**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, February 4, 2017

ഞങ്ങള്‍ സുന്ദരന്മാരാണ് അതുകൊണ്ട് സ്ത്രീധനം വേണ്ട പക്ഷെ നൂറൂപവനും കാറുംവേണം.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 

 മഹാരാഷ്ട്രയിലെ പ്ലസ്‌ടു കുട്ടികള്‍ക്ക് പഠിക്കാനുള്ള സോഷ്യോളജി പുസ്തകത്തില്‍ സ്ത്രീകളുടെ അംഗവൈകല്യവും വൈരൂപ്യവുമാണ് സ്ത്രീധനത്തിന് കാരണമെന്നു പറയുന്നുണ്ടത്രേ.... മാതൃഭൂമി മംഗളം തുടങ്ങിയ ആസ്ഥാന വിതരണക്കാരേല്ലാവരും കൂട്ടായിനിന്ന്‍ ഈ വാര്‍ത്ത കേരളക്കരയില്‍ അറിയിച്ചിട്ടുണ്ട്. നമ്മള്‍ കേരളയിയര്‍ സ്ത്രീധനമെന്നൊരു സംവിധാനത്തെക്കുറിച്ച് കേട്ടുകേഴ്വിപോലുമില്ലാതെ സദ്‌ഗുണസമ്പന്നര്‍ ആയതിനാല്‍ ഈ വാര്‍ത്തയെ സാകൂതം പരിശോധിക്കുന്നത് നന്നായിരിക്കും. സ്ത്രീയാണ് ധനമെന്നാണ് നമ്മുടെ വെയ്പ്പ്; അതിനിടയില്‍ സ്ത്രീയില്‍ നിന്നും ധനമോ... യേയ് ശാന്തം പാപം . ഈ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ സ്ത്രീകളുടെ അന്തസ്സിന്മേലുള്ള കടന്നുകയറ്റാമാണെന്നും പത്രക്കാര്‍ പറയുന്നുണ്ട്.. സംശയമെന്ത് കടന്നുകയറ്റം തന്നെ... നമ്മള്‍ കേരളിയര്‍ ഇങ്ങനെ കടന്നുകയറാറില്ല പകരം എല്ലാം പറഞ്ഞുറപ്പിച്ച് ബ്രോക്കറുടെ കമ്മിഷന്‍ കാര്യത്തില്‍കൂടി തീരുമാനമാക്കിയെ മണ്ഡപത്തിലേക്ക് കയറാറൂള്ളൂ. അല്ലപിന്നെ...
     
   സത്യത്തില്‍ ഈ സ്ത്രീധനപ്രശ്നത്തെ എങ്ങനെ ന്യായികരിക്കണമെന്നറിയാതെ ഉഴലുകയായിരുന്നു ഇതുവരെ. എന്തിനാ സ്ത്രീധനം വാങ്ങിയതതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ? ആ... പുട്ടടിക്കാന്‍ അല്ലാതെന്തിനാ...എന്നായിരുന്നു ഇതുവരെ ഉത്തരം. ഇനിയിപ്പോ ധൈര്യമായി പറയാം വൈരൂപ്യം ഉണ്ടായിരുന്നു അതുകൊണ്ട് വാങ്ങിയതാണെന്ന്..    
  “ഇത് എന്റെ അപ്പന്‍റെ വീട്ടിന്നു കൊണ്ടുവന്നതാ... നിങ്ങടെ വീട്ടിന്നു എന്നാ മങ്ങാത്തോലിയാ കിട്ടിയത്”
എന്ന് ചോദിക്കുമ്പോള്‍ ഇനി തലചൊറിയാതെ ഉത്തരം കൊടുക്കാമല്ലോ നിന്നെപ്പോലെ വൈരൂപ്യമുള്ള എടുക്കാചരക്കുകളെ തലയില്‍ വച്ചതിനുള്ള കൂലിയാണ് ഇതെന്ന്...
  
  പുസ്തകത്തില്‍ പറഞ്ഞപ്രകാരം വൈരൂപ്യം, അംഗവൈകല്യം തുടങ്ങിയവ സ്ത്രീധനപ്രശ്നത്തിലെ  ചില സാധ്യതകളാണെന്നാ കാര്യത്തില്‍  ഒരു തര്‍ക്കവും വേണ്ട പക്ഷെ  തുടര്‍ന്നങ്ങോട്ട് സ്ത്രീധനത്തിന്റെ പരിണിത ഫലങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്.. അത് നമ്മുടെ നിഷ്കളങ്കരായ ലേഖകര്‍ കണ്ടില്ല. ഇതില്‍ സ്ത്രീധനം വാങ്ങിയാല്‍ ഉണ്ടാകുന്ന ദോഷങ്ങളാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠം. അത് പുസ്തകത്തില്‍ കൃത്യമായി പറയുന്നുണ്ടുതാനും അതുകൊണ്ട് ആ വിഷയത്തില്‍  പരീക്ഷയ്ക്ക് ചോദ്യം വരുമ്പോള്‍ ഉത്തരം എഴുതി അവരതില്‍ തീരുമാനം എടുക്കട്ടെ.
  
  ഇതൊരു ഭയങ്കര സംഭവമാണെന്നുപറഞ്ഞ് അച്ചുനിരത്തിയവരും വാര്‍ത്ത കണ്ടെത്തിയവരും എന്തായിരിക്കും ഈ വിഷയത്തില്‍ സ്വന്തം കാര്യം വന്നപ്പോള്‍ എടുത്ത നിലപാട് ... ഇവരാരും സ്ത്രീധനം വാങ്ങിട്ടുണ്ടാവില്ലായെന്നു ആശ്വസിക്കാം... കേരളത്തില്‍ ഈ സമ്പ്രദായം  വ്യാപകമാല്ലേ.. കരിഞ്ഞ് ചായച്ചണ്ടിപോലെയിരിക്കുന്നവനും വെളുത്ത പെണ്ണും, നൂറൂപവനും, മാരുതി കാറുമാണ് പ്രതീക്ഷിക്കുന്നത് പിന്നെ കുറെ നടന്നു കാലുതേയുമ്പോള്‍ കിട്ടുന്നതുംകൊണ്ടങ്ങ് അഡ്ജസ്റ്റാവും അതാണ്‌ പരമസത്യം. പക്ഷെ നുമ്മ അതു സമ്മതിക്കില്ല. സ്ത്രീധനവിഷയത്തില്‍ ഞങ്ങ കേരളിയര്‍ക്ക് നിങ്ങ മഹാരാഷ്ട്രക്കാരോട് പറയാനുള്ളത് എന്താന്ന് വെച്ചാ,,,,സ്ത്രീധനം ഒരു പാപമാണ്. അത് വാങ്ങരുത്, കൊടുക്കരുത്, ചോദിക്കരുത്.. പിന്നെ ഞങ്ങളത് വാങ്ങാറില്ലേയുന്നു ചോദിച്ചാല്‍................ ,,,,,നോക്കൂ;   കേരളിയപുരുഷന്മാര്‍  പൊതുവേ സ്ത്രീധനം വാങ്ങാറില്ല ചോദിക്കാറൂമില്ല പക്ഷെ ഒരുകാര്യമുണ്ട്  കേരളിയപുരുഷന്മാര്‍ പുതുവേ സ്ത്രീകളെക്കാള്‍ സുന്ദരന്മ്മാരായിരിക്കും. കേട്ടിട്ടില്ലേ പട്ടുകോണകമുടുത്ത കേരളമങ്കനെന്ന്‍...; ഇല്ലേല്‍ കേക്കണം.. അതുപോലെ   കേരളത്തിലെ  പുരുഷന്മ്മാര്‍ക്കിടയില്‍ വൈരൂപ്യമോ അംഗവൈകല്യമോ ലവലേശം ഉണ്ടായിരിക്കുന്നതല്ല... ഇതൊക്കെ കാരണം ഞങ്ങള്‍ക്ക് വിവാഹവിപണിയില്‍ നല്ല ഡിമാന്‍ഡാ ഏതെങ്കിലും യുവതിയുടെ മാതാപിതാക്കള്‍; മോനെ ഇത് മേടിച്ചോയെന്ന് പറഞ്ഞ് നൂറോ ഇരുനൂറോ പവനോ ഒരു കാറോതന്നാല്‍ അവരെ സങ്കടപ്പെടുത്തേണ്ടയെന്നുകരുതി ഞങ്ങളത് വാങ്ങും കൂട്ടത്തില്‍ അവരുടെ മകളെയും. ഒരിക്കലും ഞങ്ങളത് ബലമായി വാങ്ങുന്നതല്ല.. ഇനി വൈരൂപ്യം ഉണ്ടേല്‍ ക്രീംവാങ്ങാനും ഫേഷ്യല്‍വാങ്ങാനുമുള്ള പണം, അംഗവൈകല്യം ഉണ്ടേല്‍ സഞ്ചരിക്കാന്‍ ഒരു കാര്‍ ഇതൊക്കെ വളരെ ചെറിയ ഡിമാന്‍ഡ് അല്ലേ...  അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ പുസ്തകത്തെ നന്നായി വിമര്‍ശിക്കും.. അംഗവൈകല്യം വൈരൂപ്യം തുടങ്ങിയ പദങ്ങള്‍  എടുത്തു കളയണമെന്നാണ് ഞങ്ങടെ ഒരിത്...
  
  ഇനി സ്ത്രീധനം എന്ന സാമൂഹ്യവിപത്തിന്‍റെ ലോജിക് എന്താണ്.. സ്ത്രീധനം തെറ്റാണെന് പറയുമ്പോഴും അതിങ്ങനെ തുടരുന്നതിനുള്ള കാരണം എന്താണ്...ക്രിമിനല്‍ കുറ്റമാണെന്ന് അറിഞ്ഞിട്ടും കൊടുക്കാനും വാങ്ങാനും ആളുണ്ടാകുന്നതെന്തുകൊണ്ട്? പുരുഷനും സ്ത്രീയും വിവാഹമെന്ന ഉടമ്പടിയിലൂടെ കുടുംബമെന്ന പ്രസ്ഥാനത്തെ സൃഷ്ടിക്കുന്നു.. സമൂഹമെന്ന വലിയ കൂട്ടായ്മയുടെ ചെറിയ പതിപ്പാണ്‌ കുടുംബം. ഒരു കുടുംബം സൃഷ്ടിക്കപ്പെടുമ്പോള്‍ അതിനൊരു വാസസ്ഥാനം വേണം, സ്ഥലംവേണം, വസ്ത്രംവേണം, ഭക്ഷണം വേണം, കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവരെ വളര്‍ത്തണം ദൈനംദിന ചിലവുകള്‍ നടക്കണം ഇങ്ങനെ തൊട്ടതും പിടിച്ചതുമായി നൂറുനൂറു ആവശ്യങ്ങള്‍ ഉണ്ടാകുന്നു.. ഈ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാന്‍ പണം വേണം.. ഈ പണം ആര് ഉണ്ടാക്കണം ?  സ്ത്രീപുരുഷ സമത്വം പ്രസംഗിക്കുമ്പോള്‍ കുടുംബം എന്ന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ പുരുഷന്‍ മാത്രം മൂലധനം ഇറക്കിയാല്‍ മതിയോ? പോരാ സമത്വം സംജാതമാകണമെങ്കില്‍ സ്ത്രീയുടെ മൂലധനവും ഈ സംരംഭത്തില്‍ ആവശ്യമാണ്... അതല്ല പുരുഷന്‍ സ്ത്രീയെ ചുമ്മാ കെട്ടിയെടുക്കണമെന്നു പറയുമ്പോള്‍ അത് കാലികച്ചവടം പോലെയോ  അടിമലേലം പോലെയോ ആകുന്നു.. വെറും കൈയ്യോടെ വരുന്നവര്‍ക്ക് എങ്ങനെ തുല്യത പറയാനാകും തന്‍റെ അവകാശങ്ങളെക്കുറിച്ച് പറയാനാകും... ഈയൊരു ബോധം കെട്ടുപ്രായമായ എല്ലാ യുവതികളുടെയും  അവരുടെ മാതാപിതാക്കന്മാരുടെയും ഉപബോധമനസ്സില്‍ എപ്പോഴും കെട്ടിനില്‍ക്കുന്നു.. അതുകൊണ്ടുതന്നെ നിയമം എതിര്‍ത്താലും അവരത് കൊടുക്കാന്‍ തയ്യാറാകുന്നു. മകള്‍ക്കൊരു ചെക്കനെവേണമെന്ന് ഒരു ബ്രോക്കറോട് പറഞ്ഞാല്‍  തിരിച്ചുള്ള ആദ്യചോദ്യം “എത്ര കൊടുക്കും” എന്നാണ്... ഇതാണ് കേരളത്തിലെ അവസ്ഥ.. ആ നമ്മളാണ് മഹാരാഷ്ട്രയില്‍ വികലാംഗരോ അംഗവൈകല്യമുള്ളവരോ ആയ സ്ത്രീകള്‍ക്ക് സ്ത്രീധനം കൂടുതല്‍ ചോദിക്കുമെന്നോര്‍ത്തു വേവലാതിപ്പെടുന്നത്.. സ്വന്തം കണ്ണിലെ തടിക്കഷണം കളയാതെതന്നെ മറ്റവന്‍റെ കണ്ണിലെ കരടിനെക്കുറിച്ചു പറയുന്നതാണ് നമ്മുടെ കഴിവ്..  

 ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

5 comments:

  1. if the parents pay the equal share for girl and boy, I would say no need to pay dowry.as per govt rule they are eligible too.. how many are paying equal to their daughter?

    usually when the parents pay dowry, they dont pay any more share from their assets. so in fact, girls are getting lesser share from the parents :)

    ReplyDelete
    Replies
    1. എല്ലാ പെണ്‍കുട്ടികളും മേരിറോയ് ഒന്ന് വായിച്ചാല്‍ നന്നായിരിക്കും എന്നല്ലേ ..

      Delete
  2. തുല്യമായ സ്വത്തവകാശം കര്‍ശന നിയമമാക്കിയാല്‍ സ്ത്രീധന സമ്പ്രാദായം ഒരു പരിധിവരി നിയന്ത്രിക്കാം ..

    ReplyDelete
    Replies
    1. അതൊക്കെ ഇവിടെ പണ്ടേ ഉള്ളതല്ലേ

      Delete