള്‍ ഒരു കോങ്കണ്ണനായിരുന്നു... കൈവീശി എന്നെ സഹായിച്ച ആ ദൈവത്തിനു നന്ദി പറഞ്ഞു ഞാന്‍ യാത്രയായി... അയാളെ പിന്നിടോരിക്കലും ഞാന്‍ കണ്ടിട്ടില്ല.. പക്ഷെ ആ വാക്കുകളാണ് നിങ്ങളെത്തേടിയുള്ള എന്‍റെ മടങ്ങിവരവിനു കാരണം...
  മാഷിന്‍റെ അനുഭവം എന്നെ അത്ഭുതപ്പെടുത്തുന്നു..വേണു പറഞ്ഞുതുടങ്ങി  ‘ചെയ്തുകിട്ടുന്ന ഉപകാരങ്ങള്‍ പലരും പിന്നീട് ഓര്‍ക്കാറില്ല പക്ഷെ മാഷ്‌ അതിപ്പോഴും ഓര്‍ത്തിരിക്കുന്നു. വലിയ  കാര്യമാണത്.. സംസാരിച്ചിരുന്ന്‍ സ്ഥലം എത്തിയതറിഞ്ഞില്ല മാനന്തേരിയായി... ദേ ആ വളവിലാണ് എനിക്ക് ഇറങ്ങേണ്ടത്,,, പണ്ട് ഇവിടൊരു അപകടം നടന്നിരുന്നു മാഷിനു ഓര്‍മ്മയുണ്ടോ അത്’ .. ‘ഉവ്വ് പട്ടുവം ഡി.എസ്.എസ് സിസ്റ്റെര്സ് സഞ്ചരിച്ച വാന്‍മറിഞ്ഞ് മദര്‍ പേട്ര യടക്കം മൂന്നുപേര്‍ മരിച്ച സംഭവമല്ലേ...’ അതേയതെ .. മദറിന്‍റെ ഫോട്ടോസ്ഥാപിച്ച സ്മൃതി മണ്ഡപത്തിനരുകില്‍ ഞാന്‍ വണ്ടിനിറുത്തി.. വേണുഗോപാല്‍ അയാളുടെ ബാഗെടുത്ത് പുറത്തിറങ്ങി.. എന്‍റെകൂടെ ഇത്രനേരം യാത്ര ചെയ്ത ആ നല്ല സുഹൃത്തിനെ യാത്രയാക്കാന്‍ ഞാനും കാറില്‍നിന്നും പുറത്തേയ്ക്കിറങ്ങി.... ‘വേണു എന്‍റെ അഡ്രെസ്സ് കൈയ്യിലുണ്ടല്ലോ അല്ലേ ഇനിയും കാണണം കേട്ടോ...’
  മാഷിങ്ങു വന്നേ...
 ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു.. അയാളെന്‍റെ കൈയ്കളില്‍ പിടിച്ചു... ‘വിദ്യാധരന്‍ മാഷിനു നല്ല ഓര്‍മ്മകളുണ്ടല്ലോ.. എന്നിട്ടും എന്നെ മനസ്സിലായില്ല അല്ലേ...’
 ‘ഇല്ല ആരാണ് നിങ്ങള്‍..’.
അന്നു നിങ്ങളെ സഹായിച്ച ആ മനുഷ്യന്‍ ഞാനായിരുന്നു...
  ഒരു നിമിഷം ഞാന്‍ സ്തബ്ധനായി നിന്നുപോയി... എന്നാല്‍ പെട്ടന്ന്‍ ഞാന്‍  അയാളുടെ കണ്ണടയെടുത്തുമാറ്റി ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി... എന്‍റെ മനസ്സില്‍ സൂക്ഷിച്ച അടയാളം ഞാന്‍ ഒത്തുനോക്കി.... അതേ,,,,,,, ശരിയാണ് അതേ കോങ്കണ്ണ്‍............എന്‍റെ ഉള്ളംകാല്‍ മുതല്‍ തലവരെ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടു.. നാക്ക് ഇറങ്ങിപ്പോയ അവസ്ഥ.. വര്‍ഷങ്ങള്‍ക്ക് മുന്പ് എന്നെ സഹായിച്ച ആ നല്ല ദൈവത്തെ അവിചാരിതമായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു... ഒരു കെട്ടിപ്പിടുത്തം ..കണ്ണുകള്‍ നിറഞ്ഞതൊന്നും അറിഞ്ഞില്ല.. ഇനിയും കാണാമെന്ന ഉറപ്പോടെ ഞങ്ങള്‍ പിരിഞ്ഞു.. എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു നിമിഷമാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന സന്തോഷത്തോടെ ഞാന്‍ വീണ്ടും യാത്ര ആരംഭിച്ചു...

   നന്മചെയ്താല്‍ നിനക്കുള്ള സമ്മാനം നിന്നെത്തേടിവരാന്‍ സ്വര്‍ഗ്ഗം വരെയൊന്നും കാത്തിരിക്കേണ്ട... നിനക്കുള്ള സമ്മാനം ഈ ജീവിതത്തില്‍ ത്തന്നെ നിന്നെത്തേടിവരും... അതിനു കാലവും, നേരവും, ദേശവുമൊന്നും ഒരു തടസ്സമാകില്ല... അപേക്ഷകള്‍ക്കുമുന്നില്‍ ഉപേക്ഷ വിചാരിക്കാതെ സഹായഹസ്തം നീട്ടിയാല്‍ ഏതു പ്രതികൂലസാഹചര്യത്തിലും നമുക്കായി ഒരു കരം ഉയര്‍ന്നുവരും.. സംശയിക്കേണ്ട....

16 comments:

  1. വിനുമോഹന്‍March 31, 2014 at 9:40 AM

    മാഷേ അനുഭവ വിവരണം നന്നായിരിക്കുന്നു..പതിവ് ശൈലിയില്‍ നിന്നും ഒരു മാറ്റം കാണുന്നു....

    ReplyDelete
  2. nalla vivaranam.Agree with you completely

    ReplyDelete
  3. വികാര നിര്‍ഭരമായ കണ്ടുമുട്ടല്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.... നന്നായിരിക്കുന്നു മാഷേ

    ReplyDelete
  4. സാര്‍ എനിക്കൊരു ലിഫ്റ്റ്‌ തരുമോ..? കാറിന്‍റെ_ വാതില്ത്തുറന്ന്‍ അകത്തുകയറാന്‍ തുടങ്ങിയ എന്നോടയാള്‍ ചോദിച്ചു... കള്ളം പറഞ്ഞ് ഒഴിവാക്കിയ അയാളെ അല്പസമയത്തിനുശേഷം തിരികെപ്പോയി കൂട്ടെണ്ടിവന്നു... രാത്രിയില്‍ വിജനമായ വഴിയിലൂടെ അയാളോടൊത്തുള്ള യാത്രയില്‍ എനിക്ക് പലതും മനസ്സിലായി...സംഭവിക്കുന്നതു പലതും കഴിഞ്ഞ കാലത്തിന്‍റെ പൂര്‍ത്തീകരണമാണ്.. അവിചാരിതമായാണ് പല അത്ഭുതങ്ങളും സംഭവിക്കുക... ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കുള്ള ഫലം എന്നെ വിടാതെ പിന്തുടരുന്നുണ്ട്.. പരലോകത്തുവെച്ചല്ല ഭൂമിയില്‍ വെച്ചുതന്നെ കണക്കുകളൊക്കെ തീര്ക്കപ്പെടും. കൊള്ളാം താല്പര്യം ജനിപ്പിക്കുന്ന വിവരണം

    ReplyDelete
  5. പതിവിൽ നിന്നും മാറിയ ശൈലി.... പക്ഷെ, വായിക്കുവാൻ അതിമധുരവും...അതും ശുഭപര്യവസായി കൂടെ ആയപ്പോൾ എഴുത്ത് സൂപ്പർ ! വളരെ നന്നായിരിക്കുന്നു...നന്ദി !

    ReplyDelete
  6. ഈ അടുത്തു പ്ലസ്‌ ടു കഴിഞ്ഞു പുസ്തകം വില്‍ക്കാനായുള്ള ചതിയില്‍ പെട്ട ഒരു തിരുവനന്തപുരത്ത് കാരനെ കണ്ടിരുന്നു.പേര് ഓര്‍ക്കുന്നില്ല സ്ഥലം കോവളം കക്ഷി ഞാന്‍ വണ്ടിയുമായി വരുമ്പോള്‍ വഴിയില്‍ നിന്നും ലിഫ്റ്റ്‌ ചോദിച്ച് കൈ കാണിച്ചു.ഞാന്‍ അല്പം മുന്നോട്ട് കയറ്റി വണ്ടി നിറുത്തി .ആ പാവം ഓടി വന്നു വണ്ടിയില്‍ കയറി ഞാന്‍ പറഞ്ഞു ഞാന്‍ അടുത്ത സ്റ്റോപ്പ്‌ വരെയുള്ളൂ.ആ കുഴപ്പമില്ല അവിടെ ഇറക്കി വിട്ടാല്‍ മതി.ആ രണ്ടു മിനിറ്റ് യാത്രയില്‍ ഞാന്‍ ചോദിച്ചു നിറുത്തിയിട്ടിരിക്കുന്ന ഒരു ബൈക്കിന്റെ അടുത്തു നിന്ന് കയറിയതിനാല്‍ സംഭാഷണം ഇങ്ങിനെ തുടങ്ങി..എന്താ വണ്ടിക്കു എന്തെങ്കിലും കുഴപ്പം പറ്റിയോ? ഇല്ല ഞാന്‍ ചാലക്കുടിയില്‍ നിന്നും നടന്നു വരികയാണ്.ആ കക്ഷി അപ്പോള്‍ ഇരുപത് കിലോമിട്ടെര്‍ നടന്നു വരികയാണെന്ന് മനസ്സിലായി.കാര്യം തിരക്കി കാരണം കക്ഷിക്ക് പുസ്തക വില്പനയാണ്.അപ്പോള്‍ തന്നെ കാര്യം പിടികിട്ടി കുറെ ചെറുപ്പക്കാരെ ഇത്തരം തട്ടിപ്പ് പ്രസ്ഥാനക്കാര്‍ പത്ര പരസ്യത്തിലൂടെ ആകര്‍ഷിക്കും.പരസ്യം ഇപ്രകാരം ആയിരിക്കും താമസവും,ഭക്ഷണവും ഫ്രീ ആകര്‍ഷക ശമ്പളം .മാസം പതിനായിരം രൂപക്ക് മേല്‍ സമ്പാദിക്കാന്‍ കഴിയുന്നു.അപ്പടി ഇപ്പടി.....അത്തരം ഒരു ഗണത്തില്‍ പെട്ട യുവാവ് ആണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് മനസ്സിലായി.ഞാന്‍ പറഞ്ഞു സുഹ്രെത്തെ,നിങ്ങള്‍ നൂറു വീടുകളില്‍ കയറി ഇറങ്ങി ഒരു ഉത്പന്നമായി വില്‍ക്കുവാന്‍ നടക്കുമ്പോള്‍ ആ ഉല്പന്നം ഭൂരിഭാഗം ആളുകളും അത് വാങ്ങുകയില്ല.യെങ്കിലും ഒരു ചെറിയ ശതമാനം ആളുകള്‍ നിങ്ങള്‍ കൊണ്ട് വരുന്ന ഉല്പന്നം ആവശ്യമില്ലെങ്കില്‍ പോലും അത് വാങ്ങും.കാരണം അത് ആ വില്ക്കുന്നവന്‍ ജീവിക്കട്ടെ എന്ന് കരുതിയാണ്.പക്ഷെ സുഹ്രെത്തെ ഇമ്മാതിരി ആയിരം രൂപ വിലയുള്ള ഈ ഇംഗ്ലീഷ് ബുക്ക് ആയിട്ട് നടന്നാല്‍ ആ സാധനം വാങ്ങാനുള്ള കപ്പാസിറ്റി നമുക്കില്ല.കക്ഷി നടന്നു വരാന്‍ കാരണം ഇതാണ് അന്ന് ബുക്ക് ഒന്നും ആരും വാങ്ങിയില്ല.അതിനാല്‍ തന്നെ നേരം ഇരുട്ടി കച്ചോടം മതിയാക്കി കക്ഷി അങ്ങ് നടന്നു തുടങ്ങി വഴിയില്‍ നമ്മളെ കണ്ടു മുട്ടി.ഞാന്‍ പറഞ്ഞു സുഹ്രെത്തെ എനിക്കറിയാം ഇന്‍ ചെയ്ത് മാന്യമായ വസ്ത്രധാരണം നടത്തി വരുന്ന ഒത്തിരി അന്യ ജില്ലക്കാരായ യുവതി യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്.എന്തിനു ചായപ്പൊടി വരെ വില്‍ക്കാനായി ഞങ്ങളുടെ കമ്പനിയുടെ മാര്‍ക്കറ്റിംഗ് ന്റെ ഭാഗമായാണ്.ഞങ്ങളുടെ ജോലി സ്ഥിരപ്പെടാനായി അല്ലെങ്കില്‍ കോഴ്സിന്റെ ഭാഗമായി ചെയ്യുന്നതാണ്.ഞാന്‍ പറഞ്ഞു സുഹ്രെത്തെ ഇവിടെ ഒത്തിരി പണികളുണ്ട്‌ ഇനി ഒട്ടും വശമില്ലാത്ത പെയിന്റിംഗ് തൊഴിലിനു വെറുതെ ഒരയ്ക്കാന്‍ പോയാല്‍ തന്നെ കുറഞ്ഞത് മുന്നൂറു രൂപയ്ക്ക് മേല്‍ ലഭിക്കും.പിന്നെ ഹോട്ടലില്‍ വെറുതെ ക്ലീനിംഗ് ജോലിക്ക് നിന്നാലും കിട്ടും അത്യാവശ്യം പണം.പിന്നൊരു കാര്യം അന്യ നാട്ടുകാരന്‍ ആയ പരിചയം ഇല്ലാത്ത ഒരു മലയാളിക്ക് സാധാരണ ആരും ഈ ഭാഗങ്ങളില്‍ ജോലിക്ക് എടുത്ത് സാഹസം കാണിക്കില്ല.അതൊരു പ്രശ്നം ആണ് .വല്ല മറുഭാഷ ക്കാര്‍ക്ക് ഒരു തൊഴില്‍ കണ്ടെത്താന്‍ വലിയ ബുദ്ധി മുട്ടും ഇല്ല.പിന്നൊന്ന് നമ്മുടെ മലയാളികള്‍ അത്യാവശ്യം പഠിച്ച് പോയതും ഒരു കുഴപ്പം ആണ്.ഒന്ന് നമുക്ക് വലിയ വലിയ വൈറ്റ് കോളര്‍ പ്രതീക്ഷകള്‍ ഉണ്ടാകും.മാത്രമല്ല അത്യാവശ്യം പടിപ്പ് ഉള്ളവനെ പിടിച്ച് എന്തെങ്കിലും പണിക്ക് നിറുത്തിയാല്‍ ഇവാന്‍ പെട്ടെന്ന്‍ തന്നെ പണി മതിയാക്കി പോകും എന്ന നമ്മുടെ ധാരണ.പിന്നെ ഞാന്‍ ചോദിച്ചു നിങ്ങളുടെ നാട്ടില്‍ ഇമ്മാതിരി പണിയൊന്നും കിട്ടുകയില്ലേ? അതോ പഠിപ്പ് ഉണ്ടെന്നു കരുതി നാട്ടില്‍ എന്തെങ്കിലും കൂലി തൊഴില്‍ ചെയ്യുന്നതിന്റെ കുറച്ചില്‍ ആണോ? ചേട്ടാ അത്തരം വിചാരം ഒന്നും എനിക്കില്ല ഞങ്ങളുടെ ഗ്രാമ പ്രദേശം ആണ് മാത്രമല്ല എറണാകുളം ജില്ലയില്‍ ഉള്ള പ്പോലെ തൊഴിലവസരങ്ങള്‍ അവിടെയില്ല.പിന്നെ പത്ര പരസ്യം കണ്ടു പലതും മോഹിച്ച് വന്നതാണ് ഞാന്‍ തിരികെ പോകുവാനുള്ള വണ്ടി കാശ് ഈ പുസ്തകം വിറ്റ്‌ കിട്ടിയാല്‍ അന്ന് തന്നെ മടങ്ങി പോകണം എന്ന് ആഗ്രഹിച്ച് കഴിയുന്നു.തല്‍ക്കാലം ഞാന്‍ ഒരു അമ്പതു രൂപ കൊടുത്ത് നീ താമസിക്കുന്ന ഇടപ്പള്ളിയിലെ റൂമില്‍ പോകുന്നതിനും ലഘുവായി ഭക്ഷണം കഴിക്കുന്നതിനും ഉപകരിക്കും.പിന്നെ തിരിച്ച് നാട്ടിലേക്ക് പോകുവാന്‍ പണം ഒപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ നീ എന്റെ നമ്പറില്‍ വിളിക്കുക.നമുക്ക് പരിഹാരം ഉണ്ടാക്കാം.എന്ന് പറഞ്ഞു ഞാന്‍ യാത്രയായി.പിന്നെ വിളിയൊന്നും വന്നില്ല ആ കക്ഷി നാട്ടില്‍ എത്തിയിട്ട് ഉണ്ടാകും എന്ന് കരുതുന്നൂ....

    ReplyDelete
  7. സൂപ്പര്‍

    ReplyDelete
  8. ഈ ഒരു താള്‍ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, താങ്കളുടെ അനുവാദത്തോടെ... വളരെ മനോഹരമായിരിക്കുന്നു സുഹൃത്തെ.....

    ReplyDelete
  9. ഇത് വാസ്തവം തന്നെയോ മാഷേ? വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു...

    ReplyDelete
  10. വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്. ഇംഗ്ലീഷ് - മലയാളം ഡിക്ഷ്ണറി വിൽക്കാൻ ഒരാൾ ഓഫീസിൽ വന്നു. 500 രൂപ വില. അഞ്ചു തവണയായി അടയ്ക്കണം. ഞാനുൾപ്പറ്റെ നാലഞ്ചു പേർ നൂറു രൂപ വീതം കൊടുത്തുവാങ്ങി. അടുത്ത മാസം അയാളെത്തി രണ്ടാം ഗഡു വാങ്ങി. കമ്പിനിയിൽ നിന്ന് റസിപ്റ്റ് വാങ്ങി ഇപ്പോഴെത്താമെന്നു പറഞ്ഞുപോയ ആളെ പിന്നെ കണ്ടില്ല. ആ മാസം അവസാനം കമ്പിനിയിൽ നിന്ന് തവണയടക്കാത്തതിന്ന് ഞങ്ങൾക്ക് റജിസ്ടേർഡ് നോട്ടീസ്.. അയാൾ ഞങ്ങളേയും കമ്പിനിയേയും ഒരുപോലെ പറ്റിച്ചു. ഭാഗ്യവശാൽ കമ്പിനി ആ തുക ഞങ്ങളിൽ നിന്ന് വാങ്ങിയില്ല. മനസ്സിൽ നന്മയുള്ള മാസ്റ്ററെ മനസ്സാ നമിക്കുന്നു.

    ReplyDelete
  11. അനുഭവ വിവരണം വളരെ നന്നായി!! പ്രത്യേകിച്ചും അവസാന ഭാഗത്തുള്ള തിരിച്ചറിവ് ഭംഗിയായി അവതരിപ്പിച്ചു!!
    ആശംസകള്‍!!

    ReplyDelete
  12. നന്മചെയ്താല്‍ നിനക്കുള്ള സമ്മാനം നിന്നെത്തേടിവരാന്‍ സ്വര്‍ഗ്ഗം വരെയൊന്നും കാത്തിരിക്കേണ്ട...

    touching story.

    ReplyDelete
  13. റഹീം പിവിMarch 31, 2014 at 11:17 PM

    ഉള്ളില്‍ തട്ടുന്ന വിവരണം

    ReplyDelete
  14. very touching....
    nice presentation

    ReplyDelete
  15. വളരെ ഹൃദയസ്പര്‍ശിയായ വിവരണം. തികച്ചും അപ്രതീക്ഷിതമായ പുനഃസ്സമാഗമം

    ReplyDelete