**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, August 17, 2012

എക്കാലത്തെയും മികച്ച ചിത്രം ‘വെര്‍ട്ടിഗൊ’

   
 ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ വെര്‍ട്ടിഗൊ* എക്കാലത്തെയും മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഓര്‍സന്‍വെല്‍സിന്‍റെ ‘സിറ്റിസണ്‍ കെയിന്‍’-നെ പിന്തള്ളിയാണ് ‘വെര്‍ട്ടിഗൊ*’ ഈ സ്ഥാനം ഉറപ്പിച്ചത്. ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിട്യൂട്ടിന്‍റെ സൈറ്റ്‌സ്ആന്‍ഡ്‌സൗണ്ട്‌ മാഗസിന്‍ നടത്തിയ വോട്ടെടുപ്പിലാണ് ‘വെര്‍ട്ടിഗൊ*’; ‘സിറ്റിസണ്‍ കെയിന്‍’-നെ പിന്തള്ളിയത്. കഴിഞ്ഞ അമ്പതുവര്‍ഷമായി ‘സിറ്റിസണ്‍ കെയിന്‍’ ആയിരുന്നു ഒന്നാം സ്ഥാനത്ത്‌. 1958-ലാണ് ‘വെര്‍ട്ടിഗൊ*’ പുറത്തിറങ്ങിയത്. എക്കാലത്തെയും മികച്ച ക്യാമറ ടെക്നിക്കാണ് ഹിറ്റ്ച്ച്കൊക്ക്‌ ‘വെര്‍ട്ടിഗൊ’-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ‘സൂംഇന്‍’ ടെക്നിക്കാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ഫ്രഞ്ച് നോവലായ “THE LIVING AND THE DEAD നെ ആസ്പദമാക്കിയാണ് ‘വെര്‍ട്ടിഗൊ*’ നിര്‍മ്മിച്ചിരിക്കുന്നത്. ജയിംസ്സ്റ്റുവാര്‍ട്ട്, കിംനൊവാക്‌, ബാര്‍ബറബെല്‍ഗെട്സ് തുടങ്ങിയ താരനിര സിനിമയെ അനശ്വരമാക്കി. അക്രോഫോബിയ** രോഗം ബാധിച്ച ഒരു പോലീസ് ഓഫീസറുടെ കഥ പറയുന്ന വെര്‍ട്ടിഗൊ* ആഖ്യാനരീതികൊണ്ടും മനോഹരമായ ദൃശ്യഭംഗി കൊണ്ടും, പ്രേക്ഷകന് പിടികൊടുക്കാതെ മുന്നോട്ട്നിങ്ങുന്ന സസ്പെന്‍സുകൊണ്ടും മനോഹരമാണ്.

കഥാഗതി: ‘ജോണ്‍സ്കേറ്റിഫര്‍ഗുസന്‍’ സാന്ഫ്രാസിസ്ക്കോ പോലീസില്‍നിന്നും റിട്ടയര്‍ ചെയ്ത ഒരു ഓഫീസറാണ്. ജോണും സുഹൃത്തും കൂടി ഒരു ക്രിമിനലിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, സുഹൃത്തായ ഓഫിസര്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് വീണു മരിക്കുന്നു. സംഭവത്തിന്‌ ദൃക്സാക്ഷിയാവേണ്ടി വന്ന ജോണിനെയത് വിടാതെ പിന്തുടരുന്നു. അതിന്‍റെ ഫലമായി അദേഹമിപ്പോള്‍ അക്രോഫോബിയ** രോഗത്തിന് അടിമയാണ്. ഉയര്‍ന്നസ്ഥലങ്ങളില്‍ കയറാനോ അവിടുന്ന് താഴേക്ക്‌ നോക്കാനോ കഴിയില്ല. തലകറങ്ങും. തന്‍മൂലം കോണിപ്പടികളോ,കല്പ്പടവുകളോ.. കയറാന്‍ അദേഹത്തിന് കഴിയുന്നില്ല. ഡോക്ടര്‍മാരുടെ ചികത്സയൊന്നും ഒരു മാറ്റവും ഉണ്ടാക്കിയില്ല.ജോണിന്‍റെ സ്നേഹിത ‘മിട്ജിവുഡ്‌ന്‍റെ’ അഭിപ്രായത്തില്‍ അന്നത്തെ സംഭവം പോലെ എന്തെങ്കിലുമൊന്ന് വീണ്ടും ഉണ്ടായാല്‍ മാത്രമേ ഈ പേടി മാറാന്‍ പോകുന്നുള്ളൂ.

  റിട്ടയര്‍മെന്റ്‌നു ശേഷം പ്രൈവറ്റ് ഡിറ്റക്റ്റിവായി തുടരുന്ന ജോണിനെ അദേഹത്തിന്‍റെ ഒരു പരിചയക്കാരന്‍ ‘ഗവിന്‍എല്‍സ്റ്റാര്‍’ ഒരു കേസ് ഏല്പ്പിക്കുന്നു. ഗവിന്‍റെ ഭാര്യ മാഗ്ദലിനെക്കുറിച്ചുള്ള രഹസ്യങ്ങളെ ക്കുറിച്ച് അന്വേഷിക്കനായിരുന്നു അത്. ജോണ്‍; മാഗ്ദലിനെ രഹസ്യമായി പിന്തുടരുന്നു.മാഗ്ദലിന് ‘കാര്‍ലിറ്റാ വോലട്സ്’ എന്നൊരു സ്ത്രിയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതായും; ആര്‍ട്ട്‌ഗാലറിയില്ലുള്ള അവരുടെ ചിത്രത്തിനരികെ സമയം ചിലവഴിക്കുന്നതായും ജോണ്‍കണ്ടെത്തി.എന്നാല്‍ കാര്‍ലിറ്റാ; മാഗ്ദ്‌ലിന്‍റെ  മുതുമുത്തശി ആയിരുന്നുവെന്നും, അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യചെയ്തതാണെന്നും ജോണിന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ മാഗ്ദ്‌ലിന് അങ്ങനെ ഒരു മുതുമുത്തശിയുള്ളതായി അറിയില്ലെന്ന് ‘ഗവിന്‍’ പറയുന്നു, ഇത് ജോണിനെ കൂടതല്‍ കുഴപ്പത്തിലാക്കി. അയാള്‍ അവളെ വിടാതെ പിന്തുടര്‍ന്നു. സാന്‍ഫ്രാന്‍സിസ്കോ കടലിടുക്കില്‍ ചാടി മരിക്കാന്‍ ശ്രമിച്ച മഗ്ദ്‌ലിനെ ജോണ്‍രക്ഷപെടുത്തി; തന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. ജോണിനോട് പറയാതെ അവള്‍ അവിടുന്ന്പോകുന്നു. എന്നാല്‍ പിറ്റേന്ന്; തന്നെ രക്ഷിച്ചതിന് നന്ദി പറയാന്‍ മഗ്ദ്‌ലിന്‍, ജോണിന്‍റെ വീട്ടിലേക്ക് വരുന്നു. ജോണുമായി മഗ്ദ്‌ലിന് ഒരു സ്നേഹബന്ധം തോന്നുന്നു.പിന്നീടുള്ള മാഗ്ദ്‌ലിന്‍റെ യാത്രകളില്‍ ജോണും പങ്കാളിയായി.

  അവള്‍ തന്നെ വേട്ടയാടുന്ന ദു:സ്വപ്നങ്ങളും ചിന്തകളും ജോണുമായി പങ്കുവെച്ചു.അവള്‍ കാണുന്ന ദു:സ്വപ്നങ്ങളിലെ സ്ഥലം കാലിഫോര്‍ണിയായിലുള്ള ‘സാന്‍ജുവാന്‍ബാറ്റിസ്റ്റ’ ആണന്നു ജോണ്‍ മനസിലാക്കി. ആ സ്ഥലത്തിന്‍റെ പ്രത്യേകത അറിയാന്‍, അയാള്‍; അവളെയും കൂട്ടി അവിടെ പോകുന്നു. പഴയ പട്ടാളബാരക്കുകളും, ജീര്‍ണിച്ചകെട്ടിടങ്ങളും, സത്രവും, ഒരു ദേവാലയവും ആയിരുന്നു; ആ മതില്‍ക്കെട്ടിനകത്ത്‌ ഉണ്ടായിരുന്നത്. പള്ളിമുറ്റത്ത്‌ നിന്ന് അവര്‍ സംസാരിക്കുന്നതിനിടയില്‍ പെട്ടന്ന് മഗ്ദ്‌ലിന്‍ പള്ളിക്കുള്ളിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്നു വന്ന ജോണിന്; അവള്‍ പള്ളിയുടെ മണിമാളികയിലേക്കുള്ള കോണിപ്പടികള്‍ ഓടി കയറുന്നതാണ് കാണാന്‍ കഴിഞ്ഞത്. കോണിപ്പടികള്‍ കയറാനുള്ള ജോണിന്‍റെ ശ്രമം പാഴാകുന്നു. അയാളിലെ അക്രോഫോബിയ** ഉണര്‍ന്നു. തലചുറ്റലും പേടിയുമായി പടികള്‍ കയറാന്‍ കഴിയാതെ നിന്ന ജോണിന് മാഗ്ദ്‌ലിന്‍റെ നിലവിളി ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. അവള്‍ മണിമാളികയുടെ മുകളില്‍ നിന്ന് താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

 മാഗ്ദ്‌ലിന്‍റെ സംരക്ഷണം ഏറ്റെടുത്ത തനിക്ക് അവളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍  കഴിയാതെവന്നതിലുള്ള വിഷമം അയാളെ വിഷാദരോഗത്തിനു അടിമയാക്കി.അസുഖം ഭേദമായ ജോണ്‍ ഒരുദിവസം തെരുവില്‍വച്ച് അവിചാരിതമായി മാഗ്ദ്‌ലിനെപ്പോലുള്ള ഒരു സ്ത്രിയെ കണ്ടുമുട്ടുന്നു. എന്നാല്‍ താന്‍ കാന്‍സിലുള്ള ജൂഡിബോര്‍ട്ടന്‍ ആണെന്നു അവള്‍ പറഞ്ഞു. ജോണ്‍ അവളെ ഒരു ഡിന്നറിനു ക്ഷണിക്കുന്നു.ജൂഡിയ്ക്ക് മാഗ്ദ്‌ലിനുമായുള്ള അനിതരസാധാരണമായ രൂപസാദൃശ്യം ജോണില്‍ സംശയം ജനിപ്പിക്കുന്നു. കടന്നുപോയ സംഭവങ്ങളെ അയാള്‍ഒന്നുകൂടി കോര്‍ത്തിണക്കി.അവസാനം അയാള്‍ സത്യം കണ്ടെത്തി. ജൂഡിത്ത് കഴുത്തിലണിഞ്ഞിരിക്കുന്ന നെക്ലെസ്സും;മാഗ്ദ്‌ലിന്‍റെ കഴുത്തിലും അവളുടെ മുതുമുത്തശിയുടെ ഛായാപടത്തിലും കണ്ട നെക്ലെസ്സും ഒന്നാണന്നു ജോണിന് മനസിലായി. ആത്മഹത്യചെയ്ത മാഗ്ദ്‌ലിനും തന്‍റെ മുന്നിലുള്ള ജൂഡിയും; ഒരാള്‍ തന്നെയാണന്നു അയാള്‍ക്ക്മനസിലായി. അതിന്‍റെ സത്യം കണ്ടെത്താന്‍ ജോണ്‍ ശ്രമിക്കുന്നു. ജൂഡിത്തില്‍നിന്ന് തന്നെ സത്യം മനസിലാക്കാന്‍ അയാള്‍; അവള്‍ അറിയാതെ തന്നെ അവളെ പഴയ സംഭാവങ്ങളിലേക്ക് കൊണ്ടുപോകുന്നു. മരിച്ച മഗ്ദലിന്‍റെ അതെ രീതികള്‍ അയാള്‍ അവളിലേക്ക് സന്നിവേശിപ്പിക്കുന്നു.വസ്ത്രവും, മുടികെട്ടുന്ന രീതികള്‍ വരെ പഴയ രീതികളിലേക്ക് മാറ്റി. എങ്കിലും അയാള്‍ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല. മഗ്ദലിന്‍ കൊല്ലപ്പെട്ട പള്ളിമുറ്റത്തേക്ക് ജോണ്‍; ജൂഡിനെ കൊണ്ടുവന്നു. പഴയസംഭവങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. എതിര്‍ത്ത്നിന്ന ജൂഡിയെ അയാള്‍ പള്ളിക്കകത്തെക്ക് ബലമായി കൊണ്ടുപോയി; കോണിപ്പടികള്‍ കയറാന്‍ നിര്‍ബന്ധിച്ചു.

പടികള്‍ കയറാന്‍ വിസമ്മതിച്ച ജൂഡിയെ അയാള്‍; വലിച്ചിഴച്ചുമണിമാളികയുടെ മുകളില്‍ കയറ്റി. ഓരോ പടികള്‍കയറുമ്പോഴും അയാളിലെ അക്രോഫോബിയ** തലപൊക്കി;എങ്കിലുംതാന്‍ വഞ്ചിക്കപ്പെട്ടുവെന്ന ആത്മരോഷം അതിനെ കീഴടക്കി. മാഗ്ദ്‌ലിന്‍ താഴേക്കു ചാടിയ അതെസ്ഥലത്ത് വച്ച് അയാള്‍ ജൂഡിയെ ചോദ്യം ചെയ്തു.അവള്‍ക്കു എല്ലാം തുറന്നു പറയേണ്ടിവന്നു.   ജോണിന്‍റെ അക്രോഫോബിയ മുതലാക്കി സുഹൃത്ത്‌ ഗിവിന്‍ അയാളുടെ ഭാര്യ മഗ്ദലിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി അതിനായി അയാള്‍ ജൂഡിയെ വാടകയ്ക്ക് കൂട്ടി.യഥാര്‍ത്ഥ മഗ്ദ്‌ലിനെ ഒളിപ്പിച്ച് പകരം ജൂഡിയെ മഗ്ദ്‌ലിനാക്കി ജോണിന്‍റെ അടുത്തേക്കയച്ചു. ജൂഡി മണിമാളികയുടെ മുകളിലേക്ക് ഓടിക്കയറുമ്പോള്‍ മുന്‍പദ്ധതി പ്രകാരം ഗിവിന്‍ തന്‍റെ ഭാര്യയെ കൊന്ന്‌ മൃതശരീരവുമായി മുകളില്‍ കാത്തുനിന്നു. 

അക്രോഫോബിയയുള്ള ജോണ്‍ മുകളിലേക്ക് വരില്ലാന്ന് അയാള്‍ക്ക് അറിയാമായിരുന്നു.ജൂഡി മുകളില്‍ എത്തിയപ്പോള്‍ ഗിവിന്‍ മഗ്ദ്‌ലിന്‍റെ ശരീരം താഴെക്കിട്ടു. താഴെ നിന്നിരുന്ന ജോണ്‍ വീഴ്‌ചമൂലമുള്ള മരണത്തിന് സാക്ഷിയുമായി.

      സംഭവത്തിന്‍റെ സത്യാവസ്ഥ ജോണിന് മനസിലാകുന്നു.പള്ളി മണിയടിക്കാനായി കടന്നു വന്ന കന്യസ്ത്രിയെക്കണ്ട് പേടിച്ച ജൂഡി കാല്‍ വഴുതി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴെവീണു മരിക്കുന്നു.തന്‍റെ രോഗം വിട്ടുമാറിയ ജോണ്‍; മണിമാളികയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് നില്‍ക്കുന്നതായിക്കണ്ട് സിനിമ അവസാനിക്കുന്നു.

 ഒരു സംഭവത്തിലൂടെ ഉണ്ടായ ഫോബിയ സമാനമായ മറ്റൊരു സംഭവത്തിലൂടെ സുഖപ്പെടുന്നു.മനശാസ്ത്രപരമായി കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തെ വളരെ ആകാംക്ഷയോടെതന്നെ പ്രേക്ഷകനിലെത്തിക്കാന്‍ ‘ഹിറ്റ്‌ച്ച് കോക്കിന്’ കഴിഞ്ഞു.’ജോണ്‍’ എന്ന കേന്ദ്രകഥാപാത്രം; ജെയിംസ് സ്റ്റുവര്‍ട്ട്‌ന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.അക്രോഫോബിയ ബാധിച്ച ഒരാളുടെ മാനസിക വ്യവഹാരങ്ങളെ കൃത്യതയോടെ പകര്‍ത്തുന്നതില്‍ ജയിംസ് വിജയിച്ചു.’കിംനൊവാക്കും’ തന്‍റെ ഭാഗം കൃത്യമായി ഫലിപ്പിച്ചു.എന്നാല്‍ പടത്തെ മനോഹരമാകുന്നത് അതിന്‍റെ ദൃശ്യഭംഗി തന്നെയാണ്.ഓരോ ഫ്രെയിമും വളരെ സൂഷ്മതയോടെയാണ് തയ്യറാക്കിയിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയുടെ പ്രകൃതിഭംഗി അതി മനോഹരമായി പകര്‍ത്തിയിരിക്കുന്നു. ഓരോ സീനിലും കഥാപാത്രങ്ങല്‍ക്കൊപ്പംതന്നെ ചുറ്റുമുള്ള ദൃശ്യ ഭംഗിയും സ്ഥാനം പിടിച്ചിരിക്കുന്നു.ദൃശ്യങ്ങള്‍ക്ക്ഇത്രമേല്‍ ചാരുത നല്‍കിയ ക്യാമറമാന്‍ റോബര്‍ട്ട്‌ ബര്‍ക്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.സാങ്കേതികതയെ; കലാപരമായ ഉന്നതിയിലെത്തിക്കാന്‍ നടന്ന ശ്രമങ്ങളാണ് ‘വെര്‍ട്ടിഗൊ’-യെകാലമേറെ കഴിഞ്ഞിട്ടും, ഇന്നും; ഒന്നാം സ്ഥാനത്ത്‌ നിറുത്തുന്നത്.

 അക്രോഫോബിയ= ഉയര്‍ന്ന സ്ഥലങ്ങളോടുള്ള അകാരണമായ ഭയം.
 വെര്‍ട്ടിഗൊ= തലചുറ്റല്‍.

1 comment:

  1. നല്ല അവതരണം ഈ സിനിമ കണ്ട പ്രതീതി..

    ReplyDelete