കേരളിയന്‍ ആണന്നു അഭിമാനിക്കുന്ന ഏതൊരാളുടെയും വായില്‍നിന്ന് ഇടക്കിടെ പൊഴിഞ്ഞു വീഴുന്ന ഒരു പ്രയോഗമാണ് ദൈവത്തിന്‍റെ സ്വന്തം നാട് .ആരാണ് ഇങ്ങനെ ഒരു പേര് കൊടുത്തതെന്നു ചോദിച്ചാല്‍ ഗവേഷണം നടത്തേണ്ടിവരും.ഇപ്പോള്‍ ഇടയ്ക്കിടെ ഇത് വിളിച്ച് പറയുന്നത് ടൂറിസം വകുപ്പ് ആണ്.മറന്നു പോകാതിരിക്കാന്‍ കുറ്റിക്കാട് കാണുന്നെത്തെല്ലാം 'GOD'S OWN COUNTRY' എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.പലതും കാക്ക തൂറി നാശമാക്കിയിരിക്കുന്നു.മാലിന്യകൂമ്പാരങ്ങള്‍ ചീഞ്ഞളിഞ്ഞു നാറ്റം സഹിക്കാതെ മൂക്കുംപൊത്തി, പൊട്ടിപൊളിഞ്ഞ് പുഞ്ചക്കണ്ടം പോലത്തെ റോഡിലുടെ നടന്നു പോകുമ്പോള്‍ ആശ്വാസത്തിനായി ഒരു ബോര്‍ഡ്; 'ദൈവത്തിന്‍റെ സ്വന്തംനാട്'. ഇഹലോകവാസം കഴിഞ്ഞാല്‍ പരലോകവാസം സ്വര്‍ഗത്തില്‍ ആവണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. സ്വര്‍ഗം ഇല്ല എന്ന് കണ്ടുപിടിച്ചവര്‍ക്ക് ഇത് ബാധകമല്ല. പക്ഷെ തലയില്‍ മുണ്ടിട്ട് വരുന്നവരെ കയറ്റത്തില്ല എന്ന ബോര്‍ഡ് സ്വര്‍ഗ്ഗവാതില്‍പ്പടിയില്‍വച്ചതായി ഇത് വരെ അറിവൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ അങ്ങനെ വരുന്നവര്‍ക്കും ചാന്‍സ് ഉണ്ട്. ഒന്നിന്നും ഒരു കുറവും ഇല്ലാത്ത ദൈവത്തിന്‍റെ നാടാണ് സ്വര്‍ഗം എന്നാണ് വയ്പ്. ദരിദ്രനും ധനവാനും തൂല്യരായി സുഖമായി ഒരേ കുടക്കിഴില്‍ ഒന്നിച്ചു കഴിയുന്ന നാട്. ദൈവം നാട് ഭരിക്കുന്നു പ്രജകള്‍ സന്തോഷമായി ജീവിക്കുന്നു. ആഗോള വ്യാപകമായുള്ള ഈ സങ്കല്‍പ്പത്തെ ആണ് നമ്മള്‍ മലയാളികള്‍ വെല്ലുവിളിക്കുന്നത്. ദൈവത്തിന്‍റെ സ്വന്തം നാട് അഥവാ പറുദീസ എന്നാല്‍ ദേ...... ഇങ്ങനെയാണ് എന്ന് കേരളം ലോകത്തോട് വിളിച്ചു പറയുന്നു. പരലോകത്ത് പോയവര്‍ ആരും തിരിച്ചു വരാത്തത് കൊണ്ട് അവിടം ഇങ്ങനെ അല്ല എന്ന് പറയാനും നിര്‍വാഹമില്ല.
വേറേയും ഉണ്ട് നമുക്ക് മാത്രമായ കുറേ വിശേഷങ്ങള്‍. കൊല്ലത്തില്‍ ആറു മാസം മഴയും അതു കഴിഞ്ഞാല്‍ കുടിവെള്ളം പോലും കിട്ടാത്ത സ്ഥലം. ആരോഗ്യ രംഗത്ത് ലോകത്തിനു തന്നെ മാതൃക; പക്ഷെ ഒരു മഴ വന്നാല്‍ നാടു മുഴുവന്‍ പനിച്ച് വിറയ്ക്കുന്നു. വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചുചാട്ടം പക്ഷെ മാര്‍ക്ക് ദാനവും ചോദ്യപേപ്പര്‍ ചോര്‍ത്തലും കൂടെ തന്നെ. കായിക രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനം അതിനപ്പുറം പൂജ്യം.ചെറിയ എന്തെങ്കിലും തടഞ്ഞാല്‍ നമ്മള്‍ അത് നമ്മള്‍ ഒരു സംഭവമാക്കും എന്നത് മറക്കുന്നില്ല. രാഷ്ട്രിയ പക്വതയുള്ളവര്‍ എന്നാണ് ധാരണ എന്നാല്‍ ജാതിമത ശക്തികള്‍ ഭരണം തീരുമാനിക്കുന്നു. സാമൂഹ്യപരമായ കെട്ടുറപ്പും കുടുംബംഅടിസ്ഥാനമാക്കിയുള്ള ജിവിത രീതിയുമാണന്നു വീമ്പ് പറയുമ്പോഴും ആത്മഹത്യ നിരക്കില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്ത്; അതില്‍ മുഖ്യ കാരണം കുടുംബപ്രശ്‌നങ്ങള്‍. ലൈഗികപരമായ അറിവ് നേടിയ സമുഹം എന്ന് പറയുമ്പോഴും പീഡനങ്ങള്‍ തുടര്‍ക്കഥ. സംസ്ക്കാര സമ്പന്നര്‍ എന്നാണ് വയ്പ് എന്നാല്‍ പൊതുമുതലുകളും പൊതു സ്ഥലങ്ങളും നശിപ്പിക്കുന്നതില്‍ മുമ്പന്‍മ്മാര്‍. ശരിക്കും വിരോധാഭാസം......എവിടെയാണ് നമുക്ക് അടി പതറുന്നത്.....????വന്‍ കുതിച്ചുചാട്ടങ്ങള്‍ നടത്തി എന്ന് അവാകാശപ്പെടുമ്പോള്‍ ചാട്ടത്തില്‍ കൈയും കാലും ഓടിഞ്ഞോ എന്ന് ആരും നോക്കുന്നില്ല.
എല്ലാ മുന്നേറ്റങ്ങളും കുതിച്ചുചാട്ടങ്ങളും ആരോഗ്യമുള്ള ഒരു ജനതയെ കെട്ടിപ്പടുക്കാന്‍ വേണ്ടിയിരിക്കണം. വളരുന്ന തലമുറ ആരോഗ്യമില്ലാത്തതെങ്കില്‍ നാട് നശിച്ചത് തന്നെ. സര്‍വതോന്മുഖമായ രാജ്യപുരോഗതിയില്‍ ജനതയുടെ ശാരിരികആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തിനും മുഖ്യമായ പങ്കുണ്ട്. മാനസികമായി ഉള്‍ക്കരുത്ത് നഷ്ടപ്പെട്ട ഒരു സമൂഹം നങ്കുരം നഷ്ടപ്പെട്ട ഒരു കപ്പലിനു സമമാണ്.ഒരു സ്വയം തിരിച്ചറിവ് വളരെ അത്യാവശ്യമാണ്. നമ്മള്‍ നമ്മളെ തന്നെ വെള്ള പൂശി കാണിക്കുമ്പോള്‍ മൂടി വയ്ക്കപ്പെടുന്ന ഒരു പാട് സത്യങ്ങള്‍ ഉണ്ട്. അപകടകരമായ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ആര് തയ്യാറാവും. എല്ലാം ഞങ്ങളുടെ കൈയില്‍ ഭദ്രം എന്ന് പറഞ്ഞു ഇളിക്കുന്നവരെ;....... ഇതാ ചില കണക്കുകള്‍. ദേശിയ ക്രൈം റെക്കോര്‍ഡ് ബ്യുറോപരസ്യപ്പെടുത്തിയത് . ഇന്ത്യയിലെ നഗരങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനം നമ്മുടെ സ്വന്തം കൊച്ചിക്ക്. ആത്മഹത്യനിരക്കില്‍ കേരളം ദേശിയ തലത്തില്‍ അഞ്ചാം സ്ഥാനത്ത്. കൂട്ട ആത്മഹത്യയില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യചെയ്യുന്ന നഗരം നമ്മുടെ കൊല്ലം ആണ്. 2011 ല്‍ 436 പേര്‍ .കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 8431 പേര്‍ ആത്മഹത്യചെയ്തു . ഇതിനുള്ള പ്രധാന കാരണമായി പറയുന്നത് കുടുംബപ്രശ്‌നങ്ങളാന്ണ്. നമ്മുടെ സര്‍വതോമുഖമായ വളര്‍ച്ചയുടെ യഥാര്‍ത്ഥ മുഖം ഇതാണ്. ജീവിക്കാന്‍ ആഗ്രഹിക്കുന്നതിന് പകരം മരണം വരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹം. കണക്കുകള്‍ ചെറുതായി തോന്നാമെങ്കിലും ഓരോ വര്‍ഷവും അത് പെരുകി വരുന്നു. ആരാണിതിന് ഉത്തരവാദി....?????. നല്ലത് മാത്രം കാണാന്‍ ശ്രമിക്കുമ്പോള്‍ മോശമായത് എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടെത്തുകയും അതിനെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാകുന്നു.
നമ്മുടെ വികസനങ്ങളും പുതിയ സാമുഹ്യരീതികളും പുതിയ ഒരു ഇസത്തിന് വഴി തെളിച്ചു...... 'അവനോനിസം '...... എനിക്ക് ശേഷം പ്രളയം എന്ന ഭാവം . ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പുതിയ പൊളിച്ചെഴുത്തുകള്‍ ഉണ്ടാക്കുമ്പോള്‍ സ്വയം എങ്ങനെ നന്നവാം എന്ന പരമ പ്രധാനമായ കാര്യം നാം മറന്നുപോയി. സെക്രട്ടറിയെറ്റ് പടിക്കല്‍ കോലം കത്തിക്കുന്നതും കെ. സ്. ര്‍. ടി. സി ബസുകള്‍ തകര്‍ക്കുന്നതും, പോലീസിനെ കല്ലെറിയുന്നതും ജനാതിപത്യത്തിന്‍റെ പ്രത്യക്ഷരീതികള്‍ ആയി നാം അംഗികരിച്ചിരിക്കുന്നു. ഇതിനെ കുറ്റം പറഞ്ഞാല്‍ അവന്‍ പിന്തിരിപ്പന്‍ ആയി മുദ്രകുത്തപ്പെടുന്നു.ആരെയും തെറി വിളിക്കുന്നതാണ് നമ്മുടെ വ്യക്തിസ്വാതന്ത്ര്യം. എതിര്‍ക്കുന്നവരെ ഉത്മൂലനം ചെയ്യുന്നത് പ്രത്യശാസ്ത്രപരമായി ശരിയാണന്നു; ഒരു വിഭാഗം സ്ഥാപിക്കുമ്പോള്‍; നിലവിളക്ക് കത്തിച്ചാല്‍ മാനം ഇടിഞ്ഞു വീഴുമെന്നും, പച്ചയിലൂടെ മാനം തെളിയുമെന്നും ഒരു വിഭാഗം പ്രഖ്യാപിക്കുന്നു. എന്ത് ചോദിച്ചാലും നിയമം നിയമത്തിന്‍റെ വഴിക്ക് പോകും ഞങ്ങള്‍ ഞങ്ങളുടെ വഴിക്കും പോകും അതല്ലെങ്കില്‍ തത്വത്തില്‍ അംഗികാരം കിട്ടി തുടങ്ങിയ കീറാമുട്ടി പ്രയോഗങ്ങള്‍ പറഞ്ഞ് നമ്മളെ പറ്റിക്കുന്നു മറ്റൊരു കൂട്ടര്‍. ദൈവത്തിന്‍റെ നാട് എന്നേ....... ഭ്രാന്താലയം ആയി മാറിക്കഴിഞ്ഞു..............ഒരു മാറ്റം വരണമെന്നുണ്ടങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങണം. മാതാപിതാക്കള്‍ മക്കളെ നേരറിവുകള്‍ പകര്‍ന്നു കൊടുത്ത് വളര്‍ത്തണം. ഗതകാല സ്മരണകളെ മനസിന്‍റെ ഏതോ കോണില്‍ അടക്കിവയ്ക്കാതെ മുന്നോട്ടുള്ള അവരുടെ പ്രയാണത്തില്‍ കത്തിച്ചു പിടിക്കാനുള്ള ഒരു തീ പന്തമായി അവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കും, വിവരസാങ്കേതിക വിദ്യകള്‍ക്കും മക്കളുടെ തലച്ചോറിനെ പണയപ്പെടുത്താതെ നല്ലതിനെ മാത്രം അരിച്ചെടുക്കാന്‍ അവരെ പഠിപ്പിക്കണം; എന്നാലെ ഭ്രാന്താലയത്തില്‍ നിന്ന് ദൈവത്തിന്‍റെ നാട്ടിലേക്കുള്ള തിരിച്ച് വരവ് സാദ്ധ്യമാവു.......................
പിന്‍മൊഴി: കേരളം ദൈവത്തിന്‍റെ സ്വന്തം നാട് ആണന്നു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ദൈവമില്ല എന്ന് പറയുന്ന നമ്മുടെ സ്വന്തം സഖാക്കള്‍ നാട് ഭരിച്ചപ്പോഴാണ്
No comments:
Post a Comment