**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, February 12, 2017

ജെയ്ക്കെ താന്‍ എന്തൊരു ദുരന്തമാടോ...! എന്നാരും പറയേണ്ട.



 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്നുവെന്ന് പറയപ്പെടുന്ന SFI യുടെ സദാചാര ഗുണ്ടായിസത്തെക്കുറിച്ച് ഏഷ്യാനെറ്റിന്‍റെ ചൊറിച്ചില്‍ അവറില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് തോമസിന് പീഡനം ഏറ്റതായി പരക്കെ വാര്‍ത്ത പരന്നിരിക്കുന്നു.. ജെയ്ക്ക് ഒരു ദുരന്തമായി മാറിയെന്നു ചിലര്‍ പറയുന്നു. ഒരിക്കലുമല്ല. കാരണം   പ്രമുഖ രാഷ്ട്രിയസ്വയം നിരീക്ഷകന്‍ ശങ്കരന്‍വക്കില്‍ ഇതേ ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ “ഊള” എന്ന് വിളിച്ചപ്പോഴേ മനസ്സിലായി ജെയ്ക്ക് മിടുക്കനായ ഒരു വിദ്യാര്‍ത്ഥിനേതാവാണെന്ന്.. ഇരകള്‍ എന്ന് പറയുന്ന വിദ്യാര്‍ത്ഥിനികളും അവതാരകന്‍  വിനും ചേര്‍ന്ന് നടത്തിയ തള്ളലില്‍ ജെയ്ക്ക് പെട്ടുപോയി എന്നതാണ് സത്യം. പക്ഷെ  കോളേജില്‍നടന്ന കലാപരിപാടികള്‍ക്ക് സാക്ഷ്യംവഹിച്ചുവെന്നു പറയുന്ന വിദ്യാര്‍ത്ഥിനികളെ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ വിളിച്ചില്ല. ഈ സംഭവത്തില്‍ പരാതികൊടുത്ത വിദ്യാര്‍ത്ഥിനിയേയും ചര്‍ച്ചയ്ക്ക് വിളിച്ചില്ല. എന്നിട്ടും സംഭവത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള  ജെയ്ക്ക് ചര്‍ച്ചിക്കാന്‍ പോയതാണ് അബദ്ധം... ചര്‍ച്ച എങ്ങനെ കൊണ്ടുപോകണമെന്ന് വിനു നേരത്തെ തീരുമാനിച്ചുവെന്ന് വ്യക്തമാണ്.. ഇത്തരം കലാപരിപാടികളില്‍ രണ്ടുവശവും കേട്ടാലേ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയൂ.. സംഭവത്തിന്‌ ദൃക്സാക്ഷികളെന്ന് പറയപ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ മറ്റൊരു ചാനലില്‍ വെളിപ്പെടുത്തിയ പ്രകാരം കോളേജില്‍ പഠിക്കുന്ന രണ്ടുപെണ്‍കുട്ടികള്‍ കോളേജിനുപുറത്തുള്ള അവരുടെ ഒരു കൂട്ടുകാരനുമൊത്ത് ഒരു ക്ലാസ്സ്‌ റൂമില്‍ കയറി വാതില്‍ അടയ്ക്കുകയും ഒരു കൂട്ടുകാരി വാതിലിനു പുറത്തു കാവല്‍നില്‍ക്കുകയും ചെയ്തുവെന്നും അതുകണ്ട തങ്ങള്‍ അവരോട് കാര്യം തിരക്കിയെന്നും എന്നാല്‍ അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അപ്പോള്‍ തങ്ങള്‍ കൂട്ടുകാരെവിളിച്ചുവന്നും ഈ കൂട്ടുകാരാണ് മറ്റേ കൂട്ടുകാരനെ പഞ്ഞിക്കിട്ടതെന്നും പറയുന്നു... ഏഷ്യാനെറ്റില്‍ പറയുന്നു ചുമ്മാ ഇരിക്കുവായിരുന്ന കൂട്ടുകാരനെ; ചുമ്മാ തോണ്ടിവിളിച്ചു കൊണ്ടുപോയി ചുമ്മാ മര്‍ദിച്ചുവെന്ന്.. ഏതായാലും ഒരുകാര്യം വ്യക്തമാണ് പുറത്തുനിന്ന് ഒരു കൂട്ടുകാരന് അകത്തുകയറി, അതറിഞ്ഞ കോളേജിലെ പുരുഷ കേസരികള്‍ അകത്തുകയറിയ കൂട്ടുകാരനെ ചര്‍ച്ചയ്ക്ക് വിളിച്ചു.ചര്‍ച്ച പൊളിഞ്ഞപ്പോള്‍ പുറത്തെ കൂട്ടുകാരനെ അകത്തുവെച്ചു  പഞ്ഞിക്കിട്ടു.. രണ്ടു പെണ്‍കുട്ടികളുടെ കൂടെ ചുമ്മാ ഇരുന്നും നടന്നും സമയം ചിലവഴിച്ച യുവാവിനു മര്‍ദനമേല്‍ക്കാനിടയായ   സംഭവപരമ്പരകളെപ്പറ്റി ഒരു സി ബി ഐ അന്വേഷണം നടത്തുകയാണ് വേണ്ടത് ...

  ഇതിലിപ്പോ എന്തേ ഇത്രവലിയകാര്യം..? 9B യില്‍ പഠിച്ചകാലത്ത് 10A യില്‍ അറിയാതെ കയറിപ്പോയതിന്‍റെ പേരില്‍ ഉന്തും തള്ളും തത്തീരും മേടിച്ച എത്രപേരുണ്ട് ഇവിടെ....  10A യില്‍ പഠിച്ചപ്പോള്‍ 10E യിലെ പെണ്‍കുട്ടിക്ക് ഒരു കത്ത് കൊടുത്തുവെന്നുപറഞ്ഞ് ആ ക്ലാസ്സിലെ  ആണ്‍കുട്ടികളുടെ തല്ലുമേടിച്ച എത്രപേരുണ്ട് ഈ നാട്ടില്‍.......,, കോളേജ് ഡേയ്ക്ക് ഗാനമേള നടക്കുമ്പോള്‍ അടുത്ത കോളേജില്‍നിന്ന് ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരെ തിരഞ്ഞുപിടിച്ച് ചൊറിഞ്ഞ് ഒടുവില്‍ സീനാക്കി ഗെയിറ്റുവരെ ഓടിച്ച സംഭവം മറക്കാന്‍ പറ്റുമോ. മറ്റൊരു കാമ്പസിനുള്ളില്‍ കയറി നാടകം കാണണമെങ്കില്‍ അല്പം ഓടാനെങ്കിലും അറിഞ്ഞിരിക്കണമെന്ന സാമാന്യതത്വം അറിയാത്ത ചെറുപ്പക്കാര്‍ ഇപ്പോഴുമുണ്ടോ.. ഹോ വാട്ട് എ പിറ്റി!!!!!  
  
 ഒരു കോളേജ് കമ്പസിനകത്തു കയറി അവിടുള്ള പെണ്‍കുട്ടികളുടെ തോളില്‍കയ്യിട്ടു നടക്കുമ്പോള്‍ അതുകാണുന്ന ആ കാമ്പസിലെ പുരുഷകേസരികള്‍ വെറുതേയിരിക്കുമോ കൂട്ടുകാരാ... അവര്‍ നിന്‍റെ ആധാര്‍കാര്‍ഡും അണ്ടര്‍വെയറുമൊക്കെ പരിശോധിച്ചുവെന്നിരിക്കും. അതിപ്പോ എസ് ഫ് ഐ അല്ല കെ സ് യു, എ ബി ബി പി, എം എസ് എഫ് എല്ലാം അങ്ങനെതന്നെ.. സംശയമുണ്ടേല്‍ ഗുരുവായരുപ്പന്‍ കോളേജിലും ഫരുഖ് കോളേജിലും സെന്റ്‌ തോമസ്‌ കോളേജിലുമൊക്കെ  ഇതേപരിപാടി ആവര്‍ത്തിച്ച്‌ നോക്കിയാല്‍ മതി.. പരാതിപറയുന്ന കൂട്ടുകരികളും കൂട്ടുകാരനും ആ ക്ലാസ്മേറ്റ്സ് സിനിമയൊക്കെ ഒന്ന് കണ്ടുനോക്കു.. ഇതൊക്കെ ആ സെന്‍സില്‍ എടുത്താല്‍ പോരെ....
  
  പിന്നെ സദാചാരം ..ചര്‍ച്ചയുംമറ്റും കാണുമ്പൊള്‍തോന്നും എസ്എഫ്ഐ കേന്ദ്രകമ്മിറ്റികൂടിയാണ് തല്ലല്‍ പ്ലാന്‍ ചെയ്തതെന്ന്... ഈ പ്രശ്നം ചര്‍ച്ചിച്ച് അലമ്പാക്കുന്ന വിനു കോളേജിലൊന്നും പഠിച്ചിട്ടില്ലേ...രാഷ്ട്രിയം കളിച്ചിട്ടില്ലേ  മത്സരിച്ച് തോറ്റിട്ടില്ലേ മാഗസിനില്‍ പടം വരച്ചിട്ടില്ലേ. അത്യാവശ്യം ഉന്തും തള്ളുമൊക്കെ നടത്തിയിട്ടില്ലെ.. ഇമ്മാതിരി തല്ലും ബഹളവുമൊക്കെ കാമ്പസ് ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാണ് വിനുവേ... കാമ്പസിനു പുറത്തുള്ള ഒരുത്തന്‍ കാമ്പസില്‍ കയറി അവിടെ പഠിക്കുന്ന പെണ്‍കുട്ടികളുടെ കൂടെ ആടിപ്പാടി നടക്കുമ്പോള്‍ അവിടുള്ള ആമ്പിള്ളേര്‍ അതിനെക്കുറിച്ച് ചോദിച്ചന്നിരിക്കും. അപ്പൊ സ്ഥലവുംസമയവും നന്നായി മനസ്സിലാക്കാന്‍ കഴിവുള്ളവന്‍ കൃത്യമായ മറുപടികൊടുത്ത്‌ തടിയൂരും. അതല്ല നിങ്ങളാരാടാ ചോദിക്കാനെന്നു തിരിച്ചു ചോദിച്ചാല്‍ ചിലപ്പോ തല്ലുവാങ്ങി പോകേണ്ടിവരും... വക്കിലന്മ്മാരുടെ കേസില്‍ ഇടപെട്ടപ്പോള്‍ നിങ്ങള്‍ക്കത് മനസിലായില്ലേ വിനു... തല്ലുവാങ്ങിയവനും തല്ലുകൊടുത്തവനും പരിപാടി കഴിഞ്ഞ് പ്രശ്നം സപൂറാക്കി കാന്റീനില്‍ പോയി ഉണ്ടന്‍പൊരിയും ചായയും കഴിച്ച് കാശ് പറ്റുബുക്കില്‍ എഴുതിച്ച് സ്ഥലം വിടുകയായിരുന്നു പഴയകാലത്തെ ഒരു രീതി ..അന്ന് തല്ലു വാങ്ങിയവരും തല്ലു തന്നവരുമൊക്കെയാണ് ഇന്നത്തെ ഏറ്റവും നല്ല കൂട്ടുകാര്‍... ആ,,,  അത് അന്തകാലം...ഇന്തകാലത്ത്  രാവിലെ തല്ല്,  വൈകുന്നേരം ചാനല്‍ ചര്‍ച്ച; അതോടെ ചെറിയ ഒരു പ്രേമകാര്യം ലോകം മുഴുവന്‍ വിളിച്ചുപറഞ്ഞ് പണ്ട് ചന്തിക്ക് പിടിച്ചതും, ജാക്കിവെച്ചതും, ഉമ്മ കൊടുത്തതും എല്ലാം ശര്ധിപ്പിച്ച് ഒടുവില്‍ ഇനിയൊന്നും ബാക്കിയില്ലായെന്ന പരുവത്തില്‍ തലയില്‍മുണ്ടിട്ട് ചാനലില്‍നിന്നും പുറത്തിറങ്ങേണ്ടന്ന അവസ്ഥയിലാക്കിത്തരും ഇമ്മാതിരി അവതാരകന്മ്മാര്‍..

 കാലിക പ്രസക്തിയുള്ള എത്രയോ ദുരന്തങ്ങള്‍ വേറെ ചര്‍ച്ചചെയ്യാന്‍ കിടക്കുമ്പോള്‍ ഒരു കാമ്പസിനുള്ളില്‍ നടന്ന ചെറിയ ഒരു തല്ലുകേസിനെ എടുത്തിട്ടു അലക്കി നാറ്റിച്ചു കുളമാക്കുന്ന ഇത്തരം എമ്പോക്കികളെയാണ് ശരിക്കും കൈകാര്യം ചെയ്യേണ്ടത്..

 ചുംബനസമരത്തിനെതിരെ കൊടിപിടിച്ചവരും  JNU വിൽ കോണ്ടം തപ്പിനടന്നവരും,അൻസിബയെയും നസ്രിയയെയും തട്ടമിടീപ്പിക്കാനും ഔറത്ത് മറക്കാനും ഉപദേശിച്ചവരും ഇവിടെ എടുത്ത നിലപാടും ഭയങ്കരം തന്നെ... ഇതിലിപ്പോ എന്താ ചെയ്യാന്‍ കഴിയുക. ഏതായാലും നമുക്ക് സദാചാരവും വേണം, ആണിനും പെണ്ണിനും പരസ്പരം തോളില്‍ കയ്യിട്ടു നടക്കാനുള്ള സ്വാതന്ത്ര്യവും വേണം. പക്ഷെ രണ്ടും അതിരുവിടാനും പാടില്ല.. നമ്മുടെ മാനസികനിലവാരം യൂറോപ്പിന് സമാനമകാത്തതുകൊണ്ട് കാമ്പസുകളിലും,  ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും; തോളില്‍ കയ്യിടലും, ആടലുംപാടലും വല്ലാതെയാവുമ്പോള്‍; ചിലപ്പോ ആരെങ്കിലുമൊക്കെ ഇടപെടല്‍ സാദ്ധ്യത കാണുന്നുണ്ട്. അതുകൊണ്ട് കാമ്പസുകളിലും പൊതു ഇടങ്ങളിലുമൊക്കെ കൂട്ടുകാരനും കൂട്ടുകാരിക്കും കെട്ടിപ്പിടിക്കാനും ഉല്ലസിക്കാനും സ്നേഹിക്കാന്‍ മുട്ടിനില്‍ക്കുന്നവര്‍ക്ക് സ്നേഹിക്കാനും  ‘ലവേര്‍സ് പാര്‍ക്ക്’ എന്നൊരു ഭാഗം ഉണ്ടാക്കിയാല്‍ വളരെനന്നായിരിക്കും.. അവിടെയിരുന്നു ആത്മനൊമ്പരങ്ങള്‍ ഇറക്കട്ടെ,സ്നേഹിക്കട്ടെ.. അവിടെ സദാചാര ഇടപെടല്‍ അനുവദനിയമല്ല എന്നൊരു ബോര്‍ഡും വയ്ക്കാം.. വേണമെങ്കില്‍ കാമ്പസിനുള്ളില്‍ ഈ കാര്യത്തില്‍ യു ജി സി ക്ക് ചില   മാനദണ്ഡങ്ങള്‍ വയ്ക്കുകയും ആവാം.. ഇതിനോടനുബന്ധിച്ച് കുറച്ചു ക്വാണ്ടം വെണ്ടിംഗ് മിഷനുകളും സ്ഥാപിക്കാം.. നമ്മുടെ യുവത്വങ്ങള്‍ പറന്ന് ഉല്ലസിക്കട്ടെ..
  
 ഇതെല്ലാം സദാചാരക്കാരുടെ  ലിംഗവിശപ്പാണെന്നാണ് മറ്റൊരു വാദം.. ഉവ്വ ലിംഗവിശപ്പുതന്നെയാണ്. വിശപ്പ് വല്ലാതെ മൂക്കുമ്പോള്‍ ആക്രമണം സ്വാഭാവികം.. അപ്പൊ അധികം വിശപ്പ് സൃഷ്ട്ടിക്കാതിരിക്കുന്നതല്ലേ നല്ലത്..
  പ്രിയ ആണ്‍കുട്ടികളെ നിങ്ങള്‍ ഇനിയെങ്കിലും ഇങ്ങനെ കൂട്ടുകാരികള്‍ വിളിച്ചാല്‍ പോകരുത്..തല്ലു നിങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഏതെങ്കിലും കുരുത്തം കെട്ടവന്മാര്‍ നിങ്ങള്‍ ബീഡി വലിക്കുന്ന വല്ല ഫോട്ടോയും പിടിച്ചു നെറ്റിലിട്ടാല്‍ ഒരുപക്ഷെ അതു നിങ്ങളുടെ തന്തയോ തള്ളയോ പെങ്ങന്മ്മാരോ കാണാന്‍ ഇടയുണ്ട്.. അന്ന് നിങ്ങളെ ഏതെങ്കിലും ചാനലില്‍  അന്തിച്ചര്‍ച്ചയ്ക്ക് വിളിക്കും.. ഫോട്ടോ കാണിക്കും; അപ്പൊ ഇത് എന്‍റെതല്ല; എന്‍റെത് ഇങ്ങനെയല്ലാന്ന് നിങ്ങ പറയുമ്പോള്‍  എന്നാ നിങ്ങടെത് ഇപ്പൊ തുറന്നുകാണിക്ക് പ്രേഷകര്‍  എസ്എംഎസി ലൂടെ ഇപ്പൊ അഭിപ്രായം അറിയിക്കുമെന്ന്  വിനുവിനെപ്പോലുള്ള അവതാരകര്‍ വിളിച്ചുപറയും.. ആര്‍ക്ക്പോയി...

 ജെയ്ക്കിനെപ്പോലുള്ള നേതാക്കള്‍ ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം; കാളപെറ്റന്ന്‍ കേള്‍ക്കുമ്പോഴേ കയറെടുക്കാന്‍ പോകരുത്.. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍; അറിഞ്ഞില്ല, അന്വേഷിക്കാം, അങ്ങനെ ഉണ്ടായാല്‍ നടപടിയെടുക്കാം, അവരെ പുറത്താക്കും,  റേഞ്ച് കിട്ടുന്നില്ല, ഞാനിപ്പോള്‍ യാത്രയിലാണ് ,അവര്‍ ഈ പാര്‍ട്ടിയില്‍ ഉള്ളവരല്ല. ഇത് കെട്ടിച്ചമച്ച കഥയാണ് എന്നിങ്ങനെയുള്ള ചൊല്ലുകളെ പറയാവൂ..അതോടെ ആ ഇഷ്യൂ അവിടെ തീരും..

 ഒരുകാര്യം ഉറപ്പിച്ചുപറയാം കേരളത്തിലെ യുവാക്കള്‍ അത് SFI, KSU, ABVP, MSF ആരുമാകട്ടെ; പരസ്യമായ ആണ്‍പ്പെണ്‍ സൌഹാര്‍ദ്ദങ്ങളെ അത്രയ്ക്കങ്ങ് അംഗികരിക്കാന്‍ പാകപ്പെട്ടിട്ടില്ല. അതുകൊണ്ട് ‘റോഡ്‌ ഷോ’ സൌഹാര്‍ദ്ദക്കാര്‍ അല്പം ജാഗ്രത പാലിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ് ചുംബനസമരവും, ഫരുഖ് കോളേജ് സംഭവവും, യൂണിവേഴ്സിറ്റി കോളേജും അതിനു ഉദാഹരണങ്ങളാണ്..   

   ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും  

3 comments:

  1. എസ് ഫ് ഐ ക്കാരെക്കാള്‍ ശല്യം ചില ആങ്ങളമാരെ കൊണ്ടാണ് .സ്വതന്ത്രമായി പ്രേമിക്കാന്‍ സമ്മതിക്കാത്ത ആങ്ങളമാരെ അറസ്റ്റ് ചെയ്യണം. അവന്മ്മാര്‍ കാരണം ഇപ്പൊ പാന്റ്സ് ഇടാനേ കഴിയുന്നില്ല . പെട്ടന്ന് കയറി പിടിക്കുമ്പോള്‍ മുണ്ട് അഴിച്ചിട്ട് ഓടിയാണ് പലപ്പോഴും രക്ഷപെടുന്നത്...

    ReplyDelete
  2. ജെയ്ക്കിനെപ്പോലുള്ള നേതാക്കള്‍ ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം; കാളപെറ്റന്ന്‍ കേള്‍ക്കുമ്പോഴേ കയറെടുക്കാന്‍ പോകരുത്.. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍; അറിഞ്ഞില്ല, അന്വേഷിക്കാം, അങ്ങനെ ഉണ്ടായാല്‍ നടപടിയെടുക്കാം, അവരെ പുറത്താക്കും, റേഞ്ച് കിട്ടുന്നില്ല, ഞാനിപ്പോള്‍ യാത്രയിലാണ് ,അവര്‍ ഈ പാര്‍ട്ടിയില്‍ ഉള്ളവരല്ല. ഇത് കെട്ടിച്ചമച്ച കഥയാണ് എന്നിങ്ങനെയുള്ള ചൊല്ലുകളെ പറയാവൂ..അതോടെ ആ ഇഷ്യൂ അവിടെ തീരും..
    ഇതൊക്കെയാണ് രാഷ്ട്രീയട്രിക്കുകള്‍

    ReplyDelete