**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, February 8, 2017

ലോഅക്കാദമിയില്‍ “തലസ്ഥാനം’ സിനിമ ആവര്‍ത്തിക്കുമോ?. രക്ഷിതാക്കള്‍ ജാഗ്രതെ !


 
 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  
  ചരിത്രപ്രസിദ്ധമായ സെക്രട്ടറിയെറ്റ് തൂറല്‍സമരത്തിന്‌ ശേഷം മറ്റൊരു സമരത്തിനായി കേരളം കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.. അതിപ്പോ പരിഹരിക്കപ്പെട്ടു. വിദ്യാര്‍ഥിസമരമായി തുടങ്ങിയ തിരുവനന്തപുരം ലോഅക്കാദമി സമരം പുതിയ പോര്‍മുഖങ്ങള്‍ തുറന്നു കഴിഞ്ഞു.. കലാപരിപാടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ വിദ്യാര്‍ഥിസമരം വളരെ വിദഗ്ദ്ധമായി ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു മനസിലാക്കാം.. വിദ്യാര്‍ത്ഥികള്‍ ചിത്രത്തില്‍നിന്നും പുറത്തായികഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ വളരെ വിദഗ്ധമായി സമരത്തില്‍ നുഴഞ്ഞുകയറി സമരത്തെ അവരുടെ പാട്ടിലാക്കിയിരിക്കുന്നു.  ഇനി ആര്‍ക്കാണ് ഈസമരത്തില്‍ കൂടുതല്‍ മൈലേജ് കിട്ടുകയെന്ന കാര്യത്തിലാണ് രാഷ്ട്രിയപാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുള്ളത്. അതിനായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ചുടുചോര്‍ വാരിക്കാനുള്ള പണികള്‍ ഉഷാറായി നടക്കുന്നു.. ഒരുവശത്ത് ആത്മഹത്യചെയ്യാന്‍ മരത്തില്‍ കയറ്റുമ്പോള്‍ മറ്റൊരുവശത്ത് ദേഹത്ത് പെട്രോള്‍ ഒഴിപ്പിക്കുന്നു. രണ്ടു വള്ളത്തിലും കാലുവെച്ചുതുഴയുന്ന കൂട്ടരുടെ അവതരണം വരാനിരിക്കുന്നതെയുള്ളൂ. സിനിമാസമരം കഴിഞ്ഞ് റിലീസായ ചിത്രങ്ങളൊന്നും അത്രമേല്‍ മെച്ചമാണെന്നു പറയാന്‍കഴിയാത്ത സാഹചര്യത്തില്‍ ഒരു നല്ല ആക്ഷന്‍ പടം കാന്നുന്ന സുഖത്തോടെ പൊതുജനം ഇതെല്ലാം ലൈവായി കണ്ടു രസിക്കുന്നു...
   സാമാന്യയുക്തിവെച്ച് ലോഅക്കാദമി സമരത്തെ നോക്കിയാല്‍ വിദ്യാര്‍ത്ഥിസമരം എന്നേ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച പ്രിസിപ്പാളെ സര്‍വകലാശാല അഞ്ചു വര്‍ഷത്തേയ്ക്ക് ഡീ ബാര്‍ ചെയ്ത വിവരം എല്ലാ വിദ്യാര്‍ത്ഥികളും  ഇതിനോടകം അറിഞ്ഞിരിക്കും. 5 വർഷത്തേക്ക് ഇനി ലോഅക്കാദമിയിൽ ഒരു ഫാക്കല്‍റ്റിയായിട്ടൂപോലും അവർക്കു ജോലിചെയ്യാൻ കഴിയില്ല. പിന്നെ ഇനിയെന്തിനു വിദ്യാര്‍ത്ഥികള്‍ അവരെ പേടിക്കണം.  അവർക്കെതിരെയുള്ള മറ്റൊരു ആരോപണം ജാതി അധിക്ഷേപം നടത്തിയെന്നതാണ് അതിനു പോലീസ് കേസ് ഉണ്ട്. തെളിയിക്കപ്പെട്ടാൽ അതിനുള്ള നിയമനടപടി ലക്ഷ്മിനായർ നേരിടേണ്ടി വരും. ഇത്തരത്തിലുള്ള ഒരു വിഷയം കോടതിവഴി മാത്രമേ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയൊള്ളു. അതും അതിന്റെ വഴിക്ക് നടക്കുന്നു. ഇല്ലേല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാം..  ഭൂമി പതിച്ചു നല്കിയതുമായുള്ള വിഷയം സർക്കാരും കോളേജ് മാനേജുമെന്റും  തമ്മിലുള്ള പ്രശ്‌നമാണ്. അതും ലക്ഷ്മി നായരുയുടെ രാജി ആവശ്യവും തമ്മിൽ ബന്ധമില്ല. മാഡം രാജിവെച്ചില്ലേല്‍ തിരിച്ചുവന്നു ദ്രോഹിക്കുമെന്നുപറയുമ്പോള്‍ രാജിവെച്ചാലും തിരിച്ചുവരാന്‍ കഴിയുമെന്നുള്ള കാര്യം വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കണം. കാരണം ഇതൊരു സ്വകാര്യകോളേജാണ്. പ്രിന്‍സിപ്പാള്‍ ആരാണെന്ന് മാനേജ്മെന്റ് തീരുമാനിക്കും. അപ്പൊ അവരിനി അഞ്ചു വര്‍ഷത്തേയ്ക്ക് വരില്ലായെന്നു മാനേജ്മെന്റ് പറഞ്ഞാല്‍ അത് മുഖവിലയ്ക്ക് എടുക്കുന്നതില്‍ എന്താണ് കുഴപ്പം ... തിരിച്ചുവന്നാല്‍ അപ്പൊ അതിനനുസരിച്ച് പ്രതികരിക്കുക അതല്ലേ അതിന്റെ രീതി.

  ഇനിയും ഈ സമരം വലിച്ചുനീട്ടി അക്രമരീതിയിലേക്ക് മാറുമ്പോള്‍ വിദ്യാര്‍ത്ഥിസമരം ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നുത്തന്നെവേണം കരുതാന്‍. രാഷ്ട്രീയക്കാര്‍ കുളംകലക്കി മീന്‍പിടിക്കാന്‍ ഇറങ്ങിയ ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തലസ്ഥാനത്ത് ഒരു “തലസ്ഥാനം” സിനിമ മോഡല്‍ അരങ്ങേറാന്‍ സാദ്ധ്യത കാണുന്നുണ്ട്... ഓര്‍ക്കുന്നില്ലേ തലസ്ഥാനം സിനിമ.... .വിദ്യാര്‍ത്ഥിസമരത്തില്‍ ആവേശംമൂത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച വിദ്യര്‍ത്ഥിനേതാവിനെ സമരത്തെ സഹായിക്കാനെന്ന വ്യാജേനെ  സമരത്തില്‍ നുഴഞ്ഞുകയറിയര്‍ തീപ്പെട്ടിയുരച്ചു ചാരമാക്കിയ കഥ... കാണാത്ത മക്കള്‍ ഒന്നു കാണുക മാതാപിതാക്കള്‍ കാണിച്ചുകൊടുക്കുക ... ആത്മഹത്യ ചെയ്യാന്‍ മരത്തില്‍കയറ്റുക, അതിനുകേസ് എടുത്താല്‍ വല്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പറയുക.. ഓര്‍ക്കുക; പറയുന്നവര്‍ ഇങ്ങനെയൊക്കെ പറയും; മരത്തില്‍കയറി താഴെവീണു നുറുങ്ങിയാല്‍ അതോടെതീരും ആ വിദ്യാര്‍ത്ഥിയുടെ ജീവിതം. കൂടെനിന്നവര്‍ പൊടിയും തട്ടി സ്ഥലംവിടും. ആവേശത്തിന് പിരിമുറുക്കി ദേഹത്ത് പെട്രോള്‍ ഒഴിക്കുന്ന വിദ്യാര്‍ത്ഥികളോട്; നിങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്നവന്റെ കൈയ്യിലെ ലൈറ്റര്‍ ഒന്നു മിന്നിയാല്‍ മതി നിങ്ങളുടെ കാര്യത്തില്‍ തീരുമാനമാകും.. സമരം വന്‍തോക്കുകള്‍ ഏറ്റെടുത്തുകഴിഞ്ഞ സ്ഥിതിക്ക് മരത്തില്‍ കയറ്റവും ദേഹത്ത് പെട്രോള്‍ ഒഴിക്കലുമെല്ലാം നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ നേതാക്കള്‍ത്തന്നെ ചെയ്തു കാണിക്കട്ടെ.. പകല്‍ നിരാഹാരം കിടക്കുകയും രാത്രിയില്‍ സ്ഥലംവിടുകയും ചെയ്യുന്നവര്‍തന്നെ ആത്മഹത്യാഭീഷണിയും നടത്തട്ടെ... അതിനിത്തിരി പുളിക്കും. ഞങ്ങ വേണേല്‍ നിരാഹാരം കിടക്കാം.. മരത്തില്‍ കയറാനും പെട്രോള്‍ ഒഴിക്കാനും നിങ്ങല്‍ത്തന്നെ ഇറങ്ങിക്കോണം..
  
  അടൂര്‍ഗോപാലകൃഷ്ണനെ പോലുള്ള പ്രതിഭകള്‍ ഇരുന്ന കസേരയില്‍ ഏതോ ഒരു നാടകനടനെ പിടിച്ചിരുത്തിയപ്പോള്‍ ഏതാണ്ട് അഞ്ചു മാസക്കാലം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതേപോലൊരു  വലിയ വിദ്യര്‍ത്ഥിസമരം നടന്നിരുന്നു അന്ന് അങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്തവര്‍ ഇവിടെ പ്രിന്‍സിപ്പാളിനെ രാജിയാക്കാന്‍ നിരാഹാരം കിടക്കന്നു, വിദ്യാര്‍ത്ഥികളെ  മരത്തില്‍കയറ്റുന്നു.. എന്തൊരു വിദ്യാര്‍ത്ഥിസ്നേഹം!. യോഗ്യതയില്ലാത്ത മണകൊണാഞ്ചന്മാരെയും, ഡോക്ടറേറ്റ് പ്രബന്ധംവരെ കോപ്പിയടിച്ച പുള്ളികളെയും സര്‍വകലാശാല തലപ്പത്ത് അവരോധിച്ചവര്‍ വിദ്യര്‍ത്ഥികളുടെ പഠനം സുഖമമാക്കാന്‍ അവരെ പെട്രോള്‍ ഒഴിച്ച്  കളിപ്പിക്കുന്നു. എന്തൊരു ആത്മാര്‍ത്ഥത....!. രണ്ടുവള്ളത്തിലും ഒരുപോലെ കാലുവെച്ചു നീങ്ങുന്ന എട്ടുംപൊട്ടും തിരിയാത്ത മറ്റൊരു കൂട്ടര്‍ വേറെയെന്തോ പുലമ്പുന്നു... ചുമ്മാ കിടക്കത്തേയുള്ളൂ, മടുക്കുമ്പോള്‍  എണിറ്റു പൊയ്ക്കൊള്ളുമെന്നു പറഞ്ഞുനടക്കുന്ന ഭരണക്കാര്‍... എല്ലാവരും കൂടി വിദ്യാര്‍ത്ഥികളെ മിക്കവാറും കുളിപ്പിച്ചുകിടത്തും.. മരത്തില്‍ കയറ്റിയും ദേഹത്ത് പെട്രോള്‍ ഒഴിപ്പിച്ചും വിദ്യര്‍ത്ഥികളെ കൊണ്ട് ചുടുചോറ് വാരിക്കുന്ന ഈ കളിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജാഗ്രതയോടെ നിന്നില്ലായെങ്കില്‍  “തലസ്ഥാനം” സിനിമ മോഡല്‍ മരണങ്ങള്‍ ഇനിയും കേരളം കാണേണ്ടിവരും... രാജിവരെ സമരം എന്നാണെങ്കില്‍ സമാധാനപരമായ സമരം നടക്കട്ടെ. ബ്രിട്ടിഷുകാര്‍വരെതോറ്റ മാതൃകാ സമരമുറകള്‍ നമ്മുടെ മുന്നിലില്ലേ... ആരുടെയെങ്കിലും പ്രേരണയ്ക്ക് വശംവദരായി മരത്തില്‍ കയറിയും, ദേഹത്ത് പെട്രോള്‍ ഒഴിച്ചും മരണത്തിലേക്ക് എടുത്തുചാടുന്നത് ഭൂലോക വിഡ്ഢിത്തമാണ് മക്കളെ..  

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

3 comments:

  1. തലസ്ഥാനം ആവര്‍ത്തിക്കുന്നതിനു മുന്പ് സമരം തീര്‍ന്നു പിള്ളേര്‍ രക്ഷപെട്ടന്നു കൂട്ടിയാല്‍ മതി .എസ് എഫ് ഐ ക്കാര്‍ ഉണ്ടാക്കിയ അതെ അഗ്രിമെന്റില്‍ സമരം തീര്‍ത്തു നാണംകെട്ട സമരം

    ReplyDelete
  2. എന്തായാലും കുറേ കാട്ടുകള്ളന്മാരുടെ തനിനിറം പൊതുജനം അറിഞ്ഞല്ലോ.അത്‌ മാത്രമുണ്ട്‌ മെച്ചം.

    ReplyDelete
  3. അടൂര്‍ഗോപാലകൃഷ്ണനെ പോലുള്ള പ്രതിഭകള്‍ ഇരുന്ന കസേരയില്‍ ഏതോ ഒരു നാടകനടനെ പിടിച്ചിരുത്തിയപ്പോള്‍ ഏതാണ്ട് അഞ്ചു മാസക്കാലം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതേപോലൊരു വലിയ വിദ്യര്‍ത്ഥിസമരം നടന്നിരുന്നു അന്ന് അങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്തവര്‍ ഇവിടെ പ്രിന്‍സിപ്പാളിനെ രാജിയാക്കാന്‍ നിരാഹാരം കിടക്കന്നു, വിദ്യാര്‍ത്ഥികളെ മരത്തില്‍കയറ്റുന്നു.. എന്തൊരു വിദ്യാര്‍ത്ഥിസ്നേഹം!. യോഗ്യതയില്ലാത്ത മണകൊണാഞ്ചന്മാരെയും, ഡോക്ടറേറ്റ് പ്രബന്ധംവരെ കോപ്പിയടിച്ച പുള്ളികളെയും സര്‍വകലാശാല തലപ്പത്ത് അവരോധിച്ചവര്‍ വിദ്യര്‍ത്ഥികളുടെ പഠനം സുഖമമാക്കാന്‍ അവരെ പെട്രോള്‍ ഒഴിച്ച് കളിപ്പിക്കുന്നു. എന്തൊരു ആത്മാര്‍ത്ഥത....!


    where were these leaders when Vemula suicide?
    Pune Film institute strike?
    ...
    ...
    somehow those leaders need a martyr for getting some votes in next election.

    ReplyDelete