**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, October 27, 2014

തരൂര് പിടിച്ച ആ എലി ആരാണ്.? ഏതാണ് ??

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍        
    നാട്ടിലാകെ പനിയും മഞ്ഞപിത്തവും പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പരിസരശുചീകരണത്തിനു ചെറിയൊരു സേവനവാരമാകാമെന്നുള്ള തീരുമാനത്തിലാണ്  വായനശാലയിലൊരു  പൊതുയോഗംവിളിച്ചത്. നാട്ടുകാരെ മുഴുവന്‍  പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ശുചീകരണയജ്ഞമാണ്‌ ഉദേശിച്ചത്‌... പോരാത്തതിന് പ്രധാനമന്ത്രിയുടെ ആഹ്വാനവുമുണ്ട്.... നല്ല കാര്യമല്ലേ; നാട് കുറച്ചെങ്കിലും ശുചിയായാല്‍ അത്രയുമായല്ലോയെന്നു കരുതി.. എന്നാല്‍ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലാന്നു മാത്രമല്ല സംഘര്‍ഷത്തിന്‍റെ വക്കോളമെത്തി കാര്യങ്ങള്‍... കാരണം മറ്റൊന്നുമല്ല ശുചികരണം എന്നതിപ്പോള്‍ ഒരു രാഷ്ട്രിയപാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടയാണ് പോലും.. എന്താപ്പാ ഇതിനൊക്കെ പറയുക.... സ്വന്തം പരിസരങ്ങളിലെ ചപ്പുചവറുകള്‍ അടിച്ചുവാരി കളയുന്നതില്‍ രാഷ്ട്രീയം കലര്‍ത്തി എതിര്‍ക്കുന്നത് മഹാവിഡ്ഢിത്തമല്ലേ...
  ‘മാഷേ അത് നടക്കത്തില്ല നമുക്ക് വേണേല്‍ റോഡിലെ കുഴി അടയ്ക്കാം...’
 ഇതില്‍ എന്താണ് കുഴപ്പം. കണ്ടില്ലേ നാട്ടില്‍ മുഴുവന്‍ പനി പടരുന്നു... മാലിന്യ സംസ്കരണം അത്യാവശ്യമല്ലേ....
 ‘പക്ഷെ മാഷേ അതു മറ്റെവര്‍ക്ക് രാഷ്ട്രിയ ലാഭം ഉണ്ടാക്കും അതുകൊണ്ട് ഞങ്ങള്‍ ഇതില്‍ പങ്കെടുക്കില്ല.’.
‘എങ്കില്‍ നിയൊക്കെ പോയി വേറെപണിനോക്കടാ ഞങ്ങള്‍ പരിപാടി നടത്തും’ എന്ന് മറ്റൊരു വിഭാഗം.....
 അങ്ങനെ യോഗത്തില്‍നിന്നും ഒരു വിഭാഗം ഇറങ്ങിപ്പോയി.. മറുവിഭാഗം കുട്ടയും തൂമ്പയുമായി അപ്പോഴേ റെഡി..
എല്ലാവര്‍ഷവും എല്ലാവരുംകൂടി ഒരുമിച്ചു നടത്തുന്ന ശുചീകരണ പരിപാടി പ്രധാനമന്ത്രിയുടെ ആഹ്വാനമുള്ളതുകൊണ്ട് കുറേപേര്‍ക്ക് അരോചകമാകുന്നു.  ഇതാണ് നമ്മുടെ നാട്... ചാകാന്‍ കിടന്നാലുംശരി രാഷ്ട്രീയംനോക്കി മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്തുവെന്നു വിചാരിച്ചാല്‍ എന്തുചെയ്യാന്‍ കഴിയും.. രാഷ്ട്രീയപ്രബുദ്ധത കൂടിയാല്‍ ഭ്രാന്താകുമെന്നതിന്‍റെ നേര്‍കാഴ്ച...
     തിരുവനന്തപുരം എം പി ശശിതരൂര്‍ തന്‍റെ മണ്ഡലത്തിലെ അഴുക്കുകോരാന്‍ നേതൃത്വംകൊടുത്തതില്‍ ഭയങ്കര പ്രതിക്ഷേധമാണ് പലയിടത്തും അരങ്ങേറുന്നത്... പ്രധാനമന്ത്രി മോഡിയുടെ; സ്വച്ച് ഭാരത് പദ്ധതിയില്‍ പങ്കാളിയായിയെന്നതാണ് തരൂരില്‍ ആരോപിക്കപ്പെടുന്ന കുറ്റം.. രാഷ്ട്രപിതാവിന്‍റെ ആശയത്തോട് നീതിപുലര്‍ത്തിക്കൊണ്ട് രാഷ്ട്രം നടത്തുന്ന ശുചികരണയജ്ഞത്തില്‍ പങ്കാളിയാകണമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യാക്കാരോട് ആവശ്യപ്പെട്ടാല്‍ അതൊരു അപാകതയാണോ..??. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒരു ജനപ്രധിനിധി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്താല്‍ അതൊരു കുറ്റമാണോ..??  മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, തരൂര്‍ ഒരു പാര്‍ലമെന്റ് അംഗവും... അടുത്ത അഞ്ചുവര്‍ഷത്തെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനവശ്യമായ  തീരുമാനങ്ങള്‍ പ്രധാമന്ത്രിയെടുത്താല്‍ അതിനെ പിന്തുണയ്ക്കാനുള്ള ഉത്തരവാധിത്വം എല്ലാവര്‍ക്കുമുണ്ട്... വിരുദ്ധരാഷ്ട്രിയത്തിന്‍റെ പേരു പറഞ്ഞ് എല്ലാ തീരുമാനങ്ങളെയും കണ്ണടച്ചെ തിര്‍ത്താല്‍ എങ്ങനെ സുഗമമായ ഭരണം സാധ്യമാകും..? രാഷ്ട്രനിര്‍മ്മിതിക്കും ജനസേവനത്തിനും വേണ്ടിയാണ് നമ്മള്‍ ജനങ്ങള്‍ ജനപ്രതികളെ തിരഞ്ഞെടുക്കുന്നത് അല്ലാതെ തറ രാഷ്ട്രിയം കളിക്കാനല്ല... അക്കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ചിലനേരങ്ങളില്‍ സുബോധംവന്നാല്‍ അതിനെയെന്തിന് എതിര്‍ക്കണം  ... തരൂരിന്‍റെ തീരുമാനത്തില്‍ രാഷ്ട്രീയലാഭം ആരോപിക്കുമ്പോള്‍.. എന്തുകൊണ്ടാണ് ബാക്കിയെല്ലാ കേരളഎംപിമാരും മാലിന്യനിര്‍മ്മാര്‍ജന വിഷയത്തില്‍ പാവകണക്കെ ഇരിക്കുന്നത്.... ക്ലീന്‍ഭാരത് എന്ന മനോഹര സ്വപ്നത്തെ പിന്തുണയ്ക്കുന്നതില്‍നിന്ന് എന്തുകൊണ്ടാണ് നമ്മുടെ എം പി  മാര്‍  മാറിനില്‍ക്കുന്നത്.. ഇന്ത്യന്‍ പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ ഈ ചലഞ്ചിന്‍റെ   ഗുണഭോക്താക്കള്‍ സാധരണജനമാണന്നിരിക്കെ എന്തുകൊണ്ട് അതില് നിന്നും നമ്മുടെ മാന്യ എം പി മാര്‍ വിട്ടുനില്‍ക്കുന്നു അതാണ്‌ ജനത്തിനു അറിയേണ്ടത്... ഒരു തരൂരെങ്കിലും അതിനെ പിന്തുണച്ചതില്‍ സന്തോഷം... ജനോപകാരപ്രദമായ വിഷയങ്ങളില്‍ രാഷ്ട്രിയംമറന്ന് ഒന്നിച്ചാല്‍ മാത്രമേ ഇവിടെ എന്തെങ്കിലും നടക്കൂ..
   നാടും നഗരവും മാലിന്യത്താല്‍ ചീഞ്ഞുനാറുമ്പോള്‍ അതിനെതിരെ അധരവ്യായാമം നടത്തിയിട്ടെന്തുകാര്യം... ചൂലെടുത്ത് മുന്നോട്ടിറങ്ങനുള്ള ആര്‍ജവമാണ് ജനപ്രതിനിധികള്‍ കാണിക്കേണ്ടത്... ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന എംപി മാരും, എം എല്‍ എ മാരും, സിനിമാക്കാരും, സാമൂഹ്യസാംസ്കാരിക നേതാക്കന്മാരും ചുരുക്കം ചില മണിക്കൂറുകള്‍ ശുചിത്വഭാരതം പരിപടിക്കുവേണ്ടി മാറ്റിവെച്ചാല്‍ ഇവിടെ വലിയമാറ്റം നടക്കുമെന്നുറപ്പാണ്... വീണ്ടുമൊരു വിളപ്പില്‍ശാലയും,ഞെളിയന്‍പറമ്പും ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രിയംമറന്ന് ഒന്നാകാന്‍ കഴിയണം..  പരിസ ശുചീകരണംപോലുള്ള നല്ല കാര്യങ്ങളില്‍ എന്തിനാണ് രാഷ്ട്രിയം കലര്‍ത്തുന്നത്... മോഡിയുടെ സ്വച്ച്ഭാരത്‌ ബി ജെ പി യുടെ ആശയമാണെന്ന് പരാതിപറയുന്നവര്‍  മറ്റൊരുപേരില്‍ ശുചീകരണപരിപാടി നടത്തട്ടെ... എന്തുപേരായാലും ചവറുകള്‍ മാറണം അത്രമാത്രം... ആലപ്പുഴയില്‍ തോമസ്‌ ഐസക്ക് എം എല്‍ എ യുടെ നേതൃത്വത്തില്‍ മാലിന്യനിവാരണ യജ്ഞം നടത്തി ഫലംകണ്ടു.. അവരത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു... നല്ല കാര്യം.... ഇതേ മാതൃക എല്ലാ നേതാക്കളും, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്തുടരട്ടെ...

        സ്വച്ച് ഭാരത് ഉത്ഘാടനത്തില്‍ പ്രധാനമന്ത്രി ചൂലെടുത്ത് ചുമ്മാ അഭിനയിച്ചുവെന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍,, അദേഹം ഡല്‍ഹിയിലെ തെരുവുവൃത്തിയാക്കാന്‍ പോയില്ലായെന്നുള്ള വരട്ടു വാദങ്ങളല്ല പറയേണ്ടത്... ഒരു നല്ലപദ്ധതിയുടെ തുടക്കം അദേഹം നടത്തിയെന്നു കരുതിയാല്‍ മതി... ഇനി അതിനെ ഏറ്റെടുക്കേണ്ടത് ഓരോ ഇന്ത്യാക്കാരനുമാണ്... സ്വന്തം വീടുംപരിസരവും ചുറ്റുപാടും വൃത്തിയാക്കി സൂക്ഷിക്കാനുള്ള ആഹ്വാനത്തെ പരിഹസിക്കാതെ പങ്കാളിയാകൂ... മോഡി ബിജെപിയുടെ പ്രധാനമന്ത്രിയാണ് അതുകൊണ്ട് ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറയുമ്പോള്‍;;;;  മോഡി ബി ജെ പിയുടെ പ്രധാനമന്ത്രിയാണ് അതുകൊണ്ട് ഇനിമുതല്‍  കേന്ദ്രഫണ്ടുകളോന്നും വേണ്ടയെന്നു ഇതരസംസ്ഥാനസര്‍ക്കാരുകള്‍ പറയുമോ... മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍തരുന്ന ആനുകൂല്യങ്ങളോന്നും വേണ്ടയെന്നു ഇതര രാഷ്ട്രിയപ്രതിനിധികള്‍ തീരുമാനിക്കുമോ... ഇല്ലല്ലോ .. രാജ്യം വൃത്തിയാക്കുന്നതില്‍ പങ്കാളികളാകാന്‍ അദേഹം ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെടുന്നു .. നമ്മുടെനാടിനും നമുക്കും അതുവളരെ ആവശ്യമാണെന്നതിനാല്‍ ഈ ശുചികരണ യജ്ഞത്തില്‍ പങ്കാളിയാകാന്‍ മടിക്കേണ്ട കാര്യവുമില്ല... ഗാന്ധിജിയുടെ ആശയമെന്നതിനാല്‍ തരൂരിന്‍റെ പാര്‍ട്ടിയും ഇതിനു പിന്തുണകൊടുക്കേണ്ടതാണ്... അല്ലെങ്കില്‍ അവരും തുടങ്ങട്ടെ സ്വന്തം നിലയ്ക്ക് ശുചീകരണയജ്ഞം... ഇതിനൊന്നും കഴിയാതെ കൈയ്യില്‍ അഴുക്കുപുരുളുന്ന ഒരു പരിപാടിക്കും ഞങ്ങളില്ല ഇനി അഥവ ആരെങ്കിലും അങ്ങനെചെയ്താല്‍ ഞങ്ങളതിനെ വിമര്‍ശിക്കും എന്നാതാണോ നിലപാട്... തരൂര്‍ മാത്രമല്ല എല്ലാ എം പി മാരും ശുചീകരണപരിപാടിയില്‍ പങ്കാളികള്‍ ആകേണ്ടതാണ്... ഓരോ എം പി യും അവരവരുടെ മണ്ഡലത്തിലെ മാലിന്യങ്ങള്‍ നീക്കി  ക്ലീന്‍ ഇന്ത്യ പരിപാടിക്ക് നേതൃത്വം കൊടുക്കട്ടെ.... അല്പം മാലിന്യമെങ്കിലും ഈ പരിപാടിയിലൂടെ  മാറിക്കിട്ടിയാല്‍ അതൊരു നേട്ടമല്ലേ...
  പാര്‍ലമെന്റില്‍ പോയിരുന്നു ഉറങ്ങാനും സമയാസമയങ്ങളില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും മാത്രം എം പി യാകാതെ അല്പം ശുചീകരണമൊക്കെ നടത്തുന്നതില്‍ ഒരു തെറ്റുമില്ല... ഇനിയിപ്പോ പാര്‍ട്ടിയും ആദര്‍ശവും നോക്കി മാത്രമേ ശുചീകരണം നടത്തുവെങ്കില്‍ അതുമാവാം... തോമസ്‌ ഐസക്ക് എം എല്‍ എ യുടെ നേതൃത്വത്തിലുള്ള പരിപാടി എല്ലാ സി പി എം കാരനും ഏറ്റെടുക്കട്ടെ... മോഡിക്ക് പിന്തുണ കൊടുത്തുകൊണ്ട് എല്ലാ ബിജെപി ക്കാരനും സ്വച്ച് ഭാരത്‌  പദ്ധതി വിജയിപ്പിക്കട്ടെ... തരൂരിനെപ്പോലുള്ളവര്‍ക്ക്  മനക്ക്ലേശം ഉണ്ടാക്കാതിരിക്കാന്‍ സോണിയാഗാന്ധിയും തുടങ്ങട്ടെ ശുചീകരണ പരിപാടി... ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഇങ്ങനെയുള്ള ശുചീകരണ പദ്ധതികള്‍ ഏറ്റെടുത്തുനടത്താന്‍ തുടങ്ങിയാല്‍; എപ്പോ നമ്മുടെ നാട് വൃത്തിയായിയെന്നു ചോദിച്ചാല്‍ മതി... തന്‍റെതല്ലാത്ത കാരണത്താല്‍ സ്വച്ച്ഭാരതെന്ന സ്വപ്നപദ്ധതിക്ക് തന്നാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കി ഇതൊരു സംഭവമാക്കിക്കൊടുത്ത തരൂരിന് ഒരു ബിഗ്‌ സല്യൂട്ട്.... മാലിന്യത്തിന് രാഷ്ട്രീയമില്ല ദുര്‍ഗന്ധം മാത്രമേയുള്ളൂവെന്ന് മനസ്സിലായവര്‍ ശുചീകരണം നടത്താന്‍ മുന്നോട്ടിറങ്ങും...,ഗന്ധങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്തവര്‍ മാലിന്യത്തില്‍ത്തന്നെ കിടക്കവിരിക്കും...


4 comments:

  1. Good thoughts, blindly opposing everything is not a good sign. At present Mr. Modi is Indian Prime Minister, everybody have to accept it. Also we should give a reasonable period of time to judge a person or his motives. Apparently he is performing as a good Prime Minister, which should be appreciated.


    Regards
    Soman. K

    ReplyDelete
  2. വേണുഗോപാല്‍October 27, 2014 at 9:23 PM

    ഏതോ സ്ത്രീയുടെ പ്രേതത്തെ പേടിച്ചിട്ടാണ് തരൂര്‍ ഈ പണിക്കിരങ്ങിയതെന്നും പറയപ്പെടുന്നു

    ReplyDelete
  3. രഞ്ജിത്October 28, 2014 at 11:00 AM

    തിരുവനന്തപുരംകാര്‍ ശാശിയാകാതിരുന്നാല്‍ മതിയായിരുന്നു

    ReplyDelete
  4. തരൂര്‍ ചവറില്‍ കോലിട്ടിളക്കിയതോടെ നാറ്റം കൂടിയെന്നു മാത്രം

    ReplyDelete