**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, October 5, 2014

ന്യൂയോര്‍ക്ക് ടൈംസ് നമ്മള്‍ പൂട്ടിക്കും...

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍        
  ന്യൂയോര്‍ക്ക് ടൈംസില്‍വന്ന മംഗള്‍യാന്‍ കാര്‍ട്ടൂണിനെതിരെ നമ്മള്‍ മലയാളികള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുക്യാണ്,,, അമേരിക്കയും, പാശ്ചാത്യശക്തികളും എന്തിനേറെ ലോകംമുഴുവന്‍ ആശങ്കയോടെയാണ് ഈ സംഭവത്തെ  ഉറ്റുനോക്കുന്നത്.. സൈന്യത്തോട് സജ്ജമായിരിക്കാന്‍ ഒബാമ പറഞ്ഞിട്ടുണ്ട് പോലും.. സമാധാനചര്‍ച്ചയ്ക്ക് യു എന്‍ ഇടപെടാനും സാദ്ധ്യത കാണുന്നു. എലൈറ്റ് സ്പെയിസ് ക്ലബിന്‍റെ വാതിലില്‍ ഇന്ത്യക്കാരന്‍ കന്നുകാലിയുമായിച്ചെന്നു  മുട്ടുന്നരീതിയില്‍ ന്യുയോര്‍ക്ക് ടൈംസില്‍ വന്ന കാര്‍ട്ടൂണാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.. വംശീയധിക്ഷേപവും, ഇന്ത്യന്‍സ് വെറും കണ്ട്രീസാണെന്നുമാണ് കാര്‍ട്ടൂണ്‍ അര്‍ഥമാക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.. പ്രതിഷേധം ഇങ്ങനെപോയാല്‍ മിക്കവാറും അമേരിക്ക ഈ വിഷയത്തില്‍ മാപ്പ് പറയാനാണ് സാദ്ധ്യത... ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഫേസ്ബുക്ക് പേജുമുഴുവന്‍ മലയാളികള്‍ ദേശസ്നേഹംകൊണ്ട് കൈയ്യടക്കിയിരിക്കുന്നു... എവിടെ നോക്കിയാലും മലയാളത്തില്‍ ദേശസ്നേഹം തുളുമ്പുന്ന വാക്കുകള്‍.. ഇന്ത്യ എന്നാല്‍ കേരളംപോലെ തോന്നിക്കുന്ന രീതിയിലാണ് അവിടെ കാര്യങ്ങള്‍.  വേറെ ഭാഷക്കാരൊന്നും ദേശസ്നേഹത്തില്‍ പങ്കെടുക്കുന്നതായി കാണുന്നില്ല. ഒണ്‍ലി മലയാളം.. നാടുനീളെ ഇംഗ്ലീഷ് മീഡിയം വന്നതിന്‍റെ ഗുണമാണിത്.. സായ്പ്പ് എന്തു ചെയ്താലും അപ്പൊ നമ്മള്‍ വിവരമറിയും.. ദേഷ്യം തോന്നിയാല്‍  ഇവിടെക്കിടന്നു തൊടല് പൊട്ടിക്കും, മുണ്ടുപൊക്കി കാണിക്കും, കൂവും അങ്ങനെ പലതും നമ്മള്‍ ചെയ്യും.. ഇതെല്ലാം കഴിഞ്ഞ് വല്ലതും തരണേയെന്നു കരഞ്ഞുകൊണ്ട്‌ അങ്ങോട്ടു ചെല്ലുകയും ചെയ്യും.. പേജ് പൂട്ടിക്കണമെന്നാണ് ആഹ്വാനം. അതിനു മുന്പ് പൂട്ടിരുകരുടെ അക്കൌണ്ട്തന്നെ  പൂട്ടുമോയെന്നു കണ്ടറിയണം. നമ്മുടെ നാടിന്‍റെ സംസ്കാരവും സ്വഭാവ സവിഷേതകളും നിറഞ്ഞു നില്‍ക്കുന്ന പ്രതികരണങ്ങളാണ് പത്രത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ അധികവും വന്നിരിക്കുന്നത്... കടലാസുകൊണ്ട് ചന്തി തുടയ്ക്കുന്നവന്‍ എന്നുവരെ വെളിപ്പെടുത്തിയിട്ടുണ്ട്. സായിപ്പിന്‍റെ തന്തയ്ക്ക് വിളിച്ച്  നമ്മുടെ ദേശസ്നേഹം വെളിപ്പെടുത്താന്‍ പറ്റിയ സമയമാണ് അതുകൊണ്ട് ആരും ഉപേക്ഷ വിചാരിക്കരുത്...  കമന്റുകളോന്നും ഡിലീറ്റ് ചെയ്യാതെയും പ്രതിഷേധക്കാരെ ബ്ലോക്കാതെയും പത്രം അതിന്‍റെ മാന്യത കാണിച്ചിട്ടുണ്ട്... അതുനോക്കി ആരാണ് കേമന്‍ എന്നു നമുക്ക് സ്വയം തീരുമാനിക്കാം...
  കാര്‍ട്ടൂണിന്‍റെ വ്യാകരണാര്‍ഥം പറയുന്നതില്‍ വലിയ പുതുമയൊന്നുമില്ല. കാര്‍ട്ടൂണില്‍ വംശീയത ഉണ്ടെന്നു പറഞ്ഞാല്‍ വംശീയമെന്നത് നമുക്ക് സ്ഥിരം പരിപാടിയാണ്. അതിനു അമേരിക്കവരെയൊന്നും പോകേണ്ട... ദളിതന്‍ കയറിയ സ്ഥലം ചാണകം അടിച്ചു കഴുകുന്ന നാടാണിത്..മതം മാറി കല്യാണം കഴിച്ചാല്‍ രണ്ടിനെയും കൊല്ലുന്നത് അഭിമാനമായി കരുതുന്ന നാട്,,, രോഗം മാറാന്‍ ബ്രാഹ്മണന്‍റെ എച്ചിലില്‍ക്കിടന്നു ഉരുളുന്ന നാട് ... കാര്‍ട്ടൂണില്‍ വംശീയത പറഞ്ഞാലും അമേരിക്കയില്‍  മലയാളികളാരും ഈ വംശീയത പറഞ്ഞുകണ്ടില്ല ... എപ്പോ വിസവരുമെന്ന് കാത്തിരിക്കുന്ന ആരും ഇതുമൂലം യാത്ര ഒഴിവാക്കുകയുമില്ല.  ഇനി കന്നുകാലിയുടെ കാര്യം പറഞ്ഞാല്‍  കാലിയെ ദൈവമായി കരുതുന്ന നാടാണ് ഇന്ത്യ.. മനുഷ്യനെ കൊന്നാലും കാലിയെ കൊല്ലരുതെന്ന് പറയുന്ന ഏകരാജ്യം.. കാലിദൈവത്തെ പിടിച്ചിരിക്കുന്ന കാര്‍ട്ടൂണില്‍ എന്താണ് കുഴപ്പം.. കാര്‍ട്ടൂണിലെ വേഷം നോക്കിയാല്‍ ഭൂരിഭാഗം ഇന്ത്യക്കാരുടെയും വേഷവും ഇതൊക്കെ തന്നെയാണ്... മംഗള്‍യാന്‍ ചൊവ്വയിലെത്തിയ ശേഷം ഇന്ത്യക്കാരന്‍, സായ്പ്പിന്‍റെ  എലൈറ്റ് ക്ലബൊരു തൊഴുത്താക്കാന്‍ തീരുമാനിച്ചുവെന്നു കരുതിയാല്‍ പ്രശ്നം തീര്‍ന്നു.. എടാ സായ്പ്പേ നിന്‍റെ കോട്ടും ,സ്യൂട്ടും ,സാങ്കേതിക വദ്യയുമൊന്നും ഞങ്ങള്‍ക്കിനി ആവശ്യമില്ല. നിന്‍റെ ക്ലബില്‍ ഞാന്‍ എന്‍റെ കന്നുകാലിയെ കെട്ടുമെന്ന ഇന്ത്യാക്കാരന്‍റെ വെല്ലുവിളിയാണ് ഈ കാര്‍ട്ടൂണില്‍ കാണുന്നതെന്ന് പറഞ്ഞാല്‍ എന്താ കുഴപ്പം... 
  ജപ്പാനും ചൈനയുമൊക്കെ തോറ്റ കേസാണ് നമ്മള്‍ ജയിച്ചത്‌. സായ്പ്പിന് മാത്രമല്ല മിക്ക രാജ്യങ്ങള്‍ക്കും നമ്മളോട് അസൂയ കാണും.. സായ്പ്പിന്‍റെ  മോന്തയ്ക്കാണ് നമ്മള്‍ തൊഴിച്ചിരിക്കുന്നതിന്‍റെ തെളിവാണ് ഈ കാര്‍ട്ടൂണ്‍. അവന്‍റെ കൃമികടിയങ്ങനെ അവന്‍ തീര്‍ത്തുവെന്നേയുള്ളൂ.. എന്തിനാണ് ഈ ചീളു കേസില്‍ വെറുതെ നമ്മള്‍ മാനം കളയുന്നത്.. ഇവിടെ നാട്ടില്‍ അമേരിക്കന്‍ പതാകകൊണ്ട് കോണകമടിച്ചു നടക്കുന്നു. ഏതെങ്കിലും സായ്പ്പ് ചോദിയ്ക്കാന്‍ വന്നോ? അമേരിക്കന്‍ പ്രസിഡണ്ടുമാരെ  പട്ടിയായും, കുരങ്ങായും, കഴുതയായുമൊക്കെ നമ്മള്‍ ഫോട്ടോഷോപ്പ് നടത്തി രസിച്ചപ്പോഴും അവരാരും മിണ്ടാന്‍ വന്നില്ല.. പിന്നെ എന്തിനീ ബഹളം .. മാത്രമല്ല മംഗള്‍യാന്‍റെ  വിക്ഷേപണ ഘട്ടങ്ങളില്‍ പലപ്പോഴും നമ്മള്‍ നാസയുടെ സഹായം സ്വീകരിച്ചിട്ടുമുണ്ട്.. അന്യരാജ്യക്കാരന്‍റെ ഫേസ്ബുക്ക് പേജില്‍ അവനു മനസിലാകാത്ത  മലയാളത്തില്‍ തെറിയെഴുതി സ്വയം നാറുന്ന ഈ പരിപാടിയാണോ രാജ്യസ്നേഹം.. ഇതു രാജ്യ സ്നേഹമല്ല സാംസ്കാരിക ജീര്‍ണ്ണതയാണ് കാണിക്കുന്നത്..

  ഏതായാലും മലയാളികള്‍; മലയാളപത്രമൊന്നും വായിച്ചില്ലെങ്കിലും സ്ഥിരമായി ന്യുയോര്‍ക്ക് ടൈംസ് വായിക്കുന്നവരാണെന്നു സായിപ്പിന് മനസ്സിലായിക്കാണും.. ഇനി കൊച്ചിയിലോ തിരുവനന്തപുരത്തൊ പുതിയ എഡിഷന്‍ തുടങ്ങാനുള്ള  സാദ്ധ്യതയുണ്ട്. ജോലിക്ക് ആളെ ആവശ്യമുണ്ടൊന്നൊരു ബോര്‍ഡ് തൂക്കിയാല്‍  ഈ പ്രതികരണക്കാരായിരിക്കും സ്യൂട്ടും കോട്ടുമിട്ട് ആദ്യം ഇന്റെര്‍വ്യൂവിനു ചെല്ലുക; അതു വേറെകാര്യം..
 കാര്‍ട്ടൂണ്‍ വിമര്‍ശങ്ങളെ തെറികൊണ്ട് നേരിടുകയെന്ന രീതി മംഗള്‍യാന്‍ ചൊവ്വായി ചൊവ്വയില്‍ ഇറങ്ങിയിട്ടും നമ്മുടെ ചൊവ്വദോഷം തീര്‍ന്നില്ലായെന്നതിന്‍റെ തെളിവാണ്.. സ്വന്തം പേജില്‍ വന്ന മലയാളത്തിലുള്ള ഓരോ കമന്റും ഇംഗ്ലീഷിലാക്കാന്‍ പത്രം ദ്വിഭാഷികളെ വെച്ചിട്ടുണ്ടന്നു പറയുന്നു.. എല്ലാ കമന്റുകള്‍ക്കും മറുപടി അയക്കാനാണ് തീരുമാനം.. എന്നാല്‍;  മാപ്പില്‍ കുറഞ്ഞതൊന്നും നമുക്കാവശ്യമില്ല. അതും ഒബാമ തന്നെ പറയണം. ആറ്റുനോറ്റ് വിട്ട ഒരു മംഗള്‍യാനാണ്; അതിനെയാണ് കുറ്റം പറഞ്ഞിരിക്കുന്നത്.. വിടരുത്.. ആദ്യ പടിയായി പത്രത്തിന്‍റെ പേജ് പൂട്ടിക്കണം,അതുകഴിഞ്ഞ് എലൈറ്റ് സ്പെയിസ് ക്ലബിനെ നമുക്കൊരു തൊഴുത്താക്കി മാറ്റണം.. നമ്മുടെ എല്ലാ കാലികളെയും അവിടെ കുറ്റിയടിച്ചുകെട്ടണം. ക്ലബിലിരുന്നു ബീഡി വലിച്ച സായിപ്പുമാരെ  കറവക്കാരായി  നിയമിക്കണം എങ്കിലേ ഇവറ്റുകള്‍ പഠിക്കൂ........ അല്ലാ,,,,, അങ്ങനെ വല്ലതും നടക്കുമോ.?. പ്രധാനമന്ത്രിയടക്കമുള്ളവര്‍ പോയി കാലുകഴുകി വെള്ളംകുടിച്ചിട്ടാണ്‌ എന്തെങ്കിലും നക്കാപ്പിച്ച സായിപ്പ് തരുന്നത്.. കാലുപിടിക്കാന്‍ പോയി വന്നിട്ട് ഒരേമ്പക്കം വിട്ടതേയുള്ളൂ.. അപ്പോഴാ അവന്മാരുടെ ഒരു രാജ്യസ്നേഹം.. മംഗള്‍യാന്‍ കുറച്ചുകാലം കൂടി ചൊവ്വയില്‍ നിന്നോട്ടെ.. ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണോ.. പക്ഷെ പട്ടി ആനയെ പേടിച്ചേ പറ്റു..

 ദൈവത്തിന്‍റെ നാട്ടിലെല്ലാം തനി കൂതറകള്‍ കയറൂരി നടക്കുകയാണെന്ന് ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. കായല് കാണാനും, വള്ളംതുഴയാനും വരാനിരുന്നവര്‍ വേറെ വല്ല വഴിക്കും പോകട്ടെ. ഇങ്ങനെതന്നെ വേണം ദേശസ്നേഹം പ്രകടിപ്പിക്കാന്‍..

5 comments:

  1. പ്രേംരാജ്October 6, 2014 at 9:45 AM

    പത്രം മാപ്പെഴുതി തടിയൂരി ..ഇന്ന് ലഡു വിതരണം ഉണ്ടാകും

    ReplyDelete
  2. രവിമേനോന്‍October 6, 2014 at 3:25 PM

    ശത്രുവിന്റെ മുന്നില്‍ നിന്നും സുരക്ഷിത ദൂരം എത്തിയാല്‍ തുണിപൊക്കി കാണിച്ച് പ്രതിഷേധിക്കുന്ന രീതി കേരളത്തില്‍ വ്യാപക മാകുന്നു

    ReplyDelete
  3. angane saayippine nammal othukki

    ReplyDelete