**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, February 17, 2017

ആമിയേ ആങ്ങളമാര്‍ ഇപ്പോഴേ ഹിറ്റാക്കി....



  
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   ചിത്രീകരണം തുടങ്ങുംമുമ്പേ ഹിറ്റായ സിനിമയാകാന്‍ സാധ്യതയുണ്ട്  ആമി.. പണി തുടങ്ങാനിരിക്കുന്നതേയുള്ളൂ എങ്കിലും ചിത്രത്തെക്കുറിച്ചുള്ള ഒരുകൂട്ടം ആളുകളുടെ വേവലാതിയും ആവലാതിയുമാണ് ഇപ്പൊ ചര്‍ച്ചാവിഷയം..

  പുലിമുരുകനിലൊക്കെ ഒര്‍ജിനല്‍ നാടന്‍കടുവായും കേണലുമായുള്ള മല്‍പ്പിടുത്തം കാണാന്‍വരൂ നാട്ടുകാരെയെന്നു പറഞ്ഞായിരുന്നു പ്രചരണം. ഒടുക്കം ഡമ്മി കടുവായുമായാണ് കേണല്‍ മല്‍പിടുത്തം നടത്തിയതെന്ന് അറിഞ്ഞപ്പോഴേക്കും പടം സുപ്പര്‍ഹിറ്റായി.. ഇതിപ്പോ അതുപോലെ ആമിക്കഥയിലെ  ഞെരിപ്പ്  സംഭവങ്ങളൊന്നും  കാണിക്കേണ്ടിവന്നില്ല .. പേര് പറഞ്ഞപ്പോഴേക്കും പടം പ്രസിദ്ധമായി...

  വിദ്യാബാലനുശേഷം അടുത്ത ആമി ആരാണെന്നു നോക്കിയിരുപ്പായിരുന്നു. അത് മഞ്ജൂവാര്യരാണെന്ന്‍ അറിഞ്ഞപ്പോഴേ ഒരുപറ്റം കേരളിയര്‍ വല്ലാതെ പകച്ചുപോയിരിക്കുന്നു.. ഉടനടി സിനിമയില്‍നിന്നും പിന്മാറണമെന്നാണ് ആങ്ങളമാരുടെ ആവശ്യം.. മഞ്ജൂവിന്‍റെ കാര്യത്തില്‍ അങ്ങനെ ഒരു പ്രശ്നം വരാന്‍ സാദ്ധ്യതയില്ലായിരുന്നു.. എല്ലാ പാര്‍ട്ടിക്കാരുമായും സഹകരിച്ചു പോവുകയാണ് മഞ്ജൂവിന്‍റെ രീതി. ആരേയും വിമര്‍ശിക്കാറില്ല; കിട്ടുന്ന അവസരത്തിലൊക്കെ എല്ലാ പാര്‍ട്ടിക്കാരെയും പുകഴ്ത്താറാണ്  പതിവ്...അതുകൊണ്ടെന്താ എവിടെപോയാലും അംബാസിഡറാണ്..

  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഏതോ ഒരു സിനിമയില്‍ അഭിനയിച്ച കാരണത്താല്‍  ജൈവകൃഷിയുടെ അംബാസിഡറായി; തുടര്‍ന്ന്‍  വനിതകള്‍ക്കായി ആരംഭിച്ച ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസിഡറും ഇവര്‍ തന്നെയായിരുന്നു
  
  മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റെടുത്ത ശേഷം അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫെസ്ബുക്ക് പോസ്റ്റുകള്‍ ആരംഭിച്ചു. അതിനുള്ള സമ്മാനം തുടര്‍ന്ന്‍ നല്‍കപ്പെട്ടൂ; പിണറായി സര്‍ക്കാര്‍ ആരംഭിച്ച ഹരിത കേരളം പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി  മഞ്ജു വാര്യര്‍ നിയമിതയായി .

  ഇതിനിടെ കോഴിക്കോട്ട് ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗ വേദിയില്‍ നൃത്തവും അവതരിപ്പിച്ചു .രാജ്യസഭയില്‍ ഒഴിവുവരുന്ന കലാകാരന്‍മാരുടെ വിഭാഗത്തിലെ സീറ്റില്‍ മഞ്ജുവാര്യരെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ആയിരുന്നു ഈ അരങ്ങേറ്റം.

  ദിലീപ്-കാവ്യ വിവാഹം നടന്നതിന് പിന്നാലെ തോല്‍ക്കാതിരിക്കാന്‍ തന്നെ പഠിപ്പിച്ചത് ഫിദല്‍ കാസ്‌ട്രോയുടെ ജീവിതം നല്‍കിയ പ്രചോദനമാണെന്ന് ചൂണ്ടികാട്ടി ഫേസ് ബുക്കില്‍ പോസ്റ്റിട്ടുതന്‍റെ നിലപട് വ്യക്തമാക്കി. ഇങ്ങനെ എല്ലാ രാഷ്ട്രിയപാര്‍ട്ടികളോടും തുല്യനീതി കാട്ടിയ മഞ്ജൂ വാര്യര്‍ക്കെതിരെയാണ് ഇപ്പൊ ഈ പടപ്പുറപ്പാട്... ആമി സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല പോലും... പത്തു ചക്രം തടയണ കേസാ,,, അത് വേണ്ടാന്ന് വയ്ക്കാന്‍ പറ്റുമോ... ഉടനെ അടുത്ത പോസ്റ്റും വന്നു.. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്‍റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് പറയുന്നത് ..... ഏതയാലും സിനിമ വരട്ടെ കണ്ടുനോക്കാം..
  
  ജെ സി ഡാനിയേലിനെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ സെല്ലുലോയിഡ്‌ എടുത്തപോലത്തെ ഗവേഷണങ്ങളൊന്നും ആമിയുടെ കാര്യത്തില്‍ ആവശ്യമില്ല. മാധവിക്കുട്ടിയുടെ കഥയും ജീവിതവുമൊക്കെ ഈ തലമുറയ്ക്ക് നന്നായി അറിയാവുന്ന കാര്യങ്ങളാണ്. അവരുടെ  ജീവിതം അവരുടെ നോവലുകള്‍ പോലെതന്നെ  തുറന്ന പുസ്തകമാണ് .. ജീവിതത്തില്‍ സംഭവിച്ചതെന്ന് അവര്‍ പറഞ്ഞത് പലതും ആമിയെന്ന സിനിമയില്‍  ഉണ്ടാകാനും സാദ്ധ്യതയില്ല.. ക്ലാസ്സിക്കുകള്‍ എന്നതിനേക്കാള്‍ രതിയുടെയും  വികാരങ്ങളുടെയും തുറന്നു പറച്ചിലുകളുടെ വേലിയേറ്റവുമാണ് അവരുടെ നോവലുകളെ ജനപ്രീയമാക്കിയത്.. അവസാനകാലത്തെ തകര്‍ന്ന പ്രണയവും മതംമാറ്റവും അന്ന് വലിയ ചര്‍ച്ച ആയെങ്കിലും ഇന്ന് അത് ജനങ്ങളെ അത്രമേല്‍ ആലോസരപ്പെടുത്തുന്ന ഒന്നാണെന്നു പറയാന്‍ കഴിയില്ല.. ഇനി മഞ്ജൂവെങ്ങാനും അഭിനയം കഴിഞ്ഞ് മതം മാറിയേക്കുമെന്നാണ് ആങ്ങളമാര്‍ പേടിക്കുന്നതെങ്കില്‍. അഭിനയം; തുട്ടിനു വേണ്ടിയാണെന്നും ജീവിതവുമായി അതിനൊരു ബന്ധവുമില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്..  ഈ കഥാപാത്രത്തെ മഞ്ജൂ വെള്ളിത്തിരയില്‍ എത്തിക്കുന്നത് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യവുമില്ല.. ഇവിടെ കമലാണ് പടത്തിന്‍റെ സംവിധായകനെന്നതാണ് പ്രശ്നം.. കമലിന്‍റെ രാഷ്ട്രിയമാണ് എതിര്‍പ്പിന്‍റെ വിഷയം. തിയേറ്ററില്‍ ദേശിയഗാനം പാടണോ; പാടിയാല്‍ ഇരിക്കണോ നിക്കണോ തുടങ്ങിയ  കാര്യത്തില്‍ അഭിപ്രായം പറഞ്ഞതാണ് രാജ്യസ്നേഹികള്‍ക്ക് പിടിക്കാതെപോയത് .. അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരെക്കുറിച്ച് രണ്ടുവരി എഴുതി ആ പ്രശ്നം  കമല്‍ അന്നേ തീര്‍ക്കേണ്ടതായിരുന്നു...

 ആവിഷ്കാരസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നൊക്കെ നമ്മള്‍ ഇടയ്ക്കിടെ പറയുമെങ്കിലും നമുക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കണ്ടാല്‍ പാക്കിസ്ഥാന്‍ ചാരനാക്കിയും, തെറിവിളിച്ചും, ചീമുട്ട എറിഞ്ഞും നമ്മള്‍ നമ്മുടെ സഹിഷ്ണുത കാണിച്ചുകൊടുക്കും..

  സിനിമയ്ക്ക് അതിനുള്ളില്‍ ഒരു രാഷ്ട്രിയമുണ്ടെങ്കിലും കേവലം ഒരു വിനോദോപാധിയെന്ന നിലയ്ക്കാണ് ഭൂരിപക്ഷംജനവും അതിനെ കാണുന്നത്.. സിനിമാനിര്‍മ്മാതാവിന്‍റെയൊ, നടീനടന്മ്മാരുടെയോ, സംവിധായകന്‍റെയോ; രാഷ്ട്രീയമോ, മതമോ  അതില്‍ വിഷയമാകാറില്ലായിരുന്നു.. ഇനിയിപ്പോ ഹിന്ദുസിനിമ , മുസ്ലീംസിനിമ , ക്രിസ്ത്യന്‍സിനിമ , ദേശസ്നേഹിസിനിമ , ദേശദ്രോഹിസിനിമ തുടങ്ങിയ വകഭേദങ്ങള്‍ ഉണ്ടാകുമോ എന്തോ..?
   
  ഒരാളുടെ  രാഷ്ട്രീയംനോക്കി അയാളുടെ തൊഴിലിടങ്ങളില്‍; ജനക്കൂട്ടം വിലക്കുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ അത് ശുഭസൂചനയല്ല നല്‍കുന്നത്... കമല്‍ എന്ന കലാകാരന്‍ രൂപം കൊടുക്കുന്ന ആമിയെ; മഞ്ജൂവാര്യര്‍ അഭിനയിച്ചു ഫലിപ്പിക്കട്ടെ.. പ്രകടനം കണ്ടശേഷം അഭിപ്രായങ്ങള്‍ പറയാം... ആമി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്തും ദേശിയഗാനം പാടും. അപ്പൊ എണിറ്റുനിന്ന്‍ ആദരവ് പ്രകടിപ്പിക്കാം... തിയേറ്ററില്‍ ദേശിയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കേണ്ടയെന്ന്‍ കമല്‍ പറഞ്ഞിട്ടുണ്ടങ്കില്‍;  തിയേറ്ററില്‍വരുന്ന കമല്‍സിനിമകളില്‍ ദേശിയഗാനം തുടങ്ങുമ്പോള്‍  കൂട്ടത്തോടെ എഴുന്നേറ്റ് നിന്നുകൊണ്ട് കമലിനോട് പ്രതികരിക്കുകയാണ് വേണ്ടത് .. അതുപോലെതന്നെ  മാധവികുട്ടിയുടെ കഥ ആമിയായി അവതരിപ്പിക്കുമ്പോള്‍ അവരുടെ ജീവിതവും അനുഭവവും അല്പംപോലും സെന്‍സര്‍ ചെയ്യാതെ അവര്‍ പറഞ്ഞപോലെതന്നെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പും കമലിനോട് ആവശ്യപ്പെടാം.. അല്ലാതെ താന്‍ ഇനി അഭിനയിക്കേണ്ട,,, സിനിമയെടുക്കേണ്ടായെന്നൊക്കെ പറയുന്നത്‌ എന്തധികാരത്തിലാണ്.
  
   സിനിമ കാണാനും കാണാതിരിക്കാനും ജനത്തിന് സ്വാതന്ത്ര്യമുള്ളപോലെ സിനിമ നിര്‍മ്മിക്കാന്‍ ഏതൊരു പൌരനും സ്വാതന്ത്ര്യമുണ്ട്.. ഇല്ലയെന്ന്‍ ഒരു ജനക്കൂട്ടം പറഞ്ഞാല്‍ അത് ജനാധിപത്യത്തിന്‍റെ അപചയത്തിലേക്കാണ് സൂചന നല്‍കുന്നത്.. 

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

3 comments:

  1. എന്തെല്ലാം കാണാന്‍ ഇരിക്കുന്നു . എ പടങ്ങള്‍ക്കൊന്നും കൊടി പിടിക്കാത്ത ആളുകളാ ഇപ്പൊ വടിയുമായി ഇറങ്ങിയിരിക്കുന്നെ .... ആമി കേവലം ഒരു സിനിമ മാത്രമാണ് .. കമല്‍ പടം പിടിച്ചാലോ മഞ്ജു അഭിനയിച്ചാലോ ഇവിടെ ആര്‍ക്കും ഒന്നും സംഭവിക്കാനുമില്ല എന്നിട്ടും ഈ കൂവല്‍ എന്തിനാ പോലും

    ReplyDelete
  2. ആമിയില്‍ മഞ്ജുവല്ല ഹന്സികയാണെന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ

    ReplyDelete
  3. മാഷേ കമന്റു ചെയ്യാന്‍ പാടാണല്ലോ വെരിഫിക്കേഷന്‍ ഒഴിവാക്കൂ .. നീര്‍മാതളം പൂത്തപ്പോള്‍ ആണ് സിനിമയാക്കാന്‍ നല്ലത്

    ReplyDelete