രാജ്യങ്ങളുടെയും ഭാഷകളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് വിവിധ സംസ്ക്കരങ്ങള്‍ക്കോപ്പം കഴിയുമ്പോഴും ഓരോ മലയാളിയും താനൊരു കേരളിയന്‍ ആണെന്നതില് അഭിമാനും കൊള്ളാറുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണവുമായി നമ്മുടെ സ്വന്തം കേരളം ലോകത്ത് പ്രശസ്തമായിരിക്കുമ്പോള്‍; അത് നമ്മിലും ഒരു അനുഭൂതി ഉണര്‍ത്തുന്നു. പ്രകൃതിയുടെ സ്വന്തം നാട്..... കേരളം എന്ന പേരില്‍പ്പോലുമത് പതിഞ്ഞിരിക്കുന്നു. കേരവൃക്ഷങ്ങളുടെ നാട്.... നാല്പ്പത്തിനാല് നദികളും, മഴക്കാടുകളും നിറഞ്ഞ പ്രദേശം.... സൂര്യന്‍ തലയ്ക്കുമുകളിലൂടെ കടന്നുപോകുന്ന അതെസമയത്ത്തന്നെ മഴക്കാലം വന്നെത്തുന്ന അപൂര്‍വ്വദേശം.!!!!!!!!!! ഇവിടെ ഒന്നും കൃത്രിമമായി ഉണ്ടാക്കേണ്ട. പ്രകൃതി തന്നതിനെ സംരക്ഷിച്ചാല്‍ മാത്രം മതി. എന്നാലും നമ്മള്‍ പഠിക്കുന്നില്ല. നമ്മുടെ ഏറ്റവും വലിയ പരാജയം; നമ്മുടെ ശീലങ്ങള്‍ അപ്പാടെ മാറി എന്നുള്ളതാണ്. വിദ്യാഭ്യാസരംഗത്തും, സാംസ്ക്കാരികരംഗത്തും വന്ന കുതിച്ചുചാട്ടങ്ങള്‍, മാധ്യമങ്ങള്‍ക്കുവന്ന ജനകീയ മുഖങ്ങള്‍; ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ മലയാളിയുടെ മുന്നില്‍ എത്തിക്കുന്നു. അവ; അറിയുന്നതിനോപ്പംതന്നെ; സ്വന്തം ജിവിതത്തിലും പകര്‍ത്താനുള്ള അമിതാവേശം മലയാളിയെ കുഴപ്പത്തില്‍ എത്തിക്കുന്നു. സ്വന്തം സംസ്ക്കാരത്തെയും ശിലങ്ങളെയും മറന്ന് വിരുന്നു വരുന്ന പരദേശിയെ വാരിപുണരുന്ന നമ്മുടെ ശീലം നമുക്ക് തന്നെ വിനയാകുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത് .
മനുഷ്യന് അത്യാവശ്യ ഘടകങ്ങള്‍ ആയി വിലയിരുത്തപ്പെടുന്ന മൂന്ന് കാര്യങ്ങള്‍; ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ്. ഇതില്‍ വസ്ത്രവും, പാര്‍പ്പിടവും ആഹാരത്തിന് ശേഷം വരുന്ന കാര്യങ്ങളാണ്. സര്‍വ്വോപരി ജിവന്‍ നിലനിറുത്തുന്നതിനു പരമ പ്രധാനം ഭക്ഷണം തന്നെയാണ്. ഗുണത്തിലും ഭംഗിയിലും ലോകത്തെ മറ്റു ഭക്ഷ്യവിഭവങ്ങളെക്കാളും ഒട്ടും പിറകില്‍ അല്ല നമ്മുടെ നാടന്‍ വിഭവങ്ങള്‍. തലമുറകളായി കൈമാറി കടന്നുവന്ന രീതികള്‍ ആയിരുന്നു; നമ്മുടെ ഭക്ഷ്യ സംസ്ക്കാരത്തെ അടുത്തകാലംവരെ നിയന്ത്രിച്ചിരുന്നത് .മനുഷ്യ ശരിരത്തിന് ആവശ്യമായി വൈദ്യശാസ്ത്രം ചിട്ടപ്പെടുത്തിയ ഒരു ചട്ടക്കുട് തന്നെ ആയിരുന്നു നമ്മുടെ ഭക്ഷണ രീതി .പ്രകൃതി തന്നെ അത് നമുക്ക് ഒരുക്കി തന്നിരുന്നു. വികസനമെന്ന കാഴ്ചപ്പാടില്‍ വന്നമാറ്റം പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുക്കളെ നമ്മള്‍ക്ക് അന്യമാക്കി. ഒന്നിനും സമയം പോര എന്ന സ്ഥിരം പല്ലവിയും; നമ്മുടെ മിഥ്യാഭിമാനവും നാടന്‍ വിഭവങ്ങളെ തള്ളിപ്പറയാന്‍ നമ്മളെ നിര്‍ബന്ധിതരാക്കി .അതുകൊണ്ട് തന്നെയാണ് തലേന്ന് കഴിച്ച കെ ഫ് സി യുടെ ബില്ല് കൂട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നമ്മള്‍ സ്വയം വലിയവരായി എന്ന് ധരിക്കുന്നത്. അനാരോഗ്യകരവും വിഷലിപ്തവുമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് ആളുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ നിയമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അനാരോഗ്യകരമായ ഭക്ഷണ രീതികളിലൂടെ ഒരു സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഇവിടെ നിയമങ്ങള്‍ പര്യാപ്തമാവുന്നില്ല. സ്വന്തം ആരോഗ്യത്തെ സ്വയം സംരക്ഷിക്കുന്നതായിരിക്കും ഇക്കാര്യത്തില്‍ ബുദ്ധി. നമ്മുടെ പഴയ അടുക്കള തോട്ടങ്ങളെ എന്ത്കൊണ്ട് തിരിച്ചുവിളിച്ചുകൂട??? പുതിയ മാറ്റങ്ങള്‍ക്കു പുറം തിരിഞ്ഞു നില്‍ക്കാതെതന്നെ നമ്മുടെ പുതുതലമുറയെ രോഗാതുരമായ ഒരു അവസ്ഥയില്‍ നിന്നും മാറ്റി നിറുത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടതാണ് .
ശര്‍ക്കരകാപ്പിയിലോ, ചുക്കുകാപ്പിയിലോയൊക്കെ ആയിരുന്നു നമ്മുടെ ദിവസങ്ങള്‍ ആരംഭിച്ചിരുന്നത്. ഹോര്‍ലിക്സും ബൂസ്റ്റുമൊക്കെ തരുന്നതില്‍ക്കൂടുതല്‍ ഉന്മേഷം അവ തന്നിരുന്നു. ശുദ്ധമായ അരിപ്പൊടിയില്‍ തയ്യാറാക്കിയ പുട്ടും അതിനൊപ്പം ചേരുന്ന വാഴപ്പഴങ്ങളും കടലക്കറിയുമൊക്കെ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. .ആട്ടുകല്ലില്‍ അരച്ചെടുക്കുന്ന അരിമാവില്‍ രൂപം കൊള്ളുന്ന ഇഡലിയും,ദോശയും; തേങ്ങയും ഇലകളും ചേര്‍ത്തുണ്ടാക്കുന്ന ചട്ണിയും ചേര്‍ത്ത് ഒരു പിടി പിടിച്ചാല്‍ കിട്ടുന്ന സുഖം ഇന്നത്തെ നൂടില്സിനു കിട്ടുമോ???? അടുക്കളയോട് ചേര്‍ന്നുള്ള കുറച്ചുസ്ഥലത്ത്പോലും വെണ്ടയും, ചീരയും, വഴുതനയും, പയറുമൊക്കെ വളര്‍ന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഊണിനുള്ള വിഭവങ്ങള്‍ അപ്പോള്‍തന്നെ നുള്ളിയെടുത്ത് കറിയാക്കിയിരുന്നു. നാലുകാലില്‍ ഒരു ചെറിയ പന്തലൊരുക്കി അതില്‍ പടര്‍ന്നു കായ്ച്ചിരുന്ന പാവലും, പടവലവുമൊക്കെ അടുക്കളപ്പുറത്ത്നിന്ന് മാറി വലിയ തോട്ടങ്ങളിലേക്ക് വന്ന്;. ത്യ്മറ്റ്, ടിഗ്ടോന്ടി, എക്കലെക്സ് തുടങ്ങിയ വിഷങ്ങളില്‍ മുങ്ങി അത് നമ്മുടെമേശമേല്‍ എത്തുന്നു. ഒരു തെങ്ങ് ഉണ്ടങ്കില്‍ അതിന്റെ തടത്തില്‍പോലും മത്തനും, വെള്ളരിയും വളര്‍ന്നിരുന്നു. ചെറിയപറമ്പ് ആണെങ്കില്‍പ്പോലും കുറച്ചു വാഴകളെങ്കിലും കാണുമായിരുന്നു. അതിന്‍റെ ചുണ്ടും, കായും, പിണ്ടിയുമെല്ലാം ആവി പറക്കുന്ന വിഭവങ്ങള്‍ ആയി തീന്‍മേശയില്‍ എത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അന്ന് ആമാശയ ക്യാന്‍സറും ,വായ്പുണ്ണ്, മറ്റ് ഉദരരോഗങ്ങളും പടിക്കു പുറത്തായിരുന്നു. തൊടിയുടെ മൂലയ്ക്ക് നിന്നിരുന്ന കറിവേപ്പിന്‍റെ തളിരിലകള്‍ പൊട്ടിച്ച് കുറച്ചു ഇഞ്ചിയും പച്ചമുളകും കൂട്ടി തിരുമ്മി മോരില്‍കലക്കി കുടിക്കുമ്പോള്‍ ദാഹം മാത്രമല്ല രോഗങ്ങളും മാറി നിന്നിരുന്നു. സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് സോഫ്റ്റ് ആയി കൊല്ലപ്പെടുന്നതിനെക്കാള്‍ എത്രയോ ഭേദമായിരുന്നു അത് .ഓരോ കാലത്തും കഴിക്കാനുള്ള പഴങ്ങള്‍ പ്രകൃതി തന്നെ സമയാസമയങ്ങളില്‍ നമുക്ക് തന്നിരുന്നു. മാവും, പേരയും, ചാമ്പയും, നെല്ലിയും, മള്‍ബറിയുമെല്ലാം നമ്മളെ ഊട്ടിയിരുന്നു....
വറുതിയുടെ സമയത്ത് പ്ലാവ് അത് മനസിലാക്കി കനിയും....ചുളയും, കുരുവും, ചകിണിയുമെല്ലാം ഓരോ വിഭവങ്ങള്‍ ആയി മാറിയിരുന്നു. ദാരിദ്ര്യം വഴി മാറിയപ്പോള്‍ പ്ലാവുകളെല്ലാം ഫര്‍ണിച്ചറുകള്‍ ആയി മാറി. ഭക്ഷണം തന്നിരുന്ന പ്ലാവ് ഭക്ഷണം വിളമ്പാനുള്ള മേശയായി മാറി . സ്ഥലമില്ല സ്ഥലമില്ല എന്ന് വിലപിക്കുമ്പോള്‍ ഓര്‍ക്കുക ഇതൊന്നും പത്തേക്കറില്‍ വിളഞ്ഞിരുന്ന കൃഷി അല്ലായിരുന്നു. ഇവയെല്ലാം വീടിന്റെ ചുറ്റുവട്ടത് തന്നെ ഉണ്ടായിരുന്നു. ഇന്നോ..?? വീടിന്‍റെ ചുറ്റും ഇന്റര്‍ ലോക്ക് കട്ടകള്‍ വിരിക്കുന്നു. ഒരു തുള്ളി വെള്ളം പോലും ഭുമിയിലേക്ക് താഴാന്‍ അനുവദിക്കാതെ ഒഴുക്കി കളയുന്നു. പണ്ടത്തെ പടുകൂറ്റന്‍ മാവും പ്ലാവുമോന്നും വളര്‍ത്താന്‍ സ്ഥലമില്ലങ്കില്‍ നമുക്ക് പുതിയ കൃഷി രീതികളെ പിന്തുടരാവുന്നതെയുള്ളൂ. ഗ്രാഫ്റ്റ് തൈയ്കള്‍ ചെറിയ സ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം തരുന്നവയാണ്.വീടിന്‍റെ ടെറസ്സും മുറ്റവും വരെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വികസനത്തിന്റെ ഫലങ്ങളെ ഉപയോഗിക്കാന്‍ ഇനിയും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. വര്‍ഷത്തില്‍ എല്ലാ സമയത്തും തന്നെ ഇലയും പൂവും കായ്കളും തരുന്ന മുരിങ്ങയെ നമ്മുടെ പറമ്പില്‍ തന്നെ വളര്‍ത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ കണ്ണിനെ നമുക്കുതന്നെ സംരക്ഷിക്കാം. മാര്‍ക്കറ്റില്‍ നിന്നും നമ്മള്‍ വാങ്ങുന്ന വിഷലിപ്ത്തമായ തക്കാളിക്ക് പകരം ശുദ്ധമായതിനെ കുറച്ചു മണ്ണില്‍ ഇത്തിരി പ്രയക്നം ഉണ്ടങ്കില്‍ നമ്മുക്ക്തന്നെ ഉണ്ടാക്കാവുന്നതെയുള്ളു. അടുക്കളയില്‍ നിന്ന് കളയുന്ന വെള്ളവും മറ്റു അവശിഷ്ടങ്ങളും ഇതിനു വളമാക്കാം. നമുക്ക്‌കിട്ടുന്ന അറിവും കുറച്ചു പ്രയക്ന്നവുമുണ്ടങ്കില്‍ നമ്മുടെ ആരോഗ്യം നമ്മുടെകൈയ്യില്‍ സുരക്ഷിതം ആയിരിക്കും. പച്ചമുളകും കുഞ്ഞു കാന്താരിയും നമ്മുടെ ചെടിച്ചട്ടിയിലും വളരും. സ്വന്തം അധ്വാനിച്ചു നട്ടുവളര്‍ത്തിയ ഓരോന്നും വിളവെടുപ്പിനു തയ്യാറാകുമ്പോള്‍ അത് നമുക്ക് നല്കുന്ന ആത്മനിര്‍വൃതി; ശരിരത്തിന് മാത്രമല്ല മനസിനും ആരോഗ്യദായകമാത്രേ......
പാടത്തിനോട് ചേര്‍ന്നൊഴുകുന്ന ചെറിയ കൈതോടില്‍ നിന്ന് കിട്ടിയിരുന്ന കൊഞ്ചും, കാളാഞ്ചിയും, വരാലും, പരലുമെല്ലാം വലിയ വില കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന അമോണിയായില്‍ മുക്കിയ മീനിനെക്കാളും എന്തുകൊണ്ടും ഭേദമാണ്. രണ്ടാഴ്ചകൊണ്ട് രണ്ടുകിലോ തൂക്കംവരുന്ന; ഹോര്‍മ്മോണ്‍ കുത്തിവെച്ച കോഴികള്‍ നമ്മുടെ പ്രധാനവിഭവമായി മാറുമ്പോള്‍ കല്ലുപെറുക്കി കളിക്കുന്ന പ്രായത്തില്‍ നമ്മുടെ കുട്ടികള്‍ ശാരിരികവളര്‍ച്ചയുടെ പൂര്‍ണ്ണത കാണിക്കുന്നു. മനസ്സില്‍ കുട്ടിത്തവും വളര്‍ച്ചയെത്തിയ ശരിരവും പലപ്പോഴും അപകടങ്ങളില്‍ കൊണ്ടെത്തിക്കുന്നു. അപകടങ്ങള്‍ വന്നതിനുശേഷം ദുഖിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ ശ്രദ്ധിക്കുന്നതല്ലേ?? .കേവലം ചെറിയ വിലയ്ക്ക് സുലഭമായി കിട്ടുന്ന ഉരുളക്കിഴങ്ങ് ശരിരത്തിന് മാരകമായ കെമിക്കലുകള്‍ കലര്‍ത്തി ആകര്‍ഷകമായ പായ്ക്കറ്റില്‍ എത്തുമ്പോള്‍ നമ്മളതു വലിയ വിലയ്ക്ക് വാങ്ങി കുട്ടികള്‍ക്ക് കൊടുക്കുന്നു. ഫലത്തില്‍ ഒരു പാട് രോഗങ്ങള്‍ക്കുടിയാണ് നമ്മള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. അജിനോമോട്ടോയും മറ്റു നിരോധിത നിറങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പലഹാരങ്ങള്‍ വലിയ വിലയ്ക്ക് വാങ്ങി കഴിക്കുമ്പോള്‍ നമ്മുടെ തന്നെ ആമാശയവും കുടലുമാണ് നശിക്കുന്നത്. പഴയകാലത്ത് അപൂര്‍വമായി മാത്രം കേട്ടിരുന്ന ക്യാന്‍സര്‍ ഇന്നൊരു സാധാരണ അസുഖം മാത്രമായിരിക്കുന്നു. ഭക്ഷണശീലത്തില്‍ രുചിക്ക് അമിത പ്രാധാന്യം കൊടുക്കുമ്പോഴാണ് അതില്‍ കൃത്രിമത്വം പെരുകുന്നത്. ജീവിക്കാന്‍ വേണ്ടി തിന്നുന്നതിന് പകരം തിന്നാന്‍ വേണ്ടി ജീവിക്കുമ്പോള്‍ എങ്ങനെയും സാധനം ചിലവാക്കുക. ലാഭം നേടുക എന്നവാണിജ്യതന്ത്രം പ്രയോഗിക്കപ്പെടുന്നു. ഇവിടെ അന്നം ബ്രഹ്മ്മം എന്ന സങ്കല്പം മാറ്റപ്പെടുന്നു. കഴിയുമെങ്കില്‍ വീട്ടില്‍ തന്നെ ഭക്ഷണം തയ്യറാക്കുക്കുക; അതിനു ആവശ്യമായതിനെ പരമാവധി ചുറ്റുപാടുകളില്‍നിന്ന് തന്നെ ഉണ്ടാക്കുക. മണ്ണിനെ വെറുക്കാന്‍ പഠിപ്പിക്കതിരിക്കുക. കൈയ്യില്‍ ഒരു തരി മണ്ണ് പറ്റിയാല്‍ അഴുക്ക് എന്ന് പറയാതെ ഒരു ചെടിനടാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ പഠിക്കുമ്പോള്‍ വളര്‍ച്ചയ്ക്കൊപ്പം ഒരു പച്ചപ്പും രൂപം കൊള്ളുന്നു. എത്ര തിരക്കിനിടയിലും അരമണിക്കൂര്‍ തൊടിയിലുള്ള സസ്യങ്ങളെ പരിചരിക്കാന്‍ കഴിഞ്ഞാല്‍ വിഷം തളിച്ച മറുനാടന്‍ വിഭവങ്ങളെ പടിക്കു പുറത്താക്കാന്‍ നമുക്ക് കഴിയും. തിന്നാന്‍ വേണ്ടി ജിവിക്കാതെ ജീവിക്കാന്‍ വേണ്ടി തിന്നുക. ആരോഗ്യ കേരളത്തിനു സ്വന്തം അടുക്കളയില്‍നിന്ന് തന്നെയാവട്ടെ തുടക്കം.......
പിന്മൊഴി: മരിച്ചാല്‍ മാത്രമേ നടപടി ഉണ്ടാകു..??? അടുത്ത ഇര; ആകാതിരിക്കാന്‍ ശ്രദ്ധിക്കാം....................
No comments:
Post a Comment